Story written by Shincy Steny Varanath
================
എന്താ സുശീലേച്ചീ വിഷമിച്ചിരിക്കുന്നത്?
ഒന്നുല്ലെടി മിനി…രാജേട്ടൻ സാധാരണ വരുന്ന സമയം കഴിഞ്ഞു, കണ്ടില്ല…രാവിലെ ഇന്നും പിണങ്ങിയാ പോയത്?
ഇന്നെന്ത പ്രശ്നം?
സാമ്പാറിൽ ഇച്ചിരി ഉപ്പു കൂടിപ്പോയി…അല്ലേലും ഞാനെന്തുണ്ടാക്കിയാലും എപ്പഴും കുറ്റമാ. എവിടെലും ഇറങ്ങിയാലും എന്തെങ്കിലും കുറ്റമുണ്ടാകും പറയാൻ, സാരിയുടുത്താൽ ഇത് വാരിച്ചുറ്റുന്നതെന്തിനാന്ന് ചോദിക്കും, ചുരിദാറിട്ടാൽ, അതിനകത്തോട്ട് കേറിയാൽ പണിയെളുപ്പമായല്ലോന്ന് പറയും…ഞാൻ മടുത്തു…എന്നെക്കുറിച്ച് ഒന്നും നല്ലത് പറയാനങ്ങേർക്കറിയില്ല…ഞങ്ങടെ കല്യാണത്തിന്റെ സമയത്തൊന്നും നായർ മാട്രിമോണി ഇല്ലായിരുന്നല്ലോ, ഉണ്ടായിരുന്നെങ്കിൽ എനിക്കീയവസ്ഥ വരില്ലായിരുന്നു…
അതെന്നാ ചേച്ചിയങ്ങനെ പറഞ്ഞത്?
നീ T. Vൽ കേൾക്കുന്നില്ലെ, നായർ മാട്രിമോണിലാണ് ഞാൻ ഹരിയെ കണ്ടെത്തിയെ, ഹരിക്ക് എന്നെക്കുറിച്ച് ഭയങ്കര അഭിമാനമാണെന്ന്…അങ്ങനെയായിരുന്നെങ്കിൽ രാജേട്ടനും എന്നെ കുറിച്ച് അഭിമാനമായേനെ…
പകച്ച് പണ്ടാരടങ്ങിപ്പോയ എന്റ ആത്മാവിന് നിത്യശാന്തി കിട്ടുമോ ആവോ…
എന്താടി നിങ്ങളു രണ്ടും കൂടി ഒരു ചർച്ച…അടുത്ത വീട്ടിലെ സാലി ചേച്ചിയാണ്. പള്ളിയിൽ പ്രത്യേക പ്രാർത്ഥന കൂട്ടായ്മയ്ക്ക് പോയിട്ടുള്ള വരവാണ്.
ഒന്നുമില്ല ചേച്ചി…ഞങ്ങളിങ്ങനെ ഓരോ കുടുംബകാര്യമൊക്കെ പറഞ്ഞോണ്ട് നിക്കുവായിരുന്നു. സുശീലേച്ചി ചർച്ചയിലേക്ക് സാലി ചേച്ചിക്കൊരു ചെറിയൊരു സ്വാഗതമോതി…
‘കുടുംബക്കാര്യം’, സാലി ചേച്ചിക്കൊരു വീക്ക്നസ്സാണ്. ചാടി വീണോളും.
എന്താടി…പ്രത്യേകിച്ചെന്തെങ്കിലുമുണ്ടോ? രാജൻ പണിക്ക് പോയിട്ട് വന്നില്ലെ?
വരാറാകുന്നേയുള്ളു. ഇന്നും ചാടി തുള്ളിയാണ് പോയത്….എന്നും എന്നോട് ദേഷ്യമാണ്… – സുശീലേച്ചി
എടി സുശീലേ…എന്റെ തോമാച്ചായനും ഇതുപോലായിരുന്നു…ഞാനെന്ത് ചോദിച്ചായാലും കലിപ്പ്, എന്തുണ്ടാക്കി കൊടുത്താലും കുറ്റം…വേറാരോടും ഒരു കുഴപ്പവുമില്ല…വൈകിട്ട് വരുന്നത് നാലു കാലേൽ…എന്നെ കുറേ ചീത്തയും പറഞ്ഞ് ബോധമില്ലാതെയുറങ്ങും. ഞാനാകെ വിഷമിച്ചു പോയാരുന്നു. എന്റെ മോന്റെ കല്യാണത്തിന്റെ സമയത്ത് വീടിന് രണ്ട് മുറി കൂട്ടി പിടിക്കാൻ വേണ്ടി, സ്ഥാനം കാണാൻ ഒരാളെ കൊണ്ടുവന്ന് കാണിച്ചപ്പോഴല്ലെ കാര്യം പിടികിട്ടിയത്. ‘കന്നിമൂലേൽ ക ക്കൂസ് ‘ വന്ന കൊണ്ടാ പോലും തോമാച്ചേട്ടന്റെ ഈ ചാട്ടവും തുള്ളലും. അത് മാറ്റാതെ ശരിയാകില്ലെന്ന്…
വീടിന്റെ കന്നിമൂലയിലല്ലെ ക ക്കൂസ്…ചേട്ടന്റെ ??? (ഇതെന്റെ മാത്രം ആത്മാവിന്റെ സംശയം )
ക ക്കൂസ് മാറ്റിപ്പണിതേ പിന്നെ ചേട്ടന് എന്നോടെന്ത് സ്നേഹമാ…കുടിയും കുറഞ്ഞു…നീയുമൊന്ന് നല്ല സ്ഥാനം കാണാനറിയാവുന്നവരെ കാണിച്ചു നോക്ക്…എല്ലാം ശരിയാകും…എന്നാൽ ഞാനങ്ങോട്ട് ചെല്ലട്ടെ…ഞാൻ ചെല്ലാതെ തോമാച്ചായൻ കാപ്പി കുടിക്കത്തില്ല…സാലി ചേച്ചി അടിവെച്ചടിവെച്ച് നീങ്ങി…
മിനിയെ…നിങ്ങൾക്ക് ഇങ്ങനത്തെ വിശ്വാസമൊക്കെയുണ്ടോ, ഞങ്ങളല്ലെ ഇതൊക്കെ നോക്കുന്നത്?സുശീലേച്ചിക്കൊരു സംശയം
എന്റെ ചേച്ചി…അവര് കുർബാനയ്ക്ക് പോയി വരുന്നവഴി, കണിയാന്റെടുത്ത് പോയി ലക്ഷണവും നോക്കുന്ന കൂട്ടത്തില…പിന്നെ സാലി ചേച്ചിയോട് ചേട്ടന് ദേഷ്യം മാറി എന്ന് പറയുന്നത് കന്നിമൂലേലെ ക ക്കൂസ് മാറ്റിയ കൊണ്ടൊന്നുമല്ല. അവരുടെ പുതിയ മരുമോള് ഇച്ചിരി വൃത്തിയും വെടിപ്പുമുള്ള കൂട്ടത്തില. അത് നല്ല രീതിയിൽ അടുക്കള നോക്കുന്നുണ്ട്. ഇപ്പോൾ അടുക്കള കണ്ടാൽ വല്ലതും കഴിക്കാൻ തോന്നും. പണ്ട് അവിടെ പോകെണ്ടി വന്നാൽ സാലി ചേച്ചി ചായതരല്ലേന്ന് പ്രാർത്ഥിച്ചോണ്ട പോകുന്നത്. ഗ്ലാസും പാത്രമൊക്കെ കണ്ടാൽ ശർദ്ധിക്കാൻ വരും…ഇച്ചിരി വെള്ളമെടുക്കണമെങ്കിൽ പൈപ്പേൽ മൂന്നാലു തുണി കൂട്ടിപ്പിടിക്കണം. മിക്സി വാങ്ങിയപ്പോൾ മുതൽ അരച്ചതതിന്റെ പുറത്തോടെയുണ്ട്. സാലി ചേച്ചിയാണെങ്കിൽ എപ്പോഴും പായലു പിടിച്ച പോലത്തെ നൈറ്റിയുമിട്ടാണ് നടപ്പ്. വൈകിട്ടൊരു കാക്ക കുളി കുളിച്ചാലായി. അതിലൊന്നും ആട്ടിൻകൂട്ടിലെ മണം പോകില്ല. ചേട്ടനെ കുറ്റം പറയാൻ പറ്റൂല്ല. ഇത് സഹിച്ച് ഒരു മുറിയിൽ കിടക്കണമെങ്കിൽ ഒരു കുപ്പിയടിക്കണം. ചേച്ചിയോട് നിനക്ക് നാറ്റമാണെന്നെങ്ങാനും പറഞ്ഞാൽ, നിങ്ങൾക്ക് ഏതോ പുതിയ ശൃംഗാരിയെ കിട്ടിയിട്ടുണ്ട്. അതുകൊണ്ടാ എന്നെ പിടിക്കാത്തെന്നു പറഞ്ഞ് വീട് തിരിച്ചു വയ്ക്കും. പുതിയ പെണ്ണ് വന്നപ്പോൾ ആദ്യം ചെയ്തത് പുതിയ കുറച്ച് നൈറ്റി വാങ്ങി ചേച്ചിക്കു കൊടുത്തു. അടുക്കളയിലും അത് തന്നെയ പണിയെടുക്കുന്നത്. അത് കുളിയും നനയുമുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് സാലി ചേച്ചിക്കും കുളിയും നനയും ഒഴിവാക്കാൻ പറ്റില്ല. അങ്ങനെ ചേച്ചി കുറച്ച് മെനയായി…ചേട്ടന് ശുദ്ധവായുവും വൃത്തിയുള്ള ഭക്ഷണവും കിട്ടാൻ തുടങ്ങിയ കൊണ്ട് ചേട്ടൻ കുടിയും കുറച്ചു, ദേഷ്യവും കുറച്ചു…പിന്നെ അവർക്ക് അന്ധവിശ്വാസം കുറച്ചു കൂടുതല, അവരുടെ മോളുടെ ചുരിദാറിനിടയിൽ എവിടെയെങ്കിലുമൊരു പാണലിൻ തൈ കാണാതിരിക്കില്ല…കണ്ണുകിട്ടാതിരിക്കാൻ…ആ പെണ്ണിനെ നോക്കുന്നവരുടെ കണ്ണിടച്ച് പോകാതിരിക്കാനാ സത്യം പറഞ്ഞാൽ പ്രാർത്ഥിക്കണ്ടതെന്ന് സണ്ണിച്ചായൻ കഴിഞ്ഞ ദിവസം പറയുന്ന കേട്ടു.
പിന്നെ അവൾക്കൊരു കൊച്ചുണ്ട്…അതുണ്ടായ സമയത്ത് അതിന്റെ നെറ്റിയുടെ തെക്കുവടക്കെ അറ്റത്ത് ഒരു വലിയ പൊട്ട് കണ്ടിട്ടില്ലെ? അതും കണ്ണ് കിട്ടാതിരിക്കാൻ. ആ കൊച്ചുണ്ടായ സമയത്ത് അവിടെ ചെന്നാൽ കടുകും മുളകും അടുപ്പിലിട്ട് കത്തിക്കുന്നതിന്റെ പുകയായിരുന്നു എപ്പോഴും. പുതിയ പെണ്ണിന് അന്ധവിശ്വാസവും കുറവ…കന്നിമൂലെലെ ക ക്കൂസല്ല, അതിലും കഷ്ടമായിരുന്ന ചേച്ചി മാറിയതുകൊണ്ടാണ് അവരുടെ വീട്ടിൽ സമാധാനം വന്നത്. അല്ലാതെ ക ക്കൂസും കന്നിമൂലയും ചേട്ടനും തമ്മിൽ ഒരു ബന്ധവുമില്ല.
സുശീലേചേച്ചി…മുഷിച്ചില് തോന്നില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. കൊള്ളാവുന്നതാണെങ്കിൽ ചേച്ചി പരീക്ഷിച്ച് നോക്ക്…സ്ഥാനം കാണാൻ ആളെ വിളിക്കുന്നതിന് മുൻപ്, ഈ തലമുടിയൊക്കെ ഒന്നു ചീകിയൊതുക്കി വച്ച്, കുറച്ച് നിറമുള്ള നൈറ്റിയൊക്കെയിട്ട് ചേട്ടൻ വരുമ്പോഴൊന്ന് നിന്ന് നോക്ക്…പഴയ നൈറ്റിയൊക്കെ കീറി കൈക്കല പിടിക്ക്…രാവിലെ പല്ലും തേക്കാതെ മുഖവും കഴുകാതെ തലമുടിയും ചീകിയൊതുക്കാതെ അടുക്കളയിലേക്ക് ഓടിക്കേറി, അതേ കോലത്തിൽ തന്നെ, കഴിക്കാനിരിക്കുമ്പോൾ മുന്നിൽ ഭക്ഷണം കൊണ്ടു വച്ചാൽ ഏതു കെട്ടിയോനും കലിവരും. അത് ഉപ്പു കൂടിന്നോ, എരിവ് കൂടീന്നോ, കടുകിന്റെയെണ്ണം കൂടിന്നോ എന്നൊക്കെയുള്ള ഭാഷയിലാകുമെന്ന് മാത്രം. അതുപോലെ പുറത്തു പോകുമ്പോൾ, ളോഹ പോലത്തെ ചുരിദാറും, പുല ബന്ധമില്ലാത്ത സാരിയും ബ്ലൗസുമൊക്കെയിട്ടിറങ്ങിയാൽ ചേട്ടൻ ചീത്ത പറഞ്ഞില്ലേലെ അത്ഭുദമുള്ളു…
ചേച്ചി സാലി ചേച്ചിയെക്കാളും ഭേദമായതു കൊണ്ട് രാജേട്ടൻ കുടി തുടങ്ങിട്ടില്ല…ചേച്ചിയൊന്ന് പരീക്ഷിച്ച് നോക്ക്…ഇതിന് കാശു മുടക്കില്ലല്ലോ? ഇതിലൊന്നും ചേട്ടൻ ഒതുങ്ങുന്നില്ലെങ്കിൽ ക.ക്കൂസു മാറ്റാൻ കാശു കളഞ്ഞാൽ പോരെ…ഇതിനൊക്കെ വല്യ സ്ഥാനക്കാരുടെ അഭിപ്രായം തേടേണ്ട കാര്യമുണ്ടോ
രാവിലെ ഒരു നൂറു കൂട്ടം പണിയാ…എല്ലാം കഴിയുമ്പോഴേയ്ക്കും മടുക്കും. ഇനിയിപ്പം ആരേകാണിക്കാനാ ഒരുങ്ങുന്നത്. അങ്ങേർക്കെന്നെ അറിയാവുന്നതല്ലെ…പിന്നെ എവിടേം പോകുന്നുമില്ല, പ്രത്യേകിച്ച് ആരും കേറി വരാന്നുമില്ല…നല്ല തുണിയൊക്കെ അങ്ങനെ വീട്ടിലിട്ട് കളയാൻ തോന്നുന്നില്ലന്നെ…ഇതിനൊക്കെയാണ് ദേഷ്യപ്പെടുന്നതെങ്കിൽ ഏട്ടനൊന്ന് പറയത്തില്ലെ? ദേഷ്യസുശീലേച്ചി വക ന്യായികരണം
ഏത് വീട്ടിലാ പണിയില്ലാത്തത് ചേച്ചി?എല്ലാം തീർത്തിട്ട് ഒരിക്കലുമൊന്നും നടക്കാൻ പോകുന്നില്ല. പിന്നെ എല്ലാം പറഞ്ഞറിയണ്ടതുമല്ല…
ചേച്ചി സണ്ണിച്ചായൻ വിളിക്കുന്നുണ്ട്…ഞാൻ പോട്ടെ…
എന്നാൽ ആയിക്കോട്ടെ മിനിയെ…
ഞാൻ തിരഞ്ഞ് കഴിയുമ്പോൾ ചേച്ചിയെന്നെക്കുറിച്ച് മനസ്സിലെന്താ പറയുന്നതെന്ന് എനിക്കറിയാം…
‘ഓ…വല്യ വൃത്തിക്കാരി വന്നിരിക്കുന്നു…ഒരു മര്യാദക്കാരൻ കെട്ടിയോനെ കിട്ടിയതുകൊണ്ട് അവൾക്ക് ഗമകാണിക്കാം…സണ്ണിയെല്ലാ പണിക്കും അവളുടെ കൂടെ കൂടും…അവന് നല്ല വൃത്തിയുള്ളതുകൊണ്ട് വൃത്തിയാക്കാതെ അവൾക്കൊരു രക്ഷയുമില്ല…പിന്നെ എന്നെപ്പോലെ അവൾക്ക് ആടും പശുവുമൊന്നുമില്ല…’
ചേച്ചി പറഞ്ഞതിലും കാര്യമില്ലാതില്ല…
‘തടിയുടെ വളവിലും ആശാരിയുടെ പണിയിലും കുറ്റമുണ്ട് ‘