കൂട്ടു കുടുംബം
എഴുത്ത്: ദേവാംശി ദേവ
=============
മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോളാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത്…
രാവിലെ 8 മണി കഴിഞ്ഞു വീടെത്തിയപ്പോൾ…ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾകൂട്ടം..
പുറത്തു നിന്നുള്ളവർ ആരും അല്ല..എല്ലാവരും കുടുംബക്കാര…ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം ആണ് ഞങ്ങളുടേത്..
അച്ഛൻ ഗോപാലകൃഷ്ണൻ..മരിച്ചിട്ട് ഇപ്പൊ അഞ്ചു വർഷം കഴിഞ്ഞു…
അമ്മ സുശീല…മൂത്ത മകനായ ഞാൻ..പേര് മഹാദേവൻ..ബാങ്ക് ഉദ്യോഗസ്ഥൻ..ഭാര്യ നന്ദിനി..വീട്ടമ്മ മകൻ പ്ലസ് ടുവിന് പഠിക്കുന്നു. മകൾ പത്തിൽ പഠിക്കുന്നു.
രണ്ടാമത്തെ മകൻ ജയദേവൻ. കോളേജ് അദ്ധ്യാപകൻ ഭാര്യ വിചിത്ര..IT കമ്പനിയിൽ ജോലി..ഏക മകൻ..ആറുവയസ്സ് പ്രായം
ഇളയമകൻ ആദിദേവ്..ബിസ്നെസ് ആണ്..ഭാര്യ അനുഗ്രഹ..അഞ്ച് മാസം ഗർഭിണി..നഴ്‌സ് ആണ്..ഇപ്പൊ ലീവിൽ..
ഇതാണെന്റെ കുടുംബം..
രാവിലെ തന്നെ എല്ലാവരും കൂടി ഉമ്മറത്ത് എന്താണാവോ..
അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..വിചിത്രയും കൂടെയുണ്ട്..നന്ദിനി നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്നു..ബാക്കി എല്ലാവരും നിശ്ശബ്ദമാണ്.
കൂട്ടു കുടുംബം ആണെങ്കിലും ഇതുവരെയും പരസ്പരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് എനിക്കൊരു ആശ്വാസം തന്നെ ആണ്..
“ദേ അച്ഛൻ വന്നു..” മോള് ഓടി വന്ന കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
“എന്താ എല്ലാവരും കൂടി ഉമ്മറത്ത്…എന്തെങ്കിലും പ്രശ്നമുണ്ടോ..”
“എന്ത് പ്രശ്നം..ഒന്നുമില്ല മഹി..കൂട്ടു കുടുംബമാകുമ്പോ ചില സംസാരങ്ങളൊക്കെ ഉണ്ടാകും..അതൊക്കെ നോക്കാൻ ഞാനുണ്ട് ഇവിടെ…നീ വന്ന കാലിൽ നിൽക്കാതെ പോയി കുളിച്ചിട്ട് വാ..എന്നിട്ട് വല്ലതും കഴിക്ക്..എന്നിട്ട് ആകാം വിശേഷം പറച്ചിലൊക്കെ..” അമ്മ പറഞ്ഞു..
നന്ദിനിയെ നോക്കിയപ്പോൾ നിറഞ്ഞു ചിരിച്ച് നിൽപ്പുണ്ട്..എങ്കിലും കുറച്ചു മുൻപേ കരഞ്ഞതിന്റെ ഫലമായി കണ്ണൊക്കെ ചുവന്നിട്ടുണ്ട്..
കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ മക്കൾ രണ്ടുപേരും അവർക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ പങ്കിട്ട് എടുക്കുവാ..
“എന്തായിരുന്നു രാവിലെ പ്രശ്നം.”
“അമ്മയുടെ ഉത്തരവാദിത്വ കുറവ്.” മോള് പുച്ഛത്തോടെ പറഞ്ഞു.
“അമ്മ എന്ത് ചെയ്തു..”
“അമ്മ രാവിലെ എഴുന്നേൽക്കാൻ അര മണിക്കൂർ താമസിച്ചു..അതുകൊണ്ട് ഉണ്ണിക്കുട്ടന് സ്കൂൾ ബസ്സ് മിസ്സായി…ഒരു ദിവസം ക്ലാസ്സിൽ പോയില്ലെങ്കിൽ പേരൻസ് പോയെങ്കിലെ അവനെ ക്ലാസ്സിൽ കയറ്റു. അതുകൊണ്ട് വിജി ചിറ്റക്ക് നാളെ ലീവ് എടുക്കേണ്ടി വരും. അമ്മ നേരത്തെ എഴുന്നേറ്റെങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നോ..അതിന് അച്ഛമ്മ അമ്മയെ വഴക്ക് പറഞ്ഞു..അമ്മക്ക് പിന്നെ എന്തെങ്കിലും കേട്ടാൽ ഉടനെ കണ്ണ് നിറയും..കഷ്ടം” നിസാരമായി മോനും പറഞ്ഞു നിർത്തി..
പിന്നെ അവരോടൊന്നും ചോദിക്കാൻ പോയില്ല..രാത്രി പതിനൊന്ന് മണി കഴിഞ്ഞാണ് നന്ദിനിയെ റൂമിലേക്ക് വന്നത്.”
എത്രയൊ ദിവസങ്ങൾക്ക് ശേഷമാണ് അവളെ ഒന്ന് അടുത്ത് കിട്ടിയതെങ്കിലും എന്റെ വികാരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന അവളെ കണ്ടപ്പോൾ ആദ്യമായി ഉള്ളിലൊരു വേദന തോന്നി..
ഇടക്കിടക്ക് അവൾ എഴുന്നേറ്റ് ഫോണെടുത്തു നോക്കുന്നുണ്ട്..പുലർച്ചെ എഴുന്നേൽക്കാൻ സമയം നോക്കുന്നതാണ്..എന്നെ ഉണർത്താതിരിക്കാൻ അലാറം വെച്ചിട്ടില്ല…എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ കിടന്നു..
രാവിലെ അവൾ എഴുന്നേറ്റ് പോയ ശേഷം സമയം നോക്കി..പുലർച്ചെ നാലു മണി..
കൃത്യം ഏഴ് മണിയായപ്പോൾ ഉണ്ണികുട്ടന്റെ സ്കൂൾ ബസ്സ് വന്നു..നന്ദിനി തന്നെയാണ് അവനെ റെഡിയാക്കി ബസ്സിൽ കയറ്റി വിട്ടത്..അപ്പോഴും വിചിത്ര ഉണർന്നിട്ടില്ല.
8മണി ആയപ്പോൾ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നു..എല്ലാവർക്കും വിളമ്പി കൊടുത്തു..ചോറ്റു പാത്രം വരെ ബാഗിനകത്ത് വെച്ച് മക്കളെ സ്കൂളിലേക്ക് അയച്ചു…അനിയൻമാർ രണ്ടുപേരും ജോലിക്ക് പോയി..വിചിത്ര മോന്റെ സ്കൂളിൽ കയറിയിട്ടേ ജോലിക്ക് പോകു..അതിന്റെ നീരസം അവളുടെ മുഖത്തുണ്ട്..അനുഗ്രഹ റെസ്റ്റ് എടുക്കാൻ റൂമിലേക്കും അമ്മ tv യുടെ മുന്നിലേക്കും പോയി..നന്ദിനി ബാക്കി ജോലികളിലേക്ക് തിരിഞ്ഞു…എല്ലാവരും കഴിച്ച പാത്രങ്ങൾ തൊട്ട് കഴുകി തുടങ്ങണം അവൾക്ക്…
അച്ഛന്റെ കൂട്ടുകരന്റെ മകളാണ് നന്ദിനി…പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം ഉള്ള നാട്ടിൻ പുറത്തുകാരി..ചെറുപ്പത്തിലേ പറഞ്ഞു വെച്ചതായിരുന്നു ഞങ്ങളുടെ വിവാഹം..എങ്കിൽ പക്ക അറേൻജ്ഡ് മേരേജ് തന്നെയായിരുന്നു..ചെറുപ്പത്തിലേ എനിക്ക് ജോലികിട്ടിയപ്പോ നന്ദിനിയുടെ കാര്യത്തിൽ അമ്മക്ക് ചില എതിർപ്പുകളൊക്കെ വന്നു തുടങ്ങിയതായിരുന്നു..കാരണം അവളൊരു പാവപ്പെട്ട കുടുംബത്തിലെ മകളായിരുന്നു. പക്ഷെ അച്ഛൻ കൊടുത്ത വാക്ക് അച്ഛൻ പാലിച്ചു…അങ്ങനെ കൃത്യം പതിനെട്ടാമത്തെ വയസ്സിൽ അവളെന്റെ ഭാര്യയായി…അച്ഛൻ ജീവിച്ചിരുന്ന കാലത്തൊക്കെ അവൾ ഇവിടുത്തെ രാജകുമാരി തന്നെയായിരുന്നു…മക്കളെ രണ്ടുപേരെയും പ്രസവിക്കുന്ന സമയത്താണ് അവൾ കുറച്ചു ദിവസം അവളുടെ വീട്ടിൽ നിന്നിട്ടുള്ളത് അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അവൾ ഓടി വരും…
അമ്മയോ അവളോ പരസ്പരം കുറ്റം പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ലാത്തതു കൊണ്ടുതന്നെ ഞാൻ കൂടുതലൊന്നും തിരക്കാനും പോയിട്ടില്ല..എന്നാൽ ഞാൻ ഉദ്യേശിച്ചത് പോലെ അല്ല കാര്യങ്ങൾ എന്ന് ഇപ്പോഴാ മനസ്സിലാകുന്നത്..
അന്ന് രാത്രി അവൾ മുറിയിൽ വരുമ്പോൾ പതിനൊന്നര കഴിഞ്ഞു..ഒന്നും മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു..അവളും വന്ന് എന്നോട് ചേർന്ന് കിടന്നു..
പുലർച്ചെ അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും കൈയ്യിൽ പിടിച്ചു നിർത്തി..
“എന്താ മഹിയേട്ട..”
“നീ എങ്ങോട്ടാ ഈ നേരം പുലരും മുന്നേ..”
“അടുക്കളയിലേക്ക്..എല്ലാവർക്കും പോകണ്ടേ..”
“പോകേണ്ടവരൊക്കെ പൊയ്ക്കോളും..നീ ഇവിടെ കിടക്ക് ഞാനിപ്പോ വരാം..” അവളെ പിടിച്ച് കിടത്തിയിട്ട് നേരെ ജയദേവന്റെ മുറിയിലേക്ക് പോയി..വാതിൽ തട്ടിയപ്പോൾ വിചിത്രയാണ് വാതിൽ തുറന്നത്.
“എന്താ മഹിയേട്ട ഈ സമയത്ത്..”
“ഇങ്ങനെയും ഒരു സമയമുണ്ട്..ഇടക്കൊക്കെ അതും കാണുന്നത് നല്ലതാ..ഞാനും നന്ദിനിയും ഒന്ന് പുറത്തു പോകും അതുകൊണ്ട് അവളിന്ന് അടുക്കളയിൽ കയറില്ല..മോനെ സ്കൂളിൽ വിടണമെങ്കിൽ നീ തന്നെ കയറണം. സഹായത്തിന് വേണമെങ്കിൽ നിന്റെ ഭർത്താവിനെ കൂടി വിളിച്ചോ” കടുപ്പിച്ച് പറഞ്ഞിട്ട് നേരെ ആദിയുടെ മുറിയിലേക്ക് ചെന്നു..
“എന്താ മഹിയേട്ട..”
“നിനക്കിന്ന് അനുവിനെയും കൊണ്ട് ചെക്കപ്പിന് പോകണ്ട..”
“ഉവ്വ്..”
“നന്ദിനി ഇന്നിവിടെ കാണില്ല..അതുകൊണ്ട് ഇവിടുത്തെ ജോലിയൊക്കെ ഒതുക്കിയിട്ട് വേണം പോകാൻ..”
“അയ്യോ മഹിയേട്ട..അനുവിന് രാവിലെ നല്ല ശർദ്ധിലും തലകറക്കവുമാണ്..അപ്പൊ അവളെങ്ങനെയ ചെയ്യുന്നത്”
അവന്റെ കൈയ്യും പിടിച്ച് നേരെ മുറ്റത്തേക്കിറങ്ങി..
“ആദി..ഞാനും ഒരച്ഛനാ..എന്റെ ഭാര്യയും രണ്ടു പ്രസവിച്ചത..അതുകൊണ്ട് തന്നെ ഗർഭിണികൾക്ക് ഈ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എനിക്ക് നന്നായി അറിയാം…എന്നാൽ നിനക്ക് അറിയാത്തൊരു കാര്യം ഉണ്ട്..ഭാര്യ ഗർഭിണിയായാൽ അവളെ സഹായിക്കേണ്ടത് ഭർത്താവ് ആണ്.” മുറ്റത്തിരുന്ന ചൂലെടുത്ത് അവന്റെ കൈയിൽ കൊടുത്തു..
“നന്നായിട്ട് അടിച്ചു വാരിക്കോ.”
പിന്നെ പോയത് മോന്റെയും മോളുടെയും മുറികളിലേക്ക് ആണ്..രണ്ടുപേരെയും വിളിച്ചുണർത്തി..
“അമ്മയും അച്ഛനും രാവിലെയൊന്ന് പുറത്തേക്ക് പോകും..അതുകൊണ്ട് സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്‌ത് സ്കൂളിൽ പോകണം രണ്ടുപേരും..ഒട്ടും ഗൗരവം കുറയ്ക്കാതെ തന്നെ മക്കളോടും സംസാരിച്ചു..ആദ്യമായാണ് അവർ എന്റെ ഇങ്ങനെയൊരു മുഖം കാണുന്നത്..
പിന്നെ മുറിയിലേക്ക് ചെന്ന് അവളെയും കെട്ടിപ്പിടിച്ച് ഉറങ്ങി..ഏഴു മണി ആയപ്പോൾ അവളെ വിളിച്ചുണർത്തി റെഡിയാകൻ പറഞ്ഞു..
എവിടേക്കാന്ന് അവൾ ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി പറഞ്ഞില്ല..
ബ്രേക്ഫാസ്റ്റ് കഴിക്കാൻ വന്നപ്പോൾ എല്ലാവരും ഉണ്ട്..ദോശയുടെയും ചമ്മന്തിയുടെയും ടേസ്റ്റ് അറിഞ്ഞപ്പോൾ തന്നെ മനസ്സിലായി അത് അമ്മയുണ്ടാക്കിയതാണെന്ന്..
കഴിച്ചു കഴിഞ്ഞ് മുറിയിൽ പോയി ട്രാവലർ ബാഗുമായി പുറത്തേക്ക് വന്നു..
“നിങ്ങളിത് എവിടേക്കാ…ബാഗൊക്കെ ആയി..” അമ്മയാണ്..
“ഞങ്ങൾ കുറച്ചു ദിവസം കഴിഞ്ഞേ വരു..”
“അപ്പൊ കുട്ടികളുടെ കാര്യങ്ങൾ ആര് നോക്കും.”
“ഇത്രയും കാലം ഇവിടുള്ളവരുടെയെല്ലാം കാര്യങ്ങൾ ഇവൾ ഒറ്റക്ക് നോക്കിയില്ലേ..അവളില്ലെങ്കിൽ എന്റെ മക്കളുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ ആരും ഇല്ലേ..” ശബ്ദം ഉറച്ചതുകൊണ്ട് തന്നെ എല്ലാവരും ഞെട്ടി നിൽക്കുവാണ്.
“ഞാൻ അങ്ങനെയൊന്നും ഉദ്യേശിച്ച് പറഞ്ഞതല്ല മഹി..”
ഒന്നും മിണ്ടാതെ നന്ദിനിയുടെ കൈയ്യും പിടിച്ച് കാറിനടുത്തേക്ക് നടന്നു..
മൂന്നാർ,ഊട്ടി,കൊടയ്ക്കനാൽ,ബാംഗ്ലൂർ,മൈസൂർ തുടങ്ങി ഒരു മാസക്കാലം അവളെയും കൊണ്ട് കറങ്ങി…തിരിച്ച് വരുന്ന വഴി അവളുടെ വീട്ടിൽ കയറി ഒരാഴ്ച താമസിച്ചു…
തിരികെ വീട്ടിലെത്തിയപ്പോൾ അവിടെ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു..അനുഗ്രഹയും ആദിയും അവളുടെ വീട്ടിലേക്ക് പോയി..വിചിത്ര ജോലിക്കാരിയെ നിർത്തി. അമ്മ tv യുടെ മുൻപിൽ ഇരിക്കുന്നത് കുറച്ച് തന്നെക്കൊണ്ട് ആകുന്നത് പോലെ ജോലിയൊക്കെ ചെയ്യുന്നുണ്ട്..
നന്ദിനി കാറിൽ നിന്നും ഇറങ്ങിയതും മക്കൾ രണ്ടുപേരും വന്ന് അവളെ കെട്ടിപ്പിടിച്ചു..
“അമ്മേ…അമ്മ ഞങ്ങളെ വിട്ട് ഇനി എവിടേക്കും പോകല്ലേ…അമ്മയില്ലാതെ ഞങ്ങൾക്ക് പറ്റില്ല..”
“ഈ തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകാൻ തന്നെയാണ് അച്ഛൻ അമ്മയെയും കൂട്ടി മാറി നിന്നത്.” അവരെയും കൂട്ടി അകത്തേക്ക് കയറിയപ്പോൾ ഹാളിൽ ഉണ്ടായിരുന്നു അമ്മയും ജയദേവനും വിചിത്രയും..
“എവിടെ ആയിരുന്നട ഇത്രയും ദിവസം….ഒരു കുടുംബം ഇവിടെ ഉണ്ടെന്നുള്ള വിചാരം ഉണ്ടോ” അമ്മ ദേഷ്യത്തിൽ ആണ്..വിചിത്രയുടെയും ജയദേവന്റെയും മുഖത്തുമുണ്ട് ദേഷ്യം..
“എന്റെ ഭാര്യയെയും കൂട്ടി ഞാനൊന്ന് കറങ്ങാൻ പോയതിന് ആരോട അനുവാദം ചോദിക്കേണ്ടത്..” അമ്മ മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ മുറിയിലേക്ക് നടന്നു..
“അപ്പൊ ഇന്ന് തന്നെ ജോലിക്കാരിയെ പറഞ്ഞയക്കാം അല്ലെ അമ്മേ..എന്തിനാ വെറുതെ ഇത്രയും രൂപ ശമ്പളം കൊടുക്കുന്നെ…എനിക്കൊരു സഹായത്തിന് ചേച്ചിയുണ്ടല്ലോ..”
“അതേ..വിചിത്രേ…നിനക്കൊരു സഹായത്തിന് ചേച്ചിയുണ്ട്..പക്ഷെ അത് മൂന്ന് മാസത്തേക്ക് കൂടി മാത്രമേ കാണു..മൂന്ന് മാസം കഴിഞ്ഞാൽ മക്കളുടെ രണ്ടുപേരുടെയും എക്സാം കഴിയും..അത് കഴിഞ്ഞാൽ നന്ദിനിയെയും മക്കളെയും ഞാൻ എന്റെ കൂടെ കൊണ്ടുപോകും..എനിക്കും പ്രായമായി വരുവല്ലേ..കൂട്ടിന് ആളില്ലാതെ പറ്റില്ല..”
അതും പറഞ്ഞ് നന്ദിനിയെയും ചേർത്ത് പിടിച്ച് ഞാൻ മുറിയുലേക്ക് നടന്നു..
കൂട്ടുകുടുംബം നല്ലതാണ്..അവിടെ ജീവിക്കാൻ കഴിയുന്നത് ഭാഗ്യമാണ്..പക്ഷെ കുടുംബാംഗങ്ങളെല്ലാം അതുപോലെ ചിന്തിച്ചില്ലെങ്കിൽ കുടുംബത്തെ സ്നേഹിക്കുന്നവർ അടിമപ്പെട്ടു പോകും..അതു തന്നെയാണ് ഒരു പരിധി വരെ കൂട്ടുകുടുംബങ്ങളുടെ തകർച്ചക്കും അണു കുടുംബങ്ങളുടെ വളർച്ചക്കും കാരണം..
~സ്വന്തം ദേവ❤️❤️❤️