പ്ലസ്ടു പാതി പിന്നിട്ടപ്പോഴേക്കും കഥ ഏറെ കുറേ മാറി തുടങ്ങി…എബി വരയ്ക്കുന്ന ചിത്രങ്ങളോടുള്ള ഇഷ്ടം, പതിയെ അവനോടുള്ള പ്രണയമായി…

പുതു വസന്തം…

എഴുത്ത്: കർണൻ സൂര്യപുത്രൻ

=============

കൊട്ടും കുരവയും  ആൾക്കൂട്ടവുമൊന്നും ഇല്ലാതെ ആ  കൊച്ചു ക്ഷേത്രനടയിൽ  വച്ച് ഒരു താലിക്കെട്ട്..ശ്രീകോവിലിനുമുൻപിൽ കൈകൂപ്പി തൊഴുമ്പോൾ നന്ദനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ദൈവമേ…എന്തൊക്കെയാണ് നടക്കുന്നത്? ഇതാണോ  ഞാൻ സ്വപ്നം കണ്ട ജീവിതം?…എന്തിനാ  എന്നോടിങ്ങനെ…അവൾ വിഷ്ണുവിനെ നോക്കി. ഒന്നും സംഭവിക്കാത്തത് പോലെ അവൻ ഭക്തിയോടെ പ്രാർത്ഥിക്കുകയാണ്…..

പുറത്തിറങ്ങിയപ്പോൾ വിഷ്ണുവിന്റെ കൂട്ടുകാരായ പ്രജീഷും  ശരത്തും, അടുത്തേക്ക് വന്നു..

“ഇനി എങ്ങോട്ടാ?” പ്രജീഷ് ചോദിച്ചു

“വല്ലതും കഴിക്കണം…ഇവൾക്ക് വിശക്കുന്നുണ്ടാകും..അതിന് ശേഷം നേരെ വീട്ടിലേക്ക്..” കഴുത്തിലെ  മാല ഊരി ശരത്തിന്റെ കൈയിൽ കൊടുത്ത ശേഷം വിഷ്ണു പറഞ്ഞു..

“എനിക്ക് വിശപ്പില്ല വിച്ചൂ….” അവൾ  ഒഴിഞ്ഞു ശ്രമിച്ചു…

വിഷ്ണു , തിരിഞ്ഞു നിന്ന് അവളുടെ പൂമാല ഊരി, അതിന് ശേഷം തൂവാല കൊണ്ട് അവളുടെ മുഖത്തെ വിയർപ്പുകണങ്ങൾ ഒപ്പിയെടുത്തു..

“നിനക്ക് വേണ്ടെങ്കിൽ വേണ്ട…പക്ഷേ  വയറ്റിൽ ഒരു കുഞ്ഞു ജീവൻ  വളരുന്നുണ്ട്..അതിനെ കുറിച്ച് ചിന്തിക്കണം…എന്തെങ്കിലും കഴിച്ചേ തീരൂ..”

നന്ദന അവനെ തന്നെ നോക്കി. നിനക്ക് എങ്ങനെ കഴിയുന്നു വിച്ചൂ ഇതൊക്കെ? ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറാൻ നീ പണ്ടേ മിടുക്കനാണ്..പക്ഷെ ഇത്….

അമ്പലത്തിന്റെ കുറച്ച് അകലെയുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് എല്ലാരും പുറത്തിറങ്ങി..നന്ദന കാറിൽ കയറിഇരുന്നു…വിഷ്ണു കൂട്ടുകാരോട് സംസാരിക്കുകയാണ്..

“വിച്ചൂ…ഇനിയുള്ള കാര്യങ്ങൾ എങ്ങനാ? “

“ഇവളുടെ വീട്ടിൽ വിവരം അറിയിക്കണം..അമ്മാവന്മാർ പോലീസിൽ പരാതിപ്പെടും മുൻപ് തന്നെ…പിന്നെ എന്റെ വീട്ടിലെ കാര്യമല്ലേ, അത് എന്തെങ്കിലും ചെയ്യാം…”

“നന്ദനയുടെ വീട്ടിൽ വിവരമറിയിക്കുന്ന കാര്യം ഞാനേറ്റു..നീ അതാലോചിച്ചു ടെൻഷൻ അടിക്കേണ്ട.” ശരത്ത് പറഞ്ഞു..

“എന്നാൽ ഞങ്ങള് പോട്ടെ..” വിഷ്ണു  രണ്ടു പേരെയും നോക്കി..അവർ മുന്നോട്ട് വന്ന് അവനെ കെട്ടിപ്പിടിച്ചു..

“ഞങ്ങൾ പിന്നെ വീട്ടിലേക് വരാം…ഇപ്പോ നിന്റെ അച്ഛൻ ഞങ്ങളെ കണ്ടാൽ ശരിയാവില്ല….”

വിഷ്ണു  ചിരിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി, വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു…

നന്ദന കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരിക്കുകയാണ്…ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവൻ ഒന്നും മിണ്ടിയില്ല…പക്ഷെ അവളുടെ മനസ്സിൽ ഒരു കടൽ ആർത്തിരമ്പുകയായിരുന്നു…ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആണിത്….വിച്ചുവിനെ വിവാഹം കഴിക്കുക!!അതും വേറൊരാളുടെ  കുഞ്ഞിനെ വയറ്റിൽ ചുമന്നു കൊണ്ട്..അവൾക്ക് ആത്മനിന്ദ തോന്നി…

സ്കൂളിൽ തുടങ്ങിയ സൗഹൃദം ആണ് വിച്ചുവുമായി..ഒരിക്കൽ പോലും അവനെ ഈ  സ്ഥാനത്തു കണ്ടിട്ടില്ല..അവനും അങ്ങനെ തന്നെ….സുഖദുഖങ്ങളിൽ  നിഴൽപോലെ കൂടെ ഉണ്ടായിരുന്നു….ഇന്ന് അവൻ സ്വന്തം ജീവിതം തന്നെ ത്യാഗം ചെയ്തു…തനിക്കു വേണ്ടി…പിന്നെ ആത്മസുഹൃത്ത് എബിക്ക്‌ വേണ്ടി..

എബി…ആ  മുഖമോർമ്മയിൽ തെളിഞ്ഞപ്പോൾ നന്ദനയുടെ ഹൃദയത്തിൽ നിന്നും ഒരു നിലവിളി ഉയർന്നു…കരച്ചിൽ കടിച്ചു പിടിച്ചതിനാൽ  വികൃതമായ മുഖം വിഷ്ണു കാണാതിരിക്കാൻ അവൾ  തല ചെരിച്ചു പിടിച്ചു….

************

എട്ടാം ക്ലാസ്സ്‌ മുതൽ  വിഷ്ണു നന്ദനയുടെ കൂടെ ഉണ്ട്‌…ക്‌ളാസിലെ ഏറ്റവും  വികൃതിയായ ആൺകുട്ടിയും ഏറ്റവും നന്നായി പഠിക്കുന്ന പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം…അവൾ എന്ത് പറഞ്ഞാലും അവൻ അനുസരിക്കും, പഠിക്കുന്ന കാര്യമൊഴിച്ച്…

“എത്ര വായിച്ചാലും എന്റെ തലേൽ കേറൂല്ലെടീ…നീ  നിർബന്ധിക്കണ്ട..” അതോടെ  അവൾ ഉപദേശം നിർത്തി…

വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണ്..ലോറി ഡ്രൈവർ ആയ അച്ഛൻ സഹദേവൻ   കുടുംബക്കാരെല്ലാം നിർബന്ധിച്ചിട്ട് വേറെ കല്യാണം കഴിച്ചു…ശാരദാമ്മ , വിഷ്ണുവിനെ സ്വന്തം മകനെ പോലെ സ്നേഹിച്ചു..അവൻ തിരിച്ചും…പരുക്കനും മുൻകോപിയുമായ അച്ഛനെ അവനെന്നും ഭയമായിരുന്നു…..

*************

നന്ദനയുടെ കഠിന പരിശ്രമവും അത്യാവശ്യം ശിക്ഷാ നടപടികളും ഫലം കണ്ടതിനാൽ  പത്താം ക്ലാസ്സിൽ വിഷ്ണുവിന് നല്ല മാർക്ക് കിട്ടിയിരുന്നു…

പ്ലസ് വണ്ണിന് ചേർന്ന ആദ്യത്തെ ദിവസം…നന്ദനയും  വിഷ്ണുവും  ഒരേ ക്‌ളാസിൽ തന്നെ ആയിരുന്നു…ഡെസ്കിൽ ബ്ലേഡ് കൊണ്ട് ചുരണ്ടി , തന്റെ പേര് എഴുതി വച്ചുകൊണ്ടിരിക്കവേ എന്തിനോ മുഖം ഉയർത്തി നോക്കിയ വിഷ്ണു കണ്ടത്  നന്നേ മെലിഞ്ഞ, കണ്ണുകളിൽ പരിഭ്രമവുമായി  എല്ലാരേയും നോക്കുന്ന ഒരു കുട്ടിയെ ആണ്….എവിടെയാ ഇരിക്കേണ്ടത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് അവൻ….

“ഡാ…ഇങ്ങോട്ട് വാ..” വിഷ്ണു കൈകാട്ടി വിളിച്ചു…അവൻ മെല്ലെ അങ്ങോട്ട് വന്നു..

“ഈ ക്ലാസ്സിൽ ആണോ?”. ഗൗരവത്തിൽ  വിഷ്ണു ചോദിച്ചു..

“അതേ..”

“ഇവിടെ ഇരിക്കുന്നോ?”

ആ കുട്ടി ഒന്ന് നോക്കി…ഏറ്റവും പിറകിലെ ബഞ്ച് ആണ്…അജാനുബാഹുക്കൾ ആയ മൂന്ന് പേർ അവിടുണ്ട്…..അവൻ ഒന്ന് മടിച്ചു..

“ഇരിക്കുന്നേൽ ഇരിക്കെടേ…അല്ലേൽ ആ പെൺപിള്ളേരുടെ നടുക്ക് പോയിരിക്ക്..” ശബ്ദം ഉയർത്തി വിഷ്ണു പറഞ്ഞതും അവന്റെ തലയിൽ എന്തോ വന്നു വീണതും ഒരുമിച്ചു ആയിരുന്നു…വിഷ്ണു ഒന്ന് ഞെട്ടി..പേന കൊണ്ട് ആരോ എറിഞ്ഞതാണ് …അവൻ ചുറ്റും നോക്കി…ശാസന നിറഞ്ഞ നോട്ടത്തോടെ നന്ദന…

“എന്താടീ??” അവൻ കണ്ണുരുട്ടി..

“നീയാരാ ഗുണ്ടയോ? നീങ്ങി ഇരുന്നു കൊടുക്കെടാ…” അവൾ അജ്ഞാപിച്ചു…വിഷ്ണു മെല്ലെ നീങ്ങി..ആ കുട്ടി അടുത്തിരുന്നു. അതിന് ശേഷം നന്ദിയോടെ അവളെ നോക്കി…അവൾ ഒന്ന് പുഞ്ചിരിച്ചു..

“എന്താ നിന്റെ പേര്?” വിഷ്ണു ചോദിച്ചു..

“എബി..” പതിഞ്ഞ സ്വരത്തിൽ മറുപടി.

“ഞാൻ വിഷ്ണു…”

അതൊരു തുടക്കം ആയിരുന്നു…ഒരു സൗഹൃദത്തിന്റെ തുടക്കം..ഇടവേളകളിൽ  നന്ദനയും വിഷ്ണുവും എബിയും ഒന്നിച്ചേ ഉണ്ടാകാറുള്ളൂ..മറ്റു കുട്ടികൾക്ക് അസൂയ തോന്നാറുണ്ട്…..

“ഒരു പിണ്ണാക്കും മനസ്സിലാകുന്നില്ല..നീ ഒരുത്തി കാരണമാ ഞാൻ സയൻസ് എടുത്തേ…ഹ്യുമാനിറ്റീസിൽ നല്ല പെൺപിള്ളേരെങ്കിലും ഉണ്ടായിരുന്നു..”

ഒരു ദിവസം ഉച്ചയ്ക്ക് വിഷ്ണു പരാതി പറഞ്ഞു..ഭക്ഷണം കഴിക്കാൻ ഗ്രൗണ്ടിനരികിലെ മരച്ചുവട്ടിൽ വട്ടമിട്ട് ഇരിക്കുകയായിരുന്നു മൂവരും…

“ക്ലാസ്സെടുക്കുമ്പോൾ ഇരുന്ന് ഉറങ്ങിയാൽ നിനക്കെന്ത് മനസ്സിലാവാനാ? പഠിക്കാൻ വന്നാൽ പഠിക്കണം…” അവൾ ലഞ്ച് ബോക്സ്‌ തുറന്നു. എന്നിട്ട് എബിയെ നോക്കി..

“എബീ…നീ ഇവന്റെ അടുത്തിരുന്ന് ഉഴപ്പരുത്..നല്ലോണം പഠിക്കണം…കേട്ടല്ലോ..?”   എബി തലയാട്ടി..

മൂവർക്കും പരസ്പരം എല്ലാം അറിയാം…ഒരു വലിയ തറവാട്ടിലെ കണ്ണിയാണ് നന്ദന…നാല് അമ്മാവന്മാരും അവരുടെ ഭാര്യമാരും മക്കളും ഒക്കെയുള്ള കുടുംബം…അവിടെയാണ് നന്ദനയും അമ്മയും താമസിക്കുന്നത്…അച്ഛനെ കുറിച്ചുള്ള ഓർമപോലും അവൾക്ക് ഇല്ല…എന്ത്‌ ചെയ്താലും കുറ്റം മാത്രം കണ്ടു പിടിക്കുന്ന അമ്മായിമാരും, അവരുടെ വാക്ക് കേട്ട് കലി തുള്ളുന്ന അമ്മാവന്മാരും, ആ വീട് ഒരു നരകമാണവൾക്ക്…പഠിച്ച് നല്ലോരു ജോലി വാങ്ങി, അമ്മയെയും കൊണ്ട് അവിടുന്നു രക്ഷപ്പെടണം…അതാണ്‌ അവളുടെ സ്വപ്നം….

എബി ഒരു അനാഥനാണ്…എവിടെയോ ആർക്കോ ജനിച്ചു…ഒരു ഓർഫനേജിൽ ആണ് വളർന്നത്…ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് പഠിക്കുന്നു…അധികം സംസാരിക്കാത്ത പ്രകൃതം…നന്നായി ചിത്രം വരയ്ക്കും..ഇവിടെ വരുന്നത് വരെ ഏകാന്തതയെ സ്നേഹിച്ചവൻ..പക്ഷേ  വിഷ്‌ണുവും നന്ദനയും അവനെ തനിച്ചാക്കിയില്ല…എപ്പോഴും കൂടെ തന്നെ  നിന്നു…വിഷ്ണുവിന് വലിയ ലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നു…ഡ്രൈവർ ആകണം…സ്വന്തമായി ഒരു ടൂറിസ്റ്റ് ബസ്…അതായിരുന്നു അവന്റെ ആഗ്രഹം…..

പ്ലസ്ടു പാതി പിന്നിട്ടപ്പോഴേക്കും കഥ ഏറെ കുറേ മാറി തുടങ്ങി…എബി വരയ്ക്കുന്ന ചിത്രങ്ങളോടുള്ള ഇഷ്ടം, പതിയെ അവനോടുള്ള പ്രണയമായി മാറുന്നത്  നന്ദന അറിഞ്ഞു….അത് അവൾ വിഷ്ണുവിനോട് മറച്ചു വച്ചില്ല..

“എടീ…നീ കാര്യമായിട്ടാണോ?”

“അതെ…നിന്റെ അഭിപ്രായം എന്താ?”

“അവൻ നല്ലവനാ…പാവം…സ്നേഹം ഇന്നേവരെ കിട്ടിയിട്ടില്ല…നീ കൂടെ ഉണ്ടെങ്കിൽ ഇനിയുള്ള ജീവിതം സന്തോഷമായിരിക്കും..പക്ഷെ അതൊന്നുമല്ല പ്രശ്നം…”

നന്ദന വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി

“നിങ്ങള് രണ്ടും രണ്ടു മതത്തിൽ പെട്ടവരാ…നിന്റെ വീട്ടുകാർ പ്രശ്നമാക്കും..”

“വിച്ചൂ…അതൊക്കെ പിന്നീടുള്ള കാര്യമല്ലേ? അപ്പൊ നോക്കാം.. നിനക്ക് എതിർപ്പുണ്ടോ?”

“എന്തിന്? എനിക്ക് സന്തോഷമേ ഉള്ളൂ…നീ അവനോട് പറഞ്ഞോ?”

“ഏയ്‌ ഇല്ല..എനിക്ക് വയ്യെടാ…നീ ഒന്ന് പറ..”.

സുവോളജി ലാബിൽ വച്ച് വിഷ്ണു എബിയോട് കാര്യം പറഞ്ഞു..അവന്റെ ശരീരം മൊത്തം വിറക്കുന്നത് കണ്ട് വിഷ്ണുവിന് ചിരി വന്നു…

“നീയെന്താടാ ഇങ്ങനെ?”

“എനിക്ക് പേടിയാ…”

“എന്തിനാ? പ്രേമിക്കാനോ?”

“അതല്ല…ഞാനാരെ സ്നേഹിച്ചാലും എനിക്ക് അവരെ നഷ്ടപ്പെടും…”

അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ വിഷ്ണുവിന് സങ്കടമായി. അവൻ എബിയുടെ തോളിലൂടെ കൈ ഇട്ടു..

“ഞാനും അവളും നിനക്ക് നഷ്ടപ്പെടില്ല..ഇതെന്റെ വാക്കാണ്…പോരേ?”

************

വെറുമൊരു കൗമാര പ്രണയത്തിൽ തുടങ്ങിയതാണെങ്കിലും പിന്നെ അതങ്ങ് ദൃഡമായി…കോളേജ് പഠനകാലത്തും സൗഹൃദവും ഒപ്പം രണ്ടുപേരുടെ പ്രണയവും വളർന്നു..പഠിത്തം കഴിഞ്ഞു തത്കാലത്തേക്ക് പല ഭാഗങ്ങളിലേക്ക് ചിതറേണ്ടി വന്നെങ്കിലും അവരുടെ സ്നേഹത്തിന് കുറവുകൾ വന്നില്ല…

വർഷങ്ങൾ പിന്നെയും കടന്നു പോയി….നന്ദന ടീച്ചറും, എബി പ്രൈവറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ആയി..വിഷ്ണുവിന്റെ ആഗ്രഹം പോലെ ഡ്രൈവർ ആയി..പക്ഷെ ദുബായിൽ ഒരു കമ്പനിയിൽ ആണെന്ന് മാത്രം…ദിവസവും  പല തവണ അവൻ രണ്ടുപേരെയും വിളിക്കും…ലീവിന് വരുമ്പോൾ മൂവരും ഒത്തു കൂടും….

സന്തോഷത്തിന്റെ നാളുകൾക്ക് മേൽ വിധി ക്രൂ രത കാട്ടിയത് പെട്ടെന്നായിരുന്നു….ഒരു മഴക്കാലത്ത് ബാങ്കിൽ നിന്നും തിരിച്ചു തന്റെ ബൈക്കിൽ പോകുകയായിരുന്നു എബി…വെള്ളം കെട്ടി കിടന്ന ഗട്ടർ ശ്രദ്ധയിൽ പെട്ടില്ല..ബൈക്കിൽ നിന്ന് തെറിച്ചു വീണ അവന്റെ മുകളിലൂടെ പിന്നാലെ വന്ന ബസ് കയറി ഇറങ്ങി…..

***************

സെമിത്തേരിയിൽ എബിയുടെ കല്ലറയ്ക്ക് മുൻപിൽ നിർവികാരതയോടെ നോക്കി നില്കുകയായിരുന്നു നന്ദന….

“നന്ദൂ…” പിന്നിൽ നിന്നും സ്നേഹത്തോടെ ഉള്ള വിളി..അവൾ  തിരിഞ്ഞു നോക്കിയില്ല. അവൾക്കറിയാമായിരുന്നു അത് ആരാണെന്ന്…

“ഇപ്പോഴാണോ വിച്ചൂ വരുന്നേ? നാളുകൾ കുറച്ച് ആയി..”

വിഷ്ണു അവളോട് ചേർന്നു നിന്നു..

“എന്ത് ചെയ്യാനാടീ…കമ്പനി ലീവ് തരണ്ടേ..നമ്മുടെ നാട് അല്ലല്ലോ..ഇത് തന്നെ കുറേ പ്രശ്നം ഉണ്ടാക്കിയിട്ടാ കിട്ടിയേ…”

അവൾ കല്ലറയെ തന്നെ നോക്കി നിന്നു..

“വിച്ചൂ…ഞാൻ പ്രഗ്നന്റ് ആണ്..”

അവൻ ഞെട്ടലോടെ അവളെ നോക്കി…

“നീയെന്താ പറഞ്ഞത്?”

“എന്റെയും അവന്റെയും സമ്പാദ്യമൊക്കെ ചേർത്ത് ഒരു വീട് വാങ്ങാൻ പ്ലാൻ ഇട്ടിരുന്നു..അതിന് ശേഷം അമ്മയെ അങ്ങോട്ട് കൂട്ടണം, പിന്നെ നീ  വന്നതിനു ശേഷം കല്യാണം..നാട്ടിൽ തന്നെ നിന്റെ ആഗ്രഹം പോലെ ഒരു ടൂറിസ്റ്റ് ബസ്…നിന്റെ വിവാഹം..പഴയത് പോലെ നമ്മള് ഒന്നിച്ചു ജീവിക്കണം..ഇതൊക്കെ ആയിരുന്നു അവന്റെ സ്വപ്നം..”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“എപ്പോഴും പറയുമായിരുന്നു, വിച്ചുവിനെ പോലെ കുസൃതി ആയ ഒരു ആൺകുഞ്ഞിനെ അവനു വേണമെന്ന്…പിന്നെ പഠിക്കാൻ മിടുക്കി ആയ ഒരു പെൺകുഞ്ഞിനേയും…അവന്റെ ആഗ്രഹം പോലെ ഒരു ജീവൻ എന്റെ ഉദരത്തിൽ വളരുന്നത് അറിഞ്ഞിരുന്നെങ്കിൽ മനസ്സമാധാനത്തോടെ, സന്തോഷത്തോടെ  അവൻ മരിച്ചേനെ..ആ ഒരു ദയവു പോലും ദൈവം കാട്ടിയില്ല….”

കല്ലറയ്ക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്ന് പൊട്ടിക്കരയുന്ന നന്ദനയെ  എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷ്ണു തരിച്ചു നിന്നു….

**************

“നന്ദൂ…സ്ഥലം എത്തി…” വിഷ്ണുവിന്റെ സ്വരം കേട്ടപ്പോൾ, അവൾ ഞെട്ടി, ചുറ്റും നോക്കി…അതെ, ശരിയാണ്…അവന്റെ വീട്…

അച്ഛൻ ഇല്ലാത്ത സമയം നോക്കി പലതവണ പണ്ട് ഇവിടെ വന്നിട്ടുണ്ട്. ശാരദാമ്മ ഉണ്ടാക്കുന്ന ഏലക്കായുടെ സുഗന്ധമുള്ള  അട  അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു….ഇന്ന്, നിലവിളക്കുമെടുത്ത് സ്വീകരിക്കാൻ അവർ ഇല്ല…രണ്ടു വർഷങ്ങൾക്ക് മുൻപ് അവരും ഓർമയായി…അല്ലെങ്കിലും അതങ്ങനെ ആണ്…എന്നും കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നവരായിരിക്കും പെട്ടെന്ന് മാഞ്ഞു പോവുക….

“ആഹാ…അഞ്ഞൂറാൻ മുതലാളി  ഇവിടുത്തന്നെ ഉണ്ടല്ലോ…” പൂമുഖത്തേക്ക് നോക്കി വിഷ്ണു പറഞ്ഞു.

ചാരുകസേരയിൽ കണ്ണുമടച്ചു കിടക്കുന്ന സഹദേവനെ കണ്ടപ്പോൾ നന്ദനയുടെ മനസ്സിൽ  വെള്ളിടി വെട്ടി…എന്തായിരിക്കും പ്രതികരണം??

“എടീ, നീ ഈ മാല എടുത്ത്  ഇട്ടേ…എന്നിട്ട് ഇറങ്ങ്…ഇത്രയൊക്കെ നമ്മൾ നേരിട്ടില്ലേ…ഇതും അങ്ങനെ തന്നെ…”

നന്ദന ദയനീയമായി അവനെ നോക്കി..ഒടുവിൽ വിഷ്ണു തന്നെ മാല അവളുടെ കഴുത്തിൽ  ഇട്ടു…

“നന്ദൂ…പതറരുത്…എന്ത് സംഭവിച്ചാലും ഞാനുണ്ട് കൂടെ..വാ ഇറങ്ങ്…”

അവർ പുറത്തിറങ്ങി..കണ്ണ് തുറന്ന് നോക്കിയ സഹദേവൻ കണ്ടത്  വിഷ്ണുവിന്റെ കൂടെ കഴുത്തിൽ മാലയും ഇട്ട് തല കുനിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ്…കാര്യം മനസ്സിലായതും ആ മുഖം ഇരുണ്ടു…വിഷ്ണു അവളുടെ കയ്യും പിടിച്ചു പൂമുഖത്തേക്ക് കയറി..

“അച്ഛാ, ഇത് നന്ദന…എന്റെ കൂടെ പഠിച്ച കുട്ടി ആണ്…വിവാഹം കഴിഞ്ഞു…ക്ഷമിക്കണം…”.. അവൻ പറഞ്ഞൊപ്പിച്ചു… അച്ഛനോട് പറയാൻ മനസ്സിൽ കരുതി വച്ചതൊന്നും പുറത്തേക്ക് വന്നില്ല…ഇന്നും അച്ഛന്റെ മുന്നിൽ നിൽകുമ്പോൾ അവൻ കൊച്ചു കുട്ടിയാകും…

സഹദേവൻ അവനെയും നന്ദനയെയും മാറി മാറി നോക്കി..പിന്നെ വെട്ടിത്തിരിഞ്ഞു അകത്തേക്ക് കയറിപ്പോയി…മുറിയുടെ വാതിൽ അടയ്‌ക്കുന്ന ശബ്ദത്തിൽ വീടു മുഴുവൻ കുലുങ്ങി…

വിഷ്ണു ഒരു ദീർഘനിശ്വാസം വിട്ടു…

“ഒരു അടി പ്രതീക്ഷിച്ചതാ…രക്ഷപെട്ടു…”

അവൻ അവളുടെ കൈ പിടിച്ചു…അവൾ തലയും കുനിച്ചു നിൽപ്പാണ്..

“വാ…അകത്തേക്ക് സ്വീകരിക്കാൻ ആരുമില്ല…ജീവിതം ജീവിച്ചു തന്നെ തീർക്കണം…ഇതാ  ഇനി നിന്റെ വീട്…”

അവളെയും കൊണ്ട്  വിഷ്ണു അകത്തു കയറി…മുറിയിലെത്തിയപ്പോൾ ഒരു ബാഗ് എടുത്ത് അവൻ  കട്ടിലിൽ വച്ചു..

“നിനക്കുള്ള കുറച്ചു ഡ്രസ്സ്‌ ആണ്. ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ…ഞാനെന്തേലും കഴിക്കാൻ കിട്ടുമോന്ന് നോക്കട്ടെ…”

വാതിൽ ചാരി അവൻ പുറത്തിറങ്ങി…കുറച്ചു നേരം അങ്ങനെ തന്നെ നിന്ന ശേഷം നന്ദന ബാഗ് തുറന്നു…ആദ്യം കണ്ട നൈറ്റിയും ടവലും എടുത്ത് ബാത്‌റൂമിൽ കയറി…ഷവറിനു കീഴെ നിൽകുമ്പോൾ അവൾക്കു തണുപ്പ് അനുഭവപ്പെട്ടില്ല…അകവും പുറവും വെന്തുരുകുന്ന ചൂട്….വെള്ളത്തിന്റെ സ്പീഡ് പരമാവധി കൂട്ടി അവൾ പൊട്ടിക്കരഞ്ഞു…മതിവരുവോളം….

*************

ഏതോ ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയ ഭക്ഷണം മേശമേൽ നിരത്തി വച്ചിട്ടുണ്ട്…

“വിച്ചൂ…നിന്റെ അച്ഛനെ വിളിക്കണ്ടേ?”

“നീ കഴിച്ചോ…ഇപ്പൊ വിളിക്കാൻ പോയാൽ പണി കിട്ടും…ഒന്ന് അടങ്ങട്ടെ…”

“അപ്പൊ ഒന്നും കഴിക്കാതെ ആണോ അച്ഛൻ ഉറങ്ങുക?”

“മൂപ്പര് രാത്രി കാര്യമായി ഒന്നും കഴിക്കാറില്ല…ഒരു ഗ്ലാസ്‌ പാൽ കുടിക്കും..അത് ഞാൻ ചൂടാക്കി ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട്…നീ മിണ്ടാതെ വല്ലതും  തിന്ന്..”

പത്രങ്ങളെല്ലാം കഴുകി വച്ച് മേശയും തുടച്ച ശേഷം  നന്ദന, സഹദേവന്റെ മുറിക്കു നേരെ നോക്കി..വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു…അവൾക്ക് കുറ്റബോധം തോന്നി…സ്വന്തം മകന്റെ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കും…താൻ കാരണം അത് നശിച്ചു…..

മുറിയിലേക്ക് ചെന്നപ്പോൾ വിഷ്ണു കട്ടിലിൽ ഇരുന്ന് ആരോടോ വീഡിയോ കാൾ ചെയ്യുകയാണ്..അപ്പുറത്ത് നിന്നും മനോഹരമായ  ഒരു സ്ത്രീശബ്ദം നന്ദന കേട്ടു..

“ഐ വാണ്ട്‌ സീ ഹെർ….”

വിഷ്‌ണു ഒന്ന് പരുങ്ങി..എന്നിട്ട് നന്ദനയെ അടുത്തേക്ക് വിളിച്ചു…അവൾ അവന്റെ അടുത്ത് ഇരുന്നു…സ്‌ക്രീനിൽ വെള്ളാരം കണ്ണുകൾ  ഉള്ള ഒരു സുന്ദരി….

“വോവ്…ഗോർജിയസ്…..”..ആ കണ്ണുകളിൽ അസൂയ പ്രകടമാവുന്നത് നന്ദന കണ്ടു..

“യൂ ആർ ലക്കി..ഹി ഈസ്‌ എ ഗുഡ് മാൻ..എനിവെയ്…ഐ ഡോണ്ട് വാണ്ട് സ്പോയിൽ യുവർ നൈറ്റ്‌…ബെസ്റ്റ് വിഷസ്.. “

കാൾ കട്ട് ആയി…ഫോണും പിടിച്ചു കുറച്ചു നേരം നോക്കി നിന്ന ശേഷം  വിഷ്ണു ബെഡിലേക്ക് മലർന്നു കിടന്നു…

“നിങ്ങള് തമ്മിൽ  ഇഷ്ടത്തിലായിരുന്നു, അല്ലേ വിച്ചൂ…”

“അങ്ങനൊന്നും ഇല്ലെടീ…”

“നീ കള്ളം പറയണ്ട…”

“നന്ദൂ…നീ  ഉറങ്ങാൻ നോക്ക്…” അവൻ കട്ടിലിന്റെ അറ്റത്തേക്ക് നീങ്ങി കിടന്നു..

“പായും തലയിണയും എടുത്ത് താഴെ കിടക്കാനൊന്നും എന്നെ കൊണ്ട് പറ്റൂല..നിന്നെയും വിടില്ല..ഈ കട്ടിലിൽ ഒരുപാട് സ്ഥലമുണ്ട്..ഉറങ്ങ് പെണ്ണേ…”

അവൻ കണ്ണുകൾക്ക് മേലെ കൈ കൊണ്ട് മറച്ചു പിടിച്ചു..നന്ദന കട്ടിലിൽ കിടന്ന് അവനു  നേരെ തിരിഞ്ഞു…എന്നിട്ട് അവന്റെ മുഖം തനിക്ക് അഭിമുഖമായി തിരിച്ചു…

“വിഷയം മാറ്റല്ലേ വിച്ചൂ…ചോദിച്ചതിന് മറുപടി പറ…”

കുറച്ചു നേരം  മൗനം…

“ഇസബെൽ…അതാ അവളുടെ പേര്..സ്വീഡൻകാരി ആണ്..എന്റെ കമ്പനിയിൽ തന്നാ ജോലി…പലപ്പോഴും ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യാറുണ്ട്…അങ്ങനെപ്പോഴോ മനസ്സിൽ  തോന്നിയൊരു ഇഷ്ടം…അത്രേ ഉള്ളൂ..”

അത് കള്ളമാണെന്ന് നന്ദനക്ക് മനസ്സിലായി..ആ പെൺകുട്ടിയിൽ കണ്ട നഷ്ടബോധം അതിന് തെളിവാണ്…

“എന്തിനാ വിച്ചൂ…എനിക്ക് വേണ്ടി നിന്റെ ജീവിതം നശിപ്പിച്ചത്? “

മിഴിനീരണിഞ്ഞ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു,

“നിന്നെക്കാൾ വലുതല്ല നന്ദൂ എനിക്ക് ഒന്നും…നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഈ ലൈഫ് കൊണ്ട് ഒരുഉപയോഗവും ഇല്ലാതാവും….”

അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ്‌ ചെയ്തു..പുതപ്പെടുത്ത് അവളുടെ കഴുത്തു വരെ പുതപ്പിച്ചു..എന്നിട്ട് പോയി കിടന്നു…

“നന്ദൂ…”

“ഉം..”

“നിന്റെ വീട്ടിൽ വിവരമറിയിച്ചിട്ടുണ്ട്..”

“എന്നിട്ടോ?”

“പ്രത്യേകിച്ചിട്ട് ഒന്നുമില്ല,.അമ്മാവന്മാർ കുറേ ഉറഞ്ഞു തുള്ളി…നിന്നേം എന്നേം കൊല്ലും എന്നൊക്കെ പറഞ്ഞു…കുറേ കേട്ടു നിന്നപ്പോൾ ശരത്തിന്റെ കൺട്രോൾ പോയി…ഇവിടേക്ക് വരികയോ നമ്മളെ തൊടുകയോ ചെയ്‌താൽ  എല്ലാത്തിനെയും വീടിനകത്തിട്ട് കത്തിക്കുമെന്ന് അവൻ പറഞ്ഞു…അതോടെ ഒന്നടങ്ങി..നീ മരിച്ചെന്നു വിചാരിച്ചോളാമെന്നായി അവസാനം…”

“അമ്മയോ?”

“ശരത്തും അവന്റെ കൂട്ടുകാരും തിരിച്ചു വരാൻ നേരം പിന്നാമ്പുറത്തൂടെ  അമ്മ ഓടി റോഡിലേക്ക് വന്നു. നിന്നോട് ശരീരം ശ്രദ്ധിക്കാനും സമയത്ത് ഭക്ഷണം കഴിക്കാനുമൊക്കെ പറഞ്ഞു….വിളിക്കാൻ ഫോൺ ഇല്ലത്രേ..നീ വാങ്ങിക്കൊടുത്ത ഫോൺ വലിയമ്മായി എടുത്തു പോലും…നമുക്ക് നല്ലതേ വരൂ എന്ന് പറഞ്ഞു കരഞ്ഞോണ്ട് തിരിച്ചു പോയി..”

നന്ദന മെല്ലെ തിരിഞ്ഞു കിടന്നു…ചങ്കു പൊട്ടിയുള്ള കരച്ചിൽ പുറത്ത് വരാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു…അമ്മയെ ആ നരകത്തിൽ നിന്നും രക്ഷിക്കണമെന്ന് വിചാരിച്ചതാ…ഇനി തന്റെ പേരും പറഞ്ഞുള്ള പീ ഡനം ആയിരിക്കും…എബിയുടെ കാര്യം അമ്മയ്ക്ക് അറിയാം..അവൻ മരിച്ചതും അവന്റെ കുഞ്ഞ് വയറ്റിൽ വളരുന്നതും  എല്ലാം…

“നിന്റെ മാമന്മാർ അറിയും മുൻപ് നമുക്ക് ഒന്നിച്ചു മരിക്കാം…അതാ നല്ലത്…ഇനി അനുഭവിക്കാൻ എനിക്ക് വയ്യ…”

പത്തായപ്പുരയിൽ തന്നെയും കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞ വാക്കുകൾ ഇപ്പഴും ഓർമ ഉണ്ട്‌…പിന്നെ ആലോചിച്ചു, എന്തിനാ  അമ്മ മരിക്കുന്നെ? അങ്ങനെയാണ് റയിൽവേ ട്രാക്കിന് അരികിൽ എത്തിയത്…നീതി തരാത്ത ദൈവത്തോടുള്ള പ്രതിഷേധമായി  മരണത്തിലേക്കുള്ള ചുവടു വയ്പ്പിന് ഏതാനും നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…ദൂരെ നിന്നു ചൂളം വിളിച്ചു വരുന്ന ട്രെയിൻ കാണാം..പതിയെ പാളത്തോട് അടുത്തപ്പോഴാണ് പേഴ്സിൽ നിന്നും ഫോൺ അടിച്ചത്…വീണ്ടും വീണ്ടും അടിച്ചപ്പോൾ എടുത്തു..വിഷ്ണു ആണ്…

“എടീ നീ എവിടാ?” പരിഭ്രമത്തോടെ ഉള്ള ശബ്ദം…

“എന്താ വിച്ചൂ…”?

“സത്യം പറ…നീ എവിടാ?”

“ഞാൻ…ഞാനിങ്ങ് വേറൊരാവിശ്യത്തിന്…”

“എടീ പു ല്ലേ…കളിക്കല്ലേ…പറയെടീ…നീ ഇപ്പൊ എവിടാ?? എന്റെ മനസ്സ് വല്ലാതെ പിടക്കുന്നു…നീ എന്തോ വേണ്ടാത്തത് ചെയ്യുകയാണോ  എന്നൊരു തോന്നൽ..അതാ വിളിച്ചേ…സത്യം പറ…”

ഭൂമി കുലുക്കി കൊണ്ട് ട്രെയിൻ കടന്നു പോയി…..

“വിച്ചൂ…സോറി…”

“ഓ..അപ്പൊ ഞാനൊക്കെ നിനക്ക് അത്രേ ഉള്ളൂ അല്ലേ…എന്നെ തനിച്ചാക്കി പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ നിനക്ക് എങ്ങനെ തോന്നിയെടീ…”

അവൾ കരഞ്ഞതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…

“നന്ദൂ…എത്രയും പെട്ടെന്ന് നമ്മുടെ സ്കൂളിന് മുന്പിലെ ഗ്രൗണ്ടിലേക്ക് നീ വാ..ഞാൻ  അവിടെ എത്തും…” അവൻ ഫോൺ വച്ചു…

*************

ഗ്രൗണ്ടിന്റെ ഒരു വശത്ത് കിണറും വാട്ടർടാങ്കും ആണ്…അതിനടുത്ത് തന്നെയാണ്  പ്ലസ്ടു ഡിപ്പാർട്മെന്റ്…അവധി ദിവസം ആയതിനാൽ ആരും ഇല്ല…കിണറിനോട് ചേർന്ന ഉപയോഗ ശൂന്യമായ കാറ്റാടി യന്ത്രത്തിന്റെ പങ്കകൾ  തിരിയുമ്പോൾ ഉണ്ടാകുന്ന ശബ്ദം മാത്രം…സൂര്യൻ അസ്‌തമിച്ചുകൊണ്ടിരിക്കുകയാണ്…അവൾ ഓർമ്മകൾ നിറഞ്ഞ ക്ലാസ്സ്‌ മുറിയുടെ അടഞ്ഞ വാതിൽക്കൽ വെറുതെ  നിന്നു…വർഷങ്ങൾ പിറകോട്ട് ഓടി…മാത്‍സ് നോട്ടിന്റെ പിറകിൽ തന്റെ ചിത്രം വരയ്ക്കുന്ന എബി…ഇംഗ്ലീഷ് ടീച്ചർ സ്വപ്ന മിസ്സിന്റെ പാദസരത്തിന്റെ ശബ്ദം വരാന്തയിലൂടെ അടുത്ത് വരുന്നു…അത് കേട്ട് നേർത്ത പുഞ്ചിരിയോടെ വിഷ്ണു പാടുന്നു…

“അലസ മനോജ്ഞമവൾ  വരുമ്പോൾ….

…..വെള്ളി കൊലുസുകൾ പാടുകയായി..

….തങ്ക വളകൾ ചിരിക്കുകയായി…”

അതുകേട്ടു മറ്റുള്ളകുട്ടികൾ ചിരിക്കുന്നു…സ്വപ്നമിസ്സിന്റെ പാദസരം പ്രസിദ്ധമാണ്..മറ്റു കുട്ടികൾ നാഗവല്ലി വരുന്നുണ്ടെന്നു പറഞ്ഞു കളിയാക്കും പക്ഷേ വിഷ്ണുവിന് വല്ലാത്തൊരു ആരാധന ആയിരുന്നു മിസ്സിനോട്..അതി സുന്ദരി…മിസ്സ്‌ ക്ലാസ്സെടുക്കുമ്പോൾ വായും പൊളിച്ചിരുന്നു തലയാട്ടുന്ന വിഷ്ണുവിന്റെ രൂപം ഇന്നും മനസ്സിലുണ്ട്…എബിയെ നിർബന്ധിച്ചു അവൻ  സ്വപ്‌ന മിസ്സിന്റെ ചിത്രം വരപ്പിച്ചു…

“നിനക്കെന്തിനാടാ ഇത്?”.. പൂർത്തിയായ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന വിഷ്ണുവിനോട് എബി ചോദിച്ചു…

“പൂജിക്കാൻ…നോക്കെടാ… ശരിക്കും ദേവി തന്നെ…”

ആ പൂജയുടെ ഫലമായാണോ എന്തോ, ഇംഗ്ലീഷ് പരീക്ഷയിൽ  അവനു ഫുൾ മാർക്ക് ആയിരുന്നു…

വിഷ്ണുവിന്റെ കാർ ശബ്ദം കേട്ട് ചിന്തകളിൽ നിന്ന് അവൾ തിരികെ എത്തി..ഗ്രൗണ്ടിന്റെ ഓരം ചേർത്ത് കാർ നിർത്തി അവൻ ഓടി അരികിൽ എത്തി. ചോദ്യം ഒന്നും ഉണ്ടായില്ല…കൈ വീശി  നന്ദനയുടെ കവിളിൽ ആഞ്ഞടിച്ചു….

“ചാകാൻ പോകുമ്പോ എന്നെയും വിളിച്ചൂടായിരുന്നോടീ…? അവൻ നേരത്തെ രക്ഷപെട്ടു.. നീയും കൂടെ പോയാൽ, ഞാനെന്താ  ചെയ്യുക??? നിങ്ങൾ രണ്ടും ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും???”

വിഷ്ണു പൊട്ടിക്കരഞ്ഞു…

എന്ത് പറയണമെന്നറിയാതെ അവൾ  ക്ലാസ്സ്‌ മുറിയുടെ മുൻപിലുള്ള പഴയ ബഞ്ചിൽ തളർന്നിരുന്നു…വിഷ്ണു അടുത്ത് ഇരുന്ന് അവളെ നോക്കി..കവിളിൽ വിരലുകളുടെ പാട് തെളിഞ്ഞു വരുന്നു…അവൻ അവിടെ മെല്ലെ തലോടി…

“എല്ലാം അവസാനിപ്പിക്കും മുൻപ് നിന്റെ വയറ്റിൽ  വളരുന്ന കുഞ്ഞിനെ കുറിച്ചു ചിന്തിച്ചോ?? നമ്മുടെ എബിയുടെ കുഞ്ഞല്ലേടീ അത്..? അവനോ പോയി…നമുക്ക് ആ  കുഞ്ഞിനെയെങ്കിലും വളർത്തണ്ടേ?….”

എങ്ങലടിച്ചു കൊണ്ട് നന്ദന അവന്റെ തോളിലേക്ക് ചാഞ്ഞു….

കുറേ നേരം അവർ അവിടെ തന്നെ  ഇരുന്നു…..

“നന്ദൂ..ഞാനൊരു കാര്യം പറഞ്ഞാൽ നീ  അനുസരിക്കുമോ?”

“എന്താ…”?

“ഞാൻ നിന്നെ കെട്ടാം…”

അവൾ  ഷോക്കടിച്ചപോലെ അവനെ നോക്കി.

“നിനക്ക് ഭ്രാന്താണോ വിച്ചൂ? എന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ?”

“ഉണ്ട്‌…എനിക്ക് നിന്നെയും നിന്റെ വയറ്റിലുള്ള എബിയുടെ കൊച്ചിനെയും വേണം..അതേ ഉദ്ദേശിച്ചിട്ടുള്ളൂ..”

“നീ മിണ്ടാതെ പോ വിച്ചൂ..”

“എടീ…നിനക്ക് ഇത് എത്രകാലം ഒളിപ്പിച്ചു വയ്ക്കാൻ ആകും?എബിയുടെ കുഞ്ഞ് ത ന്തയില്ലാത്തവനായി വളരേണ്ട ഗതികേട് നീ ഒന്ന് ആലോചിച്ചു നോക്ക്… “

അവൾ തയ്യാറല്ലെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്നു…വിഷ്ണുവിന് ദേഷ്യം വന്നു..

“നിന്നെ കെട്ടി കൂടെ പൊറുപ്പിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ല ഞാനിത് തീരുമാനിച്ചത്..ആ കുട്ടി വളർന്ന് തിരിച്ചറിവ് ആയാൽ നിനക്ക് നിന്റെ വഴി നോക്കി പോകണമെങ്കിൽ  പോകാം…പണ്ട് തൊട്ട് നീ പറയുന്നതെല്ലാം ഞാൻ അനുസരിച്ചിട്ടില്ലേ, ഈ ഒരു തവണ എന്നെ അനുസരിക്ക്…”

എന്തോ പറയാനോങ്ങിയ അവളുടെ ചുണ്ടുകൾക്ക് മീതെ വിരലമർത്തി കൊണ്ട് വിഷ്ണു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു ചെവിക്കു വച്ചു..

“ശരത്തെ..പ്രജീഷിനെയും കൂട്ടി രാത്രി വീട്ടിലേക്ക് വാ..ഒരു കാര്യമുണ്ട്..”

ഫോൺ പോക്കറ്റിൽ ഇട്ട് അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…

“ഞാൻ നിന്റെ വീടിനടുത്തു ഇറക്കി വിടാം..എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്ത് അമ്മയുടെ അനുഗ്രഹവും  വാങ്ങി നാളെ  രാവിലെ ഇറങ്ങിക്കോ..ബാക്കിയെല്ലാം ഞാൻ  നോക്കികൊള്ളാം..”

അനുസരിക്കുകയേ നിവൃത്തി ഉണ്ടായുള്ളു..വിഷ്ണുവിന്റെ സ്നേഹത്തിനും കരുതലിനും മുൻപിൽ തോറ്റുകൊടുത്തു…കൂടാതെ എബിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്താൻ ഒരു അഭയം ആവശ്യവുമായിരുന്നു……

***********

വിഷ്ണു നല്ല ഉറക്കത്തിലാണ്…അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അതിരറ്റ വാത്സല്യവും അതോടൊപ്പം വേദനയും അവൾക്ക് തോന്നി..

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ  സ്നേഹിക്കുന്ന ആളുകൾ വളരെ വിരളമാണ്…പ്രിയ കൂട്ടുകാരിക്കും അവളുടെ വയറ്റിൽ വളരുന്ന  കൂട്ടുകാരന്റെ കുഞ്ഞിനും വേണ്ടി സ്വന്തം പ്രണയവും ജീവിതവും  ത്യാഗം ചെയ്ത ഒരാൾ…അവൾ മെല്ലെ അവന്റെ നെറ്റിയിൽ തലോടി…പുതപ്പിന്റെ ഒരു വശം കൊണ്ട് അവനെ പുതപ്പിച്ചു….എന്നിട്ട് കണ്ണുകൾ ഇറുക്കി അടച്ചു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…