നിഴൽ…
Story written by Praveen Chandran
===========
“കണ്ണനെണീറ്റോ അഞ്ജു? “
അവൻ ചോദിച്ചത് കേൾക്കാത്തതുപോലെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു..
“നീയാരെയാ നോക്കുന്നത്?” അവൻ വീണ്ടും ചോദിച്ചു..
“അല്ലാ..അപ്പുറത്തെ വീട്ടിലെ ജാനുചേച്ചി പാലുമായി വരാറുളളതാണല്ലോ ഇന്ന് അവരേയും കാണുന്നില്ല!” അവൾ പറഞ്ഞു..
“പൈസകൊടുത്തിട്ടു മാസങ്ങളായില്ലേ അതാവും” അവൻ കുറച്ച് വിഷമത്തോടെ പറഞ്ഞു..
“വാടക ചോദിക്കാൻ വരാറുളള തോമസേട്ടനേയും കാണാനില്ലല്ലോ? അവൾ ആശ്ചരൃത്തോടെ ചോദിച്ചു..
“അയാൾക്കും മടുത്തുകാണും”
അവർ അവിടെ താമസമാക്കിയിട്ട് ഒരു വർഷമായതേയുളളൂ..അവൻ ഒരു ഓട്ടോ ഡ്രൈവറായിരുന്നു..ഒരു അപകടത്തിൽ നട്ടെല്ലു തകർന്ന് കിടപ്പിലായിരുന്നു..ഒന്നു അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലായിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു…
മിശ്ര വിവാഹമായിരുന്നതിനാൽ രണ്ടുപേരുടെയും വീട്ടിൽ നിന്നും ആരും തന്നെ തിരിഞ്ഞ് നോക്കാനുണ്ടായിരുന്നില്ല..
സ്വാധീനമില്ലാതായതോടെ സുഹൃത്തുക്കളും അടുക്കാതെയായി..
അവരുടെ കുട്ടിക്ക് ഇപ്പോൾ രണ്ടു വയസ്സായി..കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കാനായിട്ടാണ് അവൾ ആ ജ്വല്ലറിയിൽ സെയിൽസ് ഗേളായി പോയിതുടങ്ങിയത്..
പക്ഷെ വിധി അവരെ അവിടേയും തോൽപ്പിച്ചു കളഞ്ഞു..അവിടത്തെ മുതലാളിയുടെ ഇംഗിതത്തിനു വഴങ്ങാത്തതു കാരണം അയാൾ അവളെ കളളക്കേസിൽ കുടുക്കുകയായിരുന്നു..
പോലീസുകാരുടെ കേട്ടാലറക്കുന്ന ചോദൃം ചെയ്യലിനുമുന്നിൽ അവളുടെ ധൈരൃമെല്ലാം ചോർന്നു പോയിരുന്നു..
തന്നെയുമല്ല അവളെക്കുറിച്ച് അയാൾ നാടുമുഴുവൻ അപവാദങ്ങളും പറഞ്ഞു പരത്തിയിരുന്നു..
സ്റ്റേഷനിൽ നിന്നും തിരികെ വരുന്ന വഴി നാട്ടുകാരുടെ വക മുറിമുറിപ്പുകൾ കൂടിയായതോടെ അവൾ കടുത്ത നിരാശയോടെയാണ് വീട്ടിൽ വന്നു കയറിയത്..
ജീവച്ഛവമായികിടന്നിരുന്ന അവന് തന്റെ കുടുംബത്തിനുണ്ടായ മാനഹാനിയിൽ സ്വയം പഴി ചാരുകയേ നിവൃത്തിയുണ്ടായിരുന്നുളളൂ…
അവനവളുടെ മുഖത്തേക്കു നോക്കിക്കൊണ്ടു കിടന്നു..ഇന്നവൾ കൂടുതൽ സന്തോഷവതിയായി അവന് തോന്നി..
“ചേട്ടാ ആരോ വരുന്നുണ്ട്.” അവൾ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
“ഇവിടെ ആരുമില്ലേ?” വാതിലിൽ മുട്ടിക്കൊണ്ട് വന്നയാൾ ചോദിച്ചു…
“ചേട്ടാ മിണ്ടാതെ കിടന്നോണെ!…ആ പലിശക്കാരൻ റപ്പായി മാപ്ലയാ അത്..ചേട്ടൻ മൂടിപുതച്ചു കിടന്നോ..ആരുമില്ലാന്നു കരുതി അയാൾ പോയ്ക്കൊളളും..” അവൾ പറഞ്ഞു..
മുട്ടിയിട്ടു ആരേയും കാണാതായപ്പോൾ അയാൾ വീടിന്റെ പുറകുവശത്തേക്കു നടന്നു..
“അയ്യോ! ചേട്ടാ അയാളതാ പിൻവശത്തേക്കു നടക്കുന്നു..അല്ലേലും അയാൾക്കിത്തിരി കൂടുതലാ..എന്നെ കാണുമ്പോഴുളള ഒരു തുറിച്ചുനോട്ടവും കിന്നാരം പറച്ചിലും..ഇന്നത്തോടെ തീർക്കും ഞാനത്”..
“നീ എന്തു ചെയ്യാൻ പോകാ? “…അവൻ ആകാംക്ഷയോടെ ചോദിച്ചു..
“മുറിയിലെ ജനാല വാതിൽ കുറ്റിയിട്ടില്ല..അയാളതു തുറന്നാൽ ഞാനയാളെ പേടിപ്പിക്കും”
ജനാലയ്ക്കലെത്തിയപ്പോൾ റപ്പായി മാപ്ലക്കു കൃമികടി മൂത്തു..അയാൾ പതിയെ ജനാല തുറന്നതും ആ കാഴ്ച്ച കണ്ട് അലറി വിളിച്ച് പുറത്തേക്കോടി…
“ഹഹഹ…അവൾ ഉച്ചത്തിൽ ചിരിച്ചു..” ഇനി അയാളുടെ പൊടി പോലുമുണ്ടാവില്ല”..
അവന്റെ മുഖത്തും ചെറിയൊരു പുഞ്ചിരി വിടർന്നു..
“ഇങ്ങനെയൊക്കെ സംഭവിച്ചതിൽ നിനക്ക് വിഷമമൊന്നുമില്ലേ അഞ്ജു…അവൻ ആശ്ചരൃത്തോടെ ചോദിച്ചു..
“ഇല്ല ജോയേട്ടാ!..എന്തിന് വിഷമിക്കണം..ഞാൻ ചേട്ടന്റെ കൂടെ ഇറങ്ങിവന്നത് എന്തുവന്നാലും ചേട്ടൻ എന്റെ കൂടെ ഉണ്ടാവും എന്നു വിശ്വസിച്ചാ! അത് തെറ്റിയില്ലല്ലോ..ഇന്നലെ പോലും ചേട്ടൻ എന്റൊപ്പം നിന്നില്ലേ..ഈ ജന്മം ഇങ്ങനെയാകണമെന്ന് ദൈവം വിചാരിച്ചു കാണും..”
“അമ്മേ..” മുറിയിൽ നിന്നും വിളികേട്ടു..
“അയ്യോ മോനെണീറ്റെന്നു തോന്നുന്നു..ഞാനവന്റടുത്തേക്കു പോട്ടെ! “
മുറിയിലേക്ക് പോകാനൊരുങ്ങവെ പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ട് അവൾ ജനാലിന്റെ അരികിലേക്കു പോയി..
പുറത്തു ഒരു പോലീസ് ജീപ്പ്…പിറകെ ആംബുലൻസുമുണ്ടായിരുന്നു…നാട്ടുകാർ കൂട്ടം കൂടിക്കൊണ്ടിരുന്നു..
“എവിടെയാടോ ബോഡി കണ്ടത്? ഇൻസ്പെക്ടർ റപ്പായി മാപ്ലയോടു ചോദിച്ചു…
“പുറകുവശത്തെ മുറിയിലാണ് സാർ” അയാളുടെ ഭയം വിട്ടുമാറിയിരുന്നില്ല…
“ചേട്ടാ അവർ വന്നു..നമുക്ക് പോകാൻ സമയമായി”..അവൾ അയാളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി…അന്ത്യചുംബനം…
ഇൻസ്പെക്ടർ ജനാല തുറക്കുമ്പോൾ അവളുടെ മൃതശരീരം ആ സാരിത്തുമ്പിൽ തൂങ്ങിയാടുകയായിരുന്നു…കുട്ടിയുടെ വാവിട്ട നിലവിളി കേൾക്കാൻ അവിടെ ആരുമില്ലായിരുന്നു..അവന്റെ വായിൽ നിന്നും അപ്പോഴും നുര വന്നുകൊണ്ടേയിരുന്നു…
*** ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ***
~പ്രവീൺ ചന്ദ്രൻ