ആകെ ഒരു മകനുള്ളത് കല്യാണം കഴിഞ്ഞ് വിദേശത്തെവിടെയോ ആണ്. ഇവരെ ഒരിക്കൽ പോലും വിളിക്കുകയോ ഒന്ന് വന്ന് കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല…

ലൈല മജ്നു…

എഴുത്ത്: അനില്‍ മാത്യു

============

സിസ്റ്റർ, ഒരു മിനിറ്റ് ഒന്ന് വരുമോ?

ഐ സി യുവിൽ നിന്നിറങ്ങിയ ഡോക്ടർ അലക്സ്‌ സിസ്റ്റർ ആൽഫിയോട് ചോദിച്ചു.

അപ്പച്ചാ, ഞാനിപ്പോ വരാമേ..ഐ സി യുവിന്റെ മുന്നിലെ കസേരയിൽ കൈകളിൽ മുഖം ചേർത്ത് വച്ച് വിതുമ്പിക്കൊണ്ടിരുന്ന ആ വൃദ്ധന്റെ തോളിൽ പിടിച്ച് കൊണ്ട് സിസ്റ്റർ പറഞ്ഞു.

ഉം..അയാൾ തലയാട്ടി.

സിസ്റ്റർ വേഗം തന്നെ ഡോക്ടറിന്റെ മുറി ലക്ഷ്യമാക്കി നടന്നു.

അവിടെ ചെന്നപ്പോൾ ഡോക്ടർ ഇസിജിയുടെയും സ്കാനിംഗ് ന്റെയും മറ്റ് ടെസ്റ്റുകളുടെയും റിപ്പോർട്ട്‌ പരിശോധിക്കുകയായിരുന്നു.

വരൂ സിസ്റ്റർ ഇരിക്കൂ..ഡോക്ടർ കസേരയിലേക്ക് കൈ ചൂണ്ടി.

സിസ്റ്റർ ആ കസേരയിൽ ഡോക്ടറിന്റെ മുമ്പിലായി ഇരുന്നു.

ആ അമ്മച്ചി ശാന്തി ഭവനിലെ അന്തേവാസിയായിട്ട് എത്ര നാളായി? ഡോക്ടർ ചോദിച്ചു.

ഏകദേശം ഒരു വർഷം ആയിട്ടുണ്ടാവും അത്രേയുള്ളൂ..എന്താ ഡോക്ടർ?

ഒരു മൈനർ അറ്റാക്ക് ആണ്, അത് അത്ര സീരിയസ് അല്ല..പക്ഷെ മറ്റൊരു കാര്യം ,അവർക്ക് ഒരു കിഡ്നിയെ ഉള്ളൂ..അത് ഇപ്പൊ അത്ര നല്ല കണ്ടിഷനിലും അല്ല…ഡോക്ടർ പറഞ്ഞു നിർത്തി.

സിസ്റ്റർ അമ്പരപ്പോടെ ഡോക്ടറുടെ മുഖത്ത് നോക്കി,

അതിനെക്കുറിച്ചൊന്നും അറിയില്ല ഡോക്ടർ.. Icu ന്റെ വെളിയിൽ ഇരിക്കുന്നത് ആ അമ്മച്ചിയുടെ ഭർത്താവാണ്. രണ്ടുപേരും ആശ്രമത്തിലെ അന്തേവാസികളാണ്. രണ്ടു പേരും ഭയങ്കര സന്തോഷത്തിലാണ് എപ്പോഴും. അത് പോലെ സ്നേഹവും. അവരുടെ സ്നേഹം കണ്ടാൽ ആർക്കും അസൂയ തോന്നും. ആകെ ഒരു മകനുള്ളത് കല്യാണം കഴിഞ്ഞ് വിദേശത്തെവിടെയോ ആണ്. ഇവരെ ഒരിക്കൽ പോലും വിളിക്കുകയോ ഒന്ന് വന്ന് കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് വിഷമം ഉണ്ട് ശരിക്കും. പക്ഷെ പുറത്തു കാണിക്കാതെ ചിരിച്ചു നടക്കുകയാണവർ..

രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആക്കാം. ഉടനെ പ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ല..എന്നാലും എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ ഉടനെ കൊണ്ട് വന്നു അഡ്മിറ്റ്‌ ആക്കണം. ഡോക്ടർ പറഞ്ഞു.

ശരി ഡോക്ടർ…സിസ്റ്റർ അവിടെ നിന്നിറങ്ങി.

വരാന്തയിലൂടെ നടന്ന് സിസ്റ്റർ ഐ സി യുവിന്റെ മുന്നിലെത്തി.

അപ്പച്ചാ…

ആ, മോള് വന്നോ? ഡോക്ടർ എന്ത് പറഞ്ഞു? അയാൾ പ്രതീക്ഷയോടെ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി.

അപ്പച്ചന്റെ അന്നാമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല, നാളെ കഴിഞ്ഞ് പോകാമെന്നു പറഞ്ഞു.

അയാളുടെ കണ്ണുകൾ നിറഞ്ഞു..എനിക്ക് അവള് മാത്രമേയുള്ളു..അവൾക്കെന്തെങ്കിലും പറ്റിയാൽ എന്നേക്കൂടി കൊ ന്ന് തരണേ മോളെ..അവളുള്ളിടത്ത് എനിക്കും പോണം.

എന്താ അപ്പച്ചാ ഇത്? കൊച്ച് പിള്ളേരെപ്പോലെ? അമ്മച്ചിക്ക് ഒന്നുമില്ലന്ന് പറഞ്ഞില്ലേ..സിസ്റ്റർ അയാളെ ചേർത്ത് പിടിച്ചു.

അന്ന് വൈകുന്നേരം അമ്മച്ചിയെ റൂമിലേക്ക് മാറ്റി. അപ്പച്ചന്റെ മുഖത്ത് തെളിച്ചമായി. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും അമ്മച്ചിയും ഉഷാറായി.

അടുത്ത ദിവസം ഡിസ്ചാർജ് വാങ്ങി ആശ്രമത്തിലെത്തി.

അന്നൊരു ഞായറാഴ്ച ആയിരുന്നു. രാവിലെ കുർബാന കഴിഞ്ഞ ശേഷം സിസ്റ്റർ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്തെത്തി.

ആഹാ, രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ?

ഏയ്‌, ഒന്നുമില്ല സിസ്റ്ററെ..വെറുതെ പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുവായിരുന്നു.

കൊള്ളാല്ലോ ലൈലയും മജ്നുവും..സിസ്റ്റർ ചിരിച്ചു. ഒപ്പം അവരും.

ഞാൻ കുറച്ചു ദിവസമായി ചോദിക്കണമെന്ന് കരുതുന്നു..അമ്മച്ചിയുടെ ഒരു കിഡ്‌നി ആർക്കാ കൊടുത്തേ?സിസ്റ്റർ ചോദിച്ചു.

പെട്ടന്നൊരു നിശബ്ദത..അപ്പച്ചനും അമ്മച്ചിയും മുഖത്തോട് മുഖം നോക്കി.

എന്താ പറഞ്ഞത്? അപ്പച്ചൻ ചോദിച്ചു.

അമ്മച്ചിക്ക് ഒരു കിഡ്‌നിയെ ഉള്ളൂ..സിസ്റ്റർ പറഞ്ഞു.

അപ്പച്ചൻ അമ്മച്ചിയെ വീണ്ടും നോക്കി. അവരുടെ മുഖം താണു.

സോറി അപ്പച്ചാ, അമ്മച്ചി, നിങ്ങളെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. ഒരു കിഡ്‌നിയെ ഉള്ളു, നന്നായി ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഒന്നറിയാൻ തോന്നി. അത് കൊണ്ട് ചോദിച്ചതാ..

അപ്പോഴും അവർ രണ്ട് പേരും മിണ്ടിയില്ല.

എങ്കിൽ ഞാൻ പോട്ടെ..പിന്നെ വരാം..സിസ്റ്റർ എഴുന്നേറ്റു മറ്റൊരു മുറിയിലേക്ക് പോയി.

അന്നമ്മോ…

എന്തോ…

കേട്ടത് സത്യമാണോ…?

അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അന്നമ്മോ..

എന്തോ..

നമ്മൾക്കിടയിൽ എന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടായിട്ടുണ്ടോ ഇത്രയും കാലത്തിനിടയ്ക്ക്?

ഇല്ല…

പിന്നെന്തിനാ നീ മറച്ചു വച്ചത്? ആർക്കാ നീയത് കൊടുത്തത്?

വേറെ ആർക്കുമല്ല, നമ്മുടെ മോന്റെ ഭാര്യക്ക്. അച്ചായൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. അത് കൊണ്ടാണ് പറയാഞ്ഞത്.

എന്താ നീയീ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.

ഓർക്കുന്നുണ്ടോ, ഒരിക്കൽ അവന്റെ ഭാര്യയ്ക്ക് സുഖമില്ല, അമ്മ കുറച്ച് നാള് വന്ന് നിൽക്കാമോ എന്ന് ചോദിച്ചു വിളിച്ചത്? അന്ന് അച്ചായൻ സമ്മതിച്ചില്ല പോകാൻ..എന്നിട്ടും എന്റെ നിർബന്ധത്തിന് വഴങ്ങി അച്ചായൻ സമ്മതിച്ചു. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അവന്റെ ഭാര്യയുടെ കിഡ്നി ഒരെണ്ണം വീക്ക്‌ ആയത്. മാറ്റിവെക്കാൻ ഒരുപാട് കാശ് ആവും. ആരെങ്കിലും കിഡ്നി തരാനുണ്ടായിരുന്നെങ്കിൽ അധികം ചിലവില്ല എന്നൊക്കെ അവൻ പറഞ്ഞു. അവന്റെ വിഷമം കണ്ടപ്പോൾ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല..അമ്മയുടേത് ചേരുമെങ്കിൽ എടുത്തോളാൻ ഞാൻ പറഞ്ഞു. പിന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എല്ലാം നോക്കിയപ്പോൾ അവളുടെതുമായി ചേരും.

അപ്പനോട് ഒന്ന് പറയണ്ടേ എന്ന് ചോദിച്ചപ്പോൾ അവനെന്നെ വിലക്കി. ഒരെണ്ണം എടുത്താലൊന്നും പ്രശ്നമില്ല..ആരും അറിയണ്ട..നമ്മൾ മാത്രം അറിഞ്ഞാൽ മതിയെന്നും അപ്പനോട് പറഞ്ഞാൽ സമ്മതിക്കില്ലെന്നും അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അവൻ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞ് കരയാൻ തുടങ്ങി.പെറ്റ വയറിനല്ലേ വിഷമം അറിയൂ..പിന്നെ ഞാനൊന്നും പറഞ്ഞില്ല. എല്ലാം ഭംഗിയായി നടന്നു.

ജീവിതത്തിൽ ആദ്യമായി അച്ചായനോട് ഞാൻ ചെയ്ത തെറ്റാണ് അത്…അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്നിട്ടെന്ത്യെ അന്നമ്മേ നമ്മുടെ മോൻ? ഒരു പ്രാവശ്യമെങ്കിലും അവനൊന്നു വിളിച്ചോ? നിന്റെ അവയവം സ്വീകരിച്ച അവൾക്കെങ്കിലും ഒന്ന് വിളിക്കാമായിരുന്നല്ലോ..അവള് കാരണമാണല്ലോ നമ്മളെ അവന് വേണ്ടാതെയായത്..ഉള്ളത് മുഴുവനും മകന്റെ പേരിൽ എഴുതി കൊടുത്തപ്പോൾ ഒരിയ്ക്കലെങ്കിലും വിചാരിച്ചോ നമ്മുടെ അവസാന കാലം ഈ വൃദ്ധസദനത്തിന്റെ ഉള്ളിൽ ആവുമെന്ന്? അയാൾ തേങ്ങികരഞ്ഞു..

അച്ചായാ…കരയല്ലേ..നമുക്ക് ആരും വേണ്ട..നമുക്ക് നമ്മള് മാത്രം മതി..ദേ നോക്കിയേ മറ്റ് ആളുകളൊക്കെ എത്ര സങ്കടം ഉള്ളിലൊതുക്കിയാണ് ഇവിടെ കഴിയുന്നത്? ആരോടും ഒന്നും തുറന്നു പറയാൻ കഴിയാതെ വിങ്ങിപ്പൊട്ടി നിൽക്കുകയാണ് അവർ…അപ്പൊ നമ്മള് എത്ര ഭാഗ്യം ചെയ്തവരാണ്..എന്നെ കേൾക്കാൻ അച്ചായനും അച്ചായനെ കേൾക്കാൻ ഞാനും..അത് പോരെ? അമ്മച്ചി മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അപ്പച്ചന്റെ മുഖവും തെളിഞ്ഞു.

അത് കണ്ട് കൊണ്ടാണ് സിസ്റ്റർ അങ്ങോട്ടേക്ക് കയറി വന്നത്..

ആഹാ, ലൈലയും മജ്നുവും നല്ല പ്രേമ സല്ലാപത്തിലാണല്ലോ..സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതേ സിസ്റ്ററെ, ഈ അവസാന നിമിഷങ്ങളിലും ഞങ്ങൾ പ്രേമിക്കും, രണ്ടിലൊരാൾ ഇല്ലാതാവുന്ന വരെ..അല്ലേടി അന്നമ്മേ? പറഞ്ഞു കൊണ്ട് അപ്പച്ചൻ അമ്മച്ചിയെ ചേർത്ത് പിടിച്ചു.

~അനിൽ മാത്യു