അച്ഛന്റെ വിളികൾ തമ്മിലുള്ള ദിവസങ്ങളുടെ ദൈർഘ്യം ആഴ്ച്ചകൾ ആകുമ്പോൾ ഉള്ളിൽ ആളുന്ന…

അമ്മ…

Story written by Keerthi S Kunjumon

==============

സങ്കടം വന്നാലും, സന്തോഷം വന്നാലും കരയുന്നോരമ്മ….പക്ഷെ, ഇപ്പൊ പലപ്പോഴും കരയാനും, ചിരിക്കാനുമൊക്കെ മറന്നുപോയിരിക്കുന്നു…

ചിലപ്പോഴൊക്കെ അമ്മയിലെ മാറ്റങ്ങൾ കാണുമ്പോൾ ആ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു…ഒന്നുമാത്രം അറിയാം, കാലവും അനുഭവങ്ങളും അമ്മയെ ഒരുപാട് മാറ്റിയിട്ടുണ്ട്….

“നമുക്ക് ഈ നശിച്ച നാട്ടിൽ  നിന്ന് എവിടേക്കെങ്കിലും പോകാമ്മേ…. !” എന്ന് ഞാൻ പറയുമ്പോൾ “ഞാൻ എങ്ങോട്ടുമില്ല പെണ്ണെ,  ഈ വീടാണെന്റെ സ്വർഗം “,  അതും പറഞ്ഞു അടുക്കളയിലെ പാത്രങ്ങളെ കലപിലകൂട്ടി ഒരു തിരിഞ്ഞ് നിൽപ്പുണ്ട് എന്റെ അമ്മ…

വന്ന് കയറി ഈ കാലമത്രയും ഒരു സ്വസ്ഥതയും കിട്ടാത്ത ഈ വീട് സ്വർഗം ആണ് പോലും….ചിരി വരും അമ്മയുടെ ആ പറച്ചിലിൽ..

“നിങ്ങടെ അച്ഛൻ ഇവിടല്ലേ പിള്ളേരെ ” എന്ന് കണ്ണ് നിറച്ചു വീണ്ടും അമ്മ ചോദിക്കുമ്പോൾ പിന്നെ എന്റെ ഉത്തരം മുട്ടും…..

അമ്മയെ ഒരുപാട് സ്നേഹിച്ച അച്ഛനെ എങ്ങനെ തെറ്റ് പറയും, ആരായാലും അത്രത്തോളം ഇഷ്ടപെട്ടുപോകില്ലേ ആ മനസ്സ്….ഒരുപാട് വട്ടം മനസ്സ് നിറച്ചിട്ടുണ്ട്  അവരുടെ സ്നേഹം…ആ സ്നേഹത്തെ തലയിണ മന്ത്രത്തിന്റെ ശക്തി എന്ന് പറഞ്ഞു കളിയാക്കിയവരോട് തിരിച്ചു ഒന്ന് മുഖം കറുപ്പിച്ചിട്ടു കൂടി ഇല്ല  അമ്മ….

ഒരുപക്ഷെ അമ്മയുടെ വീട്ടുകാരുമായുള്ള സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ അച്ഛനും കൂടി ഒറ്റപ്പെടുത്തിയ നാളുകളിൽ ആകും ആ മനസ്സ് ഏറെ വേദനിച്ചത്… “അന്ന് അച്ഛനോട് അമ്മയ്ക്ക് ഒരു ദേഷ്യവും തോന്നിയില്ലേ എന്ന ചോദ്യത്തിന്  ‘ഇല്ലെ’ന്ന്  ഒരു പുഞ്ചിരിയോടെ  മറുപടി നൽകുമ്പോൾ ആ ചിരിയായിരുന്നു അതിനുള്ള യഥാർത്ഥ ഉത്തരം….നിറഞ്ഞ സ്നേഹം തുളുമ്പുന്ന ചിരി…

സ്വത്ത്‌ തർക്കത്തിന്റെയും, ഭാഗം വയ്ക്കലിന്റെയും പേരിലുള്ള വഴക്കും വാക്കാനാവുമാണെന്റെ ബാല്യത്തിലെ ഓർമ്മകളിൽ ഏറെയും…വാക്കേറ്റങ്ങൾ കയ്യാങ്കളിയിൽ എത്തുമ്പോൾ വാവിട്ട് കരയുന്ന നാല് വയസ്സുകാരിയെ ചേർത്ത് പിടിച്ചു സമാധാനിപ്പിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുമായിരുന്നു…

സന്ധ്യക്ക്‌ വിളക്ക് വെച്ച് ഒന്നിച്ചിരുന്നു നാമം ചൊല്ലിയ ശേഷം പഠിക്കാൻ ഇരിക്കുമ്പോ മാത്രം അമ്മയോട് ദേഷ്യം ആയിരുന്നു….തെറ്റിച്ചാൽ കവിളിൽ പിച്ചും, ഹോ….ജീവൻ പോകും…ആ പ്രീഡിഗ്രികാരി പറഞ്ഞു തന്ന ആദ്യപാഠങ്ങളോടുള്ള ഇഷ്ടത്തിനപ്പുറം, മറ്റൊരു വലിയ ക്ലാസ്സുകളും ആസ്വദിച്ചിട്ടില്ല എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്…

കടങ്ങളും പ്രാരാബ്ധങ്ങളും പെരുകിയപ്പോൾ പ്രവാസിയായി മാറിയ അച്ഛനോടൊപ്പം അമ്മയും ഒരുപാട് മാറിയിരുന്നു…എട്ട് വയസ്സുകാരിക്കും , ഒരു വയസ്സുകാരിക്കും ഒരുപോലെ അച്ഛനും അമ്മയും ആയി മാറുകയായിരുന്നു ആ മനസ്സ് ….

എന്നും അച്ഛന്റെ നിഴലായി മാത്രം നടന്ന അമ്മ ഒരുപാട് പതർച്ചയോടെ എങ്കിലും , സ്വയം പ്രാപ്തയാവുന്നത് കാണുമ്പോൾ അത്ഭുതം ആയിരുന്നു….എട്ട് വയസ്സിന്റെ കുഞ്ഞു ആഗ്രഹങ്ങളെ കടിഞ്ഞാൺ ഇടാൻ, സ്നേഹം നിറച്ച ആ തലോടലിനും കണ്ണീരിനും കഴിയുമായിരുന്നു …..

അന്നൊക്കെ മഴക്കാലത്തെ കുറിച്ചു ചിന്തിക്കുമ്പോഴേ പേടിയായിരുന്നു…പുറത്തു മഴ പെയ്യുന്ന ശബ്ദത്തേക്കാൾ പരിചിതം സ്റ്റീൽ പാത്രത്തിൽ വെള്ളം വീഴുന്ന ശബ്ദത്തെയാണ്…..പൊട്ടിയ ഓടിന്റെയും ഷീറ്റിന്റെയും വിടവിലൂടെ വെള്ളം ഒലിച്ചു ഇറങ്ങുമ്പോൾ , നനയാതിരിക്കാൻ മുറിക്കുള്ളിലെ കട്ടിൽ ഒരു വശത്തേക്ക് ചരിച്ചിട്ട് , ഒരു മൂലക്ക് മാറിയിരിക്കുന്ന അമ്മയുടെ കണ്ണീർ ആ മഴ തോർന്നാലും തോരാറില്ല…

അച്ഛന്റെ വിളികൾ തമ്മിലുള്ള ദിവസങ്ങളുടെ ദൈർഘ്യം ആഴ്ച്ചകൾ ആകുമ്പോൾ ഉള്ളിൽ ആളുന്ന തീയുമായി ഞങ്ങളെ ഒന്നും അറിയിക്കാതെ നടക്കുമായിരുന്നു അമ്മ….

അച്ഛൻ പുകച്ചു തള്ളുന്ന സി ഗററ്റിന്റെ എണ്ണം കൂടുമ്പോൾ , അതിന്റെ പേരിൽ പിണക്കങ്ങൾ ഉണ്ടാവുമ്പോൾ , അവയെല്ലാം എന്നും അമ്മയുടെ കണ്ണീരിലെ അവസാനിച്ചിട്ടുള്ളു….എന്നാൽ അതിന്റെ പേരിൽ ഞാനും അച്ഛനും തമ്മിൽ വഴക്ക് മുറുകുമ്പോഴും , ഒരിക്കലും അമ്മ എന്നെ പിന്തുണക്കാതെ മൗനം പാലിച്ചിരുന്നു…

അമ്മയുടെ  ഓരോ മണ്ടത്തരങ്ങൾ കണ്ട് ‘എടീ കഴുതേ’എന്ന് അച്ഛൻ നീട്ടിവിളിക്കുമ്പോൾ , എന്തോ…എന്ന് വിളികേട്ടിട്ട് , സ്വയം ചമ്മി ഒരു നിൽപ്പുണ്ട്….

എന്നിട്ട് രഹസ്യമായി പറയും , ” ആ വിളി കേൾക്കാൻ എനിക്ക് ഇഷ്ട്ടാ പിള്ളേരെ ” എന്ന്…

അത് കേൾക്കുമ്പോൾ എനിക്കും കുഞ്ഞുവിനും ചിരി പൊട്ടും….എന്നാൽ അച്ഛന്റെ സ്വപ്നമായ ഞങ്ങളുടെ കുഞ്ഞു വീട് പണിയുമ്പോൾ , ‘അച്ഛന്റെ ആ സ്വന്തം കഴുത ‘ കണക്ക് കൂട്ടി , മിച്ചം വെച്ച് ഓരോ രൂപയും കിറുകൃത്യമായി ചിലവാക്കുന്ന കണ്ടപ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്….അച്ഛനില്ലാതെ പുറത്തു പോലും പോകാതിരുന്ന അമ്മയെ കൊണ്ട് ഒറ്റക്ക് ഇതെല്ലാം എങ്ങനെ കഴിയുന്നു എന്ന് കുറെ ചിന്തിച്ചിട്ടുണ്ട്…

കുടുംബത്തിന് വേണ്ടി അച്ഛന് നാട്ടിൽ എത്താൻ പറ്റാതെ വിദേശത്ത്‌ തന്നെ കഴിയേണ്ടി വന്ന ആറ് വർഷങ്ങൾ , അക്കാലമത്രയും അമ്മയും ഉരുകുകയായിരുന്നു, വിവാഹ വാർഷികത്തിനും ഞങ്ങളുടെ പിറന്നാളിനും അച്ഛന്റെ അസാന്നിദ്യം അമ്മയെ ഒരുപാട് നോവിച്ചു….

ഞാൻ ഇതുവരെ കണ്ട ഏറ്റവും തീഷ്ണമായ കാത്തിരിപ്പ് എന്റെ  അമ്മയുടേതാണ് , അച്ഛന് വേണ്ടി …..

ഒടുവിൽ വിദേശവാസവും, അമിതാദ്വാനവും അച്ഛന്റെ ആരോഗ്യം കവർന്നെടുത്തപ്പോൾ , അച്ഛന് ഊന്നു വടിയായി മാറി അമ്മ….

മെഡിക്കൽ കോളേജിന്റെ വരാന്തയിലൂടെ അച്ഛന് വേണ്ടി ഒറ്റക്ക് ഓടി നടന്നപ്പോൾ അധികം ഒന്നും എന്നെയും കുഞ്ഞുവിനെയും അമ്മ അറിയിച്ചിരുന്നില്ല …. “അച്ഛന് കുഴപ്പമൊന്നുമില്ല , നീ ഹോസ്റ്റലിൽ നിന്നും ഇടയ്ക്കിടെ ഓടിവരേണ്ട ” എന്ന പതിവ് പല്ലവിയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അവസാനിപ്പിക്കുമായിരുന്നു…

ഇടയ്ക്കെപ്പോഴോ , “എനിക്കൊരു ആൺകൊച്ച്‌ ഇല്ലാതെ പോയല്ലോ, എങ്കിൽ അച്ഛന് വേണ്ടി ഇങ്ങനെ ഒറ്റക്ക് ഓടേണ്ടി വരില്ലായിരുന്നു “…. എന്ന് അമ്മ സങ്കടം പറഞ്ഞപ്പോൾ അന്ന് ആദ്യമായി എന്റെ കഴിവുകേടിനെ സ്വയം ഞാൻ ശപിച്ചു , ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു ….

വീട്ടിലെ ഭക്ഷണത്തിൽ ഉപ്പും എരിവും കുറഞ്ഞപ്പോൾ , വഴക്ക് ഉണ്ടാക്കിയ എന്നെ സമാധാനിപ്പിച്ചിട്ട് , ” അച്ഛന് അതൊന്നും കഴിച്ചൂട മോളെ ” എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ കഴിച്ച വറ്റിനു ഒരു രുചികേടും തോന്നിയില്ല….കാരണം മനസ്സ് നിറയെ അമ്മയുടെ കണ്ണിൽ നിറഞ്ഞ അച്ഛനോടുള്ള സ്നേഹം ആയിരുന്നു….അച്ഛന് കഴിക്കാൻ പറ്റാതെപോയ എല്ലാ രുചികളും അമ്മയും വേണ്ടാന്ന് വെച്ചു …

ഡയാലിസിസിനേയും , കിഡ്‌നി ട്രാൻസ്‌പ്ലാനറ്റേഷനെയും , ക്രിയാറ്റിനിന്റെ അളവിനെയൊക്കെ കുറിച്ച് സംസാരിക്കുന്ന അമ്മയെ കാണുമ്പോൾ ഞങ്ങൾക്ക് അതിശയം ആയിരുന്നു..എല്ലാത്തിനും അമ്മയുടെ കയ്യിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു….അച്ഛന് വേണ്ടി ….

അച്ഛന്റെ ചികിത്സയുടെയും , ആശുപത്രി വാസത്തിന്റെയും നാളുകളിൽ അമ്മ ആഴ്ചകളോളം ഉറങ്ങിയിട്ടുണ്ടോ എന്ന് പോലും സംശയമാണ് …..

ഒടുവിൽ അമ്മയുടെ പ്രാർത്ഥനയും പ്രയത്നവും എല്ലാം വിഫലമായ ആ ദിവസം…അച്ഛന്റെ ആരോഗ്യസ്ഥിതി ഓരോ നിമിഷവും വഷളായിക്കൊണ്ട് ഇരുന്നപ്പോഴും , മനസ്സുറപ്പോടെ അമ്മ എങ്ങനെ പിടിച്ചു നിന്നു എന്ന് എനിക്കറിയില്ല …..

ശബ്ദത്തിൽ നേരിയ പതർച്ച പോലും ഇല്ലാതെ, ” അച്ഛന് കുഴപ്പമൊന്നുമില്ല , മക്കള് പേടിക്കണ്ട ” എന്ന് പറഞ്ഞൊപ്പിക്കാൻ അമ്മക്ക് എങ്ങനെ കഴിഞ്ഞു ….?

പിന്നെ ആ ആംബുലൻസ് വന്നപ്പോൾ ആദ്യം എന്റെ കണ്ണുകൾ തിരഞ്ഞത് അമ്മയെയാരിരുന്നു…അമ്മയുടെ മടിയിൽ തലവെച്ചു , അച്ഛന്റെ നെഞ്ചിൽ തൊട്ട് എങ്ങി കരഞ്ഞപ്പോഴും , കാതുകളിൽ പദം പറഞ്ഞു കരയുന്ന അമ്മയുടെ ശബ്ദമായിരുന്നു….ഒരു ദിവസം കൊണ്ട് നഷ്ടമായ കാത്തിരിപ്പിന്റെ , പ്രാർത്ഥനയുടെ , പ്രയത്നത്തിന്റെ ഒക്കെ വേദന നിറഞ്ഞ ശബ്ദം ….

ആശ്വാസ വാക്കുകളുടെയും , സാന്ത്വനങ്ങളുടെയും തീവ്രത ദിനംപ്രതി കുറഞ്ഞപ്പോഴും , ആ കണ്ണുകളിൽ മാത്രം കണ്ണീർ വറ്റിയില്ല…പിന്നീടുള്ള ഉറക്കമില്ലാത്ത രാത്രികളിൽ ഒരു ചുമരിനിപ്പുറം ആ പതിഞ്ഞ തേങ്ങലുകൾ എനിക്ക് കേൾക്കാമായിരുന്നു …

പുറത്തു പോയി ഒരു ജോലിയും ചെയ്തിട്ടില്ലാത്ത അമ്മ ആ വിമുഖത മാറ്റി വെച്ച് ജോലി അന്വേഷിച്ചു തുടങ്ങി…..ചിലതൊക്കെ ശരിയായപ്പോൾ , ഭയവും അപകർഷത ബോധവും മാറ്റിവെച്ചു ജോലിക്ക് പോകാൻ അമ്മ  തയ്യാറായി ….

പക്ഷെ അമ്മയുടെ  ആശങ്ക കണ്ട് ഞാൻ തന്നെ പറഞ്ഞു ,  ” എന്റെ അമ്മക്ക് അതൊന്നും ശരിയാവില്ല….സാരമില്ല…നമുക്ക്‌ വേണ്ട” എന്ന്…അത് കേട്ടപ്പോൾ ആ മുഖത്തു നേരിയൊരു ആശ്വാസം നിഴലിച്ചു ….

“അല്ലേലും എനിക്കതൊന്നും പറ്റില്ല കുഞ്ഞേ….പിന്നെ നീ വഴക്ക് പറയുമോ എന്ന് പേടിച്ചാ ഞാൻ പോകാം എന്ന് പറഞ്ഞത് ” , എന്ന് കേട്ടപ്പോ ഉള്ളൊന്നു നീറി…

“മോൾടെ പഠിത്തം ഞങ്ങൾ മുടക്കില്ല , കൂടെയുണ്ടാവും സഹായിക്കാൻ ….” എന്ന് പറഞ്ഞ സുമനസ്സുകൾ മാത്രമായിരുന്നു അമ്മക്ക് അപ്പോൾ ഒരു ആശ്വാസം ആയത് ….

പിന്നെ വീട്ടുചിലവുകൾക്കായി ചിട്ടി നടത്തിയും , ആടിനെയും കോഴിയെയും വളർത്തിയും , തേങ്ങ വിറ്റും അമ്മ പൈസ കണ്ടെത്തി തുടങ്ങി…..കശുവണ്ടി ഫാക്ടറിയിൽ  പോയി കൊണ്ടുവന്ന കശുവണ്ടി പാതിരാ വരെ ഇരുന്ന് തൊലികളഞ്ഞു വൃത്തിയാക്കി കൊണ്ടു കൊടുത്തു  , കിട്ടുന്ന പൈസയുമായി വന്ന് , എന്റെ അധ്വാനം ആണെന്ന് പറയുമ്പോൾ ഒരുപാട് നാളിനു ശേഷം ആ മുഖത്തു മനസ്സറിഞ്ഞൊരു സന്തോഷം കണ്ടു…

അതിൽ നിന്നും എണ്ണിപ്പെറുക്കി എടുത്ത് തരുമ്പോൾ,  ഒന്നേ പറയു …. “സൂക്ഷിച്ചു ചിലവാക്കണേ , അച്ഛൻ ഉണ്ടായിരുന്നെങ്കിൽ …….” അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞിരിക്കും …….

എന്റെ കുഞ്ഞു ആവശ്യങ്ങൾക്ക് പോലും അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ , വല്ലപ്പോഴും മാത്രം ആയിരുന്ന  സെയിൽസ് കൗണ്ടറിലെ എന്റെ നിൽപ്പ് സ്ഥിരമായി മാറി ……

അത് അമ്മയെ അറീക്കുമ്പോൾ , ക്ലാസ് നഷ്ടപ്പെടുത്തരുതെന്ന താക്കീത് മാത്രം തന്നു … “ഏയ് ക്ലാസ്സൊന്നും മുടക്കില്ല” എന്ന് ഒരു കള്ളം പറഞ്ഞു അന്ന് ഒഴിഞ്ഞു മാറിയപ്പോഴും എന്റെ മനസ്സ് അമ്മ വായിച്ചറിഞ്ഞിരുന്നു …….

പല കുത്തുവാക്കുകൾക്കിടയിലും ജീവിതം തള്ളിനീക്കുമ്പോൾ….”ആരൊക്കെ കുത്തിനോവിച്ചാലും പഴിചാരിയാലും , അത് സഹിക്കാൻ എനിക്കു  കഴിയും , എന്റെ മക്കളെന്റെ കൂടെ ഉണ്ടല്ലോ…….നിങ്ങളുടെ അച്ഛനും….അത് മതി….അത് മാത്രം ” എന്ന് പറഞ്ഞു കരയുന്ന  അമ്മയെ കാണുമ്പോൾ  എന്തോ എന്റെ കണ്ണും അനുസരണക്കെട് കാട്ടും ….

“അച്ഛന് ,നമുക്ക് വേണ്ടി ജീവിച്ചു തുടങ്ങുമ്പോഴേക്കും പോകേണ്ടി വന്നു…. ഇനി കുഞ്ഞൂന് വേണ്ടി ആ സ്ഥാനത്തു നീ ഉണ്ടാവണം …. “

“എന്റെ മോളാണെന്റെ പ്രതീക്ഷ “എന്ന് ഇടയ്ക്കിടെ പറഞ്ഞു  കണ്ണ് നിറക്കാൻ ഒരുങ്ങുന്ന അമ്മയെ,  ” ഞാൻ എന്റെ അച്ഛന്റെ മോളാ , അത് കഴിഞ്ഞിട്ടേ അമ്മേടെ മോളാവൂ” എന്ന് പറഞ്ഞു  കുശുമ്പ് കയറ്റുമ്പോ ആ മുഖത്തെ സങ്കടം , ഒരു കള്ള പിണക്കത്തിന് വഴിമാറും….

പക്ഷെ, ” നീ അങ്ങനെ പറയുന്ന കേൾക്കാന എനിക്കും ഇഷ്ടം ” എന്ന് മനസ്സ് നിറഞ്ഞു ചിരിച്ചുകൊണ്ട്  അമ്മ പറയുമ്പോൾ വീണ്ടും ആ സ്നേഹം എന്നെ തോൽപ്പിക്കും ….

~കീർത്തി എസ് കുഞ്ഞുമോൻ