എഴുത്ത്: ഷബീർ മരക്കാർ
============
ഒരു ഒഴിവ് ദിവസം രാവിലെ ഒരു 7 മണി ആയിക്കാണും പാത്തുന്‍റെ മടിയിൽ തലവെച്ച് കൊച്ചു വർത്തമാനം പറഞ്ഞു കിടക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. ഫോൺ എടുത്തപ്പോൾ ഒന്നു ഞെട്ടി, വേറേ ഒന്നും അല്ല പുന്നാര മോനെ കാണാൻ ഉപ്പയും ഉമ്മയും ഡൽഹി എയർപോർട്ടിൽ എത്തിയിരിക്കുന്നു…
സർപ്രൈസ് വിസിറ്റ്…അത് കേട്ടപ്പോൾ തല ഒന്നു കറങ്ങി സ്വബോധം നഷ്ടപ്പെടുന്ന പോലെ തോന്നി പോയി. ടാക്സി ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുത്ത് ഫോൺ കട്ട് ചെയ്ത് തരിച്ചു നിൽക്കുന്ന എന്നെ നോക്കി പാത്തു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…പക്ഷെ ഞാൻ ഒന്നും കേട്ടില്ല…അവസാനം സഹികെട്ട് അവള് തലക്കിട്ട് ഒന്ന് തന്നപ്പോൾ ആണ് ബോധം വന്നത്….
എടീ ഉമ്മയും ഉപ്പയും ഇപ്പൊ എത്തും ഇവിടെ…അത് കേട്ടതും അയ്യോ എന്ന് പറഞ്ഞു പാത്തു അവിടിരുന്നു…എന്ത് വേണം എന്ന് ഒരു നിമിഷം ആലോചിച്ചു….എന്നിട്ട് അവളുടെ കൈ പിടിച്ചു റൂമിലേക്ക് ഓടി….
നിങ്ങൾ വിചാരിക്കുന്നുണ്ടാകും അല്ലേ, സ്വന്തം ഉപ്പയും ഉമ്മയും വരുന്നതിനു എന്തിനാ ഇങ്ങനെ പേടിക്കുന്നത്എന്ന്…
അതിന് ഒരു കാരണം ഉണ്ട്. 2 വർഷം മുന്നേ എന്റെയും പാത്തുന്‍റെയും പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എല്ലാവരും എതിർത്തു…
അല്ലെങ്കിലും മുസ്ലിം പയ്യനും ക്രിസ്ത്യൻ പെണ്ണും കൂടി ഇഷ്ട്ടാന്ന് പറഞ്ഞാൽ ആരാണ് എതിർക്കാതിരിക്കുന്നത് അല്ലേ ?? അങ്ങനെ വീട്ടുകാരും കുടുംബാക്കാരും സമ്മതിക്കില്ലെന്ന് വാശി…അവളെ ഒഴിവാക്കിയുള്ള പരിപാടി ഇല്ലെന്നും ഞാനും…
അങ്ങനെ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഡൽഹിയിൽ ഈ ജോലി ശരിയാകുന്നത്…
നാട്ടുകാരുടെയും കുടുംബക്കരുടെയും ജാതീയ പ്രസംഗങ്ങളും ഒരുമാതിരി ഉപദേശങ്ങളും കേട്ട് മടുത്ത് പണ്ടാരടങ്ങി ഇരിക്കുന്ന എനിക്ക് ഈ ജോലി വല്യ ഒരു ആശ്വാസം ആയി തോന്നി.
ഇവരുടെ ഈ ശല്യം സഹിക്കേണ്ടല്ലോ…ഇവർക്ക് അറിയില്ലല്ലോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാൾക്ക് കൊടുത്ത വാക്ക് മാറ്റി പറയാൻ നമ്മൾ തയ്യാറല്ല എന്നുള്ളത്…അങ്ങനെ മാറ്റി പറയാൻ ഞാൻ എന്റെ അപ്പന് പിറന്നതല്ലാതിരിക്കണം. മരണം വരെ ഞാൻ കൂടെ കാണും എന്നുള്ളത് ഞാൻ അവൾക്ക് കൊടുത്ത വാക്കാണ് .
ഒരു മുസ്ലിം പയ്യനെ പ്രണയിച്ചതിന് ഇടവകയിൽ നിന്നു മാത്രമല്ല, സ്വന്തം വീട്ടിൽ നിന്ന് തന്നെ താമസിയാതെ പുറത്താകാൻ നിൽക്കുന്ന അവളെ ഇവിടെ തനിച്ച് വിട്ടു പോകാൻ മനസ്സ് വരാത്തത് കൊണ്ട് അവളെയും കൂടെ കൂട്ടി…
അങ്ങനെ ആരും അറിയാതെ അവളുടെ നാട് കൂടെ ആയ മുന്നാറിലെ കൊടും തണുപ്പിനെ സാക്ഷിയാക്കി ദേവികുളം രജിസ്ട്രാർ ഓഫീസിൽ വെച്ച് ഞാൻ അവളെ അങ്ങ് കെട്ടി ഇങ്ങോട്ടേക്കു കൊണ്ടു വന്നതാണ്….
ഒരു നാടുക്കാരെയും കുടുംബക്കാരെയും ബോധിപിച്ചിട്ടില്ല. അത് കൊണ്ട് ഇന്ന് പാത്തുനെ ഇവിടെ കാണുമ്പോൾ ഉള്ള അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ…അടിപൊളി ആകും അല്ലേ….
എടീ അര മണിക്കൂറിൽ അവർ ഇങ്ങെത്തും അപ്പോഴേക്കും നിന്റെ മുഴുവൻ സാധനങ്ങളും അപ്പുറത്തെ റൂമിൽ എത്തണം അത് നിന്റെ റൂം ആണെന്ന പ്രതീതി കിട്ടണം പെട്ടന്ന്…
അവർ വരുമ്പോഴേക്കും എന്തായാലും എല്ലാം സെറ്റ് ആക്കി…
അവർ എത്തി ബെൽ കേട്ട് ഞാൻ ചെന്നു വാതിൽ തുറന്നു കൊടുത്തു…ഉമ്മച്ചി വന്നു കെട്ടിപിടിച്ചു, അവരെ കൊണ്ടു വന്നു സോഫയിൽ ഇരുത്തി…
അവർ ചുറ്റും കണ്ണോടിക്കുന്നത് കണ്ടു എന്തുപറ്റി എന്ന് ചോദിച്ചു ഞാൻ. അപ്പോൾ ഉമ്മച്ചി പറയുവാ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഇല്ലാതിരുന്ന നീ ഒരുപാട് മറിപോയി. എന്ത് ഭംഗിയിൽ ആണ് നീ ഈ വീട് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു പെൺ കൊച്ചുള്ള വീടാണെന്നു തോന്നി പോകും, ഉപ്പയും അത് ശെരി വെച്ചു.
അപ്പോഴാണ് മ്മടെ പാത്തുന്‍റെ ചായയും ആയിട്ടുള്ള രംഗപ്രവേശം…
അവളെ കണ്ടതും ഉപ്പയും ഉമ്മയും ഞെട്ടി എണീറ്റു. എന്നിട്ട് എന്നെ ഒന്ന് തുറിച്ചു നോക്കി…
ഞാൻ പറഞ്ഞു നിങ്ങൾ ദേഷ്യ പെടല്ലെ ഉമ്മച്ചി….ഞാൻആരും ഇല്ലാതെ ഇവൾക്ക് വീട് വിട്ടു ഇറങ്ങേണ്ടി വന്നപ്പോൾ, എന്റെ മുന്നിൽ വേറേ വഴി ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരേണ്ടി വന്നു അത്രേ ഒള്ളു അല്ലാതെ കൂടുതലായി ഒന്നും ഇല്ല…
എന്തായാലും അവർ ചായ് വാങ്ങിച്ചു കുടിച്ചു. പക്ഷേ ഒന്നും മിണ്ടിയില്ല.
ഉമ്മച്ചിക്ക് ഫ്രഷ് അകണ്ടേ ?? വാ ഉമ്മച്ചി യാത്ര കഴിഞ്ഞു വന്നതല്ലേ ഫ്രഷ് ആയിട്ട് കുറച്ച് നേരം കിടന്നോളൂ. ക്ഷീണം മാറട്ടെ….പാത്തു അവരെ കൊണ്ടോയി അവൾടെ റൂം കാണിച്ചു കൊടുത്തു
ഉച്ച ഊണിന് പാത്തുന്‍റെ വക ഉഷാർ ഭക്ഷണം ഉമ്മചിക്കും ഉപ്പചിക്കും ഇഷ്ടപ്പെട്ടുന്നു തോന്നുന്നു .
എങ്ങനെ ഒക്കെയോ രാത്രി ആയി കിട്ടി. പകൽ മുഴുവൻ ഒരു മാതിരി മരണ വീട് പോലെ ആയിരുന്നു , ഒച്ചയും ഇല്ല അനക്കവും ഇല്ല എന്ന് പറഞ്ഞാൽ മതിയല്ലോ…
രാത്രി അത്താഴം കഴിഞ്ഞ് കിടക്കാറായപ്പോൾ ഞാൻ പാത്തുനോട് പറഞ്ഞു ഒരു തലയണയും പുതപ്പും ആ സോഫയിലേക്ക് ഇട്ടേക്ക് എന്നിട്ട് നീ എന്റെ റൂമിൽ കിടന്നോളുട്ട. ഞാൻ സോഫയിൽ കിടന്നോളാം…നാഷണൽ അവാർഡ് കിട്ടേണ്ട അഭിനയം കാഴ്ച്ചവെച്ചു മാന്യനായ ഞാൻ…
അങ്ങിനെ 2 ദിവസം കടന്നു പോയി….
ഒരു ദിവസം ഞാൻ ഓഫീസിൽ നിന്ന് എത്തിയപ്പോൾ ഉപ്പ ടിവി കാണുന്നു. അവളോട് മിണ്ടാൻ പോലും താൽപര്യം ഇല്ലാത്ത ഉമ്മച്ചി അവളുടെ കൂടെ നിന്ന് ഭയങ്കര വാചകവും പാചകവും…എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല പാത്തു ഒന്നും പറയുന്നുമില്ല.
പതിവ് പോലെ അത്താഴം കഴിച്ചു എല്ലാവരും കിടന്നു ഞാൻ സോഫയിൽ തന്നെ അവർ റൂമിലും പാത്തു എന്റെ റൂമിലും…
നല്ല ഉറക്കം ആയിരുന്നു ഞാൻ അപ്പോഴാണ് എന്റെ തലയിൽ ആരോ തടവുന്നത് അറിഞ്ഞാണ് എണീറ്റത്…
എന്താടാ പാത്തുമ്മ ഉറങ്ങിയില്ലെടാ, എന്നും ചോദിച്ചു പതിവ് പോലെ ആ കൈ പിടിച്ചു ഒരുമ്മയും കൊടുത്തു…
ഇത് നിന്റെ പാത്തുന്‍റെ കൈ അല്ലാട്ടോ…പടച്ചോനെ ഉമ്മച്ചി…പെട്ടന്ന് ചാടി എണീറ്റു…
അതിനു ഉമ്മച്ചി അവൾ അങ്ങനെ എന്റെ തല ഒന്നും തടവാറില്ലാലോ….
മതിടാ അഭിനയിച്ചത്, ഞാൻ നിന്റെ ഉമ്മയാണ്. ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാകും എല്ലാം….
അപ്പോൾ എന്റെ നാഷണൽ അവർഡിനുള്ള അഭിനയം വേസ്റ്റ് ആയല്ലോ കർത്താവേ…ഞാൻ ഒന്നും മിണ്ടിയില്ല കുറച്ച് നേരം…
പിന്നെ ഉമ്മച്ചിനെ ഒന്ന് കെട്ടിപിടിച്ചു ചോദിച്ചു ഉമ്മച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ ??
ഉണ്ടായിരുന്നു…പക്ഷേ ഇപ്പോൾ ഇല്ല.
ഇതിലും നല്ല ഒരു മരുമകളെ ഒരു പക്ഷേ എനിക്ക് വേറേ കിട്ടില്ലട…എനിക്ക് വേണം അവളെ…അവൾ ഇങ്ങനെ ആണന്ന് മനസ്സിലാക്കിയിരുന്നു എങ്കിൽ ഞാൻ അന്നേ ഈ കല്യാണത്തിന് സമ്മതിച്ചേനെ…എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ട്ടപെട്ടു അവളെ, അവൾ നിന്നെ പൊന്ന് പോലെ നോക്കും…
എന്റെ പടച്ചോനെ ഇങ്ങനെ ഒക്കെ തോന്നാൻ മാത്രം ഇവിടെ ഇപ്പൊൾ എന്താ ഉണ്ടായത് .??
ടാ 2 ദിവസം ആയില്ലേ ഞങ്ങൾ നിന്നോട് സംസാരിച്ചിട്ടു…പക്ഷേ നിന്റെ മുഖത്ത് ആ സങ്കടം ഒന്നും ഞാൻ കണ്ടില്ലായിരുന്നു, എന്നാൽ എന്റെ മോൾ ഇന്ന് ഞങ്ങളുടെ കാൽക്കൽ വീണു കരഞ്ഞു പറഞ്ഞു എന്നെ വേണമെങ്കിൽ തല്ലി ഇറക്കിക്കൊളു ഉമ്മച്ചി, ഞാൻ എങ്ങോട്ട് വേണേലും പോയേക്കാം, എങ്ങോട്ട് ഇറക്കി വിട്ടാലും ആരും വരില്ല ചോദിക്കാനും അന്വേഷിക്കാനും നിങ്ങളുടെ അടുത്ത്….പക്ഷെ ദയവു ചെയ്ത് ഇക്കാട് നിങ്ങൾ സംസാരിക്കാതെയിരിക്കല്ലെ, അത്രക്ക് അധികം സങ്കടം ഉണ്ട് ഇക്കാടെ മനസ്സിൽ എന്ന്….
നിന്റെ മുഖം ഒന്ന് മാറിയപ്പോഴേക്ക് സ്വന്തം ജീവിതം എന്തേലും ആയിക്കൊള്ളേട്ടെ നിന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടായാൽ മതി എന്ന് തീരുമാനിക്കാനുള്ള ആ മനസ്സുണ്ടല്ലോ അത് കണ്ടില്ലെന്ന് വെച്ചാൽ അതിലും വലിയ നഷ്ടം വേറെ ഇല്ലട…
അത് പറയുമ്പോൾ ഉമ്മച്ചിടെ മാത്രം അല്ല എന്റെ കണ്ണും നിറഞ്ഞു പോയി…
അവളുടെ മനസ്സിലെ ആ സ്നേഹം , നിന്റെ കാര്യത്തിൽ അവൾക്കുള്ള ശ്രദ്ധ അതെല്ലാം ആണ് ഇന്ന് പുറത്ത് വന്നത്. പിന്നെയും കുറച്ച് കാര്യങ്ങള് കൂടെ അവള് പറഞ്ഞു..ഹും…
എന്തായാലും ഞങ്ങൾ നാളെ നാട്ടിലേക്ക് തിരിച്ചു പോകും. അധികം വൈകാതെ അവളെ കൊണ്ട് അങ്ങ് വന്നേക്കണം. അവൾടെ വീട്ടിൽ പോയി നിക്കാഹിനുള്ള കാര്യങ്ങൾ എല്ലാം നോക്കി ഞങ്ങള് വിളിക്കാം.
വേണ്ട ഉമ്മച്ചി , ഇത് അറിഞ്ഞാൽ ഉടക്കാൻ കുറെ ബന്ധുക്കൾ ഉണ്ടാകും, എല്ലാവരും നിങ്ങളെ കുറ്റപെടുത്തും, എനിക്ക് വേണ്ടി നിങ്ങൾ ആരുടെയും മുന്നിൽ തല കുനിക്കരുത്. ഇതിപ്പോൾ ആർക്കും എന്നെ കാണുന്നത് പോലും ഇഷ്ട്ടം അല്ലാത്ത സ്ഥിതിക്ക് ഞങ്ങൾ ഇവിടെ ഇങ്ങനെ അങ്ങു ജീവിച്ചോളാം. ഇടക്ക് എനിക്ക് മാത്രം നിങ്ങളെ വന്ന് കാണാലോ…
എല്ലാവരോടും പോകാൻ പറയട….മറ്റുള്ളവരുടെ വാക്കുകൾ ഒന്നും എനിക്കും ഉപ്പച്ചിക്കും വിഷയമല്ല. എന്നും നിന്റെ ജീവിതത്തെ പറ്റി മാത്രമേ ഞങ്ങൾ ചിന്തിച്ചിട്ടൊള്ളു…നിന്റെ ജീവിതം സമാധാനവും, സന്തോഷവും നിറഞ്ഞതാവണം അത്രേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക്…ഇപ്പൊൾ ആരെക്കാളും ഞങ്ങൾക്ക് അതു മനസ്സിലാകും നിന്റെ ജീവിതം മറ്റാരേക്കാളും സന്തോഷത്തോടെ ആണ് പോകുന്നത് എന്ന് ഇനി അങ്ങനെ തന്നെ ആയിരിക്കും എന്നും…ആരു എന്ത് പറഞ്ഞാലും ഈ മോളെ എനിക്ക് എത്രയും പെട്ടന്ന് വേണം, എനിക്ക് ഇനി കാത്തിരിക്കാൻ വയ്യ…വേറെ ഒന്നും നീ ചിന്തിക്കേണ്ട. എന്നാൽ മോൻ ഉറങ്ങിക്കോട എന്നും പറഞ്ഞു ഉമ്മച്ചി പോയി കിടന്നു…
ഞാൻ എന്റെ പാത്തുന്റ റൂമിൽ പോയി അവളെ നോക്കി. നല്ല ഉറക്കമാണ് പാവം. ഉണർത്താൻ തോന്നിയില്ല. നിഷ്കളങ്കമായി ഉറങ്ങുന്ന ആ മുഖം കുറച്ച് നേരം നോക്കി നിന്നുപോയി…
എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്…ഇതൊക്കെ കഴിഞ്ഞ് 3 വർഷങ്ങൾ ആയിരിക്കുന്നു…
എന്റെ വീട്ടിലോട്ടു ഒരു കുഞ്ഞി പാത്തു കൂടെ വന്നിരിക്കുന്നു. പാത്തു കുറുമ്പി പെണ്ണിന്റെപുറകെ ഓടി കൊണ്ടിരിക്കുന്നു, ഉമ്മച്ചിയും ഉപ്പച്ചിയും അവൾടെ കുറുമ്പ് കണ്ട് ചിരിച്ചും, അവളെ കളിപിച്ചും, കഥകൾ പറഞ്ഞു കൊടുത്തും ഹാപ്പി ആയി ഇരിക്കുന്നു .
പണ്ട് ഞങ്ങളെ തളളി പറഞ്ഞ ബന്ധുക്കളും നാട്ടുകാരും പുതിയ ഇരകളുടെ കൂടെ പഴയത് പോലെതന്നെ ഉപദ്രവിച്ചും തമ്മിലടിപ്പിച്ചും മുന്നേറി കൊണ്ടിരിക്കുന്നു…..
(ജീവിതം ഇങ്ങനെ ഒക്കെയാണ്. നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാക്കേണ്ടത് നമ്മൾ തന്നെയാണ്. അല്ലാതെ ബന്ധുക്കളും നാട്ടുകാരും അല്ല. പിന്നെ ഒരു കാര്യം കൂടെ ഇനിയുള്ള കാലമെങ്കിലും ആരും ജാതിയും മതവും പറയാതിരിക്കട്ടെ…എല്ലാവരും എല്ലാവരെയും ഹിന്ദു എന്നും മുസ്ലിം എന്നും ക്രിസ്ത്യൻ എന്നും കാണാതെ മനുഷ്യരായി കാണാൻ ശ്രമിക്കട്ടെ. ജാതിക്കും മതത്തിനും അധീതമായി മനുഷ്യത്വത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു വരും തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കാം നമുക്ക്. എല്ലാവർക്കും നന്മകൾ നേരുന്നു…. )
……ശുഭം…….