ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ..ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്…

പ്രേമലേഖനം…

Story written by Jisha Raheesh

===========

“ഏതവനാടി നിനക്കിത് തന്നത്, സത്യം പറഞ്ഞോ, ചട്ടുകം ചൂടാക്കി വെയ്ക്കും ഞാൻ..ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..?”

അമ്മയങ്ങനെ കത്തിക്കയറുമ്പോൾ, ഞാൻ എലിക്കെണിയിൽ അകപ്പെട്ട എലിക്കുഞ്ഞിനെ  പോലെ വിറച്ചു കൊണ്ടിരുന്നു…

അമ്മ ആ കടലാസും പിടിച്ചു ഉറഞ്ഞു തുള്ളുകയാണ്..ഞാൻ ഇടയ്ക്കിടെ ഒരു ഭീകര ജീവിയെ പോലെ ആ കടലാസ് കഷ്ണത്തെ നോക്കുന്നുമുണ്ട്..

സത്യത്തിൽ,

‘ഇവിടിപ്പോ ന്താ ഇണ്ടായേ ? ആരാ പടക്കം പൊട്ടിച്ചേ..ഇന്നെന്താ വിഷുവാ..?’

എന്ന ഇന്നസെന്റ് ചേട്ടന്റെ എക്സ്പ്രെഷനിൽ നിന്നും എനിക്കിപ്പോൾ വെളിവ് വന്നു തുടങ്ങിയതേയുള്ളൂ…

കുടുബത്തിൽ ഏതാണ്ടോ ഒരുത്തി, കോളേജിൽ പഠിയ്ക്കുമ്പോൾ, ഒരു അലവലാതിയ്ക്കൊപ്പം ഒളിച്ചോടി..അതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് ഞാനും…

അന്ന് തുടങ്ങി, ആഴ്ചയിൽ മൂന്നോ നാലോ സദാചാര ക്ലാസുകൾ ഞാൻ അറ്റാൻഡ് ചെയ്യേണ്ടതായിട്ടുണ്ട്..പ്രേമം അതി ഭീകരമാണെന്നും അതിൽ പെട്ടു പോയാൽ ജീവിതം തുലഞ്ഞുവെന്നുമൊക്കെയുള്ള ഉപദേശം ദിവസം രണ്ടു നേരം വെച്ച് കേൾക്കാം…

നമ്മൾ ആരാ മോള്, ചെയ്യേണ്ടെന്നു പറയുന്നത് മാത്രം ചെയ്യുന്ന ഒരു പ്രത്യേക തരം സ്വഭാവത്തിനുടമ…

പക്ഷെങ്കി ആ ഒളിച്ചോടി പോയ കുരി പ്പും എന്റെ അമ്മയുടെ സുഭാഷിതങ്ങളും മനസ്സിലങ്ങനെ മെഗാ പിക്സലിൽ തെളിഞ്ഞു കിടക്കുമ്പോൾ, പിറകെ വന്നിരുന്ന കാമുകന്മാരെ നിരാശരാക്കി മടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…

ഒന്ന് പ്രേമിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ധൈര്യമില്ല ഹേ…

കാരണവന്മാരായിട്ട് കൈമാറി വന്ന സൗന്ദര്യമുള്ളത് കൊണ്ട് ബ്രൂട്ടീഷൻ ഞാൻ ചെയ്യാറില്ല….

അതുകൊണ്ടാണോ എന്തോ..രാവിലെയും വൈകിയിട്ടും സ്കൂളിലേയ്ക്ക് എസ്‌കോർട്ടിനു വരുന്ന അംഗവാലൻ ചേട്ടന്മാർക്ക് കുറവൊന്നുമില്ല..

ഒരു നിശ്ചിത ദൂരത്തിൽ, സൈക്കളിൽ പിന്തുടരുന്നവരെ കാണുമ്പോൾ, ഒരു ഉൾപ്പുളകമൊക്കെ തോന്നുമെങ്കിലും, പ്രേമം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ, ഭദ്രകാളിയായി മാറുന്ന അമ്മയെ ഓർത്തു എന്റെ മുട്ട് വിറയ്ക്കും…

വൈകുന്നേരം കൂട്ടുകാരി, അവളുടെ വീട്ടിലേയ്ക്ക് കയറി, പിന്നെയും കുറച്ചു ദൂരം തനിയെ പോകണം എനിയ്ക്ക്..അപ്പോഴാണെന്റെ  ഭയം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്..

എതിരെ വരുന്ന നാട്ടുകാർ, ബന്ധുക്കൾ..തുടങ്ങിയ സദാചാരവാദികളൊക്കെ അടുത്തെത്തുമ്പോൾ, ഒരു കുറ്റവാളിയെ പോലെ ദയനീയമായി ഒന്ന് നോക്കി ഞാൻ നടക്കും..അപ്പോഴും പിറകെ ഉള്ളവരെയോർത്ത്, ഇതുങ്ങൾക്ക് ഇനിയെങ്കിലും തിരിച്ചു പൊയ്ക്കൂടേയെന്ന് ഞാൻ മനസ്സിലോർക്കും…

ചുരുക്കത്തിൽ, ഒന്ന് പ്രേമിയ്ക്കാനുള്ള അദമ്യമായ മോഹവും ഉള്ളിലൊതുക്കി, ആഗ്രഹമൊക്കെ ഉണ്ടെങ്കിലും ഭയം അതിനേക്കാൾ ശക്തമായത് കൊണ്ട്,ഇഷ്ടം പറഞ്ഞു വന്നവന്മാരെയൊക്കെ നിഷ്കരുണം പടിയടച്ചു പിണ്ഡം വെച്ചു നടക്കുന്ന കാലം…ഒമ്പതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സുവർണ്ണ കാലം..

അൽ പഠിപ്പിയായിരുന്ന എന്റെ പുസ്തകങ്ങൾ ഇടയ്ക്കിടെ അമ്മ നോക്കാറുണ്ട്…വേറൊന്നുമല്ല എന്റേതല്ലാത്ത കാരണം കൊണ്ട് മാർക്ക് കുറഞ്ഞു പോയ വല്ല പരീക്ഷാ പേപ്പറും കണ്ടുകിട്ടിയാലോയെന്ന് കരുതിയാണ്..

എത്രയൊക്കെ ഓർത്തു വെച്ച്, വീടിന്റെ പടി കടക്കും മുൻപേ ഞാനത് എടുത്ത് മാറ്റിയാലും ചിലപ്പോഴൊക്കെ പിടി വീഴാറുണ്ട്..

ചില ദിവസങ്ങളിൽ വൈകുന്നേരം, മുറ്റത്തെത്തുമ്പോൾ തന്നെ, മൂക്കിലേയ്ക്ക് തുളച്ചു കയറുന്ന മണമുള്ള, എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങളാണ് മിക്കപ്പോഴും അതിന് കാരണം..ജാഗ്രത പലപ്പോഴും ആക്രാന്തത്തിനു വഴി മാറും…

അങ്ങനെ ഒരു വൈകുന്നേരം വന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്നു ഞാൻ….ടീവിയിൽ ഏതോ റൊമാന്റിക് സിനിമ പാട്ടും..

പൊടുന്നനെ  ഒരു അലർച്ചയോടെ അമ്മ മുൻപിൽ..ഒരു കയ്യിൽ ഒരു കഷ്ണം കടലാസ്, മറ്റേതിൽ വടിയും…

എന്റെ ഉള്ളൊന്ന് കാളി, പരീക്ഷ പേപ്പറല്ല..പിന്നെ…?

എന്താണെന്ന് മനസ്സിലാവുന്നതിനു മുമ്പേ കയ്യിൽ അടി വീണിരുന്നു..

“ഏതവൻ തന്നതാടി ഇത്..?”

എന്ത്…?

ശബ്ദമില്ലാതെ മനസ്സിൽ…

അമ്മ പിന്നെയും വടിയോങ്ങി…

“അമ്മാ…തല്ലല്ല അമ്മാ…അതെന്താന്ന് എനിക്കറിയത്തില്ല..”

“അറിയത്തില്ലേ, പിന്നെ ഇതെങ്ങനെ നിന്റെ ബാഗിൽ, അതും പുസ്തകത്തിനുള്ളിൽ വന്നു..?”

“അ..അതെന്താ…?”

ഉമിനീരിറക്കി ഞാൻ ചോദിച്ചു..

“”നിനക്കറിയത്തില്ല അല്ലേ, കണ്ട ചെറുക്കന്റെ  കയ്യിൽ നിന്നും പ്രേമലേഖനവും വാങ്ങി അവൾ വന്നിരിക്കുന്നു, ഇതിനാണോടി നിന്നെ പഠിയ്ക്കാൻ വിടുന്നത്..ആണോടി..?”

വീണ്ടും അടി പൊട്ടി..

‘പ്രേ…പ്രേമലേഖനം…’

അന്നത്തെ ആ ഞെട്ടൽ, അതിനു മുൻപോ ശേഷമോ, എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…

ഇത്..ഇതെങ്ങനെ എന്റെ..എന്റെ ബാഗിൽ…

കൂടുതൽ ആലോചിയ്ക്കും മുൻപേ അടുത്ത അടി വീണു…

“സത്യം പറയെടി, എത്ര നാളായി ഇത് തുടങ്ങിയിട്ട്…?”

എന്ത്..?

“അമ്മാ..എനിയ്ക്കറിയത്തില്ല..”

“നീ കാണാതെ ഇതെങ്ങിനെ നിന്റെ ബാഗിൽ വന്നു…?”

ചോദ്യം ന്യായമാണ്..പക്ഷെ ഉത്തരം എനിയ്ക്കറിയണ്ടേ…?

“അതാരോ ബാഗിൽ വെച്ചതാവും..ഞാൻ കണ്ടിട്ടില്ല അമ്മാ…”

അടി കിട്ടുന്നതിനിടയിലും ഞാൻ അമ്മയുടെ കയ്യിലെ പേപ്പറിലേയ്ക്ക് പാളി നോക്കുന്നുണ്ട്…

ഏതാണ്ട് ഹൃദയചിഹ്നമൊക്കെ വരച്ചിട്ടുണ്ട്..കുനുകുനാ എന്തൊക്കെയോ എഴുതി നിറച്ചിട്ടുണ്ട്…പക്ഷെ പേരൊന്നും എഴുതിയിട്ടില്ലെന്ന് അമ്മയുടെ സംസാരത്തിൽ നിന്നെനിയ്ക്ക് മനസ്സിലായി…

അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയണമെന്നുണ്ടെങ്കിലും അമ്മയുടെ അടിയിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു അപ്പോഴത്തെ അത്യാവശ്യം..

എനിക്കൊന്നും അറിയില്ല എന്നതിൽ ഞാൻ ഉറച്ചു നിന്നെങ്കിലും അമ്മ വിശ്വസിച്ചില്ല…

ആൺവീട്ടിൽ, ജഗതി ചേട്ടൻ പറയുന്നതിൽ ഇച്ചിരി മാറ്റം വരുത്തി ‘എന്റെ പ്രേമം ഇങ്ങനെയല്ല അമ്മാ..’

എന്ന് പറഞ്ഞാലോയെന്ന് അടിയ്ക്കിടയിൽ ഞാൻ ആലോചിച്ചു..

വേണ്ട, എന്റെ നാവും ഞാനും പണ്ടേ അത്ര രസത്തിലല്ല , അമ്മയുടെ മുൻപിൽ പല വട്ടം വികടസരസ്വതി പാടിച്ചു അവനെനിയ്ക്ക് അടി മേടിച്ചു തന്നിട്ടുണ്ട്..ഇപ്പോൾ എന്തെങ്കിലും അബദ്ധം കൂടി പറഞ്ഞാൽ അമ്മ എന്നെ എടുത്തു കിണറ്റിലിടും..

ഇവിടെ, ദയനീയതയാണ് അഭികാമ്യം…

“ഇങ്ങനെയെന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ഇന്നത്തോടെ നിർത്തിയ്ക്കോ, അല്ലെങ്കിൽ നിന്നെയും കൊല്ലും ഞാനും ചാകും…”

മാസ്സ് ഡയലോഗും അടിച്ചു വടിയും താഴെയിട്ട് അമ്മ കടലാസും കൊണ്ട് അടുക്കളയിലേയ്ക്ക് പോയി..ഒന്നെത്തി നോക്കിയപ്പോൾ അത് അടുപ്പിലേയ്ക്കിടുന്നത് കണ്ടു..

എനിയ്ക്ക് സങ്കടവും ദേഷ്യവും എല്ലാം വന്നു..ഒടുക്കത്തെ വേദനയും…

വേറൊന്നിനും അമ്മ ഇങ്ങനെ തല്ലിയിട്ടില്ല..ഈ പ്രേമക്കാര്യം വരുമ്പോൾ മാത്രം അമ്മയ്ക്ക് ചെ കുത്താൻ കു രിശ് കാണുന്ന മട്ടാണ്…

എന്നാലും ഏത് അലവലാതിയാവും ഈ ചെയ്ത്ത് ചെയ്തത്..?

ക്ലാസ്സിലുള്ള ഓരോ ആമ്പിള്ളേരുടെ മുഖവും എന്റെ മനസ്സിലൂടെ കടന്നു പോയി…

അതും ഇത് എന്റെ പുസ്തകത്തിൽ വെക്കണമെങ്കിൽ..എന്നിട്ടു ബാഗിലും…

എല്ലാത്തിലുമുപരി, അതിലെന്താവും എഴുതിയിട്ടുണ്ടാവുക…?

ഇതിന് മുൻപും പ്രേമലേഖനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും, കാണുന്ന മാത്രയിൽ, അതൊന്നും തിരിഞ്ഞു പോലും നോക്കാതെ, പേടിച്ചു മാറിപോയിട്ടുള്ളത് കൊണ്ട്, ഒരു പ്രേമ ലേഖനത്തിൽ എന്താണ് എഴുതിയിട്ടുണ്ടാകുക എന്നൊരു ജിജ്ഞാസ എനിയ്ക്കും ഉണ്ടായിരുന്നു..

അന്നേ കൗതുകം ലേശം കൂടുതലാ…

എന്തിനേറെ പറയുന്നു,അന്ന് അമ്മ വല്ല്യ മൈൻഡൊന്നുമില്ല..അമ്മയെ പറഞ്ഞിട്ടും കാര്യമില്ല, വായിൽ വെള്ളം വറ്റുവോളം ഉപദേശിച്ചിട്ടും മോള് പുസ്തകത്തിൽ പ്രേമലേഖനം സൂക്ഷിച്ചതറിഞ്ഞു മനസ്സ് വേദനിച്ചിട്ടുണ്ടാകും…

എന്റെ ബാഗിലെ, പുസ്തകത്തിൽ ഞാനറിയാതെ ആ കത്ത് വന്നുവെന്നത് എനിയ്ക്ക് തന്നെ വിശ്വസിക്കാൻ പറ്റിയിട്ടില്ല..പിന്നാ അമ്മയ്ക്ക്…

എനിയ്ക്ക് വല്ലാത്ത സങ്കടമായിരുന്നു..മനസ്സാ വാചാ അറിയാത്ത കാര്യത്തിന് പഴി കേട്ടു..അതൊട്ട് വായിക്കാനും കഴിഞ്ഞില്ല…

ആ അലവലാതിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ, ചുരുട്ടി കൂട്ടി കിണറ്റിലെറിഞ്ഞേനെ ഞാൻ…

അടി കിട്ടിയ നീറ്റൽ മാറുന്നില്ലെന്നേ..

പിറ്റേന്ന് സ്കൂളിൽ പോയി..ക്ലാസ്സിലെ എല്ലാ ആമ്പിള്ളേരെയും നിരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല..എല്ലാം നിഷ്ക്കുകൾ…

ക്ലാസ്സിൽ, ഏറ്റവും അടുത്ത കൂട്ടുകാരായ പ്രിയയോടും അൻസിലിനോടും മാത്രം കാര്യം പറഞ്ഞു…

‘നമുക്ക് കണ്ടുപിടിയ്ക്കാടി..”

എന്ന് അൻസിൽ പറഞ്ഞെങ്കിലും ആളെ കണ്ടുപിടിയ്ക്കാൻ പറ്റിയില്ല..

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാനത് വിട്ടു..അമ്മയും..പക്ഷെ ഞാനത് മറന്നിരുന്നില്ല…

വർഷങ്ങൾക്ക് ശേഷം സ്കൂൾ ഗ്രൂപ്പുമുണ്ടായി..മീറ്റിംഗുകളും ഗെറ്റ് ടുഗെതറുമൊക്കെ നടന്നു…

ഒത്തു ചേരലിൽ പലരും പല കഥകളും പറഞ്ഞു..പണ്ടത്തെ വികൃതികളുടെ കൂട്ടത്തിൽ, പണ്ട് തോന്നിയ ഇഷ്ടങ്ങളും വിഡ്ഢിത്തങ്ങളും ഉൾപ്പെടെ, നിരവധി കാര്യങ്ങൾ നിറഞ്ഞു…

ഞാൻ ഈ കാര്യവും പറഞ്ഞെങ്കിലും ആർക്കും ഒരു ഭാവഭേദവും ഇല്ല…

എന്നാലും ഇവന്മാരിൽ ആരാവും എന്നൊരു ചിന്ത എന്റെ ഉള്ളിൽ അപ്പോഴും ഉണ്ടായിരുന്നു…

എല്ലാവരുമായും സംസാരിച്ചു..അൻസിൽ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു..അവൻ ഖത്തറിൽ നിന്നും ലീവിൽ വന്നതാണ്..അവന്റെ ഫാമിലിയുമായും ഞങ്ങൾ സൗഹൃദത്തിലാണ്..നാട്ടിൽ വരുമ്പോൾ കാണാറുണ്ട് …

പ്രിയയുമായി പഴയ അടുപ്പം ഇല്ലെങ്കിലും സംസാരിക്കാറുണ്ട്…

“എടി, എനിക്കൊരു കാര്യം പറയാനുണ്ട്…”

ഇടയ്ക്കെപ്പോഴോ അൻസിൽഎന്നെ മാറ്റി നിർത്തി പറഞ്ഞു…

“എന്താടാ..?”

വല്ല പരദൂഷണവും ആവുമെന്ന വിചാരത്തിൽ ഞാൻ ചോദിച്ചു…

“”അതേയ്…നീ എന്നെ തല്ലരുത്..”

അവൻ ഒരു കയ്യകലത്തിൽ നിന്നു…ഞാൻ അവനെയൊന്നു ചുഴിഞ്ഞു നോക്കി…

“അത്..അന്ന് ആ എഴുത്ത് വെച്ചത് ഞാനായിരുന്നു…”

“എടാ..നീ…”

ഞാനവനെ പകച്ചു നോക്കി നിന്നു. അവൻ വെപ്രാളത്തോടെ പറഞ്ഞു..

“എടി, പക്ഷെ എഴുതിയത് ഞാനല്ല…ഞാനൊന്ന് പറയട്ടെ..എന്റെ ഒരു കസിനിനെ നിനക്ക് ഓർമ്മയില്ലേ..ഷിയാസ്..അന്ന് ടെൻതിൽ പഠിച്ചിരുന്ന….”

ഞാൻ എഫ് ബിയിൽ, എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ഷിയാസിനെ ഓർത്തു..ആളൊരു ചുള്ളൻ ആയത് കൊണ്ടും ലവന്റെ കസിൻ ആയത് കൊണ്ടുമാണ്, ആ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തതെന്നും…

“അവൻ…അവൻ പറഞ്ഞിട്ടാ…”

“എടാ ദോഹി…എന്ത് മാത്രം അടിയാണ്, എനിയ്ക്കന്ന് കിട്ടിയതെന്ന് നിനക്കറിയില്ലേ..?”

“എടി അന്നങ്ങനെ പറ്റിപ്പോയി..”

“എന്നാലും, ഞാൻ നിന്റെ ഫ്രണ്ട് ആയിരുന്നില്ലേ തെ ണ്ടി…”

“അത്..അന്നവൻ സുമിയുടെ കാര്യം പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ, ഒരു ദുർബല നിമിഷത്തിൽ, ഞാൻ ഞാനല്ലാതെ ആയിപ്പോയെടി…”

ഇവന്റെ സ്കൂൾ കാലം മുതലേയുള്ള മുഹബത്താണ്, ഇപ്പോൾ കെട്ടി വീട്ടിൽ കൊണ്ടോയി വെച്ചിരിക്കുന്ന, സുമിനയെന്ന സുമി..ലിവന്റെ ഭാര്യ…

“എന്നിട്ട് നീയെന്താടാ,എന്നോട് ആളെ പറയാതിരുന്നേ…അവന്റെയൊരു കോ പ്പിലെ അഭിനയവും ആളെ തപ്പലും ആശ്വസിപ്പിക്കലും …”

“എടി, അന്ന് ഞാനത് പറഞ്ഞിരുന്നുവെങ്കിൽ, നീയെന്നെ ജീവനോടെ ദഹിപ്പിക്കത്തില്ലായിരുന്നോടി…ശരിക്കും പേടിയായിട്ടായിരുന്നെടി പിശാശേ…”

അത് ശരിയാ…അന്ന് വന്ന ദേഷ്യത്തിന്, ഞാൻ അറ്റ്ലീസ്, ഇവന്റെ പ്രേമമെങ്കിലും കൊളമാക്കിയേനെ…

“നേരിട്ട് നിന്നോട് പറയാനോ കത്ത് കൊണ്ട് തരാനോ അവനു പേടി..കത്ത് വെച്ച് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു വന്നു പറയാനായിരുന്നു പ്ലാൻ..”

“അന്ന് എന്റെ അച്ഛനും കൂടി അറിഞ്ഞിരുന്നുവെങ്കിൽ ഭിത്തിയേൽ തൂക്കിയ എന്റെ പടത്തിനു മാലയിടാമായിരുന്നു അവനു..കോ പ്പിലെ ഐഡിയ..”

അൻസിലിനെ രൂക്ഷമായൊന്ന് നോക്കി മൊബൈൽ എടുത്തു ഞാൻ എഫ് ബി തുറന്നു..

എന്റെ കമ്നീയ ശേഖരത്തിലുള്ള പച്ചത്തെറികളൊക്കെ  വെച്ചൊരു മെസ്സേജ് വെച്ചു കാച്ചിയാലോ….?

അല്ലെങ്കിൽ അവന്റെ ഭാര്യയ്ക്ക് മെസ്സേജ് അയച്ചാലോ….?

തള്ളേ കലിപ്പ് തീരണില്ലല്ല് …

ആദ്യമായിട്ട് കയ്യിൽ കിട്ടിയ പ്രേമലേഖനം..അമ്മയുടെ പൊരിഞ്ഞ അടി…അപമാനം..

ഞാൻ ഫോണിൽ നോക്കി പല്ല് കടിക്കുകയും മുഷ്ടി ചുരുട്ടുകയുമൊക്കെ ചെയ്യുന്നത് കണ്ടവൻ അന്തം വിട്ട് എന്നെ നോക്കുന്നുണ്ട്..

അന്തരാളത്തിൽ നിന്നൊരു ഉപദേശം…ഷാജി പാപ്പന്റെ ശബ്ദത്തിൽ

അരുത് അബൂ..അരുത്…

തല്ക്കാലം ഞാനവനെ അൺഫ്രൻഡ് ചെയ്തു…അതും പോരാഞ്ഞു ബ്ലോക്കിലുമിട്ടു..തെ ണ്ടി..

എന്നാലും അവനന്ന് അതെന്റെ കൈയിൽ കൊണ്ട് തന്നാൽ മതിയായിരുന്നില്ലേ…?

ഞാനത് വാങ്ങുമായിരുന്നോ..?

ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല…ഹും…

ഞാൻ ലവനെ ബ്ലോക്ക്‌ആപ്പീസിലാക്കി, മൊബൈൽ അൻസിലിനു നേരെ തിരിച്ചു കാണിച്ചു….പൊട്ടി വന്ന ചിരി അടക്കി പിടിച്ചവൻ തലയാട്ടി…

“എന്താടാ…?

“ങുംഹും ..”

എന്നെയൊന്നു നോക്കി അവൻ തിരിഞ്ഞു നടന്നു…

കുറച്ചപ്പുറത്തെത്തിയപ്പോൾ അവനൊന്നു തിരിഞ്ഞു നോക്കി…

“എടി വേണേൽ, ഞാനവനോട് അതിൽ എന്തായിരുന്നു എഴുതിയതെന്ന് ചോദിക്കാം..

“എടാ ഡാഷേ….”

എനിയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു..അവൻ ഇളിച്ചു കാട്ടിയപ്പോൾ ഞാനും ചിരിച്ചു പോയി…

എന്നാലും ലവൻ എന്തായിരുന്നു ആ കത്തിൽ എഴുതിയത് .? അമ്മയെ ഇത്രമാത്രം പ്രകോപിക്കാൻ …?

~സൂര്യകാന്തി (ജിഷ രഹീഷ് )?

കഥ ഞാൻ ഇങ്ങനെ അവസാനിപ്പിച്ചുവെങ്കിലും, ആ കത്തെഴുതി വെച്ച അലവലാതിയെ കണ്ടെത്താൻ എനിയ്ക്ക് കഴിഞ്ഞില്ല..

പിന്നീടെപ്പോഴോ അമ്മയോട് ഞാൻ, ആ കത്തിൽ എന്തായിരുന്നു എഴുതിയതെന്ന് ചോദിച്ചപ്പോൾ അമ്മ ഒരു ചിരി…

‘നീയത് ഇത് വരെ മറന്നില്ലേ…? “

എങ്ങനെ മറക്കാൻ അനുഭവിച്ചത് മുഴുവനും ഞാനല്ലേ…?

എന്റെ ആദ്യത്തെ പ്രേമലേഖനം..

ഹാ യോഗല്യ അമ്മിണിയെ..

എന്നാലും അതിൽ എന്തായിരിക്കും എഴുതിയിട്ടുണ്ടാവുക…? ?