ഒരു ഹൈസ്ക്കൂൾ പ്രണയം…
Story written by Saji Thaiparambu
=============
“അച്ഛാ..ഇന്നാണ് കോൺടാക്ട് ഡേ, ഓർമ്മയുണ്ടല്ലോ അല്ലേ?”
രണ്ടാം ക്ളാസ്സ്കാരി, ഐശ്വര്യ അച്ഛനെ ഓർമ്മിപ്പിച്ചു.
“ആണോ ?എത്ര മണിക്കാണ് മോളേ?”
അയാൾ ആവേശത്തോടെ ചോദിച്ചു.
“പത്ത് മണി തൊട്ടാണ്, ഇപ്പോൾ തന്നെ ഒൻപത് മണിയായി, ഒന്നെഴുന്നേല്ക്കച്ഛാ.. “
“ദാ, അച്ഛനിപ്പോൾ, റെഡിയാകാം മോളേ”
അയാൾ ഉത്സാഹത്തോടെ ബാത്റൂമിലേക്ക് കയറി.
അയാളുടെ ഈ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല. ഐശ്വര്യയുടെ ക്ളാസ്സ് ടീച്ചറെ കഴിഞ്ഞൊരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്.
അന്ന് മഴയുള്ളൊരു ദിവസമായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ്സ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ കാറുമെടുത്ത് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാനായി പോയത്.
കാറിൽ നിന്നിറങ്ങിയ മകൾ ക്ളാസ്സിലേക്ക് കയറി പോകുന്നത് വരെ അയാൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
അപ്പോഴാണ് ക്ളാസ്സ് റൂമിലേക്ക് നടന്ന് വരുന്ന ടീച്ചറെ അയാൾ ശ്രദ്ധിച്ചത്.
ഇത് അവളല്ലേ രചന, അതെ…അവൾ തന്നെ, ആ മുഖം ഇനിയൊരിക്കലും കാണരുതെന്ന് മനസ്സിലുറപ്പിച്ചതാണ്, എന്നിട്ടും തന്റെ മുന്നിൽ തന്നെ അവൾ വന്ന് പെട്ടിരിക്കുന്നു, അതും തന്റെ മകളുടെ ക്ളാസ്സ് ടീച്ചറായിട്ട്.
“ഹായ് വിനോദ്..”
അവള് കാണാതെ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് പുറകിൽ നിന്നും ആ വിളി കേട്ടത്.
“എന്താ വിനോദ് ഇത്, കണ്ടിട്ടും കാണാത്ത പോലെ പോകുവാണോ?”
അവൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയമിടിപ്പിന് വേഗത കൂടി.
“ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടോ ആവോ?”
പരിഹാസരൂപേണയാണയാൾ ചോദിച്ചത്.
“ഓഹ് സില്ലി മാൻ…ഇപ്പോഴും ആ ബാല ചാപല്യമോർത്തിട്ടാണോ എന്നോടീപരിഭവമൊക്കെ കാണിക്കുന്നത്. അതൊക്കെ സ്കൂൾ ജീവിതത്തിലെ വെറും നേരംപോക്കുകളായിട്ടേ ഞാൻ കണ്ടിട്ടുള്ളു, നോക്കൂ നിങ്ങളിപ്പോൾ ഒരു ഏഴ് വയസ്സുകാരിയുടെ അച്ഛനാണ് “
“മ്ഹും ശരിയാ, നിങ്ങളെ പോലെ സുന്ദരിയായ പെൺകുട്ടികൾക്ക്, എന്നെപ്പോലെ വൺവേ പ്രണയവുമായി പുറകെ നടക്കാൻ ഒരു പാട് പേരുണ്ടാകുമ്പോൾ, നിങ്ങൾക്കത് വെറും നേരം പോക്ക് മാത്രം, പക്ഷേ ഫൈനൽ എക്സാം കഴിഞ്ഞ് എല്ലാവരും പിരിയുന്ന സമയത്ത് ഞാൻ രചനയുടെ അരികിൽ വന്ന്, ഏറെ ആശങ്കയോടെ നമ്മളിനി എങ്ങനെ കണ്ട് മുട്ടും എന്ന് ചോദിച്ചിരുന്നു, അതിന് മറുപടിയായി അട്ടഹസിച്ച് കൊണ്ട് താൻ എന്നോട് പറഞ്ഞത്…
അതിന് നമ്മളെന്തിനാ ഇനി കാണുന്നത്, കാണാനും മാത്രം എന്ത് ബന്ധമാണ് നമ്മൾ തമ്മിൽ ഉള്ളതെന്ന്…സത്യത്തിൽ എന്റെ ഇത് വരെയുള്ള ജീവിതത്തിൽ, ഞാൻ മാനസികമായി ഏറ്റവും കൂടുതൽ തളർന്ന് പോയത് അന്നായിരുന്നു, അപ്പോഴാണ് എനിക്ക് പോലും മനസ്സിലായത് ഞാൻ രചനയെ അന്ന് എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് “
“ഓഹ് റിയലി ,സത്യം പറയട്ടെ വിനോദ്, നിന്റെ മനസ്സ് ഇത് പോലെ അന്ന് നീ തുറന്ന് കാട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ ഐശ്വര്യയുടെ അമ്മ ഇന്ന് ഞാനാകുമായിരുന്നു. അന്ന് തുറന്ന് പറയാനുള്ള ധൈര്യം നീ കാണിച്ചില്ല. നിന്റെ ഭാഗത്ത് നിന്നും സാധാരണ എല്ലാവരും എന്നെ നോക്കി നില്ക്കുന്നത് പോലെ കണ്ണിമയ്ക്കാതെ നീ എന്നെ നോക്കി നിന്നിട്ടുള്ളതല്ലാതെ ഒരിക്കൽ പോലും എന്നോട് ഇഷ്ടമാണന്ന് പറഞ്ഞിട്ടില്ല”
അവളുടെ കുറ്റപ്പെടുത്തൽ തീർത്തും ശരിയായിരുന്നു എന്ന് അയാളുടെ മനസ്സ് പറഞ്ഞു.
“ഉം, ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം. നമ്മൾ ഒരുപാട് വളർന്നു, നമുക്ക് ഓരോ കുടുംബങ്ങളുമായി ജീവിതമെന്ന് പറയുന്നത് ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ?
അയാൾ നിരാശയോടെ പറഞ്ഞു.
“അല്ല വിനോദ്…കുടുംബം നിനക്ക് മാത്രമേ ആയിട്ടുള്ളു ഞാനിപ്പോഴും സിംഗിളാണ് “
“ങ്ഹേ…അതെന്താ അങ്ങനെ?”
അയാളുടെ ജിജ്ഞാസയ്ക്ക് മറുപടി പറയുന്നതിന് മുമ്പ് ക്ളാസ് തുടങ്ങുന്നതിനുളള മണി മുഴങ്ങി.
“ഓകെ വിനോദ് അതൊക്കെ ഇനിയൊരിക്കൽ പറയാം, ഞാൻ ക്ളാസ്സിലേക്ക് ചെല്ലട്ടെ “
അന്ന് താൻ, അവിടുന്ന് തിരിച്ചത് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായിട്ടാണെന്ന്, കുളിച്ച് കൊണ്ടിരിക്കുമ്പോൾ അയാൾ ഓർത്തു.
വിനോദ് സ്കൂളിൽ എത്തുമ്പോൾ ഗ്രൗണ്ടിൽ സ്കൂൾ ബസ്സുകളും ഒന്ന് രണ്ട് സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്തിട്ടുണ്ട്.
കോൺടാക്ട് ഡേ ആയത് കൊണ്ട് അന്ന്, ക്ളാസ്സില്ലായിരുന്നു.
രണ്ട് എ എന്ന് എഴുതിയ ക്ളാസ്സ് റൂമിലേക്ക് ഒരു ഉൾക്കുളിരോളെ അയാൾ നടന്ന് ചെന്നു.
അപ്പോൾ അയാൾക്ക് ആ പഴയ പത്താം ക്ളാസ്സുകാരന്റെ മനസ്സായിരുന്നു…
മറ്റ് മാതാപിതാക്കന്മാരൊന്നും വന്നിട്ടില്ലാത്തത് കൊണ്ട് ക്ളാസ്സ് റൂമിൽ രചന, തനിച്ചിരുന്ന് പേപ്പേഴ്സ് പരിശോധിക്കുകയായിരുന്നു.
“ഗുഡ് മോർണിങ്ങ് “
അവൾ തല ഉയർത്തി നോക്കിയപ്പോൾ, വിനോദ് നിറഞ്ഞ പുഞ്ചിരിയോടെ അയാളെ സ്വാഗതം ചെയ്തു.
“ഇരിക്കു വിനോദ്…വൈഫിനെ കൊണ്ട് വന്നില്ലേ?”
ആ ചോദ്യം കേട്ട് അയാളുടെ മുഖത്ത് മ്ളാനത പടരുന്നത് അവൾ കണ്ടു.
“എന്ത് പറ്റി വിനോദ്?”
“സോറി രചന എനിക്കൊരു കുടുംബമുണ്ടെന്ന് ഞാൻ രചനയോട് പറഞ്ഞത്, എന്റെ അമ്മയും പിന്നെ ഐശ്വര്യ മോളും അടങ്ങുന്ന കുടുംബത്തെക്കുറിച്ചായിരുന്നു ഞാനിപ്പോഴും ബാച്ച്ലറാണ് “
“ങ് ഹേ, അപ്പോൾ ഐശ്വര്യ ?
“അത് എന്റെ ഏട്ടന്റെ മോളാ, ഏട്ടനും ഏട്ടത്തിയും വിദേശത്താണ്. അവൾ ജനിച്ച് ആറാം മാസം മുതൽ, ഇവിടെ എന്നോടും അമ്മയോടുമൊപ്പമാണ് കഴിയുന്നത്. ഏട്ടനും ഏട്ടത്തിയും ഇൻഡ്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥരാണ്. ഔദ്യോഗ തിരക്കുകൾക്കിടയിൽ മോളെ ശ്രദ്ധിക്കാൻ കഴിയാത്തത് കൊണ്ട് ഞങ്ങളെ ഏല്പിച്ച് പോയതാ, വർഷത്തിലൊരിക്കൽ അവർ വന്ന് കണ്ടിട്ട് പോകും, പിന്നെ വിഡിയോ കോളിങ്ങുമുണ്ട്, പക്ഷേ അവൾക്ക് ഞാനാണ് സ്വന്തമച്ഛൻ, അവളുടെ അച്ഛനെ വല്യച്ഛനെന്നേ വിളിക്കു “
“അപ്പോൾ ഇങ്ങനൊരു മോളുള്ളത് കൊണ്ടായിരുന്നോ, വിനോദ് വേറെ വിവാഹം കഴിക്കാതിരുന്നത്?”
“ഹേയ് ,ഒരിക്കലുമല്ല…രചന അന്ന് പറഞ്ഞില്ലേ എനിക്ക് നിന്നോട് ഉണ്ടായിരുന്ന പ്രണയം ബാല ചാപല്യമായിരുന്നു എന്ന്. പക്ഷേ അത് അങ്ങനെയല്ല എന്നുള്ളതിന്റെ തെളിവാണ് എന്റെ ഈ അവിവാഹിത ജീവിതം. ചില ഇഷ്ടങ്ങൾ മനസ്സിൽ തോന്നുന്നത് ആത്മാർത്ഥമായി തന്നെയായിരിക്കും അതിനെ ഒരിക്കലും ബാലിശമായി കാണരുത്. ങ്ഹാ, അത് പോട്ടെ രചനയെന്താ കല്യാണം കഴിക്കാതിരുന്നത് “
“അതോ , സെയിംറീസൺ “
“ങ്ഹേ, എന്ന് വച്ചാൽ?
“എന്ന് വച്ചാൽ അത് തന്നെ…അന്ന് ഫൈനൽ എക്സാം കഴിഞ്ഞ് നീ എന്നോട് വന്ന് സംസാരിച്ചപ്പോൾ നിന്നെ ഞാൻ പരിഹസിച്ച് വിട്ടതിന് ശേഷം വീട്ടിലെത്തിയ എനിക്ക് എന്തൊ മിസ്സ് ചെയ്യുന്നത് പോലെ തോന്നി. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ആ ഒരു കുറവ് എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. ഒടുവിൽ എനിക്ക് മനസ്സിലായി എന്നെ അന്ന് കണ്ണിമയ്ക്കാതെ നോക്കി നിന്ന ഒരു പാട് പേരിൽ നിന്നോട് മാത്രമായിരുന്നു എനിക്ക് പ്രണയം തോന്നിയിരുന്നതെന്ന്…നഷ്ടപ്പെടുമ്പോഴാണല്ലോ നമുക്ക് പല തിരിച്ചറിവുകളുമുണ്ടാകുന്നത്, പിന്നെ എങ്ങനെയെങ്കിലും നിന്നെയൊന്ന് കണ്ടാൽ മതിയെന്ന ചിന്തയായിരുന്നു എനിക്ക്. അതിന് വേണ്ടി ഞാൻ, എന്നെ കൊണ്ട് കഴിയുന്ന രീതിയിലൊക്കെ അന്വേഷിച്ചു. പക്ഷേ നിന്നെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. എന്നെങ്കിലും നിന്നെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ വീട്ടുകാരോട് എനിക്ക് പഠനം തുടരണമെന്നും ജോലി സമ്പാദിക്കണമെന്നുമൊക്കെ കളവ് പറഞ്ഞ്, വന്ന വിവാഹാലോചനകളിൽ നിന്നൊക്കെ ഒഴിഞ്ഞ് മാറി. ഇത് വരെ എത്തി, ഇനിയിപ്പോൾ ജോലി കിട്ടിയ സ്ഥിതിക്ക്, എനിക്ക് പിടിച്ച് നില്ക്കാൻ കഴിയില്ല. ഞാനിപ്പോൾ ആ ടെൻഷനിലാണ്”
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ ഒരു നാമ്പ് വിനോദിന്റെ മനസ്സിൽ പൊട്ടി മുളച്ചു.
“അപ്പോൾ ഞാൻ കാത്തിരുന്നതും വെറുതെയായില്ലല്ലേ?”
“ഹ ഹ ഹ “
അതിന് മറുപടിയായി മനസ്സ് തുറന്ന് അവൾ ചിരിച്ചപ്പോൾ അയാളും പൊട്ടിച്ചിരിച്ച് പോയി.
~സജിമോൻ തൈപറമ്പ്