ശിവാനി…
എഴുത്ത്: കർണൻ സൂര്യപുത്രന്‍
============
സിങ്കനല്ലൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്ത് കടന്ന ഉടൻ സജീവ് ഫോണെടുത്തു നോക്കി..രാത്രി പത്തര…മഹേഷേട്ടന്റെ അഞ്ച് മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്..തിരിച്ചു വിളിച്ചു..
“സജൂ..നീ എവിടെത്തി?”
“സിങ്കനല്ലൂർ..”
“നീയെന്തിനാടാ അങ്ങോട്ട് പോയെ?മധുരയ്ക്ക് ഡയറക്റ്റ് ട്രയിനോ ബസോ ഉണ്ടാകുമായിരുന്നല്ലോ? “
കുറച്ചു പരിഭ്രമവും ദേഷ്യവും കലർന്ന സ്വരം…സജീവിന് മറുപടി ഉണ്ടായില്ല…എന്ത് പറയും? വീട്ടിൽ നിന്നും ആദ്യം കൈയിൽ കിട്ടിയ കുറച്ചു വസ്ത്രങ്ങൾ വാരി ബാഗിലിട്ട് ഇറങ്ങിയപ്പോൾ തീരുമാനങ്ങളൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല…മ ദ്യം തലയ്ക്കു പിടിച്ചതിനാൽ ട്രെയിൻ മാറിക്കേറി….അതിലെ ഒരു യാത്രക്കാരനാ പറഞ്ഞത് ഈ ട്രെയിൻ മധുര പോകില്ലെന്നും, ഇവിടെ ഇറങ്ങിയാൽ ചിലപ്പോൾ ട്രെയിൻ ഉണ്ടാകുമെന്നും..അങ്ങനെ ചാടിയിറങ്ങിയതാണ്…ഇതൊക്കെ പറഞ്ഞ് മഹേഷേട്ടനെ എന്തിന് വിഷമിപ്പിക്കണം?.
“നീയിനി എങ്ങനെ ഇവിടെത്തും…രാത്രിയായല്ലോ?”
“ഇവിടുന്നു ട്രെയിനൊന്നും ഇല്ല..രാവിലെ മധുര ബസ് ഉണ്ട്…ഇന്നിവിടെ കൂടാം..”
“എടാ…ഏതോ നാട്ടിൽ, നീ എങ്ങനെ?”
“സാരമില്ല ഏട്ടാ…മനുഷ്യർ തന്നല്ലേ?ഞാൻ നോക്കിക്കോളാം..ഏട്ടൻ വെറുതെ ടെൻഷൻ അടിക്കേണ്ട..”
സജീവ് ഫോൺ വച്ചു..ആദ്യം കണ്ട ഓട്ടോയിൽ കയറി…
“ഇങ്കെ ബസ്റ്റാന്റ് പക്കം ഏതാവത് റൂം കിടക്കുമാ?”
അവൻ ഓട്ടോക്കാരനോട് ചോദിച്ചു..അയാൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു കൊണ്ട് ഓട്ടോ മുന്നോട്ട് എടുത്തു..ഏകദേശം പതിനഞ്ചു മിനിട്ട് കൊണ്ട് വിനായക ലോഡ്ജ് എന്ന ബോർഡ് വച്ച പഴയ കെട്ടിടത്തിനു മുന്നിൽ ഓട്ടോ നിന്നു..ഓട്ടോക്കാരൻ റിസപ്ഷനിൽ പോയി എന്തോ സംസാരിച്ചു തിരിച്ചു വന്നു..
“റൂം ഇരുക്ക് സാർ…പക്കത്തില് താൻ ബസ്റ്റാന്റ്….” പാൻ മസാലകറ പുരണ്ട പല്ലുകൾ പുറത്തു കാട്ടി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു…
കാശും കൊടുത്തു സജീവ് റിസപ്ഷനിലേക്ക് നടന്നു…അവിടെ ഉയരം കുറഞ്ഞ ഒരാൾ ഇരിക്കുന്നുണ്ട്…അടുത്ത് തന്നെ പ്രായമുള്ള ഒരു സ്ത്രീയും..
“തമ്പി, ഐഡി കാർഡ് ഇരുക്കാ?” അയാൾ ചോദിച്ചു..
അവൻ പേഴ്സ് തുറന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തു നീട്ടി..അതിന്റെ ഒരു കോപ്പി എടുത്ത ശേഷം രെജിസ്റ്ററിൽ പേരെഴുതി തിരിച്ച് അവനു നീട്ടി…
“കേരളാവാ?”
“ആമാ…”
“എങ്കെ പോറേൻ?”
“മധുര….”
അഞ്ഞൂറ് രൂപ അഡ്വാൻസ് കൊടുത്തിട്ട് സജീവ് ആ സ്ത്രീയുടെ പിന്നാലെ നടന്നു…റൂം കാണിച്ചു കൊടുത്ത ശേഷം അവർ തിരിച്ചു പോയി…അവൻ ബെഡിലേക്ക് ചാഞ്ഞു…തല പൊട്ടുന്നത് പോലെ വേദന…വിശക്കുന്നുമുണ്ട്. എന്തെങ്കിലും കഴിക്കണമെങ്കിൽ താഴെ ഇറങ്ങി പോകണം..അവൻ വേണ്ടെന്നു വച്ചു…ഒന്ന് ഉറങ്ങണം….പക്ഷേ കഴിയുന്നില്ല… മനസ്സ് അസ്വസ്ഥമാണ്…എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ചുടുകാറ്റ് ഇരച്ചു കയറി…
ബാഗ് തുറന്ന് പാതി ഒഴിഞ്ഞ മ ദ്യക്കുപ്പി എടുത്ത് വാഷ് ബേസിനിൽ നിന്നും അതിലേക്ക് വെള്ളം പകർന്നു…എന്നിട്ട് അത് ചുണ്ടോട് ചേർത്തു…അന്നനാളത്തിലൂടെ തീ ഒഴുകും പോലെ മ ദ്യം അകത്തേക്കിറങ്ങി…ഇനിയെങ്കിലും ഒന്ന് ഉറങ്ങാൻ പറ്റിയെങ്കിൽ…സജീവ് ആത്മാർത്ഥമായി ആഗ്രഹിച്ചു…അവൻ കണ്ണുകൾ ഇറുക്കി അടച്ചു…
പക്ഷേ നിദ്രയ്ക്ക് പകരം അവന്റെ മനസ്സിലേക്ക് എത്തിയത് ആ മുഖമായിരുന്നു..ഹൃദയത്തിൽ ഓർമകളുടെ കുന്തമുനകൾ ആഴ്ന്നിറങ്ങുന്നു….
“ശിവാനി… “
ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു…
************
ബസ്, ജെ എസ് ഹോസ്പിറ്റലിന്റെ മുൻപിൽ നിന്ന് വിടാൻ തുടങ്ങുമ്പോഴാണ് ഓടിവരുന്ന അവളെ സജീവ് കണ്ടത്…കൈ എത്തിച്ച് ബെല്ലിന്റെ ചരട് അവൻ വലിച്ചു…ബസിൽ കയറി അവനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ച ശേഷം അവൾ സീറ്റിൽ ഇരുന്നു…ഷാള് കൊണ്ട് മുഖവും കഴുത്തും ഒപ്പിയ ശേഷം കാശെടുത്ത് അവന് നേരെ നീട്ടി..ടിക്കറ്റും ബാക്കിയും കൊടുക്കുമ്പോൾ സജീവ് പതിയെ ചോദിച്ചു…
“ഇന്നിറങ്ങാൻ ലേറ്റ് ആയോ?”
“കുറച്ച്…” അവൾ പറഞ്ഞു…
അവൻ പിന്നിലെ ആൾക്കൂട്ടത്തിനിടയിലേക്ക് നുഴഞ്ഞു കയറി…എല്ലാർക്കും ടിക്കറ്റ് കൊടുത്ത് മുന്നിലെത്തിയപ്പോഴേക്കും അവൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായി..ഡോറിനരികെയുള്ള സീറ്റിൽ ചാരി നിന്ന് കൈയിലെ പൈസ എണ്ണുകയായിരുന്നു അവൻ…പെട്ടെന്ന് ഡ്രൈവർ സഡൻ ബ്രെക്ക് ഇട്ടു..ഇറങ്ങാനായി തയ്യാറെടുത്ത അവൾക്ക് പെട്ടെന്ന് ബാലൻസ് കിട്ടിയില്ല..അവന്റെ ദേഹത്തേക്ക് മറിഞ്ഞു…പെട്ടെന്നായതു കാരണം അവൻ കക്ഷത്തിൽ വച്ചിരുന്ന ബാഗ് തെറിച്ചു താഴേക്ക് വീണു…നാണയത്തുട്ടുകൾ ബസിൽ ചിതറി….അവളെയും കൊണ്ട് നിലത്തു വീഴാനായവേ സീറ്റിലിരുന്ന ഒരാൾ അവനെ ചുറ്റിപ്പിടിച്ചു…
ഒരു നിമിഷം അവർ അങ്ങനെ തന്നെ നിന്നു..അവൾ പിടഞ്ഞു മാറി….യാത്രക്കാർ അവരെ ശ്രദ്ധിക്കുന്നത് കണ്ട് ചമ്മൽ മാറ്റാൻ അവൻ ഡ്രൈവറോട് കയർത്തു..
“നീ എവിടെ നോക്കിയാടാ വണ്ടിയൊടിക്കുന്നെ?? “
“അത് ആ പോകുന്ന തെ.ണ്ടിയോട് നീ പോയി ചോദിക്ക്..” ഡ്രൈവർ ഹരീഷ് മുന്നോട്ട് കൈ ചൂണ്ടി…ഒരു പയ്യൻ ബൈക്കിൽ അതിവേഗം പോകുന്നത് കണ്ടു..
“ഇപ്പൊ റോഡിൽ സ്റ്റിക്കർ ആവേണ്ടതായിരുന്നു…എന്നിട്ട് വേണം എല്ലാർക്കും എന്നെ എടുത്തിട്ട് ചാമ്പാൻ…”
ഹരീഷ് പറഞ്ഞു കൊണ്ട് ബസ് മുന്നോട്ട് എടുത്തു…യാത്രക്കാരിൽ ചിലർ നിലത്തു വീണ കോയിൻസ് എടുക്കാൻ അവനെ സഹായിച്ചു…അപ്പോഴേക്കും അവളുടെ സ്റ്റോപ്പ് എത്തി…
“സോറി…പെട്ടെന്ന് എവിടേം പിടിക്കാൻ പറ്റിയില്ല.. “
അവൾ ഇറങ്ങുമ്പോൾ അവനോട് പറഞ്ഞു..
“സാരമില്ല..” സജീവ് പുഞ്ചിരിച്ചു..തന്റെ കൈ മുട്ട് ചെന്നിടിച്ചു ചുവന്ന അവന്റെ കവിൾ വല്ലായ്മയോടെ നോക്കി അവൾ ബസിൽ നിന്നും ഇറങ്ങി നടന്നു…
************
“നീയാ നഴ്സ് പെങ്കൊച്ചിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടല്ലോ….ശരിക്കും ജയനെയും സീമയെയും പോലുണ്ടായിരുന്നു..”
രാത്രി പെട്രോൾസ്റ്റേഷന് പിറകെയുള്ള ഗ്രൗണ്ടിൽ ബസ് വച്ചതിനു ശേഷം ഹരീഷ് അവനെ നോക്കി കളിയാക്കി..
“ടാ പുല്ലേ…നീയൊരുത്തൻ കാരണമാ…എന്നിട്ട് കോമഡി അടിക്കല്ലേ…”
സജീവ് ദേഷ്യപ്പെട്ടു…
“ചിലപ്പോൾ ഇതായിരിക്കും പ്രേമത്തിന്റെ തുടക്കം..നാളെ നീ എന്നോട് നന്ദി പറയും..”
“പ്രേമം..മാങ്ങാത്തൊലി…നീ പോകുന്നുണ്ടോ? ബീവറേജ് ഇപ്പൊ അടക്കും..”
“നിനക്ക് വേണമെങ്കിൽ വാ…” ഹരീഷ് ക്ഷണിച്ചു..
“അതിന്റെ കൂടെ കുറവേ ഉളളൂ…അല്ലെങ്കിൽ തന്നെ നല്ല പേരാ… “
സജീവ് പുറത്തിറങ്ങി അവിടെ തെങ്ങിൻ ചുവട്ടിൽ ചാരി വച്ചിരുന്ന തന്റെ പഴയ ബൈക്ക് എടുത്തു…ബാഗ് ടാങ്കിനു മുകളിലെ പോക്കറ്റിൽ വച്ചശേഷം സ്റ്റാർട്ട് ചെയ്തു…
“എടാ, വെള്ളമടീം കഴിഞ്ഞു പോകുമ്പോൾ ബസിലെ ലൈറ്റ് ഓഫാക്കാൻ മറന്നേക്കരുത്…രാവിലെ തള്ളാനൊന്നും എന്നെകൊണ്ട് പറ്റില്ല…”
“ആയിക്കോട്ടെ..” ഹരീഷ് പുറത്തേക്ക് നോക്കി എന്നിട്ട് വിളിച്ചു
“രവി ചേട്ടോ…”
ബസിന്റെ മറുപുറം കഴുകി കൊണ്ടിരുന്ന ക്ളീനർ രവി ഓടി വന്നു..
“സാധനം വാങ്ങണ്ടേ? ഇപ്പൊ അടക്കും..ഇവന്റെ കൂടെ പൊക്കോ…മുൻപിൽ ഇറക്കി തരും…”
അയാൾ തലയാട്ടി കൊണ്ട് സജീവിന്റെ ബൈക്കിന് പുറകിൽ കയറി….
***********
മുറ്റത്ത് ബൈക്ക് വച്ച് അവൻ അകത്തേക്ക് കയറിയപ്പോൾ അച്ഛനും അമ്മയും ടിവിക്ക് മുന്നിൽ ഇരിപ്പുണ്ട്..റൂമിൽ കയറി ബാഗ് അലമാരയ്ക്കുള്ളിൽ വച്ചു പൂട്ടി തോർത്തുമെടുത്തു അവൻ പുറത്തേക്കിറങ്ങി..
“നാളെ ചിട്ടീടെ പൈസ കൊടുക്കണം..ഒരു രണ്ടായിരം രൂപ ഉണ്ടാകുമോ?”
അമ്മയുടെ ചോദ്യം പിന്നിൽ നിന്നും ഉയർന്നു…സജീവ് തിരിഞ്ഞ് നിന്നു.
“ഇന്നലെയല്ലേ തന്നത്?”
“അത്, നിന്റെ അച്ഛൻ വാങ്ങി…”
അവൻ അച്ഛനെ നോക്കി..ഒന്നുമറിയാത്ത ഭാവത്തിൽ ടിവിയിലേക്ക് നോക്കി ഇരിപ്പാണ്…
“രണ്ടാളോടും കൂടി ഒരു കാര്യം പറഞ്ഞേക്കാം…ദിവസവും രണ്ടായിരം വച്ചു തരാൻ ഞാൻ അംബാനിയൊന്നും അല്ല…എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാനിവിടെ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്…കൈയിൽ കാശുണ്ടെങ്കിൽ തരും…ഇങ്ങോട്ട് ചോദിക്കണ്ട…രാത്രി പണിയും കഴിഞ്ഞ് വന്നു കേറിയിട്ട് ഒരുഗ്ലാസ് വെള്ളം പോലും തന്നിട്ടില്ല…അതിന് മുൻപ് കൈ നീട്ടി തുടങ്ങി…കുറച്ചൊക്കെ മനുഷ്യത്വം ആവാം..”
ടിവി റിമോട്ട് നിലത്തേക്കെറിഞ്ഞ് അച്ഛൻ ചാടി എണീറ്റു…
“വേണ്ടെടാ..നിന്റെ കാശ് വേണ്ട….ഇന്നലെ കുറച്ച് അത്യാവശ്യം വന്നത് കൊണ്ടാ എടുത്തത്…നാളെ തിരിച്ചു തന്നേക്കാം…നിന്നെയൊക്കെ ഇത്രക്ക് വളർത്തി വലുതാക്കിയത് ഞാനല്ലേ? ആ എനിക്കു ഒരുത്തന്റേം ഔദാര്യം വേണ്ട…”
സജീവ് പുച്ഛത്തോടെ ഒന്ന് ചിരിച്ച് ഇറങ്ങി നടന്നു…വളർത്തി വലുതാക്കിയത്രേ..നാലാം വയസ്സിൽ അമ്മയുടെ തറവാട്ടിൽ തന്നെ വിട്ടിട്ട് ചേച്ചിയെയും കൂട്ടി ഇങ്ങോട്ട് മാറിയവരാ ഇത്….വളർത്തിയതും ഡിഗ്രി വരെ പഠിപ്പിച്ചതും കൃഷ്ണൻമാമനായിരുന്നു…അമ്മയുടെ മൂത്ത ചേട്ടൻ..അമ്മായി നേരത്തെ മരിച്ചു..6 വയസ്സിനു മൂത്തതാണെങ്കിലും അമ്മാവന്റെ ഒരേയൊരു മകൻ മഹേഷായിരുന്നു സജീവിന്റെ സുഹൃത്തും വഴികാട്ടിയുമെല്ലാം…മാസത്തിൽ ഒരിക്കൽ വരുന്ന വിരുന്നുകാരായി അച്ഛനുമമ്മയും ചേച്ചിയും..
“നിന്റെ അച്ഛന് കിട്ടുന്ന വരുമാനം കൊണ്ട് രണ്ടാളെയും നോക്കാൻ പറ്റാഞ്ഞിട്ടല്ലേടാ.? പോരാത്തതിന് ആ ചെറിയ വീട്ടിൽ നാലു പേർക്ക് കഴിയാനുള്ള സൗകര്യമൊന്നുമില്ല..നിനക്ക് ഇവിടെ ഞങ്ങളൊക്കെ ഇല്ലേ…പിന്നെന്താ…”?
അച്ഛനും അമ്മയ്ക്കും എന്നെ എന്താ വേണ്ടാത്തത് എന്ന അവന്റെ ചോദ്യത്തിന് മാമന്റെ മറുപടി ആയിരുന്നു അത്….
വീടിന് പിറകിലുള്ള വഴിയിലൂടെ സജീവ് തോട്ടിലേക്ക് നടന്നു…എന്നും രാത്രി അവിടെ നിന്നായിരുന്നു അവൻ കുളിച്ചിരുന്നത്…കവുങ്ങിൻ തോപ്പിന് നടുവിലൂടെ ഒഴുകുന്ന തോട്ടിൽ വേനൽക്കാലമായാൽ വെള്ളം കുറയുമെന്നല്ലാതെ വറ്റാറില്ല…കരിങ്കൽ പടവുകളിറങ്ങി അവൻ വെള്ളത്തിൽ കാൽ കുത്തി…തണുപ്പ് ശരീരം മുഴുവൻ പടർന്നു കയറി…അടുത്തെങ്ങും വീടുകൾ ഇല്ല…
പണ്ടൊക്കെ ഇങ്ങോട്ട് വരാൻ പേടിയായിരുന്നു… കുന്നിൻ ചരുവിലെ ഓലക്കുടിലിൽ താമസിച്ചിരുന്ന ഒരു സ്ത്രീ ഇവിടെയായിരുന്നത്രെ സ്ഥിരം കുളിച്ചു കൊണ്ടിരുന്നത്…ആരോ ചതിച്ചു ഗർഭിണിയാക്കിയ അവർ വി ഷം കഴിച്ചു ആ ത്മഹത്യ ചെയ്തു…രാത്രി സമയങ്ങളിൽ ഇവിടെ നിന്ന് അലക്കുന്ന ശബ്ദം പലരും കേൾക്കാറുണ്ട് എന്ന് വീടിനടുത്തുള്ള പാറുവമ്മ പറയാറുണ്ട്..
“അതാ സുലോചനപ്പെണ്ണിന്റെ പ്രേതം തന്നാ…അല്ലെങ്കിൽ ഈ രാത്രി സമയത്ത് വേറാരാ കുളിക്കാൻ അവിടെ പോകുക?”
ചുളിവ് വീണു തുടങ്ങിയ മുഖത്തു ഭയം നിറച്ചു കൊണ്ട് പാറുവമ്മ ചോദിക്കും…
“പ്രേ തങ്ങൾക്ക് തുണി അലക്കല്ലേ പണി..? എന്റെ പാറുവമ്മേ, നിങ്ങൾക്കെവിടുന്നു കിട്ടി ഈ പൊട്ടക്കഥകൾ?”
സജീവ് പരിഹസിക്കും…പക്ഷെ പാറുവമ്മയുടെ കഥകൾ കേൾക്കാൻ അവനു വല്യ ഇഷ്ടമായിരുന്നു..അവർക്ക് മുറുക്കാൻ ഇടിച്ചു കൊടുത്തു കൊണ്ട് അവൻ ഓരോന്ന് പറയിക്കും…അതിൽ ഏറ്റവും വേദനിപ്പിച്ചത് സുലോചനയുടെ കഥ തന്നെ….അവളുടെ ഏകാന്തതയിലേക്ക് കൂട്ടായി വരുന്ന ഒരാൾ..പ്രണയമെന്ന മായാലോകത്തിലേക്ക് അവളുടെ കൈ പിടിച്ചു കൊണ്ടുപോയി തന്റെ ആവശ്യം കഴിഞ്ഞ ശേഷം ഉപേക്ഷിച്ചു കടന്ന് കളയുന്നു…വ യറിൽ ഒരു കുഞ്ഞു ജീവനുമായി ആ ത്മഹത്യ ചെയ്യുന്ന നിസ്സഹായ….പല രാത്രികളിലും ഇവിടെ വന്നിരിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് സുലോചനയെ കാണാൻ പറ്റിയിരുന്നെങ്കിലെന്ന്….നഷ്ടങ്ങളുടെ, ഒറ്റപ്പെടലിന്റെ, വേദന എത്ര ഭീകരമാണെന്ന് ഈ പ്രായത്തിനുള്ളിൽ തന്നെ അവനറിയാമായിരുന്നു….
കുളിച്ചു വീട്ടിലെത്തിയപ്പോൾ അച്ഛൻ കിടന്നിരുന്നു…മേശപ്പുറത്തു ചോറും കറികളും എടുത്തു വച്ച് അമ്മ ഇരിപ്പുണ്ട്..
“എല്ലാം തണുത്തു…നിനക്ക് ഇവിടുന്ന് കുളിച്ചാൽ പോരേ.? ഇവിടെ കിണറും മോട്ടോറും എല്ലാം ഉണ്ടല്ലോ “?
“ഇതൊക്കെ ഉണ്ടാവുന്നതിന് മുൻപ് ഞാൻ അവിടുന്നല്ലേ കുളിച്ചോണ്ടിരുന്നത്..”
സജീവ് കസേരയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അമ്മ മെല്ലെ അടുത്തിരുന്നു..
“എടാ അച്ഛന്റെ സങ്കടം കൊണ്ട് പറഞ്ഞതാ..വേറാരൊടോ കടം വാങ്ങിയിരുന്നു..അവർ വഴക്കിനു വന്നത് കൊണ്ടാ നീ തന്ന കാശ് ഞാനെടുത്തു കൊടുത്തത്…”
“എന്തിനു കടം വാങ്ങിയതാ ചീട്ട് കളിക്കാൻ അല്ലേ? “
അമ്മ ഒന്നും മിണ്ടിയില്ല…
“ഒരാൾക്ക് സഹിക്കുന്നതിനു ഒരു പരിധി ഉണ്ട്…അത് രണ്ടുപേരും ഓർത്താൽ നന്ന്..”
കഴിച്ചു മതിയാക്കി അവൻ എണീറ്റു…കൈ കഴുകി റൂമിലേക്ക് കയറുന്നതിനു മുൻപ് അമ്മയെ നോക്കി..
“ആറു വർഷത്തെ പ്രവാസ ജീവിതത്തിൽ ഉണ്ടാക്കിയത് മുഴുവനെടുത്തും പിന്നെ കുറെ കടം വാങ്ങിയുമാ ഞാനീ വീട് ഇക്കോലത്തിലെങ്കിലും ആക്കിയെടുത്തത്…ആ കടങ്ങൾ വീട്ടാൻ നെട്ടോട്ടമൊടുന്നതിനിടയിൽ ഇത്തരം ഉപകാരങ്ങൾ ചെയ്തു തരരുത് എന്ന് ആ മനുഷ്യനോട് ഒന്ന് പറഞ്ഞേക്കണേ..”
റൂമിൽ കയറി കതകടച്ച് സജീവ് മൊബൈലും എടുത്ത് കട്ടിലിൽ കിടന്നു..വെറുതെ മുഖത്തു തലോടിയപ്പോൾ കവിളിലെ കല്ലിച്ച പാടിൽ വിരൽ തട്ടി…രാവിലെ ആ പെണ്ണിന്റെ കൈമുട്ട് വന്നിടിച്ച സ്ഥലമാണ്….കുറെ നാളുകളായി അവൾ ഇതേ ബസിൽ യാത്ര ചെയ്യുന്നുണ്ട്..ഇന്നേവരെ ഒന്നും സംസാരിച്ചിട്ടില്ല…ഹൃദ്യമായ ഒരു പുഞ്ചിരി എന്നും ആ മുഖത്തു ഉണ്ടാകും….അതല്ലാതെ വേറൊന്നും ശ്രദ്ധിച്ചിട്ടില്ല..
***************
ബസിൽ അന്ന് തിരക്ക് കുറവായിരുന്നു..ഹോസ്പിറ്റലിന്റെ മുന്നിൽ നിന്നും പതിവ് പോലെ അവൾ കയറി…
“വേദന കുറവുണ്ടോ?” കവിളിലെ പാടിൽ നോക്കിയാണ് അവൾ ചോദിച്ചത്…
“ഏയ് അതൊക്കെ മാറി…” അവൻ ചിരിച്ചു
“ബസ്സിൽ വീണ ചില്ലറയെല്ലാം കിട്ടിയോ?”
“അതൊക്കെ പെറുക്കിയെടുത്തു…” അതും പറഞ്ഞു പിന്നോട്ട് നടന്ന അവൻ ഒരു നിമിഷം ആലോചിച്ചു നിന്നു…എന്നിട്ട് അവൾക്കരികിലേക്ക് മുഖം കുനിച്ചു…
“എന്താ പേര്?”
ചോദ്യം അപ്രതീക്ഷിതമായതിനാലോ എന്തോ അവൾ ഒരു നിമിഷം മൗനമായി ഇരുന്നു…എന്നിട്ട് മെല്ലെ പറഞ്ഞു
‘ശിവാനി….. “
സജീവ് ആ പേര് മനസ്സിൽ ഒന്ന് പറഞ്ഞു…എന്നിട്ട് നടക്കാൻ തുടങ്ങവേ അവൾ ചോദിച്ചു..
“ഇയാളുടെ പേരെന്താ “?
“സജീവ്..” അവൻ ആ മുഖത്തേക്ക് നോക്കി…അവളുടെ കണ്ണുകളുമായി ഇടഞ്ഞപ്പോൾ അവൻ നോട്ടം പിൻവലിച്ച് തിരിഞ്ഞു….
അതായിരുന്നു തുടക്കം… പലതിന്റെയും….
**************
രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും അച്ഛൻ വിളിച്ചു…
“മോളേ ശിവാ..” അവൾ തിരിഞ്ഞു നോക്കി
“നീ ഇത് വരെ ഒന്നും പറഞ്ഞില്ല..” അച്ഛൻ ഓർമിപ്പിച്ചു…
“ഞാനെന്ത് പറയാനാ? അച്ഛൻ ഓരോന്ന് തീരുമാനിക്കും…ഞാനൊരു വിഡ്ഢിയെ പോലെ എല്ലാത്തിനും നിന്നു തരും…അവസാനം അനുഭവിക്കുന്നത് മുഴുവൻ ഞാനൊറ്റയ്ക്കും,…”
“ഒരിക്കൽ അങ്ങനൊക്കെ സംഭവിച്ചെന്നു വച്ച്…” അച്ഛൻ പരുങ്ങി..
“വേണ്ട…ഇനി എനിക്ക് വയ്യ..എന്നെ ഒന്ന് വെറുതെ വിട്..”
അവൾ മുറ്റത്തേക്ക് ഇറങ്ങി നടന്നു…ദേഷ്യവും സങ്കടവും കൊണ്ട് അവൾക്ക് കരച്ചിൽ വന്നു…കല്യാണതലേന്ന് വരൻ സ്വന്തം അനിയത്തിയെയും കൊണ്ട് ഒളിച്ചോടുക…നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അപഹാസ്യയായി നില്കപ്പെടേണ്ടി വരിക…ആ വേദന എന്ത് കൊണ്ട് ആരും മനസ്സിലാക്കുന്നില്ല? എന്നിട്ട് ഇപ്പൊ വീണ്ടും വേറൊരാളുടെ തലയിൽ കെട്ടി വച്ച് ഭാരം ഒഴിവാക്കാൻ നോക്കുകയാണ് അച്ഛൻ…കോപത്തെ കാലുകളിലേക്ക് ആവാഹിച്ച് അവൾ ആഞ്ഞു നടന്നു. ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ നല്ല തിരക്കുണ്ട്…കണ്ണുനീർ മറ്റുള്ളവർ കാണാതിരിക്കാൻ അവൾ പാട് പെട്ടു…
ഒരു ബൈക്ക് കുറച്ചു ദൂരം പോയി തിരിച്ചു വന്ന് അവളുടെ മുൻപിൽ നിർത്തി..ഹെൽമെറ്റ് എടുത്ത് അവൻ വിളിച്ചു..
“ശിവാനീ…”
“സജീവ്… താനായിരുന്നോ? പെട്ടെന്ന് ആളെ മനസ്സിലായില്ല…”
“ഹോസ്പിറ്റലിലേക്കാണോ? കേറിക്കോ..ഞാനാവഴിക്കാ…..”
അവൻ പുഞ്ചിരിയോടെ പറഞ്ഞു. അവളൊന്ന് മടിച്ചു…
“ഇവിടെ നിന്നാൽ താനിന്ന് എത്താൻ വൈകും..ഈ സമയത്തുള്ള രണ്ടു ബസ് ഇന്ന് ഓടുന്നില്ല…വരുന്നെങ്കിൽ വാ..”
അവൾ കയറി…ഹെൽമെറ്റ് വീണ്ടും വച്ച് അവൻ ബൈക്ക് മുന്നോട്ടെടുത്തു.
“തന്റെ ബസും ഓടുന്നില്ലേ?” അവൾ ചോദിച്ചു…
“ഇല്ല..കുറച്ചു പണിയുണ്ട്…വർക്ഷോപ്പിലാ..”
“നാളെ ഉണ്ടാവുമോ?”
“ഉറപ്പില്ല…”
പിന്നെ അവളൊന്നും മിണ്ടിയില്ല. ബൈക്ക് ഹോസ്പിറ്റലിന്റെ മുന്നിലെത്തി..
“തന്റെ ഫോൺ നമ്പർ തരുമോ? നാളെ ബസ് ഓടുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാനാ…” ചെറിയ മടിയോടെ അവൾ ചോദിച്ചു. സജീവ് നമ്പർ കൊടുത്തു. അതിന് ശേഷം അവളെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് ബൈക്ക് ഓടിച്ചു പോയി.
**************
“സജീവേ, നിന്നെ ഇഷ്ടമായത് കൊണ്ടും നിന്റെ അവസ്ഥ അറിയുന്നത് കൊണ്ടുമാ ഇത്രയും അവധി തന്നത്..എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ആയി…എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പ്രശ്നമാകും…”
ബാങ്ക് മാനേജർ ഷഫീഖ് അവസാനവാക്കെന്നപോലെ പറഞ്ഞു നിർത്തി…
“അങ്ങനെ പറയല്ലേ സാറേ…എന്തെങ്കിലുമൊന്ന് ചെയ്തു താ.. “
അവൻ കെഞ്ചി…ഷഫീഖിന് സഹതാപം തോന്നി…
“ഒരു വഴിയുണ്ട്…അതെ ഉളളൂ..”
സജീവ് അയാളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.
“നിനക്കൊരു ചേച്ചി ഇല്ലേ? അത്യാവശ്യം ഗോൾഡ് ഒക്കെ ഉണ്ടാവുമല്ലോ..അവളോട് അത് വാങ്ങി പണയം വച്ച് ഈ ലോൺ ക്ലോസ് ചെയ്യുക..എന്നിട്ട് വീടിന്റേം സ്ഥലത്തിന്റേം ആധാരം എടുക്കുക…അത് വച്ച് വീണ്ടും ഒരു ലോൺ എടുക്കുക..ആ കാശ് കൊണ്ട് ഗോൾഡ് എടുത്ത് അവൾക്ക് തിരിച്ചു കൊടുക്കുക..പുതിയ ലോണിന് മാസം നിനക്ക് താങ്ങാൻ പറ്റുന്ന അടവേ ഉണ്ടാകൂ…അതൊക്കെ ഞാൻ ശരിയാക്കി തരാം.. “
അവന്റെ പ്രതീക്ഷ അസ്തമിച്ചു..
“വേറൊരു വഴിയുമില്ലേ?”
“എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരേയൊരു വഴി ഇതാണ്..നീ വീട്ടുകാരോട് ഒന്ന് ആലോചിച്ചു നോക്ക്..നിന്റെ ചേച്ചിക്ക് കൂടി അവകാശപ്പെട്ട വീടല്ലേ..അപ്പൊ അവൾക്കും ഉത്തരവാദിത്തം ഉണ്ട്….ഒന്നോ രണ്ടോ മാസത്തേക്ക് അവളുടെ സ്വർണം കടമായി തരുന്നതാണോ അതോ വീടും പറമ്പും ബാങ്ക് കൊണ്ടു പോകുന്നതാണോ നല്ലത് എന്ന് ആലോചിക്കാൻ പറ…..”
സജീവ് യാത്ര പറഞ്ഞു പുറത്തിറങ്ങി.. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ…അവനു സ്വയം പുച്ഛം തോന്നി…എന്തിനീ ഭാരം തനിയെ ചുമക്കുന്നു? അന്നേ മഹേഷേട്ടൻ പറഞ്ഞിരുന്നു..
“എടാ, നിന്റെ അച്ഛനും അമ്മയും നന്ദിയില്ലാത്തവരാ…പുതിയ വീട് കെട്ടണമെങ്കിൽ നിന്റെ പേരിൽ സ്ഥലം വാങ്ങി അവിടെ കെട്ട്..ഇല്ലെങ്കിൽ നാളെ നീ ദുഖിക്കും..”
അന്നത് കേട്ടില്ല..പഴയ ഒറ്റമുറി വീട് പൊളിച്ചു കളഞ്ഞ് പുതിയ വീട് തീർത്തു..ഒരിക്കൽ പോലും സ്നേഹത്തോടെ സംസാരിച്ചിട്ടില്ലാത്ത ചേച്ചിയുടെ കല്യാണത്തിന് വേണ്ടി അത് പണയം വച്ച് കടം വാങ്ങി…ഇന്നാ കടം തീർക്കാൻ നെട്ടോട്ടം ഓടുന്നു…ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ ഫോൺ അടിച്ചു..
“സജീവ്…ഇത് ഞാനാ ശിവാനി..” മധുരമായ സ്വരം..
“താനായിരുന്നോ? പറഞ്ഞോ.”
“ഫോൺ നമ്പർ ചോദിച്ചതിൽ തെറ്റായൊന്നും കരുതിയെക്കല്ലേ….സത്യമായിട്ടും ബസിന്റെ കാര്യം ചോദിക്കാൻ വേണ്ടിയാ…തന്റെ ബസ് ഇല്ലെങ്കിൽ രണ്ടു ബസ് മാറി കേറണം…അതോണ്ടാ..”
“അതിന് ഞാൻ വേറൊന്നും വിചാരിച്ചില്ലല്ലോ..”
“അതല്ല…പെട്ടെന്നൊരു ദിവസം ഒരു പെണ്ണ് നമ്പർ വാങ്ങുമ്പോ….” അവൾ പാതിയിൽ നിർത്തി…
“എടോ അങ്ങനെ വേറൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാനുള്ളത്..തന്റെ ഭയം മനസ്സിലായി..വണ്ടിപ്പണിക്കാരൊക്കെ മോശം സ്വഭാവക്കാരല്ല…അങ്ങനെയുള്ളവർ ഉണ്ടാകും..അത് എല്ലാ ഫീൽഡിലും ഉണ്ട്…താൻ എന്നെ എന്തായാലും പേടിക്കണ്ട… “
“ഏയ് ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല…അത്തരം ഒരു ചിന്താഗതി ഉണ്ടായിരുന്നെങ്കിൽ ഇയാളുടെ ബൈക്കിൽ കേറില്ലായിരുന്നു…”
“അത് മതി…ങാ പിന്നേ, നാളെ ഉച്ചക്ക് മുൻപ് പണി തീർന്നാൽ വൈകിട്ടത്തെ ട്രിപ്പ് ഓടും…എന്തായാലും തന്റെ നമ്പർ ഉണ്ടല്ലോ…ഞാൻ വിളിച്ചോളാം…”
അവൻ ഫോൺ കട്ട് ചെയ്തു..ലഞ്ച് ബോക്സും തുറന്നു വച്ച് ഫോണും നോക്കി ചമ്മലോടെ ഇരിക്കുന്ന ശിവാനിയോട് മുബീന ചോദിച്ചു,
“എന്താടീ…? എന്ത് പറ്റി?”
“ശ്ശേ…വെറുതെ ചമ്മി…”
“ആരാ ? മറ്റേ കണ്ടക്ടർ ആണോ?”
“അതെ…വെറുതെ തെറ്റിദ്ധരിക്കണ്ട എന്ന് കരുതി വിളിച്ചതാ….പണി പാളി…”
“എനിക്കവനെ നേരത്തെ അറിയാം..ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ റൂട്ടിൽ ഓടുന്ന സൗപർണിക ബസിൽ ആയിരുന്നു…എല്ലാരോടും നല്ല പെരുമാറ്റമാ…പിന്നെ ഗൾഫിലെങ്ങാണ്ട് പോയി…തിരിച്ചു വന്നതിനു ശേഷമാ നിന്റെ അങ്ങോട്ടുള്ള ബസിൽ ജോലി തുടങ്ങിയത്..പണ്ടേ ഞാനവനെ ശ്രദ്ധിച്ചിട്ടുണ്ട്…അത്രേം സുന്ദരികൾ കേറുന്ന ബസ്സായിട്ടും ആരെയും മൈൻഡ് ചെയ്യാറില്ല…പിന്നാ നിന്നെ…”
“അതെന്താടീ…ഞാനത്ര മോശമാണോ?”
ശിവാനി ചുണ്ടുകൾ കൂർപ്പിച്ച് അവളെ നോക്കി…
“ഏയ്…നീ ഈ ഹോസ്പിറ്റലിലെ നയൻ താര അല്ലേ?” മുബീന അവളുടെ കവിളിൽ നുള്ളിക്കൊണ്ട് എഴുന്നേറ്റു.
************
“അതൊന്നും ശരിയാവില്ല…നീ വേറെ വല്ല വഴിയുമുണ്ടോ എന്ന് നോക്ക്. കല്യാണം കഴിഞ്ഞു പോയ പെണ്ണിന്റെ ആഭരണങ്ങൾ തിരിച്ചു ചോദിക്കാനോ..നല്ല കാര്യം..!!”
അമ്മ തീർത്തു പറഞ്ഞതും സജീവിന്റെ നിയന്ത്രണം വിട്ടു..
“നിങ്ങള് പറയുന്നത് കേട്ടാൽ തോന്നും അവളുടെ സ്വർണം എനിക്ക് വിറ്റ് ക ള്ളു കു ടിക്കാനാണെന്ന്…വീട് ജപ്തി ചെയ്തു പോകേണ്ടെങ്കിൽ ഇതേ ഉള്ളൂ ഒരു വഴി…ഇനി ഇതൊന്നും ഒറ്റയ്ക്ക് ചുമക്കാൻ എന്നെകൊണ്ട് പറ്റില്ല…അല്ലെങ്കിലും എനിക്കിതിന്റെ ആവശ്യമൊന്നുമില്ല..നിങ്ങളെല്ലാം അവൾക്ക് മാത്രമേ കൊടുത്തിട്ടുള്ളൂ…സ്നേഹം, പരിഗണന, എല്ലാം.. ഞാൻ വെറുമൊരു കറവപ്പശു അല്ലേ? മര്യാദക്ക് ലോൺ അടച്ചു വരുകയായിരുന്നു..അപ്പൊ നിങ്ങള് ഓരോ ആവശ്യങ്ങൾ പറഞ്ഞു കാശ് വാങ്ങും…എന്റെ കൈയിൽ നോട്ട് അടിക്കുന്ന മെഷീൻ ഒന്നുമില്ല…ഞാൻ ഒരു ബസ് കണ്ടക്ടറാ…”
“ഗൾഫിലെ ജോലി കളഞ്ഞിട്ട് വരാൻ നിന്നോട് ഞങ്ങൾ പറഞ്ഞോ?” അത് വരെ മിണ്ടാതിരുന്ന അച്ഛൻ വാ തുറന്നു…എന്തോ പറയാൻ കൈ ചൂണ്ടിയ അവൻ അത് വേണ്ടെന്നു വച്ചു…എന്നിട്ട് പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു…എന്നിട്ട് റോഡിലേക്ക് ഇറങ്ങി..എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി…
*************
ബീച്ചിൽ പൂഴിമണലിൽ കടലിലേക്ക് നോക്കിയിരിക്കുകയായിരുന്നു ശിവാനി..രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങിയതാണ്. പക്ഷെ മനസ്സ് ശരിയല്ലാത്തത് കൊണ്ട് ലീവ് എടുത്തു…കുറച്ച് കൗമാരക്കാർ ഫുട്ബോൾ കളിക്കുന്നുണ്ട്…കുറച്ച് അപ്പുറം ഇണക്കുരുവികളെ പോലെ രണ്ടുപേർ കുടക്കീഴിൽ ചേർന്നിരിക്കുന്നു….
“ഹലോ “
ഒരു വിളി കേട്ട് അവൾ തല തിരിച്ചു നോക്കി..കപ്പലണ്ടി കൊറിച്ചു കൊണ്ട് സജീവ്..അവൾ ചാടി എണീറ്റു..
“തനിക്കു വട്ടുണ്ടോ?” അവൻ ചോദിച്ചു..
“എന്തേ?”
“അല്ല, ഈ പൊരിവെയിലത്ത് ഇവിടിരിക്കുന്നത് കണ്ട് ചോദിച്ചതാ…”
“അപ്പോ താനെന്തിനാ ഈ വെയിലത്തു ഇങ്ങോട്ട് വന്നേ?”
“ഞാനാ മരത്തണലിൽ ഇരിക്കുകയായിരുന്നു..അപ്പോഴാ ഇയാളെ കണ്ടത്..അതോണ്ട് വന്നതാ…വാ അങ്ങോട്ട് പോകാം…വെയില് കൊണ്ടാൽ ഗ്ലാമർ പോകും…”
അവൾ ചിരിയോടെ അവന്റെ കൂടെ നടന്നു. തണൽ വിരിച്ചു നിൽക്കുന്ന മരത്തിനു കീഴെ മുള കൊണ്ട് ഉണ്ടാക്കിയ ബഞ്ചിൽ അവർ ഇരുന്നു. അവൻ കപ്പലണ്ടി കുറച്ച് കൈയിൽ തട്ടി അവൾക്കു നേരെ നീട്ടി.. അവൾ വാങ്ങി..
“ഇന്ന് ലീവാണോ?”
“ലീവെടുത്തു…ഒരു മൂഡില്ല…തന്റെ ബസ് ഇനിയും ശരിയായില്ലേ?”
“ഇന്ന് വൈകുന്നേരം ഇറക്കും..ദാ, ആ റോഡിന്റെ അപ്പുറമാ വർക്ക് ഷോപ്പ്..കുറെ നേരമായി അവിടെ ഇരുന്നു ബോറടിക്കുന്നു..അതാ ഇങ്ങോട്ടേക്കു വന്നത്.”
അവൻ കപ്പലണ്ടി വായിലിട്ടു കൊണ്ട് കടലിലേക്ക് നോക്കി…
“സജീവിന് ആരൊക്കെ ഉണ്ട്?”
“അച്ഛൻ, അമ്മ, ചേച്ചി..തനിക്കോ?”
“അച്ഛനും അനിയത്തിയും..അമ്മ മരിച്ചു പോയി..”
“അനിയത്തി പഠിക്കുവാണോ?”
“ആയിരുന്നു…കല്യാണം കഴിഞ്ഞു പോയി..”
“അതെന്താ? ചേച്ചി നിൽകുമ്പോൾ അനിയത്തിയുടെ കല്യാണം കഴിഞ്ഞേ?”
ശിവാനി ഒന്നും മിണ്ടിയില്ല…അവൻ വല്ലാതായി….
“സോറി…ചോദിച്ചത് ഇഷ്ടമായില്ലെങ്കിൽ വിട്ടേക്ക്…”
അവൾ വേദനയോടെ ഒന്ന് ചിരിച്ചു..
“സാരമില്ല…ഈ ചോദ്യം കേട്ട് ശീലമായി…പെണ്ണ് കാണാൻ വരുന്നവരൊക്കെ സ്ഥിരം ചോദിക്കുന്നതാ…ചേച്ചി കല്യാണം കഴിയാതെ നില്കുന്നത് എന്തോ കുഴപ്പം കൊണ്ടാണെന്നാ എല്ലാരും ചിന്തിക്കുന്നേ..”
“അയ്യോ..സത്യമായും ഞാനാ അർത്ഥത്തിൽ ചോദിച്ചതല്ല..തനിക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി…അധികം കൂട്ടുകാരൊന്നും എനിക്കില്ല…ആകെ ഉള്ളത് എന്റെ കസിൻ മഹേഷേട്ടനും പിന്നെ നമ്മുടെ ബസിലെ ഡ്രൈവർ ഹരീഷും മാത്രമാ….തന്നോട് ഒരു സൗഹൃദം തോന്നി..അതോണ്ട് ചോദിച്ചതാ “
“ഏയ്..പറയാൻ ബുദ്ധിമുട്ടൊന്നും ഇല്ല..രണ്ടു വർഷം മുൻപ് എന്റെ വിവാഹം തീരുമാനിച്ചു. വരൻ തമിഴ്‌നാട്ടിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു…സന്ദീപ് എന്നാ പേര്..വന്നു, കണ്ടു, ഇഷ്ടപ്പെട്ടു…അവസാനം വിവാഹത്തിന്റെ തലേന്ന് രാത്രി സന്ദീപും എന്റെ അനിയത്തി ഗായത്രിയും ഒളിച്ചോടി..”
ശിവാനി നോക്കുമ്പോൾ സജീവ് വായും പൊളിച് അവിശ്വസനീയതയോടെ ഇരിക്കുകയാണ്…
“എന്താണ് സംഭവിച്ചതെന്നു എനിക്ക് മനസിലായില്ല…നിശ്ചയം നടത്തി മൂന്നു മാസം കഴിഞ്ഞായിരുന്നു കല്യാണം..ആ മൂന്നു മാസത്തിനുള്ളിൽ ഗായത്രിയും സന്ദീപും വല്ലാതെ അടുത്തെന്ന് പിന്നീടാണ് അറിഞ്ഞത്..എന്നെക്കാളും പഠിപ്പും സൗന്ദര്യവും അവൾക്കുണ്ട്..ഞാൻ വെറുമൊരു നേഴ്സ് അല്ലേ? അവര് തന്നെയാ ചേരേണ്ടത്..വീട്ടുകാരെ ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു..എനിക്കവരോട് ദേഷ്യമൊന്നും തോന്നിയില്ല…എന്നാലും എന്നോട് പറയാരുന്നു…ഞാൻ പൂർണമനസ്സോടെ ഒഴിഞ്ഞു മാറിയേനെ…അവളെ എന്റെ കുഞ്ഞിനെപ്പോലെയാ വളർത്തിയത്….അമ്മ ഇല്ലാത്ത കുറവ് അറിയിച്ചിട്ടേയില്ല..അവളുടെ സന്തോഷമായിരുന്നു എന്നും എനിക്ക് വലുത്…ഇങ്ങനൊരു ആഗ്രഹം മനസ്സിൽ തോന്നിയെങ്കിൽ എല്ലാരേയും സമ്മതിപ്പിച്ചു നടത്തി കൊടുക്കുമായിരുന്നു…വെറുതെ ഞാൻ കുറേ ആശിച്ചു…കുറേ സ്വപ്‌നങ്ങൾ കണ്ടു…”
അവളുടെ കണ്ണുകൾ തുളുമ്പി…വേഗം ഷാൾ കൊണ്ട് അവൾ അത് തുടച്ചു…ഇത്തരം ഒരു കഥ പ്രതീക്ഷിച്ചില്ലാത്തത് കൊണ്ട് സജീവിന് വല്ലാതെ വിഷമമായി..
“എന്റെ കഥ പറഞ്ഞു ഞാൻ തന്നെ ബോറടിപ്പിച്ചു അല്ലെ?”
“ഏയ്…നഷ്ടങ്ങളുടെ വേദന നല്ലോണം അറിയുന്നവനാ ഞാൻ..അതുകൊണ്ട് മനസ്സിലാവും..പക്ഷെ താൻ പറഞ്ഞ ഒരുകാര്യം തീരെ ഇഷ്ടപ്പെട്ടില്ല..”
“എന്ത്??”
“താൻ വെറും ഒരു നേഴ്സ് ആണെന്ന് പറഞ്ഞില്ലേ? എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മഹത്തരമായ ജോലിയാണത്…പണ്ട് ഒമാനിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിട്ട് കിടന്ന സമയത്ത് എന്നെ പരിചരിച്ച ഒരു നേഴ്‌സ് ഉണ്ടായിരുന്നു…തിരുവല്ലക്കാരി, ലിസി ചേച്ചി..ഒരമ്മ കുഞ്ഞിനെ നോക്കുമ്പോലെയാ എന്നെ നോക്കിയത്…മരുന്നിന്റെ കൂടെ ചേച്ചി പകർന്ന് തന്ന ആത്മവിശ്വാസവും ധൈര്യവും കാരണമാ ഞാനിന്നു തന്റെ മുന്നിൽ നില്കുന്നത്..ഭൂമിയിലെ മാലാഖമാർ എന്ന് നിങ്ങളെ വിളിക്കുന്നത് എന്ത് കൊണ്ടാണെന്ന് അന്നെനിക്ക് മനസ്സിലായി…അത് കൊണ്ട് ഒരിക്കലും തന്റെ പ്രൊഫഷനെ വിലകുറച്ചു കാണരുത്..എനിക്ക് ഇഷ്ടമല്ല…”
ശിവാനി അവനെ സ്നേഹത്തോടെ നോക്കി…
“തനിക്കു ആക്സിൻഡന്റ് ആയോ..?”
“ങാ…ഓടിച്ചിരുന്ന ട്രക്ക് വേറൊരു വണ്ടിയുമായി ഇടിച്ചു…വെട്ടിപ്പൊളിച്ചു എന്നെ പുറത്തെടുത്തപ്പോൾ ബോധമൊന്നും ഉണ്ടായിരുന്നില്ല .8 മാസത്തോളം ഹോസ്പിറ്റലിൽ കിടന്നു..അതിന്റെ പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട്.. ഇടക്ക് കാഴ്ചയ്ക്ക് മങ്ങൽ വരും…ചിലപ്പോൾ തലപൊട്ടി തെറിക്കും പോലെ തലവേദനയും…മരുന്നു കഴിക്കുന്നുണ്ട്.”
അവൻ ഒന്ന് നിശ്വസിച്ചു..
“ചിലപ്പോൾ തോന്നും, അന്ന് ചത്താൽ മതിയാരുന്നു എന്ന്…വീട്ടുകാർക്ക് കുറച്ചു കാശും കിട്ടും, എനിക്ക് മനസമാധാനവും…”
ശിവാനി അവന്റെ തോളിൽ ഒന്നടിച്ചു…
“അങ്ങനൊന്നും പറയരുത്…താൻ മരിച്ചിട്ട് കാശ് കിട്ടിയിട്ട് അവരെന്താക്കാനാ?.”
സജീവ് കടലിലേക്ക് തന്നെ നോക്കി…
“അവർക്ക് എന്നും പണം മതി…പണത്തിനുമുപരിയായി എന്നെ സ്നേഹിച്ചിരുന്ന ഒരാൾ എന്റെ അമ്മാവനായിരുന്നു…ശരിക്കും പറഞ്ഞാൽ അമ്മാവനാണ് എന്റെ അച്ഛനും അമ്മയുമെല്ലാം..ഞാൻ ആക്‌സിഡന്റ് ആയി കിടന്ന സമയത്താ അദ്ദേഹം മരിച്ചത്..അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല…”
അവന്റെ ശബ്ദം ഇടറി…
“പിന്നെ ഉള്ളത് മഹേഷേട്ടൻ….അമ്മാവന്റെ മോനാ..ഇപ്പൊ മധുരയിൽ താമസിക്കുന്നു..ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവരൊക്കെ വളരെ കുറവാ..”
സജീവ് എഴുന്നേറ്റു…കൂടെ അവളും..
“സോറി സജീവ് ” റോഡിലേക്ക് നടക്കുന്നതിനിടയിൽ അവൾ അവനോട് പറഞ്ഞു….
“എന്തിന്?”
“ഇന്നലെ ഫോണിൽ അങ്ങനെ പറഞ്ഞതിന്….വേറൊന്നും കൊണ്ടല്ല..തനിക്കു മുൻപേ ഈ ബസിലെ കണ്ടക്ടർ എപ്പോഴും എന്നോട് നമ്പർ ചോദിക്കും, പിന്നെ വല്ലാത്തൊരു നോട്ടവും….അതൊക്കെ കൊണ്ടാ…”
“അതിനുള്ള മറുപടിയും ഇന്നലെ തന്നെ ഞാൻ പറഞ്ഞിരുന്നല്ലോ…എല്ലാരേയും ഒരുപോലെ കാണരുത്..ഞാൻ ശിവാനിയെ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായില്ലേ? ഇന്നേ വരെ എന്റെ നോട്ടത്തിലോ പെരുമാറ്റത്തിലോ പ്രശ്നമുള്ളതായി തോന്നിയിട്ടുണ്ടോ?”
അവൾ ഇല്ലെന്നു തലയാട്ടി…
“സത്യത്തിൽ എനിക്ക് തന്നെ വല്യ ഇഷ്ടമാ..താൻ നേഴ്സ് ആണെന്ന് അറിഞ്ഞതിനു ശേഷമാണോ എന്നറിയില്ല..ഞാനും തന്നെ ശ്രദ്ധിക്കാറുണ്ട്..ബസിൽ കയറി എവിടെയോ ആലോചിച്ചു ഇരിക്കുന്നതും ഇറങ്ങിയിട്ട് സ്വപ്നത്തിലെന്ന പോലെ നടന്നു പോകുന്നതുമെല്ലാം ഞാനും നോക്കാറുണ്ട്…ഒരു ദിവസം താൻ വരാതിരുന്നാൽ എന്തോ സങ്കടം വരും..ആ പേരും പറഞ്ഞു ഹരീഷ് കളിയാക്കാറുമുണ്ട്..എന്ന് വച്ച് താൻ പേടിക്കണ്ട…ഞാൻ പ്രൊപ്പോസ് ചെയ്യാനൊന്നും പോകുന്നില്ല… ഇഷ്ടം എന്നതിന് ഒരർത്ഥം മാത്രമല്ലല്ലോ..”
ശിവാനിക്ക് വാക്കുകളൊന്നും കിട്ടിയില്ല…അത് വഴി വന്ന ഒരു ഓട്ടോ അവൻ കൈ കാണിച്ചു നിർത്തി…
“താൻ ബസ്റ്റാൻഡിലേക്ക് അല്ലേ?”
അവൾ തലയാട്ടി കൊണ്ട് ഓട്ടോയിൽ കയറി…
“നാളെ ബസ് എന്തായാലും ഉണ്ടാകും കേട്ടോ..? ഞാൻ വിളിച്ചോളാം ഇപ്പൊ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ?”
അവളുടെ മറുപടിക്ക് കാത്തു നില്കാതെ അവൻ ഓട്ടോ ഡ്രൈവറോട് പറഞ്ഞു..
“ചേട്ടാ…ഒന്ന് ബസ്റ്റാൻഡിൽ ഇറക്കി വിട്ടേക്ക്…”
ഓട്ടോ കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൾ വെറുതെ തിരിഞ്ഞു നോക്കി….അവൻ നടന്നകലുന്നു…എത്ര പെട്ടെന്നാണ് ഒരാൾ ഹൃദയത്തിലേക്ക് കടന്ന് വരുന്നതെന്ന് അത്ഭുതത്തോടെ അവൾ ചിന്തിച്ചു…
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….