സഞ്ജുവിൻ്റെ വീട്ടിൽ പോയ അമ്മാവൻ തിരിച്ചു വരുന്നതും നോക്കി ഞാൻ ഉമ്മറപ്പടിയിൽ തന്നെ കാത്തു നിന്നൂ…

ദാമ്പത്യം

Story written by Suja Anup

============

“വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഇനിയും ഇങ്ങനെ എല്ലാം ഒളിച്ചു വയ്ക്കണോ. ഞാൻ വീട്ടിൽ സഞ്ജുവിനെ പറ്റി പറയട്ടെ…”

“നിനക്കെന്താ പെണ്ണെ, ഇത്ര വേഗം കല്യാണം കഴിക്കുവാനോ, കുറച്ചു ദിവസ്സങ്ങൾ കൂടി അങ്ങനെ പോകട്ടെ..”

എന്നും സഞ്ജു ഓരോന്ന് പറഞ്ഞു ഒഴിയുകയാണ്. അവൻ സ്വാതന്ത്ര്യം കൂടുതൽ കാണിക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറും. എന്നാലും എനിക്കറിയാം സഞ്ചുവിൻ്റെ മനസ്സിൽ ഞാൻ അല്ലാതെ മറ്റാരുമില്ല. ആരൊക്കെ അവനെ കുറ്റം പറഞ്ഞാലും സഞ്ജു എന്നും എൻ്റെതു മാത്രമാണ്..

ദിവസ്സങ്ങൾ ഓരോന്നായി പൊഴിഞ്ഞു വീണു, ഒപ്പം ഞങ്ങളുടെ പ്രണയം കൂടുതൽ ദൃഢമായി.

**************

“മീനു, നമുക്ക് ഇനി മുന്നോട്ടു ചിന്തിക്കേണ്ടേ. വീട്ടിൽ എനിക്കും ഓരോ ആലോചനകൾ വരുന്നുണ്ട്. ഞാൻ വന്നു പെണ്ണ് ചോദിക്കില്ല. നിൻ്റെ അമ്മാവനോട് ഒന്ന് ഇത്രടം വരെ വരുവാൻ പറയുമോ, അമ്മയോട് അമ്മാവൻ സംസാരിക്കട്ടെ. അദ്ദേഹത്തിന് നമ്മുടെ ബന്ധത്തെ പറ്റി അറിയാവുന്നതാണല്ലോ…”

എൻ്റെ സന്തോഷത്തിനു അതിരില്ലായിരുന്നൂ….

ഈ ലോകം മുഴുവൻ എൻ്റെ ഈ കൈകളിൽ ഒതുങ്ങിയത് പോലെ ഒരു നിമിഷം എനിക്ക് തോന്നി….

കൂട്ടുകാരികളൊക്കെ പറഞ്ഞു…

“സഞ്ജു നിന്നെ ചതിക്കും. അവനെ നീ അറിയുന്നതിലും കൂടുതൽ ഞങ്ങൾക്കു അറിയാം. എത്രയോ പെണ്ണുങ്ങളെ അവൻ പ്രണയം നടിച്ചു ഉപേക്ഷിച്ചിരിക്കുന്നൂ. അവൻ്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണല്ല നീ…”

ഇനി എനിക്ക് അവരുടെ മുന്നിലൂടെ സഞ്ജുവിൻ്റെ കൈയ്യും പിടിച്ചു നടക്കണം. അസൂയക്കാർ മൊത്തം കാണട്ടെ….

വീട്ടിൽ എത്തിയതും അമ്മാവനെ വിളിച്ചു കാര്യം പറഞ്ഞു. അമ്മാവൻ പറഞ്ഞാൽ പിന്നെ വീട്ടിൽ ആരും എതിർപ്പ് ഒന്നും പറയില്ല…..

****************

സഞ്ജുവിൻ്റെ വീട്ടിൽ പോയ അമ്മാവൻ തിരിച്ചു വരുന്നതും നോക്കി ഞാൻ ഉമ്മറപ്പടിയിൽ തന്നെ കാത്തു നിന്നൂ…

അമ്മാവൻ വന്നതും കല്യാണ ദിവസ്സം എന്നാണ് എന്നറിയുവാൻ എനിക്ക് തിടുക്കമായി.

അകത്തേയ്ക്കു കയറി പോയ അമ്മാവൻ അമ്മയോട് എന്തൊക്കെയോ പിറുപിറുത്തൂ….

കണ്ണുകൾ നിറഞ്ഞു അമ്മ നിൽക്കുന്നത് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നൂ…

അമ്മാവനെ ഞാൻ നിർബന്ധിച്ചപ്പോൾ അദ്ദേഹം കാര്യം പറഞ്ഞു…

“വളരെ മോശമായാണ് അവൻ്റെ അമ്മ എന്നോട് പെരുമാറിയത്. കാണുവാൻ കൊള്ളാവുന്ന ചെറുക്കൻമാരെ മയക്കുന്നതാണോ നിങ്ങളുടെ അന്തരവളുടെ പാരമ്പര്യം. കൈയ്യും വീശി വലിഞ്ഞു കയറി ഇങ്ങോട്ടു വരാമെന്നു ആരും കരുതേണ്ട..”

“അവനു നല്ല ഒരാലോചന വന്നിട്ടുണ്ട്. പറയുന്ന സ്ത്രീധനം കിട്ടും. പെണ്ണു കാണുവാനും മിടുക്കി. നിങ്ങളുടെ അനന്തിരവളെ പോലെ ദുഃസ്വഭാവം ഒന്നുമില്ല….”

അവരാൽ ആകുന്ന ചീത്ത മുഴുവൻ അവർ പറഞ്ഞു. അവൻ ഒരക്ഷരം മിണ്ടിയില്ല. അവസാനം അവൻ പറഞ്ഞു.

“എനിക്ക് ഒരു നഷ്ടക്കച്ചവടത്തിനു താല്പര്യമില്ല. പഠിപ്പുണ്ട്. നല്ല വിദ്യാഭ്യാസവുമുണ്ട്. സ്വന്തമായി ഒരു വീടുണ്ട്. നല്ല ജോലിയുണ്ട്. കാണുവാനും തരക്കേടില്ല എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. പെൺകുട്ടികൾ എന്നെ കെട്ടുവാൻ നിരയായി നിൽക്കുന്നൂ. എനിക്ക് മീനുവിനെ ഇഷ്ടമാണ്..”

“മീനുവിനെ കെട്ടുവാൻ താല്പര്യവുമുണ്ട്. പത്തു ലക്ഷവും 100 പവനും വേണം. അത് തരുവാൻ ഇല്ലെങ്കിൽ വീടും സ്ഥലവും എൻ്റെ പേരിലേയ്ക്ക് എഴുതി വച്ചാൽ മതി. അവളുടെ അനിയനു ജോലിയുണ്ടല്ലോ. അച്ഛൻ്റെ  ജോലി അവനു കിട്ടിയില്ലേ. അവനും അമ്മയും മറ്റൊരു വീട് വയ്ക്കുന്നത് വരെ അവിടെ തന്നെ കഴിഞ്ഞോട്ടെ. വേറെ പറച്ചിലൊന്നും ഇല്ല. സമ്മതമാണേൽ പറയാം….”

ഞാൻ ആകെ തകർന്ന് പോയി. അഞ്ചു വർഷമായി അവനെ പ്രണയിക്കുന്നൂ..ഇതിനിടയിൽ ഒരിക്കൽ പോലും അവൻ്റെ മറ്റൊരു മുഖം ഞാൻ തിരിച്ചറിഞ്ഞില്ല. അല്ലെങ്കിലും പ്രണയിക്കുമ്പോൾ മറ്റൊന്നും മനസ്സിൽ തെളിയില്ല..

*****************

മുറിയിൽ കയറി വാതിൽ അടച്ച ഞാൻ ആങ്ങള വന്നു വിളിച്ചപ്പോൾ മാത്രമാണ് വാതിൽ തുറന്നത്.

അവൻ എൻ്റെ കണ്ണുനീർ തുടച്ചൂ.

അമ്മയുടെ അടുത്തേയ്ക്കു അവൻ എന്നെ കൂട്ടി കൊണ്ട് പോയി. അമ്മയുടെ മുന്നിൽ വച്ച് അവൻ പറഞ്ഞു.

“ചേച്ചിയുടെ ഇഷ്ടം നടത്തണം. ഒരു ജന്മം ആത്മാർത്ഥമായി ഒരാളെ മാത്രമേ സ്നേഹിക്കുവാൻ പറ്റൂ. അവൾക്കു വേണ്ടിയല്ലേ അമ്മെ നമ്മൾ ജീവിക്കുന്നത്. സ്ത്രീധനപ്രശ്‌നം മൂലം അവളുടെ വിവാഹം മുടങ്ങരുത്. എനിക്കൊരു ജോലിയുണ്ടല്ലോ അമ്മേ. രണ്ടു സെൻറ് സ്ഥലം തറവാട്ടിൽ ഉണ്ടല്ലോ, അവിടെ നമുക്ക് വീട് വയ്ക്കാം…”

ആ നിമിഷം എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അവനെ പോലെ ഒരുത്തനെ പ്രേമിച്ചതോർത്തു.

“ഈ വിവാഹത്തിന് സമ്മതമല്ല” എന്ന് ഞാൻ അമ്മയോട് തീർത്തു പറഞ്ഞു..

നേരെ മുറിയിൽ കയറി ഞാൻ വാതിൽ അടച്ചൂ…

എത്ര നേരം ഞാൻ കരഞ്ഞു എന്ന് എനിക്കോർമ്മയില്ല. പലതും തീരുമാനിച്ചുറപ്പിച്ചാണ് ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റത്.

നേരെ കുളിമുറിയിൽ കയറി കുളിച്ചൂ. ഈ ജന്മത്തിൽ ഇതുവരെ ചെയ്ത തെറ്റുകളെല്ലാം മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും ഞാൻ കഴുകി കളഞ്ഞു.

****************

എല്ലാം എൻ്റെ മാത്രം തെറ്റാണ്.

അച്ഛൻ അപകടത്തിൽ മരിച്ചപ്പോഴാണ് അച്ഛൻ്റെ കമ്പനിയിലെ ജോലി അനിയന് കിട്ടിയത്. ജോലി ചെയ്തു വീട് നോക്കുന്ന അനിയൻ. ഒന്നിനും ഒരു കുറവും എനിക്ക് ഈ വീട്ടിലില്ല. അത്യവശ്യം സ്ഥലമുണ്ട്, അമ്മ  വീട്ടിലേക്കു ആവശ്യമുള്ള എല്ലാം അതിൽ കൃഷി ചെയ്യുന്നൂ. എന്നേലും നന്നായി പഠിക്കുമായിരുന്നിട്ടും അവൻ വീട് നോക്കുവാൻ വേണ്ടി പണിക്കു പോയി തുടങ്ങി.

സ്വാർത്ഥയാണ് ഞാൻ. സ്വന്തം സുഖം മാത്രം നോക്കിയവൾ. വീട്ടുകാർക്ക് എന്നെ കുറിച്ച് എന്തൊക്കെ പ്രതീക്ഷകൾ ഉണ്ടായിരുന്നൂ. അതെല്ലാം ഞാൻ തകർത്തൂ………

*****************

“നീ അറിഞ്ഞോ, സഞ്ചുവിൻ്റെ വിവാഹമാണ് നാളെ. ഒത്തിരി സ്ത്രീധനമൊക്കെ കിട്ടുന്നുണ്ട്. പെണ്ണും കാണുവാൻ ഒരു സുന്ദരിയാണത്രെ..”

കൂട്ടുകാരിയുടെ സംസാരത്തിലെ പരിഹാസം ഞാൻ കണ്ടില്ലെന്നു വച്ചൂ. കാരണം ഞാൻ അതിനു അർഹതപെട്ടവളാണ്…

“അതിനു എനിക്കെന്താണ്, എത്രയോ പേര് നാട്ടിൽ കല്യാണം കഴിക്കുന്നൂ..”

കൺകോണിൽ വന്ന ഒരു തുള്ളി ഞാൻ ആരും കാണാതെ തുടച്ചൂ. വീട്ടിൽ എത്തിയതും കുളിമുറിയിൽ കയറി ഞാൻ പൊട്ടിക്കരഞ്ഞു.

“എൻ്റെ സ്വപ്നങ്ങൾ കാൽ ചുവട്ടിൽ ഞെരിച്ചു കൊണ്ടാണ് അവൻ മറ്റൊരുത്തിയെ കെട്ടുന്നത്…”

*****************

വൈകാതെ ദൈവാനുഗ്രഹത്താൽ എനിക്കൊരു സർക്കാർ ജോലി കിട്ടി, LDC. എല്ലാം ദൈവാനുഗ്രഹം. ഹോസ്റ്റലിലേയ്ക്കുള്ള മാറ്റവും നാട്ടിൽ നിന്ന് മാറി നിൽക്കുന്നതും പതിയെ എല്ലാം മറക്കുവാൻ എന്നെ സഹായിച്ചൂ.

എനിക്കായി ദൈവം കരുതി വച്ചതു പോലെ ഒരു ദിവസ്സം അവൻ  കടന്നു വന്നൂ, എനിക്കായി ദൈവം കണ്ടെത്തിയ എൻ്റെ മിഥുൻ. അമ്മായിയുടെ ബന്ധത്തിൽ ഉള്ളതാണ്. സ്കൂൾ മാഷാണ്. അത്യാവശ്യം എഴുത്തും കാര്യങ്ങളും ഉണ്ട്. വീട്ടുകാർക്ക് അയാളെ ഇഷ്ടമായി. എനിക്കും സമ്മതം ആയിരുന്നൂ…

*****************

നാളെ നാട്ടിലേയ്ക്ക് പോകണം. ഇനി ഒരാഴ്ച കൂടിയേ വിവാഹത്തിനുള്ളൂ. ലീവെല്ലാം എടുത്തു…

നാട്ടിൽ എത്തിയതും ബസ് സ്റ്റോപ്പിൽ നിന്നും അനിയൻ എന്നെ വീട്ടിലേയ്ക്കു കൊണ്ട് പോയി.

രാത്രിയിൽ എപ്പോഴോ എനിക്ക് സഞ്ജുവിൻ്റെ ഫോണിൽ നിന്നും ഒരു വിളി വന്നൂ.

“ഒന്ന് കാണണം……….”

ആദ്യം വേണ്ട എന്ന് തീരുമാനിച്ചെങ്കിലും അമ്മയാണ് പറഞ്ഞത് “നീ അവൻ്റെ വീട് വരെ ഒന്ന് ചെല്ലണം.”

അവിടെ ഞാൻ ചെല്ലുമ്പോൾ അവൻ്റെ ഭാര്യ ഉണ്ടായിരുന്നില്ല. സഞ്ജുവിൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ആകപ്പാടെ ഒരു പന്തികേട് എനിക്ക് തോന്നിയിരുന്നൂ. അമ്മയാണ് എന്നെ സഞ്ജുവിൻ്റെ മുറിയിലേയ്ക്കു നയിച്ചത്.

അവിടെ ഞാൻ കണ്ടു, നിരാശയുടെ മൂടുപടം അണിഞ്ഞു കട്ടിലിൽ എൻ്റെ സഞ്ജുവിനെ…

സഞ്ജുവിൻ്റെ അമ്മയാണ് എന്നോട് പറഞ്ഞത്…

“ഓഫീസിൽ നിന്നും വരുന്ന വഴി രണ്ടു മാസം മുൻപേയാണ് സഞ്ജു ബൈക്ക് അപകടത്തിൽ പെടുന്നത്. തക്ക സമയത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും അരയ്ക്കു താഴേക്ക് തളർന്നു പോയി. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. പതിയെ നടക്കുവാൻ സാധിക്കും. എല്ലാം ശരിയാകുമെന്ന് ഡോക്ടർ പറയുന്നൂ. അവൻ്റെ ഭാര്യപക്ഷേ അവനെ ഉപേക്ഷിച്ചു പോയി. അവൾ ഡിവോഴ്‌സിന് ശ്രമിക്കുന്നൂ…”

അത്രയും പറഞ്ഞു അമ്മ നിറകണ്ണുകളോടെ പുറത്തേയ്ക്ക് പോയി. സഞ്ജു പ്രതീക്ഷയോടെ എന്നെ നോക്കി. ഞാൻ അവൻ്റെ അരികിലായി ഇരുന്നൂ. പതിയെ അവൻ്റെ കൈയ്യിൽ തലോടി.

അവൻ്റെ കൺകോണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു…

ഞാൻ പതിയെ അവനോടു പറഞ്ഞു…

“എന്നെ മനസ്സിലാക്കുവാൻ നിനക്ക് ഈ അവസ്ഥയിലാകേണ്ടി വന്നൂ. ഒരു പക്ഷേ…ആ അപകടം നടന്നില്ലായിരുന്നെങ്കിൽ എൻ്റെ സ്നേഹം നീ ഒരിക്കലും തിരിച്ചറിയില്ലായിരുന്നൂ. ഇനി ഒരിക്കലും എനിക്ക് നിന്നെ പഴയ പോലെ സ്നേഹിക്കുവാൻ കഴിയില്ല. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും. ഞായറാഴ്ച്ച എൻ്റെ വിവാഹമാണ്…”

“ഡോക്ടർ പറഞ്ഞത് പോലെ എല്ലാം ശരിയായി കഴിയുമ്പോൾ നീ അവളെ പോയി കാണണം. പറഞ്ഞു തിരുത്തുവാൻ സാധിക്കുമെങ്കിൽ കൂട്ടി കൊണ്ടു വരണം. നീ എന്നോട് തെറ്റ് ചെയ്തു. ഇപ്പോൾ അവൾ നിന്നോടും. പണവും പദവിയും കണ്ടു കൊണ്ട് ചേർക്കപ്പെടേണ്ടതല്ല ദാമ്പത്യം. അത് മനസ്സുകളുടെ ചേർച്ചയാണ്. അത് മനസ്സിലാക്കി, നിൻ്റെ  സ്നേഹം മനസ്സിലാക്കി അവൾ തിരിച്ചു വരാതിരിക്കില്ല…”

……………സുജ അനൂപ്