ഒരു മന്തി ഉണ്ടാക്കിയ കഥ…
Written by Shabna Shamsu
=============
ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഫാർമസി അഞ്ച് മണിക്കാണ് അടക്കാറ്…കൂടുതലും സെക്കൻ്റ് ഷിഫ്റ്റ് എടുക്കുന്നത് കൊണ്ട് മിക്കവാറും ഞാനാണ് ഫാർമസി പൂട്ടാറ്…
പണ്ട് സ്ക്കൂളിൽ പഠിക്കുമ്പോ ദേശീയ ഗാനം കഴിഞ്ഞുള്ള മൂന്ന് ബെല്ലിന് വേണ്ടി കാത്ത് നിക്കൂലേ…അത് പോലെയാണ് 4:30 മുതൽ, അടച്ചിട്ട വാതിൽ ഒന്ന് കൂടി കുറ്റിയിടും..ഓഫാക്കിയ ലൈറ്റും ഫാനും പിന്നേം ഓഫാക്കും..
ഒരു ദിവസം എല്ലാം ഒതുക്കി വെച്ച് വാതിലിൻ്റെ പൂട്ട് എടുത്ത്, എൻ്റെ പേഴ്സിന്ന് താക്കോലെടുക്കുമ്പോ എനിക്കൊരു ഫോൺ വന്നു…ഉപ്പാൻ്റെ ചെറിയേ അനിയൻ്റെ ഭാര്യ…ഞങ്ങൾടെ കല്യാണത്തിൻ്റെ അന്ന് എന്നേം കെട്ടിയോനേം കാണാൻ ഓറിയോ ബിസ്ക്കറ്റ് മാതിരി ഉണ്ടെന്ന് പറഞ്ഞ മേമയാണ്….ഇപ്പോ ബിരിയാണി റെസിപ്പിക്കും മക്കൾക്ക് അസുഖം വന്നാ മരുന്ന് കൊടുക്കാനും ഓൺലൈനിൽ ചുരിദാർ സെലക്ട് ചെയ്യാനും എൻ്റെ ഉപദേശം വേണം…ചിക്കൻ മന്തിൻ്റെ റെസിപ്പി ചോദിക്കാനാണ് അന്ന് വിളിച്ചത്…
കാപ്സിക്കവും മല്ലിച്ചപ്പും കുനുകുനാന്ന് അരിഞ്ഞ് മന്തിമസാലയും ചെറിയ ജീരകം പൊടിച്ചതും ചിക്കൻ ക്യൂബും ഓയിലും ഇത്തിരി കുരുമുളക് പൊടിയും വലിയ കഷണങ്ങളാക്കിയ ചിക്കനിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാ..ഒരു മണിക്കൂർ കുതിർത്ത് വെച്ച ബസുമതി അരി പട്ടയും ഗ്രാമ്പും ഓയിലും ഉപ്പും ഇട്ട വെള്ളത്തിൽ നന്നായി വേവിക്കുക…ചിക്കനും വേവിച്ച് ചോറ് ചേർത്ത് സ്റ്റീലിൻ്റെ ചെറിയ പാത്രത്തിൽ ചാർക്കോളിട്ട് ഓയിലൊഴിച്ച് നന്നായി അടച്ച് വെച്ച് അര മണിക്കൂർ കഴിഞ്ഞ് തുറന്ന് നോക്കാനൊക്കെ പറയുന്ന കൂട്ടത്തിൽ താക്കോലെടുത്ത പേഴ്സ് ഫാർമസിക്ക് പുറത്ത് വെച്ച് നാല് പൊളി വാതില്‍ വലിച്ചടച്ച് കുറ്റിയിട്ട് പൂട്ടി ഞാൻ ഇറങ്ങി. പേഴ്സ് എട്ക്കാൻ മറന്നു..
എൻ്റെ വിശ്വ വിഖ്യാതമായ പേഴ്സിനെ കുറിച്ച് മുമ്പും പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്…
ജോലി നായാട്ടാണെങ്കിലും ചോറിന് കറി കുമ്പളങ്ങേൻ്റെ ഇലാന്ന് പറഞ്ഞ പോലെയാണ് പേഴ്സിൻ്റെ അവസ്ഥ…
മുപ്പത് രൂപയിൽ കൂടുതലൊന്നും അതിൽ ഉണ്ടാവാറില്ല….
ഫാർമസിക്ക് മുമ്പിൽ സ്ഥിരമായി രണ്ട് പ ട്ടികൾ ഉണ്ടാവാറുണ്ട്. ഞാൻ പോവുന്ന സമയത്ത് എന്നേക്കാൾ സ്പീഡിൽ അവരും ഓടും,
ബംഗാളികളെ കൂലിപ്പണിക്ക് വിളിച്ച പോലെയാണ് ഈ പ ട്ടികൾ, ഒറ്റക്ക് പോവൂല…ഓടുന്ന വഴിയിൽ കുറേ എണ്ണം കൂടെ കൂടും. പിന്നെ ഒരു കൂട്ടയോട്ടം ആണ്..അത് കാണുമ്പോ ഞാൻ എപ്പോഴും ചിന്തിക്കും, ഈ പ ട്ടികൾ എങ്ങോട്ടാണ് ഈ ഓടുന്നതെന്ന്….
പണ്ട് എൻ്റെ ചെറുപ്പത്തിൽ സ്ഥിരമായി ജലദോഷം പിടിക്കുമ്പോൾ ഞങ്ങളെ നാട്ടിലെ ഹെൽത്ത് സെൻ്ററിലേക്ക് ഉമ്മ എന്നെ കാണിക്കാൻ കൊണ്ടോവും….
നീണ്ട് പരന്ന് കിടക്കുന്ന വയലിൻ്റെ കരയിലാണ് എൻ്റെ വീട്….വയലിൻ്റെ അക്കരെ ഹെൽത്ത് സെൻ്ററും, വരമ്പത്ത് കൂടി മൂക്കും ഒലിപ്പിച്ച് ഉമ്മാൻ്റെ കയ്യും പിടിച്ച് ഞങ്ങൾ ഡോക്ടറെ കാണാൻ പോവും…അക്കരെ എത്തുമ്പോ ആണ് ഉമ്മ പറയാ… ഒ.പി. ടിക്കറ്റ് വാങ്ങാനുള്ള പൈസ എട്ക്കാൻ മറന്ന് പോയീന്ന്…എന്നിട്ടെന്നെ വീട്ടിലേക്ക് പറഞ്ഞയക്കും…ലാൻഡ് ഫോണിൻ്റെ ചോട്ടില്ണ്ട് ചില്ലറ പൈസ, ഓടി പോയി എടുത്തിട്ട് വാ..
ഞാൻ കൈയ്യിൻ്റെ മുട്ടുമ്മല് മൂക്ക് തുടച്ച് ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി പൈസ എടുത്ത് വീണ്ടും തിരിച്ചോടും….
എന്തോ… ഈ പ ട്ടികളെ കാണുമ്പോ, മറന്ന് വെച്ചത് എടുക്കാൻ ഉള്ള പോലെയുള്ള ഓട്ടം കാണുമ്പോ, ലാൻഡ് ഫോണിൻ്റെ ചോട്ടിലെ ചില്ലറ പൈസ ഓർമ വരും…അങ്ങനെ പ ട്ടികളോട് റ്റാറ്റ പറഞ്ഞ് ഞാൻ മെയിൻ റോഡിലെത്തി..
റോഡ് ക്രോസ് ചെയ്ത് അപ്പുറത്താണ് ബസ് സ്റ്റോപ്പ്…
ക്രോസ് ചെയ്യുന്നതിന് മുന്നേ ഒരു കെ.എസ്.ആർ.ടി.സി വന്നു. മൂ ത്രൊയിക്കാനുണ്ടെന്ന് പറയുന്ന പോലെ ചൂണ്ട് വിരല്‍ പൊക്കി പിടിച്ച് ഡ്രൈവറോട് ഞാൻ ആംഗ്യം കാണിച്ചു…കേറി വാടാ മക്കളേന്ന് ഡ്രൈവർ തിരിച്ചും കാണിച്ചു….
അങ്ങനെ ഞാൻ ബസിൽ കയറി…പതിനഞ്ച് രൂപയാണ് ടിക്കറ്റ്…സാധാരണ ഞാൻ ബസ്സ്റ്റോപ്പീന്ന് തന്നെ പൈസയെടുത്ത് കൈയില്‍ വെക്കും. അന്നത് പറ്റിയില്ല.
ബസിൽ സീറ്റില്ല..ഞാനും രണ്ട് മൂന്ന് സ്ത്രീകളും നിക്കുന്നുണ്ട്.
എൻ്റെ മുമ്പില്‍ നിക്കുന്ന ചേച്ചിയുടെ തലയിലെ മുടി അങ്ങിങ്ങായി നരച്ചിട്ടുണ്ട്…കൈയിലെ സ്വർണ വളയുടെ തിളക്കം നോക്കി വാങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടെന്നും കോട്ടൺ ചുരിദാറിൻ്റെ കൂടെ അവരിട്ട ജീൻസ് അലക്കിയിട്ട് എത്ര ദിവസമായെന്നും കാലിലെ നഖം ഉരച്ച് കഴുകാറുണ്ടോന്നും കയ്യിലെ വിരലിൽ സ്ഥിരമായി മീനില്‍ മസാല തേച്ചതിൻ്റെ പാടുണ്ടെന്നും ചോറിനെന്നും പൊരിച്ച മീനുണ്ടാവുമെന്നും പതിവ് പോലെ സൂക്ഷ്മമായി നിരീക്ഷിച്ചോണ്ടിരിക്കുമ്പോഴാണ് കണ്ടക്ടർ വന്ന് ടിക്കറ്റ് ചോദിച്ചത്…
ഒരു കൽപ്പറ്റാന്നും പറഞ്ഞ് ഞാനെൻ്റെ ബാഗ് തപ്പി.
പേഴ്സ് കാണുന്നില്ല…പുറത്ത് മൂന്നും അകത്ത് രണ്ടും അറകളുള്ള കാപ്പിപ്പൊടി കളറുള്ള ലെതറിൻ്റെ ബാഗ് തലങ്ങും വിലങ്ങും തപ്പി..
പതിനഞ്ച് പോയിട്ട് ഒരു രൂപ പോലുമില്ല…എൻ്റെ നെഞ്ചിലന്നേരം അലൂമിനിയ പാത്രത്തില്‍ കൂറ കയറിയ പോലെ വല്ലാത്തൊരു ശബ്ദം വരാൻ തുടങ്ങി…ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി,
കുറേ നേരം നോക്കി നിന്ന കണ്ടക്ടർ മുന്നിലേക്ക് പോയി….ഇരിക്കുന്ന മനുഷ്യൻമാർ മുഴുവനും എന്നെ നോക്കി നിക്കുന്നു, എനിക്കാണേൽ തൊണ്ട വരണ്ട ഒരു തരം വെപ്രാളം. അന്നേരം ഈ ലോകത്ത് ഏറ്റവും സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ എൻ്റെ ബെഡ്റൂമിലെ വെള്ള ടൈൽ പാകിയ ബാത്റൂമിലെത്താൻ വല്ലാത്ത ശങ്ക…
ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി..പരിഹാസമോ പുച്ഛമോ എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത ആ കണ്ണുകളിലൊന്നും എൻ്റെ പരിചയത്തിലെ ഒരാള്‍ പോലും ഇല്ല.
കണ്ടക്ടർ പുറകിലേക്ക് വരാൻ തുടങ്ങി. എൻ്റെ നെഞ്ചിടിക്കാൻ തുടങ്ങി. തൊട്ടടുത്ത നിമിഷം എൻ്റെ അന്തസും അഭിമാനവും പണയം വെച്ച് തൊട്ട് മുമ്പിലത്തെ ചേച്ചിയോട് എനിക്കൊരു പയിനഞ്ച് ഉറുപ്യ തരുവോന്ന് ചോദിച്ചു…
അലക്കാത്ത ജീൻസിട്ട നഖം കഴുകാത്ത മുടി നരച്ചതെന്ന് വെറുതെ പുച്ഛം തോന്നിയ ആ ചേച്ചിയന്നേരം ബാഗിലെ പേഴ്സെടുത്ത് തുറന്നു.
നോട്ടുകൾ….നോട്ടുകൾ…
നൂറിൻ്റെയും അഞ്ഞൂറിൻ്റെയും നോട്ടുകൾക്കിടയിൽ നിന്ന് ഇരുപത് രൂപ എടുത്ത് തന്ന ആ ചേച്ചിയെ മനസിൽ ഞാൻ മാലാഖയെന്ന് വിളിച്ചു….
ടിക്കറ്റിൻ്റെ പതിനഞ്ച് രൂപ കൊടുത്ത് ബാക്കി അഞ്ച് രൂപ ചേച്ചിക്ക് തിരിച്ച് കൊടുത്തപ്പോ വേണ്ട , കയ്യില്‍ വെച്ചോളാൻ പറഞ്ഞു…
അന്നേരം , ആ നിമിഷം എന്തിനോ ഞാനെൻ്റെ ചുരിദാറിലേക്കും കാലിലെ നഖത്തിലേക്കും പുറത്ത് കാണാത്ത മുടിയിൽ കെട്ടിയ ചുരുണ്ട് മടങ്ങിയ ബണ്ണിനെ കുറിച്ചും വെറുതെ ചിന്തിച്ചു…..
ഇല്ല…ഞാനിനി ആരുടെ കുറവുകളിലേക്കും എത്തി നോക്കില്ല. മീൻ മസാല തേച്ച ആ ചേച്ചിയുടെ വിരലുകളിലെ മഞ്ഞക്കറയിൽ പിടിച്ച് നന്ദിയുണ്ടെന്ന് പറഞ്ഞപ്പോ അവസ്ഥ ചെറുതോ വലുതോ ആയിക്കോട്ടെ…നിസ്സഹായത….ഒറ്റപ്പെടൽ..
ഇതിൽ നിന്നൊക്കെ കരുതൽ തരുന്ന കൈകൾക്ക് വല്ലാത്തൊരു മൂല്യം ആണ്. അത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ആളാവുമ്പോ തിളക്കം കൂടും….
പിറ്റേ ദിവസം ഞാൻ ഡ്യൂട്ടിക്ക് വന്നപ്പോ ഒരു പോറൽ പോലും ഏൽക്കാതെ എൻ്റെ പേഴ്സും അതിനുള്ളിലെ മുപ്പത് രൂപയും ഒരാഴ്ചത്തെ ബസ് ടിക്കറ്റും മോൾടെ മരുന്നിൻ്റെ ചീട്ടും ഇക്കാൻ്റെ ചെറിയൊരു ഫോട്ടോയും അലർജിക്ക് കുടിക്കുന്ന രണ്ട് ഗുളികയും ഭദ്രമായി ഫാർമസിക്ക് മുമ്പിൽ തന്നെ ഉണ്ടായിരുന്നു…..
~ Shabna shamsu❤️