അങ്ങ് ദൂരെ ഹോസ്റ്റലിൽ ബെഡിൽ കിടന്നു മീനാക്ഷി പുഞ്ചിരിയോടെ ഫോണിൽ  നോക്കി. അവൾക്കു ഇപ്പൊ എല്ലാം അറിയാം…

സൂര്യഹൃദയം 02

എഴുത്ത്: കർണൻ സൂര്യപുത്രൻ

************

ബോട്ടിലിൽ അവശേഷിച്ച അവസാനതുള്ളി മ ദ്യവും തീർത്ത സംതൃപ്തിയിൽ കസേരയിലേക്ക് ചാഞ്ഞു കിടക്കുകയാണ്  ആദിത്യൻ…കുറെ നേരമായി ഫോൺ  അടിക്കുന്നു…അറിയാത്ത നമ്പർ ആണ്…സഹികെട്ടു അവൻ  എടുത്തു..

“ഹലോ…ആരാ  ഇത്?”

“ആദിത്യൻ??” ഒരു സ്ത്രീ ശബ്ദം..

“നിങ്ങളാരാ?”

“ഞാൻ മീനാക്ഷി..” പതിഞ്ഞ സ്വരം..

“ഏത് മീനാക്ഷി…”???അവൻ കടുപ്പത്തിൽ ചോദിച്ചു.

“അടുത്ത വീട്ടിലെ…”

“ഇവിടെ അടുത്ത് നിറയെ  വീടുകളുണ്ട്..അവിടൊക്കെ ആരാ, എന്താ എന്നൊന്നും എനിക്കറിയില്ല..”

ഒരു നിമിഷത്തെ  നിശബ്ദത..

“അച്ഛനെ തല്ലിയതിന്  ഇയാളോട് നന്ദി പറഞ്ഞ  മീനാക്ഷി..ഇപ്പൊ മനസ്സിലായോ “?അപ്പുറത്തെ സ്വരത്തിൽ ചെറിയ ദേഷ്യം കലർന്നിട്ടുണ്ട് എന്നവൻ തിരിച്ചറിഞ്ഞു..

“തനിക്കെന്താ വേണ്ടത്?എന്റെ നമ്പർ എങ്ങനെ കിട്ടി?”

“ഒരു സോറി പറയാൻ വിളിച്ചതാ…”

“എന്തിന്?”

“ഇയാളെപ്പറ്റി മോശമായി  ചിന്തിച്ചു. അതിന്…പിന്നെ നമ്പർ തന്നത് ഇയാളുടെ കൂട്ടുകാരൻ രഞ്ജുവിന്റെ അനിയത്തി രമ്യ ആണ്..”

ആദിത്യൻ  ഒന്ന് ചിരിച്ചു..

“എന്നെ പറ്റി ആരും നല്ലത് ചിന്തിക്കണ്ട..അത് എനിക്ക് ഇഷ്ടമല്ല…”

“അതേയ്, മാഷേ..നിങ്ങളുടെ കഥഅറിഞ്ഞതിലുള്ള സഹതാപം മൂത്തിട്ട് വിളിച്ചതൊന്നും അല്ല..എന്തോ, എനിക്ക് സോറി പറയാൻ  തോന്നി..അത്രേ ഉള്ളൂ..പിന്നെ പറ്റുമെങ്കിൽ ഒരു ഉപകാരം ചെയ്യണം..മുത്തശ്ശിയെ വിളിച്ചിട്ട് കിട്ടുന്നില്ല..ഒന്ന് അന്വേഷിക്കാമോ? സതിച്ചേച്ചി നാട്ടിൽ ഇല്ലാത്തത് കൊണ്ടാണ്..വേറെ ആരും   സഹായിക്കാൻ ഇല്ല …”

“ഞാനും ആർക്കും സഹായം ചെയ്യാറില്ല…വച്ചിട്ട് പോ കൊച്ചേ…” അവൻ   കട്ട് ചെയ്തു..

അങ്ങ് ദൂരെ ഹോസ്റ്റലിൽ ബെഡിൽ കിടന്നു മീനാക്ഷി പുഞ്ചിരിയോടെ ഫോണിൽ  നോക്കി. അവൾക്കു ഇപ്പൊ എല്ലാം അറിയാം..രമ്യ വിശദമായി  പറഞ്ഞിരുന്നു..

എല്ലാവരോടും  നല്ല രീതിയിൽ പെരുമാറുന്ന ചെറുപ്പക്കാരൻ, ഒരു ദുശീലങ്ങളും ഇല്ലാത്തവൻ…എല്ലാവർക്കും എന്ത് ഉപകാരങ്ങൾ വേണമെങ്കിലും ചെയ്യുന്നവൻ…നന്നായി പാടും, എഴുതും..അങ്ങനെയൊക്കെ ആയിരുന്നു ആദിത്യൻ….സാമ്പത്തികമായി നല്ല രീതിയിൽ ഉള്ള കുടുംബം…ആ  സമയത്താണ്  സ്മിതയുമായുള്ള പ്രണയം…എല്ലാവർക്കും അസൂയയായിരുന്നു അവരോട്…കുറേ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അവസാനം വീട്ടുകാർ സമ്മതം മൂളി…പക്ഷെ എല്ലാം മാറി  മറിഞ്ഞു..ഒരു റിസോർട്ടിൽ വച്ചു സ്മിതയെയും അവളുടെ കുടുംബത്തിൽ തന്നെ ഉള്ള ഒരാളെയും കാണാൻ പറ്റാത്ത രീതിയിൽ ആദിത്യൻ കണ്ടു…ആദ്യമൊക്കെ പ്രതിരോധിച്ചു നിന്നെങ്കിലും അവസാനം അവൾ സമ്മതിച്ചു, അവര് തമ്മിൽ ബന്ധം ഉണ്ടായിരുന്നു. ഭാര്യയും  കുട്ടികളുമൊക്കെ ഉള്ള മധ്യവയസ്കനായിരുന്നു അയാൾ…അതോടെ ആദിത്യന്റെ ഹൃദയം തകർന്നു….അവൻ  എല്ലാം അവസാനിപ്പിച്ചു..പക്ഷെ അവൾ വിട്ടില്ല..വിവാഹത്തിൽ നിന്നും ആദിത്യൻ പിന്മാറിയാൽ അതിന്റെ കാരണം പുറത്ത് വരും..അങ്ങനെ വന്നാൽ  എല്ലാരുടെ മുൻപിലും പരിഹാസപാത്രം ആകും..ഒടുവിൽ അവൾ കണ്ടുപിടിച്ച വഴി ആയിരുന്നു കേസ് കൊടുക്കുക എന്നത്..വിവാഹ വാഗ്ദാനം നൽകി പീ ഡിപ്പിച്ചു എന്നായിരുന്നു പരാതി…ഒത്തു തീർപ്പുകൾ എല്ലാം ആദിത്യൻ നിഷേധിച്ചു…പിന്നെ ജയിൽവാസം…നിരപരാധിത്വം തെളിയാൻ ഒന്നര വർഷത്തോളം എടുത്തു…അതോടെ  അവൻ പുതിയൊരു ആൾ ആയി..തികച്ചും  വ്യത്യസ്തനായ ഒരാൾ…

***********

ഹോസ്റ്റലിന്റെ ടെറസിൽ  കഴുകിയ തുണികൾ വിരിച്ചിടുകയായിരുന്നു മീനാക്ഷി. അനുപമ അങ്ങോട്ട് കയറി വന്നു…

“എടീ…നിന്റെ ഫോൺ കുറേ നേരമായി  അടിക്കുന്നു..”

“ആരാ?”

“മുത്തശ്ശിയാ..”

മീനാക്ഷി വേഗം കൈകൾ  നൈറ്റിയിൽ തുടച്ച് ഫോൺ വാങ്ങി..

“മുത്തശ്ശി എന്നെ പേടിപ്പിച്ചല്ലോ..എന്താ വിളിച്ചിട്ട് കിട്ടാഞ്ഞേ, “?

“എന്റെ മോളേ ഒന്നും പറയണ്ട…ഈ കുന്ത്രാണ്ടം കയ്യീന്ന് നിലത്ത് വീണു..ഇതിന്റെ ചില്ലൊക്കെ പൊട്ടി…നിന്നെ എങ്ങനെ വിളിക്കുമെന്ന് ആലോചിച്ചു നിൽകുമ്പോഴാ  അപ്പുറത്തെ വീട്ടിലെ ആ  കുഞ്ഞ് ഇങ്ങോട്ട് വന്നത്..അവൻ ഇത് എവിടെയോ കൊണ്ട് പോയി ശരിയാക്കി തന്നു…എന്നിട്ട് അവന്റെ നമ്പറും തന്നു..എന്തേലും ആവശ്യമുണ്ടേൽ വിളിച്ചോളാൻ പറഞ്ഞു…കാശ് കൊടുത്തിട്ട് വാങ്ങിയില്ല..”

മുത്തശ്ശി പിന്നെയും എന്തൊക്കെയോ പറഞ്ഞു  കൊണ്ടിരുന്നു..അതൊക്കെ അവ്യക്തമായാണ് മീനാക്ഷി കേട്ടുകൊണ്ടിരുന്നത്..അവളുടെ മനസ്സിൽ  ആദിത്യന്റെ രൂപം നിറഞ്ഞു നിന്നു…മുത്തശ്ശി ഫോൺ വച്ചതിനു ശേഷം അവൾ  ഫേസ്ബുക്ക് തുറന്നു..അത്യാവശ്യം കഥയും കവിതയുമൊക്കെ അവൾ എഴുതാറുണ്ട്…കുറച്ചു നേരം  വാളിൽ നോക്കിയിരുന്ന ശേഷം  അവൾ ആദിത്യൻ ആദി  എന്ന് സേർച്ച്‌ ചെയ്തു…ഒരുപാടു പേരുകൾക്കിടയിൽ അവൾ അവനെ കണ്ടെത്തി…ഫ്രണ്ട് അല്ലാത്തത് കൊണ്ട് പോസ്റ്റുകൾ ഒന്നും കാണാൻ പറ്റുന്നില്ല..പ്രൊഫൈൽ പിക്ചറിൽ ഉള്ള അവനും ഇപ്പോഴുള്ള രൂപവും തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല…അവൾ  വെറുതെ അവനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു…പിന്നെ വാട്സാപ്പിൽ അവന്റെ നമ്പറിൽ താങ്ക്സ് എന്ന് എഴുതി വിട്ടു…..

അവൾക്ക് ഒരു പുതിയ കഥ എഴുതണം എന്ന് തോന്നി…വഞ്ചിക്കപ്പെട്ട ഒരു യുവാവിന്റെ കഥ…അവനെ  നാശത്തിൽ നിന്നും കൈ പിടിച്ചുയർത്തുന്ന ഒരു പെൺകുട്ടിയുടെ കഥ…അവൾ  ടെറസിൽ നിന്ന് ചുറ്റും നോക്കി..രാത്രി വളരെ സുന്ദരമായി അവൾക്ക് അനുഭവപ്പെട്ടു….

**************

പിന്നെ ഇടക്കിടക്ക് മുത്തശ്ശിയുടെ പേരും പറഞ്ഞു മീനാക്ഷി അവനെ ശല്യപ്പെടുത്താൻ തുടങ്ങി…ദേഷ്യപ്പെടുമെങ്കിലും അവൻ  അനുസരിക്കും…ഇടക്ക്,  സുഖമാണോ എന്നൊക്കെ ചോദിച്ച് അവൾ അയക്കുന്ന മെസ്സേജുകൾക്ക് മറുപടി ഒന്നും കിട്ടാറില്ല. മാസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൾ അവനെ വിളിച്ചു.

“ഹലോ ആദീ…”

“എന്താ?”..

“നാളെ ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്. ഒരു ഉപകാരം ചെയ്യാമോ? നാളെ ബസ് സമരം ആണെന്ന് ന്യൂസിൽ കണ്ടു..ഒന്ന് എന്നെ ടൗണിൽ നിന്ന് പിക്ക് ചെയ്യാമോ പ്ലീസ്..”?

“എന്റെ കൈയിൽ വണ്ടി ഒന്നുമില്ല “

“എടോ, തന്റെ  വീട്ടുമുറ്റത്തു ഒരു ബൈക്ക് ഉണ്ടായിരുന്നല്ലോ..”?

“ഞാനതിൽ സ്ത്രീകളെ കയറ്റാറില്ല.”

“തത്കാലം ഞാൻ ഒരു ആണാണെന്ന്  വിചാരിച്ചോ…വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടാടോ…ഒന്ന് വാ “

“എന്നെ കൊണ്ട് പറ്റില്ല..എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? എന്നെ പരിചയപ്പെടുന്നതിനു മുൻപ് ഇയാൾ എങ്ങനെ ജീവിച്ചോ, അങ്ങനെ തന്നേ ഇനിയും മതി.”

“തനിക്ക് പറ്റുമെങ്കിൽ വാ…രാത്രി 8 മണിക്ക് ഞാൻ  സ്റ്റേഷനിൽ എത്തും.” അവൾ  ഫോൺ വച്ചു.

പിറ്റേന്ന് ട്രെയിൻ ഇറങ്ങി പുറത്ത് വരുമ്പോൾ സ്റ്റേഷൻ കവാടത്തിൽ  ആസ്വസ്ഥതയോടെ നിൽക്കുന്ന ആദിത്യനെ കണ്ട് അവൾ ചിരി അടക്കാൻ കഷ്ടപ്പെട്ടു..അവളെ ഒന്ന് രൂക്ഷമായി  നോക്കിയ ശേഷം അവൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു..അവൾ പിന്നാലെയും.

ബൈക്ക് സ്റ്റേഷനിൽ നിന്ന് വിട്ട ഉടനെ അവൾ  അവനോട് പറഞ്ഞു.

“ആദീ…എനിക്ക് വിശക്കുന്നു…എന്തേലും കഴിക്കണം..ഉച്ചമുതൽ പട്ടിണി ആണ്.”

അവൻ ഒന്നും മിണ്ടിയില്ല..കുറച്ച് ദൂരം പോയി, ആദ്യം കണ്ട റെസ്റ്റോറന്റിന് മുൻപിൽ അവൻ ബൈക്ക് നിർത്തി..

“എന്താ വേണ്ടതെന്നു വച്ചാൽ കഴിച്ചിട്ട് വാ “

“താനും വാ..”

“എനിക്ക് വേണ്ട..”

“അതെന്താ, എന്റെ കാശ് കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ചിട്ടാണോ?പേടിക്കണ്ട, ഞാൻ കൊടുത്തോളാം.. “

“ഇത് വല്ലാത്തൊരു കുരിശ് തന്നെ..” അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ കൂടെ ചെന്നു.

ചപ്പാത്തിയും മീൻ കറിയും അവൾ ഓർഡർ ചെയ്തു…ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും ആദിത്യനും  അവൾ അത് തന്നെ പറഞ്ഞു…കഴിച്ചു കൊണ്ടിരിക്കെ മീനാക്ഷി  വിളിച്ചു,

“ആദീ…”

പ്ളേറ്റിൽ നിന്നും മുഖമുയർത്തി അവൻ  ചോദ്യഭാവത്തിൽ അവളെ നോക്കി.

“താങ്ക്സ്..”

“എന്തിനാ കൂട്ടാൻ വന്നതിനാണോ?”

“അല്ല…ഇന്ന് താൻ മ ദ്യപിച്ചിട്ടില്ല..അതിന്..”

“അത് തന്നെ പേടിച്ചിട്ടോ, തന്നോടുള്ള ബഹുമാനം കൊണ്ടോ ഒന്നുമല്ല…വെ ള്ളമടിച്ചു വണ്ടിയൊടിച്ചു പോലീസ് പിടിച്ചാൽ കൊടുക്കാൻ കാശില്ല..അതാണ്‌ കാരണം..”

അവൻ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി..മീനാക്ഷി അവനെ  ആർദ്രമായി ഒന്ന് നോക്കി…. അപ്പോൾ വേണമെന്ന് വച്ചാൽ നിനക്ക് മ ദ്യം കഴിക്കാതിരിക്കാൻ പറ്റും അല്ലേ..നിന്നെ ഞാൻ മാറ്റിയെടുക്കും. തീർച്ച…അവൾ മനസ്സിൽ പറഞ്ഞു..കഴിച്ച് കഴിഞ്ഞ് അവൾ കൈ കഴുകി വരുമ്പോഴേക്കും അവൻ കൗണ്ടറിൽ പൈസ കൊടുത്തിരുന്നു.

ടൗണിൽ നിന്ന് കുറേ ഇപ്പുറം ഒരു പാലം ഉണ്ട്‌..അവിടെ എത്തിയപ്പോൾ അവൻ വണ്ടി നിർത്തി..

“ഒന്ന് ഇറങ്ങിക്കേ…” അവൾ ഇറങ്ങി..അവൻ പോക്കറ്റിൽ നിന്ന് സി ഗരറ്റ് എടുത്ത് വായിൽ വച്ചു…കത്തിക്കാൻ തുടങ്ങും മുൻപ് അവൾ  അത് വലിച്ചെടുത്ത്  പൊട്ടിച്ച് നിലത്തിട്ടു..ആദിയുടെ സമനില തെറ്റി..അവൻ അവളുടെ വലതു കൈ പിടിച്ചു ഞെരിച്ചു…

“നിന്റെ പ്രശ്നം എന്താടീ…?എന്റെ മനസമാധാനം കളയാനായിട്ട് ജനിച്ചതാണോ നീ? കുറെ ആയി ഞാൻ സഹിക്കുന്നു…ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഇനി എന്നെ ഒരു കാര്യത്തിന് വിളിക്കുകയോ, എന്റെ ഒരുകാര്യത്തിലും ഇടപെടുകയോ ചെയ്യരുത്.. കേട്ടല്ലോ?”

അവൻ പിടി വിട്ടു..മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു..അവൾ വലതു കൈ ഉയർത്തി അവനെ കാണിച്ചു..നേരിയ ഒരു സ്വർണവള ആ കൈയിൽ ഉണ്ടായിരുന്നു..അവൻ പിടിച്ചതിൽ അത് ഒടിഞ്ഞ് അതിന്റെ സൈഡ് കൊണ്ട് അവളുടെ കൈത്തണ്ട മുറിഞ്ഞിട്ടുണ്ട്…രക്തം പൊടിഞ്ഞു വരുന്നു..ആദിക്ക്‌ കുറ്റബോധം തോന്നി…അവൻ പക്ഷെ ഒന്നും പറഞ്ഞില്ല..ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..അവൾ പിന്നിൽ കയറി…അവൻ ഗ്ലാസ്സിലൂടെ നോക്കുമ്പോൾ മീനാക്ഷി കണ്ണുനീർ തുടയ്ക്കുന്നത് കണ്ടു..അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് കൊണ്ടു വന്നു..ആ  വള പണിപ്പെട്ടു ഊരിയെടുത്തു പോക്കറ്റിൽ ഇട്ടു. അതിന് ശേഷം ബൈക്ക് മുന്നോട്ട് എടുത്തു….

***************

വീടിനു മുൻപിൽ എത്തുമ്പോൾ സമയം  രാത്രി പതിനൊന്നു മണി ആയി…അവൾ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു..

“മീനൂ…” പിന്നിൽ നിന്നും മൃദുവായ സ്വരത്തിൽ ആദിത്യൻ വിളിച്ചു…അവൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി..ആദ്യമായാണ് അവൻ അങ്ങിനെ വിളിക്കുന്നത്…

“സോറി….വേണമെന്ന് വച്ചു ചെയ്തതല്ല..” തെല്ലു പതർച്ചയോടെ അവൻ പറഞ്ഞു..

“വള ഞാൻ നാളെ  ശരിയാക്കി കൊണ്ടു തരാം..അല്ലെങ്കിൽ ഇത് മാറ്റി വേറെ വാങ്ങാം..ഇത് പഴക്കമുള്ളതല്ലേ..?അതാണ്‌ പെട്ടെന്നു ഒടിഞ്ഞത്..”

“ശരിയാണ് താൻ പറഞ്ഞത്…ഇത് വളരെ പഴക്കം ചെന്ന വള ആണ്.. എന്നാലും മാറ്റി വാങ്ങണ്ട,..കാരണം  ഇത് എന്റെ അമ്മ തന്നതാ…അച്ഛന്റെ കണ്ണിൽ പെടാതെ ഇത് ഒളിച്ചു വെക്കാൻ ആ പാവം ഒരുപാടു കഷ്ടപ്പെട്ടിരുന്നു…മരിക്കും മുൻപ് അമ്മ എന്റെ കയ്യിൽ ഇട്ടു തന്നിട്ട് അമ്മ പറഞ്ഞു, മോൾക്ക് തരാൻ ഇതേ ഉളളൂ എന്ന്…”

ആദിത്യൻ സ്തബ്ധനായി നിൽക്കുകയാണ്..

“ആദീ…ആർക്കോ വേണ്ടി സ്വയം നശിക്കുന്ന തന്നെ നേർവഴിക്കു കൊണ്ടു വരണം എന്ന ആഗ്രഹം മാത്രമായിരുന്നു എനിക്ക്..പക്ഷേ, ഇപ്പൊ അതിലുപരി എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്…അതുകൊണ്ട് പറയുകയാ…തന്നെ ച തിച്ചവരോട് പ്രതികാരം ചെയ്യേണ്ടത് ഇങ്ങനെ അല്ല..അവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം…ഇങ്ങനെ ഒരാളെ വഞ്ചിച്ചല്ലോ എന്നോർത്തു അവർ നീറണം…ആദിയെ ഉപദേശിക്കാൻ മാത്രമുള്ള യോഗ്യത ഒന്നും എനിക്കില്ല എന്നറിയാം..എന്നാലും  ഒന്ന് ചിന്തിച്ചു നോക്ക്…എനിക്ക് വേണ്ടി..”

അവൾ  അകത്തേക്ക് കയറി പോയി..ആദിത്യൻ ബൈക്കിൽ തന്നെ ഇരുന്നു…ചലനശേഷി നഷ്ടമായ പോലെ അവനു തോന്നി….ഇത്രയും അവഗണിച്ചിട്ടും പരുഷമായി പെരുമാറിയിട്ടും, വേദനിപ്പിച്ചിട്ടും അവൾ കാണിക്കുന്ന സ്നേഹം തന്നെ വരിഞ്ഞു മുറുക്കുന്നതായി അവനു അനുഭവപ്പെട്ടു…ഹൃദയത്തിന്റെ കരിങ്കൽഭിത്തികളെ തകർത്തുകൊണ്ട് അകത്തു കയറാൻ ശ്രമിക്കുന്ന പെൺകുട്ടി..വറ്റിപ്പോയി എന്ന് വിശ്വസിച്ചിരുന്ന തന്റെ കണ്ണുനീർ വീണ്ടും ഒഴുകുന്നത്  ആദിത്യനു വിശ്വസിക്കാൻ കഴിഞ്ഞില്ല…

**************

ഏക്കർകണക്കിന് പരന്നു കിടക്കുന്ന തെങ്ങിൻതോപ്പിന് നടുവിൽ ഉള്ള ഒരു അമ്പലം…ആദിത്യന്റെ കുടുംബക്ഷേത്രമാണ് അത്..ക്ഷേത്രത്തിന്റെ പിന്നിൽ പുഴ  ശാന്തമായി  ഒഴുകുന്നു….അസ്‌തമിക്കാൻ വെമ്പുന്ന സൂര്യനെ  നോക്കി ക്ഷേത്രത്തിന്റെ പിറകു വശത്തെ മതിലിൽ  ചാരി നില്കുകയായിരുന്നു മീനാക്ഷിയും ആദിത്യനും..അവൾ  നിർബന്ധിച്ചതിനാൽ  മാത്രമാണ് അവൻ വന്നത്…ഒരുപാടു തവണ സ്മിതയെയും കൂട്ടി വന്നിട്ടുണ്ട്..ആ ഓർമകളുടെ ചൂടിൽ ആദിത്യൻ വെന്ത് ഉരുകാൻ തുടങ്ങി.

“നമുക്ക് പോയാലോ?”. അവൻ ചോദിച്ചു…

“കുറച്ചൂടെ കഴിയട്ടെ മാഷേ…ഇത്രേം ദൂരം  വന്നതല്ലേ “.. അവൾ  നേർത്ത ചിരിയോടെ പറഞ്ഞു..

ഈ ക്ഷേത്രത്തെ പറ്റി മീനാക്ഷി എങ്ങനെ അറിഞ്ഞു എന്ന് അവനു മനസിലായില്ല. ചിലപ്പോൾ രമ്യ പറഞ്ഞതായിരിക്കും…

“ഇത്രേം വിദ്യാഭ്യാസം ഉള്ള താനെന്തിനാ ആദീ, ക്വാറിയിൽ പണിക്ക് പോണേ? വേറെ വല്ലതും  ശ്രമിച്ചൂടെ?”

“ഞാൻ ഇങ്ങനൊക്കെ ജീവിച്ചു പൊയ്ക്കോളാം…എന്നെ ഉപദ്രവിക്കരുത്..”

“എടോ…വല്ലാതെ അങ്ങ് അഹങ്കരിക്കല്ലേ…ഇവിടെ പഠിക്കാൻ കഴിവുണ്ടായിട്ടും  സാമ്പത്തികശേഷി ഇല്ലാത്ത കാരണം എല്ലാം അവസാനിപ്പിക്കേണ്ടി വന്ന  ഒരുപാടു കുട്ടികൾ ഉണ്ട്‌. അപ്പോഴാ , തേച്ചിട്ട് പോയ ഒരുത്തിക്കു വേണ്ടി ഇവിടെ ഒരാൾ… “

ആദിത്യൻ ദേഷ്യപ്പെടും എന്നാണ് അവൾ പ്രതീക്ഷിച്ചിരുന്നത്..പക്ഷേ  ആ മുഖത്തു വേദന നിറഞ്ഞു…

“എന്റെ കൂട്ടുകാരന്റെ ബ്രദറിന്റെ റിസോർട് ആയിരുന്നു അത്..അവനെ കാണാൻ പോയതായിരുന്നു..ക്‌ളീനിംഗിന് നിന്ന ഹിന്ദിക്കാരൻ പയ്യനെ അവിടെ താമസിച്ചിരുന്ന ഒരാൾ തല്ലി..കരഞ്ഞോണ്ട് വരുന്ന പയ്യനെ കണ്ടപ്പോൾ വിഷമവും ദേഷ്യവും  തോന്നി…അയാൾക്ക് രണ്ട് പൊട്ടിക്കാൻ വേണ്ടി കതക് തള്ളി തുറന്ന് കയറിയതാ  ഞങ്ങൾ…അച്ഛന്റെ പ്രായമുള്ള അയാൾക്ക് പിറകിൽ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളും ല ഹരി നിറഞ്ഞ കണ്ണുകളുമായി നിന്നത് ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവൾ  ആയിരുന്നു…അതും  വിവാഹത്തിന് മാസങ്ങൾ ബാക്കി ഉള്ളപ്പോൾ…അന്നത്തെ എന്റെ മാനസികാവസ്ഥ മീനുവിന് ഊഹിക്കാൻ പോലും പറ്റില്ല….ഇന്നും കണ്ണടക്കുമ്പോൾ തെളിയുന്നത് ആ  രംഗം ആണ്…അത് മറക്കുന്നത്  ക്വാറിയിൽ പൊരി വെയിലത്തു പണി എടുക്കുമ്പോഴും, മ ദ്യപിച്ചു കിടന്നുറങ്ങുമ്പോഴും മാത്രമാണ്…അവളെ കെട്ടിയിരുന്നെങ്കിൽ എനിക്ക് ശിക്ഷയിൽ നിന്നും ഒഴിവാക്കാമായിരുന്നു..പക്ഷെ ആ ഓഫർ സ്വീകരിച്ചില്ല. അവളെ സ്നേഹിച്ചതിനും വിശ്വസിച്ചതിനും  എനിക്ക്  ഞാൻ തന്നെ വിധിച്ചതാണ് ജയിൽവാസം..”

മീനാക്ഷി അവന്റെ കൈയിൽ പിടിച്ചു.

“പക്ഷെ നീ ഇന്നും അവളെ  സ്നേഹിക്കുന്നുണ്ട്..സത്യമതാണ് ആദീ…”

അവൻ ഞെട്ടലോടെ  അവളെ  നോക്കി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി..

“നീ ഇല്ലെന്ന് പറഞ്ഞാലും അതാണ്‌ സത്യം..അല്ലെങ്കിൽ അവളുടെ ഓർമ്മകൾ ഇങ്ങനെ നിന്നെ ശ്വാസം മുട്ടിക്കില്ല…”

എന്ത് പറഞ്ഞ് അവളെ പ്രതിരോധിക്കും എന്ന് ചിന്തിക്കുമ്പോൾ പുഴയ്ക്കും ക്ഷേത്രത്തിനും നടുവിൽ ഉള്ള റോഡിലൂടെ  ഒരു കാർ വരുന്നത് ആദിത്യൻ കണ്ടു..അവർക്കരികിൽ വന്നു നിർത്തിയ കാറിൽ  നിന്നും ഇറങ്ങിയ ആളെ കണ്ട്  അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു…

“അമ്മ…”!!

ശ്രീദേവി ടീച്ചർ മെല്ലെ അവർക്ക് അരികിലെത്തി, എന്നിട്ട് മീനാക്ഷിയെ  നോക്കി ഒന്ന് പുഞ്ചിരിച്ചു..

“നിങ്ങള് സംസാരിച്ചിരിക്ക്,..ഞാൻ അപ്പുറത്തു ഉണ്ട്‌..” അവൾ ക്ഷേത്രത്തിന്റെ മുൻവശത്തേക്ക് നടന്നു..

അമ്മയുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ ആദിത്യൻ തല താഴ്ത്തി നിന്നു…

“സുഖമാണോ കണ്ണാ.”? സ്നേഹത്തോടെ ഉള്ള ആ  ചോദ്യം കേട്ടപ്പോൾ തന്നെ അവന്റെ ഹൃദയം വിങ്ങി..

“അമ്മയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ.?”

ശ്രീദേവി അവന്റെ കവിളിൽ അരുമയായി തലോടി..

“എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ പറ്റുമോ?ഓരോ ദിവസവും കാത്തിരിക്കുകയായിരുന്നു..നീ വരുമെന്ന് കരുതി…പക്ഷെ വന്നില്ല.. നിന്നോട് ഇറങ്ങി പോകാൻ പറഞ്ഞത് ആ സമയത്തെ ദേഷ്യത്തിൽ അല്ലേ കണ്ണാ..? ബന്ധുക്കളൊക്കെ ഇരിക്കുന്ന സമയത്ത് നീ ക ള്ളുകുടിച്ചു ലക്ക് കെട്ട് കയറി വന്നപ്പോൾ സങ്കടം സഹിച്ചില്ല..അച്ഛൻ മറ്റുള്ളവരുടെ മുൻപിൽ അപമാനം കൊണ്ട് തല കുനിച്ചു നിന്നപ്പോഴാ ഞാൻ അങ്ങനെ പറഞ്ഞത്…എത്ര ദിവസം നിന്നെയും തേടി അച്ഛൻ അലഞ്ഞെന്നോ..ഞങ്ങൾ വിളിച്ചാലും നീ ഫോൺ എടുക്കില്ല..അവസാനം നിന്റെ അച്ഛനാ പറഞ്ഞത്  എല്ലാം മറന്ന് നീ വരുന്നത്  വരെ കാത്തിരിക്കാൻ……”

“അച്ഛന് ഇപ്പോഴും എന്നോട് വെറുപ്പ് ആയിരിക്കും അല്ലേ?”

ശ്രീദേവി അവന്റെ തോളിൽ മെല്ലെ ഒന്നടിച്ചു..

“നിന്നോട് വെറുപ്പോ??രാത്രികളിൽ ആ പാവം ഉറങ്ങാതെ കണ്ണീരോഴുക്കാറുണ്ട്…എഞ്ചിനീയർ മോഹൻദാസിനും ശ്രീദേവി ടീച്ചർക്കും ഒരേയൊരു മകനെ നേർവഴിക്കു നടത്താൻ പറ്റിയില്ല എന്ന് പലരും കളിയാക്കിയിട്ടുണ്ട്..അന്നൊക്കെ അദ്ദേഹം പറഞ്ഞത്  എന്റെ മോൻ അനുഭവിച്ച വേദനയെക്കാൾ വലുതല്ല ഈ നാണക്കേട് എന്നാ..”

അത് വരെ സംഭരിച്ചു വച്ചിരുന്ന ശക്തി എല്ലാം ചോർന്നു പോകുന്നതായി  ആദിത്യൻ അറിഞ്ഞു…അവൻ ഒരു  കൊച്ചു കുഞ്ഞിനെ പോലെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു….ഒരുപാടു നേരം….

ചുറ്റും ഇരുൾ പടർന്നു  തുടങ്ങി…അമ്മയോട് ചേർന്ന് ക്ഷേത്രത്തിന്റെ മുന്നിലേക്ക് നടക്കുമ്പോൾ അവൻ ചോദിച്ചു…

“ഞാൻ ഇവിടെ ഉണ്ടാകുമെന്ന് അമ്മ എങ്ങനെ അറിഞ്ഞു?”

“മീനു എന്നെ വിളിച്ചിരുന്നു..ഒരിക്കൽ എന്നെ കാണാനും വന്നു..”

അവൻ അത്ഭുതത്തോടെ അമ്മയെ നോക്കി…

ക്ഷേത്രനടയിൽ  മീനാക്ഷി  നിൽപുണ്ടായിരുന്നു..

“അമ്മയെയും മോനെയും ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു…നട അടക്കാൻ സമയമായി…”

മൂവരും കൈകൂപ്പി പ്രാർത്ഥിച്ചു…ദീപപ്രഭയിൽ തിളങ്ങുന്ന ദേവീ വിഗ്രഹത്തെ നോക്കുമ്പോൾ ആദിത്യന്റെ മനസ്സിൽ  ഒരുപാടു നാളുകൾക്ക് ശേഷം ഒരു കുളിർമ  തോന്നി…..

കുറച്ചു നേരം കൂടി സംസാരിച്ച ശേഷം  ശ്രീദേവി കാറിൽ കയറി..

“നീ എപ്പോഴാ കണ്ണാ  വീട്ടിലേക്ക് വരുന്നത്.?”

“ഞാൻ വരാം അമ്മേ കുറച്ച് സമയം കൂടി  വേണം..”

ശ്രീദേവി ആശങ്കയോടെ അവനെ നോക്കി..

“അമ്മ പേടിക്കണ്ട..ആദി ഇനി സ്വയം നശിക്കില്ല…ഞാൻ അതിന് വിടില്ല. ധൈര്യമായി പൊയ്ക്കോ..എത്രയും പെട്ടെന്ന് ഇവൻ അങ്ങോട്ട് വരും…”

മീനാക്ഷി  അവരുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ  അവൻ ചോദിച്ചു,

“അല്ല, ഒന്നൂടെ പറഞ്ഞേ… നീ എന്നെ വിടില്ലെന്നോ?? എന്നെ തടയാൻ മാത്രം ധൈര്യം ഉണ്ടോ നിനക്ക്?.”

“എന്താ സംശയം? തടഞ്ഞിരിക്കും…നന്നാക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ…”

ആദിത്യൻ അവളുടെ  തൊട്ട് മുന്നിൽ ചെന്നു നിന്നു..ആ കണ്ണുകളിലേക്ക് തന്നെ നോക്കി..

“നീ എന്റെ ആരാ?”

“അറിയില്ല…ആരൊക്കെയോ ആവാൻ ശ്രമിക്കുന്ന ഒരാൾ…” മിഴികൾ ചിമ്മാതെ അവന്റെ നോട്ടത്തെ നേരിട്ട് കൊണ്ട് അവൾ മന്ത്രിച്ചു…

“വേണ്ട മീനൂ…ഇനി എനിക്ക് വയ്യ…മനസ്സിലെ മുറിവ് വർഷങ്ങളായിട്ടും  ഉണങ്ങിയിട്ടില്ല…”

“അറിയാം…ഒരിക്കൽ നീ ഇതിൽ നിന്ന് പുറത്തു വരും..അത് വരെ  ഞാൻ കാത്തിരിക്കും…പക്ഷെ നിന്നെ നശിക്കാൻ ഞാൻ  വിടില്ല…”

അവളുടെ  സ്വരം ഉറച്ചു..സ്നേഹത്തിന് മുന്നിൽ താൻ തോറ്റുപോവുകയാണെന്ന് ആദിത്യന് മനസ്സിലായി…

*************

പഴയ ജീവിതത്തിലേക്ക് ആദിത്യൻ പതിയെ തിരിച്ചു വരികയായിരുന്നു…അതിനിടയിൽ അപ്രതീക്ഷിതമായി ഒന്ന് നടന്നു..

ഫേസ്ബുക്കിൽ മീനാക്ഷി ഒരു കഥ  എഴുതിയിരുന്നു… പേര് “സൂര്യഹൃദയം..” ആദിത്യന്റെ കഥ ആയിരുന്നു അത്..സ്നേഹിച്ച പെണ്ണിനാൽ ചതിക്കപ്പെട്ട  സൂര്യൻ എന്ന യുവാവിന്റെ കഥ…അത് പോസ്റ്റ്‌ ചെയ്തത് ആദിത്യനുമായി ഇത്രയും അടുക്കുന്നതിന് മുൻപായിരുന്നു…പക്ഷെ പിന്നെ അവൾ അതിന്റെ കാര്യം തന്നെ മറന്നു പോയി..ജോലിത്തിരക്ക്‌ കാരണം അവൾ ഫേസ്ബുക്ക്‌ തുറക്കാറുമില്ല…ഹോസ്റ്റലിൽ എത്തി കുളിച്ചു വല്ലതും കഴിച്ചാൽ ഉടൻ  ആദിത്യനുമായി ഫോണിൽ  സംസാരിക്കും..ഒരു കാരണവശാലും അവൻ മ ദ്യത്തെ കുറിച്ച് ചിന്തിക്കരുത് എന്ന വാശി ആയിരുന്നു അവൾക്ക്…പല രാത്രികളിലും സംസാരം നിർത്തുന്നത് രണ്ടുപേരും ഉറക്കത്തിലേക്ക് വീണാൽ മാത്രമായിരുന്നു…..

കുറേ കാലത്തിനു ശേഷമാണ് ആദിത്യൻ  തന്റെ ഫേസ്ബുക് ഓപ്പൺ ചെയ്തത്..ഒരുപാടു നോട്ടിഫിക്കേഷനും മെസ്സേജുകളും കിടപ്പുണ്ട്…ഫ്രണ്ട് റിക്വസ്റ്റുകൾക്കിടയിൽ മീനാക്ഷിയെ അവൻ കണ്ടു…അവളെ ആഡ് ചെയ്ത് പ്രൊഫൈലിൽ കയറിയപ്പോൾ  സൂര്യഹൃദയം എന്ന കഥയാണ് ആദ്യം അവന്റെ കണ്ണിൽപ്പെട്ടത്…വായിക്കുംതോറും അവന്റെ മനസ് പ്രക്ഷുബ്ദം ആയി…എന്താണോ മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, അത് തൊട്ടു മുന്നിൽ….കുറേ ലൈക്സും കമന്റ്സും ഉണ്ട്‌. പതിനെട്ടു പേർ ഷെയർ ചെയ്തിട്ടുമുണ്ട്….അവൻ കമന്റുകൾ വായിച്ചു…മിക്കതും അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ളതാണ്..മൂന്നു നാലെണ്ണം കഥയിലെ നായകനായ സൂര്യനെ കളിയാക്കി കൊണ്ടുള്ളത്…അവന്റെ കഴിവ് കേടു കൊണ്ടാണ് കാമുകി പ്രായം ചെന്ന ഒരുത്തന്റെ കൂടെ കിടക്ക പങ്കിട്ടതെന്നും മറ്റും….അതൊക്കെ വായിച്ചപ്പോൾ വീണ്ടുമാരോ ഹൃദയത്തെ കീറി മുറിക്കും പോലെ ആദിത്യന് തോന്നി…

***********

ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ  മീനാക്ഷി ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി…സാധാരണ  ഈ സമയത്ത് ആദിത്യൻ  വിളിക്കേണ്ടതാണ്..പക്ഷെ ഇന്ന് വിളിച്ചില്ല..അവനെ വിളിക്കാൻ തുടങ്ങുമ്പോഴാണ് വാട്സാപ്പ് നോട്ടിഫിക്കേഷൻ കണ്ടത്…ആദി എന്തോ മെസ്സേജ് അയച്ചിട്ടുണ്ട്…അവൾ വേഗം ഓപ്പൺ ആക്കി…തന്റെ ഫേസ്ബുക് പോസ്റ്റിലെ കമന്റുകളുടെ സ്ക്രീന്ഷോട്സ്…അതിന്  താഴെ ആദിയുടെ മെസ്സേജ്..

“കുറച്ചു ലൈക്കിനും കമന്റ്സിനും വേണ്ടി നീ  തു ണിയുരിച്ചു നിർത്തിയത് എന്നെ തന്നെ ആണ്…ഒരിക്കലും നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല..ഇതിലും നല്ലത് എന്നെ കൊ ല്ലുന്നതായിരുന്നു…നിനക്ക് വേണ്ടി സന്തോഷത്തോടെ ഞാൻ നിന്നു തന്നേനെ….ഒരുപാടു നന്ദിയുണ്ട്….”

വായിച്ചു കഴിഞ്ഞതും  മീനാക്ഷിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…ഇത്തരം ഒരു അപകടം അവൾ  തീരെ പ്രതീക്ഷിച്ചിരുന്നില്ല…അവൾ അവനെ ഫോൺ  വിളിച്ചു..പക്ഷെ സ്വിച്ച് ഓഫ് ആയിരുന്നു..പരിസരബോധം  നഷ്ടപ്പെട്ട മീനാക്ഷി കരഞ്ഞു കൊണ്ട് പിന്നെയും പിന്നെയും അവനെ വിളിക്കാൻ ശ്രമിച്ചു…ആസന്നമായ ഒരു ദുരന്തം അവൾ മനസ്സിൽ  കണ്ടു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..