കൂട്ടിനൊരു ജോലിക്കാരി ഉണ്ടെങ്കിലും, തന്റെ കാര്യം പറഞ്ഞപ്പോൾ അവർ എതിർപ്പൊന്നും പറഞ്ഞില്ല..വാടക വേണ്ടെന്ന് പറഞ്ഞെങ്കിലും…

Story written by Jisha Raheesh

കാലൻ…

==========

“തത്കാലം ഈ ചുറ്റുവട്ടത്ത് ഇപ്പോൾ ആ വീടേ ഒഴിവുള്ളൂ കുഞ്ഞേ..പക്ഷെ മോളെ എങ്ങനെയാ ഞാൻ അവിടെ..കുഞ്ഞിനെ പോലെയുള്ള പെൺകുട്ട്യോൾക്ക് നിക്കാൻ പറ്റണ ഇടമല്ല അത്..”

രവിയേട്ടൻ നിസ്സഹായതയോടെ എന്നെ നോക്കി…

ഇവിടുത്തെ സ്കൂളിലേയ്ക്ക് മാറ്റം കിട്ടി, ഈ നാട്ടിലേയ്ക്ക് വന്നിട്ട് മാസം രണ്ടായി…

ജോലിക്കാരായ മക്കളോടൊപ്പം പോകാതെ, മരിച്ചു പോയ ഭർത്താവ് ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടും പോവില്ലെന്ന്, വാശി പിടിച്ചു നിന്നിരുന്ന യാശോദാമ്മയോടൊപ്പമായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങളായി…

കൂട്ടിനൊരു ജോലിക്കാരി ഉണ്ടെങ്കിലും, തന്റെ കാര്യം പറഞ്ഞപ്പോൾ അവർ എതിർപ്പൊന്നും പറഞ്ഞില്ല..വാടക വേണ്ടെന്ന് പറഞ്ഞെങ്കിലും തന്റെ നിർബന്ധം കൊണ്ടാണ് വാടകയെന്ന പേരിൽ ഒരു ചെറിയ തുക അവർ വാങ്ങിയത്…

സ്കൂളിൽ നിന്നും കുറച്ചധികം ദൂരം നടക്കാനുണ്ടായിരുന്നെങ്കിലും, തന്റെ പഴയ ടു വീലർ അതിനൊരു പരിഹാരമായിരുന്നു…

സുഖമായിരുന്നവിടെ..അനാഥാലയത്തിൽ ജനിച്ചു വളർന്നവൾക്ക് ഒരമ്മയെ കിട്ടിയിരുന്നു…

പക്ഷെ ആ സന്തോഷം അല്പായുസായിരുന്നു..യാശോദാമ്മ ബാത്‌റൂമിൽ വീണു..നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായതോടെ, അവർക്ക് മനസ്സോടെയല്ലെങ്കിലും മക്കളോടൊപ്പം പോവേണ്ടി വന്നു…

താൻ വീണ്ടും പെരുവഴിയിലുമായി…

അപ്പോഴാണ് സ്കൂളിലെ പ്യൂൺ, രവിയേട്ടൻ ആ വീടിന്റെ കാര്യം പറയുന്നത്…

ഡോക്ടർ അരവിന്ദിന്റെ വീട്…അല്ല, അയാളുടെ അമ്മയും സഹോദരനും താമസിക്കുന്ന വീട്….

ഡോക്ടർ അരവിന്ദിന്റെ  ക്ലിനിക്ക് സ്കൂളിലേയ്ക്ക് പോവുന്ന വഴിയിൽ തന്നെയാണ്..അയാളുടെ മകൻ പഠിക്കുന്നതും തന്റെ സ്കൂളിലാണ്…

പലവട്ടം കണ്ടിട്ടുണ്ട് ഡോക്ടറെ..സൗമ്യശീലനായ ഒരു മനുഷ്യൻ..അയാളുടെ ഭാര്യ ഷൈനയും അങ്ങനെ തന്നെ…

നാട്ടുകാർക്കെല്ലാം നല്ല മതിപ്പാണ് ഡോക്ടറെ…

പക്ഷെ അനിരുദ്ധൻ…

ഡോക്ടറുടെ അനിയൻ…

ഭൂലോക തെ മ്മാടിയും റൗ ഡിയുമാണ്…

ആരെയും പേടിയുമില്ല..ആരോടും സ്നേഹവുമില്ല…

പലപ്പോഴും റോഡരികിൽ, കു ടിച്ച് ബോധം മറഞ്ഞു വീണുകിടക്കുന്നത് കണ്ടിട്ടുണ്ട്..കവലയിൽ ആരോടൊക്കെയോ അടിയുണ്ടാക്കുന്നതും…

ഒരു നാൾ ആടിയാടി വന്നു വീഴാൻ തുടങ്ങിയത് തന്റെ വണ്ടിയ്ക്ക് മുൻപിലായിരുന്നു…കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചു പറഞ്ഞവന്റെ കവിളത്തിട്ട് ഒരെണ്ണം പൊട്ടിക്കാൻ തോന്നിയതാണ്..

പക്ഷെ കൊന്നതെങ്ങു പോലെ നിക്കണ അയാളുടെ കവിളിലേയ്ക്ക് കൈ വീശി അടിക്കാനുള്ള കഷ്ടപ്പാടും, ആ ആജാനുബാഹു, തിരിച്ചു പ്രതികരിച്ചാൽ താൻ തവിടു പൊടിയാകുമെന്ന ബോധവും കാരണം, രൂക്ഷമായൊരു നോട്ടത്തിൽ പ്രതികരണം ഒതുക്കി, വണ്ടിയെടുത്ത് പോയി..

“അവക്കടെ അപ്പന്റെ വകയല്ലേ റോഡ്..ഉണ്ടക്കണ്ണി…”

അയാൾ പിറകിൽ നിന്നും വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു…

വൃത്തികെ ട്ടവൻ..അതിൽ പിന്നെ അയാളെ കണ്ടാൽ വഴി മാറി പോവാറാണ് പതിവ്..

സദാ ചുവന്നു കിടക്കുന്ന കണ്ണുകളും, വെട്ടിയൊതുക്കാത്ത മുടിയും താടിയും..മുഷിഞ്ഞ വേഷവും…

ആ അമ്മയെ അമ്പലത്തിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്…ആ കണ്ണുകളിൽ തുളുമ്പുന്ന വിഷാദഭാവമാണ്, ഞാൻ ആദ്യ നോട്ടത്തിൽ കണ്ടത്..പാവം, ആ ശ്രീകോവിലിനു മുൻപിൽ നിന്ന് കൈകൂപ്പി കരയുന്നുണ്ടായിരുന്നു…

സങ്കടം വന്നെനിക്ക്…

ആ അമ്മയ്ക്കും ഡോക്ടർക്കും ഇടയിൽ, ഇങ്ങനെയൊരു അസുരവി ത്ത് എങ്ങനെ വന്നു പെട്ടെന്തോ…?

അതിനുള്ള ഉത്തരം തന്നത് രേവതിയായിരുന്നു..പെട്ടെന്ന് ആരോടും അങ്ങനെ അടുക്കാത്ത എന്നെ, കലപിലാ സംസാരം കൊണ്ട് പാട്ടിലാക്കിയ എന്റെ സഹപ്രവർത്തക…രേവതി ടീച്ചർ…

ആദ്യ കാഴ്ചയിൽ തന്നെ, പേരറിയാത്തൊരു അടുപ്പം തോന്നി പോവുന്ന ചിലരില്ലേ..അങ്ങനെ ഒരാൾ…ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ കൂട്ടുകാരികളായിരുന്നു..

“അവര് ഏതോ നല്ല തറവാട്ടിലുള്ളതാണ്..സഹോദരങ്ങളും നല്ല നിലയിലാണ്..ദേവിയമ്മയുടെ ഭർത്താവ് ആ അനിരുദ്ധനെ പോലെ തന്നെയായിരുന്നു..ജോലിയും സാമ്പത്തുമൊക്കെ കണ്ടിട്ടാണത്രെ ദേവിയമ്മയെ അയാൾക്ക് വിവാഹം ചെയ്ത് കൊടുത്തത്..പക്ഷെ അയാളൊരു മുഴുക്കു ടിയനും തെ മ്മാടിയുമായിരുന്നു..എല്ലാം അയാൾ നശിപ്പിച്ചു…അവരെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു…അയാൾക്ക് ക ള്ള് കുടിയ്ക്കാനുള്ള കാശും, അവര് വല്ല വീട്ടിലും പണിയ്ക്ക് പോയി കിട്ടുന്നതിൽ നിന്നും കൊടുക്കണം..ദേവിയമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് അതുങ്ങളെ വളർത്തിയത്..പറഞ്ഞിട്ടെന്താ, ഒരുത്തൻ അച്ഛനെ കണ്ടു ആ ശീലങ്ങളിൽ നിന്നു വിട്ട് നിന്നപ്പോൾ, മറ്റവൻ അത് അപ്പാടെയങ്ങു പകർത്തിയെടുത്തു…””

ദേവിയമ്മ ഞങ്ങൾക്കരികിലൂടെ കടന്നു പോയപ്പോൾ, ഞാൻ അവരെ നോക്കി..ഒരു വാടിയ ചിരി അവരെനിക്ക് തന്നിരുന്നു..

“ഇവർക്ക് ഒരു മോനും കൂടെയുണ്ടായിരുന്നു..ഡോക്ടർക്കും ആ കാലനുമിടയിൽ.. മരിച്ചു പോയി..കുട്ടിയായിരിക്കുമ്പോൾ അതിനെ ഇവരുടെ ഭർത്താവ് ചവിട്ടി കൊ ന്നതാണെന്നൊക്കെയാ കേട്ടതും..എന്തായാലും അയാൾ കുടിച്ചു കുടിച്ചു വഴിയരികിൽ കിടന്നു പു ഴുത്താ ച ത്തത്..”

“എന്തിട്ടെന്താ രേവൂ..ആ അമ്മ അനുവഭിച്ചതിന് പകരമാവോ..?”

എനിക്കെന്തോ വല്ലാത്ത സങ്കടവും ദേഷ്യവുമൊക്കെ തോന്നി…

കുഞ്ഞുന്നാളിൽ,കേട്ട് പഴകിയ കഥകളിലെന്നത് പോലെ, അനാഥത്വത്തിൽ നിന്നും രക്ഷപ്പെടുത്താൻ എത്തുന്ന അച്ഛനെയും അമ്മയെയും ഞാനും പ്രതീക്ഷിച്ചിരുന്നു…

എന്നെ വേണ്ടാതെ, ആ അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയവർ, ഒരിക്കലും എന്നെ തിരഞ്ഞെത്തില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ, ഞാൻ എനിയ്ക്ക് വേണ്ടി ജീവിക്കാൻ പഠിച്ചു തുടങ്ങിയിരുന്നു…

ബന്ധങ്ങൾ ഉണ്ടായിട്ടും, അതിന്റെ വിലയറിയാത്തവരും, സങ്കടങ്ങൾ പറയാനും സന്തോഷം പങ്കിടാനും, ചിലപ്പോഴൊക്കെ വെറുതെയൊന്ന് കെട്ടിപ്പിടിക്കാനും, ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന് ചിന്തിക്കുന്നവരും…

എന്തോ ആ അനിരുദ്ധനോട് വല്ലാത്ത വെറുപ്പ് തോന്നി..ഇത് വരെ ആരോടും തോന്നാത്തത്ര..

ആ വീട്ടിലാണോ രവിയേട്ടൻ എനിയ്ക്ക് താമസിക്കാനൊരു ഒഴിവ് കണ്ടെത്തിയിരിക്കുന്നത്…?

അരവിന്ദ് ഡോക്ടർ പഠിച്ചു ജോലിയൊക്കെയായപ്പോൾ വീട് പുതുക്കി പണിതു…പക്ഷെ കല്യാണം കഴിച്ചു ഭാര്യയെയും കൊണ്ട് അവിടെ അമ്മയോടൊപ്പം താമസിക്കാനുള്ള യോഗമുണ്ടായില്ല..

ഡോക്ടറുടെ  താന്തോന്നിയായ അനിയനും കൂടെ, താമസിക്കുന്നിടത്തേയ്ക്ക് പെണ്ണിനെ തരില്ലെന്ന്, ഡോക്ടർ അരവിന്ദ് പ്രണയിച്ച ഷൈനയുടെ വീട്ടുകാർ തറപ്പിച്ചു പറഞ്ഞു…

ദേവിയമ്മ തന്നെയാണ് അരവിന്ദ് ഡോക്ടറെ പറഞ്ഞു സമ്മതിപ്പിച്ചു, വേറൊരു വീട്ടിലേയ്ക്ക് താമസം മാറ്റിപ്പിച്ചത്..

അമ്മയെ കൂടെ അങ്ങോട്ട് വിളിച്ചെങ്കിലും, താൻ അവിടെ താമസിക്കുന്നതിന്റെ പേരിൽ, അനിരുദ്ധൻ അവിടെയും കേറിയിറങ്ങി അരവിന്ദിന്റെയും ഭാര്യയുടെയും ജീവിതം കൂടെ അപകടത്തിലാക്കേണ്ടെന്ന് കരുതിയാവും ദേവിയമ്മ സമ്മതിച്ചില്ല…

അമ്മയെ കാണാൻ വരുന്ന അരവിന്ദ് ഡോക്ടറുമായി അനിരുദ്ധൻ പലപ്പോഴും വഴക്കിടും..അതോടെ അരവിന്ദ് ഡോക്ടറുടെ വീട്ടിലേയ്ക്കുള്ള വരവ് ദേവിയമ്മ നിർത്തിച്ചു..പകരം മകനെയും കുടുബത്തെയും കാണണമെന്ന് തോന്നുമ്പോൾ അവർ അങ്ങോട്ട് പോവും…

അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന്റെ മുകളിലെ നില ഒഴിഞ്ഞു കിടക്കുവാണ്…

അനിരുദ്ധനെ പേടിച്ച് ആരും ആ വീട്ടിലേയ്ക്ക് തന്നെ കയറാറില്ല…

അങ്ങനെ ഒരിടത്തേയ്ക്ക്…?

“പിന്നെ ഞാൻ എന്ത് ചെയ്യുമെടി…? ഈ പ ട്ടിക്കാട്ടിൽ താമസിക്കാൻ ഒരിടം കിട്ടണ്ടേ..?”

“നീ രണ്ടാമത് പറഞ്ഞതിന് തല്ക്കാലം ഞാൻ മറുപടി പറയുന്നില്ല..അല്ല, ലില്ലി നീയെന്നിട്ട് അവിടെ താമസിക്കാൻ തീരുമാനിച്ചോ..? ആ വൃത്തികെ ട്ടവനെ നിനക്കറിയാലോ ല്ലേ..?”

“പിന്നെ ഞാൻ എന്നാ ചെയ്യാനാടി..?”

“എന്റെ ഏട്ടനും ഏട്ടത്തിയും തമ്മിലുള്ള പ്രശ്നങ്ങൾ ഞാൻ പറഞ്ഞതല്ലേ..വല്യ സ്നേഹമാണെങ്കിലും അതിലും വല്യ സംശയമാണ് ഏട്ടത്തിയ്ക്ക് ഏട്ടനെ..അതിനിടയിൽ നിന്നെ കൂടെ കൊണ്ടിടാൻ വയ്യാഞ്ഞിട്ടാ, അല്ലെങ്കിൽ ഞാൻ നിന്നെ അങ്ങോട്ട് വിളിച്ചേനെ..”

“അതൊന്നും സാരമില്ല രേവൂ തല്ക്കാലം അവിടെ തന്നെ നോക്കാം..ഒട്ടും പറ്റില്ലെങ്കിൽ വേറെ എന്തെങ്കിലും നോക്കാം..”

അങ്ങനെ ഞാൻ കൂടും കുടുക്കയുമെടുത്ത് ദേവിയമ്മയുടെ വീട്ടിലെത്തി..

താമസം തുടങ്ങി രണ്ടാം ദിവസമാണ് ആ കാ ലൻ കാര്യമറിഞ്ഞത്..

ഒച്ചപ്പാടും ബഹളവും കേട്ടെങ്കിലും ഞാൻ താഴേയ്ക്ക് ഇറങ്ങി ചെന്നില്ല…

ഒടുവിൽ എല്ലാം ശാന്തമായപ്പോൾ, എന്ത് പറഞ്ഞാവും ദേവിയമ്മ അയാളെ ശാന്തനാക്കിയതെന്ന്, എനിക്ക് തെല്ല് ആകാംക്ഷ തോന്നിയിരുന്നു…

കഴിവതും അയാളുടെ മുൻപിൽ ചെന്ന് പെടാതെ നടന്നെങ്കിലും, അപ്രതീക്ഷിതമായി മുൻപിൽ എത്തുമ്പോൾ, ലോകത്തെ സകല പുച്ഛത്തിന്റെയും ഹോൾ സെയിൽ ഡീലറാ ണെന്ന മട്ടിൽ ഒരു എക്സ്പ്രഷനുമിട്ട് എന്നെ നോക്കി ഒന്നു കാറി തുപ്പിയിട്ട് അയാൾ നടന്നു പോവും…

അയാൾ കേൾക്കാതെയാണെങ്കിലും, വായിൽ വരുന്നതൊക്കെ പറഞ്ഞു ദേഷ്യം ഒന്നടക്കും ഞാൻ…

എന്നാലും ദേവിയമ്മയുടെ കണ്ണീരും മുഖവും കാണുമ്പോഴൊക്കെ ഞാൻ ആ കാ ലനെ പ്രാകും…

അയാളൊന്ന് ചത്തു പോയിരുന്നെങ്കിൽ ആയമ്മയ്ക്ക് സുഖമായി അരവിന്ദ് ഡോക്ട്ടറിന്റെ കൂടെ താമസിക്കാമായിരുന്നു..

ഇടയ്ക്കിടെ, അയാൾ താഴെ, അമ്മയോട് വഴക്ക് കൂടുന്നതിന്റെയും സാധനങ്ങളൊക്കെ വലിച്ചെറിയുന്നതിന്റെയും ശബ്ദം കേൾക്കാമെങ്കിലും, എന്ത് സംഭവിച്ചാലും താഴേയ്ക്ക് വരരുതെന്ന് ദേവിയമ്മ കട്ടായം പറഞ്ഞത് കൊണ്ട് ഞാൻ ഇറങ്ങി ചെല്ലാറില്ല…

ദിവസങ്ങൾ കടന്നു പോയി…

മാസാവസാനം ഞാൻ ദേവിയമ്മയ്ക്ക് കൊടുത്ത വാടകക്കാശ്, എന്റെ മുൻപിൽ വെച്ച് തന്നെ കയ്യോടെ അയാൾ വാങ്ങി കൊണ്ടുപോയപ്പോൾ, എന്തുകൊണ്ടാണ്, ഞാനവിടെ താമസിക്കുന്നതിന് അയാൾ എതിര് പറയാത്തതെന്ന് ഞാനറിഞ്ഞു…

കണ്ണുനീർ നിറയുന്ന കണ്ണുകൾ, പൊടുന്നനെ സാരിത്തലപ്പ് കൊണ്ടൊപ്പി, അവർ എന്നെ നോക്കി ഒരു ചിരി ചിരിച്ചു…

അത്രമേൽ നിസ്സഹായമായൊരു ചിരി ഞാൻ അത് വരെ ആരിലും കണ്ടിട്ടില്ല…

“മോൾ വാ..ചായ കുടിക്കാം…”

“ഞാൻ..ഞാനൊന്ന് കുളിച്ചിട്ട് വരാം ദേവിയമ്മേ…”

എന്തിനെന്നറിയാതെ നിറയുന്ന കണ്ണുകൾ അവരിൽ നിന്നു മറച്ചു പിടിക്കാൻ ഞാനും ധൃതിയിൽ പടികൾ കയറി പ്പോയി…

പതിനെട്ടു തികയുന്നതിനു മുൻപേ, വിവാഹമെന്ന അധികാര കൈ മാറ്റത്തിൽ പെട്ടു ചത ഞ്ഞരഞ്ഞു പോയൊരു ജീവിതം..അയാളുടെ ചവിട്ടും കൊണ്ട്, ചോ ര നീരാക്കി, പണിയെടുത്ത്, രണ്ടു കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയപ്പോൾ അതിലൊരെണ്ണം ഇങ്ങനെയും…

എന്തിനാണ് ആ പാവം സ്ത്രീയെ ഇങ്ങനെ വേദനിപ്പിയ്ക്കുന്നത്..?

ദൈവത്തിനോട് പോലും ദേഷ്യം തോന്നിപ്പോയി എനിക്ക്…

അനിരുദ്ധനെന്ന പേരിനോട് പോലും വെറുപ്പ്…

വാടകക്കാശും വാങ്ങി പോയവൻ, അന്ന് തിരികെ വന്നിരുന്നില്ല..

അന്ന് രാവിലെ ഞാൻ സ്കൂളിലേയ്ക്ക് പോവുമ്പോൾ ദേവിയമ്മയ്ക്ക് പനിയുണ്ടായിരുന്നു..അരവിന്ദും ഷൈനയും ദൂരെയെവിടെയോ കല്യാണത്തിനു പോയതാണ്..തല്ക്കാലം അരവിന്ദ് ഡോക്ടറോട് പറയണ്ടയെന്ന, ദേവിയമ്മയുടെ നിർബന്ധത്തിനു  വഴങ്ങി, ഞാൻ പൊടിയരിക്കഞ്ഞിയും ചുക്കുകാപ്പിയുമൊക്കെ ഉണ്ടാക്കി വെച്ചിട്ടാണ് പോയത്…

വൈകുന്നേരം, ഞാൻ തിരിച്ചു വരുമ്പോൾ, മുറ്റത്ത് നിന്നു തന്നെ, ഉള്ളിൽ അയാളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..

ദേവിയമ്മയ്ക്ക് സുഖമില്ലല്ലോ…?

വണ്ടി ഒരരികിലേയ്ക്ക് ചേർത്ത് നിർത്തി ഞാൻ ധൃതിയിൽ അകത്തേയ്ക്ക് കയറി..

ഹാളിൽ എന്തൊക്കെയോ എടുത്തെറിയുന്നുണ്ടയാൾ…

ഒരു കസേരയിൽ,കയ്യിൽ തലയും താങ്ങി, ദേവിയമ്മ ഇരിക്കുന്നുണ്ട്..കണ്ടാലേ അറിയാം…ഒട്ടും വയ്യ..ഉണ്ടാക്കി വെച്ച കഞ്ഞി പോലും കഴിച്ചിട്ടുണ്ടാവില്ല…

കാലൻ അങ്ങോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്..എന്നെ കാണുന്നില്ല…

മോൻ വന്നപ്പോൾ കഴിക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണമൊന്നും കണ്ടില്ല..അതിന്റെ കലിപ്പാണ്…

“നിങ്ങൾക്കിവിടെ പിന്നെന്താ പണി തള്ളേ..?”

ആ ഒറ്റവാക്കിൽ, എന്റെ സകല നിയന്ത്രണവും വിട്ടു പോയിരുന്നു…

ദേഹത്തെന്തോ ബാധ കയറിയത് പോലായിരുന്നു എന്റെ ഭാവം…

“ഡോ…?”

എന്റെ വിളിയിൽ അയാളൊന്ന് ഞെട്ടി..പതിയെ ആദ്യത്തെ അമ്പരപ്പ് മാറി, സ്ഥായി ഭാവമായ പുച്ഛം, ആ മുഖത്ത് സ്ഥാനം പിടിച്ചു…

എനിക്ക് കലി കയറി, കണ്ണ് കാണാൻ മേലാതായി.…

“ആ പാവം, ഇന്നലെ മുതലേ പനിച്ചു വയ്യാണ്ടിരിക്കുവാണ്..അവരുടെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നേൽ..തനിക്ക് വല്ല വി ഷവും കലക്കി തന്നേനെ..”

“ഡീ.. “

അയാൾ എനിക്ക് നേരെ കൈ ചൂണ്ടിയതും, എത്തി കുത്തി നിന്നാണേലും ഞാൻ ആ കവിളിൽ ഒന്നു പൊട്ടിച്ചു..നല്ല സ്റ്റൈലായി തന്നെ…

അയാളുടെ കവിളിനോടൊപ്പം എന്റെ കൈയും ചെറുതായിട്ടൊന്ന് പുകഞ്ഞിരുന്നു..

“നാണമുണ്ടോടോ തനിയ്ക്ക്, പെറ്റ തള്ളേടെ ദെണ്ണം കാണാൻ കഴിയാത്ത തനിയ്ക്കൊക്കെ പോയി ച ത്തൂടെടോ..?”

ഞെട്ടിയത് അയാളും ദേവിയമ്മയും മാത്രമായിരുന്നില്ല..സ്വബോധത്തിലേയ്ക്ക് തിരിച്ചു വന്ന ഞാനും കൂടെയായിരുന്നു..

അടുത്ത നിമിഷം, കാ ലൻ എന്നെ കൊ ല്ലുമോയെന്ന ഭയം കൊണ്ടാവും, ദേവിയമ്മ ഓടി വന്നു എന്റെ മുൻപിൽ കയറി നിന്നു..

എന്റെ ദേഹം പൂക്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു…

ദൈവമേ..എനിയ്ക്കെന്തിന്റെ കേടായിരുന്നു..?

അടി കൊണ്ട കവിളിൽ കൈ വെച്ചു നിൽക്കുന്നവനെ, പാളിയൊന്ന് നോക്കിയതും, ഞാനൊന്ന് ഉമിനീരിറക്കി..പതിയെ ശ്വാസമെടുത്തു…

പക്ഷെ അടുത്ത നിമിഷം, എന്നെയും ദേവിയമ്മയെയും ഞെട്ടിച്ചു കൊണ്ട് കാറ്റുപോലയാൾ പുറത്തേക്കിറങ്ങിപ്പോയി…

ഇടിച്ചിടിച്ചു പൊട്ടിപ്പോവുമോയെന്ന് പേടിച്ച ഹൃദയം, ഒന്നു സ്പീഡ് കുറച്ചതും ഞാൻ അങ്ങനെ തന്നെ നിന്നു, തെല്ലു നേരം.…

‘എനിക്കെന്താണ് പറ്റിയതെന്ന’ മട്ടിൽ എന്നെ നോക്കി നിന്ന ദേവിയമ്മ പറഞ്ഞു…

“മോളു ചെല്ല്..അവന്റെ സ്വഭാവമൊന്നും പറയാൻ പറ്റത്തില്ല..ഇനി എന്തുണ്ടായാലും താഴേയ്ക്കിറങ്ങേണ്ട..”

ഞാനൊന്ന് തലയാട്ടി..പതിയെ അവരുടെ കവിളിൽ തലോടി..പിന്നെ പടികൾ കയറി…

എന്റെ ഉള്ളിൽ അന്ന് മുഴുവനും ദപ്പാംകൂത്ത് നടക്കുന്നുണ്ടായിരുന്നു..ഇടയ്ക്കിടെ ഞാൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കും…കാലൻ വരുന്നുണ്ടോയെന്ന്..

കാ ലൻ, കുടിച്ചു മ ദോന്മത്തനായി വരുന്നതും, വാതിൽ ചവിട്ടി പൊളിച്ചു, അകത്തു കടന്നു, എന്നെ ചവിട്ടിക്കൂട്ടുന്നതും, സ്വപ്നം കണ്ടു നിലവിളിച്ചു, ഉണർന്ന എനിക്ക്, പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല…

ഒന്നും വേണ്ടായിരുന്നു പുല്ല്..ആരാന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ പോകാത്ത ഞാനാണ്…

പക്ഷെ ദേവിയമ്മ..അവരെ എനിക്കെന്തോ അത്രയ്ക്ക് ഇഷ്ടമായിരുന്നു…

കാ ലൻ അന്ന് വന്നില്ല..ഏതു നിമിഷവും അയാളുടെ പ്രത്യാക്രമണമുണ്ടാവുമെന്ന്, പേടിച്ചു പേടിച്ചാണ്, ഞാനന്ന് സ്കൂളിലേയ്ക്ക് പോയതും വന്നതുമെല്ലാം….

പിറ്റേന്ന്, കാ ലൻ ലാൻഡ്  ചെയ്തതറിഞ്ഞു, സ്കൂളിൽ ലീവ് പറയാൻ മൊബൈൽ കയ്യിലെടുത്തപ്പോഴാണ് അയാൾ ഗേറ്റ് കടന്നു പുറത്തേയ്ക്ക് പോവുന്നത് കണ്ടത്…

തിരികെ വന്നിട്ടും അയാൾ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലെന്ന്, ദേവിയമ്മയും തെല്ലൊരു അതിശയത്തോടെയാണ് പറഞ്ഞത്…

“ഇവനെന്താ ഇങ്ങനെയായിപ്പോയതെന്ന്, എനിക്കും അറിയത്തില്ല മോളെ..അവന്റെ അച്ഛൻ എന്നോട് ചെയ്യാത്ത ദ്രോഹമില്ല..ഉള്ളതൊക്കെ നശിപ്പിച്ചു..കു ടിച്ചു നടന്നു ജോലിയും പോയി..ഒരു രൂപ പോലും കുഞ്ഞുങ്ങൾക്ക് ആഹാരം വാങ്ങാനായി തരത്തില്ലായിരുന്നു..കുഞ്ഞുങ്ങളെ പട്ടിണിയ്ക്കിടാനാവാത്തത് കൊണ്ടാണ്  ഞാൻ വീട്ടു വേലയ്ക്ക് പോയത്..അതിൽ നിന്നും അയാൾ തട്ടി പറിച്ചെടുക്കും..കു ടിയ്ക്കാൻ വേണ്ടി..കഷ്ടപ്പെട്ടു ഉണ്ടാക്കി വെച്ച ഭക്ഷണം തട്ടി തെറിപ്പിക്കും..കുഞ്ഞുങ്ങളെ പോലും കഴിക്കാൻ സമ്മതിക്കത്തില്ല…”

“അമ്മയ്ക്ക് ഇട്ടേച്ചു പോവാൻ മേലായിരുന്നോ…?”

അവരൊന്നു ചിരിച്ചു…

“അന്നത്തെ കാലമല്ലേ മോളെ..കെട്ടിച്ചു വിട്ടാൽ ബാധ്യത തീർന്നെന്ന് കരുതുന്നവരോട്, കിട്ടിയ ജീവിതത്തിന്റെ ഭംഗിക്കുറവ് പറഞ്ഞിട്ടൊന്നും കാര്യമില്ലായിരുന്നു…ആരും തുണയ്ക്കില്ല…”

അവർ കരയുക തന്നെയായിരുന്നു..എന്നാണ് ഈ സ്ത്രീയുടെ കണ്ണീരൊന്ന് തോരുക..

ഞാനവരെ ചേർത്ത് പിടിച്ചു…

ഭർത്താവെന്ന് പറയുന്നവൻ, തന്നോടും കുഞ്ഞുങ്ങളോടും ചെയ്തിട്ടുള്ള ക്രൂ രതകൾ ഓരോന്നായി പറയുമ്പോൾ അവർ കരയുകയായിരുന്നു…

ഒരു മനുഷ്യജന്മത്തിൽ അനുഭവിക്കാവുന്നതിലും അധികം അനുഭവിച്ചവർ..ആരോടും പറയാതെ ഉള്ളിലൊതുക്കിയ നൊമ്പരങ്ങൾ…കേട്ട് നിൽക്കാൻ പോലും എനിക്കാവുന്നില്ലായിരുന്നു. ഞാനും കരഞ്ഞിരുന്നു എപ്പോഴൊക്കെയോ…

“അനി അങ്ങനെ വല്യ കഷ്ടപ്പാടൊന്നും അനുഭവിച്ചിട്ടില്ല മോളെ..അവൻ ഏറ്റവും ഇളയതായിരുന്നല്ലോ..അരവിയും അവന്റെ ഇളയവനും ചെറിയ ജോലിയ്ക്കൊക്കെ പോകുമായിരുന്നു..അനിയനെ പ്രാണനായിരുന്നു രണ്ടുപേർക്കും..അവനെന്താവശ്യപ്പെട്ടാലും ചേട്ടന്മാർ സാധിച്ചു കൊടുക്കാൻ ശ്രെമിക്കും. അവനു വേണ്ടി അവരുടെ ആവശ്യങ്ങൾ പോലും മാറ്റി വെയ്ക്കും..അച്ഛന്റെ ക്രൂ രതകളും പൂർണ്ണമായൊന്നും അവനു അറിഞ്ഞിട്ടുമില്ല..”

“ഇതൊക്കെ അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കാനുള്ള കാരണങ്ങളാണോ അമ്മേ..?”

എനിക്ക് അയാളോടുള്ള കലി അടങ്ങിയിട്ടില്ലായിരുന്നു…

“അമ്മ അവനെ ന്യായീകരിച്ചതല്ല കുഞ്ഞേ..അരവി അവന്റെ അച്ഛനെ പോലെ ആവാതിരിക്കാൻ ശ്രെമിച്ചപ്പോൾ, അനി അവന്റെ അച്ഛനെ കണ്ടു പഠിച്ചു..”

“രണ്ടാമത്തെയാൾ ..?”

അവരുടെ മുഖം മങ്ങി…എതാനും നിമിഷങ്ങൾ കഴിഞ്ഞാണ് പറഞ്ഞത്…

“അയാൾക്ക് അനിയെ ഇഷ്ടമല്ലായിരുന്നു..അയാളുടേതല്ലെന്ന് പറഞ്ഞു, കുഞ്ഞിനെ ഉപദ്രവിക്കാൻ നോക്കും..ഒരിക്കൽ അനിയെ ചവിട്ടാൻ തുടങ്ങിയപ്പോൾ അജി മുൻപിൽ കയറി നിന്നു..ചവിട്ട് മർമ്മസ്ഥാനത്തായിരുന്നു..എന്റെ കുഞ്ഞു..അനിയനു വേണ്ടി..”

അവരൊന്ന് എങ്ങി…പിന്നെ ആ മുഖം ഒന്നു കല്ലിച്ചു…

“അതിനു ശേഷം കൂടുതൽ ജീവിച്ചിട്ടില്ല അയാൾ..പു ഴുത്താണ് ചത്തത്..”

അവരുടെ ആ ഭാവത്തിന് പിന്നിൽ എന്തോ ഒരു രഹസ്യമുണ്ടെന്ന് തോന്നിയെങ്കിലും കൂടുതൽ ചികയാൻ നിന്നില്ല ഞാൻ…

മകനെ കൊ ന്ന ഭർത്താവിനെ അവസാനിപ്പിച്ചത് ഒരു പക്ഷെ അവരോ..അല്ലെങ്കിൽ ഡോക്ടർ അരവിന്ദനോ ആവാം…

“ഇതൊന്നും അനിയ്ക്ക് അറിയത്തില്ല…”

‘അത് തന്നെയാണ് പ്രശ്നം..അയാൾക്കൊന്നും അറിയില്ല..മറ്റുള്ളവരെ ദ്രോഹിക്കാനല്ലാതെ..’

ഞാൻ മനസ്സിൽ പറഞ്ഞു..

സ്കൂളിൽ പോവാൻ സമയമായത് കൊണ്ട്, ദേവിയമ്മയോട് യാത്ര പറഞ്ഞു, അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് നടന്ന ഞാൻ ഒന്നും പകച്ചു…

പുറത്ത് അടുക്കളച്ചുമരിൽ ചാരി നിൽക്കുന്ന അയാൾ…കണ്ണുകൾ അടച്ചു പിടിച്ചിട്ടുണ്ട്…

എനിക്കെന്തോ പുച്ഛം മാത്രമാണ് തോന്നിയത്…

അതിന് ശേഷം കണ്ടപ്പോഴൊക്കെ, മുഖമുയർത്താതെ, എന്നെ കടന്നു പോകുന്ന അയാളോട് എനിക്കപ്പോഴും വെറുപ്പ് തന്നെയായിരുന്നു…

ചെയ്യാനുള്ളതൊക്കെ ചെയ്തിട്ട്…

അനിരുദ്ധനെ, പിന്നെ ഞാൻ അങ്ങനെ കാണാറില്ലായിരുന്നു..താഴെ നിന്നും ബഹളങ്ങളൊന്നും കേൾക്കാറില്ല…

കു ടി നിർത്തിയെന്നോ, ജോലിയ്ക്ക് പോവാൻ തുടങ്ങിയെന്നോയൊക്കെ, ദേവിയമ്മ സന്തോഷം നിറഞ്ഞ മുഖത്തോടെ പറഞ്ഞപ്പോൾ, ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..

എനിക്കെന്തോ അത്ര വിശ്വാസം വന്നില്ല..പെട്ടെന്നൊരാൾ അങ്ങനെ മാറുമോ..?

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ, മുറ്റത്ത് ഒരു ബൈക്ക് കൂടി ഇരിപ്പുണ്ടായിരുന്നു…

അനിരുദ്ധന്റേതാണെന്ന് ദേവിയമ്മ പറയുന്നത് കേട്ടു..

അവിടെയും ഇവിടെയും ഒക്കെ കാണാറുണ്ടെങ്കിലും, പരസ്പരം നോക്കാതെ ഞങ്ങൾ കടന്നു പോകും…

അനിരുദ്ധന്റേതാണെന്ന് ദേവിയമ്മ പറയുന്നത് കേട്ടു..

അവിടെയും ഇവിടെയും ഒക്കെ കാണാറുണ്ടെങ്കിലും, പരസ്പരം നോക്കാതെ ഞങ്ങൾ കടന്നു പോകും…

“എന്നാലും എടീ, നിന്റെ ഒറ്റയടി കൊണ്ടങ്ങു നന്നായി എന്നൊക്കെ പറയുമ്പോൾ,എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…”

രേവുവിന്റെ വർത്താനം കേട്ടപ്പോൾ എനിക്കെന്തോ ചിരിയാണ് വന്നത്…

അയാൾക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ, അത്, എന്റെ അടിയെക്കാൾ ഉപരി, ദേവിയമ്മ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടിട്ടാകും.…

അയാൾക്ക് വേണ്ടി ജീവൻ ത്യജിച്ച സഹോദരനെയോർത്തും ആവാം…

കുട്ടികളാണെങ്കിലും കുറെയൊക്കെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞ് തന്നെ വളരണം….

“എടി ലില്ലി,.നിന്റെ തല്ലു കിട്ടിയതിൽ പിന്നെ, അയാൾക്ക് നിന്നോട് പ്രേമം തുടങ്ങിയോ…?”

ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ, എനിക്ക് വണ്ടിക്ക് പിന്നിലിരുന്ന രേവതി, പറഞ്ഞത് കേട്ട് എനിക്കൊന്നും മനസ്സിലായില്ല…

അവൾ കാണിച്ചത് കണ്ടാണ്, റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ മേൽ, ഇരുന്ന് മൊബൈലിൽ, എന്തോ നോക്കുന്ന അനിരുദ്ധനെ ഞാൻ കണ്ടത്…

“ആള് മിക്കപ്പോഴും, നിന്റെ പുറകെ തന്നെ ഉണ്ട് മോളെ…”

“ആര് അയാളോ…ഞാൻ ശ്രെദ്ധിച്ചിട്ടില്ലല്ലോ..?”

“അത് നീ ശ്രദ്ധിക്കാഞ്ഞിട്ടാണ്..ഞാൻ കണ്ടിട്ടുണ്ട്..പലപ്പോഴും നമ്മൾ പോകുന്ന വഴിയിൽ ആളുണ്ടാവും..അങ്ങോട്ട് നോക്കാത്തപ്പോൾ ഇങ്ങോട്ട് നോക്കുന്നതും കണ്ടിട്ടുണ്ട് നിന്നെ…”

“ഒന്ന് പോടി അവളുടെ ഓരോ കണ്ടുപിടുത്തങ്ങൾ..അതും അയാൾ..”

“ചുമ്മാ വിട്ട് കളയണ്ട…ആ കാടൊക്കെ വെട്ടിത്തെളിച്ചു, ഇപ്പോൾ കാണാൻ ചുള്ളനാ….ഇപ്പോൾ ജോലിക്കും പോകുന്നുണ്ട്..വീടുമുണ്ട്, അവിടെ നല്ലൊരു അമ്മയും ഉണ്ട്, ഇതിൽ കൂടുതൽ എന്തു വേണം…?”

“നിനക്കെന്താ പെണ്ണേ, എനിക്കൊന്നും വയ്യ കലിപ്പന്റെ കാന്താരിയാവാൻ…”

രേവതി ചിരിച്ചു..

“അങ്ങനെയങ്ങു വിട്ടു കളയേണ്ടെടി..”

“ഡീ പെണ്ണെ, വണ്ടിയിൽ നിന്നെടുത്ത് ദൂരെ കളയും ഞാൻ..ആകെ ഒരു ജീവിതമേയുള്ളൂ, അത് വെച്ച് റിസ്കെടുക്കാൻ എനിക്ക് വയ്യ..ഇപ്പോൾ ഒരു മാറ്റം ഒക്കെയുണ്ട്, എന്നാലും അയാളുടെ സ്വഭാവം പൂർണമായും മാറിയെന്ന് എനിക്ക് തോന്നുന്നില്ല…”

രേവുവിനോട് അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും, പിന്നെ ഞാനും ശ്രദ്ധിച്ചിരുന്നു, പലപ്പോഴും വഴിയരികിൽ നിന്നും എനിക്ക് നേരെ നീളുന്ന ആ മിഴികൾ…ഞാൻ നോക്കുന്നില്ലെന്ന് തോന്നുമ്പോൾ മാത്രം എന്നെ തേടി വരുന്നവയെ…..

പക്ഷേ നേരെ കാണുമ്പോൾ ആള് നോക്കാറേയില്ല…അഥവാ കണ്മുൻപിൽ എപ്പോഴെങ്കിലും പെട്ടു പോയാൽ, ആ പഴയ പുച്ഛഭാവം തന്നെയായിരിക്കും മുഖത്ത്….

ഒരു ദിവസം, ഇന്ന് അനിരുദ്ധന്റെ പിറന്നാൾ ആണെന്ന് പറഞ്ഞ്, ഒരു ഗ്ലാസ് പായസം ദേവിയമ്മ എനിക്ക് നേരെ നീട്ടിയപ്പോൾ നിരസിക്കാൻ തോന്നിയില്ല…

അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ, എനിക്ക് അരികിലൂടെ കടന്നു പോയ ആളുടെ മുഖത്ത്, ആ സ്ഥായിയായ പുച്ഛഭാവം കണ്ടില്ല..പകരം നേർത്ത ഒരു ചിരി ഉള്ളതുപോലെ എനിക്ക് തോന്നി…

ദിവസങ്ങളും മാസങ്ങളും കടന്നുപോയി..ഞാൻ അവിടെ വന്നിട്ട് വർഷം രണ്ടാവാറായിരുന്നു…

ഒരു അമ്മയിൽ നിന്ന്, എനിക്ക് കിട്ടാത്ത സ്നേഹം മുഴുവനും, ദേവിയമ്മ എനിക്ക് തന്നു…

അരവിന്ദ് ഡോക്ടറും ഭാര്യയും കുഞ്ഞുങ്ങളും, ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് ഇപ്പോൾ..

ചെറിയച്ഛൻ, ഡോക്ടർ അരവിന്ദിന്റെ ഇളയ കുഞ്ഞിനെ, കളിപ്പിക്കുന്നത് കാണുമ്പോൾ എനിക്കെന്തോ ചിരിവരും…

ഞാൻ കളിയാക്കുകയാണെന്ന് മനസ്സിലായത് കൊണ്ടോ, എന്തോ അയാളുടെ മുഖത്ത് അപ്പോൾ കലിപ്പ് നിറയും..

ഉണ്ടക്കണ്ണി എന്ന് പിറുപിറുക്കുന്നത്  എപ്പോഴൊക്കെയോ ഞാൻ കേട്ടിട്ടുണ്ട്…

നേർക്കുനേരെ ഞങ്ങൾ സംസാരിക്കാറേയില്ല…

ഇനി അവനു,.ഒരു പെണ്ണ് ആലോചിക്കണമെന്ന്, ദേവിയമ്മ പറഞ്ഞപ്പോഴും  ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ..

“പേടിയായിരുന്നു മോളെ…പണ്ടൊക്കെ അവന് ഒരു പെണ്ണ് കെട്ടാൻ തോന്നരുതേയെന്നായിരുന്നു, ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത്..എന്നെ പോലെ,.ഒരു പെണ്ണിനെ കൂടി കാണാൻ വയ്യാതിരുന്നത് കൊണ്ട് …പക്ഷേ ഇപ്പോ…ഇപ്പോൾ,.എനിക്ക് ഉറപ്പാണ്, ഇനി എന്റെ കുഞ്ഞു പഴയതു പോലെ ആവില്ല…

ശബ്ദമിടറി..കണ്ണുകൾ നിറഞ്ഞെങ്കിലും അതിൽ സന്തോഷമായിരുന്നു…

അന്ന് സ്കൂൾ വിട്ട്, ഞാൻ ടൗണിലേക്ക് പോയി…കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു..രേവതി അന്ന് ലീവായിരുന്നു..കുറച്ചു വൈകുമെന്ന് ദേവി അമ്മയോട്,.ഞാൻ പറഞ്ഞിരുന്നു…

ടൗണിൽ നിന്നും തിരിക്കുമ്പോൾ, ഇരുട്ട് വീണു തുടങ്ങിയിരുന്നു….

വഴിയിൽവെച്ച് വണ്ടി ഓഫായതും, പരിഭ്രമത്തോടെയാണ് ഞാൻ ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തത്…

ഒരു നിമിഷം ആരെയാണ് വിളിക്കേണ്ടതെന്ന്  ഓർത്തു നിന്നു..

“ദേവിയമ്മേ, എന്റെ സ്കൂട്ടർ ഓഫായി..ഞാൻ വഴിയിലാണ്…ഇവിടെ വല്ലച്ചിറയുടെ അടുത്തുള്ള വളവിലാണ്..ദേവിയമ്മ അരവിന്ദ് ഡോക്ടറോട്, ഒന്ന് പറയാമോ..? “

ദേവിയമ്മയുടെ നമ്പർ ഡയൽ ചെയ്ത്, എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിനു മുമ്പ്, ഒറ്റശ്വാസത്തിൽ ഞാൻ കാര്യം പറഞ്ഞു..

പക്ഷേ അപ്പോഴേക്കും കോൾ കട്ട് ആയിരുന്നു…

ഇനി ആരെയാണ് വിളിക്കുക..എന്നോർത്ത് മൊബൈൽ കയ്യിൽ എടുക്കുമ്പോഴേക്കും ചാർജും തീർന്നു…

കുറച്ചുസമയം, ആ വഴി വക്കിൽ അങ്ങനെ നിന്നപ്പോഴേക്കും, എന്നെ ഭയം കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു…

വല്ലപ്പോഴും, ഒറ്റയ്ക്കും തെറ്റയ്ക്കും പോകുന്ന വണ്ടികളിൽ നിന്നുള്ളവർ,.എന്നെ തുറിച്ചുനോക്കിയെങ്കിലും ആരുമൊന്നു നിർത്താൻ കൂട്ടാക്കിയില്ല…

എതിരെവന്ന ബൈക്കിന്റെ വെളിച്ചം കണ്ണുകളിൽ അടിച്ചതും, ഞാൻ മുഖത്തേക്ക് കൈവെച്ച് മറച്ചു…

ആ ബൈക്ക് എന്റെ തൊട്ടരികിൽ കൊണ്ട് നിർത്തി…

അതിലെ ആളെ കണ്ടതും എന്റെ മനസ്സിൽ സങ്കടവും സന്തോഷവുമെല്ലാം നിറഞ്ഞു..

അനിരുദ്ധൻ…

“വെറുതെ മനുഷ്യനെ തീ തീറ്റിയ്ക്കാനായി..ആളെ മെനക്കെടുത്താനായി ഓരോ ഇടത്തേക്ക് ഒരുങ്ങി കെട്ടി ഇറങ്ങിക്കോളും.. “

തനിയ്ക്ക് തിന്നാൻ,.ദേവിയമ്മ തീയാണോ തരുന്നതെന്ന ചോദ്യം, നാവിൻതുമ്പിലോളം വന്നെങ്കിലും, അത് വിഴുങ്ങി, കവറുകൾ എടുത്ത് അയാളുടെ ബൈക്കിന് പിറകിൽ കയറി…

“എന്തായി നിങ്ങളുടെ കല്യാണാലോചനകൾ..? “

അപ്രതീക്ഷിതമായ എന്റെ ചോദ്യത്തിൽ ആളൊന്ന് ഞെട്ടിയെന്ന്, ഉറപ്പാണ്…എങ്കിലും ഒന്നും മിണ്ടിയില്ല..…

എനിക്ക് ചിരി വരുന്നുണ്ടായിരുന്നു…ഞാൻ പതിയെ വലതുകൈ എടുത്ത് ആ ചുമലിലേക്ക് വെച്ചു…

വണ്ടിയൊന്ന് പാളി…

“നീ എന്താടി ആളെ ഞെട്ടിക്കാൻ ഇറങ്ങിയതാണോ…?”

ഞാനൊന്നും മിണ്ടിയില്ല..

പെട്ടെന്നൊരു തോന്നലിൽ ആ ചുമലിലേക്ക് കവിളുകൾ ചേർത്തതും, അനിരുദ്ധൻ വണ്ടി ബ്രേക്കിട്ടു …

പേടിച്ചുപോയ ഞാൻ, അയാളുടെ ദേഹത്ത് ചുറ്റിപ്പിടിച്ചിരുന്നു….

എനിക്ക് ദേഷ്യമാണ് വന്നത്..

പിറകിൽ നിന്നും ഞാൻ ആ ഷർട്ടിന്റെ കോളർ കൂട്ടിപ്പിടിച്ചു….

“അതേയ് മനുഷ്യാ, കല്യാണം കഴിഞ്ഞു, പഴയ ആ പരട്ട സ്വഭാവമെങ്ങാൻ പുറത്തെടുത്താലുണ്ടല്ലോ, നിങ്ങടെ അമ്മയെപോലെ, എല്ലാം സഹിച്ചു കൂടെ താമസിക്കത്തൊന്നുമില്ല ഞാൻ..വല്ലതും എടുത്ത് തലമണ്ട അടിച്ചു പൊട്ടിക്കും…പറഞ്ഞേക്കാം…”

ആദ്യത്തെ നിശബ്ദതയ്ക്ക് ശേഷം ഒരു അടക്കിപ്പിടിച്ച ചിരി കേട്ടു…

ഇയാൾക്ക് ഇങ്ങനെ ചിരിക്കാൻ ഒക്കെ അറിയുമോ..?

“എന്നിട്ട്, നീ തന്നെ എന്നെ നോക്കുവോടി…?”

“അത് നിങ്ങളുടെ കയ്യിലിരിപ്പ് പോലിരിക്കുംപിന്നേയ് നിങ്ങടെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല ഈ കാ ലനെ തലയിലെടുത്തു വെയ്ക്കാൻ തീരുമാനിച്ചത്…എനിക്കെന്റെ ദേവിയമ്മയെ പിരിയാൻ വയ്യ.. “

“നീ എന്റെ കാ.ലനാവുമോ പെണ്ണെ..?”

“അതൊന്നും ഇപ്പോൾ പറയാൻ പറ്റൂല മോനെ അനിരുദ്ധ..വണ്ടി വിട്..വണ്ടി വിട്..”

എന്റെ ചുണ്ടിലും ചിരിയുണ്ടായിരുന്നു..

ചിരിയോടെ തന്നെ, അനിരുദ്ധൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു…ഞങ്ങൾ യാത്ര  തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ….

ചിലപ്പോൾ കാലം നമുക്കായി കാത്തു വെയ്ക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചിലരെയാവും…

~ സൂര്യകാന്തി ?