ഞാൻ ഇപ്പോഴത്തെ ട്രൻഡിനനുസരിച്ച്, പറഞ്ഞന്നേയുള്ളു…നിങ്ങൾക്കും കൂടി നല്ലതാണല്ലോ എന്നോർത്താണ്…

രായകുമാരൻ…

Story written by Shincy Steny Varanath

============

ചേച്ചീ…ദേ നീ വരച്ച ചിത്രങ്ങൾക്കൊക്കെ ഭയങ്കര ലൈക്കാണെ…വിൽക്കുന്നോന്ന് ഒരു പാട് പേര് ചോദിക്കുന്നുണ്ട്…നിഥിൻ, ചേച്ചി നിഥിനയോട് വിളിച്ചു പറഞ്ഞു.

നിഥിന, നന്നായി ചിത്രങ്ങൾ വരയ്ക്കും. കൈ കൊണ്ടല്ല കാലുകൾ കൊണ്ടാണെന്ന് മാത്രം.

ഡിഗ്രി, രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുമ്പോൾ കോളേജിലേയ്ക്കുള്ള യാത്രയ്ക്കിടെയുണ്ടായ ബസപകടത്തിൽ ഗുരുതര പരുക്കുകളുമായി മാസങ്ങളോളമുള്ള ആശുപത്രി വാസം കഴിഞ്ഞിറങ്ങിയപ്പോൾ, കൈകൾ രണ്ടും നഷ്ടപ്പെട്ടിരുന്നു.

അവളുടെ ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന സമാധാനമായിരുന്നു അച്ഛനും അമ്മയ്ക്കും സഹോദരനുമെങ്കിൽ, ഇനി ഈ പെണ്ണെങ്ങനെ ജീവിക്കുമെന്നുള്ള ആകുലതയായിരുന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും…

ജീവിതം അവസാനിച്ചു എന്ന് കരുതി തളർന്നിരുന്ന നിഥിനയെ മാതാപിതാക്കളും സഹോദരനും ഉറ്റ സുഹൃത്തുക്കളും സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നു. അവരിൽ നിന്നൊക്കെ പകർന്നു കിട്ടിയ ആത്മവിശ്വാസത്തിൽ, കാലുകളുപയോഗിച്ച് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാമെന്നുള്ള അവസ്ഥയിലേക്ക് അവളെത്തി…

ഡിഗ്രി പൂർത്തിയാക്കി…വരയ്ക്കാനുള്ള തൻ്റെ കൈകളുടെ കഴിവിനെ, ഒരുപാട് കഷ്ടപ്പെട്ടെങ്കിലും കാലുകളിലേയ്ക്ക് ആവാഹിച്ചെടുക്കാൻ സാധിച്ചു. തൻ്റെ അവസ്ഥയിലുള്ളവർക്ക് പ്രചോദനമാകാൻ സോഷ്യൽ മീഡിയയിൽ കൂടി മോട്ടിവേഷനും നൽകാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും ജീവിതം വളരെയേറെ സുന്ദരമാണെന്ന് അവളോർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു…

“ഇവളുടെ ചിത്രങ്ങളെല്ലാം കൂടി നമ്മുക്കൊരു എക്സിബിഷൻ നടത്തണം എന്നെനിക്കൊരു ആഗ്രഹമുണ്ട്…” പറമ്പിലോട്ടിറങ്ങും വഴി അച്ഛൻ അദ്ദേഹത്തിൻ്റെ ആഗ്രഹം പറഞ്ഞു.

നമ്മുക്ക് നോക്കാമച്ഛാ…നിഥിനും സമ്മതം.

പുതിയ ചിത്രത്തിൻ്റെ പണിപുരയിലിരുന്ന് നിഥിന ചിരിച്ചു.

ചേച്ചിയേ…വിനോദേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട്?

ആര്…?

ചേച്ചിയെ കഴിഞ്ഞ ദിവസം ഞാനൊരു ഫോട്ടൊ കാണിച്ചില്ലെ, കുറേ ചെമ്പരത്തി ചെടികളുടെ ഇടയിൽ നിൽക്കുന്ന ഒരു ചേട്ടൻ്റെ…ചേച്ചിയന്ന് കുറേ ചിരിച്ചില്ലെ…ചേച്ചിക്ക് നേരിട്ട് കണ്ട് പരിചയമുണ്ടാകില്ല…ആള് വേറേതോ നാട്ടിലായിരുന്നു…കുറച്ചേ ആയുള്ളു ഇങ്ങോട്ടെത്തിയിട്ട്.

ഉം…ഉം…മിണ്ടാതിരിക്ക്…അയാളിങ്ങെത്തി…

വിനോദേട്ടൻ കേറിയിരിക്ക്…നിഥിൻ ആഥിത്യ മര്യാദ കാണിച്ചു…

വേറാരുമില്ലേ ഇവിടെ…നീ മാത്രമേയുള്ളോ…

അച്ഛനുമമ്മയും പറമ്പിലോട്ടിറങ്ങിയതാ…

ചേച്ചി…?

ചേച്ചി എന്തൊ വരയ്ക്കുവാ…

ഞാൻ FBലും Insta ലും ചിത്രങ്ങളൊക്കെ കാണാറുണ്ട്….നന്നായിട്ടുണ്ട്.

ചേച്ചിനെയൊന്ന് വിളിക്കാമൊ?

ഓ…അതിനെന്താ…

ചേച്ചീ…ഒന്നിങ്ങ് വരുവോ…

അനിയൻ്റെ വിളി കേട്ടിറങ്ങി വന്ന നിഥിന, വിനോദിനെ നോക്കിയൊന്ന് ചിരിച്ചു…

ഞാൻ വിനോദ്…നിഥിന വരച്ച ചിത്രങ്ങളൊക്കെ കണ്ടിരുന്നു…നന്നായിട്ടുണ്ട്….അത് പോലെ തന്നെ മോട്ടിവേഷൻ സ്പീച്ചുകളും നന്നാകുന്നുണ്ട്…ഇത് പറയുമ്പോൾ വിനോദിൻ്റെ നോട്ടം അവളുടെ കൈപ്പത്തികളില്ലാത്ത കൈകളിലേയ്ക്കായിരുന്നു.

”എന്തിനാ വന്നതെന്ന് പറഞ്ഞില്ലല്ലോ???” അയാളുടെ നോട്ടം ഇഷ്ടപ്പെടാതിരുന്ന നിഥിൻ ഗൗരവം കലർത്തി ചോദിച്ചു.

അത്, നിങ്ങൾ ഈ ഫോട്ടൊയൊന്ന് നോക്കിക്കേ…കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായതാണ്. വിനോദ് മൊബൈലിൽ കുറച്ചു ഫോട്ടോ അവരെ കാണിച്ചു.

പൊള്ളലേറ്റൊരു സ്ത്രീയും അവരോട് ചേർന്ന് ഒരു പുരുഷനുമാണ് ഫോട്ടോയിൽ. രണ്ട് പേരും വിവാഹ വേഷത്തിലാണ്.

ഫോട്ടോയുടെ ക്യാപ്ഷനാണ് ഭീകരം.

”അങ്ങനെ അവസാനം അതും സംഭവിച്ചു…അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു…

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും രാജകുമാരിയും വിവാഹിതരായി… “

നിഥിന അനിയനെയൊന്ന് നോക്കി. ഇന്നലെ ഈ ഫോട്ടൊ കണ്ടപ്പോൾ മുതൽ അവൻ ദേഷ്യത്തിലായിരുന്നു. ഫോട്ടോ ഷൂട്ട് ചെയ്ത് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് വൈറലാകാൻ  നോക്കുന്നവനെ തിളച്ചയെണ്ണയിൽ മുക്കണമെന്ന ഇന്നലെ പറഞ്ഞതാണ്.

വിനോദേട്ടൻ വന്ന കാര്യം പറ…അനിയൻ കലിപ്പിലാണെന്ന് മനസ്സിലായതു കൊണ്ട് അവൾ തന്നെ ചോദിച്ചു.

ഞാൻ കുറച്ച് മോഡലിങ്ങൊക്കെ ചെയ്യാറുണ്ട്…കാണാറില്ലേ എൻറെ ഫോട്ടോ…ഇതുപോലൊന്ന് നിഥിനയെ കൂട്ടി ചെയ്താൽ കൊള്ളാമെന്നുണ്ട്…നീഥിനയ്ക്കും നല്ല പബ്ലിസിറ്റി കിട്ടും…എല്ലാരുമറിയും…വിനോദ് കാര്യമവതരിപ്പിച്ചു.

ത് ഫൂ…എങ്ങനെ…വിനോദേട്ടൻ കല്യാണ ചെക്കൻ, എൻ്റെ ചേച്ചി കല്യാണ പെണ്ണ്. എന്നിട്ട് ഫോട്ടോയെടുത്ത് കൈയില്ലാത്ത പെണ്ണിനെ കെട്ടി ത്യാഗം ചെയ്ത മഹാമനസ്കനായ രായകുമാരനായി സോഷ്യൽ മീഡിയകളിലൂടെ പുകഴ്ത്തലുകൾ ഏറ്റുവാങ്ങി വിലസണമല്ലേ…പൂതി കൊള്ളാം…എൻ്റെ ചേച്ചിടെ അവസ്ഥയെ വിറ്റ് നിങ്ങക്ക് വൈറലാകണമല്ലേ…ഞാൻ ഇപ്പോൾ നിങ്ങൾക്ക് രണ്ടെണ്ണം വെച്ച് തന്നിട്ട് കാരണം കൂടി എഴുതി വീഡിയോ ഇട്ടാലും നിങ്ങടെ വൈറൽ പൂതി സാധിക്കും…വേണോ…ഒരുത്തനൊരു കോമാളിത്തരം ചെയ്ത് നാട്ടുകാരെ വിഢിയാക്കി. ഇനി അതിൻ്റെ വാലേ പിടിച്ച് വേറെ കുറേ ഊ ളകളും…

നിഥിൻ കലി കൊണ്ട് വിറയ്ക്കുകയാണ്…

നിഥിന അനിയനോട് മിണ്ടാതിരിക്കാൻ കണ്ണുകാണിച്ചു…

“ഞാൻ ഇപ്പോഴത്തെ ട്രൻഡിനനുസരിച്ച്, പറഞ്ഞന്നേയുള്ളു…നിങ്ങൾക്കും കൂടി നല്ലതാണല്ലോ എന്നോർത്താണ്” നിഥിൻ്റെ തുള്ളലുകണ്ട് ഇരിക്കുന്നിടത്ത് നിന്ന് വിനോദ് അറിയാതെ എഴുന്നേറ്റ് നിന്നു പോയിരുന്നു.

”അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു ” എന്ന് ഈ ക്യാപ്ഷനിൽ പറയുന്നുണ്ടല്ലോ ചേട്ടാ…ഇവൻ്റെ കൂടെ മാലയിട്ടൊരു ഫോട്ടോയായിരുന്നോ ആ കുട്ടിടെ ആഗ്രഹം…എനിക്കേതായാലും അങ്ങനത്തെ ആഗ്രഹമൊന്നുമില്ല…

പിന്നെ, ‘അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്നത് ‘, ഒന്ന് വീണാൽ തീരാവുന്ന നിറവുകളൊക്കെയേ ഈ രാജകുമാരനുമുള്ളു…കുറവുകളെ പ്രണയിക്കുകയാണൊ അയാൾ, ഫോട്ടോയെടുത്ത് സ്വയം വൈറലാകാനുള്ള തെമ്മാടിത്തരമല്ലെ ഇവിടെ നടക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിട്ട് വെച്ചിരിക്കുന്ന ക്യാപ്ഷൻ…ഒന്നുമന്വേഷിക്കാതെ കുറേ ആശംസക്കാരും…

നിവൃത്തികേടുള്ളവരെ ഊറ്റുന്നത് മഹാമനസ്കതയായിട്ട് ആരാ പ്രഖ്യാപിച്ചത്…മൊബൈൽ തിരികെ നൽകിക്കൊണ്ട് നിഥിന പറഞ്ഞു.

നിഥിനയുടെ സംസാരമെല്ലാം വികാരങ്ങളെ അടക്കി നിർത്തിയായിരുന്നു…

നിങ്ങക്ക് താൽപര്യമില്ലെങ്കിൽ വേണ്ട…ഞാൻ ചോദിച്ചെന്നേയുള്ളൂ…എന്നാൽ ഞാനങ്ങോട്ട്…വിനോദിനെങ്ങനെയെങ്കിലും അവിടുന്ന് രക്ഷപെട്ടാൽ മതിയെന്നായി…

നിക്ക് വിനോദേട്ടാ…ഞാൻ ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോന്ന് ആലോചിക്കുവാ…അതിൻ്റെ ആശയം കേട്ടിട്ട് പോയാൽ പോരെ…നിഥിൻ വിനോദിനെ തടഞ്ഞു.

21 വയസ്സുള്ള ഞാൻ കുറച്ച് നല്ല പ്രായമുള്ള ഒരു സ്ത്രീയെ കല്യാണം കഴിക്കുന്നതായിട്ട് ഫോട്ടോയെടുത്താൽ എങ്ങനിരിക്കും…പ്രായം പറയുമ്പോൾ ഒരു 65 – 70 വയസ്സിനിടയ്ക്ക്…ഞാനാലോചിച്ചിട്ട് ആ പ്രായത്തിലാരെയും കിട്ടുന്നില്ല…വിനോദേട്ടൻ്റെ അറിവിൽ ആരെങ്കിലുമുണ്ടോ? ഓ…ഇപ്പഴാ ഓർത്തത്  നമ്മുടെ ജാനകിയേച്ചിക്ക്  ഈ പ്രായമായിരിക്കുമല്ലോ…ചേച്ചിക്കറിയില്ലെ ജാനകിയേച്ചിയെ…ഈ വിനോദേട്ടൻ്റെ അമ്മയേ…

”പ്രണയത്തിന് പ്രായമൊരു തടസമേയല്ലെന്ന് ” ക്യാപ്ഷനും കൊടുക്കാം…സംഗതി വൈറലാകുമെന്ന് 101 തരം…

അനാവശ്യം പറയല്ല് നിഥിനെ…പറയുമ്പോൾ വിനോദിൻ്റെ തൊണ്ട വറ്റിവരണ്ട് കിച്ച് കിച്ചാകാൻ തുടങ്ങിയിരുന്നു.

വേണ്ടെങ്കിൽ വേണ്ട… “എന്നാൽ ചേട്ടാൻ സമയം കളയാതെ പോകാൻ നോക്ക്…എൻ്റെ ചേച്ചിക്ക് സ്നേഹിക്കാനും ചേച്ചിയെ സ്നേഹിക്കാനും പറ്റിയ ആളു വന്നാൽ ഞങ്ങള് നല്ല ഒർജിനൽ ഫോട്ടോയെടുത്തോളാം, ത്യാഗമല്ല…സ്നേഹമെന്ന് ക്യാപ്ഷനും… “

വിനോദ് ഒന്നും മിണ്ടാതെയിറങ്ങി നടന്നു…

“ആ ചെമ്പരത്തി ചെടികൾക്കിടയിൽ നിന്നെടുത്ത ചേട്ടൻ്റെ ഫോട്ടോയെല്ലാം സൂപ്പറാട്ടോ…” നിഥിൻ പിന്നിൽ നിന്ന് വിളിച്ച് പറയുമ്പോൾ നിഥിന ചിരിയോടെ തൻ്റെ കാൽതൊട്ട് ജീവൻ വെക്കാൻ കാത്തിരിക്കുന്ന ചിത്രങ്ങളുടെ അരികിലേയ്ക്ക് പോയി…