ജനലിൽക്കൂടി നോക്കിയപ്പോൾ അലക്കിയ തുണികൾ ഊരി പിഴിഞ്ഞിടുന്ന ആങ്ങള, ശ്രീജിത്തിനെ കണ്ടിട്ട് ശ്രുതിക്ക് സഹിക്കുന്നില്ല…

Story written by Shincy Steny Varanath

=============

അമ്മേ…ഒരു ചായ തരുവോ?

ഞാനൊരു പണിയിലാണ് നീ വേണമെങ്കിൽ എടുത്ത് കുടിക്ക്. നിൻ്റെ മോള് എഴുന്നേറ്റില്ലെ?

സ്വന്തം വീട്ടിൽ ഇന്നലെ വന്നതാണ് ശ്രുതിയും മോളും…

അമ്മയ്ക്കെനിക്കൊരു ചായ എടുത്ത് തരാനും കൂടി പറ്റില്ലെ?സീമേച്ചിയെന്തിയെ? അമ്മതന്നയാണൊ അടുക്കള പണിയെല്ലാം?

അവളിത്രയും നേരം ഇവിടുണ്ടായിരുന്നു, കറിക്കൊക്കെ അരിഞ്ഞ് വെച്ച് കഴിഞ്ഞപ്പോൾ അവര് രണ്ടും കൂടി തുണിയലക്കിയിടാൻ പോയതാണ്… 9 മണിയാകുമ്പോഴെയ്ക്കും അവർക്ക് ജോലിക്ക് പോകണ്ടെ…അപ്പോഴെയ്ക്കും ഞാനീ കറിയൊക്കെയൊന്ന് വയ്ക്കട്ടെ…

സീമേച്ചി ഭാഗ്യവതിയാണല്ലോ…എനിക്കാണെങ്കിൽ സുമേഷേട്ടൻ്റെ അമ്മ ഒന്നിനും കൂടില്ല. ഞാൻ തന്നെ വേണം എല്ലാം ചെയ്യാൻ…ഇവിടെ ശ്രീയേട്ടൻ തുണിയലക്കാനെല്ലാം അവളുടെ കൂടെകൂടുല്ലേ…സുമേഷേട്ടൻ ഒന്നും ചെയ്യില്ല. അല്ലേലും ആണുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നത് നാണക്കേടല്ലേ…സീമേച്ചിയ്ക്ക് അങ്ങനത്തെ നാണമൊന്നുമില്ലല്ലേ…

ജനലിൽക്കൂടി നോക്കിയപ്പോൾ അലക്കിയ തുണികൾ ഊരി പിഴിഞ്ഞിടുന്ന ആങ്ങള, ശ്രീജിത്തിനെ കണ്ടിട്ട് ശ്രുതിക്ക് സഹിക്കുന്നില്ല.

ശ്രീയോട് അങ്ങനത്തെ അനാവശ്യ നാണമൊന്നും വേണ്ടാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…നീ കുറ്റം പറഞ്ഞിരിക്കാതെ, ചായയെടുത്ത് കുടിക്കാൻ നോക്ക്…ചെല്ല്…കാര്യം പിടികിട്ടിയ അമ്മ ഒന്ന് ശബ്ദമുയർത്തി.

നീയെന്താടി ഇന്ന് ലീവെടുത്ത് ഇങ്ങോട്ട് വന്നത്? പതിവില്ലാത്ത ഏർപ്പാടായതു കൊണ്ട് ചോദിച്ചതാണെ…സീമയും ശ്രീയും ജോലിക്ക് പോയതിന് ശേഷം, ചുറ്റിപ്പറ്റി നിൽക്കുന്ന ശ്രുതിയോട് സുമതി ചോദിച്ചു.

ഒന്നുമില്ലന്നേ…നിങ്ങളെയൊക്കെ കാണെണമെന്ന് തോന്നി…അതു കൊണ്ടിങ്ങ് പോന്നു…

അതേ അമ്മേ…കഴിഞ്ഞ ദിവസം ശ്രീയേട്ടൻ സുമേഷേട്ടെനെ വിളിച്ചപ്പോൾ, ടൗണിൽ രണ്ട് കടമുറി വാങ്ങുന്ന കാര്യം പറഞ്ഞല്ലോ…അത് ശരിയായൊ…

ആ… കുറച്ച് പേപ്പറുകളൊക്കെ ശരിയാകാനുണ്ടെന്ന് പറയുന്ന കേട്ടു…ഈ മാസം തന്നെ റജിസ്റ്റർ ചെയ്യാന്ന പറഞ്ഞത്.

ആണോ…പത്ത് 40 ലക്ഷമാകുമെന്ന് സുമേഷേട്ടനോട് പറഞ്ഞു. എവിടുന്നാമ്മേ അവനിത്രയും കാശ്? ശ്രുതിയുടെ സ്വരത്തിൽ ആകാംക്ഷ നിറഞ്ഞു.

അവരുടെ കൈയിൽ കുറച്ച് സേവിംഗ്സ് ഉണ്ടായിരുന്നു. പിന്നെ കുറച്ച് ലോണുണ്ട്. സീമേടെ കൈയിലുള്ള കുറച്ച് സ്വർണ്ണം വിൽക്കാന്ന് സീമയും പറഞ്ഞു. എല്ലാം കൂടിയാകുമ്പോൾ ആകുമെന്നാണ് അവൻ്റെ കണക്കുകൂട്ടൽ എന്നാണ് പറഞ്ഞത്.

അതേല്ലെ…സുമേഷേട്ടൻ പറഞ്ഞു, സീമേച്ചിടെ വീട്ടിൽ നല്ല കാശുള്ള കൊണ്ട് അവരിഷ്ടം പോലെ കൊടുക്കുന്നുണ്ടാകുമെന്ന്…നമ്മുക്കും ഇതുപോലെ തന്നു സഹായിക്കാനുണ്ടായിരുന്നെങ്കിൽ വീടിനോട് ചേർന്ന് കുറച്ച് സ്ഥലം കിടപ്പുണ്ട്, അത് വാങ്ങിച്ചിടാമായിരുന്നെന്ന് അവിടുത്തെ അമ്മ പറഞ്ഞപ്പോൾ ഞാൻ നാണംകെട്ട് പോയി. എന്തായാലും ശ്രീയേട്ടന് യോഗമുണ്ട്. ടൗണിൽ രണ്ട് കടമുറി സ്വന്തമായില്ലേ…ഇനി അതിൻ്റെ വാടകയുമായി…

ഓഹോ…നീ വന്നപ്പോഴെ ഞാൻ കരുതി എന്തെങ്കിലും കുനിഷ്ടുമായിട്ടായിരിക്കുമെന്ന്…അല്ലെങ്കിൽ അവര് നിന്നെയിങ്ങോട്ട് വിടില്ലല്ലോ…അവര് പറയുന്നതിനെല്ലാം നല്ല മറുപടി കൊടുക്കാതെ നാണം കെടാൻ നിന്നാൽ ഇനിയെന്നും നാണം കെടണ്ടി വരും. പിന്നെ, ശ്രീ സുമേഷിനെപ്പോലെയല്ല, അവനിത്വരെ അവളുടെ വീട്ടീന്ന് ഒന്നും കൊണ്ടുവരാൻ പറഞ്ഞ് വിട്ടിട്ടില്ല. അവര് അവരുടെ മോൾക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ഇതുവരെ അവളുടെ കൈയിൽ തന്നെയുണ്ട്. അവള് ജോലി ചെയ്യുന്നതും അവൻ പിടിച്ച് വാങ്ങീട്ടില്ല. ATM കാർഡ് അവളുടെ കൈയിൽ തന്നെയാണുള്ളത്. അവളുടെ ഇഷ്ടത്തിന് ഉപയോഗിക്കാനുള്ള അവകാശവും അവൾക്കുണ്ട്. അതുപോലെ വേറൊര് കാര്യം, അവനല്ല, നിൻ്റെ നാത്തൂനാണ് വാങ്ങുന്ന കടമുറിയുടെ മുതലാളി. അവളുടെ പേരിൽ രജിസ്റ്റർ ചെയ്താൽ മതീന്ന് ഞാനാ പറഞ്ഞത്.

അയ്യോ…അതെന്നാ പണിയാമ്മേ…നമ്മുടെ നാട്ടിലൊക്കെ ആണുങ്ങളുടെ പേരിലല്ലെ എല്ലാം രജിസ്റ്റർ ചെയ്യുന്നത്. അമ്മേടെ പേരിൽ ഇത്രയും കാലമായിട്ടും എന്തെങ്കിലും ഉണ്ടോ…

ആ…അതുകൊണ്ട് തന്നെയാണ് ഇത് അവളുടെ പേരിൽ തന്നെ വേണമെന്ന് പറഞ്ഞത്. ഇവിടെ നിങ്ങളുടെ അച്ഛൻ ഞാൻ വന്നതിന് ശേഷം വാങ്ങിയ സ്ഥലത്തിനും വീടിനുമൊക്കെ ചിലവാക്കിയ കാശിൽ എൻ്റെ സ്വർണ്ണവും പെട്ടിട്ടുണ്ട്. അവസാനം നിന്നെ കെട്ടിക്കാൻ സ്വർണ്ണമൊപ്പിക്കുന്ന കൂട്ടത്തിൽവരെ എൻ്റെ രണ്ട് വളപെട്ടിട്ടുണ്ട്. അവസാനം നിങ്ങള് നോക്കുമ്പോൾ അമ്മയ്ക്കൊന്നുമില്ല സ്വന്തമായിട്ട്. രണ്ട് വളയും കമ്മലും ഈ കുഞ്ഞ് മാലയുമുണ്ട് ആകെ…ഈ മാലപോലും പല ആവശ്യത്തിനും എടുത്തെടുത്ത് ചെറുതായി ഈക്കോലത്തിലായതാണ്. അന്നത്തെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിന്നെ കെട്ടിച്ച് വിട്ടപോലെ തന്നെ, എൻറ ഭാഗം തന്ന് തന്നെയാണ് എന്നെയും ഇങ്ങോട്ട് വിട്ടത്. ഇപ്പോൾ സ്വത്ത് മുഴുവൻ നിങ്ങടെ അച്ഛനുണ്ടാക്കിയത്. എൻ്റെ ഭാഗം ഇതിനിടയിൽ പല ആവശ്യങ്ങൾക്കും മുങ്ങിപ്പോയി. എൻ്റെ ഗതി സീമയ്ക്ക് വരണ്ടാന്ന് ഞാനും തീരുമാനിച്ചു. അവനും എൻ്റെ അഭിപ്രായത്തോട് എതിർപ്പില്ല. അവൻ്റെ പേരിൽ വീടും സ്ഥലവുമുണ്ട്, അവൾക്കും എന്തെങ്കിലും വേണം. നാട്ടുനടപ്പൊക്കൊ നമ്മളു വിചാരിച്ചാൽ മാറ്റാവുന്ന കാര്യമെയുള്ളുട്ടോ…

എന്നാലും…ഇതറിയുമ്പോൾ സുമേഷേട്ടനും അമ്മയുമൊക്കെ എന്തു പറയുന്നാ…

എന്തു പറയാൻ, നീയും പറയണം ഇനി ഇതൊക്കെയൊരു നാട്ടുനടപ്പായി കണക്കാക്കാൻ…

പറഞ്ഞോണ്ടങ്ങോട്ട് ചെന്നാൽ മതി, ഇവിടുന്ന് കിട്ടിയത് പോരാന്ന് പറഞ്ഞോണ്ടിരിക്കുവ അവര്…എനിക്ക് തന്നയത്രയൊന്നും സുമേച്ചിയ്ക്ക് കിട്ടിയില്ലേലും ഏടത്തിടെ ഒരു ഭാഗ്യം…

നിൻ്റെ നാക്ക് ഞങ്ങളുടെ അടുത്ത് മാത്രമേ പൊങ്ങത്തുള്ളോ…ആവശ്യത്തിലധികം ഒന്നും വേണ്ട, നിന്നെ മാത്രം മതീന്ന് പറഞ്ഞ് വന്നയവർക്ക് കൊടുത്തതാണ്. മിക്സിയും, T. V യു ഫ്രിഡ്ജും മൊക്കെ ഇവിടുന്ന് അവിടെത്തി. ഇനി ഒന്നും തരാൻ ഉദ്ദേശമില്ല. ഇനി ചോദിക്കാൻ വിട്ടാൽ സ്ത്രീധന പീ ഡനത്തിന് കേസു കൊടുക്കുന്ന് പറഞ്ഞേരെ…ദേഹോപദ്രവമൊന്നുമില്ലല്ലോ…ഉണ്ടെങ്കിൽ പറ…ഞാൻ വരാം ആ സൂക്കേട് തീർത്ത് തരാം…

ഏടത്തിടെ വീട്ടിൽ  കുറച്ച് കാശ് കൂടി ചോദിച്ചാൽ കിട്ടില്ലെ…ശ്രീയേട്ടന് ലോണെടുക്കാതെ ഒപ്പിക്കത്തില്ലെ…അവർക്കാണെങ്കിൽ കാശിന് ക്ഷാമവുമില്ലല്ലോ…പോരാത്തതിന് അവരുടെ മോളുടെ പേരിലാണല്ലോ എഴുതിക്കുന്നതും…

ഇത് എൻ്റെ മോനും മോളും കൂടി വാങ്ങുന്നതാണ്, അതിന് അവളുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കെണ്ട കാര്യമില്ല. തരാന്നു പറഞ്ഞാലും വേണ്ട…വളർത്തി വലുതാക്കി നല്ല വിദ്യാഭ്യാസവും കൊടുത്ത്, ജോലിയും കുടുംബസ്നേഹവുമുള്ള നല്ലൊരു മോളെയാണ് തന്നത്. നിൻ്റെ സുമേഷിനെയും കുടുംബക്കാരെപ്പോലെയും അല്ല, അവളെ പെണ്ണ് ചോദിച്ച് ചെന്നപ്പോൾ, മോളെ മാത്രം തന്നാൽ മതിയെന്ന് ഞങ്ങള് പറഞ്ഞതിൽ ഇന്നുമൊരു മാറ്റവുമില്ല. അവൾക്കണിയാൻ അവരു കൊടുത്ത ആഭരണങ്ങളും എത്രയെന്ന് ഇവിടാരും തൂക്കിനോക്കിയിട്ടും എൻ്റെ പെട്ടീൽ വെച്ച് പൂട്ടീട്ടുമില്ല. ഇപ്പോൾ അവള് സ്വന്തം മനസ്സോടെ അത് ചിലവാക്കാന്ന് പറയുന്നു. അത് അവരുടെ കാര്യം.

“പിന്നെ, ഭർത്തൃ വീട്ടിൽ ഇരയും സ്വന്തം വീട്ടിൽ വരുമ്പോൾ വേട്ടക്കാരിയുമാകുന്ന തനി നാത്തൂൻ സ്വഭാവം നീ ഇവിടെയെടുക്കണ്ട…”

നീയിന്ന് പോകുന്നുണ്ടോ…ഉണ്ടെങ്കിൽ ചോറുണ്ടിട്ട് ഇറങ്ങാൻ നോക്ക്…എൻ്റെ അലമാരിയിൽ 1500 രൂപ ഇരിപ്പുണ്ട്, പോകുമ്പോൾ എടുത്തോ…ഇങ്ങോട്ട് വരാനുള്ള കാശല്ലെ കൈയിലുണ്ടാകു…നിന്നേ പോലുള്ളതിനെ പഠിപ്പിച്ച് ജോലിയാക്കി കെട്ടിച്ചിട്ടും പ്രത്യേകിച്ചൊരു കാര്യവുമില്ല. സ്വന്തം ആവശ്യങ്ങൾക്കായി ശബ്ദമുയർത്താനും ഇഷ്ടമില്ലാത്തത് എതിർക്കാനുമുള്ള ധൈര്യമില്ല…സ്വന്തം വീട്ടിൽ വന്നലോ തല നിറയെ അസൂയയും കുശുമ്പും…നിന്നെപ്പോലുള്ളത് സ്വന്തം തടിയെങ്കിലും കേടാകാതെ എങ്ങനേലും നോക്കും, ചിലതുങ്ങൾക്ക് അതിനും ധൈര്യമില്ലാതെ സഹിച്ച് സഹിച്ച് വിശുദ്ധരായി എവിടേലും തൂങ്ങും.  ഒരു നാട്ടിലുമില്ലാത്ത, ഒരു ഗുണവുമില്ലാത്ത കുറേ നാട്ടുനടപ്പും..നാണക്കേടും…

മകളുടെ ഗതികേടോർത്ത് ആ അമ്മമനസ്സിൻ്റെ അസ്വസ്ഥതയാണ് ദേഷ്യമായി പുറത്തു വന്നത്.

വാടി…ചോറുണ്ണാം…മോളെം വിളിക്ക്…

വീട്ടിൽ ചെന്ന്, എന്ത് പറഞ്ഞ് സുമേഷട്ടെൻ്റെ അടുത്ത് പിടിച്ച് നിൽക്കുന്നുള്ള ആശങ്കയായിരുന്നു ശ്രുതിയുടെ ഉള്ളിൽ…