ഹാളിൽ മുൻവർഷങ്ങളിൽ ഒരുമിച്ചു പഠിച്ചവരെല്ലാം ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ ഞങ്ങൾ പുതുമുഖങ്ങളും സ്ഥാനം പിടിച്ചു…

ചെട്ടിയാരുടെ ഗേൾ ഫ്രണ്ട്…

Story written by Jisha Raheesh

===========

“എന്റെ സുമീ നീയാ കണ്ണിമാങ്ങാ അച്ചാറും കാച്ചെണ്ണയും കൂടെ ആ ബാഗിലേക്കങ്ങു എടുത്തു വെച്ചേക്ക്, സുധിയിപ്പം വരും “

അമ്മ പറഞ്ഞു തീരുന്നതിനു  മുൻപേ മീനുചേച്ചി പറഞ്ഞു.

“ഈ അമ്മേടെ പറച്ചിൽ കേട്ടാൽ തോന്നും ഇവള് ബാംഗ്ളൂരിലേക്കോ മറ്റോ പോവാണെന്ന്. ഇവിടെന്ന് പത്തു മുപ്പതു കിലോമീറ്റർ ദൂരമല്ലേയുള്ളൂ , ആഴ്ച്ചയ്ക്ക് ആഴ്ചയ്ക്ക് വരുവേം ചെയ്യാം.. “

മീനുവേച്ചിയുടെ ആ പറച്ചിലിൽ ഒരു തരി അസൂയയില്ലേ?

ഉണ്ട്..തീർച്ചയായും ഉണ്ട്. എംകോം കഴിഞ്ഞിട്ടും പുള്ളിക്കാരിയ്ക്ക് ഇതുവരെ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ കഴിഞ്ഞിട്ടില്ല.

മാത്രവുമല്ല അഞ്ചാറ് മാസം കൂടെ കഴിഞ്ഞാൽ പുള്ളിക്കാരിയെ കല്യാണം കഴിച്ചു നാടുകടത്താൻ റെഡിയാക്കി നിർത്തിയിരിക്കുവാ…

ഇപ്പോ കല്യാണം വേണ്ടാന്നും പറഞ്ഞു ചേച്ചി കുറേ  നിരാഹാരസമരം ഒക്കെ നടത്തി നോക്കിയിട്ടും ഒരു കാര്യവുമുണ്ടായില്ല..അഭിയേട്ടനങ്ങ് അമേരിക്കയിലാണ്. പപ്പായുടെ ഫ്രണ്ടിന്റെ മോൻ…ജാതകത്തിൽ പത്തിൽ പത്ത് പൊരുത്തം. ആനന്ദലബ്ധിക്കിനിയെന്തു വേണം.

ജീവിതം കുറച്ചു അടിച്ചു പൊളിച്ചു ഒരു അഡാറു പ്രേമവുമായി ഒരുത്തനെ കെട്ടണം എന്നുള്ള ചേച്ചിയുടെ സ്വപ്നം നാലായി മടക്കി കൈയിൽ വെച്ചു കൊടുത്തു പപ്പയും അമ്മയും.

എന്നുവെച്ചാൽ അഭിയേട്ടനുമായി  പുള്ളികാരിടെ കല്യാണമങ്ങ് ഉറപ്പിച്ചൂന്ന്..അതിന്റെ ചില്ലറ ഫ്രസ്ട്രേഷൻ പുള്ളിക്കാരിക്കില്ലാതില്ല. അതിൽ നിന്നുത്ഭവിച്ച അസൂയയാണ് ഇപ്പോൾ പുറത്തു വന്നത്.

അപ്പോൾ ഞാൻ..എന്നെ കുറിച്ച് പറഞ്ഞില്ലല്ലേ…

ഞാൻ സുമിത രാമചന്ദ്രൻ. സുനിതയുടെയും രാമചന്ദ്രന്റെയും രണ്ടാമത്തെ മകൾ. പപ്പാ ഗൾഫിലാണ്. അമ്മ ഹൈസ്കൂൾ ടീച്ചറും. മൂത്തയാളാണ് നേരത്തെ പറഞ്ഞ മീനു എന്ന മീനാക്ഷി രാമചന്ദ്രൻ.

നഗരത്തിലെ പ്രശസ്തമായ മിക്സഡ് കോളേജിൽ പ്രീഡിഗ്രി എന്ന സ്വപ്നതുല്യമായ കോഴ്‌സിന്റെ അവസാനബാച്ചിൽ അർമാദിച്ചു നടന്ന എന്നെ പിടിച്ചു വനിതാ കോളേജിൽ ഡിഗ്രിയ്ക്ക് ചേർത്തതിന്റെ ആഘോഷാണ് നേരത്തെ കണ്ടത്.

വനിതാ കോളേജ് ആയത് കൊണ്ടും വീട്ടിൽ നിന്നും പത്തുമുപ്പതു കിലോമീറ്റർ ഉള്ളത് കൊണ്ടും അങ്ങോട്ടെത്താൻ ബസ് മാറിക്കയറേണ്ടത് കൊണ്ടും മാത്രമാണ് ഹോസ്റ്റൽ ജീവിതം അമ്മ അനുവദിച്ചത്.

മുൻഗാമികൾ സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിച്ചത് കൊണ്ട് ഇപ്പോൾ സ്കൂളിനേക്കാൾ അച്ചടക്കത്തിലാണ് കോളേജ് എന്ന വാർത്തകൾ ഞാൻ ഞെട്ടലോടെയാണ് കേട്ടത്…ഇടിവെട്ടിയവനെ പാമ്പ് കടിച്ചൂന്ന് ആരാണ്ടോ പറഞ്ഞു കേട്ടിട്ടുണ്ട്..

ഒൻപതരയ്ക്ക് കോളേജ് ഗേറ്റ് അടയ്ക്കും, വൈകുന്നേരം കോളേജ് വിടുമ്പോഴാണ് തുറക്കുക. അപ്പോൾ പുറത്തു നിറയെ പൂവാലൻ ചേട്ടന്മാരുടെ ഉന്തും തള്ളുമാവും.

ഇനി എങ്ങാനും ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങാണ് വെച്ചാലോ മതിൽ ചാടിയാൽ അപ്പുറം പോലീസ് കമ്മീഷണറുടെ ബംഗ്ളാവ്. അങ്ങേരെ പേടിച്ചു തിരിച്ചു ചാടിയാൽ വട്ടക്കണ്ണടയുടെ ഫ്രെയിമിന് മുകളിലൂടെ കണ്ണുരുട്ടുന്ന പ്രിൻസി സിസ്റ്റർ…

പരമാവധി എന്നെ ചടപ്പിക്കാനായി ചേച്ചി കഷ്ട്ടപെട്ടു ബുദ്ധിമുട്ടി കൂട്ടുകാരികളിൽ നിന്നു സംഘടിപ്പിച്ച വിശേഷങ്ങളൊക്കെ കേട്ട് ഉള്ളൊന്ന് കിടുങ്ങിയെങ്കിലും അത് പുറത്ത് കാണിക്കാതെ സിനിമയിൽ കണ്ട ഹോസ്റ്റൽ കഥകളൊക്കെ അടിച്ചു വിട്ടു അവളെ അസൂയയിൽ കുളിപ്പിച്ച് ഞാൻ പിടിച്ചു നിന്നു.

അമ്മയുടെ അനിയനായ സുധി മാമനാണ് ഞങ്ങളെ കൊണ്ടു വിടാനായി വരുന്നത്. ബാഗൊക്കെ ഡിക്കിയിൽ വെച്ചു അ റക്കാൻ കൊണ്ടു പോവുന്ന കുഞ്ഞാടിനെ പോലെ ഞാൻ കാറിൽ കയറിയിരുന്നു.

പ്രീഡിഗ്രിയ്ക്ക് ഞാനും കൂട്ടുകാരും കോളേജിൽ കാട്ടി കൂടിയ ലീലാവിലാസങ്ങൾ അമ്മയെങ്ങാനും അറിഞ്ഞാൽ ആ പാവത്തിന് അറ്റാക്ക് വരുമെന്ന് അറിയാവുന്നത് കൊണ്ടു മാത്രം അതൊന്നും അമ്മയുടെ ചെവികളിൽ എത്തിപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. അല്ലേൽ ചേച്ചിയേക്കാൾ ആദ്യം എന്നെ പിടിച്ചു കെട്ടിച്ചേനെ.

ഹേയ് പ്രണയമൊന്നുമില്ലാട്ടോ..അതൊന്നും നമ്മക്ക് സെറ്റാവൂലെന്നെ. നമ്മൾക്കിങ്ങനെ ചുറ്റുമുള്ള ചേട്ടന്മാരുടെ സൗന്ദര്യമൊക്കെ ആസ്വദിച്ചു ചെറിയ രീതിയിൽ ഒരു പിടക്കോഴിയായിട്ടു നടക്കാനാണ് ആഗ്രഹം. ഒൺലി ദർശന സുഖം യൂ നോ..

പ്രീഡിഗ്രിയ്ക്കു പഠിച്ചിരുന്നപ്പോൾ ഞങ്ങളെ റാഗ് ചെയ്തതിന്റെ പേരിൽ പാർട്ടിക്കാർ ചേരി തിരിഞ്ഞു ക ത്തിക്കുത്ത് ഉണ്ടായി. കോളേജ് രണ്ടു ദിവസം അടച്ചിട്ടു.

ചുമ്മാ തള്ളിയതൊന്നുമല്ലട്ടോ, ഞാനൊരു വല്യ പുള്ളിയാണെന്ന് പറഞ്ഞതാ.

ഈ വീരസാഹസങ്ങളൊക്കെ കഴിഞ്ഞാണ് ഞാൻ ഈ വനിതാ സെല്ലിലേക്ക്,  സോറി വനിതാ കോളേജിലേക്ക് ചെല്ലുന്നത്.

അന്ന് അഡ്മിഷന് വന്നപ്പോൾ ഞാൻ അവിടെയൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇവിടെ അഡ്മിഷൻ കിട്ടല്ലേയെന്ന് കൊണ്ടു പിടിച്ച പ്രാർത്ഥനയിലായിരുന്നത് കൊണ്ട് ചുറ്റുമൊന്നു നോക്കിയത് പോലുമില്ല.

ചെറിയൊരു കുന്നിൻ മുകളിലാണ് കോളേജ്. മ്മടെ രമണി ചേച്ചീടെ സ്വന്തം സ്ഥലം..ന്ന് വെച്ചാൽ പ്രകൃതി രമണീയത..കത്തിയാ…

ഇവിടെ സീറ്റ്‌ കിട്ടിയതിനു ശേഷം, എപ്പോഴോ ടീവിയിൽ ഏയ് ഓട്ടോ എന്ന ലാലേട്ടൻ സിനിമയ്ക്കിടെ, ലാലേട്ടൻ കോളേജിൽ മീനുക്കുട്ടിയെന്ന രേഖയുടെ പാദസരവുമായി ഓടി നടക്കുന്ന സീൻ വന്നപ്പോൾ, ഇതാണ് നിന്റെ കോളേജ് എന്ന് ചേച്ചി പറഞ്ഞത് ഞാൻ ഓർത്തു.

കോളേജും ഹോസ്റ്റലുകളും സിസ്റ്റേഴ്സിന്റെ കോൺവെന്റും ചാപ്പലും എല്ലാം അടങ്ങുന്ന ഏക്കറുകളോളം പരന്നു കിടക്കുന്ന, മതിൽക്കെട്ടിനുള്ളിലേക്ക് കൂറ്റൻ ഗേറ്റ് കടന്നു ഞങ്ങളെത്തി.

അടിപൊളി ക്യാമ്പസ് ആയിരുന്നു. നിറയെ വാകപ്പൂക്കൾ വീണു കിടക്കുന്ന സിമെന്റ് ബെഞ്ചുകളും പൂന്തോട്ടവുമൊക്കെയായി സംഭവം കളർ ആയിരുന്നു.

ഞായറാഴ്ച ആയിരുന്നു. എന്നിട്ടും കോളേജ് ക്യാമ്പസ്സിൽ കുട്ടികളുണ്ടായിരുന്നു. ഹോസ്റ്റ ലേറ്റ്സും വിസിറ്റേഴ്‌സുമൊക്കെയാണെന്ന് അതെന്ന് മനസ്സിലായി.

കോൺവെന്റിൽ ചെന്നു കാര്യം പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ വാർഡൻ സിസ്റ്റർ വന്നു. പുള്ളിക്കാരി സംസാരത്തിനിടെ എന്നെയൊന്നു ചൂഴ്ന്ന് നോക്കി. പച്ചവെള്ളം ചവച്ചു കുടിയ്ക്കും എന്ന് എന്നെകൊണ്ട് ആരും പറയും, അത്രയ്ക്ക് പാവമാണെന്നു തോന്നുന്ന അപ്പിയറൻസ് ആയത് കൊണ്ട് പുള്ളികാരിയ്ക്ക് തൃപ്തിയായെന്ന് തോന്നുന്നു.

റൂൾസ്‌ ആൻഡ് റെഗുലേഷൻസ് വിസിറ്റിംഗ് ടൈം എല്ലാത്തിനെപ്പറ്റിയും സിസ്റ്റർ ചെറിയൊരു ക്ലാസ്സ്‌ എടുത്തു. പിന്നെ അവിടെയുള്ള ഒരു ചേച്ചിയെ വിളിച്ചു ഹോസ്റ്റൽ കാണിച്ചു തരാൻ പറഞ്ഞു.

ലഗേജ് ഒക്കെയുള്ളത് കൊണ്ട് സുധി മാമ്മനും ഞങ്ങളുടെ കൂടെ വന്നു. അമ്മയുടെ ഏറ്റവും ഇളയയാളാണ് സുധി മാമ്മൻ. ആൾ കാണാൻ അടിപൊളിയാണ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിൽ അവിടവിടെയായി നിന്ന് ഞങ്ങളെ വീക്ഷിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ അവിടുത്തെ വരൾച്ച ഞാനൂഹിച്ചു. കുറ്റം പറയാൻ പറ്റില്ല, ഞാനും ഇനി ഇതിലൊരു അംഗമാവാൻ പോവുകയാണല്ലോ.

കോൺവെന്റിനു പുറകിൽ നിരന്നു കിടന്ന ബിൽഡിങ്ങുകളിലേക്കല്ല ആ ചേച്ചി ഞങ്ങളെ ആനയിച്ചത്. മറിച്ചു കോളേജ് ഓഡിറ്റോറിയത്തിന്റെ സൈഡിലായി വലിയൊരു പറമ്പിൽ മതിൽ കെട്ടി വേർതിരിച്ച ഒരൊറ്റപ്പെട്ട കെട്ടിടത്തിലേക്കാണ്.

ഗേറ്റ് കടന്നു വിശാലമായ മുറ്റവും, മാവും ബദാം മരവുമൊക്കെ അതിരിടുന്ന വലിയ പൂന്തോട്ടവുമൊക്കെയുള്ള ആ കെട്ടിടത്തിന്റെ മുന്നിലെത്തിയതും ആ ചേച്ചി പറഞ്ഞു.

“ഇതാണ് ഡിഗ്രി ഫസ്റ്റ് യേർസിന്റെ ഹോസ്റ്റൽ.. “

അവിശ്വാസത്തോടെ ഞാനാ ചേച്ചിയെ ഒന്ന് നോക്കി.

പ്രേത സിനിമകളിലൊക്കെ കാണുന്നത് പോലെയുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച കൂറ്റൻ ബംഗ്ളാവ് ആയിരുന്നു അത്. നിറയെ ജനാലകളുള്ള, നീളൻ  വരാന്തയുമൊക്കെയായി നിൽക്കുന്ന ആ ബംഗ്ലാവിനെ ഞാൻ നോക്കി കണ്ടു.

വേറെയും കുട്ടികളും രക്ഷിതാക്കളുമൊക്കെ ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നു.

അമ്മയും സുധിമാമനും ഉപദേശങ്ങൾ വാരി ചൊരിഞ്ഞു യാത്ര പറഞ്ഞു പോയി. വലിയ വരാന്തയും വിസ്തൃതമായ ഹാളുമൊക്കെയുള്ള ആ പഴയ കാല  ബംഗ്ളാവിലേക്ക് ഞാൻ വലതു കാൽ…വലതുകാൽ??..ചെറിയ പേടി ഉള്ളിലുണ്ടായിരുന്നത് കൊണ്ട് ശ്രെദ്ധിച്ചില്ല..എന്തായാലുമങ്ങു കയറി.

ഹാളിലെ നോട്ടീസ് ബോർഡിൽ നോക്കി റൂം കണ്ടു പിടിച്ചു. വലിയൊരു ബംഗ്ളാവിന്റെ ഉൾത്തളങ്ങൾ തന്നെയായിരുന്നു അത്. വലിപ്പമേറിയ റൂമിൽ മൂന്നോ നാലോ സിംഗിൾ കോട്ടുകൾ.

മിക്കവരും പ്രീഡിഗ്രി അവിടെ തന്നെ പഠിച്ചവരായിരുന്നു. ഏറെയും മിക്സഡ് കോളേജിൽ പോകാൻ വീട്ടുകാർ സമ്മതിക്കാത്തവരും…പാവങ്ങൾ..

പെട്ടെന്നു തന്നെ എല്ലാവരുമായി കൂട്ടായി. രാത്രി മെസ്സിൽ പോയി ഭക്ഷണം കഴിച്ചു. തിരികെ എത്തി.

ഡിഗ്രി ഫസ്റ്റ് യേർസിന്റെ ഹോസ്റ്റൽ മാത്രമാണ് ഇത്. ആ വലിയ പറമ്പിനപ്പുറത്തുള്ള കോമ്പൗണ്ടിൽ ഏക്കറുകണക്കിനുള്ള സ്ഥലത്ത് വേറെയും മൂന്നാലു കെട്ടിടങ്ങളുണ്ട്. ബാക്കി ബാച്ചുകാര് എല്ലാം അതിലാണ്.

ഹാളിൽ മുൻവർഷങ്ങളിൽ ഒരുമിച്ചു പഠിച്ചവരെല്ലാം ഉണ്ടായിരുന്നു. ആ കൂട്ടത്തിൽ ഞങ്ങൾ പുതുമുഖങ്ങളും സ്ഥാനം പിടിച്ചു.

ആരോ പറഞ്ഞു….

“ഞങ്ങളുടെ റൂമിൽ രണ്ടു ഫാനുണ്ട്.. “

പലരും തമ്മിൽ തമ്മിൽ നോക്കി.

“അത് ചെട്ടിയാരുടെ ഭാര്യേടെ റൂമായിരുന്നു..”

ഒന്ന് നിർത്തി അവൾ എല്ലാവരെയും ഒന്നു നോക്കി പറഞ്ഞു.

“അതിലാണ് അവര് തൂങ്ങിച്ച ത്തത്.. “

ഡിം… ഒന്നും വീണതല്ല..കട്ട പിടിച്ച നിശബ്ദത..

ഞങ്ങൾ ഫ്രഷേഴ്‌സിന്റെ മുഖം കണ്ടാൽ ചെട്ടിയാരുടെ ഭാര്യയെ നേരിൽ കണ്ട അവസ്ഥയായിരുന്നു. ആ റൂമിലെ ഇൻമേറ്റ്സ് കസേരയിൽ മുറുകെ പിടിക്കുന്നത് കണ്ടു. വീഴാതിരിക്കാനാവും.

ഒന്നാമതേ ആ ബംഗ്ലാവിന്റെ ഉള്ളിലും ചുറ്റുപാടുകളുമൊക്കെ മനോഹരമായിരുന്നെങ്കിലും ആ വീടിന്റെ ആംബിയെൻസ് ആദ്യമായി കാണുന്നവരെ ചെറുതായൊന്നു ഭയപെടുത്തുന്നതായിരു ന്നു.

“എന്റെ ദേവി എന്റെ തൊട്ടടുത്ത റൂമാണല്ലോ അത്… “

മനസ്സിൽ പറഞ്ഞതേയുള്ളൂ. അപ്പോഴേക്കും ബാക്കി കഥകൾ കേട്ടു.

ബ്രിടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്ന വലിയ പണക്കാരനായിരുന്ന കട്ട ബൊമ്മൻ ചെട്ടിയാരുടേതായിരുന്നത്രേഈ ബംഗ്ളാവ്. അയാൾ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് സ്നേഹം കൊടുത്തു കുറച്ചു ബാക്കി വന്നപ്പോൾ അങ്ങേരത് വേലക്കാരിയ്ക്കു കൊടുത്തു. ആ സ്നേഹത്തിന്റെ എക്സ്ചേഞ്ച് ചെട്ടിയാരുടെ ഭാര്യ കണ്ടു. അവർ ബെഡ്റൂമിൽ, അതായത് ആ രണ്ടു ഫാനുകളുള്ള റൂമിലെ ഒരു ഫാനിൽ തൂങ്ങി മരിച്ചു.

ചെട്ടിയാരുടെ ഭാര്യ രാക്കമ്മയുടെ പ്രേതം ചെട്ടിയാരെയും വേലക്കാരി ജാനമ്മയെയും കൊന്നുവെന്നും പ്രേതത്തെ പേടിച്ചു ചെട്ടിയാർ രായ്ക്ക് രാമാനം നാട് വിട്ടെന്നുമൊക്കെ പറയപ്പെടുന്നു..ഇൻവെസ്റ്റിഗേഷൻ ഗോയിങ് ഓൺ…

ഇതൊക്കെ മുൻഗാമികൾ പാടി പതിഞ്ഞ കഥകളാണ്.  അവരുടെയൊക്കെ അനിയത്തിമാരും കസിൻസുമൊക്കെയാണ് ഇവിടെ എത്തിപ്പെടുന്ന പിന്മുറക്കാരിൽ പലരും. അങ്ങിനെയാണ് ഈ കഥകൾ വേരുറച്ചത്.

“ഇങ്ങോട്ട് വരേണ്ടായിരുന്നു പുല്ല്..  “

റൂമിലേക്ക് നടക്കുന്നതിനിടയിൽ ഡേ സ്കോളർ ആയാലോന്ന് ഞാനൊന്ന് ആലോചിച്ചു.

വേണ്ട മാനം പോവും. വീട്ടിൽ വീരശൂരപരാക്രമിയായ എനിക്ക് പേടിയാണെന്ന് പറയുന്നതിനേക്കാൾ നല്ലത് പാണ്ടി ലോറിയ്ക്ക് തല വെക്കുന്നതാവും. കസിൻസിന്റെ മുൻപിലൊക്കെ നമുക്ക്  സൂപ്പർ ഗേൾ ഇമേജ് ആണ്. ആ ചേച്ചിയാണേൽ അഭിയേട്ടനോട് വരെ വിളിച്ചു പറയും.

വേണ്ടാ..എന്തു വന്നാലും ഇവിടെ തന്നെ പിടിച്ചു നിൽക്കണം. ധൈര്യം സംഭരിച്ചു  നടക്കുന്നതിനിടെ എന്റെ റൂമിന്റെ അടുത്തുള്ള റൂം നമ്പർ 13 നടുത്തു എത്തിയപ്പോൾ കാലിന് വേഗത കൂടി.

ചാരിയിട്ട വാതിലിനിടയിലൂടെ പാളിയൊന്നു നോക്കിയപ്പോൾ കണ്ണെത്തിയത് ആ ഫാനുകളിലാണ്.

പുല്ല്…നോക്കണ്ടന്ന് പറഞ്ഞാലും അങ്ങോട്ടെ നോക്കുള്ളൂ. കണ്ണുകളെ ചീത്ത പറഞ്ഞു റൂമിൽ കയറി വാതിലടച്ചു.

ഉറക്കം വന്നില്ല. അമ്മയെയും ചേച്ചിയെയുമൊക്കെ കാണാൻ തോന്നി. കരച്ചിൽ വന്നു..

പിറ്റേന്ന് ക്ലാസ്സ്‌ തുടങ്ങി. പിന്നെ ദിവസങ്ങൾ ഓടി പോയി.

ആകെയൊരു ആശ്വാസം വട്ടം കൂടിയിരുന്നുള്ള പരദൂഷണം പറച്ചിലാണ്. ആദ്യ സിനിമയിൽ തന്നെ പ്രശസ്തയായ ഒരു സിനിമ നടി കൂടെയുണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിൽ. ആൾ ഡേ സ്കോളർ ആണ്.

കാന്റീൻ ആയിരുന്നു ഒരാശ്വാസം. ചാപ്പലും റീഡിങ് റൂമും ലൈബ്രറിയുമൊക്കെ ഇടത്താവളങ്ങളായി.

ഇടക്കാലാശ്വാസമായി കോളേജ് ഓഫീസിലും മറ്റും വരുന്ന ചേട്ടന്മാരും സ്റ്റുഡന്റ്സിന്റെ ചേട്ടന്മാരും കസിൻസും ഒക്കെയായിരുന്നു. ഏതെങ്കിലും ഒരു ചുള്ളൻ കോമ്പൗണ്ടിനുള്ളിൽ ലാൻഡ് ചെയ്തെന്നറിഞ്ഞാൽ ന്യൂസ്‌ പ്രകാശവേഗത്തിൽ എല്ലായിടത്തും എത്തും. ക്ലാസ്സിൽ നിന്ന് ചാടാൻ പറ്റുന്ന ഭാഗ്യവതികളെല്ലാം ക്യാന്റീനിലും ഓഫീസ് പരിസരങ്ങളിലുമൊക്കെയായി പ്രിൻസി യുടെ കണ്ണിൽ പെടാതെ പിടക്കോഴികളായി കുണുങ്ങി നടപ്പുണ്ടാകും.

ഹോസ്റ്റലേറ്റ്സിന്റെ ആക്രാന്തം ഡേ സ്കോളേഴ്സിന് ഉണ്ടാവാറില്ലെങ്കിലും അവരും ആ പരിസരത്തുണ്ടാകും. ഭായ് ആരാണ് സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടാത്തത്..? 

ചെട്ടിയാരെയും ഭാര്യയെയും പറ്റി പല കഥകളും കേട്ടു. പതിയെ പതിയെ പേടി കുറഞ്ഞു. എന്നാലും താഴേ വലിയ ഹാൾ പോലെയൊരു സ്ഥലത്താണ് പത്തു പന്ത്രണ്ടു ബാത്റൂമുകൾ ഉള്ളത്. ഒറ്റയ്ക്ക് അങ്ങോട്ട്‌ ആരും പോവാറില്ല. മുകളിലെ നിലയിലേക്കുള്ള മരത്തിന്റെ വളഞ്ഞു തിരിഞ്ഞ വലിയ ഗോവണിപ്പടികൾ കയറുമ്പോൾ ചുറ്റും നോക്കാറില്ല..അത്രയും ദിവസമായിട്ടും റൂം നമ്പർ പതിമൂന്ന് പുറത്തു നിന്ന് നോക്കി കണ്ടതല്ലാതെ ഞാൻ അകത്തു കയറിയിട്ടില്ല.

ചുമ്മാതെ എന്തിനാന്നെ നമ്മൾ പ്രേതങ്ങളെ പ്രകോപിപ്പിക്കുന്നത്. ബ്ലഡ്‌ കണ്ടാൽ ബോധോം കഥയുമില്ലാത്ത വർഗ്ഗങ്ങളാ..

പതിമൂന്നിൽ മൂന്നു ഇൻമേറ്റ്സ് ആയിരുന്നു. ഗൾഫിൽ നിന്ന് വന്ന നിഷിത മേനോൻ. പ്രീഡിഗ്രി റാങ്ക് ഹോൾഡർ. ഫിസിക്സ്‌ ബാച്ച്. സിനിത, ഫാത്തിമ..രണ്ടുപേരും അവിടെ തന്നെ പ്രീഡിഗ്രി പഠിച്ചവർ.

നിഷി പഠിപ്പിസ്റ്റാണ്. മുടിയൊക്കെ ബോയ് കട്ടടിച്ച, കണ്ടാൽ മോഡേൺ ആണെങ്കിലും
ആൾ പഞ്ചപാവമാണ്. വെക്കേഷനു നാട്ടിലുള്ള മുത്തശ്ശിയുടെ അടുത്താണ് താമസം. പേരെന്റ്സ് ഗൾഫിലാണ്. മുത്തശ്ശി പറയുന്നത് അതുപോലെ വിശ്വസിക്കുന്ന പ്രകൃതം. സകലമാന യ ക്ഷി പ്രേ ത കഥകളും അറിയാമെന്നു മാത്രമല്ല അതിലൊക്കെ വിശ്വാസവും.

ചെട്ടിയാരുടെ ഭാര്യയെ പേടിച്ചു ആൾ ആ റൂമിൽ ശ്വാസം വിടുന്നത് പോലും പേടിച്ചാണെന്നു എല്ലാവർക്കും അറിയാം.

ആദ്യത്തെ ആഴ്ച വീട്ടിൽ പോയപ്പോൾ ചേച്ചിയെ കൊതിപ്പിക്കാനായി ഇല്ലാത്ത കഥകളൊക്കെ ഉണ്ടാക്കി പറഞ്ഞു ഞാൻ. ചെട്ടിയാരുടെയും ഭാര്യയുടെയും കാര്യം മാത്രം പറഞ്ഞില്ല. എനിക്ക് പ്രേ തങ്ങളെ ഭയങ്കര പേടിയാണെന്ന് പുള്ളിക്കാരിക്കറിയാം.

ദിവസങ്ങൾ കടന്നു പോയി. ഹോസ്റ്റൽ മുറ്റത്തെ മാവിൻ കൊമ്പിലും മരങ്ങളിലുമൊക്കെയായി ആർത്തുല്ലസിച്ച്  ഹോസ്റ്റൽ ജീവിത്തോട് ഇഴുകി ചേർന്നു. എന്നാലും ഇടയ്ക്കിടെ ചെട്ടിയാരുടെ പേടിപ്പെടുത്തുന്ന കഥകൾ ചുറ്റിക്കറങ്ങി നടന്നു. ഇതെല്ലാം കേട്ട് റൂം നമ്പർ പതിമൂന്നിൽ ഉരുകിയുരുകി നിഷിയും..

ഇതിനിടെ പലരും പലപല ആവശ്യങ്ങൾ പറഞ്ഞു വാർഡൻ സിസ്റ്ററിനോട് പെർമിഷൻ ചോദിച്ചും അല്ലാതെയും ഹോസ്റ്റലിൽ നിന്ന് ഔട്ടിങ്ങിന് ഇറങ്ങുന്നുണ്ടായിരുന്നു. ആറര ഏഴു മണിയോടെ കോളേജിന്റെ മെയിൻ ഗേറ്റ് അടയ്ക്കും. പുറത്തു പോവുന്നവരും ചാടുന്നവരുമൊക്കെ അതിനു മുൻപേ ഉള്ളിൽ കയറണം.

ഏഴു മണിയ്ക്ക് മെസ്സ് കഴിഞ്ഞു എട്ടുമണിയോടെ ഹോസ്റ്റലിന്റെ വരാന്തയിലെ ഗ്രിൽസ് അടയ്ക്കും.

സെക്യൂരിറ്റിയെ കൂടാതെ പത്തിരുപതു കൂറ്റൻ നായ്ക്കളുണ്ട് പുറത്തു കാവലായിട്ട്. ഒൻപതു മണിയാവുമ്പോൾ അവയെ തുറന്നു വിടും. പത്തു മണിയ്ക്ക് റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്യും. ചെറിയ ലാംപ് മാത്രമേ ഉണ്ടാവുകയുള്ളൂ. റൂമുകൾക്ക് പുറത്തുള്ള കോറിഡോറിലും സ്റ്റഡി ഹാളിലും ലൈറ്റ് ഉണ്ടാകും.

അങ്ങനെ ആദ്യത്തെ ഓണം വെക്കേഷൻ വന്നു. ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും പേരന്റ്സ് സ്ഥലത്തില്ലാത്തവരുമായവരുമെല്ലാം വെക്കേഷന് ഹോസ്റ്റലിൽ തന്നെ നിൽക്കും. ചേച്ചിയും അമ്മയും തിരുവനന്തപുരത്തുള്ള ആന്റിയുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു. രണ്ടു ദിവസം കൂടെ കഴിഞ്ഞേ എത്തുകയുള്ളൂ എന്നതിനാൽ ഹോസ്റ്റലിൽ തന്നെ നിൽക്കുന്ന പത്തു പന്ത്രണ്ടു കുട്ടികളിൽ ഒന്ന് ഞാനായിരുന്നു.

ഉള്ള എല്ലാവരും അടുത്തടുത്ത റൂമികളിലായി അഡ്ജസ്റ്റ് ചെയ്തു കിടന്നു. എന്റെ റൂമിൽ ഞാൻ മാത്രമേയുള്ളു. ആകെ ഒഴിവുള്ള കോട്ട് റൂം നമ്പർ 13ലാണ്. നിഷിയും സിനിതയും മാത്രമേയുള്ളു അവിടെ.

പ്രേതത്തിന്റെ മുൻപിൽ  ചെന്നു നിൽക്കുന്നതിലും നല്ലത് പ്രേതം വരുന്നതും കാത്ത് ഇവിടെ കിടക്കുകയാണ്, എന്ന് മനസ്സിലുറപ്പിച്ച് വിളിക്കാൻ വന്ന നിഷിയെ ഒറ്റയ്ക്ക് കിടക്കുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞു നൈസ് ആയി ഒഴിവാക്കി ഞാൻ വാതിൽ അടച്ചു കിടന്നു.

എന്നെ ദയനീമായി നോക്കി തിരികെ പോയ നിഷിയുടെ അവസ്ഥ ഞാൻ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു.

രാവിലെയാണ് നിഷി ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. സിനിതയ്ക്ക് രാത്രി ഉറക്കത്തിൽ ഉച്ചത്തിൽ കരയുന്ന സ്വഭാവമുണ്ട്. ആരെയും പേടിപ്പിക്കുന്ന കരച്ചിലാണതെന്ന വർണ്ണന കൂടെ കേട്ടതോടെ ആ പാവം ആകെ തളർന്നു.

സിനിത കുറച്ചു കറുത്തിട്ടാണ്. കാണാൻ ഭംഗിയുള്ള മുഖമാണെങ്കിലും ആ വെളുത്ത പല്ലുകൾ കാട്ടി ശബ്ദമില്ലാതെയുള്ള കുലുങ്ങി ചിരി ഇത്തിരി വശപ്പെശകാണ്‌.

പത്തു മണിയായി ലൈറ്റ് ഓഫ്‌ ആയി. അരണ്ട വെളിച്ചത്തിൽ ചെട്ടിയാരുടെ ഭാര്യ പുകയായി എന്റെ അടുത്ത് എത്തുന്നത് പോലെ പലവട്ടം തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു കിടന്നു. നിദ്രാദേവി സിങ്കപ്പൂർ മലേഷ്യ ടൂറിലായിരുന്നെന്ന് തോന്നുന്നു.

അടുത്ത റൂമിൽ സിനിത ഉറങ്ങിയിട്ടും നിഷി ശ്വാസം പിടിച്ചു കിടക്കുകയായിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. സിനി ഇപ്പോൾ കരയും ഇപ്പോൾ കരയും എന്ന് മനസ്സിൽ ഉറപ്പിച്ചു ഞെഞ്ചിടിപ്പോടെ കിടക്കുകയാണ് നിഷി. പെട്ടെന്നാണ്ഹോസ്റ്റൽ മുറ്റത്ത്‌ നിന്ന് നായയുടെ ശബ്ദം വന്നത്. ആ കനത്ത നിശബ്ദതയിൽ നായയുടെ ശബ്ദം തുടങ്ങിയ ആ നിമിഷം സിനി കരഞ്ഞതാണെന്ന് വിചാരിച്ചു നിഷി ആർത്തു കരഞ്ഞുകൊണ്ട് എണീറ്റിരുന്നു.

സിനി ഞെട്ടി എണീറ്റു. പുതപ്പ് തലയിലൂടെ ഇട്ടു വിറച്ചിരിക്കുന്ന നിഷിയെ കണ്ടതും സിനിയ്ക്ക് കാര്യം പിടി കിട്ടി. അവൾ ചിരിക്കാൻ തുടങ്ങി. കണ്ണു തുറന്ന നിഷി കണ്ടത് ചിരിക്കുന്ന സിനിതയുടെ മുഖമാണ്. ആ അരണ്ട വെളിച്ചത്തിൽ സിനിയുടെ മുഖം കണ്ടതും നിഷി ചാടിയെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കോടി. സിനിത പുറകെയും.

ഉറക്കം വരാതെ അറിയാവുന്ന ദേവി ദേവന്മാരെയൊക്കെ പ്രാർത്ഥിച്ചു സമസ്താപരാധങ്ങൾക്കും മാപ്പ് പറഞ്ഞു കിടക്കുമ്പോഴാണ് കരച്ചിൽ കേട്ടത്. വാതിലിൽ ആരോ മുട്ടുന്നു.

തുറക്കണോ വേണ്ടായോ എന്നാലോചിച്ചു നിന്നപ്പോൾ തോന്നി ഇനി പ്രേതത്തെ കണ്ടു എല്ലാരും പേടിച്ച് പുറത്തേക്കോടുകയാണെങ്കിലോ..

വാതിൽ തുറന്ന ഞാൻ കണ്ടത് കോറിഡോറിലെ അരണ്ട വെളിച്ചത്തിൽ ദേഹമാസകലം  മൂടി പുതച്ച ആ രൂപം തൊട്ടപ്പുറത്തെ വാതിലിനു മുൻപിൽ നിന്ന് ഞാൻ വാതിൽ തുറന്ന ശബ്ദം കേട്ട് എന്റെ അരികിലേക്ക് ഓടി വരുന്നതാണ്..

“രാ…രാ ക്ക മ്മാ… “

ഡിം…

സുമിത രാമചന്ദ്രൻ എന്ന ഞാൻ ചക്ക വെട്ടിയിട്ടത് പോലെ വീണ ശബ്ദമാണ്…

ഓടിവന്നവർ കാണുന്നത് കോറിഡോറിൽ വീണു കിടക്കുന്ന എന്നെയും എനിക്ക് മേൽ കുനിഞ്ഞു നിൽക്കുന്ന മൂടിപുതച്ച രൂപത്തെയുമാണ്..

പിറ്റേന്ന് രാവിലെ പേടിച്ചു കരഞ്ഞ നിഷി  പയറുപോലെ നടക്കുമ്പോൾ ഞാൻ അടുത്തുള്ള ക്ലിനിക്കിൽ ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നു..

അങ്ങനെ ഞാൻ ഹോസ്റ്റലിലും കോളേജിലുമൊക്കെയങ്ങുഫേമസ് ആയി.

എനിക്ക് കിട്ടിയ രാക്കമ്മയുടെ ഫ്രണ്ട് എന്ന പേര് ചില തല തിരിഞ്ഞ അവളുമാർ ചെട്ടിയാരുടെ ഗേൾ ഫ്രണ്ട് എന്നാക്കി മാറ്റി.

ആറേഴു മാസം കഴിഞ്ഞുള്ള ചേച്ചിയുടെ കല്യാണത്തിനും എന്റെ കുരുത്തം കെട്ട കസിൻസും അഭിയേട്ടനും ഇറക്കിയ ചെട്ടിയാരുടെയും എന്റെയും പ്രേതകഥകളായിരുന്നു ഹൈലൈറ്റ്. ഒരവസരം കിട്ടിയപ്പോൾ എല്ലാ ഞാഞ്ഞുലുകളും തല പോക്കി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം എന്ന് പറയുന്നത് കലാലയ ജീവിത കാലം ആണ്…അല്ലേ…

ഇൻ ഗോസ്റ്റ് ഹൌസ് എന്ന സിനിമ കണ്ടപ്പോൾ പഴയ ഹോസ്റ്റലാണ് ഓർമ്മ വന്നത്..

Nb : ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഏടാണെങ്കിലും ആ ഞാൻ ഈ ഞാനല്ല ?

~സൂര്യകാന്തി ? (05.09.2020)