ബൈജു ഫോൺ വച്ച് കഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ അവൾക്ക് തോന്നി…

പെയ്തൊഴിയാതെ മേഘങ്ങൾ….

Story written by Saji Thaiparambu

==============

“ങ്ഹാ മല്ലികേ..എന്റെ സസ്പെൻഷൻ പിൻവലിച്ചു, നാളെ ചെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നീ ഉടനെ തന്നെ ടിക്കറ്റെടുത്ത് തിരിച്ച് വരാൻ നോക്ക്, കഴിഞ്ഞ അഞ്ചാറ് മാസമായിട്ട് പിള്ളാരേം നോക്കി വീട്ടിലിരുന്ന് ഞാൻ മടുത്തു”

“അയ്യോ…ചേട്ടാ..പെട്ടെന്ന് ഇവിടുന്ന് വരാൻ പറ്റുമോ? രണ്ട് വർഷത്തേക്കല്ലേ കോൺട്രാക്ട്, അത് കഴിയാതെങ്ങനെ വരും?”

“അതൊന്നും എനിക്കറിയണ്ട, നീ ഗൾഫിൽ പോയി കിടന്ന് സുഖിക്കുവല്ലേ?ബാക്കിയുള്ളവര് ഇവിടെ ആറ് മാസമായിട്ട് കിടന്ന് നരകിക്കുവാ, അല്ലെങ്കിൽ ഈ കുട്ടികളെയും കൂടി അങ്ങോട്ട് കൊണ്ട് പോകാൻ നോക്ക്, ശരി ഞാൻ പിന്നെ വിളിക്കാം അപ്പോഴേക്കും ഒരു തീരുമാനമെടുത്തിരിക്കണം”

ഒരു അന്ത്യശാസനം പോലെ ബൈജു ഫോൺ വച്ചു.

ഹോസ്പിറ്റലിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്, മല്ലിക ഫ്ളാറ്റിൽ തിരിച്ചെത്തിയതേയുള്ളു, അപ്പോഴായിരുന്നു ഭർത്താവിന്റെ കോള് വന്നത്.

ഫ്ളാറ്റ് എന്ന് പറയാമോ എന്നറിയില്ല, കാരണം രണ്ട് കട്ടിലുകൾ ചേർത്തിട്ടാൽ പിന്നെ ഒരാൾക്ക് നില്ക്കാൻ മാത്രം സ്ഥലമുള്ള ബെഡ് റൂമും, ഒരു ഇടുങ്ങിയ കിച്ചണും, അതിനോട് ചേർന്ന് ഒരു ബാത്റൂമും, കഴിഞ്ഞു.

നാട്ടിലൊക്കെ അതിനെ ക്വാർട്ടേഴ്സ് എന്ന് പറയാറുണ്ട്.

പ്രവാസി തൊഴിലാളികൾക്കായി ഹോസ്പിറ്റലിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ആ ബിൾഡിങ്ങ്.

ഒരു ഫ്ളാറ്റിൽ രണ്ട് പേർ വീതം. മല്ലികയുടെ കൂടെയുള്ള രാധിക, ഡേ ഡ്യൂട്ടിക്ക് ചെന്നതിന് ശേഷമാണ് അവൾ ഫ്ളാറ്റിലേക്ക് വന്നത്.

രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല, കുവൈറ്റിലെ അറിയപ്പെടുന്ന ഹോസ്പിറ്റലാണത്.

പോരാഞ്ഞിട്ട് ഇന്നലെ രാത്രിയിൽ ഒരു പ്രമുഖ മാളിൽ തീപ്പിടുത്തമുണ്ടായപ്പോൾ, പേടിച്ചരണ്ട ജനങ്ങൾ മുകൾനിലയിൽ നിന്ന് ചാടിയും മറ്റും നിരവധി പേരെ പരിക്ക് പറ്റി കൊണ്ട് വന്നിരുന്നു.

എല്ലാം ഒന്നടങ്ങിയപ്പോഴേക്കും നേരം വെളുത്തതറിഞ്ഞില്ല.

കൺപോളകൾ ഉറക്കം വന്ന് വീർത്തിട്ട് അടഞ്ഞ് പോകുന്നു.

രാധിക ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ ഉറക്കത്തിന് മേൽ വിശപ്പിന് യാതൊരു സ്ഥാനവുമില്ലെന്നറിഞ്ഞ മല്ലിക, കട്ടിലിലേക്ക് വീഴുകയായിരുന്നു.

ഉറക്കത്തിൽ നിന്നും സ്വപ്നത്തിലേക്ക് പോയ മല്ലിക ഏകാകിയായി ഒരു കൊടുങ്കാട്ടിലുടെ നടക്കുമ്പോൾ, ഒരു പാമ്പ് ഇഴഞ്ഞ് വന്ന് അവളുടെ കാലിൽ ചുറ്റി. അവൾ ശക്തിയായ് കാല് കുടഞ്ഞു. പക്ഷേ കാല്പത്തിയിൽ നിന്നും നേരെ മുകളിലേക്ക് ഇഴഞ്ഞ് കയറിയപ്പോൾ അവൾ ഞെട്ടിയുണർന്നു, യഥാർത്ഥ്യത്തിലേക്ക് തിരിച്ച് വരാൻ അവൾക്ക് കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു.

അപ്പോഴാണ് താൻ കണ്ടത് വെറുമൊരു സ്വപ്നമായിരുന്നില്ല എന്ന് അവൾക്ക് മനസ്സിലായത്. തന്റെ അരികിൽ ഒരു പുരുഷൻ ഉണ്ടെന്നറിഞ്ഞ് അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി.

“ങ്ഹേ, നീയോ നീ എന്തിനിവിടെ വന്നു”

അത് തന്റെ ഹോസ്പിറ്റലിലെ മെയിൽ നഴ്‌സ് സുബാഷാണന്ന് അവൾ തിരിച്ചറിഞ്ഞു.

“അത് ചേച്ചി, ഞാൻ എന്റെ റൂമിലേക്ക് നടന്നു പോകുമ്പോൾ ഇവിടുത്തെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു, അപ്പോൾ ചേച്ചിയുണ്ടോന്നറിയാൻ അകത്തേക്ക് കയറിയതാ, അപ്പോൾ ചേച്ചീടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, സോറി ചേച്ചി”

“ഛെ! നീയൊരു ഞരമ്പ് രോഗിയാണെന്ന് മായ പറഞ്ഞിരുന്നു, പക്ഷേ നിന്റെ ശല്യം ഇവിടെയും ഉണ്ടാവുമെന്ന് ഞാനോർത്തില്ല, എന്താടാ നോക്കി നില്ക്കുന്നത് ഇറങ്ങി പോടാ നാ യേ …”

മല്ലിക ക്രുദ്ധയായി അലറി.

“നിനക്കൊക്കെ ഒരു വിചാരമുണ്ടാകും, സ്വന്തം വീടും നാടും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് വന്ന് ഞങ്ങളെ പോലെയുള്ളവർ നില്ക്കുന്നത്, സുഖലോലുപരായി കഴിയാനും തരം കിട്ടിയാൽ അന്യ പുരുഷന്മാരോടൊപ്പം കിടക്കറ പങ്ക് വച്ച് കിട്ടുന്നിടത്തോളം സമ്പാദിക്കാനുമാണെന്ന്, പക്ഷേ നിലവിലുള്ള വരുമാനത്തിൽ നിന്ന് മിച്ചം പിടിക്കാൻ പോയിട്ട് ,നിത്യേനയുള്ള ചെലവിന്  പോലും തികയാതെ വരുമ്പോഴാണ് നില്ക്കകള്ളിയില്ലാതെ പിഞ്ച് മക്കളെ പോലും പിരിഞ്ഞ് ഈ മരുഭൂമിയിൽ വന്ന് കഷ്ടപ്പെടാൻ നിർബന്ധിതരാകുന്നത്. ഇത് ഞാൻ മര്യാദയുടെ ഭാഷയിൽ നിന്നോട് പറഞ്ഞതാണ്, ഇനി മേലാൽ ഈ പരിപാടിയുമായി എൻറടുത്തെങ്ങാനും വന്നാൽ ഇത് കണ്ടോ? സർജിക്കൽ ബ്ളേഡാ…എന്നെ കൊണ്ട് നീ വെറുതെ കടുംകൈ ചെയ്യിക്കരുത്”

“ഇല്ല ചേച്ചീ..ഞാനിനി വരില്ല”

സുബാഷ് വാലും ചുരുട്ടി പോയിക്കഴിഞ്ഞപ്പോൾ അവളുടെ ഫോണിലേക്ക് നാട്ടിൽ നിന്നും വീണ്ടും കോള് വന്നു.

“നിങ്ങൾക്കെന്താ വേണ്ടത്, മക്കളെ ഞാൻ ഗൾഫിലോട്ട് കൊണ്ട് വരണം, ഇല്ലെങ്കിൽ ഞാൻ നാട്ടിലേക്ക് വരണം അല്ലേ ? ഇത് രണ്ടും നടക്കില്ല. കാരണം എന്റെ ഇഷ്ടത്തിനല്ല ഞാൻ ഗൾഫിലേക്ക് വന്നത്, നിങ്ങളുടെ വീഴ്ച കൊണ്ട് ഉള്ള ജോലി കളഞ്ഞ് വീട്ടിലിരുന്നപ്പോൾ, കുടുംബം പട്ടിണിയായ് പോകുന്നത്, കണ്ട് നില്ക്കാൻ വയ്യാത്തത് കൊണ്ട്, അറിയാവുന്ന തൊഴിലുമായി ഒരു അവസരം വന്നപ്പോൾ, ഇവിടെ എത്തിയതാണ്, ഇനി ഒന്നര വർഷം കഴിഞ്ഞേ എന്റെ പാസ്പോർട്ട് കമ്പനി തിരിച്ച് തരികയുള്ളു ,അത് വരെ എനിക്കിവിടെ പിടിച്ച് നിന്നേ പറ്റു, കൊച്ചുങ്ങളെ ഞാൻ വന്നപ്പോൾ കൊണ്ട് വന്നതല്ലല്ലോ ,അതിന് നിങ്ങളും കൂടി ഉത്തരവാദിയാണ്, ആറും, എട്ടും വയസ്സ് വരെ നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അവരെ ഞാൻ വളർത്തിയില്ലെ? ഇനി കുറച്ച് നാൾ ആ ബുദ്ധിമുട്ട് എന്താണെന്ന് നിങ്ങള് കൂടി ഒന്നറിയ്, അല്ലാതെ വേറെ മാർഗ്ഗമില്ല, അത് കൊണ്ട് പറഞ്ഞ് പോയതാ”

ബൈജുവിന് തിരിച്ച് എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുമ്പ് മല്ലിക ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് എറിഞ്ഞു പിന്നെ ഒരു പൊട്ടിക്കരച്ചിലോടെ കട്ടിലിൽ കമിഴ്ന്ന് വീണു .

ആ കിടപ്പിൽ എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

വൈകുന്നേരം 6 pm നുളള അലാറം കേട്ടാണ് അവൾ ഉണർന്നത്.

8 pm ന് ഡ്യൂട്ടിക്ക് കേറാനുള്ളതാണ്.

മല്ലിക വേഗമെഴുന്നേറ്റ് ബ്രഷ് ചെയ്തു.

അപ്പോൾ വീണ്ടുo ഫോൺ ബെല്ലടിച്ചു.

വന്ന് നോക്കുമ്പോൾ അമ്മയുടെ നമ്പരാണ്.

“എന്താമ്മേ..എന്താ വിശേഷം?

“എടീ ഇത് ഞാനാ, എന്റെ ഫോണിൽ നിന്ന് വിളിച്ചാൽ ചിലപ്പോൾ നീ എടുത്തില്ലെങ്കിലോ എന്ന് ഭയന്നിട്ടാ, നിന്റെ അമ്മേടെ ഫോണിൽ നിന്ന് വിളിച്ചത്. ശരിക്കും, കുറച്ച് നാളായി നിന്നെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു, അതിന് ഒരു അവസരമൊത്ത് വന്നപ്പോൾ ,നിന്നെ അടുത്ത് കിട്ടാൻ വേണ്ടി ഞാൻ ഒരു അധികാര സ്വരത്തിൽ അങ്ങനെയൊക്കെപറഞ്ഞു പോയി, നീ എന്നോട് ക്ഷമിക്ക്, മക്കളുടെ കാര്യമൊന്നുമോർത്ത് നീ വിഷമിക്കേണ്ട, നിന്റെ അമ്മ ഇനി, നീ വരുന്നത് വരെ മക്കളെ നോക്കി ഇവിടെ നിന്നോളാമെന്ന് പറഞ്ഞിട്ടുണ്ട്, അതൊന്ന് പറയാനാ ഈ സമയത്ത് വിളിച്ചത്, എന്നാ ഞാൻ വയ്ക്കുവാ, നിനക്ക് ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ ശരി “

ബൈജു ഫോൺ വച്ച് കഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ അവൾക്ക് തോന്നി, അപ്പോഴവളുടെ കണ്ണ് നിറഞ്ഞത് സന്തോഷം അടക്കാൻ വയ്യാഞ്ഞിട്ടായിരുന്നു.

~സജിമോൻ തെപറമ്പ്