മക്കളെ വളർത്തി വലുതാക്കാൻ പാടുപെടുന്നതി നിടയ്ക്ക് ഇതു വരെ ഞങ്ങളുടെ ഒരു പിറന്നാൾ പോലും ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല..

പിറന്നാൾ സമ്മാനം…

Story written by Praveen Chandran

==============

പൂമുഖപടിയിലെ ചാരു കസേരയിൽ കാലും നീട്ടിയിരിക്കുമ്പോഴാണ് താഴെയുളള മകന്റെ കോൾ വന്നത്…

“അച്ഛാ ഞങ്ങളച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു..ചേട്ടനും ചേച്ചിയും നാളെ രാവിലത്തെ ഫ്ലൈറ്റിലെത്തും…”

അത് കേട്ടതും എന്റെ കണ്ണു നിറഞ്ഞുപോയി…

ഇപ്പോഴെങ്കിലും ഇവർക്കിതൊക്കെ തോന്നിയല്ലൊ അപ്പുറത്തെ വീട്ടിലെ അവറാച്ചന്റെ പിറന്നാൾ കെങ്കേമമായി ആഘോഷിക്കപെട്ടത് കണ്ടത് മുതൽക്കുളള ഒരു ആഗ്രഹമായിരുന്നു അത്…

മക്കളെ വളർത്തി വലുതാക്കാൻ പാടുപെടുന്നതി നിടയ്ക്ക് ഇതു വരെ ഞങ്ങളുടെ ഒരു പിറന്നാൾ പോലും ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല..

മക്കളുടെ ഒരോ പിറന്നാളുകളും ഞങ്ങൾ ആഘോഷമായി തന്നെയാണ് കൊണ്ടാടാറുളളത്..

കേക്ക് മുറിക്കലിനു ശേഷം ഞങ്ങളവർക്കൊരു സർപ്രൈസ് കൊടുക്കുമായിരുന്നു..

എവിടേക്കെങ്കിലും ഒരു യാത്ര..അതായിരുന്നു ഞങ്ങൾ അവർക്കു കൊടുത്തിരുന്ന പിറന്നാൾ സമ്മാനം..

മഴ പെയ്താൽ ചോരുന്ന ഞങ്ങളുടെ കുഞ്ഞു വീട്ടിൽ നിന്ന് മാറി ഏതെങ്കിലും ഒരു നല്ല ഹോട്ടലിൽ ഒരു ദിവസം താമസം..വർഷത്തിൽ ഒരു ദിവസമെങ്കിലും ഞങ്ങളുടെ മക്കൾക്ക് നല്ല രീതിയിലുളള ജീവിതം കൊടുക്കണമെന്ന് ഞങ്ങളാഗ്രഹിച്ചിരുന്നു.. 

അത് അവർക്ക് വലിയ സന്തോഷം നൽകിയിരുന്ന ഒന്നായിരുന്നു…

അതിന്റെ സ്നേഹസൂചകമായി അവർ ഞങ്ങളുടെ കവിളത്തൊരു പൊന്നുമ്മ നൽകുമായിരുന്നു…

എത്ര മനോഹരമായിരുന്ന നിമിഷങ്ങളായിരുന്നു അത്..

ഇപ്പോൾ അവരെല്ലാം വളർന്നു വലുതായി പല പല ദിക്കുകളിലായി…അങ്ങനെ ഒരു പിറന്നാൾ ആഘോഷിച്ചിട്ട് ഇന്നേക്ക് വർഷം ഇരുപത് കഴിഞ്ഞിരിക്കുന്നു..

“ഇപ്പോ എന്തായി? ഞാൻ പറഞ്ഞില്ലേ അവർ സ്നേഹമുളളവരാണെന്ന്..”

ഈ സന്തോഷ വാര്‍ത്തയറിഞ്ഞപ്പോഴുളള ഭാര്യയുടെ പ്രതികരണമായിരുന്നു അത്..

കുറച്ച് നാൾ മുന്ന് സ്വത്ത് ഭാഗം വച്ചു കൊടുത്തതിൽ പിന്നെ അവർക്കൊരു സ്നേഹകുറവില്ലേ? എന്നൊരു സംശയം ഞാനവളോട് ഉന്നയിച്ചിരുന്നു..

അതിന് എന്നോട് തർക്കിച്ചിരിക്കുകയായിരുന്നു അവൾ..എന്തായാലും അവരുടെ ഈ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു…

കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഒത്തുകൂടൽ..അത് കൊണ്ട് തന്നെ നല്ല ഭംഗിയായി തന്നെ ഞങ്ങൾ വീടെല്ലാം അലങ്കരിച്ചു.

മക്കളെ ആശ്രയിക്കാതെ ജീവിക്കണമെന്നു ണ്ടായിരുന്നിട്ടും ആരോഗ്യസ്ഥിതി വഷളായി തുടങ്ങിയതിനെ തുടർന്നാണ് സ്വത്തെല്ലാം ഭാഗം ചെയ്യേണ്ടിവന്നത്…

അന്നത്തെ ദിവസം ഞങ്ങളുറങ്ങിയതേയില്ലേ…മക്കളേയും പേരക്കുട്ടികളേയും കാണാൻ പോകുന്നതിന്റെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു…

രാവിലെ മുതൽ ഞങ്ങൾ കുളിച്ചൊരുങ്ങി കാത്തിരിക്കുന്നതാണ്…ഏകദേശം ഉച്ചയോടെയാണ് അവർ വന്നു കയറിയത്…

അവരെ കണ്ടതോടെ ഞങ്ങളുടെ മനസ്സിന്റെ നിയന്ത്രണം വിട്ടുപോയിരുന്നു…സ്നേഹത്തോടെ ഞങ്ങളവരെ വരവേറ്റു..

വലിയൊരു കേക്ക് അവർ  കൊണ്ടു വന്നിരുന്നു….കേക്ക് മുറിക്കലും ആഘോഷവും കഴിഞ്ഞപ്പോഴാണ് അവർക്കിന്നുതന്നെ പോണമെന്നുളള കാര്യം അവർ സൂചിപ്പിക്കുന്നത്…

അത് കേട്ടപ്പോൾ സങ്കടമായെങ്കിലും തിരക്കുകൾക്കിടയിൽ ഇങ്ങനെയൊരു സമയം കണ്ടെത്തിയതിന് ഞങ്ങൾക്കവരോട് ഒരു പ്രത്യേക വാത്സല്ല്യം തോന്നി…

“അച്ഛാ ഞങ്ങൾ നിങ്ങൾക്കൊരു സർപ്രൈസ് തരുന്നുണ്ട്..നമുക്കൊന്നു പുറത്ത് പോയാലോ..അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്തോ…മൂത്ത മകനാണ് അത് പറഞ്ഞത്…

അത് കേട്ടതും തലകുലുക്കികൊണ്ട് ഞങ്ങൾ വസ്ത്രങ്ങൾ മാറാനായി മുറിയിലേക്ക് കയറി…

“അവരൊന്നും മറന്നിട്ടില്ലെടീ…നമ്മൾ അവർക്ക് കൊടുത്തിരുന്നതു പോലെ സർപ്രൈസ് ട്രിപ്പ് ആയിരിക്കും…” ഞാൻ അവളോട് പറഞ്ഞു.. “

“പാസ്പോർട്ട് എടുക്കണോ..ചിലപ്പോ ഫ്ലൈറ്റിൽ ആണെങ്കിലോ?”  അവളുടെ ആ ചോദ്യം കേട്ട് ഞാനവളെ കളിയാക്കിയെങ്കിലും ആ കാര്യത്തിൽ എനിക്കും അത്ര ഉറപ്പില്ലായിരുന്നു…

സന്തോഷത്തോടെ വീടുപൂട്ടി ഞങ്ങൾ പുറത്തേക്കിറങ്ങി…

വീടുപൂട്ടിപോകുമ്പോൾ സാധാരണ ഞങ്ങൾ താക്കോൽ അയൽപക്കത്താണ് കൊടുക്കാറുളളത്…അതിനായി പോകുന്നതിനിടയ്ക്ക് മകൻ പിന്നിൽ നിന്നും വിളിച്ചു..

“ഇങ്ങ് തന്നേക്ക് അച്ഛാ..ഞാൻ സൂക്ഷിച്ചോളാം” ആശ്ചര്യത്തോടെ നിന്ന എന്റെ കയ്യിൽ നിന്നും അവൻ താക്കോൽ വാങ്ങി..

അവരെ അനുസരിച്ചുകൊണ്ട് ഞങ്ങൾ വണ്ടിയിൽ കയറിയെങ്കിലും അപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു ടെൻഷൻ..

“നമ്മളെവിടേയ്ക്കാ പോകുന്നത് മക്കളേ?” ആകാംക്ഷ അടക്കാനാവാതെ ഞാൻ ചോദിച്ചു…

“എത്ര കാലമെന്നു വച്ചാ നിങ്ങളവിടെ ഇങ്ങനെ വിഷമിച്ചു കഴിയുന്നത്..എന്തെങ്കിലും പറ്റിയാൽ തന്നെ നോക്കാനാരുമില്ല..ഞങ്ങൾക്കും അത് വലിയൊരു ടെൻഷനാ..ഇനി മുതൽ നിങ്ങൾക്ക് ആ പേടി വേണ്ട”… മകളാണ് അത് പറഞ്ഞത്..

ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി..

അവൾ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു..

“മനസ്സിലായില്ലേ..അവർ നമ്മളെ അവരുടെ ഒപ്പം നിർത്താൻ കൊണ്ടു പോകുകയാണ്”

ദൂരങ്ങൾ താണ്ടി ഞങ്ങളുടെ വാഹനം പോയ്കൊണ്ടിരുന്നു…

ഒന്നുമറിയാത്ത കുഞ്ഞുകുട്ടികളെ പോലെ പുറത്തെ കാഴ്ച്ചകൾ നോക്കി ഞങ്ങളിരുന്നു..

അവസാനം ഞങ്ങളവിടെ എത്തിച്ചേർന്നു…

ഞങ്ങൾക്കുളള ആ സർപ്രൈസ് സ്ഥലത്ത്…

യാത്ര പറഞ്ഞ് അവർ പോകുമ്പോൾ സ്നേഹസൂചകമായി ഞങ്ങൾ അവരുടെ കവിളത്ത് ഓരോ പുന്നാരമുത്തം കൊടുക്കാനും മറന്നില്ല…

ആ വൃദ്ധ സദനത്തിനുളളിലേക്ക് കയറുമ്പോൾ അവളെന്നോട് കരഞ്ഞുകൊണ്ട്  പറഞ്ഞു..

“എന്നാലും ഇത്ര വളർത്തിവലുതാക്കിയ അവർക്ക് നമ്മളെ എങ്ങനെ അനാഥരാക്കാൻ തോന്നി?”

ഞാനവളുടെ കൈ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..

“നമ്മളല്ലല്ലോ അനാഥരായത് അവരല്ലേ?” 

~പ്രവീൺ ചന്ദ്രൻ..