Story written by Saji Thaiparambu
=========
“വിമലേ…എന്റെ ഫോൺ എന്ത്യേ?”
ബാലചന്ദ്രൻ അടുക്കളയിലേക്ക് നോക്കി ഭാര്യയോട് ചോദിച്ചു.
“അത് മോളുടെ കൈയ്യിൽ കാണും. ഏതെങ്കിലും കൂട്ടുകാരികളുമായി മുറിക്കകത്തിരുന്ന് കത്തിവയ്ക്കുകയായിരിക്കും, അച്ഛന്റെയല്ലേ മോള് “
ഈർഷ്യയോടെ വിമല മറുപടി പറഞ്ഞു .
അയാൾ അശ്വതിയുടെ മുറിയിലേക്ക് ചെന്നു.
കതകടച്ചിട്ടാണല്ലോ അവളുടെ ഫോൺ വിളി, പത്താം ക്ളാസ്സിലായി, കഴിഞ്ഞ ദിവസം പേരന്റ്സ് മീറ്റിങ്ങിൽ മോട്ടിവേഷൻ ക്ളാസ്സ് നടത്തിയ അദ്ധ്യാപകൻ പറഞ്ഞതാ, ഈ പ്രായത്തിലെ കുട്ടികളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണമെന്ന്.
“മോളേ….അച്ചു.. “
അടഞ്ഞ് കിടന്ന വാതിൽ തുറന്ന് കൊണ്ട് അയാൾ വിളിച്ചു.
പെട്ടെന്നവൾ ഫോൺ കട്ട് ചെയ്ത് കട്ടിലിൽ നിന്ന് ചാടിയിറങ്ങി.
“എന്താ അച്ഛാ…”
അവളുടെ മുഖത്ത് ഭയത്തിന്റെ നേരിയ ഭാവമുണ്ടായിരുന്നു ,എന്തോ തെറ്റ് ചെയ്ത ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നത് പോലെ അയാൾക്ക് തോന്നി.
“ആരായിരുന്നു മോളേ ഫോണിൽ “
“അത് പിന്നെ, അഞ്ജനയായിരുന്നച്ഛാ…”
വാക്കുകൾ പെറുക്കിയെടുത്താണ് അവൾ മറുപടി പറഞ്ഞത്.
“ഉം ശരി, ആ ഫോണിങ്ങ് തന്നിട്ട് മോളിരുന്ന് പഠിക്കാൻ നോക്ക്, പരീക്ഷയല്ലേ വരുന്നത് “
“ശരിയച്ഛാ…ദാ ഫോൺ “
ഫോൺ വാങ്ങിയിട്ട് മുറിയിൽ നിന്നിറങ്ങുമ്പോൾ, ബാലചന്ദ്രന്റെ മനസ്സിലേക്ക് മോളെക്കുറിച്ച് സംശയം തുടങ്ങിയിരുന്നു.
അയാൾ സ്വന്തം മുറിയിലെത്തിയിട്ട് കാൾ രജിസ്റ്ററിൽ അവസാനത്തെ നമ്പർ ചെക്ക് ചെയ്തു.
അതെ, അത് അഞ്ജനയുടെ പേര് തന്നെയായിരുന്നു .
ഇനി പേര് വ്യാജമാണെങ്കിലോ?
അയാളുടെ മനസ്സിൽ നിന്നും സംശയം ഒഴിഞ്ഞ് പോയില്ല.
ഫോണിലെ ഓട്ടോകോൾ റെക്കോർഡർ ഐക്കൺ ക്ളിക്ക് ചെയ്തു.
അതിൽ അവസാനത്തെ കാൾ പ്ളേ ചെയ്തു.
“ഹലോ അച്ചു, ഗുഡ് മോർണിങ്ങ് “
ങ്ഹേ..ഇതൊരു സ്ത്രീ സ്വരമാണല്ലോ ?
ബാലചന്ദ്രന് ആകാംക്ഷയായി, അയാൾ തുടർന്നുള്ള സംഭാഷണം ശ്രവിച്ചു.
“മോർണിങ്ങ് ആൻറീ…ഞാൻ വല്ലാത്ത ടെൻഷനിലാണ് “
“പറയു മോളേ…എന്ത് പറ്റി “
“അഞ്ജനയെന്തേ ആന്റീ?
“അവള് ദേ പപ്പയുമായിട്ട് മുറിക്കകത്ത് കിടന്ന് തലയിണയടി മത്സരമാ, ഇന്ന് ഞായറാഴ്ചയായത് കൊണ്ട് രണ്ട് പേരും ഫ്രീയല്ലേ ? കിട്ടിയ ഒരു അവധി ദിവസം അവർ മാക്സിമം എൻജോയ് ചെയ്യുവാ…”
“അപ്പോൾ ആൻറി അവരോടൊപ്പം കൂടിയില്ലേ?”
“ഉവ്വ് ഞാൻ തോറ്റ് പിന്മാറിയതാ, ഞാനെപ്പോഴും അങ്ങനാ മോളേ, അഞ്ജനയുടെ സന്തോഷത്തിന് ആദ്യം ഞാൻ തോല്ക്കും പിന്നെ അവളുടെ പപ്പ തോറ്റ് കൊടുക്കും. അത് കൊണ്ട് അഞ്ജന ഫുൾ ടൈം ഹാപ്പിയാണ്”
“ഓഹ്, ഷീ ഈസ് റിയലി ലക്കി ഗേൾ”
അശ്വതി കടുത്ത നിരാശയോടെ പറഞ്ഞു.
“ഉം അതെ, അതിരിക്കട്ടെ മോളേ..എന്താ മോളുടെ ടെൻഷൻ?
“അത് ആന്റീ…ഇന്നലെ രാത്രിയിലും അച്ഛനും അമ്മയും തമ്മിൽ വഴക്കായിരുന്നു “
“ങ്ഹേ അതെയോ ? എന്താ മോളേ അതിന് കാരണം “
“കാരണം ആൻറി തന്നെയാ “
“ഞാനോ മോളെന്താണീ പറയുന്നത് “
“അതെ ആന്റീ, കഴിഞ്ഞപേരന്റ്സ് മീറ്റിങ്ങിന് ആൻറിയല്ലേ അഞ്ജനയ്ക്കൊപ്പം വന്നത്, അന്ന് അമ്മയോട് അച്ഛൻ ഒരു പാട് പറഞ്ഞതാ അച്ഛന് തീരെ സമയമില്ല നീയൊന്ന് പോകു വിമലേ എന്ന്, പക്ഷേ അമ്മയ്ക്ക് അതൊന്നും ശീലമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറിയപ്പോൾ ,എന്റെ അച്ഛനാണ് അന്ന് വന്നത്, അതിന് വേണ്ടി അന്ന് ഉച്ചയ്ക്ക് ലീവെടുത്ത് പോയതിന് അച്ഛനെ കമ്പനി മാനേജർ ഒരു പാട് ശകാരിക്കുകയും ചെയ്തിരുന്നു, അന്ന്, ആന്റി ആ മീറ്റിങ്ങിൽ പങ്കെടുക്കുകയും, നന്നായി സംസാരിക്കുകയും ചെയ്തിരുന്നല്ലോ ?ആൻറിയുടെ ആ ബോൾഡ്നസ്സും, സ്മാർട്നസ്സുമൊക്കെ അച്ഛൻ വീട്ടിൽ വന്ന് പറഞ്ഞ്, അമ്മയെ ഒന്ന് അപ്ഗ്രേഡ് ചെയ്യാൻ ശ്രമിച്ചതാ ,പക്ഷേ അമ്മയ്ക്ക് വല്ലാത്ത ഇൻസൾട്ടിങ്ങായിട്ടാണ് അത് ഫീല് ചെയ്തത് ,അതിന് ശേഷം തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മ അച്ഛനോട് ചൂടാകും, പിന്നീട് അത് വലിയ വഴക്കായി തീരും, എനിക്ക് ആകെ പേടിയാകുന്നാന്റീ… “
“ഓഹ് ഗോഡ് ,അച്ചുവിന്റെ അമ്മ ഇത്രയ്ക്ക് സില്ലിയായിരുന്നോ?അല്ലെങ്കിലും ഒരു സത്രീക്കും തന്റെ ഭർത്താവ് മറ്റൊരു സത്രീയെ പുകഴ്ത്തി പറയുന്നതോ, അവരെ വച്ച് തങ്ങളെ താരതമ്യം ചെയ്യുന്നതോ സഹിക്കാൻ കഴിയില്ല ,അത് അച്ചുവിന്റെ അച്ഛൻ ശ്രദ്ധിക്കണമായിരുന്നു, ഇതിന് ഒരു പരിഹാരമുണ്ടാകണമെങ്കിൽ മോളുടെ അച്ഛൻ തന്നെ വിചാരിക്കണം ,മോൾക്ക് അച്ചനോട് ഇതിനെക്കുറിച്ച് പറയാമായിരുന്നില്ലേ ?
“ഇല്ല ആൻറീ…അച്ഛനെ എനിക്ക് പേടിയാ ഞാനെന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്പോഴെ നിനക്കൊന്നും പഠിക്കാനില്ലേ എന്നും പറഞ്ഞ് എന്നെ അവോയിഡ് ചെയ്യും”
“പിന്നെ എന്താ മോളേ ഒരു മാർഗ്ഗം?
“എനിക്കറിയില്ല ആന്റീ…തീരെ സഹികെടുമ്പോൾ ഞാൻ എന്റെ ജീവിതമങ്ങ് അവസാനിപ്പിക്കും, എനിക്ക് വയ്യ ഇങ്ങനെ ടെൻഷനടിച്ച് ജീവിക്കാൻ “
“അയ്യോ മോളേ..അരുത് അങ്ങനെയൊന്നും പറയരുത്”
അപ്പോഴേക്കും, താൻ മോളേ..എന്ന് വിളിക്കുന്നതും കേട്ട് ഒപ്പം ഫോൺ കട്ടാവുകയും ചെയ്തു.
ബാലചന്ദ്രൻ എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു’
തനിക്ക് തന്റെ മോളെ കുറ്റപ്പെടുത്താൻ പോയിട്ട് സംശയിക്കാൻ പോലുമുള്ള അർഹതയില്ലെന്ന് ബാലചന്ദ്രന് മനസ്സിലായി.
ശരിയാണ് അവൾ, പറഞ്ഞത്.
അവളെ കേൾക്കാനോ അവളുടെ പ്രശ്നങ്ങൾ അറിയാനൊ താൻ ഇത് വരെ ശ്രമിച്ചിട്ടില്ല.
അഞ്ജനയുടെ അമ്മ പറഞ്ഞത് പോലെ താനൊരിക്കലും വിമലയോട് പെരുമാറാൻ പാടില്ലായിരുന്നു.
ഇനിയും താൻ തെറ്റ് തിരുത്തിയില്ലെങ്കിൽ തന്റെ മകളും കുടുംബവും എല്ലാം തനിക്ക് നഷ്ടപ്പെടുമെന്ന് അയാൾക്ക് മനസ്സിലായി.
അയാൾ വേഗം മകളുടെ മുറിയിലേക്ക് ചെന്നു.
പുസ്തകം തുറന്ന് വച്ചിട്ടുണ്ടെങ്കിലും അവളുടെ മനസ്സ് എവിടെയോ മേയുകയാണെന്ന്, ബാലചന്ദ്രന് തോന്നി.
അയാൾ മകളുടെ അടുത്ത് വന്നിരുന്ന് അവളെ ചേർത്ത് പിടിച്ച് അവളോട് തനിക്ക് പറ്റിയ വീഴ്ചകളെ കുറിച്ച് സംസാരിച്ചു മാപ്പ് പറഞ്ഞു .
അവളെയും കൊണ്ട് അടുക്കളയിലേക്ക് ചെന്നു.
“വിമലേ..ഇന്ന് നമുക്കൊരുമിച്ച് പാചകം ചെയ്യാം, ഇന്നത്തെ വീട്ട് ജോലികളെല്ലാം നമ്മൾ ഷെയർ ചെയ്യുന്നു, എന്നിട്ട് വൈകുന്നേരം നമ്മൾ ഒരു ഔട്ടിങ്ങിന് പോകുന്നു, ഇന്നത്തെ ഡിന്നർ പുറത്ത് നിന്ന് എന്ത് പറയുന്നു “
അത് കേട്ട് വാ പൊളിച്ച് നിന്ന വിമലയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് കൊണ്ട് അവളുടെ ചെവിയിൽ അയാൾ രഹസ്യമായി പറഞ്ഞു.
ഐ ലവ് യു വി മലേ…റിയലി സോറി, നിന്നെ വേദനിപ്പിച്ചതിന്, നിന്റെ മനസ്സ് മനസ്സിലാക്കാതിരുന്നതിന്, ഇനി നമ്മൾ പിണങ്ങില്ല, പിണങ്ങാൻ പാടില്ല ,നമ്മുടെ മകൾ വളർന്ന് കൊണ്ടിരിക്കുകയാണ്, നമ്മളെ കണ്ട് വേണം അവൾ വളരാൻ നമ്മുടെ സന്തുഷ്ട ജീവിതം കണ്ട് അവൾ നമ്മളെ മാതൃകയാക്കേണം “
അത് കേട്ട് അവൾ തിരിഞ്ഞ് നിന്ന് അയാളുടെ മാറിൽ മുഖമമർത്തി.
“ഇതൊക്കെ ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു, ഇവിടെയും നിങ്ങളെന്നെ തോല്പിച്ചു
“ആഹാ രണ്ടും തക്കം കിട്ടിയപ്പോൾ, പ്രേമിക്കാൻ നോക്കുവാണോ ? ഇവിടെ ഞാൻ നില്പുണ്ടേ”
അത് കേട്ട് അച്ചുവിനെയും അവരുടെ ഇടയിലേക്ക് പിടിച്ച് നിർത്തി മൂവരും കൂടി പൊട്ടിച്ചിരിച്ചു.
ഏറെ നാളുകൾക്ക് ശേഷം ആ ചിരി കേട്ട് മച്ചിൻ പുറത്ത് സ്ഥിരതാമസമാക്കിയിരുന്ന ക്ഷുദ്രജീവികളൊക്കെ പുറത്തേക്ക് പാഞ്ഞു.
~സജി തൈപറമ്പ്