ഹൃദയങ്ങളിലൂടെ…. ഭാഗം 04 , ഭാഗം 05, എഴുത്ത്: കർണൻ സൂര്യപുത്രന്‍

ഭാഗം 04

യശോദ റൂമിലേക്ക് കയറിയപ്പോൾ പ്രദീപിനെ കണ്ടില്ല…ബാത്റൂം കതക് തുറന്നിട്ടുണ്ട്…വെള്ളം വീഴുന്ന ശബ്ദം..

അവർ അതിനുള്ളിലേക്ക് നോക്കി..ഷവറിന് താഴെ  ഫ്ലോറിൽ അവൻ  കിടക്കുന്നു…വാഷ്ബേസിനിൽ ഛർദിച്ചിട്ടുണ്ട്.. അവർ  ഷവർ ഓഫ്‌ ചെയ്ത് അവനെ എഴുന്നേൽപ്പിച്ചിരുത്തി…ടൗവൽ എടുത്ത് തലയും ദേഹവും  തുടച്ചു..പ്രദീപ്‌ പാതി കണ്ണുകൾ തുറന്നു അവരെ നോക്കി മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല…അവരവനെ താങ്ങിഎഴുന്നേൽപ്പിച്ചു ബാത്‌റൂമിന്റെ വെളിയിൽ ഇറക്കി…ടൗവൽ ഉടുപ്പിച്ച് നനഞ്ഞ മുണ്ട് അഴിച്ചു മാറ്റി വേറൊന്നുടുപ്പിച്ചു.എന്നിട്ട് അവനെ കട്ടിലിൽ കിടത്തി….

“വാവേ…” അവൻ  പതിയെ വിളിച്ചു…

യശോദ അവനെ പുതപ്പിച്ച ശേഷം പുറത്തിറങ്ങി വാതിൽ ചാരി…പിന്നെ അവിടിരുന്നു പൊട്ടിക്കരഞ്ഞു…മാസങ്ങളായി പ്രദീപ്‌ ഇങ്ങനെയാണ്..മാനസ പോയി കുറച്ചു നാൾ കഴിഞ്ഞ ശേഷം അവൻ കുവൈറ്റിൽ നിന്നു തിരിച്ചെത്തി..ആര് കണ്ടാലും ഹൃദയം തകർന്നു പോകുന്ന രൂപം…

നാസർ കൂടെ വന്നിരുന്നു..ഒറ്റയ്ക്ക് വിട്ടാൽ അവനെന്തെങ്കിലും കടുംകൈ  ചെയ്യുമോ എന്നയാൾ ഭയന്നു..വീട്ടിലെത്തി അവനൊന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി..എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ എല്ലാവരും  കുഴങ്ങി…

“ആ കുട്ടിയുടെ വിവരം വല്ലതുമുണ്ടോ?” നാസർ  സനീഷിനോട് ചോദിച്ചു..

“കണ്ണൂരിൽ ഉണ്ടെന്നാ അറിഞ്ഞത്..അന്വേഷിച്ചു പോകണ്ടാന്നു പ്രദീപ്‌ പറഞ്ഞത് കൊണ്ട് ആരും അതിന് മിനക്കെട്ടില്ല..”

“എന്നാലും ഇവനോടിങ്ങനെ ചെയ്യാൻ അവൾക്ക് മനസ് വന്നല്ലോ..എന്താഗ്രഹവും സാധിച്ചു കൊടുക്കുന്ന ഏട്ടനെ വഞ്ചിക്കാൻ എങ്ങനെയാ അവൾക്കു കഴിഞ്ഞത്?”

നാസർ നെടുവീർപ്പിട്ടു..യശോദ  അകത്തേക്ക് ചെന്നപ്പോൾ പ്രദീപ്‌ ബാഗ് തുറന്നു സാധനങ്ങൾ നിരത്തി വയ്ക്കുകയാണ്…ഡ്രസ്സ്‌, മേക്കപ്പ് സെറ്റ്, പെർഫ്യൂംസ്, തുടങ്ങി ഒരുപാട് സാധനങ്ങൾ..

“അവൾക്കു വേണ്ടി ആശയോടെ വാങ്ങി വച്ചതാ ചിറ്റേ…ഇനിയെന്തിനാ ഇതൊക്കെ അല്ലേ? അയല്പക്കത്തെ ആർകെങ്കിലും കൊടുത്തേക്ക്….”

അവൻ പതിയെ പറഞ്ഞു…യശോദ  അവന്റെ അരികിലെത്തി  ചേർത്ത് പിടിച്ചു…

“എനിക്ക് അവളെന്നും കൊച്ചു കുട്ടിയായിരുന്നു..വല്യ പെണ്ണായത് ഞാനറിഞ്ഞില്ല..എന്റെ തെറ്റാ…എന്നാലും അവൾക്കെന്നോട് പറയാരുന്നില്ലേ…? ഞാൻ സന്തോഷത്തോടെ നടത്തിക്കൊടുക്കുമായിരുന്നല്ലോ…ഇത്രേം സ്നേഹിച്ചിട്ടും എന്നെ മനസിലാക്കാൻ വാവയ്ക്ക് കഴിഞ്ഞില്ലെന്നോർക്കുമ്പോൾ ചങ്കു തകരുന്നു…”

യശോദ അവനെ കെട്ടിപ്പിടിച്ചു  കരഞ്ഞു…പതിനൊന്നാമത്തെ വയസിൽ സ്വന്തം അമ്മ വേറൊരാളുടെ കൂടെ ഇ ണചേരുന്നത് കാണേണ്ടി വന്ന ഒരു ആൺകുട്ടി…അമ്മയുടെ ദുർനടപ്പ് അനിയത്തിയെ ബാധിക്കരുത് എന്ന് കരുതി അവളെയും കൊണ്ട് വീട് വിട്ടിറങ്ങി…സ്വന്തം ജീവിതം മറന്ന് അനിയത്തിക്ക് വേണ്ടി ജീവിച്ചു…അവസാനം അവൾ കാരണം  മാനസികനില തന്നെ തെറ്റുന്ന അവസ്ഥയിലെത്തിയിരിക്കുന്നു..

“കണ്ണാ…സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു.. ഇനി ഓർത്താൽ വേദന കൂടുകയേ ഉള്ളൂ..ഇനി നിന്റെ ജീവിതത്തിൽ അവളില്ല…അങ്ങനെ ചിന്തിക്ക്…”

“ചിറ്റ പറഞ്ഞത് ശരിയാ..അവൾക്കു വേണ്ടി ഇനി ഞാൻ കരയില്ല…അതിനുള്ള അർഹത പോലും അവൾക്കില്ല.. എവിടെയായിരുന്നാലും , ആരുടെ കൂടെയായിരുന്നാലും, അവൾ  സന്തോഷത്തോടെ ജീവിക്കട്ടെ…”

അവൻ കണ്ണുകൾ തുടച്ചു…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ്  അവന്റെ പോക്ക് അപകടത്തിലേക്കാണെന്ന്  യാശോദയ്ക്ക് മനസ്സിലായത്….ഒരിക്കൽ പോലും മ ദ്യം രുചിച്ചു നോക്കിയിട്ടില്ലാത്ത അവൻ ആദ്യമായി  കഴിച്ചിട്ടു വന്നു..

“ക്ഷമിക്ക് ചിറ്റേ…എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല…തല പെരുക്കുന്നു..”

അവർക്ക് ഒന്നും പറയാനുള്ള ശേഷിയുണ്ടായില്ല…ദിനം തോറും മ ദ്യപാനം കൂടി വന്നു… രാവിലെ മുതൽ  രാത്രിവരെയുള്ള കുടി ഒഴിവാക്കാനായി  സനീഷിന്റെ നിർബന്ധപ്രകാരം  വർക്ക്‌ ഷോപ്പിൽ വീണ്ടുമവൻ ജോലിക്ക് പോയി തുടങ്ങി..

പക്ഷേ നാട്ടുകാരുടെ ചോദ്യങ്ങൾക്കും പരിഹാസചിരികൾക്കും മുന്നിൽ തലകുനിയേണ്ടി വന്നതോടെ മ ദ്യം അവന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി..

*********

ഒരു ഞായറാഴ്ച്ച….

തലേന്ന് രാത്രിയിലെ ലഹരി വിട്ടുമാറാതെ  ഉമ്മറത്ത് ഇരിക്കുകയായിരുന്നു പ്രദീപ്‌…. യശോദ   ഒരു ഗ്ലാസ് ചായ അവന്റെ അടുത്തു വച്ചു…

“ഇങ്ങനെ നശിക്കാൻ തന്നാണോ  നിന്റെ തീരുമാനം  കണ്ണാ?”

“പിന്നെ ഞാനെന്തു ചെയ്യണം ? എന്നെ കൊണ്ട് പറ്റുന്നില്ല…”

അവർ പ്രദീപിന്റെ തലയിൽ  തലോടി…അവനെ കണ്ടാൽ  തന്നെക്കാൾ പ്രായം തോന്നിക്കുന്നു എന്നവർ വേദനയോടെ മനസ്സിലാക്കി…മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു. അതിൽ  നിന്നും ഭാസ്കരനും  വിനീതയും  ഇറങ്ങുന്നത് കണ്ടപ്പോൾ അവന്റെ മുഖം വിവർണ്ണമായി….

ഭാസ്കരൻ കസേരയിൽ ഇരുന്നു.. വിനീത ചുമരും ചാരി  തലകുനിച്ചു….കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല…ആ സംഭവത്തിന്‌ ശേഷം ആദ്യമായിട്ടാണ് അവർ  വരുന്നത്…വിവരങ്ങളൊക്കെ സനീഷ് നേരിൽ പോയി പറഞ്ഞിരുന്നു..പല തവണ ഭാസ്കരനും  വിനീതയും   വിളിച്ചെങ്കിലും പ്രദീപ്‌  ഫോണെടുത്തില്ല…

“പ്രദീപേ…സംഭവിക്കാനുള്ളത്  സംഭവിച്ചു…അത് തന്നെയാലോചിച്ചിരുന്നിട്ട് എന്തു കാര്യം?.. മുന്നോട്ടുള്ള ജീവിതം നോക്കണ്ടേ?”

അവനൊന്നും മിണ്ടിയില്ല.

“നിന്റെ വിഷമം മനസ്സിലാകുന്നുണ്ട്. പക്ഷേ നടന്നതൊന്നും മാറ്റാൻ നമുക്ക് പറ്റില്ലല്ലോ..”

“വിവേക് എന്തു പറഞ്ഞു?” പതിയെ അവൻ ചോദിച്ചു…

“അവനും സങ്കടമുണ്ട്.. ജീവിതത്തിൽ ആദ്യമായാ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്..ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ആര് പ്രതീക്ഷിച്ചു..അവനിപ്പഴും ആ  ഷോക്കിൽ നിന്ന് പുറത്തു വന്നിട്ടില്ല…”

അയാൾ എഴുന്നേറ്റു..എന്നിട്ട് യശോദയെ നോക്കി…

“ചേച്ചി വാ..നമുക്ക് അകത്തിരിക്കാം..ഇവർ സംസാരിക്കട്ടെ. ഒരാൾ  ചെയ്ത തെറ്റിന് മറ്റുള്ളവർ ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കേണ്ട…ഉചിതമായ തീരുമാനം അവരെടുക്കട്ടെ…എന്തായാലും  എനിക്ക് പ്രശ്നമില്ല.” ഭാസ്കരൻ അകത്തേക്ക് നടന്നു. പിന്നാലെ യശോദയും….

വിനീത അവന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു.. അവളോട്‌ എന്തു പറയും എന്നവന് അറിയില്ലായിരുന്നു..

“എന്നോട് ദേഷ്യമായിരിക്കും അല്ലേ?” അവൻ പതിയെ  ചോദിച്ചു..

“അതേ..ദേഷ്യമാണ്…എന്നെ ഒന്ന് വിളിക്കാത്തതിലുള്ള ദേഷ്യം..കരയുമ്പോൾ  ഞാൻ  കൂടെയുണ്ടാവണം എന്നാഗ്രഹിക്കാത്തതിലുള്ള ദേഷ്യം..എന്നെയോർക്കാതെ ദിവസവും കുടിച്ചു നശിക്കുന്നതിലുള്ള  ദേഷ്യം..”

അവളുടെ മുഖം ചുവന്നു….കണ്ണുകൾ കലങ്ങി…

“കുറച്ചു ദിവസത്തെ ഫോണിലൂടെയുള്ള ബന്ധം മാത്രമേ ഉള്ളുവെങ്കിലും പ്രദീപേട്ടന്റെ മനസ്സിൽ എനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിച്ചിരുന്നു…ഇഷ്ടപ്പെട്ടു പോയി.. എന്നിട്ട്…” അവൾ  വിതുമ്പി..

“വേണ്ടെടോ…ഇനിയതൊക്കെ മറന്നേക്ക്..ഞാനും ആഗ്രഹിച്ചതാ  പക്ഷേ ഇനി വേണ്ട..പഴയ പ്രദീപ് മരിച്ചു…ഇത് വേറാരോ ആണ്.. എനിക്ക് തന്നെ അപരിചിതനായ ആരോ…ചിറ്റയെ ഓർത്തു മാത്രമാ ആ ത്മഹത്യ ചെയ്യാതിരിക്കുന്നെ…. “

അവൻ എഴുന്നേറ്റു പുറത്തിറങ്ങി.

“പ്രദീപേട്ടാ…” അവൾ  വിളിച്ചു.. പ്രദീപ് ചോദ്യഭാവത്തിൽ അവളെ നോക്കി..

“ഈ മനസ്സ് മാറും  വരെ  ഞാൻ കാത്തിരിക്കും..ഒരാളുടെ താലി  കഴുത്തിൽ  വീഴാണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് പ്രദീപേട്ടന്റെയാ…അതിന് എത്രകാലം വേണ്ടി വന്നാലും….”

“വേണ്ട…തന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല….എന്നെ കാണുമ്പോഴൊക്കെ വിവേകിനു അവളെ ഓർമ്മ വരും…അതവനെ വേദനിപ്പിക്കും…അത്  വേണ്ട…എന്റെ പെങ്ങൾ ചെയ്ത തെറ്റിന് ഞാൻ മാത്രം അനുഭവിച്ചാൽ മതി… തനിക്കൊരു നല്ല ജീവിതമുണ്ട്…അത് കളയരുത്..”

അവന്റെ ബൈക്ക്  ദൂരെ മറയും വരെ  വിനീത കണ്ണുനീരോടെ നോക്കി നിന്നു…

*************

ശരണ്യയും സനീഷും കയറി വന്നപ്പോൾ യശോദ എന്തോ ആലോചനയിലായിരുന്നു..

“മോള് മംഗലാപുരത്തു  നിന്നും എപ്പോഴാ വന്നേ?”  യശോദ ചോദിച്ചു..

“ഇന്ന് രാവിലെ ..” അവൾ മറുപടി പറഞ്ഞു..രണ്ടുപേരുടെയും മുഖഭാവത്തിൽ  നിന്ന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസിലായി…

“എന്താ മക്കളേ? എന്താ പ്രശ്നം?”

“മാനസയുടെ….” ശരണ്യ പറഞ്ഞു  തുടങ്ങിയതും  യശോദ  തടഞ്ഞു…

“വേണ്ട മോളേ…അവളെ പറ്റി ഒന്നും പറയണ്ട…മാസങ്ങൾ  കഴിഞ്ഞു അവള് പോയിട്ട്… ഇത്രേം നാളായി എന്റെ മോൻ സ്വയം മരിച്ചോണ്ടിരിക്കുകയാ…”

“അതൊക്കെ ഞങ്ങൾക്കുമറിയാം  ചേച്ചീ.. ” സനീഷ് ഇടപെട്ടു…

“ഇപ്പൊ വന്നത്  വേറൊരു കാര്യം പറയാനാ…റെജി…അതായത്  മാനസയുടെ ഭർത്താവ് മരിച്ചു….”

“എന്താ?”  ഞെട്ടലോടെ യശോദ  ചോദിച്ചു..

“അതെ…ഹൃദയത്തിന് എന്തോ പ്രശ്നം…കണ്ണൂരിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ….”

സനീഷ് പാതിയിൽ നിർത്തി….യശോദ  ചുമരിൽ പിടിച്ച്  നടന്ന്  കസേരയിലിരുന്നു…തങ്ങളെ  വഞ്ചിച്ചിട്ടു പോയ  മാനസയോട് അവർക്ക് അടങ്ങാത്ത ദേഷ്യമുണ്ടായിരുന്നു..അതേ  സമയം ഭർത്താവ് മരിച്ച ഒരു പെണ്ണിന്റെ വേദന ശരിക്കുമറിയാം…വർഷങ്ങൾക്ക് മുൻപേ അവരത് അനുഭവിച്ചതാണ്…മാനസയുടെ  ഓമനത്തമുള്ള മുഖം അവരുടെ മനസ്സിൽ തെളിഞ്ഞു…വിവാഹം കഴിഞ്ഞ് വെറും ആറു മാസങ്ങൾക്കുള്ളിൽ അവൾ വിധവയായിരിക്കുന്നു…ആ വിധിയിൽ  ദുഃഖം തോന്നിയെങ്കിലും പ്രദീപിനെ കുറിച്ചോർത്തപ്പോൾ അതപ്രത്യക്ഷമായി….

“യശോദചേച്ചീ…” സനീഷ് വിളിച്ചു..

“നമുക്കൊന്ന് അവിടം വരെ  പോകണ്ടേ?”

“എന്തിന്?? വേണ്ട സനീഷേ…അവള്  തിരഞ്ഞെടുത്ത വഴിയല്ലേ….അനുഭവിക്കട്ടെ…ഭർത്താവല്ലേ മരിച്ചുള്ളൂ..അവന്റെ വീട്ടുകാർ നോക്കട്ടെ…എനിക്ക് ഇനിയുമെന്റെ കണ്ണനെ  വിഷമിപ്പിക്കാൻ വയ്യ…”

“ആ പയ്യന് ആരുമില്ല ചേച്ചീ..അച്ഛനുമമ്മയുമൊക്കെ നേരത്തെ മരിച്ചതാ..നാട്ടുകാരുടെ കാരുണ്യം കൊണ്ടാ ഇത്രേം നാൾ വളർന്നതും പഠിച്ചതുമൊക്കെ….ഇവളെ കൂടെ കൂട്ടിയ ശേഷം  നാട്ടുകാർ തന്നെ  വാടകയ്ക്ക് വീടുമെടുത്തു കൊടുത്തു….ജീവിച്ചു തുടങ്ങിയതേ ഉള്ളൂ..അപ്പോഴാ ഇതൊക്കെ…പക്ഷേ അതൊന്നുമല്ല  ഇപ്പോഴത്തെ പ്രശ്നം…”

യശോദ അവനെ  നോക്കി..ഒരു നിമിഷം മിണ്ടാതിരുന്ന ശേഷം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

“അവള് ഗർഭിണിയാണ്…ഇത് ഏഴാം  മാസം…”

യശോദയുടെ നെഞ്ചിൽ നിന്നും ഒരു കരച്ചിലുയർന്നു തൊണ്ടക്കുഴിയിൽ  തങ്ങി നിന്നു…കുഞ്ഞുടുപ്പുമിട്ട് മുറ്റത്തൂടെ തുള്ളിചാടി നടക്കുന്ന വാവയെ അവർ കണ്ടു…വലുതായ  ശേഷം താൻ  വഴക്കു പറയുമ്പോൾ  ഓടി വന്നു കെട്ടിപ്പിടിച്ചു കവിളിൽ മുത്തം വയ്ക്കുന്ന…” ചൂടാവല്ലേ ചിറ്റേ…ഒന്നുമില്ലേലും അച്ഛനും അമ്മയ്ക്കും വേണ്ടാത്ത കുട്ടിയല്ലേ ഞാൻ?. ” എന്ന വാക്കുകളിൽ  തന്റെ ദേഷ്യം മാറ്റുന്ന, പ്രസവിച്ചില്ലെങ്കിലും തന്റെ പൊന്നു മോളായവൾ…..

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..സനീഷ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“തെറ്റ് തന്നെയാ അവൾ ചെയ്തത്..എന്ന് വച്ചു ഏതോ  നാട്ടിൽ ഒറ്റയ്ക്ക് നരകിക്കണോ…? എത്ര  നാൾ  നാട്ടുകാർക്ക് അവളെ  നോക്കാൻ പറ്റും? ഒറ്റത്തടിയാണേൽ  എന്തേലും ജോലി ചെയ്തു ജീവിക്കാമായിരുന്നു…ഇതൊരു  ഗർഭിണി, ഒരാള് കൂടെയില്ലാതെ എങ്ങനാ? എനിക്കിത് പ്രദീപിനോട് പറയാൻ വയ്യ..അതാ  നേരെ ഇങ്ങോട്ട് വന്നത്…ചേച്ചി എന്തെങ്കിലുമൊന്ന് തീരുമാനിക്കണം…”

“ഞാനെന്തു ചെയ്യാനാ ? കണ്ണനോട് ഇതേ പറ്റി സംസാരിക്കാനുള്ള അർഹത പോലുമെനിക്കില്ല.. “

“ഒന്ന് പറഞ്ഞു  നോക്ക്…ഒരു പെൺകുട്ടിയാ…വേട്ടയാടാൻ  ഒരുപാട് പേർ കാണും…ഇപ്പൊ തത്കാലം സേഫ് ആണ്..എന്റെയൊരു കൂട്ടുകാരനുണ്ട് കണ്ണൂരിൽ..അവൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ എന്നും അങ്ങനെ മറ്റൊരാൾക്ക് പറ്റില്ലല്ലോ…”

യശോദ കണ്ണടച്ച് പിന്നോട്ട് ചാരിയിരുന്നു..സനീഷ് എഴുന്നേറ്റു…പിന്നാലെ ശരണ്യയും..

“ഞാൻ പറയാനുള്ളത്  പറഞ്ഞു..തീരുമാനമെടുക്കേണ്ടത് നിങ്ങളാ.. എനിക്കിതിൽ ഇടപെടേണ്ട ആവശ്യമൊന്നുമില്ല..എന്റെ കണ്മുന്നിൽ വളർന്ന കൊച്ചാ അവൾ..അതോണ്ടാ  ഇക്കാര്യത്തിൽ ഞാനിത്ര വേവലാതിപ്പെടുന്നേ…നാളെ  ജീവിതം വഴിമുട്ടി അവളെന്തെങ്കിലും കടുംകൈ  ചെയ്‌താൽ നിങ്ങൾക്ക് ആ വിഷമം ഒരിക്കലും മാറില്ല..പഴയപോലെ  സ്നേഹിക്കണമെന്നൊന്നും ഞാൻ പറയില്ല  ചേച്ചീ …കൈവിടാതിരുന്നാൽ  മതി….”

അവർ പുറത്തേക്കു നടന്നു….

രണ്ടു ദിവസം ചിന്തിച്ചതിനു ശേഷമാണ്  പ്രദീപിനോട് ഇക്കാര്യം അവതരിപ്പിച്ചത്…പ്രതീക്ഷിച്ചതു പോലെ അവൻ  പൊട്ടിത്തെറിച്ചു…പോരാഞ്ഞിട്ട് മ ദ്യപാനം കുറച്ചൂടെ വർദ്ധിച്ചു…അതിന്റെ ബാക്കിയെന്നോണമാണ്   കുളിമുറിയിൽ വീണു കിടന്നത്…..

ചിന്തകളിൽ  നിന്നുണർന്ന് കണ്ണുകൾ തുടച്ച്  യശോദ അടുക്കളയിലേക്ക് നടന്നു..ഭക്ഷണം മേശപ്പുറത്തു വച്ചു പ്രദീപിനെ നോക്കി…അവൻ  ഉറക്കമാണ്…തലയിണ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്…പണ്ട് മാനസയെ  ഉറക്കുന്നത് ഇങ്ങനെ പിടിച്ചായിരുന്നു…..

********

പിറ്റേന്ന് രാവിലെ പ്രദീപ്‌  ജോലിക്കിറങ്ങുമ്പോൾ യശോദ ഹാളിൽ തന്നെ ഇരിപ്പുണ്ട്..

“നീ ഇന്നലെയൊന്നും കഴിച്ചില്ല അല്ലേ?”

അവനൊന്നും മിണ്ടാതെ അവരെ  തന്നെ നോക്കി… പ്രായം കൊണ്ടും മാനസിക സമ്മർദ്ദം കൊണ്ടും തളർന്നു പോയ ഒരു സ്ത്രീ..ചേച്ചിയുടെ മക്കൾക്കു വേണ്ടി ജീവിതം ത്യാഗം ചെയ്ത ഒരു പാവം.. പ്രദീപിന് വല്ലാത്ത കുറ്റബോധം തോന്നി…അവൻ അവരുടെ  അടുത്തിരുന്നു..

“ചിറ്റയ്ക്ക് ഇപ്പൊ തോന്നുണ്ടോ? പണ്ട് ഞങ്ങളെ സ്വീകരിക്കേണ്ടായിരുന്നു എന്ന്?”

അവർ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവന്റെ കവിളിൽ  തലോടി..

“ഞാൻ ജീവനോടുണ്ട് എന്ന് അനുഭവപ്പെട്ടത്  നിങ്ങള് വന്നതിനു ശേഷമാ കണ്ണാ..ഇപ്പോഴും ജീവിക്കുന്നത് നിനക്ക് വേണ്ടിയല്ലേ…?”

അവൻ എഴുന്നേറ്റു അവരുടെ  നെറുകയിൽ ഒരുമ്മ വച്ചു..

“ആദ്യമായിട്ടാണ് ചിറ്റ ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടത്…എനിക്കിഷ്ടമല്ലെങ്കിലും ചിറ്റയ്ക്കു വേണ്ടി ഞാൻ  സമ്മതിക്കുന്നു..”

യശോദ വിശ്വാസം വരാതെ അവനെ  നോക്കി..

“എന്താ കണ്ണാ  നീ പറഞ്ഞേ?”

“അവളെ ഇങ്ങോട്ട് കൊണ്ടുവരണമെന്നല്ലേ ചിറ്റയുടെ ആഗ്രഹം? ആയിക്കോട്ടെ…പക്ഷെ ഇവിടെ വന്നതിനു ശേഷം അവൾ എന്റെ മുന്നിൽ വന്നു നിൽക്കരുത്…സംസാരിക്കാൻ ശ്രമിക്കരുത്…അവളുടെ  ശബ്ദം പോലും കേൾക്കരുത്…എന്റെ അനിയത്തി ആയിട്ടല്ല, അനാഥയായ ഒരു ഗർഭിണി…ആ  രീതിയിലായിരിക്കണം അവളിവിടെ താമസിക്കേണ്ടത്…പ്രസവിച്ചു  കഴിഞ്ഞ് ഒരു ജോലി എവിടെങ്കിലും കണ്ടെത്തി ഇവിടുന്ന് മാറണം…അല്ലെങ്കിൽ ഞാൻ  മാറിക്കോളാം… ഇതിനൊക്കെ സമ്മതമാണെങ്കിൽ ചിറ്റ കൂട്ടികൊണ്ടു വന്നോ..”

അവൻ വാതിൽക്കലേക്ക് നടന്നു..പിന്നെ തിരിഞ്ഞു നിന്നു..

“അവളോടുള്ള സ്നേഹമോ സഹതാപമോ കൊണ്ടല്ല…എന്റെ ചിറ്റയ്ക്കു വേണ്ടി മാത്രമാ…അത് എന്നും ഓർമ്മയുണ്ടാകണം…എല്ലാർക്കും..”

പ്രദീപ് പുറത്തേക്കിറങ്ങിപ്പോയി..

സന്തോഷം  കൊണ്ടോ സങ്കടം  കൊണ്ടോ എന്നറിയില്ല, യശോദ  പൊട്ടിക്കരഞ്ഞു.. കുറച്ചു നേരത്തിനു ശേഷം  അവർ  ഫോണെടുത്തു സനീഷിനെ  വിളിച്ചു..

“കണ്ണൻ സമ്മതിച്ചെടാ  മോനേ…” അവർ  ആഹ്ലാദത്തോടെ പറഞ്ഞു…

“എന്നാൽ വൈകിക്കണ്ട .. നമുക്ക്  ഇന്നു തന്നെ പോകാം.. അവന്റെ മനസ്സ് മാറും  മുൻപേ…” സനീഷിനും  സന്തോഷമായി…

അന്ന് പന്ത്രണ്ടു മണിയോടെ  സനീഷ് കാറുമെടുത്ത് വന്നു.യശോദ  പ്രദീപിനോട് താൻ  മാനസയെ കാണാൻ പോവുകയാണെന്നു പറഞ്ഞെങ്കിലും അവൻ  മിണ്ടാതെ  ഫോൺ  കട്ട് ചെയ്തു…

സനീഷ്  കണ്ണൂരിലുള്ള തന്റെ  കൂട്ടുകാരനെ വിളിച്ചു..

“ജയാ…ഞങ്ങളങ്ങോട്ട് വരുന്നുണ്ട്..”

“ട്രെയിനിലാണോ?”

“അല്ല കാറിൽ… “

“കണ്ണൂർ പഴയ ബസ്റ്റാൻഡിന്റെ അടുത്തെത്തിയിട്ട് വിളിക്ക്..ഞാനങ്ങോട്ടു വരാം.. അവിടുന്ന് കുറച്ച് അകത്തോട്ടു കേറണം…വഴി തെറ്റണ്ട.. നീ ഒറ്റയ്ക്കാണോ വരുന്നത്..?”

“അല്ല…ആ  കുട്ടിയുടെ അമ്മ ഉണ്ട്‌..പക്ഷേ ഞങ്ങൾ വരുന്നത്  തല്ക്കാലം അവളറിയണ്ട…”

“അത് ഞാനേറ്റു…നിങ്ങള് ധൈര്യമായി  വാ..”

ലൈൻ കട്ടായി…സനീഷ് നോക്കിയപ്പോൾ യശോദ കണ്ണടച്ച് എന്തോ പ്രാർത്ഥിക്കുകയാണ്…. ഒരു ദീർഘനിശ്വാസത്തോടെ അവൻ  ഗിയർ ചേഞ്ച് ചെയ്തു…കാർ കണ്ണൂർ ലക്ഷ്യമാക്കി യാത്ര  തുടങ്ങി….

===========

ഭാഗം 05

മോളെ…ഈ  വെള്ളമെങ്കിലും കുടിക്ക്…”  സുനന്ദ അപേക്ഷിച്ചു… റെജിയുടെ ഫോട്ടോയിൽ നോക്കി മിഴി ചിമ്മാതെ നോക്കിയിരിക്കുകയാണ് മാനസ…ശ്വാസമെടുക്കുന്നുണ്ടോ എന്നു പോലും സംശയിച്ചു പോകും….ശവമടക്ക് കഴിഞ്ഞ് വന്നപ്പോൾ തൊട്ടുള്ള ഇരിപ്പാണ്…സുനന്ദ അവളെ പതിയെ ഒന്നു കുലുക്കി..

“ഒന്ന് കരയുകയെങ്കിലും ചെയ്യ് കുട്ടീ…”

അവൾ അനങ്ങിയില്ല…സുനന്ദ വിഷമത്തോടെ അവളെയും ഫോട്ടോയിലുള്ള റെജിയുടെ സുന്ദരമായ മുഖത്തെയും മാറി മാറി നോക്കി..

കാസർഗോഡ്  ള്ള ഏതോ ഒരു ഗ്രാമത്തിലെ പയ്യൻ  തൊട്ടടുത്ത്  വാടകയ്ക്ക് താമസിക്കാൻ വരുന്നു എന്നറിഞ്ഞപ്പോൾ ഒരാകാംഷയായിരുന്നു…ചെറിയൊരു ഭയവും..ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ  സുനന്ദയുടെ വീടും  ആ  കൊച്ചു വാടകവീടും..രണ്ടു പെണ്മക്കളുള്ള ഒരു അമ്മയ്ക്ക് അടുത്ത വീട്ടിൽ ഒരു ചെറുപ്പക്കാരൻ  താമസിക്കാൻ വരുന്നെന്നറിഞ്ഞപ്പോൾ ഉണ്ടായ ആകാരണമായ ആശങ്ക.. അത് ഭർത്താവ് മനോഹരനോട് തുറന്നു പറയുകയും  ചെയ്തു..

“ഏയ്…കുഴപ്പക്കാരനൊന്നുമായിരിക്കില്ല. അങ്ങനുള്ളവർക്ക്  ഹംസ വീട് ഒരിക്കലും കൊടുക്കില്ല… ” മനോഹരൻ  സമാധാനിപ്പിച്ചു..അങ്ങനെ അവൻ  വന്നു… വെളുത്തു മെലിഞ്ഞ, വിഷാദഭാവം നിറഞ്ഞ കണ്ണുകളുള്ള ഒരു ചെറുപ്പക്കാരൻ..അവനെ കുറിച്ച് താൻ  ചിന്തിച്ചതൊക്കെ തെറ്റായിരുന്നെന്നു മനസ്സിലാക്കാൻ സുനന്ദയ്ക്ക് അധിക നാൾ  വേണ്ടി വന്നില്ല… ഒരിക്കൽ പോലും അവൻ അവരുടെ പെണ്മക്കളെ നോക്കിയില്ല… വല്ലപ്പോഴും മാത്രമേ അവനെ ആ വീട്ടിൽ കാണാറുള്ളൂ…

ഒരു ദിവസം  മതിലിനടുത്ത്  നിന്നും കറിവേപ്പില പറിക്കുകയായിരുന്നു  സുനന്ദ..

“ചേച്ചീ..” ഒരു ശബ്ദം.. നോക്കിയപ്പോൾ മതിലിനപ്പുറം ആ   പയ്യൻ…

“കുറച്ചു കഞ്ഞിവെള്ളം തരാമോ?..സുഖമില്ലാത്തതു കാരണം  ഞാനൊന്നും ഉണ്ടാക്കിയില്ല അതാ,..”

“എന്തു പറ്റി?”

“അറിയില്ല..തല കറങ്ങുന്ന പോലെ..”

മുഖം കണ്ടാലറിയാം രാവിലെ മുതൽ ഒന്നും കഴിച്ചില്ലെന്ന്… സുനന്ദ  അവനോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി…ഒരു പാത്രത്തിൽ ചൂട് കഞ്ഞിവെള്ളം എടുത്തു കൊണ്ടു വന്നു കൊടുത്തു,… നന്ദി പറഞ്ഞിട്ട് അവൻ പോയി…

കുറച്ചു കഴിഞ്ഞ് സുനന്ദ മനോഹരനെയും  കൂട്ടി അവന്റെ വീട്ടിലേക്ക് പോയി… വാതിൽ തുറന്നു കിടക്കുകയായിരുന്നു… വിളിച്ചിട്ടും മറുപടി ഇല്ലാഞ്ഞപ്പോൾ അകത്തേക്ക് കയറി….വെറും നിലത്തു വിരിച്ച പായയിൽ  കിടക്കുകയായിരുന്നു അവൻ… മനോഹരൻ അടുത്ത് ചെന്നു വിളിച്ചു… മൂന്നു തവണ വിളിച്ചപ്പോഴാണ് അവൻ കണ്ണു തുറന്നത്… അവരെ കണ്ടപ്പോൾ പരിഭ്രമത്തോടെ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു…

“വയ്യെങ്കിൽ കിടന്നോ…” മനോഹരൻ അലിവോടെ പറഞ്ഞു…

“ഏയ്.. കുഴപ്പമില്ല ചേട്ടാ..” അവൻ ഇരുന്നു..

“ഇപ്പൊ ക്ഷീണം കുറവുണ്ടോ”?

“കുറച്ച്…ഞാൻ ഉറങ്ങിപ്പോയി…”

സുനന്ദ കയ്യിലിരുന്ന സ്റ്റീൽ പാത്രങ്ങൾ  മേശപ്പുറത്തു വച്ചു..

“കുറച്ചു കഞ്ഞിയാ.. നീയൊന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം.,”.

“അതൊന്നും വേണ്ട ചേച്ചീ…ഞാനെന്തേലും  ഉണ്ടാക്കിക്കോളാം..”

അവൻ  തടഞ്ഞു…

“ഇന്നിനി ഒന്നും ഉണ്ടാക്കണ്ട… കഴിച്ചിട്ട് കിടന്നോ…”

അവൻ മിണ്ടിയില്ല..

“പേരെന്താ?”

“റെജി “

“മോന്റെ വീട്ടുകാരൊക്കെ??” മനോഹരൻ  ചോദിച്ചു… അവൻ  ദയനീയമായി അവരെ  രണ്ടുപേരെയും നോക്കി…പിന്നെ അവന്റെ കഥ പറഞ്ഞു..

അച്ഛനും അമ്മയും മരിച്ചു.. വേറെ ആരുമില്ല..യാദൃശ്ചികമായാണ് കണ്ണൂരുകാരൻ  ഹംസയെ പരിചയപ്പെട്ടത്…ആ  നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും രക്ഷപ്പെടണമെന്ന ആഗ്രഹം അവനുണ്ടെന്നു മനസിലാക്കിയ  ഹംസ  സഹായിച്ചു…തന്റെ വാടക വീട്ടിൽ താമസിച്ചോ എന്നും…കണ്ണൂർ ടൗണിൽ  എന്തെങ്കിലും ജോലി ചെയ്യാമെന്നുമൊക്കെ അദ്ദേഹമാണ് പറഞ്ഞത്…വീടും പറമ്പും വിറ്റ് കിട്ടിയ കാശ് ബാങ്കിലിട്ട് ഇങ്ങോട്ട് വന്നു…ബസ്റ്റാൻഡിനടുത്തു ഫുട്പാത്തിൽ ഡ്രസ്സ്‌ വിൽപ്പനയാണ് ജോലി..രാത്രി കാൽടെക്സ് ജങ്ഷനടുത്ത് നിർത്തിയിടുന്ന ബസുകൾ കഴുകാനും പോകും…

“ബാങ്കിൽ കാശുണ്ടെങ്കിൽ പിന്നെന്തിനാ മോനേ വാടക വീട്ടിൽ താമസിക്കുന്നെ? ഇവിടെ സ്വന്തമായി ഒരു വീട്.വാങ്ങിക്കൂടെ?”

“അതല്ല  ചേച്ചീ..മംഗലാപുരത്തു ഒരു കോഴ്സ് ചെയ്യാൻ പോവുകയാ..അതിന് ലക്ഷങ്ങൾ  വേണം…പിന്നെ ആരുമില്ലാത്തവന് സ്വന്തം വീട് ആഡംബരം മാത്രമാണ്…” അവൻ തളർച്ചയോടെ ഒന്ന് ചിരിച്ചു..

“പഠിപ്പ് കഴിഞ്ഞ് ഇന്ത്യക്ക് പുറത്തേക്ക് പോണം…അതാണ്‌ ലക്ഷ്യം..”

അവർക്ക് വല്ലാത്തൊരു സ്നേഹവും അടുപ്പവും തോന്നി. പിന്നീടങ്ങോട്ട് റെജി അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെയായി…കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ  അവൻ എല്ലാരോടും യാത്ര പറഞ്ഞ് മംഗലാപുരത്തേക്ക് പോയി…ദിവസവും  രണ്ടു നേരം  ഫോൺ  ചെയ്യും…ഇടയ്ക്ക് വരും… രാവിലെ വന്ന് വൈകിട്ടത്തെ ട്രെയിനിനു തിരിച്ച് പോകും.. ആൺമക്കൾ ഇല്ലാത്തതിനാലാവാം  സുനന്ദയ്ക്ക് അവനോട് അതിയായ വാത്സല്യം തോന്നി.. ഒന്നര വർഷം കഴിഞ്ഞപ്പോൾ  അവൻ  ഫോൺ വിളിച്ചു കൂടെയുള്ള ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞു…കോഴ്സ് കഴിഞ്ഞ് പുറത്തെവിടെങ്കിലും ജോലിക്ക് പോയതിനു ശേഷം മാത്രം അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം എന്നും പറഞ്ഞപ്പോൾ സുനന്ദയ്ക്കും മനോഹരനും സന്തോഷമായി…

പക്ഷേ വർഷങ്ങൾക്ക് ശേഷം  ഒരു ദിവസം അവൻ ആ പെൺകുട്ടിയെയും കൂട്ടി അപ്രതീക്ഷിതമായി വന്നപ്പോൾ രണ്ടു പേരും ഞെട്ടിപ്പോയി…

“ഒന്നും ചോദിക്കരുത്…പറ്റിപ്പോയി…ഞങ്ങൾക്ക് താമസിക്കാൻ ഒരിടം  കണ്ടുപിടിച്ചു തരാമോ? തത്കാലത്തേക്ക് മതി…”

ദയനീയമായ സ്വരത്തിൽ അവൻ  ചോദിച്ചു..പ്രണയസാഫല്യമടഞ്ഞ  രണ്ടുപേരുടെ മുഖമല്ലായിരുന്നു അവർക്ക്…ഒരു തരം  മരവിപ്പ്… എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് സുനന്ദയ്ക്ക് മനസിലായെങ്കിലും  ചോദിച്ചില്ല…

ഹംസ  തന്റെ  വാടക വീട്  ഒരു കട തുടങ്ങാൻ  വേണ്ടി പൊളിച്ചിരുന്നു,. മനോഹരൻ കൂട്ടുകാരോട് അന്വേഷിച്ചു.. അങ്ങനെ പടന്നപ്പാലത്തിനടുത്തു ഒരു പഴയ വീട് തത്കാലത്തേക്ക് ശരിയാക്കി…റെജിയും മാനസയും അവിടെ ജീവിതമാരംഭിച്ചു..ഇടയ്ക്കിടക്ക് അവരെ കാണാൻ പോകും..

റെജി ഒരു ഹോട്ടലിൽ ജോലിക്ക് പ്രവേശിച്ചു…കുറച്ചു നാൾ കഴിഞ്ഞപ്പോൾ  മാനസ ഗർഭിണി ആണെന്ന് അവൻ വിളിച്ചു പറഞ്ഞു..നേരിൽ പോയപ്പോഴും  അവരുടെ മുഖത്തെ തെളിച്ചക്കുറവ് കണ്ട് സുനന്ദ അമ്പരന്നു. എന്താണ് അവരുടെ ജീവിതത്തിൽ  നടന്നതെന്ന് ചോദിക്കണമെന്ന് തീരുമാനിച്ച സമയത്താണ്  മനോഹരന്റെ കൂട്ടുകാരൻ ഫോൺ  വിളിച്ചത്..

റെജിയെ ജില്ലാ ഹോസ്പിറ്റലിൽ കൊണ്ടു പോയെന്നും എന്തോ സീരിയസ് ആയതിനാൽ  പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും പറഞ്ഞ്..

അവിടെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..നിറവയറുമായി  നിശ്ചലമായ കണ്ണുകളോടെ മാനസ അവിടിരിക്കുന്നുണ്ടായിരുന്നു…..

തിരിച്ചു വാടക വീട്ടിൽ എത്തിയപ്പോഴും  അവളുടെ  ഭാവം മാറിയില്ല…

വിഷാദത്തോടെ അവളെയൊന്നു നോക്കി സുനന്ദ പുറത്തിറങ്ങി…മനോഹരൻ ആരോടോ  സംസാരിച്ചു നില്കുകയായിരുന്നു…

“ആ കുട്ടി എന്തെങ്കിലും കഴിച്ചോ?”

“ഇല്ല..അവളെ കാണുമ്പോൾ  സങ്കടം വരുന്നു…ഒരേയിരിപ്പാ.. വയറ്റിൽ ഒരു കുഞ്ഞുള്ളതല്ലേ… എനിക്ക് പേടിയാകുന്നു,”

“എടീ  പേടിക്കണ്ട…ഇത് ജയൻ…സ്റ്റേഡിയത്തിന് അടുത്ത് സ്പെയർ പാർട്സ് കട  നടത്തുന്നു.. ആ കുട്ടിയുടെ അയൽക്കാരൻ ഇവന്റെ കൂട്ടുകാരനാ..അവളുടെ അമ്മ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്..കൊണ്ടുപോകാൻ…”

“ദൈവമേ…സമാധാനമായി… ” സുനന്ദ നെഞ്ചിൽ കൈ വച്ചു… ജയൻ  ഫോണെടുത്തു സനീഷിനെ  വിളിച്ചു..

“സനീ…എവിടെത്തി?”

“തലശ്ശേരി കഴിഞ്ഞു…. “

“കണ്ണൂർ എത്തിയിട്ട് നീ  വിളിക്ക്.. ഞാൻ വരാം…”

ഫോൺ  വച്ചതിനു ശേഷം ജയൻ  മനോഹരനെ നോക്കി

“ബ്ലോക്ക്‌ ഒന്നുമില്ലെങ്കിൽ അര മണിക്കൂറിനുള്ളിൽ അവരെത്തും…”

************

മുറിയിലിരുന്ന് ഗ്ലാസിലെ മ.ദ്യം  ആസ്വദിച്ചു കുടിക്കുകയായിരുന്നു പ്രദീപ്‌..വാതിൽക്കലൊരു കാൽ പെരുമാറ്റം…നോക്കിയപ്പോൾ വിനീത…..

“താനെന്താ ഇവിടെ? ” അവൻ അതിശയത്തോടെ  ചോദിച്ചു..

“തീരുമാനത്തിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ  വന്നതാ?”

“അത് മാറില്ല…എനിക്ക് വേണ്ടി ജീവിതം  നശിപ്പിക്കരുത്….”

അവൾ അടുത്തു വന്നു മ ദ്യകുപ്പിയും ഗ്ലാസ്‌മെടുത്ത് ബാത്‌റൂമിലേക്ക് വലിച്ചെറിഞ്ഞു..അവിശ്വസനീയതയോടെ  ഒരു നിമിഷം അവളെ നോക്കിയതിനു ശേഷം  പ്രദീപ്‌ ചാടിഎണീറ്റ് അവളുടെ കഴുത്തിൽ  കുത്തിപ്പിടിച്ചു…

“ഞാൻ മനസ്സമാധാനത്തിൽ  ജീവിക്കുന്നത് നിനക്കിഷ്ടപ്പെടുന്നില്ല അല്ലേടീ? ഇതിനു മാത്രം എന്ത് ദ്രോഹമാ  ഞാൻ  ചെയ്തേ?”

അവന്റെ പിടി മുറുകി…വിനീത കൈ  തട്ടി മാറ്റിയില്ല…കണ്ണുകളടച്ചു  നിന്നു..അടഞ്ഞ കൺപോളകൾക്കിടയിലൂടെ  നീർചാലുകൾ ഒഴുകി വരുന്നത് കണ്ടപ്പോൾ പ്രദീപ്‌ പിടിവിട്ട് കട്ടിലിലിരുന്നു…വിനീത  ഒന്ന് ചുമച്ചു….എന്നിട്ട് ദീർഘമായി ശ്വാസമെടുത്തു… അതിന് ശേഷം  അവന്റെയരികിലിരുന്നു ചേർത്തു പിടിച്ചു… അവൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൾ  വിട്ടില്ല…പ്രദീപിന്റെ എതിർപ്പ് ദുർബലമായപ്പോൾ  അവൾ  മെല്ലെ അവനെ മടിയിലേക്ക് ചായ്ച്ചു..അമ്മയുടെ മടിത്തട്ടിലെന്ന പോലെ അവൻ  അനങ്ങാതെ , ആശ്വാസത്തോടെ കിടന്നു…

മ.ദ്യത്തിന് തരാൻ പറ്റാത്ത മനസുഖം അനുഭവിച്ചറിയുകയായിരുന്നു… വിനീത  മുഖം കുനിച്ച് അവന്റെ തലയിൽ  ചുംബിച്ചു…

“ഞാനുണ്ട് കൂടെ…എന്നും..”  അവളുടെ സ്വരത്തിലെ തണുപ്പ് ഹൃദയത്തിലേക്ക് കടന്നു പോകുന്നത് പ്രദീപ്‌ അറിഞ്ഞു….മാസങ്ങൾക്കു ശേഷം  ശാന്തമായി അവൻ ഉറങ്ങി………

**************

കാർ ഓടിട്ട ആ പഴയ വീടിനു മുന്നിൽ എത്തുമ്പോൾ യശോദ  അവളോട് പറയേണ്ട കാര്യങ്ങൾ  മനസിലടുക്കി  വയ്ക്കുകയായിരുന്നു…എത്ര വാത്സല്യം ഉണ്ടായാലും പ്രകടിപ്പിക്കില്ല…തങ്ങളോട് ചെയ്ത ദ്രോഹത്തിന് അവളോട്‌ അങ്ങനൊക്കെയേ പെരുമാറൂ…. മനസ്സ് കല്ലാക്കി അവർ കാറിൽ  നിന്നിറങ്ങി…

മുറ്റത്തു  ഒരു പുരുഷനും സ്ത്രീയും നിൽപ്പുണ്ട്… കാർ കണ്ടപ്പോൾ അവർ അടുത്തു വന്നു….വഴി തെറ്റി പോകേണ്ട എന്ന് കരുതി  ജയൻ  താഴെ ചൊവ്വ മുതൽ  ബൈക്കിൽ  കാറിനു തൊട്ട് മുന്നിലുണ്ടായിരുന്നു….. വീടിനോട് ചേർന്ന് വണ്ടി നിർത്തി ആയാളും അരികിലെത്തി.

“മാനസയുടെ  അമ്മ അല്ലേ?”ആ സ്ത്രീ ചോദിച്ചു. തിരുത്താൻ മനസ് അനുവദിക്കാത്തത് കൊണ്ട് യശോദ  തലയാട്ടി…സനീഷ് മനോഹരനോടും ജയനോടും സംസാരിക്കുകയാണ്…സുനന്ദ യാശോദയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി…. മേശമേൽ വച്ച  റെജിയുടെ ഫോട്ടോയിൽ തന്നെ  നോക്കിയിരിക്കുകയായിരുന്നു മാനസ….

“മോളെ, ഇതാരാ  വന്നതെന്ന് നോക്കിക്കേ”..

പ്രതികരണമില്ല…

“ഒരേ ഇരിപ്പാ…ഒന്നും കഴിച്ചിട്ടില്ല…ചേച്ചിയൊന്ന് പറഞ്ഞ്  നോക്ക്.. കഴിഞ്ഞതൊക്കെ കഴിഞ്ഞു…ഇനി അവളെ കുറ്റപ്പെടുത്തരുത്..”

സുനന്ദ പുറത്തിറങ്ങി….യശോദ അവളുടെ അടുത്ത് പോയി ചുമലിൽ  കൈ വച്ചു.. എന്നിട്ട് മെല്ലെ അവളെ  തനിക്കു നേരെ തിരിച്ചു…. മാനസ ചിറ്റയെ  ഒന്ന് നോക്കി ഒരു ഭാവമാറ്റവുമില്ല…അവൾ വീണ്ടും ആ ഫോട്ടോയിലേക്ക് തന്നെ കണ്ണുകൾ നട്ടു….

മനസ്സിലെ ദേഷ്യമൊക്കെ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായത്  അവരറിഞ്ഞു..മെല്ലെ അവളെ  എഴുന്നേൽപ്പിച്ചു…

“വാവേ…ചിറ്റയോട് എന്തെങ്കിലും മിണ്ട് മോളെ…”

അവൾ അപരിചിത ഭാവത്തിൽ നോക്കുന്നത് കണ്ടപ്പോൾ യശോദയുടെ  ഹൃദയം തകർന്നു പോയി…എന്റെ കുഞ്ഞേ, എന്നൊരു വിളിയോടെ അവളെ  അവർ  കെട്ടിപ്പിടിച്ചു….

***********

അധികം സാധനങ്ങളൊന്നും  എടുക്കാനുണ്ടായിരുന്നില്ല…മാനസയുടെ നല്ലതെന്നു തോന്നിക്കുന്ന കുറച്ചു ഡ്രസ്സുകളും സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ച ഫയലും  സുനന്ദ ഒരു ബാഗിലാക്കി കാറിൽ  വച്ചു…യശോദ മാനസയെ പുറത്തേക്ക് നടത്തിച്ചു… ഈ ലോകത്തൊന്നും അല്ലെന്ന ഭാവത്തോടെയാണ് അവർ  നടക്കുന്നത്…ചുറ്റുമുള്ളവരെയൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല…

റെജിയുടെ ഫോട്ടോ മാറോട് ചേർത്തു പിടിച്ചിട്ടുണ്ട്… അവളെ കാറിലിരുത്തിയ ശേഷം യശോദ  സുനന്ദയുടെ  കൈകളിൽ പിടിച്ചു…

“ഒരുപാട് നന്ദിയുണ്ട്…. “

“അതിന്റെയൊന്നും ആവശ്യമില്ല  ചേച്ചീ….എനിക്കും രണ്ടു പെണ്മക്കളാ…..അവരെ പോലെ തന്നാ എനിക്കിവളും…നിങ്ങളെ വേദനിപ്പിച്ചത്  തെറ്റു തന്നെയാ..പക്ഷേ അതിനുള്ള ശിക്ഷ കിട്ടി….ഇനിയവളെ  വേദനിപ്പിക്കരുത് …പിന്നെ, റെജി ഒരു നല്ല പയ്യൻ തന്നെയായിരുന്നു…എല്ലാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു അവനും താല്പര്യം…പക്ഷേ എന്തോ നടന്നിട്ടുണ്ട്,.. അത് ചോദിക്കും മുൻപേ അവൻ പോയി……”

വിഷമത്തോടെ  സുനന്ദ പറഞ്ഞു….

“ഒരു കാര്യം എനിക്കറിയാം.. ഒരുമിച്ചു ജീവിച്ച കുറച്ചു മാസങ്ങൾ അവർ ഒരിക്കലും സന്തോഷിച്ചിരുന്നില്ല….എന്തോ അലട്ടുന്നുണ്ടായിരുന്നു… അത് വീട്ടുകാരെ ചതിച്ച കുറ്റബോധം മാത്രമല്ലെന്ന് എനിക്കുറപ്പാണ്…എന്നെങ്കിലും അത്  ചോദിച്ചറിഞ്ഞതിനു ശേഷം മാത്രമേ  കുറ്റപ്പെടുത്താവൂ….”

യശോദ എല്ലാവരെയും ഒന്ന് നോക്കി കാറിൽ  കയറി… യാത്രപറഞ്ഞ ശേഷം  സനീഷും…. കാർ  മുന്നോട്ട് നീങ്ങി…

***************

ടെറസിലെ കസേരയിൽ ദൂരേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു വിവേക്…ഭാസ്കരൻ അടുത്ത് ചെന്നത് അവനറിഞ്ഞില്ല…

“നീയെന്താ  ആലോചിക്കുന്നെ??”

“ഒന്നുമില്ല… വെറുതെ…”

അയാൾ കസേര വലിച്ചിട്ട്  അവിടെയിരുന്നു..

“വിനീത തീരുമാനത്തിൽ  ഉറച്ചു നിൽക്കുകയാണ്… പ്രദീപിനെ മതി  എന്നു തന്നെയാ  അവൾ പറയുന്നേ ..”

“പ്രദീപേട്ടൻ നല്ലവനാ അച്ഛാ.. അവള് വിചാരിച്ചാൽ  മാറ്റിയെടുക്കാൻ പറ്റും..”

“അതെനിക്കറിയാം…അതാ  ഞാനും എതിർക്കാത്തത്.. നിന്റെ കാര്യമാലോചിക്കുമ്പോഴാ എനിക്ക് സങ്കടം… പ്രദീപും അതാ മടിക്കുന്നെ…അവനെ കാണുമ്പോൾ നിനക്ക് മാനസയെ ഓർമ വരും… നിന്നെ വേദനിപ്പിക്കാതിരിക്കാനാ  അവൻ പിന്മാറാൻ ശ്രമിക്കുന്നത്….പാവം…”

“എന്റെ സ്വാർത്ഥത കാരണമാ ഇതൊക്കെ സംഭവിച്ചത്… “

“എന്താടാ നീ ഇങ്ങനൊക്കെ പറയുന്നേ? അവള്  ചെയ്ത തെറ്റിന് നീയെന്ത് പി ഴച്ചു?”

വിവേക് ഒന്നും മിണ്ടിയില്ല…പക്ഷേ ആ കണ്ണുകൾ നിറഞ്ഞു വരുന്നത്  ഭാസ്കരൻ കണ്ടു..

“എന്താ മോനേ…”?

“വേറൊരാളെ ഇഷ്ടമാണെന്നും  പ്രദീപേട്ടന്റെ സമ്മതത്തോടെ അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നും എന്നോട് മാനസ പറഞ്ഞിരുന്നു….”

ഭാസ്കരൻ ഞെട്ടി….

“ഞാൻ അച്ഛനോട്‌ എല്ലാം പറയാം…പക്ഷേ  വിനീത പ്രദീപേട്ടനെ സ്വന്തമാക്കും വരെ ആരും  ഇതൊന്നും അറിയരുത്..അറിഞ്ഞാൽ എന്നോടുള്ള ദേഷ്യത്തിന് ചിലപ്പോൾ പ്രദീപേട്ടൻ അവളെ ഉപേക്ഷിക്കും..ഞാൻ  കാരണം അവളുടെ ജീവിതം  നശിക്കരുത്…”

“നീയെന്തൊക്കെയാടാ ഈ  പറയുന്നേ?”

വിവേക് ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞുകൊണ്ട് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…

“മാനസ പാവമാണ് അച്ഛാ…അവളെ  വെറുക്കരുത്….”

കാര്യം മനസിലായില്ലെങ്കിലും അവൻ പറയും വരെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് ഭാസ്കരന് തോന്നി..അയാൾ  അവന്റെ പുറത്ത് മെല്ലെ തലോടി….

**************

പ്രദീപ്‌ കതകടച്ചു മുറിയിൽ കിടക്കുകയാണ്. മാനസയെ  നിർബന്ധിച്ചു കുറച്ചു ഭക്ഷണം കഴിപ്പിച്ച ആശ്വാസത്തിൽ യശോദ  ഉമ്മറത്ത് വന്നിരുന്നു…സനീഷ് ആരോടോ  ഫോണിൽ സംസാരിച്ചു കൊണ്ട് മുറ്റത്തു നിൽപ്പുണ്ട്…അവരെ കണ്ടതും ഫോൺ പോക്കറ്റിലിട്ട് അടുത്തു വന്നു…

“ജയനാ വിളിച്ചത്…ഇവിടെത്തിയോ എന്നറിയാൻ..”

“ഉം.”

“അവൻ ഉറങ്ങുകയാണോ?”

“അറിയില്ല… ചിലപ്പോൾ അകത്തിരുന്നു ക ള്ളു കുടിക്കുകയായിരിക്കും…”

“ഏയ് അതിന് സാധ്യത ഇല്ല…ഞാൻ  വിനീതയെ കണ്ടിരുന്നു…ഇവനെ നന്നാക്കിയെടുക്കാമെന്നാ അവളും പറയുന്നേ…”

“എനിക്ക് പ്രതീക്ഷയില്ല.. വാവയെ കാണുമ്പോൾ കുടി അധികമാവുമോ എന്നാ എന്റെ പേടി…”

“അങ്ങനൊന്നും ഉണ്ടാവില്ല..” ആശ്വസിപ്പിച്ചെങ്കിലും സനീഷിനും ആ ഭയം  ഉണ്ടായിരുന്നു..

“അവനോട് നാളെ  പണിക്ക് വരാൻ പറ..രാത്രി വൈകും വരെ  ഞാനവിടെ പിടിച്ച് നിർത്തിക്കോളാം…അവളുറങ്ങിയിട്ട് ഇങ്ങോട്ട് വിട്ടാൽ മതിയല്ലോ… കുറച്ച് നാൾ ഇങ്ങനെ പോട്ടെ…”

യശോദ തലയാട്ടി.. സനീഷ് പോയ ശേഷം അവർ അകത്തേക്ക് നടന്നു…പ്രദീപിനുള്ള ഭക്ഷണം മേശപ്പുറത്തു വച്ച  ശേഷം അവർ മാനസയെ പോയി നോക്കി.. അവൾ ഉറക്കത്തിലാണ്…ഈ  നേരം  വരെയായിട്ടും അവളൊന്ന് കരഞ്ഞിട്ടില്ല… ഒരു തുള്ളി കണ്ണുനീർ പോലും പൊഴിഞ്ഞിട്ടില്ല…മേശപ്പുറത്തു വച്ച റെജിയുടെ ഫോട്ടോയിൽ അവർ നോക്കി.. സുന്ദരനായ  ഒരു ചെറുപ്പക്കാരൻ… മാനസയെ  തങ്ങളിൽ നിന്നകറ്റിയതിനു  ഇവനെ ഒത്തിരി ശപിച്ചിട്ടുണ്ടല്ലോ എന്ന് ഓർത്തപ്പോൾ തന്നെ യശോദയ്ക്ക്  വിഷമമായി…

“മാപ്പ് മോനേ, ഞങ്ങളിവളെ അത്രക്ക് സ്നേഹിച്ചതാ..അതോണ്ടാ അങ്ങനൊക്കെ ചിന്തിച്ചത്… ”  മനസ്സിൽ പറഞ്ഞ ശേഷം  അവർ അവളെ പുതപ്പിച്ചു…അപ്പോഴാണ്  അവളുടെ  വലം കൈയിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ടത്…പതിയെ  വിരലുകൾ  നിവർത്തി അവരത്  പുറത്തെടുത്തു… ഒരു സ്വർണമാല… ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ആ  മാല  ഞെട്ടലോടെ  യശോദ  തിരിച്ചറിഞ്ഞു…

പണ്ട് പട്ടിണികിടന്നും കഠിനാധ്വാനം ചെയ്തും  പ്രദീപ്‌ വാങ്ങിക്കൊടുത്ത മാല…അവരുടെ കണ്ണുകൾ നിറഞ്ഞു…ഉറക്കത്തിൽ മാനസ  എന്തോ പറയുന്നുണ്ടായിരുന്നു… അവർ  ശ്രദ്ധിച്ചു..

“ഏട്ടാ, വാവയോട് ക്ഷമിക്കണേ…”  മന്ത്രിക്കുന്നത് പോലെയുള്ള സ്വരം…. പൊട്ടി വന്ന കരച്ചിലിനെ തടയാൻ  യശോദ  വായ പൊത്തിപ്പിടിച്ചു…

മാല  വീണ്ടും അവളുടെ കയ്യിൽ വച്ചു കൊടുത്ത ശേഷം  അവർ  വേഗത്തിൽ പുറത്തിറങ്ങി. അടുക്കളയിൽ  പോയിരുന്നു ഉറക്കെ കരഞ്ഞു…മതിവരുവോളം…..

തുടരും…..