ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് നോക്കിയപ്പോഴേക്കും കണ്ണിലെ നനവ് രണ്ടു കുഞ്ഞരുവികളായി കവിളിനെ…

പിൻവിളികൾ…

Story written by Lis Lona

================

കാറിന്റെ നീട്ടിയുള്ള ഹോണടി കേൾക്കുമ്പോഴേ മനസിലായി ദേവേട്ടന് ദേക്ഷ്യം പിടിച്ചു തുടങ്ങി. ദീപയോട് യാത്ര പറഞ് ഞാൻ വേഗം ചെന്ന് കാറിൽ കയറി…

“ഓ ന്റെ ദേവേട്ടാ..കണ്ണുരുട്ടി നോക്കണ്ട…ഒരു രണ്ടു മിനിറ്റല്ലേ വൈകിയുള്ളു….ന്റെ മോനാ ഹിന്ദി പാട്ടൊന്നു മാറ്റി മലയാളം വച്ചേ “

ഓഫിസിന്നിറിങ്ങി വരുമ്പോഴാണ് പഴയൊരു കൂട്ടുകാരിയെ ഞാൻ കണ്ടത്…ഒന്നും മിണ്ടാതെ എങ്ങനെ വരാൻ…അപ്പോഴേക്കും ഇവിടൊരാൾക്കു ശുണ്ഠി കയറി.

“ക ള്ളിയങ്കാട്ട് നീലിപെണ്ണേ…സീറ്റ് ബെൽറ്റ് ശരിക്കിട്ടിട്ട് ഇരിക്ക്..ന്നിട്ടാവാം പാട്ടൊക്കെ….”

ശുണ്ഠിയോക്കെ മാറി ഇപ്പൊ കണ്ണ് നിറയെ നക്ഷത്രതിളക്കം…സ്നേഹം കൂടുമ്പോളാണ് നീലിമ പോയി നീലുവും നീലിയുമൊക്കെ ആവുന്നത്.

സ്നേഹിച്ചു കല്യാണം കഴിച്ചതല്ല, കല്യാണം കഴിച്ചേന് ശേഷമുള്ള സ്നേഹം…

റെവന്യൂ ഡിപ്പാർട്മെന്റിൽ ജോലിയുള്ള എനിക്ക് സോഫ്റ്റ് വെയർ എൻജിനീയർ ആയ ദേവാനന്ദന്റെ ആലോചന വന്നപ്പോൾ ഒരിക്കലും കരുതിയില്ല ആ ഗൗരവമുള്ള കട്ടികണ്ണട വച്ച മുഖം മറവാക്കി ഇത്രേം സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്…

കടലാഴങ്ങളിൽ ഒതുങ്ങിയ തിര പോലെ സ്നേഹം ഉള്ളിലൊതുക്കി ശാന്തമായൊരു പ്രണയം..

ഭർത്താവിന്റെ കൂടെ കാറിലിരിക്കുന്ന ഏതൊരു പെണ്ണും ഡ്രൈവിങ്ങിൽ മികവ് കാണിക്കുന്ന കെട്ട്യോന്റെ ധൈര്യത്തിൽ സീറ്റ് ബെൽറ്റിടാൻ ഒന്ന് മടിക്കും അതാണ് അദ്ദേഹമെന്നെ ഓർമിപ്പിച്ചത്…

“ആ പിന്നിലിരിക്കുന്ന കവറിൽ പരിപ്പുവടയുണ്ട് എടുത്തു കഴിക്ക് നീലൂ…വീട്ടിലെത്തുമ്പോഴേക്കും വൈകും, ഇന്ന് വെള്ളിയാഴ്ചയായതു കൊണ്ട് ട്രാഫിക് കൂടുതലാണ്…വിശന്നിരിക്കണ്ടാ”

പറഞ്ഞു കഴിഞ്ഞു എന്നെ നോക്കുന്ന ആ നോട്ടത്തിൽ പോലും കാണാം കരുതലും സ്നേഹവും..

” ചെറിയമ്മയെ ഞാൻ വിളിച്ചിരുന്നുട്ടോ മോൻ നല്ല ഉറക്കാരുന്നു അപ്പൊ ” ഞാൻ പറഞ്ഞു നിർത്തി

മോനിപ്പോ മൂന്ന് വയസ്സ് കഴിഞ്ഞു, തൊട്ടടുത്തു തന്നെയാണ് ദേവേട്ടന്റെ തറവാട്. അച്ഛനുമമ്മക്കും ഒപ്പം കല്യാണം കഴിക്കാത്ത ചെറിയമ്മയും താമസിക്കുന്നത് അവിടെയാണ്..അവരാണ് മോനെ ഞങ്ങളെത്തും വരെ നോക്കുന്നത്…

കുറെ കഴിഞ്ഞും എന്നോടൊന്നും മിണ്ടാതെ വണ്ടിയോടിക്കുന്ന ആളെ ഞാനിപ്പോഴാണ് നോക്കിയത്

“ദേവേട്ടാ…ന്താ ആലോചന…ഒന്നും മിണ്ടാതെ വല്ല്യേ ശ്രദ്ധയിൽ വണ്ടിയോടിക്കാണല്ലോ..ഇന്ന് വിശേഷങ്ങളൊന്നും ചോയ്ക്കാനില്ലേ ന്നോട് ..”

ചോദിച്ചു കഴിഞ്ഞു ഞാൻ റേഡിയോയുടെ ഒച്ച മെല്ലെ കൂട്ടി..ഉണ്ണിമേനോൻ പാടി തകർക്കുന്നു… “ഒരു ചെമ്പനീർപൂവിറുത്തു ഞാനോമലേ…” എന്റിഷ്ടങ്ങളിലൊന്ന്

“ഒന്നൂല്ല്യ…ഒരു ചെറിയ തലവേദന..ചെന്നൊന്നു കുളിച്ചു ഫ്രഷായാൽ  ശരിയാവും “

നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ…ചൂടൊന്നുമില്ല എപ്പഴും ഈ കമ്പ്യൂട്ടറിലേക്ക് നോക്കിയുള്ള പണിയല്ലേ അതാവും..പാട്ടിന്റെ ഒച്ച ഞാൻ കുറച്ചു , പാവം തലവേദന കൂട്ടണ്ട..

ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ചു മറുകൈ എന്റെ ഉള്ളംകൈ തേടി വന്നു പലപ്പോഴും ചെയ്യുന്നപോലെ കയ്യിലമർത്തി പിടിക്കാൻ…

എന്നുമിങ്ങനെ എന്റെ ജീവനായി കൂടെയുണ്ടാവണേ ഈശ്വരന്മാരെ..മനസ്സ്‌ ദീപ പറഞ്ഞ കഥകളിലേക്ക് പാറിപ്പറന്നു. പാവം അവൾടെ ഭർത്താവ് രണ്ടാമത്തെ കുഞ്ഞു വയറ്റിലുള്ളപ്പോ വേറൊരുത്തിയേം കൊണ്ട് നാടു വിട്ടെന്ന്…സങ്കടായി കേട്ടപ്പോ..

ദേവേട്ടന്റെ കയ്യും പിടിച്ചു ഇങ്ങനെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഒരിക്കലും ഈ യാത്ര കഴിയാതിരുന്നെങ്കിലെന്ന്…

ഭാര്യയെന്നതിനേക്കാൾ ഒരു കാമുകിയെ പോലെ ആ മുഖത്തേക്ക് കണ്ണും നട്ടിരിക്കുമ്പോൾ മനസ്സ്‌ പൂമ്പാറ്റയെപോലെ പാറിപറക്കും ..

വിശപ്പ് മാറിയപ്പോൾ പരിപ്പുവടയുടെ മണമൊക്കെ മാറി മുല്ലപ്പൂവിന്റെ മണം വരുന്നുണ്ട്…പിന്നിലേക്ക് എത്തിനോക്കിയപ്പോൾ കണ്ടു ഇലയിൽ പൊതിഞ്ഞു കെട്ടി ഒരു കുടമുല്ലപ്പൂമാല..പറയാതെ തന്നെ എന്റെ ഇഷ്ടങ്ങൾ നടത്തിത്തരുന്ന ന്റെ ജീവൻ.

“ദേവേട്ടാ….ഞാൻ ഒരൂട്ടം ചോദിക്കട്ടെ…ഉത്തരം തരണം ഒഴിഞ്ഞു മാറരുത് “

മൂളലോന്നുമില്ലാതെ നോക്കിയ നോട്ടത്തിൽ ഒരു ചിരിയുണ്ടായിരുന്നു …

“ഞാൻ പറയാം നിന്റെ ചോദ്യം..ന്നെ ഇപ്പോഴും പഴേ പോലെ ഇഷ്ടണ്ടോന്നല്ലേ കേട്ട് കേട്ട് മടുത്തു ഇനി വേറെ ചോദിക്ക്…ഇനിയെത്ര ജന്മമുണ്ടെങ്കിലും നീ മാത്രേ എന്റെ പ്രാണനായി എനിക്ക് വേണ്ടൂ…നൂറു വട്ടം ഞാൻ പറഞ്ഞു കഴിഞ്ഞു”

അതുവരെ ഉടലിനെ മത്തു പിടിപ്പിച്ചു തുടങ്ങിയ മുല്ലപ്പൂ വാസനയെക്കാളും ഈ മനുഷ്യനോടുള്ള ഇഷ്ടത്താൽ ഞാനാകെ പൂത്തുലഞ്ഞത് കൊണ്ടാവും മനസ്സ് വിട്ട് ഞാനൊന്നു പൊട്ടിച്ചിരിച്ചു .

“ന്നാലേ ഇന്ന് ചോദ്യമല്ല…ഒരാജ്ഞയാണ് പോരേ…ഞാനെങ്ങാനും മരിച്ചുപോയാലും നിങ്ങൾ വേറെ കെട്ടരുത്ട്ടാ…എന്റെ ആത്മാവിനു പോലും സഹിക്കാൻ കഴിയില്ല…നിങ്ങൾ വേറൊരാൾക്ക് സ്വന്തമാവണത്…”

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ ചങ്കൊന്നിടറി…മിഴിയിലെ നീർത്തിളക്കം മറച്ചു ഞാനേട്ടനെ നോക്കി…

“നീലു…മ രണത്തെകുറിച്ച് നീ തമാശക്ക് പോലും പറയരുത്ട്ടോ…ചിന്തിച്ചു നോക്ക് നമ്മളിലൊരാൾ ഇല്ലാതായാൽ അടുത്ത നിമിഷം മുതൽ ബാക്കിയുള്ള ആൾടെ ജീവിതം…ഇനിയൊരു നിമിഷം കൂടി നഷ്ടപെട്ട ആ മുഖം കാണാനോ സ്വരം കേൾക്കാനോ  കഴിയില്ലെന്ന തിരിച്ചറിവ്..വല്ലാത്തൊരവസ്ഥയാണത് “

ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് നോക്കിയപ്പോഴേക്കും കണ്ണിലെ നനവ് രണ്ടു കുഞ്ഞരുവികളായി കവിളിനെ ചുംബിച്ചു താഴോട്ടിറങ്ങി..

” നോക്കൂ എത്ര നേരായി ആ ഫോൺ അടിക്കണു…ഒന്നെടുത്തിട്ട് ഡ്രൈവിങ്ങിലാണെന്നു പറഞ്ഞൂടെ ആരാണെങ്കിലും “

സൈലന്റിൽ കിടക്കുന്ന ഫോണിന്റെ വെളിച്ചം നോക്കി ഞാൻ പറഞ്ഞു…അത് ശ്രദ്ധിക്കാതെ റോഡിലെ തിരക്കിലേക്ക് കണ്ണ് നട്ടിരിക്കുന്ന കണ്ടപ്പോഴേ തോന്നി എടുക്കാൻ താല്പര്യമില്ലാത്ത ആരെങ്കിലുമാവും എന്ന്…

വീട്ടിലെത്തി ഗേറ്റ് തുറക്കുമ്പോഴേ കേട്ടു മോന്റെ ഒച്ചയും ബഹളവും തൊട്ടു പിറകെ അച്ഛാ അമ്മേ ന്നു കൂക്കിവിളിച്ചു ഓടി വരുന്ന അവനെയും…

ഒരേ മുറ്റത്തു തന്നെയാണ് രണ്ടു വീടും…മോനെ അത് വരെ അടക്കി നിർത്തിയ അച്ഛച്ഛന് റ്റാറ്റ കൊടുപ്പിച്ചു  അവനെയുമെടുത്തു മെല്ലെ ഞാൻ വീട്ടിലേക്ക് കയറുമ്പോൾ കണ്ടു..കാർ നിർത്തിയിട്ടിട്ടും ഇറങ്ങാതെ ആരോടോ സംസാരിക്കുന്ന ദേവേട്ടനെ…

മോനോട് വിശേഷങ്ങളൊക്കെ ചോദിച്ചു ഞാൻ സാരി മാറി  ഉടുപ്പിടുമ്പോഴേക്കും ദേവേട്ടൻ കയറി വന്നെന്റെ കഴുത്തിൽ ഇക്കിളിയിട്ടു…

” അച്ഛേ…കുമ്പു കാട്ടല്ലേ അമ്മ ഉയ്‌പ്പ്  മാറല്ലേ…”

കുഞ്ഞികൈവിരൽ ചൂണ്ടി അവന്റെ പറച്ചിലും  ഉണ്ടക്കണ്ണിലെ അരിശവും  കണ്ടപ്പോഴേക്കും ഞങ്ങൾക്ക് ചിരി പൊട്ടി…എങ്കിലും വന്ന ചിരി ചുണ്ടമർത്തി പിടിച് ദേവേട്ടൻ എന്നോടും അവനോടും ക്ഷമ പറഞ്ഞു അകത്തേക്ക് പോയി…

ഫ്രിഡ്ജിലെ ചോറെടുത്തു പുറത്തേക്ക് വച്ചപ്പോഴേക്കും അമ്മ കറികളും കൊണ്ട് കയറി വന്നു…അച്ഛന്റേം അമ്മയുടെയും ആഗ്രഹപ്രകാരമാണ് തറവാട് വിട്ട് ഞങ്ങൾ വേറെ വീട് വച്ചത്..എന്നാലും ഇവിടെ ഒരൂട്ടം വക്കാൻ സമ്മതിക്കില്ല….ഇവിടെ ആകെയുള്ള പണി ചോറ് വക്കലാണ്…

ഒഴിവു ദിവസങ്ങളിലും ജോലി കഴിഞ്ഞു വന്നാലും എല്ലാരും ഒരുമിച്ച് തറവാട്ടിൽ തന്നെ..രാത്രി മാറി കിടക്കാൻ മാത്രമായി ഒരു വീട്…

ചായയുണ്ടാക്കി അകത്തു ചെന്ന് നോക്കിയപ്പോ ദേവേട്ടൻ കുളിക്കാൻ കയറി..മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് ദേവേട്ടന്റെ ഫോണിൽ തുടർച്ചയായി വരുന്ന വാട്സ്ആപ്പ് മെസേജുകൾ കണ്ടത് ഒപ്പം ഇടവിട്ട വിളികളും…

ഇങ്ങനെ തുടർച്ചയായി ആരാണ്??…ഫോൺ ലോക്ക് ആണ് പക്ഷേ മുകളിൽ കാണാം ഏതോ ഒരു അർച്ചനയാണ് മെസേജുകൾ അയക്കുന്നത്…ഇത് ദേവേട്ടന്റെ കൂടെ പഠിച്ച അർച്ചനയല്ലേ ….

ഒരു പെണ്ണിന്റെ പേര് കണ്ടപ്പോഴുണ്ടായ കൗതുകം, ഞാൻ സ്ക്രീൻ താഴോട്ടാക്കി നോക്കി..പൂർണമായും കാണുന്നില്ലെങ്കിലും ഒന്നു രണ്ടെണ്ണം കണ്ടു..

“ദേവാ ഇതിനൊരു തീരുമാനം പെട്ടെന്നുണ്ടാക്കണം ഇനിയും വൈകിയാൽ ഇവിടെ എല്ലാരും അറിയും..എനിക്ക് ഈ ടെൻഷൻ തനിയെ താങ്ങാൻ വയ്യ പ്ലീസ് “

ആകെ ഒരു തരിപ്പ് ശരീരം മുഴുവൻ പെട്ടെന്ന് വന്നു നിറയുന്നത് ഞാനറിഞ്ഞു..തലയൊന്നടങ്കം ചൂടെടുക്കുന്നു…വിറയ്ക്കുന്ന കൈവിരലുകൾ ഞാൻ താഴോട്ടേക്ക് നീക്കി

“എന്നെ ചതിക്കാനാണ് ഉദ്ദേശമെങ്കിൽ ഞാൻ നിന്നെ വിടില്ല..എല്ലാരേയും കൂട്ടി ഞാൻ വരും നിന്റെ വീട്ടിലേക്ക്…അറിയട്ടെ നിന്റെ വീട്ടുകാരും പെണ്ണും..നാണക്കേട് നിനക്ക് മാത്രമല്ല എനിക്കുമുണ്ട് “

സങ്കടമോ ദേക്ഷ്യമോ..ഓരോ രോമകൂപങ്ങളും സടകുടഞ്ഞെണീൽക്കുന്നത് പോലെ തോന്നുന്നു…ആകെ ഒരു പരവേശം….എങ്കിലും എന്തായിരിക്കാം ഇത്രെയും വലിയൊരു തെറ്റ് ചെയ്യാനുള്ള ഏട്ടന്റെ കാരണം…

ഫോൺ പതിയെ താഴെ വച്ച് ഞാൻ അടുക്കളയിലേക്ക് നടന്നു…വയ്യ !!കണ്ണെല്ലാം നിറഞ്ഞു തൂകി കാഴ്ചയെല്ലാം മറയുന്നു…തൊണ്ടക്കുഴിയിൽ ആരോ വിരലമർത്തും പോലെ സങ്കടം നിറഞ്ഞു ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ല …

അടുക്കളയോട് ചേർന്നുള്ള കുളിമുറിയിലേക്ക് കയറി വാതിലടക്കുമ്പോഴേക്കും നെഞ്ചമർത്തി പിടിച്ചു ഞാൻ  താഴെക്കിരുന്നു …

“നീലൂ..ഞാനൊന്ന് അച്ഛന്റടുത്തേക്ക് പോയി വരാം കേട്ടോ..മോനെന്റെ കൂടെയുണ്ട്….നീ കുളി കഴിഞ്ഞാൽ അങ്ങ് പോരെ …”

വിങ്ങിപൊട്ടിയുള്ള കരച്ചിലിൽ പതറിയ സ്വരമറിയാതിരിക്കാൻ ഞാനൊന്നു ഉറക്കെ മൂളി…

വെള്ളം വീഴുന്ന ഒച്ചയുണ്ടെങ്കിലും അച്ഛനും മോനും കളിച്ചു ചിരിച്ചു അകത്തെ വാതിലടച്ചുപോകുന്നത് എനിക്ക് കേൾക്കാം ….

എന്താണ് ഞാൻ ചോദിക്കേണ്ടത്…എവിടെ നിന്നും തുടങ്ങും..സ്വന്തമായി ഒരോഫീസ് ഇടുന്നതിനെ പറ്റിയുള്ള ചർച്ചകളിലൊക്കെ അർച്ചനയെ പറ്റി പറയാറുണ്ടായിരുന്നു….പക്ഷേ അതിനുമപ്പുറം കാര്യങ്ങൾ എത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ…

കുറെ നേരം കഴിഞ്ഞിട്ടും എന്നെ കാണാതിരുന്നത് കൊണ്ടാവാം ദേവേട്ടൻ മടങ്ങി വന്നു, ഉറങ്ങിപ്പോയ മോനെയും തോളിലിട്ട്…

മോനെ കിടത്തി വന്ന് ടീവി കണ്ടു കൊണ്ട് സോഫയിൽ കിടക്കുന്ന എന്റെ  നെറ്റിയിലുമ്മ വച്ചു. അറിയാതെ പോലും കണ്ണ് നിറയാതിരിക്കാൻ ഞാൻ നടത്തിയ പുഞ്ചിരി ശ്രമം പാളാതിരിക്കാനായി ഞാനേട്ടന്റെ കഴുത്തിൽ കയ്യിട്ട് മുഖം ചേർത്ത് പിടിച് ഉമ്മ വക്കുന്നതിനിടയിൽ പറഞ്ഞു

“വേഗം ഭക്ഷണം കഴിച്ചിട്ട് കിടന്നോളൂട്ടാ..എനിക്ക് മേലാതായി…ഇത്തവണ നേരത്തെ വന്നു..ഡേറ്റ് ആകും മുൻപേ “

അതേ…പകുതി പെണ്ണുങ്ങളെങ്കിലും പറയുന്ന നുണ പറഞ്ഞേ മതിയാവൂ…ഇതിന്റെ സത്യമറിയാതെ ഇനിയെനിക്ക് ഒന്നു മനസ്സ്‌ തുറന്ന് തൊടാൻ പോലും കഴിയില്ല…

“അയ്യോ ചതിച്ചോ…ഞാൻ മുല്ലപ്പൂവൊക്കെ വാങ്ങിയത് വെറുതെയായി അല്ലേ ..”

എന്റെ വയറിൽ തലോടി കൊണ്ട് അദ്ദേഹമത് പറയുമ്പോൾ മനസ്സിലൊരു നൂറു വട്ടം ഞാനാ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു…

രാത്രിയിൽ മുഴുവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എന്നെ ചേർത്ത് പിടിച്ചു ചൂട് വെള്ളം വേണോ എന്നു ചോദിക്കുമ്പോഴും ഞാനറിഞ്ഞു അറപ്പ് ശരീരം മുഴുവൻ അരിച്ചു കയറുന്നത്…

ഇനിയെന്ത് വേണം…ആരോട് ഇതെല്ലാം ഒന്നു മനസ്സ് തുറന്ന് പറയുമെന്ന ചിന്തയിൽ ഞാൻ രാവിലെ എണീറ്റപ്പോൾ അവധി ദിവസം ആഘോഷിക്കാനായി അച്ഛനും മകനും കെട്ടിപിടിച്ചുറങ്ങുന്നുണ്ട്…

മേശപ്പുറത്തിരുന്ന ഫോണിന്റെ മിന്നിത്തിളങ്ങുന്ന വെളിച്ചം കണ്ടുകൊണ്ട് ഞാനിറങ്ങിപോന്നു മുറിയിൽ നിന്നും….

പല്ല് പോലും തേക്കാതെ അടുക്കളയിലെ വെറും തറയിൽ കാൽമുട്ടിൽ മുഖമമർത്തി എത്ര നേരമാണ് ഞാനിരുന്നതെന്നോർമ്മയില്ല…അമർത്തിയ സ്വരത്തിൽ ആരോടോ ഞാൻ വിളിക്കാം ഒന്നു കാത്തിരിക്കൂ എന്ന ദേവേട്ടന്റെ കെഞ്ചുന്ന സ്വരം കേട്ടതും ഞാൻ ചാടിയെണീറ്റു…

“ആരോടാണ് ദേവേട്ടൻ രാവിലെ തന്നെ യാചിക്കുന്നത്…പോയി കണ്ടൂടെ അവളെ..തീർത്തു കൊടുത്തിട്ട് വാ അവൾടെ പ്രശ്നങ്ങൾ…കണ്ടു!!! ഞാൻ കാമുകനയച്ച അവളുടെ മെസേജുകൾ “

എന്റെ ചോദ്യം പോരുകോഴിയുടെ ചീവലുമായി ചേർച്ച തോന്നിയത് കൊണ്ടാകാം എന്നെ നോക്കുന്ന ആൾടെ നോട്ടത്തിൽ അമ്പരപ്പുണ്ട്…മുഖത്തു ഞാനറിഞ്ഞതിലുള്ള പകപ്പും…

“നീലിമ നീ കാര്യമറിയാതെ സംസാരിക്കരുത് നീ കരുതുന്നപോലെ ഒന്നുമില്ല…ഞാനെല്ലാം പറയാം സമയമാവുമ്പോൾ “

പറഞ്ഞു മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല….സമനില തെറ്റിയവളെ പോലെ കൈ ചൂണ്ടി കൊണ്ട് ഞാൻ മുന്നിലേക്ക് ചെന്നു

“ഒരക്ഷരം നിങ്ങളിനി മിണ്ടരുത്…സമയം പോലും….അവളെയും കുഞ്ഞിനേയും ഒരുമിച്ചിവിടെ കൊണ്ടുവരാൻ വേണ്ടിയാണോ ഇനിയും സമയം …”

“എന്തൊക്കെ ഭ്രാന്താണ് നീ പറയുന്നത്..നീയെന്തോ തെറ്റിദ്ധരിച്ചതാണ്…”

അപ്പോഴേക്കും ജനിച്ചിട്ടിന്നു വരെയും കേൾക്കാത്ത കലഹത്തിന്റെ ശബ്ദം കേട്ടിട്ടാവണം മോൻ കണ്ണ് മിഴിച്ചു വന്ന് വാതിൽക്കൽ നിന്നു.

മോനൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ലായിരുന്നു ആ സമയത്തു

“അതേ എന്റെ തെറ്റിദ്ധാരണ തന്നെ…എന്നാലതൊന്നു തീർക്കാൻ എനിക്ക് നിങ്ങടെ ഫോണൊന്നു താ…ഇപ്പോഴേ തീർത്തേക്കാം..അവൾടെ  ഭർത്താവ് പോലും അറിയുന്നതിന് മുൻപേ നിങ്ങടെ ഗ ർഭക ഥയുടെ തീരുമാനം കാത്തു അവളയച്ച മെസേജുകൾ കൺകുളിർക്കെ കണ്ടിട്ട്…”

കുഞ്ഞു നോക്കി നിൽക്കുന്നെന്നു പോലും നോക്കാതെ ദേവേട്ടനെന്റെ മുഖത്തു കൈ വീശിയടിച്ചു…ഇന്ന് വരെ അങ്ങനൊരു സംഭവം സ്വപ്നങ്ങളിൽ കൂടി ഇല്ലാതിരുന്നത് കൊണ്ടാവാം ഹിസ്റ്റീരിയ ബാധിച്ചവളെ പോലെ ഞാനലറി

“കൊ ല്ല് കൊ ല്ലെന്നെ….എനിക്കറിയാം അവൾക്ക് വേണ്ടി നിങ്ങളതും ചെയ്യുമെന്ന് “

ഒന്നും മിണ്ടാതെ മോനെയുമെടുത്തു ദേവേട്ടനിറങ്ങിപോയി…കാറുമെടുത്തു പുറത്തേക്ക് പോകുന്ന അവരെ നോക്കി നിൽക്കുമ്പോൾ എന്റെയുള്ളിൽ പകയായിരുന്നു…

തീർക്കണം എന്നെക്കൊണ്ടുള്ള ശല്യം….ദേക്ഷ്യം തീർക്കാൻ എനിക്കെന്റെ ജീവൻ മതി

ഉറക്കക്കുറവുള്ള അച്ഛന് കഴിക്കാനായി വാങ്ങികൊണ്ടുവന്ന ഗുളികകൾ തറവാട്ടിൽ നിന്നും ആരുമറിയാതെ എടുത്തുകൊണ്ട് വരുമ്പോൾ ആ ചിന്ത മാത്രമായിരുന്നു എന്റെ മനസിൽ…

കൈവെള്ള നിറയെ മരുന്നുമെടുത്തു കഴിക്കാനായി ഇരിക്കുമ്പോഴും ചതിക്കപെട്ടവളുടെ വേദന തിങ്ങി ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

പെട്ടെന്നെനിക്ക് തോന്നി അവളെയും വിളിക്കണം…അറിയിച്ചിട്ട് വേണം എനിക്ക് ഈ ലോകത്തിൽ നിന്നും യാത്രയാവാൻ..

ഫോണെടുത്തു ഡയറിയിൽ ഇന്നലെ കോറിയിട്ട അവളുടെ നമ്പറിലേക്ക് വിളിക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

എന്റെ ഭർത്താവിനെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ എന്ന ചോദ്യം മുഴുമിപ്പിച്ചതും ഞാൻ കേട്ടത്

“ഛീ നിർത്തടി നിന്റെ പ്രസംഗം ” എന്നായിരുന്നു

പിന്നെയവൾ പറഞ്ഞ കഥകൾ മുഴുവൻ, ഒരു ദേക്ഷ്യത്തിനു കിണറ്റിൽ ചാടി പത്തു ചാട്ടത്തിലും തിരികെ കയറാൻ പറ്റാത്തവളെ പോലെ ഞാൻ കേട്ടിരുന്നു

അരമണിക്കൂറിലധികം അവളുമായി സംസാരിച്ചതിന് ശേഷം ഫോൺ വച്ച എനിക്ക് പിന്നെയാ ഗുളികകളിലേക്ക്
നോക്കാൻ തന്നെ ഭയമായി..ദൈവമേ ഒരു നിമിഷത്തെ വിഭ്രാന്തിയിൽ ഞാനത് കഴിച്ചിരുന്നെങ്കിൽ…

പുറത്തു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോഴേ എനിക്ക് മനസിലായി ദേവേട്ടൻ എത്തിയിരിക്കുന്നു അർച്ചനയുമായി …

പുതിയ ബിസിനസ് തുടങ്ങാൻ പൈസ മതിയാകാതെ വന്നപ്പോഴാണ് എന്നെയറിയിക്കാതെ ഫിനാൻസിൽ നിന്നും അർച്ചനയുടെ ജാമ്യത്തിൽ ദേവേട്ടൻ ലോണെടുത്തത്…പക്ഷേ തവണകൾ മുടങ്ങിയപ്പോൾ അവർ ദേവേട്ടനെ വിളിതുടങ്ങി. അവരെ ഒഴിവാക്കാൻ നമ്പർ മാറ്റിയപ്പോൾ പിന്നെയുള്ള വിളി മുഴുവൻ അർച്ചനക്കായിരുന്നു..കേട്ടാലറക്കുന്ന തെ റികൾ കൊണ്ട് അവരവളെ അഭിഷേകം ചെയ്തതും പോരാഞ്ഞു വീട്ടിൽ കയറി വരുമെന്ന ഭീഷണിയിൽ അവൾ ഭയന്നു. കൂട്ടുകാരനു വേണ്ടി  എടുത്തു വച്ച വയ്യാവേലി ഭർത്താവറിഞ്ഞാലുള്ള ഭവിഷ്യത്തോർത്താണ് ആ മെസേജുകൾ അയച്ചത്…

ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞവസാനിപ്പിച്ചു അവളെണീൽക്കുമ്പോൾ ഒരു കാര്യം കൂടെയെന്നെ ഓർമിപ്പിച്ചു

“കാമുകിയാവാൻ മാത്രമല്ല നീലിമ..നീയൊരു ഭാര്യയാവാനും കൂട്ടുകാരിയാവാനും ശ്രമിക്കണം. എന്നാലേ ബാധ്യതകളും മാനസികസംഘർഷങ്ങളും കൂടി ഭർത്താക്കന്മാർക്ക് പങ്കു വക്കാനുള്ള ധൈര്യം കിട്ടൂ..ഇവിടെ നീയും അവനും തോറ്റുപോയത് അത് കൊണ്ടാണ്…ഒരർത്ഥത്തിൽ ഞാനും…അതുകൊണ്ട് വരും വരായ്കകൾ എന്തു തന്നെയായാലും ഞാനുമെല്ലാം അറിയിക്കാൻ പോവുകയാണ് എന്റെ ഭർത്താവിനെ…”

അവൾ പോയതിന് ശേഷമാണ് ദേവേട്ടൻ കണ്ടത് ബെഡിലിരിക്കുന്ന മരുന്നുകൾ…കണ്ണുകളിലെ ചോദ്യത്തിന് ഞാൻ മറുപടി നൽകാതെ തല താഴ്ത്തി

കാര്യങ്ങളെല്ലാം ഒളിപ്പിച്ചു വച്ചതിന് മാപ്പ് പറയാൻ അദ്ദേഹമൊരുങ്ങുമ്പോഴേക്കും ഞാനാ കാലുകളിൽ വീണിരുന്നു…വേദനിപ്പിച്ചതിനു മാപ്പ്…

എന്നെ പൊക്കിയെടുത്തു മാറോടു ചേർത്ത് കെട്ടിപിടിക്കുമ്പോൾ ദേവേട്ടനു സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല

ആ നെഞ്ചിടിപ്പിൽ നിന്നും അറിയാമായിരുന്നു ഒരു നിമിഷത്തെ മതിഭ്രമത്തിൽ ഞാനെന്റെ ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ തകർന്നു തരിപ്പണമാവുന്ന എന്റെ പ്രാണന്റെ ഹൃദയതാളം..അമ്മയില്ലാതെ വളരേണ്ട ഒരു കുഞ്ഞുമുഖത്തിന്റെ ദൈന്യതയും..

പതിനഞ്ചു ദിവസത്തിനപ്പുറം ദേവേട്ടന്  നൽകാനായി എനിക്ക് നല്ലൊരു വാർത്തയുണ്ടായിരുന്നു …ആ കൈകളിലേക്ക് ഞാനൊപ്പിട്ട ചെക്കുകൾ വച്ചു കൊടുക്കുമ്പോൾ പ്രൊഫിഡൻറ് ഫണ്ട് ലെ ലോൺ ഒരാശ്വാസമായി എന്റെ അക്കൗണ്ടിലേക്കെത്തിയിരുന്നു…

കൊള്ളപലിശക്കാരുടെ പണം തിരിച്ചടച്ചു പ്രശ്നങ്ങളെല്ലാം  ഒഴിവാക്കിയപ്പോൾ ഞാനറിഞ്ഞു…ഞാനിപ്പോൾ കാമുകി മാത്രമല്ല ഉത്തരവാദിത്വമുള്ള  ഒരു ഭാര്യയും…ഭർത്താവിനോട് തോളോട് തോളുരുമ്മി നിൽക്കുന്ന ഒരു കൂട്ടുകാരിയുമാണെന്ന്…

നിസ്സാരകാര്യങ്ങളും തെറ്റിദ്ധാരണകളും  ആത്മഹത്യക്ക് ഒരു കാരണമായി തിരഞ്ഞെടുക്കുമ്പോൾ ഓർത്തിരിക്കേണ്ട ഒന്നുണ്ട്…മരിക്കാനുള്ള ധൈര്യത്തിന്റെ പത്തിലൊരംശം പോലും ജീവിതമെന്ന പിൻവിളിക്ക് വേണ്ടെന്ന സത്യം…

~ലിസ് ലോന (03.08.2018)