ഏറെ പ്രതീക്ഷയോടെ ആണ് മീനാക്ഷി ആ  വീട്ടിലേക്ക് വന്നത്..ആദിത്യൻ അവിടെ ഉണ്ടാകുമെന്നും, അവന്റെ…

സൂര്യഹൃദയം 03

എഴുത്ത്: കർണൻ സൂര്യപുത്രൻ

==========

“മീനൂ…ഉറക്കമാണോ?”..ചോദ്യം കേട്ട് അവൾ  ഞെട്ടി എഴുന്നേറ്റു…ജിൻസി ആണ്….

“ഇല്ലെടീ..വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നു..”

അവൾ ഫോൺ എടുത്തു നോക്കി..ആദിത്യന്റെ  വിളിയോ, മെസ്സേജോ ഒന്നും ഇല്ല..താൻ അയച്ച  നൂറു കണക്കിന് മെസ്സേജുകൾ അനാഥമായി വാട്സാപ്പിൽ കിടക്കുന്നു..ഇന്നത്തേക്ക് എട്ടു ദിവസമായി അവന്റെ ശബ്ദം കേട്ടിട്ട്..

ജിൻസി അവളുടെ  അടുത്ത് വന്നിരുന്നു..

“നീ വിഷമിക്കല്ലേടീ…നേരിൽ പോയി സംസാരിച്ചു നോക്ക്…അവൻ നിന്നെ മനസ്സിലാക്കും..”

മീനാക്ഷി എഴുന്നേറ്റു.

“എനിക്ക് അവനെ കുറ്റപ്പെടുത്താൻ പറ്റില്ല ജിൻസീ…എന്റെ തെറ്റാ…വേണ്ടായിരുന്നു..പാവത്തിന് എത്ര വിഷമം ആയിക്കാണും?..”

ബാഗ് എടുത്ത് തോളിലിട്ട് ജിൻസിയോ യാത്രയും പറഞ്ഞു അവൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു…ട്രെയിനിൽ ഇരുന്നപ്പോഴും അവൾ  ഫോൺ എടുത്ത് നോക്കി…തുറക്കപ്പെടാത്ത മെസ്സേജുകൾ തന്നെ പരിഹസിക്കുന്നതായി അവൾക്ക് തോന്നി…എത്രശ്രമിച്ചിട്ടും കണ്ണുനീർ പിടിച്ചു നിർത്താൻ കഴിയാതെ വന്നപ്പോൾ അവൾ  എഴുന്നേറ്റു ടോയ്‌ലെറ്റിലേക്ക് നടന്നു..

*************

ആശുപത്രിയിലെ  ബെഡിൽ കിടക്കുന്ന ആ  രൂപത്തെ മാധവിയമ്മ  സഹതാപത്തോടെ  നോക്കി…മ ദ്യപിച്ച് തന്റെ മകളെ ക്രൂരമായി ഉപദ്രവിക്കുകയും , ഉണ്ടായിരുന്നതെല്ലാം വിറ്റു തുലക്കുകയും  എതിർക്കുന്നവരെ ശാരീരികവും മാനസികവുമായി  ആക്രമിക്കുകയും  ചെയ്തിരുന്ന ആ പഴയ  രാജൻ അല്ലായിരുന്നു അത്..എപ്പോൾ വേണമെങ്കിലും കടന്നു വരാൻ സാധ്യത ഉള്ള മരണത്തെ  വരവേൽക്കാൻ തയ്യാറെടുത്ത ഒരാൾ…

“ക്ഷമിക്കണം എന്ന് പറയാനുള്ള യോഗ്യത പോലും എനിക്ക് ഇല്ല..”

നേർത്ത സ്വരത്തിൽ രാജൻ പറഞ്ഞു…

“മരിക്കുന്നതിന് മുൻപ് ഒന്ന് കാണണമെന്ന് തോന്നി. അതാ ചേട്ടന്റെ മോനോട്  ഒന്ന് കൂട്ടിയിട്ട് വരാൻ പറഞ്ഞത്…ശപിക്കരുത്..എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..ജീവിക്കാൻ അല്ല..എത്രയും പെട്ടെന്ന് ഒന്ന് മരിക്കാൻ…വേദന സഹിക്കാൻ പറ്റുന്നില്ല…”

രാജന്റെ  കൺകോണുകളിലൂടെ  നീരൊലിച്ചിറങ്ങി…

“ഞാൻ ഇവിടെ നിൽക്കാം..സഹായത്തിനു ആരുമില്ലല്ലോ…” മാധവിയമ്മ പറഞ്ഞു.

“വേണ്ട..ഈ  വയസ്സാംകാലത്ത് അമ്മ ബുദ്ധിമുട്ടണ്ട..എന്റെ  ചേട്ടൻ വൈകിട്ട് വരും…അത് വരെ ഇവിടെ ഉള്ളവർ നോക്കിക്കോളും…”

“എന്നാ ഞാൻ മീനുമോളെ ഒന്ന് വിളിച്ചു പറയാം..” അവർ ഫോൺ എടുത്തു..രാജൻ അവരുടെ കൈയിൽ പിടിച്ചു..

“അരുത്…ഇത്രേം കാലത്തിനിടക്ക് ഞാൻ അവൾക്കു വേണ്ടി ഒന്നും ചെയ്തു കൊടുത്തിട്ടില്ല..ദ്രോഹിച്ചിട്ടേ ഉളളൂ…ആ മുഖത്തു നോക്കാൻ പോലുമുള്ള യോഗ്യത എനിക്കില്ല…ഒന്നും അവൾ അറിയണ്ട…ഞാൻ  മരിച്ചാൽ പോലും….”

രാജൻ ദീർഘമായി ഒന്ന് ശ്വസിച്ചു..

“അമ്മ പൊയ്ക്കോ. താഴെ ആ പയ്യൻ ഉണ്ടാവും…അവനോട് വീട്ടിലെത്തിക്കാൻ പറഞ്ഞാൽ മതി..അത്രേം ദൂരം ബസിൽ ഒറ്റക്ക് പോണ്ട..എനിക്ക് വേദന  കൂടുന്നുണ്ട്..സംസാരിക്കാൻ വയ്യ..” അയാൾ  കണ്ണുകൾ അടച്ചു…

കുറച്ച് നേരം കൂടി അവിടെ നിന്ന ശേഷം മാധവിയമ്മ  പുറത്തേക്ക് നടന്നു..രാജന്റെ ചേട്ടന്റെ മകന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കവേ അവരുടെ മനസ്സ് ആസ്വസ്ഥമായിരുന്നു..മകളുടെ ജീവിതം നശിപ്പിച്ചവനോട് ദേഷ്യമായിരുന്നു പണ്ട്…പക്ഷെ, ചെയ്ത തെറ്റുകളിൽ പശ്ചാത്തപിക്കുന്ന  അവനോട് ഇന്ന് കുറച്ചു സ്നേഹം തോന്നുന്നു..രോഗങ്ങൾ  മുക്കാൽഭാഗവും കാർന്നു തിന്നു കഴിഞ്ഞ ശരീരവും  തളർന്ന മനസ്സും  മാത്രമാണ് ഇന്ന് അയാൾ..ഒരു തിരിച്ചു വരവ് ഇല്ല..എങ്കിലും വെറുതെ മാധവിയമ്മ  പ്രാർത്ഥിച്ചു…അയാൾക് വേണ്ടി……

***********

തന്റെ മടിയിൽ  തല വച്ചു പൊട്ടിക്കരയുന്ന പെൺകുട്ടിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ശ്രീദേവിടീച്ചർ  ഭർത്താവിനെ നോക്കി…മോഹൻദാസ് കണ്ണുകൾ തുടയ്ക്കുകയാണ്..

“മോളേ മീനു..നീ  കരയല്ലേ…നമുക്ക് എന്തെങ്കിലും ചെയ്യാം…” അവർ പറഞ്ഞു..

ഏറെ പ്രതീക്ഷയോടെ ആണ് മീനാക്ഷി ആ  വീട്ടിലേക്ക് വന്നത്..ആദിത്യൻ അവിടെ ഉണ്ടാകുമെന്നും, അവന്റെ കാലു പിടിച്ചു മാപ്പ് പറയാമെന്നും  അവൾ  കരുതി..പക്ഷെ അവർക്കും അറിയില്ല ആദിത്യൻ  എവിടെ ആണെന്ന്…വാടകവീടൊക്കെ ഒഴിവാക്കി അവൻ  തിരിച്ചു വന്നതായിരുന്നു…അച്ഛന്റെയും അമ്മയുടെയും പഴയ കണ്ണനായി മാറിക്കൊണ്ടിരിക്കവേ പെട്ടെന്ന് അവൻ  ആരോടും മിണ്ടാതെ ആയി…കുറെ ചോദിച്ചിട്ടും ആരോടും ഒന്നും പറഞ്ഞില്ല. ഒരു ദിവസം രാവിലെ ഇറങ്ങിപ്പോയി….ശ്രീദേവി അവന്റെ റൂമിൽ കയറി പരിശോധിച്ചപ്പോൾ കുറച്ച് ഡ്രസും ബാഗും കാണുന്നില്ല…

അവർ വേവലാതിയോടെ അവന്റെ ചില കൂട്ടുകാരോടൊക്കെ അന്വേഷിച്ചു..ആർക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല..തകർന്ന മനസ്സോടെ  ഇരിക്കുമ്പോഴാണ് മീനാക്ഷി വന്നത്…അവൾ  എല്ലാം പറഞ്ഞു ..അവർക്ക് മീനാക്ഷിയെ കുറ്റപ്പെടുത്താൻ കഴിയില്ലായിരുന്നു…മകനെ  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന പെണ്ണാണ്,..മരണം വരെ കടപ്പെട്ടിരിക്കുന്നു..അവൾ  അറിയാതെ ചെയ്ത തെറ്റാണ്…പക്ഷേ അവനെ  അത് അത്രത്തോളം മുറിവേല്പിച്ചിട്ടുണ്ട്…..അവനെയും  കുറ്റപ്പെടുത്താൻ പറ്റില്ല..

മോഹൻദാസ് മെല്ലെ അവർക്കരികിൽ വന്നു…മീനാക്ഷിയെ  പിടിച്ച് എഴുന്നേൽപ്പിച്ചു..അവളുടെകണ്ണുകൾ തുടച്ചു…

“മോള് കരയണ്ട…കണ്ണന് മോള് അത്രയും പ്രിയപ്പെട്ടതാണ്…അതോണ്ടല്ലേ അവൻ മ ദ്യപിക്കുന്നത് പൂർണമായും നിർത്തിയത്…അവൻ തിരിച്ചു വരും…വിഷമിക്കണ്ട…എനിക്ക് ഉറപ്പുണ്ട്..നിനക്ക് വേണ്ടി ഒരു ദിവസം അവൻ വരും….”

അവൾ മോഹൻദാസിന്റെ നെഞ്ചിലേക്ക് ചാഞ്ഞു..കണ്ണുനീരിന്റെ നനവ് നെഞ്ചിൽ പടരുന്നത് അറിഞ്ഞ അയാൾ  സ്നേഹത്തോടെ അവളെ  തലോടി…

**************

പുഴക്കരയിൽ  അച്ഛന്റെ പേരിൽ ബലിയിടുമ്പോൾ മീനാക്ഷിയുടെ മനസ്സ് നിർവികാരമായിരുന്നു…ആ മനുഷ്യനോട്  ദേഷ്യമൊന്നും തോന്നുന്നില്ല..സഹതാപവും….മരണവാർത്ത അറിഞ്ഞ് ചെല്ലുമ്പോഴേക്കും ചിത കത്തി തീർന്നിരുന്നു. അവൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മീനാക്ഷിയോടും അവളുടെ അമ്മയോടും അയാൾ  ചെയ്ത ദ്രോഹങ്ങൾ  അവിടെ എല്ലാർക്കും അറിയാവുന്നത് കൊണ്ട് കാത്തു നിന്നില്ല…മറ്റൊരു തരത്തിൽ പറഞ്ഞാൽ  എത്രയും പെട്ടെന്ന് കടമ  തീർക്കുക ആയിരുന്നു…

ഈറൻ മാറ്റി, പുഴക്കരയിലെ മണലിൽ  ഇരിക്കുന്ന അവളുടെ അടുത്തായി മുത്തശ്ശിയും ഇരുന്നു…

“നിനക്ക് ഇപ്പഴും അച്ഛനോട് ദേഷ്യമുണ്ടോ മോളേ?”

അവൾ ഒന്നും മിണ്ടിയില്ല…

“നിന്റെ കൂട്ടുകാരി അനുപമ വിളിച്ചിരുന്നു..നീയെന്താ  ഫോൺ ഓഫ്‌ ചെയ്തു വച്ചേ?”

“എനിക്ക് ആരോടും സംസാരിക്കാൻ തോന്നുന്നില്ല മുത്തശ്ശീ…” അവർ അവളുടെ  മുഖത്തേക്ക് തന്നെ നോക്കി..

“ഞാൻ ഇനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല..കണ്ണടയും മുൻപ് നിന്റെ കല്യാണം നടത്തണം എന്നാ ആഗ്രഹം..വേറാരും  സഹായത്തിനു ഇല്ല…ചിട്ടി പിടിച്ച കാശും മറ്റുമായി കുറച്ച് രൂപ ബാങ്കിലുണ്ട്…പിന്നെ നീ തരുന്നതിൽ മിച്ചം പിടിച്ച് കുറച്ച് സ്വർണം വാങ്ങി വച്ചിട്ടുണ്ട്…”

അവൾ ഒന്നും മിണ്ടാതെ കേട്ടിരിക്കുകയാണ്…

“ആദിമോൻ വരുമായിരിക്കും അല്ലേ??”

മീനാക്ഷി ഞെട്ടലോടെ മുത്തശ്ശിയെ നോക്കി….

“എന്താ മുത്തശ്ശി പറഞ്ഞേ?”

അവർ അവളെ ചേർത്ത് പിടിച്ചു..

“നിന്റെ മനസ്സ് എനിക്ക് കാണാൻ പറ്റും കുഞ്ഞേ…..അവൻ വരും…നിന്നെ അവനങ്ങനെ വിട്ടു കളയാൻ പറ്റില്ല…”

അവൾ മുത്തശ്ശിയുടെ തോളിലേക്ക് തല ചായ്ച്ചു…ആദ്യമായി  അവനോട് തോന്നിയത്  പ്രണയമൊന്നും ആയിരുന്നില്ല..എല്ലാവരും വെറുക്കുന്ന, കളിയാക്കുന്ന ഒരാളോട് തോന്നിയ അനുകമ്പ…കാരണമറിയാതെ  അവനെ പറ്റി മോശമായി ചിന്തിച്ചത്തിലുള്ള കുറ്റബോധം….പിന്നീട് എപ്പോഴാണ് അത് പ്രണയമായി മാറിയത്?. സ്മിതയോട് അവനുണ്ടായിരുന്ന ഭ്രാ ന്തവും അഗാധവുമായ ബന്ധത്തെ കുറിച്ച് കേട്ടപ്പോഴോ?? അതോ ആ  ഓർമയിൽ ഇന്നുമവൻ നീറുകയാണെന്ന് അറിഞ്ഞപ്പോഴോ???തനിക്കായി ല ഹരിയെന്ന പുതിയ കാമുകിയെ  ഉപേക്ഷിച്ചപ്പോഴോ..?..അറിയില്ല….ആദീ…എല്ലാം എന്റെ തെറ്റാണ്..മനഃപൂർവം അല്ലെങ്കിലും ഓർമകളുടെ തീചൂളയിലേക്ക്  നിന്നെ വീണ്ടും വലിച്ചെറിഞ്ഞ മഹാപാപി ആണ് ഞാൻ…മാപ്പ്…നീ വരുന്നത് വരെ ഞാൻ കാത്തിരിക്കും…

തികട്ടി വരുന്ന കരച്ചിലിനെ ശാസിച്ചു നിർത്തി അവൾ  എഴുന്നേറ്റു…

*************

ഹോസ്റ്റലിലേക്ക് തിരിച്ചു പോകാൻ വേണ്ടി ബാഗിൽ ഡ്രെസ്സുകൾ ഒക്കെ അടുക്കി വയ്ക്കുകയായിരുന്നു മീനാക്ഷി….വെറുതെ ജനലിലൂടെ അവൾ  അപ്പുറത്തെ വീട്ടിലേക്ക് നോക്കി..അവിടെ പുതിയ വാടകക്കാർ വന്നിട്ടുണ്ട്…കുട്ടികളുടെ ശബ്ദം കേൾക്കാം…എന്തിനോ അവളുടെ ഹൃദയം വേദനിച്ചു…

പിന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നി പരിഭ്രമത്തോടെ അവൾ  തിരിഞ്ഞു നോക്കി..അവളുടെ  ശ്വാസം നിലച്ചു പോയി….ആദിത്യൻ…അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല..കാണുന്നത് സ്വപ്നമാണോ?.. മാറിൽ കൈകൾ കെട്ടി അവൻ  അവളെ തന്നെ നോക്കി നില്കുകയാണ്….

“ആദീ….”

അവൻ രണ്ടു കൈകളാലും അവളുടെ മുഖം കോരിയെടുത്ത് ആ  ചുണ്ടുകളിൽ ചുംബിച്ചു…അവൾ ശക്തിയോടെ കുതറി അവനെ പിന്നോട്ട് തള്ളി…എന്നിട്ട് കട്ടിലിലേക്ക് കമഴ്ന്നു വീണു പൊട്ടിക്കരഞ്ഞു…..

ആദിത്യൻ മെല്ലെ അവളുടെ അരികിൽ ഇരുന്നു..ആ മുടികളിലൂടെ കൈയോടിച്ചു..മുടികൾ വകഞ്ഞു മാറ്റി പിൻകഴുത്തിൽ മൃദുവായി ഉമ്മ വച്ചു…എന്നിട്ട് അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു..അവൾ  ബലം പിടിച്ചെങ്കിലും അവന്റെ കരുത്തിനു മുന്നിൽ തോറ്റു പോയി…

“എന്തിനാ ആദീ…എന്നെ ഇട്ടേച്ചു പോയത്?? എന്നെ നിനക്കറിയില്ലേ? വേണമെന്ന് വച്ചു നിന്നെ വേദനിപ്പിക്കാൻ എനിക്ക് പറ്റുമോ? സത്യമായിട്ടും ആ കഥയുടെ കാര്യം എനിക്ക് ഓർമ ഉണ്ടായിരുന്നില്ല..ഒന്ന് മാപ്പ് പറയാൻ പോലും സാവകാശം തരാതെ  നീ  പോയില്ലേ?? അപ്പോ അത്രേ ഉളളൂ എനിക്ക് നിന്റെ ജീവിതത്തിലുള്ള സ്ഥാനം അല്ലേ??”

അവൾ  ഏങ്ങികരഞ്ഞു…

“ക്ഷമിക്ക് മീനൂ….മറന്നു തുടങ്ങിയതൊക്കെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്നപ്പോൾ സമനില തെറ്റി..അതും നീ  ചെയ്തപ്പോൾ സഹിക്കാൻ പറ്റിയില്ല…കുറേ കരഞ്ഞു…ഉറങ്ങാൻ വേണ്ടി വീണ്ടും മ ദ്യപിക്കേണ്ടി വരുമോ എന്ന് സംശയിച്ചു…പക്ഷെനിന്നെ ഓർക്കുമ്പോൾ അതിനും  പറ്റിയില്ല…ഭ്രാ.ന്ത് പിടിക്കുന്ന അവസ്ഥ ആയിരുന്നു..അതാ ഒന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്..”

മീനു ചാടി എഴുന്നേറ്റ് അവന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു…

“നിനക്ക് മനസമാധാനം  കിട്ടാൻ വേണ്ടി നീ മാറി  നിന്നു..എന്നിട്ട് കിട്ടിയോ? അപ്പോൾ ബാക്കിയുള്ളവരോ? എന്റെ കാര്യം പോട്ടെ, നിന്റെ അമ്മ, അച്ഛൻ…അവരെന്തു തെറ്റ് ചെയ്തു? നീ സ്വയം  നശിക്കുന്നത് കണ്ട് നിസ്സഹായരായി കരഞ്ഞോണ്ട് ദിവസങ്ങൾ തള്ളി നീക്കിയതാ ആ  പാവങ്ങൾ…അവരെ കുറിച്ച് നീ ഓർത്തോ?? നീ  വെറും സ്വാർത്ഥനാ ആദീ.. “

അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…

“എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി മീനൂ..”

“എന്ത് ചോദ്യം…?”

“നീ എന്റെ ആരാണെന്ന ചോദ്യം…നീ എന്റെ എല്ലാമാണ്…എല്ലാം…”

അവൾ അവന്റെ ഷർട്ടിൽ നിന്നും കൈ എടുത്തു…എന്നിട്ട് കണ്ണുകൾ തുടച്ചു..മെല്ലെ അവന്റെ അടുത്തിരുന്നു..

“എവിടെ ആയിരുന്നു?”

“ചെന്നൈ…ഒരു കൂട്ടുകാരൻ അവിടെ ഉണ്ട്‌.”

“എല്ലാരേയും വിട്ട് അവിടേക്ക് പോയിട്ട് നിനക്ക് സമാധാനം കിട്ടിയോ?”

“ഇല്ല…എന്റെ ഹൃദയം ഇവിടെ വിട്ടിട്ടാ പോയതെന്ന് പിന്നാ മനസ്സിലായെ..”

“ഒന്ന് വിളിച്ചൂടായിരുന്നോ?”

“ആകാമായിരുന്നു..പക്ഷേ  കുറച്ചു കാര്യങ്ങൾ  ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു…അതാ..”

അവൾ ചോദ്യഭാവത്തിൽ  അവനെ നോക്കി..അവൻ  അത് അവഗണിച്ചു..എന്നിട്ട് അവളുടെ ബാഗിൽ ഒന്ന് തലോടി..

“നീ പോകാൻ  തയ്യാറാവുകയായിരുന്നോ?”

“ആം..”

“നിനക്ക് ആ  ഹോസ്പിറ്റലിലെ ജോലി രാജി വെക്കാൻ എന്തൊക്കെയാ ഫോർമാലിറ്റീസ്..?”

“എന്തിനാ?”

“ഹാ, പറയെടോ?”

“അങ്ങനെ കാര്യമായതൊന്നും വേണ്ടി വരില്ല.. ഒരുമാസം മുൻപ് എഴുതി കൊടുത്താൽ മതിയാകും..”

“എന്നാൽ നാളെത്തന്നെ എഴുതി കൊടുത്തേക്ക്…”

“നീ ക ള്ള് കുടിച്ചിട്ടുണ്ടോ ആദീ..?”

അവൻ പുഞ്ചിരിയോടെ അവളെ കെട്ടിപിടിച്ചു..എന്നിട്ട് ആ  മുഖത്തിന് നേരെ ഊതി… “മണക്കുന്നുണ്ടോ?”

അവൾ ഇല്ലെന്ന് തലയാട്ടി.

“ചെന്നൈയിൽ ഒരു മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിനക്ക് ജോലി ശരിയാകിയിട്ടുണ്ട്….”

“ഓഹോ…എനിക്ക് പണി അന്വേഷിക്കാനാണോ നീ  ആരോടും പറയാതെ  നാട്  വിട്ടത്..? വല്ലാത്ത മാ നസിക രോഗം തന്നെ..”

അവൻഅവളുടെ കാതിൽ  വേദനിപ്പിക്കാതെ ഒന്ന് കടിച്ചു..

“എടീ പൊട്ടീ…എനിക്ക് അവിടെ ഒരു ജോലി കിട്ടിയിട്ടുണ്ട്…അടുത്ത ആഴ്ച്ച ജോയിൻ ചെയ്യണം…നീ കൂടെ ഇല്ലാതെ വയ്യ…അതോണ്ടാ നിന്നെയും കൊണ്ടുപോകാമെന്നു വച്ചത്…”

മീനാക്ഷി അവന്റെ കവിളിൽ മുഖം ചേർത്തു..

“നിനക്കെന്നോട് ദേഷ്യം തോന്നിയിരുന്നോ ആദീ?”

“തീർച്ചയായും…ദേഷ്യവും വേദനയും തോന്നി…പക്ഷേ വെറുത്തില്ല..അതിന് കഴിയുമായിരുന്നില്ല…നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മാറി നിന്നപ്പോൾ ഞാൻ അറിയുകയായിരുന്നു.. “

“സോറി..” അവൾ  അവന്റെ നെറ്റിയിൽ അധരങ്ങൾ  അമർത്തി…

“വാ…നിന്നെ ഞാൻ ഹോസ്റ്റലിൽ എത്തിക്കാം..”

“സത്യമായിട്ടും..?”

“അതേടീ…ട്രെയിനിൽ തൂങ്ങിപ്പിടിച്ചു പോകണ്ട..”

സന്തോഷത്തോടെ അവൾ  ബാഗ് എടുത്തു..മുത്തശ്ശിയോട് യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ  അവിടെ ശ്രീദേവിടീച്ചറുടെ കാർ ഉണ്ടായിരുന്നു..

“നീ വീട്ടിൽ പോയിട്ടാണോ വന്നേ?”

“അതെ..അല്ലേൽ നീ എന്നെ ചീത്തവിളിക്കില്ലേ?”

“ചിലപ്പോൾ തല്ലിയെന്നും വരും..” അവൾ പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറി..

മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ ഹോസ്റ്റലിൽ എത്തി…അനുപമയും ജിൻസിയും അവരെയും നോക്കി ഇരിക്കുകയായിരുന്നു…എല്ലാവരും ചേർന്ന് അടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു…തന്റെ കൂട്ടുകാരികളോട് പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആദിത്യനെ കണ്ടപ്പോൾ മീനാക്ഷിയുടെ മനസ്സ് നിറഞ്ഞു..

ഞാൻ  ജയിച്ചിരിക്കുന്നു ആദീ…നിന്നെ ഞാൻ മാറ്റിയെടുത്തു…ഇനിയൊരിക്കലും നിനക്ക് വേദനിക്കേണ്ടി വരില്ല..

ആദിത്യൻ  തിരിച്ചു പോകുകയാണ്..അവൻ മീനാക്ഷിയുടെ അടുത്തേക്ക് വന്നു.

“മീനൂ..”

“ഉം..”.

“ഞാൻ പോയിട്ട് വരാം..”

“സൂക്ഷിച്ചു പോണേ.” അവൾ അപേക്ഷിച്ചു..

“ഫേസ്ബുക്കിലെ കഥ പൂർത്തിയാക്കണം..നാശത്തിന്റെ പടുകുഴിയിൽ  നിന്നും സൂര്യനെ കൈ പിടിച്ചുയർത്തിയ മാലാഖയെ പറ്റി എഴുതണം..അവരൊന്നിച്ച് പുതിയ ജീവിതം തുടങ്ങുന്നിടത്ത് കഥ അവസാനിക്കട്ടെ…”.

“എന്റെ പൊന്നേ, വേണ്ട..ഇനി ആ പേരും പറഞ്ഞു മുങ്ങാനല്ലേ…ഞാനിത്രേം നാൾ അനുഭവിച്ചതൊന്നും പോരാ അല്ലേ?”

അവൻ ഉറക്കെ ചിരിച്ചു കൊണ്ട് അവളെ  ചുറ്റിപ്പിടിച്ചു…

“സത്യമായിട്ടും ഇനി ഞാനങ്ങനെ ചെയ്യില്ല.. നീ  ഇനിയും എഴുതണം..അല്ല, നമ്മൾ ഇനിയും എഴുതും…”

അവളുടെ കവിളിൽ ഒന്ന് ഉമ്മ വച്ച ശേഷം അവൻ കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറി..

“ഞാൻ പോട്ടെ…ഒരുമാസം തികയുന്ന അന്ന് വരാം.. “

അവൾ തലയാട്ടി…കാർ ദൂരെ മറയുന്നതും നോക്കി അവൾ നിന്നു..മുപ്പതു  ദിവസങ്ങൾ…വെറും മുപ്പതു ദിവസത്തെ ദൂരം മാത്രമേ ഉളളൂ ആദിയുടെ കൂടെ ഉള്ള ജീവിതത്തിലേക്ക്…നാളുകൾ എണ്ണി ഞാൻ കാത്തിരിക്കും..പണ്ട് ആദിയുടെ വീട് നോക്കാൻ വേണ്ടി ജനൽ തുറന്നപ്പോൾ തഴുകിയ പോലെ ഒരു കാറ്റ് അവളെ പുണർന്നു..ആ  കുളിർമയിൽ മീനാക്ഷിയുടെ മനസും ശരീരവും തണുത്തു….പ്രണയപൂർവമുള്ള കാത്തിരിപ്പ് ആരംഭിക്കുകയാണ്…

ശുഭം ❤❤❤