പിറ്റേ ദിവസം അവൾ കുളി കഴിഞ്ഞ് സാരിയുടുക്കാൻ എടുത്തപ്പോഴാണ് തലേന്ന് മനോജ് പറഞ്ഞ കാര്യം ഓർമ്മ വന്നത്…

വഴിയറിയാതെ…

Story written by Saji Thaiparambu

=============

ജോയിനിങ്ങ് ഓർഡർ ഓഫീസറുടെ കയ്യിൽ കൊടുത്ത് അറ്റന്റൻസ് രജിസ്റ്ററിൽ ആദ്യമായി ഒപ്പിടുമ്പോൾ, ഈശ്വരനെയല്ല, രാധിക മനസ്സിൽ ധ്യാനിച്ചത്.

ഒരിക്കലും പ്രതീക്ഷിക്കാതെ താനിവിടെ വരാൻ കാരണക്കാരനായ സ്വന്തം ഭർത്താവിനെയായിരുന്നു.

കാരണം അദ്ദേഹത്തിന്റെ ജീവന് പകരമായിട്ടാണല്ലോ? തനിക്കീ ജോലി കിട്ടിയത് എന്ന് ഉൾക്കിടിലത്തോടെ അവളോർത്തു.

സൂപ്രണ്ടിന്റെ മുറിയിൽ നിന്നുമിറങ്ങി, അറ്റൻറർ കാണിച്ച് തന്ന അദ്ദേഹത്തിന്റെ സീറ്റിൽ വന്നിരിക്കുമ്പോൾ അത് വരെ കരുതിവച്ചിരുന്ന ധൈര്യമൊക്കെ ചോർന്ന് പോകുന്നത് പോലെ രാധികയ്ക്ക് തോന്നി.

ഡിഗ്രി കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആലോചന വരുന്നത്.

“ചെറുക്കന് ഒറ്റ നിർബന്ധമേയുള്ളു…വിദ്യാഭ്യാസമുള്ള, എന്നാൽ ജോലിക്ക് പോകാൻ താല്പര്യമില്ലാത്ത പെൺകുട്ടിയെ വേണമെന്ന് “

ബ്രോക്കർ വന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് അച്ഛൻ തന്നോട് വന്ന് ആലോചിച്ചത്.

കാരണം ചെറുക്കന് ഇപ്പോൾ അഞ്ചക്ക ശബ്ബളമുണ്ട്. ഇനിയും കൂടും, അത് കൊണ്ട് അദ്ദേഹത്തിന് വരുമാനമുള്ളൊരു ഭാര്യയെയല്ല വേണ്ടത് മറിച്ച് ഭർത്താവ് ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോൾ പൂമുഖത്ത് പുഞ്ചിരിയോടെ നില്ക്കുന്ന ഒരു ഭാര്യയെയായിരുന്നു,

അതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പം.

തനിക്കും അന്ന് ജോലി വേണമെന്ന നിർബന്ധമൊന്ന്മില്ലായിരുന്നു.

മാ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും, സ്ഥിരമായി സീരിയലുകൾ കാണുകയും ചെയ്യുന്ന താൻ ഒരു തനി നാട്ടിൻ പുറത്ത്കാരിക്കപ്പുറത്തേക്ക് വളർന്നിട്ടുമില്ലായിരുന്നു.

പത്ത് വർഷം നീണ്ട സന്തുഷ്ട ജീവിതമായിരുന്നു. പലരെയും അസൂയപ്പെടുത്തിയ ആ ദാമ്പത്യം അവസാനിച്ചത് പൊടുന്നനെയായിരുന്നു.

തന്നെയും, ഏഴും നാലും വയസ്സുള്ള പിഞ്ച് കുഞ്ഞുങ്ങളെയും അനാഥരാക്കി അദ്ദേഹം വിട പറയുമ്പോൾ, തനിക്കും അദ്ദേഹത്തിനോടൊപ്പം പോയാൽ മതിയെന്നായിരുന്നു ആദ്യം തോന്നിയത്.

അപ്പോഴാണ് ഒരു മറു ചിന്ത വന്നത്.

തന്റെ മക്കൾ ? താൻ കൂടി പോയി കഴിഞ്ഞാൽ അവരെന്ത് ചെയ്യും?

നിഷ്കളങ്കരായ ആ പിഞ്ച് കുഞ്ഞുങ്ങൾ ഉറ്റവരില്ലാതെ കിടന്ന് വലയേണ്ടി വരില്ലേ?

ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും സ്വന്തം മാതാപിതാക്കൾക്ക് പകരം മറ്റാരും വരില്ലല്ലോ

ആ ദൃഡനിശ്ചയത്തിലാണ് ജീവിക്കാൻ തന്നെ തീരുമാനിച്ചത്.

ആരുടെയൊക്കെയോ സഹായത്താൽ ബിരുധദാരിയായ തനിക്ക് അദ്ദേഹത്തിന്റെ ജോലി തന്നെ ലഭിച്ചു.

“ഹലോ മാഡം ഗുഡ് മോർണിങ്ങ് “

ശബ്ദം കേട്ട് രാധിക ഓർമ്മകളിൽ നിന്നുണർന്നു.

“ഉം ഗുഡ് മോർണിങ്ങ് “

മുഖത്ത് പുഞ്ചിരി വരുത്താൻ രാധിക നന്നേ പാട് പെട്ടു.

“കഴിഞ്ഞയാഴ്ച ഹെഡ് ഓഫീസിൽ ചെന്നപ്പോൾ വേണു സാർ പറഞ്ഞിരുന്നു പുതിയ ആള് വരുന്നുണ്ടെന്ന് അത് രവി സാറിന്റെ ഭാര്യ തന്നെയാണെന്നറിഞ്ഞിരുന്നില്ല”

അതിന് മറുപടി പറയാതെ രാധിക നിർവ്വികാരതയോടെയിരുന്നു.

“ങ്ഹാ, എന്നെ പരിചയപ്പെടുത്തിയില്ലല്ലോ ? ഞാൻ സുധീഷ്, ഇനിയുമുണ്ട് നാലഞ്ച് പേര് കൂടെ, എല്ലാവരും വന്ന് തുടങ്ങുന്നതേയുള്ളു”

അപ്പോഴാണ് രാധിക ,ഒഴിഞ്ഞ് കിടക്കുന്ന മറ്റ് സീറ്റുകൾ ശ്രദ്ധിച്ചത്. ആദ്യ ദിവസമായത് കൊണ്ട് താൻ കുറച്ച് നേരത്തെ ഇറങ്ങിയതാണെന്ന് അവൾ സുധീഷിനോട് പറഞ്ഞു.

പത്തരയോടെ ഒഴിഞ്ഞ കസേരകളൊക്കെ സജീവമായി.

ഓരോരുത്തരും വന്ന് അനുകമ്പയോടെ സംസാരിച്ചിട്ട് പോയി അവരവരുടെ ജോലിയിൽ മുഴുകി.

സൂപ്രണ്ട് ഇടയ്ക്ക് വന്ന് , ചെയ്യേണ്ടതെന്തൊക്കെയാണെന്ന് രാധികയ്ക്ക് ഒരു ഏകദേശ ധാരണയുണ്ടാക്കി കൊടുത്തു.

“എങ്കിൽ പിന്നെ രാധിക ഇന്ന് നേരത്തെ വീട്ടിൽ പൊയ്ക്കൊള്ളു, ആദ്യ ദിവസമല്ലേ, നാളെ മുതൽ അഞ്ച് മണി വരെ ഉണ്ടായാൽ മതി”

സൂപ്രണ്ടിന്റെ അനുവാദ പ്രകാരം രാധിക ഓഫീസിൽ നിന്നിറങ്ങി.

രാത്രിയിൽ, കുട്ടികൾക്ക് ഭക്ഷണം കൊടുത്തിട്ട് അടുക്കള ഒതുക്കുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്.

നോക്കിയപ്പോൾ ഒരു അപരിചിത നമ്പർ.

ആകാംക്ഷയോടെ അറ്റന്റ് ചെയ്തു.

“ഹലോ രാധികയല്ലേ?

ഒരു പുരുഷ സ്വരം.

“അതേ ഇതാരാ?

“ഞാൻ മനോജ്, ഓഫീസിൽ രാവിലെ നമ്മൾ പരിചയപ്പെട്ടിരുന്നു ഇത്ര വേഗംമറന്നോ?

“ഓഹ് സോറി സാർ, എന്റെ കയ്യിൽ സാറിന്റെ നമ്പറില്ലല്ലോ ? മാത്രമല്ല രാവിലെ ഒരു പാട് പേരെ പരിചയപ്പെട്ടതല്ലേ ? അത് കൊണ്ട് ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞില്ല “

“ഓകെ, ഒകെ അതിന് സോറിയൊന്നും വേണ്ട ,പിന്നെ…ഈ സാറ് വിളിയും വേണ്ട കെട്ടോ? എല്ലാവരും എന്നെ പേരാ വിളിക്കുന്നത്. തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ മനു എന്ന് വിളിച്ചോളു, അടുപ്പമുള്ളവർ എന്നെ അങ്ങനാ വിളിക്കുന്നത് “

“അതിന് നമ്മൾ അത്രയ്ക്ക് അടുത്തിട്ടില്ലല്ലോ, ഇന്ന് ജസ്റ്റ് കണ്ടതല്ലേയുള്ളു”

രാധിക ഈർഷ്യയോടെ പറഞ്ഞു.

“ഹ ഹ ഹ ,അത് ശരിയാ, ഞാനെപ്പോഴുമിങ്ങനാ, എനിക്കാരോടെങ്കിലും അടുപ്പം തോന്നിയാൽ പിന്നെ, ഞാനവരോട് വളരെ ഇൻറിമസിയായിട്ടങ്ങ് സംസാരിച്ച് കളയും, അതിരിക്കട്ടെ രാധികയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

ഇയാളൊരു ഔചിത്യമില്ലാത്തയാളാണല്ലോയെന്ന് രാധിക മനസ്സിൽ വിചാരിച്ചു.

“ഇവിടെയിപ്പോൾ ഞാനും എന്റെ രണ്ട് മക്കളുമേയുള്ളു, എന്താന്നറിയില്ല, നല്ല ക്ഷീണം അപ്പോൾ ഗുഡ് നൈറ്റ് സാർ, നാളെ ഓഫീസിൽ കാണാം “

അവൾ തിടുക്കത്തിൽ ഫോൺവയ്ക്കാനൊരുങ്ങി.

“ഓകെ ,ഓകെ ഗുഡ് നൈറ്റ്, പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, രാധികയ്ക്ക് സാരി നന്നായി ചേരും കെട്ടോ ,നാളെയും സാരി തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ,ഹി ഹി ഹി “

ഛെ…!

രാധിക അനിഷ്ടത്തോടെ ഫോൺ കട്ട് ചെയ്തു.

കിടക്കുമ്പോൾ അവൾ ആലോചിച്ചത് നാളെ മുതൽ ഓഫീസിൽ ചെല്ലുമ്പോൾ പുരുഷ സഹപ്രവർത്തകരിൽ നിന്നും കുറച്ച് അകലം പാലിക്കണമെന്നായിരുന്നു.

അല്ലെങ്കിൽ ചെറുപ്പത്തിലേ വിധവയായ തന്നോട് അവർക്ക് ചോദിക്കാനും പറയാനുo ഒരു പാട് ഉണ്ടാവും ,ഇന്ന് മനോജാണെങ്കിൽ നാളെ അത് സുധീഷായിരിക്കും.

എത്രയൊക്കെ പറഞ്ഞാലും പുരുഷനൊപ്പം ജീവിക്കുന്ന ഒരു സ്ത്രീ, എപ്പോഴും സ്വന്തം വീട്ടിൽ പൂർണ്ണ സുരക്ഷിതയായിരിക്കും, സമൂഹത്തിൽ ഭർത്തൃമതിയായ സത്രീക്ക് കിട്ടുന്ന സുരക്ഷിതത്വബോധം, വിധവയായ ഒരു സത്രീ പ്രതീക്ഷിക്കാൻ പാടില്ല.

അവളെ ചൂഷണം ചെയ്യാനായി അവസരം കാത്തിരിക്കുന്ന ഒരു പാട് പേരുണ്ടാവും.

അത് കൊണ്ട് താൻ കുറച്ച് കൂടി ബോൾഡാകേണ്ടതുണ്ടെന്ന് അവൾക്ക് തോന്നി.

പിറ്റേ ദിവസം അവൾ കുളി കഴിഞ്ഞ് സാരിയുടുക്കാൻ എടുത്തപ്പോഴാണ് തലേന്ന് മനോജ് പറഞ്ഞ കാര്യം ഓർമ്മ വന്നത്.

പെട്ടെന്ന് തന്നെ സാരി മടക്കി അലമാരയിൽ വച്ചിട്ട്, ഒരു ചുരിദാർ എടുത്ത് ധരിച്ചു.

ഇനി മുതൽ ഓഫീസിൽ ചുരിദാറ് മതിയെന്ന് അവൾ ഉറപ്പിച്ചു.

ഓഫീസിലെത്തിയപ്പോൾ കുറച്ച് താമസിച്ച് പോയി.

മനോജിന്റ മുന്നിലൂടെ നടന്ന് പോകുമ്പോൾ ,രാധിക ഗുഡ് മോർണിങ്ങ് പറഞ്ഞെങ്കിലും അവളെ അടിമുടിയൊന്ന് നോക്കിയിട്ട് ഗൗരവത്തിലാണ് അയാൾ തിരിച്ച് വിഷ് ചെയ്തത്.

തൊട്ടടുത്ത സീറ്റിലെ അല്ലി റാണിയായിരുന്നു, അവളോട് കൂടുതൽ അടുപ്പം കാണിച്ചത്.

അവൾക്കുo അവരോട് സംസാരിക്കുമ്പോൾ ഒരു മൂത്ത ചേച്ചിയോടെന്ന പോലെ ഒരു ഫീല് തോന്നിയിരുന്നു.

അവരുടെ ഭർത്താവ് വലിയ അബ്കാരി കോൺട്രാക്ടർ ആയിരുന്നു.

ദിവസേന കുടിച്ച് ബോധമില്ലാതെ വരുന്ന അയാളെക്കുറിച്ച് വെറുപ്പോടെയാണ് അല്ലി റാണി സംസാരിച്ചത്.

ഭർത്താവിനോടുള്ള വെറുപ്പ് കൊണ്ടാവാം, പുരുഷവർഗ്ഗത്തെ ഒന്നടങ്കം അവർ കുറ്റം പറഞ്ഞ് കൊണ്ടിരുന്നു.

രാധികയെക്കാളും അഞ്ച് വയസ്സിന് മൂത്തതാണെങ്കിലും തന്നെക്കാളും, സൗന്ദര്യവും ചുറുചുറുക്കുo അവർക്കാണെന്ന് രാധികയ്ക്ക് തോന്നി.

ആദ്യമൊക്കെ മുഖത്ത് നോക്കി സംസാരിച്ചിരുന്ന അവർ ,പിന്നെ പിന്നെ തന്റെ മാ റിടത്തിലേക്ക് നോക്കി സംസാരിച്ച് തുടങ്ങിയപ്പോൾ രാധികയ്ക്ക് ഒരു വല്ലായ്ക തോന്നി.

“അപ്പോൾ ഞാൻ രാത്രി വിളിക്കാം രാധികേ, എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ സംസാരിക്കാനുണ്ട് “

“എങ്കിൽ ഒരു ഒൻപത് മണിയാകുമ്പോൾ വിളിക്കു ചേച്ചി…അപ്പോൾ ഞാൻ ഫ്രീയായിരിക്കും “

ഇന്നലെ ആ സമയത്താണ് ,മനോജ് വിളിച്ചത്, ഇന്നും ചിലപ്പോൾ വിളിക്കാൻ സാധ്യതയുണ്ട്, അപ്പോൾ ആ ഒരു ശല്യത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്ന് കരുതിയാണ് രാധിക, അല്ലി റാണിയോട് അങ്ങനെ പറഞ്ഞത്.

പറഞ്ഞത് പോലെ കൃത്യം ഒൻപത് മണിയായപ്പോൾ അല്ലി റാണിയുടെ കോൾ വന്നു.

“ങ്ഹാ ചേച്ചീ , പറയു വിശേഷങ്ങൾ, ഹസ്ബൻറ് വന്നോ? കുട്ടികൾ ഉറങ്ങിയോ?

“ഉം ,അയാള് വന്ന് ഉറക്കവുമായി, പിന്നെ കുട്ടികൾ ,അങ്ങനൊരു ഗുണവും അയാളിൽ നിന്നെനിക്ക് കിട്ടീട്ടില്ല, അയാൾക്ക് അതിനുള്ള കഴിവൊന്നുമില്ലെന്ന് ആദ്യരാത്രിയിൽ തന്നെ എനിക്ക് മനസ്സിലായതാ, അയാളുടെ കൂട്ടുകാർ നടത്തുന്ന ഡിന്നർ പാർട്ടികളിൽ കെട്ടിയൊരുക്കി കൊണ്ട് നിർത്താനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ…”

“എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നത് , ഒന്നുമില്ലെങ്കിലും താലികെട്ടിയപുരുഷനല്ലേ?

“ഹും താലി കെട്ടിയത് കൊണ്ട് മാത്രം പുരുഷന് തന്റെ ഭാര്യയോടുള്ള കടമ തീർന്നോ? അല്ലെങ്കിൽ ഉണ്ണാനും ഉടുക്കാനും കൊടുത്താൽ മാത്രം മതിയോ? അവൾക്ക്മുണ്ട് വികാരവിചാരങ്ങളെന്ന് എന്താണയാൾ ചിന്തിക്കാതിരുന്നത്. എല്ലാ പുരുഷന്മാരും ചതിയന്മാരാ വെറുപ്പാണ് എനിക്കീ പുരുഷവർഗ്ഗത്തെ “

തന്റെ ഭർത്താവിനോടുള്ള വെറുപ്പ് എല്ലാ പുരുഷന്മാരോടും അവർക്ക് ഉണ്ടന്ന് രാധികയ്ക്ക് മനസ്സിലായി.

“ഓകെ ചേച്ചി, കൂൾ ഡൗൺ ചേച്ചിക്ക് ഇത്രയുo ബുദ്ധിമുട്ടായിരുന്നെങ്കിൽ എന്തിനാ ഇതിങ്ങനെ ഇത്രനാളും തുടർന്ന് പോയത് “

“അതോ ? അത് ഞാൻ ഇയാളെ ഉപേക്ഷിച്ച് ചെന്നാൽ എന്റെ വീട്ടുകാർ എന്നെ വീണ്ടും മറ്റൊരു പുരുഷന്റെ കൂടെയല്ലേ അയക്കൂ, എനിക്കിനി മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കണ്ടാ “

“ചേച്ചിക്ക് പിന്നെ എന്താ വേണ്ടത് “

“എനിക്ക് വേണ്ടത് എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന എന്റെ വികാരങ്ങൾ മനസ്സിലാക്കുന്ന ഒരു പെണ്ണിനെയാണ്, എനിക്കിനി ജീവിക്കേണ്ടത് ഒരു പെണ്ണിനോടൊപ്പമാണ്, അങ്ങനെയൊരാളെയാണ് ഞാനിത്ര നാളും തേടിക്കൊണ്ടിരുന്നത്, രാധിക എന്ത് കൊണ്ടും എനിക്ക് ചേരുന്നൊരു ഇണയാണ് ,എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയും രാധികേ ഐ ലവ് യു ,നിന്നെ കാണുമ്പോൾ നിന്റെ ശരീരത്തിൽ നിന്നും ഞാൻ കണ്ണുകളെടുക്കാത്തത് ,നിന്റെ വടിവൊത്ത ശരീരത്തിന്റെ ആകർഷണം കൊണ്ടാണ്, സാരിയെക്കാൾ നിനക്കിണങ്ങുന്നത് ഷെയ്പ് ചെയ്ത ചുരിദാറ് തന്നെയാണ്, ഇനി മുതൽ നീ എപ്പോഴും ചുരിദാറ് തന്നെ ഇട്ടോണ്ട് വരണേ രാധികേ “

ഒരു ഉന്മാ ദിനിയെ പോലെ അവർ പുലമ്പുന്നത് കേട്ടപ്പോൾ രാധിക സ്തബ്ധയായി നിന്ന് പോയി.

ഈശ്വരാ ഈ ലോകത്ത് ഇങ്ങനെയും സ്ത്രീകളുണ്ടൊ? ഇന്നലെ വരെയുള്ള തന്റെ ഉത്കണ്ഠ മുഴുവനും , പുരുഷൻമാരിൽ നിന്നും എങ്ങനെ ഒളിച്ചോടാം എന്നായിരുന്നു’ ഇനി ഒരു സത്രീയായ താൻ സ്ത്രീകളെയും ഭയപ്പെട്ട് ജീവിക്കണമല്ലോ ?

ഒരാൾക്ക് ഇഷ്ടം സാരിയാണെങ്കിൽ, മറ്റെയാൾക്കിഷ്ടം ചുരിദാറ്, ഇനി നാളെ എന്ത് ധരിച്ചാണ് ഓഫീസിൽ പോകേണ്ടത് എന്നോർത്ത് പകച്ച് നില്ക്കാനേ അവൾക്ക് കഴിഞ്ഞുള്ളു…

~സജിമോൻ തൈപറമ്പ്