പി.ബി നമ്പർ 134
എഴുത്ത്: ഷാജി മല്ലന്‍
=========
“ഇന്നു അവധിയല്ലേ? നീ ആ റൂമൊക്കെ ഒന്നു വൃത്തിയാക്കൂ…ആകെ അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ടില്ലേ?”
അച്ഛൻ ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന എന്നെ അലോസരപ്പെടുത്താനെന്നവണ്ണം പറഞ്ഞതു കേട്ട് ഞാൻ മൗനത്തിലൊളിച്ചു. മൗനം വിദ്വാനു ഭൂഷണമാണെന്ന് പണ്ടാരോ പറഞ്ഞത് ഞാനും മനസാ അംഗീകരിക്കാൻ തുടങ്ങിയിരുന്നു.
“മോനെ ഇനിയിപ്പോ ഞാൻ അടുക്കിപ്പറക്കാൻ നിന്റെ മുറിക്കകത്തേക്ക് വരുന്നതെങ്ങനാ, അത് ചിലപ്പോ അവർക്കിഷ്ടപ്പെട്ടില്ലെങ്കിലോ? അമ്മച്ചി നയം വ്യക്തമാക്കി എന്നെ നോക്കി പിറുപിറുത്തു.
കല്യാണം കഴിഞ്ഞു ഒരാഴ്ച്ച ആയപ്പോഴെക്കും വീട്ടിൽ എന്റെ മേൽ അന്യവൽക്കരണം നടന്നതു പോലെ എനിക്ക് ഒരു മണമടിച്ചു തുടങ്ങി. പ്രത്യേകിച്ചും ‘അവരെ’ന്നുള്ള ആ സംബോധനയിൽ നിന്നും!!!” ഞാൻ അപ്പൊഴേ പറഞ്ഞില്ലേ മൂന്നാൻ മാർ പറയുന്നതും കേട്ട് തുള്ളരുതെന്ന്!!… ഇപ്പോ എന്തായി? പത്രത്തിൽ വന്ന എന്തോരം ആലോചനകളിൽ നിന്ന് നല്ലൊതൊന്ന് സെലക്ട് ചെയ്ത് തന്നാൽ ഒരു മറുപടി അയക്കാൻ ഇവിടെ ആർക്കും വയ്യ!!!” അമ്മച്ചിയുടെ ശബ്ദം താഴ്ത്തിയുള്ള പരിഭവം അണ പൊട്ടാൻ തുടങ്ങിയപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു.
റൂമിൽ പട്ടുമെത്തയിൽ അവൾ മൂടി പുതച്ചു നല്ല ഉറക്കത്തിൽ തന്നെയാണ്. പ്രവർത്തി ദിവസങ്ങളും അവധിയുമൊന്നും അവളുടെ ഉറക്കത്തെ ബാധിക്കില്ലെന്നാ അവളുടെ പക്ഷം. ഒമ്പതു മണി കാലത്തുള്ള ഉറക്കം ഉണരലും അടുക്കളയുടെ പരിസരത്തു പോലും പോകാത്ത സ്വഭാവവും ആണ് അമ്മച്ചിക്ക് കലിപ്പ് തോന്നിപ്പിച്ചിരിക്കുന്നത്. ഈ പ്രിവിലേജ് ഒക്കെ കുഞ്ഞു പെങ്ങൾ ജാൻസിക്ക് കിട്ടുന്നില്ലെന്ന പരിഭവവും ഉണ്ട്.
എന്തായാലും റൂമൊക്കെ വൃത്തിയാക്കൽ തല്ക്കാലം ഒറ്റയ്ക്കു ചെയ്യാനുള്ള ഒരു ബോധോദയം എനിക്ക് ഉണ്ടായതു കൊണ്ട് അവളെ വിളിച്ചുണർത്താതെ റൂം വൃത്തിയാക്കാൻ ആരംഭിച്ചു….
വാരിവലിച്ചിട്ടിരുന്ന ഫയലുകൾ അടുക്കി ഒതുക്കി വെക്കുമ്പോഴാണ് ഒരു ബ്രൗൺ കവർ താഴെവീണത്. കൂടെ ഒരു പത്രത്തിന്റെ കട്ടിംഗും. ഒന്നുരണ്ടു മാസം പഴക്കമുള്ള പത്രത്തിന്റെ ഒരു വൈവാഹിക പംക്തിയുടെ കട്ടിംഗാണ്!!.
അമ്മച്ചിക്കിഷ്ടപ്പെട്ട ഏതോ പരസ്യത്തിലേക്ക് അയക്കാൻ എന്റെ ബയോഡേറ്റ കവറിലിട്ട് സീൽ ചെയ്തു തന്നതാണ്!!. ഞാൻ വാങ്ങി എവിടെയോ വെച്ച് മറന്നതാണ്. പെട്ടന്ന് മനസ്സിലൊരു ലെഡു പൊട്ടി. അമ്മച്ചി പൊരുത്തമൊക്കെ നോക്കി സെലക്ട് ചെയ്തതല്ലെ….എന്നാൽ കണ്ണനൊന്നു നോക്കിയാലോ?…കസിനാണ്, എന്റെ പ്രായം തന്നെ…ഡിറ്റെയിൽസൊക്കെ അറിഞ്ഞിട്ട് അവന്റെ നാളുമായിട്ടുള്ള പൊരുത്തമൊക്കെ നോക്കുകയും ചെയ്യാം…
മറുപടി അയക്കേണ്ട പോസ്റ്റ് ബോക്സ് നമ്പർ 134 ന്റെ പരസ്യത്തിലേക്ക് കണ്ണുകൾ നീണ്ടു. ഒരു കോൺടാക്ട് നമ്പർ തന്നിട്ടുണ്ട്. അതു മൊബൈലിലേക്ക് പകർത്തി ഡയൽ ചെയ്തു. റിങ്ങുണ്ട്, പക്ഷേ ആരും എടുക്കുന്നില്ല..ഒന്നുരണ്ടു പ്രാവശ്യം കൂടി ഡയൽ ചെയ്തെങ്കിലും ഉത്തരം കിട്ടാത്തതിനാൽ തത്ക്കാലം കല്യാണ ആലോചന ഉപേക്ഷിച്ചു ഞാൻ പറക്കി, ഒരുക്കൽ തുടർന്നു…
ഇതിനിടക്ക് അമ്മച്ചി റൂമിലേക്ക് എത്തി നോക്കി പോകുന്നത് കണ്ടു. മടിയൻ മല ചുമക്കുമെന്ന് പണ്ട് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചതാണേലും അമ്മച്ചി ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്നത് എന്റെ മനതാരിൽ തെളിഞ്ഞു.
ഫോണിലെ ലാലേട്ടന്റെ ആറ്റുമണൽ പാട്ടിന്റെ റിങ്ങ് ടോണാണ് എന്നെ ഉണർത്തിയത്.
“ഹലോ ഇങ്ങോട്ട് വിളിച്ചാരുന്നോ?”
പോസ്റ്റ് ബോക്സ് നമ്പർ 134 ലെ നമ്പരാ!! മറുതലക്കൽ നിന്ന് ഒരു പുരുഷസ്വരം.
“ഞാൻ പേപ്പർ പരസ്യം കണ്ട് വിളിച്ചതാണ്”, ഒരല്പം പരുങ്ങലോടെ എന്റെ സ്വരം മുറിഞ്ഞു.
“വിഷ്ണുവല്ലേ….കഴിഞ്ഞയാഴ്ച്ചയല്ലെ കല്യാണം? ഇതിനിടക്ക് വീണ്ടും പ്രപ്പോസലുമായി ഇറങ്ങിയതാണോ?” മറുതലക്കൽ കൂട്ടച്ചിരി ഉയരുന്നതു കേട്ടപ്പോൾ ആകെ കൺഫ്യൂഷനായി. ആരോ അറിയാവുന്നവരാണെന്ന് തോന്നുന്നു. ശബ്ദത്തിനും നല്ല പരിചയം!!. പക്ഷേ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല. എന്റെ കണ്ണുകൾ മെല്ലെ കട്ടിലിലേക്ക് നീണ്ടു. അവൾ കണ്ണു തുറന്നു എന്നെ നോക്കി ചോദ്യഭാവത്തിൽ കിടക്കുന്നു.
“അയ്യോ ചേട്ടാ എനിക്കല്ല!!, എന്റെ കസിന്റെ കാര്യത്തിനാ..”ഞാൻ നയം വ്യക്തമാക്കി.
വീണ്ടും മറുതലക്കൽ കൂട്ടച്ചിരി.”എന്തു ചെയ്യും വിഷ്ണു, അവളെ കെട്ടിച്ചു വിട്ടു. നിങ്ങടെ നാട്ടിൽ അമ്മായിയച്ഛനെ ചേട്ടാ ന്നാണോ വിളിക്കുന്നത് മരുമോനെ!!” ഇതെന്റെ ഓഫിസിലെ ഫോണാണ്. വീണെടെച്ഛൻ ചിരിയടക്കി പറഞ്ഞു.
എനിക്കും ചിരിപൊട്ടി…..അതു പക്ഷേ അമ്മച്ചീടെ കാര്യമോർത്തായിരുന്നു. മൂന്നാനെ (ബ്രോക്കർ) ഒഴിവാക്കിയിരുന്നാലും അമ്മച്ചിക്ക് അടിക്കാൻ വെച്ചിരുന്ന ലോട്ടറിയാണ് എന്റെ കട്ടിലിൽ നിന്ന് കോട്ടുവാ ഇട്ടു കൊണ്ട് അപ്പോൾ എഴുനേറ്റിരുന്ന പിബി നമ്പർ 134 ലെ പെൺകുട്ടി!!!.
~ഷാജി മല്ലൻ