എഴുത്ത്: സല്‍മാന്‍ സാലി
============
കഴിഞ്ഞ അവധി കാലത്ത് കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയപ്പോളാണ് ഷാഫിയെ ഞാൻ വീണ്ടും കാണുന്നത്…
ഒന്നാം ക്ലാസ് മുതൽ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചവർ. പ്രവാസി ആകുന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു..പിന്നീട് അവധിക്ക് വരുമ്പോൾ മാത്രം കാണുന്നവരായി മാറി…കഴിഞ്ഞ രണ്ട് ലീവിനും അവനെ കാണാൻ പറ്റിയിരുന്നില്ല….
ഒരുപാട് സംസാരിച്ചതിന് ശേഷം ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്…
നല്ല രുചിയുള്ള ബിരിയാണി ആയത് കൊണ്ട് വയറ് നിറയെ കഴിക്കുകയും ചെയ്തു.(പൊതുവെ അവധിക്ക് വന്നാൽ നല്ല ടേസ്റ്റ് ഉള്ള ബിരിയാണി കിട്ടാൻ ഏതെങ്കിലും കല്യാണം കൂടുക തന്നെ വേണം )
പക്ഷെ ഞാൻ ശ്രദ്ധിച്ചപ്പോൾ അത്ര രുചിയുള്ള ബിരിയാണി ആയിട്ടും അവൻ കുറച്ചു മാത്രമേ കഴിച്ചിരുന്നുള്ളു….
ഭക്ഷണം കഴിഞ്ഞു ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഇടക്കിടെ അവന്റെ വാചിലേക്ക് നോക്കുന്നുണ്ടായിരുന്നു..അവസാനം അവൻ പോകാനായി ഇറങ്ങിയപ്പോൾ ഞാനും ഒപ്പം ഇറങ്ങി….!!!
എന്റെ ബൈക്കിൽ ഒരുമിച്ചാണ് ഞങ്ങൾ പുറത്തിറങ്ങിയത്…
പോകുന്ന വഴിയിൽ ടൗണിലെ ഒരു ഹോട്ടൽ കാണിച്ചു അവിടെ നിർത്താൻ പറഞ്ഞു അവൻ ആ ഹോട്ടലിലേക്ക് കയറി പോയി….
കുറച്ചു സമയം കഴിഞ്ഞു കയ്യിൽ ഒരു പൊതിയുമായി വന്നു അവൻ ബൈക്കിൽ കേറിയപ്പോൾ നല്ല ബിരിയാണിയുടെ മണം…
“”അല്ലേടാ ഷാഫീ..ഞാൻ അവിടെ നിന്നെ ശ്രദ്ധിച്ചിരുന്നു..അത്ര നല്ല രുചിയുള്ള ബിരിയാണിയായിട്ടും നീ കുറച്ചേ കഴിച്ചുള്ളൂ. എന്നിട്ട് ഇപ്പൊ ഇവിടെ നിന്നും പാർസൽ വാങ്ങിക്കുന്നു…എന്താടാ ആ ബിരിയാണി ടേസ്റ്റ് ഇല്ലായിരുന്നോ…”
എന്റെ ചോദ്യത്തിന് കുറച്ചു കഴിഞ്ഞാണ് അവൻ മറുപടി തന്നത്…
“”ഇത് എനിക്കല്ലെടാ…ഭാര്യക്കും മോൾക്കുമാണ്…”
“”ഞാനും എല്ലാരെപോലെയും കല്യാണത്തിനോ സൽക്കാരത്തിനോ പോയാൽ നന്നായി ഭക്ഷണം കഴിക്കുമായിരുന്നു..അങ്ങനെ ഒരു ദിവസം വയറ് നിറയെ ബിരിയാണി തിന്ന് വീട്ടിൽ എത്തിയപ്പോൾ എന്റെ മോൾ ഓടി വന്നു എന്റെ മടിയിൽ കേറി ഇരുന്നു…അവളുടെ ഉമ്മ പിന്നാലെ ഒരു പ്ളേറ്റിൽ ചോറുമായി മോളുടെ പിന്നാലെ ഉണ്ടായിരുന്നു..എന്റെ മടിയിൽ ഇരുന്നു ചോറ് തിന്നുന്നതിന്റെ ഇടയിൽ മോള് എന്റെ കൈ ഒന്ന് മണത്തു…”
“”ഇമ്മച്ചീ…ദേ..ഇപ്പാടെ കൈ ബിരിയാണി മണക്കുന്നു…ഇച്ചും മാണം ബിരിയാണി..എന്നും പറഞ്ഞു മടിയിൽ നിന്നും ഇറങ്ങി പോയി അവളുടെ ഉമ്മയെ കൂട്ടി വന്നു എന്റെ കൈ മണപ്പിച്ചു….
മോളുടെ നിർബന്ധത്തിന് വയങ്ങി അവളും എന്റെ കൈ മണത്ത് നോക്കി ഒപ്പം എന്റെ മുഖത്തേക്കും…
ഞാൻ എന്റെ കൈ മണത്ത് നോക്കിയപ്പോൾ നല്ല ബിരിയാണി മണം..എത്ര സോപ്പിട്ട് കഴുകിയിട്ടും ആ മണം അവിടെ ഉണ്ടായിരുന്നു…
അതിന് ശേഷം ഞാൻ പുറത്ത് നിന്ന് എന്ത് കഴിച്ചാലും ഒരു പൊതി വീട്ടിലേക്കും വാങ്ങും..അതിൽ നിന്ന് അൽപ്പം അവരോടൊപ്പം കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറൊരു ഫീലിംഗ് ആണെടാ ….
അവൻ പറഞ്ഞു നിർത്തിയപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ ആയിരുന്നു…ഞാൻ എത്ര രുചിയോടെയാണ് അവിടെ നിന്നും ബിരിയാണി കഴിച്ചത്..അതെ സമയം എന്റെ കുട്ടികളും അവളും സാധാ ചോറ് തിന്നുന്നു…
ശരിയാണ് പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു അതിന്റെ മഹിമ വീട്ടിൽ പോയി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു പൊതി അവർക്കും കൂടി വാങ്ങാൻ ഒരിക്കൽ പോലും ഞാൻ ആലോചിച്ചിട്ടില്ലായിരുന്നു….
സംസാരിച്ചു കൊണ്ടിരിക്കെ ഷാഫിയുടെ വീടെത്തി…ഷാഫിയെ കണ്ടതും മുറ്റത് നിന്നും കളിച്ചുകൊണ്ടിരുന്ന അവന്റെ മകൾ ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി….
ഷാഫി കുറേ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ഞാൻ കാരണം അവർ ഭക്ഷണം കഴിക്കാൻ വൈകണ്ട എന്ന് കരുതി പിന്നെ ആവമെന്നും പറഞ്ഞു അവിടെ നിന്നും പോന്നു…..
തിരികെ ടൗണിൽ വന്നു മൂന്നു ബിരിയാണി പാർസൽ വാങ്ങിച്ചു വീട്ടിലെത്തി മക്കൾ അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ആണ് എന്റെ വയറ് ശരിക്കും നിറഞ്ഞത്…
അതിന് ശേഷം പുറത്ത് നിന്ന് ഒരു പരിപ്പ് വട തിന്നൽ പോലും വീട്ടിലേക്ക് ഒരു പൊതി പതിവാക്കിയിരുന്നു….
==========
ശരിയാണ് പലപ്പോഴും നമ്മൾ പുറത്ത് നിന്നും പലതും വാങ്ങിച്ചു കഴിക്കാറുണ്ട്..എന്നാൽ നല്ല രുചിയുള്ള എന്തെങ്കിലും ആണെങ്കിൽ ഒരു പാർസൽ വീട്ടിലുള്ളവർക്ക് കൂടി വാങ്ങിക്കുക…നമ്മൾ ഇഷ്ടത്തോടെ വാങ്ങിച്ചുകൊടുത്തു അവർ അത് സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്…
❤❤❤❤❤
സന്തോഷം പരക്കട്ടെ…സമാധാനം നിലനിൽക്കട്ടെ…നിക്കൊരു തംശയം ഇങ്ങള് ന്റെ കഥ ബായിച്ചിട്ട് രണ്ട് ലൈക് അടിക്കുന്നുണ്ടോ ന്ന് ഇങ്ങള് സ്നേഹൊള്ളോരാ അതോണ്ട് ഒരു ലൈക് മതി…രണ്ടൊ മൂന്നോ കമന്റ് ഇട്ടോളി….
~സൽമാൻ