അതൊക്കെ അവളുടെ അഭിനയമാണെടാ ചെക്കാ..പണി എടുക്കാതിരിക്കാനുള്ള അവളുടെ അടവ്…

മരുമകൾ

Story written by Musthafa Alr N

============

മിഥുൻ ഉറക്കമേണീറ്റ് ഉമ്മറത്തേക്ക് വന്നപ്പോൾ അമ്മയുണ്ട് കസേരയിൽ ഇരിക്കുന്നു..അവനെ കണ്ടപ്പോ അവര് മുഖമുയർത്തി..

“എന്താടാ അവളുടെ പള്ളിയുറക്കം കഴിഞ്ഞില്ലേ ഇതു വരെ??” അവൻ തിണ്ടിലേക്കിരുന്നു..

“അല്ലമ്മ അവൾക്ക് ഇന്നലെ രാത്രി തലവേദനയോ തലകറക്കമോ ഉണ്ടെന്ന് പറഞ്ഞിരുന്നു..അതിന്റെ ക്ഷീണം ഉണ്ടെന്ന് തോന്നുന്നു..”

“അതൊക്കെ അവളുടെ അഭിനയമാണെടാ ചെക്കാ..പണി എടുക്കാതിരിക്കാനുള്ള അവളുടെ അടവ്”

“കെട്ടിലമ്മയായി ഇവിടെ വാഴാം എന്നാണ് മനസ്സിലിരിപ്പെങ്കിൽ അതിവിടെ നടക്കില്ല..”

“അവളെ പഠിക്കാൻ വിടാത്തതിലുള്ള കെറുവാ..”

“പഠിപ്പിന്റെ പേരും പറഞ്ഞു നാട് തെണ്ടാൻ..അല്ലാതെന്താ..” അവര് പിറുപിറുത്തു കൊണ്ടിരുന്നു..

ഇതെല്ലാം കേട്ട് മുറിയിൽ കിടക്കുകയായിരുന്നു വിസ്മയ..

മിഥുൻ ഇതെല്ലം കേട്ടതായി ഭാവിക്കാതെ ഇരിക്കുന്നുണ്ടാവും എന്നവൾ ഊഹിച്ചു. അല്ലെങ്കിലും അങ്ങനെയാ..അമ്മ പറയുന്നതിനപ്പുറം മറ്റൊന്നില്ല..ഭയങ്കര പേടിയാണ്..സ്വന്തം ഭാര്യയെ ചേർത്തു പിടിക്കേണ്ട സമയം അമ്മയെ പേടിച്ചു ഒരക്ഷരം മിണ്ടാതെ കേട്ട് നിൽക്കും..

‘സാരമില്ല പോട്ടെ അമ്മയല്ലേ’ എന്നൊരു ആശ്വാസവാക്കിന് താൻ കൊതിച്ചിട്ടുണ്ട്..കല്യാണം കഴിഞ്ഞു വരുമ്പോ ഒട്ടേറെ പ്രതീക്ഷകളായിരുന്നു..പഠിപ്പു പൂർത്തിയാക്കണം..ഒരു സ്ഥിര വരുമാനമുള്ള ജോലി നേടണം..പക്ഷെ വന്നു കേറി മൂന്നാം നാള് തുടങ്ങിയതാണ് ഈ പോര്..ആദ്യമൊക്കെ സ്ത്രീധന ബാക്കി ചോദിച്ചു എന്നും വഴക്കായിരുന്നു..മനസ്സമാധാനത്തോടെ ഉണ്ണാനും ഉറങ്ങാനും കഴിയാത്ത ദിനങ്ങൾ. രാവിലെ നാലു മണിക്ക് എണീറ്റാൽ തുടങ്ങുന്ന ജോലിയാണ്..ഡ്രെസ്സ് കഴുകലും മുറ്റമടിക്കലും വൃത്തിയാക്കലും..എല്ലാം കഴിഞ്ഞു സ്വസ്ഥമായി ഇരിക്കാൻ ഇന്നു വരെ എനിക്ക് കഴിഞ്ഞിട്ടില്ല..

അവൾ തന്റെ അമ്മയെ ഓർത്തു..അവൾക്ക് കരച്ചിൽ വന്നു. തലയിണയിൽ മുഖമമർത്തി അവൾ കരച്ചിൽ അടക്കി..ആ കിടപ്പ് അൽപ്പ നേരം കിടന്നിട്ട് അവൾ എണീറ്റു ഇരുന്നു..കണ്ണീര് ഉണങ്ങിയ മുഖം അമർത്തി തുടച്ചു..ഇനി കിടന്നാൽ ഇതിലും വലുത് കേൾക്കേണ്ടി വരും..തലക്ക് എന്തോ മിന്നൽ പോലെ..തല കറക്കം ഇപ്പോഴും ഉണ്ട് തോന്നി അവൾക്ക്..തല ഒരിടത്തു ഉറച്ചു നിലക്കാത്ത പോലെ..

അവൾ എണീറ്റു നിന്ന് പതിയെ നടക്കാൻ ശ്രെമിച്ചു..കാലുകൾക്ക്‌ ബലക്ഷയം സംഭവിച്ചോ എന്ന് തോന്നി..വേച്ചു വേച്ചു അവൾ അടുക്കളയിലേക്ക് നടന്നു..

****************

“ഏട്ടാ എന്നെയൊന്നു ആശുപത്രിയിൽ കൊണ്ടൊവോ..എനിക്ക് തീരെ വയ്യ..തല കറങ്ങുന്നുണ്ട് ഇപ്പോഴും “

വൈകുന്നേരം മിഥുൻ നേ അടുത്ത് കിട്ടിയപ്പോൾ വിസ്മയ ചോദിച്ചു..പക്ഷെ അത് കേട്ട് കൊണ്ടാണ് മിഥുൻ ന്റെ അമ്മ വന്നത്..

“ആർക്കാ ആശുപത്രിയിൽ പോകണ്ടത്..ആർക്കാ അസുഖം..”??

“അത്..ഇവൾക്ക്…എന്തോ..തല കറക്കം..” മിഥുൻ അമ്മയെ നോക്കി..

“അത് ആശുപത്രിയിൽ പോയി കുറേ കാശ് ചിലവാക്കേണ്ട കാര്യമൊന്നുമില്ല..”

“മനുഷ്യരാവുമ്പോ കുറച്ചൊക്കെ തല കറങ്ങും..” അവര് ആരോടെന്നില്ലാതെ പറഞ്ഞു..

“മുറ്റത്തു ഉണക്കാനിട്ട മുളക് വാരി വെക്കാൻ നോക്ക് പോയിട്ട്..”

“വെറുതെ ഇങ്ങനെ മേലനങ്ങാതെ തിന്നിട്ടാ ഇങ്ങനെ ഓരോന്ന് തോന്നുന്നത്..”

അതും പറഞ്ഞു അവര് മുറിയിലേക്ക് പോയി..അവൾക്കത് സഹിക്കാൻ ആയില്ല..

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ അവൾ മിഥുന്റെ മുഖത്തേക്ക് നോക്കി..

അവന്റെ മുഖത്തു തന്നോട് തെല്ലും സഹതാപം ഇല്ല ന്നു മനസ്സിലായി..അവൾക്കവനോട് ഒരേ സമയം ദേഷ്യവും വെറുപ്പും തോന്നി..തന്റെ സങ്കടവും വിഷമങ്ങളും പറയാനും അറിയാനും ആരുമില്ല എന്ന തോന്നൽ അവളിൽ ഉണ്ടായി..അവൾ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു..

മിറ്റത്തു പായയിൽ ഉണക്കനിട്ട മുളക് വാരി ചാക്കിലാക്കുമ്പോൾ അവൾക്ക് അമ്മയെ ഒന്ന് വിളിക്കണം തോന്നി.

എത്ര സങ്കടം വന്നാലും ഏതെല്ലാം രീതിയിൽ ഇവര് വിഷമിപ്പിച്ചാലും ഒന്നും അമ്മയെ അറിയിച്ചിട്ടില്ല..അമ്മക്കറിയാം ഇവിടെ അത്ര സുഖത്തിലല്ല ഞാനെന്നു..എന്നാലും അഡ്ജസ്റ്റ് ചെയ്യുകയാണ് എന്ന് അമ്മക്ക് അറിയാവുന്നതാണ്..അമ്മയെ വിഷമിപ്പിക്കണ്ട ന്നു കരുതി ഒന്നും പറയാറില്ല..മുളക് വാരി കഴിഞ്ഞു ചാക്കിലാക്കി കെട്ടി അകത്തേക്ക് വെച്ചു..അവൾ അകം മുഴുവൻ ഒന്ന് വീക്ഷിച്ചു..അമ്മയുടെ മുറിയിൽ എത്തി നോക്കുമ്പോ അവര് കട്ടിലിൽ കിടക്കുന്നുണ്ട്..ശബ്ദമുണ്ടാക്കാതെ അവൾ അവളുടെ മുറിയിലേക്ക് നടന്നു..ഫോൺ വിളിക്കുന്നത് കേട്ടിട്ട് വേണം ഇനി ആർക്ക് വിളിച്ചു എന്തിന് വിളിച്ചു ന്നൊക്കെയുള്ള ചോദ്യങ്ങൾ വരാൻ..

അവൾ മുറിയിലിരിക്കുന്ന ഫോൺ എടുത്തു മെല്ലെ ടെറസിൽ ലേക്ക് പടി കയറി..കോണി കൂടിന്റെ വാതിൽ തുറന്നു ടെറസിലേക്ക് കടന്നു..വാതിൽ ചാരി. കൂട്ടിയിട്ടിരിക്കുന്ന മണൽ കൂനയിൽ ഉള്ള താബുക് കട്ടയിൽ ഇരുന്നു..നമ്പർ ഡയൽ ചെയ്തു അപ്പുറത്തെ ശബ്ദത്തിനായി കാത്തിരുന്നു..

‘ഹെലോ..’ അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾക്ക് കരച്ചിൽ വന്നു..

അവൾ ഒരു നിമിഷം മിണ്ടാതെയിരുന്നു..

“മോളെ എന്ത..നിനക്ക് സുഖമാണോ.. “

ഉം..അവൾ മൂളുക മാത്രം ചെയ്തു. അതിലെന്തോ പന്തികേട് മണത്തത് പോലെ അമ്മയുടെ സ്വരം വീണ്ടും ഉയർന്നു..

“എന്തെ മോളെ നിനക്കെന്തെങ്കിലും വല്ലായിക ഉണ്ടോ..” ഞാനങ്ങോട്ടു വരണോ “

“അമ്മാ എനിക്ക് വയ്യമ്മാ..ഇന്നലെ രാത്രി തുടങ്ങീതാ തല ചുറ്റൽ..”

“എന്നിട്ട് ആശുപത്രിയിൽ പോയില്ലേ മോളെ..” അവര് ആവലാതിയോടെ ചോദിച്ചു.

“ഇല്ലമ്മാ..ആരും കൊണ്ടോയില്ല..എനിക്ക് അമ്മയെ കാണണം..അമ്മ ഇങ്ങോട്ട് വരാമോ..എനിക്ക് അമ്മയുടെ കൂടെ നിൽക്കണം..”

“ശെരി മോളെ അമ്മ വരാം..ട്ടൊ വിഷമിക്കണ്ട”

“ഞാൻ വെച്ചോട്ടെ.. ഞാൻ വേഗം വരാ “

“ശെരിയമ്മാ..”

അവൾ ഫോൺ വെച്ചു..തലക്ക് കയ്യൂന്നി ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ പേടിയുണ്ടായിരുന്നു. ഇനി അമ്മ വന്നാൽ എന്തൊക്കെ പുകിലാണ് ഉണ്ടാവാണേ അറിയില്ല..വീട്ടിൽ നിന്നു ആര് വരുന്നതും ഇവര്ക്കിഷ്ട്ടല്ല..അവൾ എണീറ്റു വാതിൽ തുറന്നു പടവുകൾ ഇറങ്ങി.

***************

മിറ്റത്തു ഓട്ടോ വന്നു നിൽക്കണ ശബ്ദം കേട്ടാണ് വിസ്മയ ഉമ്മറത്തേക്ക് ചെന്നത്..പ്രതീക്ഷിച്ച പോലെ അമ്മയാണ്..ഓട്ടോ കാശും കൊടുത്തു തിരിഞ്ഞ അമ്മയെ അവൾ കെട്ടിപിടിച്ചു കരഞ്ഞു..അവളെ ചേർത്തു പിടിച്ചു തന്നെ അവര് ഉമ്മറത്തേക്ക് കയറി..

അമ്മയെവിടെ എന്ന പോലെ അവര് അവളെ നോക്കി. അകത്തുണ്ട് എന്ന് അവൾ മുഖം ചലിപ്പിച്ചു..അകത്തേക്ക് കടന്ന അവര് സോഫയിൽ ഇരുന്നു..അവരുടെ കൂടെ സോഫയിൽ ഇരുന്ന വിസ്മയ അമ്മയുടെ തോളിലേക്ക് ചാഞ്ഞിരുന്നു.

ഇതെല്ലാം കണ്ടു കൊണ്ടാണ് മിഥുൻ ന്റെ അമ്മ വരുന്നത്..അല്പം ക്രോധത്തോടെ രണ്ട് പേരെയും അവര് നോക്കി. അവരെ കണ്ടപ്പോൾ വിസ്മയയും അമ്മയും എണീറ്റു നിന്നു.

“ഓ എന്താ പ്പോ ഇങ്ങനെ ഒരു വരവ്..മകള് വിളിച്ചു വരുത്തിയതാവും ല്ലേ..” അവരുടെ വരവ് ഒട്ടും ഇഷ്ടപ്പെടാതെ അവര് ചോദിച്ചു..

“അല്ല ഇവൾക്കെന്തോ തല ചുറ്റൽ ഉണ്ട്, വയ്യ ന്നു പറഞ്ഞപ്പോ ഒന്ന് കാണണം ന്നു വിചാരിച്ചു വന്നതാ..” വിസ്മയയെ നോക്കി അവര് പറഞ്ഞു..

“ഹോസ്പിറ്റലിൽ കാണിക്ക്യം ചെയ്യാം..പിന്നെ കുറച്ചു ദിവസം ഞാനവളെ വീട്ടിൽ കൊണ്ടോയി നിർത്താം ന്നു വിചാരിക്കുന്നു..കുറേ ആയിലെ അങ്ങോട്ട് വന്നിട്ട്.”

“അതൊന്നും നടക്കില്ല..എനിക്കിവിടെ വയ്യാതിരിക്ക്യ..പിന്നെ മിഥുൻ ന്റെ കാര്യങ്ങൾ ആര് നോക്കും..നിൽക്കലും പാർക്കലും ഒന്നും നടക്കില്ല..അതിനായ് ആരും മനക്കോട്ട കെട്ടുകയും വേണ്ട “

“അമ്മാ ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിന്നോട്ടെ..എനിക്ക് തീരെ വയ്യ..” വിസ്മയ മിഥുൻ ന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു..പക്ഷെ അവര് ദേഷ്യം പൂണ്ട് അവളെ തുറിച്ചു നോക്കി..

“ഞാനീ നേരം വരെ പറഞ്ഞതൊന്നും മലയാളത്തിലല്ലേ..പോവാൻ പറ്റില്ല..” അതും പറഞ്ഞു അവര് കലി തുള്ളി അകത്തേക്കു പോയി..

വിസ്മയ വ്യസനത്തോടെ അമ്മയെ നോക്കി..അമ്മയുടെ മുഖത്തു സങ്കടം തിങ്ങി കണ്ടു..ആ കണ്ണുകൾ നിറയുന്നത് കാണുകയായിരുന്നു..

അവൾ അമ്മയുടെ അടുത്ത് ചെന്നു കൈ പിടിച്ചു.

“അമ്മ പൊക്കോ..ഇനിം ഇവിടെ നിന്നാൽ അമ്മ കരയും..അത് കാണാൻ എനിക്ക് ത്രാണിയില്ല..അമ്മ പൊക്കോ..” അത് കേട്ടതും അവര് വിസ്മയയെ കെട്ടിപിടിച്ചു..കരഞ്ഞു..ഉമ്മറത്തേക്ക് നടന്നു..പടിക്കെട്ട് ഇറങ്ങുമ്പോഴും അവര് വിസ്മയയെ നോക്കി..

കരഞ്ഞു കലങ്ങിയ കണ്ണുകൾ അവര് കണ്ടു..തന്റെ മകൾക്ക് വന്ന ദുർഗതിയിൽ അവര്ടെ മനം നൊന്തു..മുറ്റത്തേക്കിറങ്ങി അവര് ഒന്ന് കൂടി തിരിഞ്ഞു നോക്കി..മനസ്സില്ലാ മനസ്സോടെ അവര് നടന്നു നീങ്ങി..

അമ്മയുടെ രൂപം കണ്ണിൽ നിന്ന് മറഞ്ഞതും വിസ്മയ അകത്തേക്ക് ഓടി..കട്ടിലിൽ വീണു കരഞ്ഞു..ഒരു പാട് നേരം..അവളുടെ മനസ്സിൽ ജീവിതത്തോട് വെറുപ്പായി..തന്നെ ദ്രോഹിക്കുന്നവരോട് എങ്ങനെ പകരം വീട്ടാം എന്ന ചിന്തയായി..തന്റെ മരണം കൊണ്ട് മാത്രമാണ് അതിനൊരു വഴിയെന്നു അവൾക്ക് തോന്നി..അവളുടെ മനസ്സ് ൽ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു..

അവൾ എണീറ്റു സീലിംഗ് ലേക്ക് നോക്കി..തണുത്തു മരവിച്ച താൻ ഒരു കഷ്ണം കയറിൽ തൂങ്ങിയാടുന്നത് അവൾ മനസ്സിൽ കണ്ടു..ഒരു ദയയോ കണ്ണുനീരോ ഇല്ലാതെ ചിലർ സങ്കടം അഭിനയിക്കുന്നത് അവൾ കണ്ടു..തന്റെ അമ്മ മാത്രം ജീവനില്ലാത്ത തന്റെ ശരീരത്തിൽ വീണു കിടന്നു അലമുറയിട്ട് കരയുന്നതും അവൾ കാണുകയായിരുന്നു..

അമ്മയുടെ മുഖം അവളോർത്തു..താൻ പോയാൽ അമ്മക്ക് മാത്രമാണ് സങ്കടം..ഒരു നിമിഷം അമ്മക്ക് ഇനിയും സങ്കടം കൊടുക്കരുതെന്ന് അവളാഗ്രഹിച്ചു..

പെട്ടന്ന് അവളുടെ മനസ്സിൽ ഒരു തോന്നൽ വന്നു..തന്റെ മരണം കൊണ്ടല്ല ഇവരെ തളർത്തേണ്ടത്..ജീവിച്ചു കാണിച്ചിട്ടാണ്..അവൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു..നേരം പുലരട്ടെ..അവൾ മനസ്സിലുറച്ചു..

*************

പിറ്റേന്ന് രാവിലെ മിഥുൻ ഓഫീസിൽ പോയ ശേഷം..വിസ്മയ കുളിച്ചു വസ്ത്രം മാറി..ബാഗിൽ കൊള്ളാവുന്ന അത്രേം ഡ്രെസ്സുകൾ മടക്കി വെച്ചു. തന്റെ ബുക്കുകളും മറ്റും എടുത്തു അതും ബാഗിലാക്കി..അവൾ ബാഗും തൂക്കി മുറ്റത്തേക്കിറങ്ങി..മുന്നോട്ട് നടന്നു…

അപ്പോഴും തന്റെ ജീവിതത്തിൽ ഇനിയെന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്തയായിരുന്നു അവൾക്ക്..എന്തായാലും ഇനിയാ നശിച്ച വീട്ടിലേക്കില്ല എന്നൊരു തീരുമാനം അവളെടുത്തിരുന്നു. കവലയിൽ എത്തി ബസ് പിടിച്ചു..

വിസ്മയ അകലെന്നെ കണ്ടു..താൻ ജനിച്ചു വളർന്ന വീട്..കുറേ കാലത്തിനു ശേഷം..ഇടവഴി താണ്ടി അവൾ മുറ്റത്തെത്തി..ഒതുക്കിൽ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന അമ്മയെ അവൾ വിളിച്ചു..

“അമ്മാ”.. പെട്ടെന്ന് മുഖമുയർത്തി നോക്കിയ അവര് അന്ധാളിച്ചു. വേഗം ഫോൺ വെച്ചിട്ട് അവരും മുറ്റത്തേക്കിറങ്ങി..മോളെ ന്നു വിളിച്ചു അവളുടെ അടുത്തേക്ക് ചെന്നു..വിശ്വാസം വരാതെ അവളെ നോക്കി..

എങ്ങനെ പോന്നു..അവര് സമ്മതിച്ചോ എന്നെല്ലാമായിരുന്നു ആ നോട്ടത്തിൽ.

അത് മനസ്സിലാക്കിയ വിസ്മയ അമ്മയെ ചേർത്ത് പിടിച്ചു..

“അമ്മ വാ “

കയ്യിലുള്ള ബാഗ് ഉമ്മറത്തെ സോഫയിൽ വെച്ച് അവൾ അമ്മയെ നോക്കി..അവര് ഇപ്പോഴും അമ്പരപ്പോടെ നിൽക്കുകയാണ്..

അവൾ അമ്മയോട് ഇന്നലെ അമ്മ പോന്നതിനു ശേഷം സംഭവിച്ചതെല്ലാം പറഞ്ഞു..മരണത്തെ കുറിച് വരെ ചിന്തിച്ചു എന്നത് ഞെട്ടലോടെയാണ് അവര് കേട്ടത്..എന്നാൽ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ അവർക്കേറെ സന്തോഷവും തോന്നി..അമ്മാ ഞാനൊരു കാര്യം പറയട്ടെ.. “

അവര് എന്താ എന്ന പോലെ അവളെ നോക്കി..

“ഞാനിനി അങ്ങോട്ട് പോണില്ല അമ്മാ..എനിക്കിനി വയ്യ അവിടെ..എന്നും ആട്ടും തൂപ്പും കേട്ട് മടുത്തു അമ്മാ..എന്നേ അങ്ങോട്ട് പറഞ്ഞു വിടരുത്….” വിസ്മയ അമ്മയുടെ രണ്ട് കൈകളും പിടിച്ചു..

“ഇനിയും അങ്ങോട്ട് പോകേണ്ടി വന്നാൽ ഞാൻ എന്തെങ്കിലും അവിവേകം കാണിക്കും..”

“ഇതു വരെ ഞാൻ പഠിച്ചതിന് പറ്റുന്ന ജോലിക്ക് ഞാൻ പൊക്കോളാം..ഇനി എനിക്ക് പഠിക്കണ്ട.. ” അവൾ അമ്മയെ നോക്കുമ്പോൾ അവര് വേറെ ചിന്തയിൽ ആണെന്ന് തോന്നി..അത് വായിച്ചപോലെ അവൾ തുടർന്നു..എനിക്കറിയാം അമ്മയുടെ മനസ്സിൽ എന്താന്ന്..

“എന്റെ ഭാവി അല്ലെ അമ്മടെ മനസ്സിൽ..അതമ്മ പേടിക്കണ്ട..

“ആദ്യം ഞാനൊന്ന് സ്വസ്ഥമായി ഒരു ദിവസം ഉറങ്ങട്ടെ..നല്ല സ്വപ്നം കാണട്ടെ അമ്മാ..” അമ്മയുടെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തനിക്കുള്ള പ്രോത്സാഹനമാണെന്ന് തോന്നി വിസ്മയക്ക്..അവൾ അമ്മയെ ഒന്നു കൂടി ചേർത്ത് പിടിച്ചു..നെറ്റിയിൽ ഒരുമ്മ നൽകി..അവര് തിരിച്ചും..അതിൽ ഒരമ്മയുടെ സ്നേഹവും വാൽസല്യവും ഉണ്ടായിരുന്നു..