ശിവാനി… 02
എഴുത്ത്: കർണൻ സൂര്യപുത്രന്‍
============
“സജൂ…” കാതുകളിൽ കുളിർമഴ പെയ്യിക്കുന്ന ശിവാനിയുടെ ശബ്ദം..
“ഉം.. പറ…”
“നീ എവിടാ?”
“തോട്ടു വക്കിൽ സുലോചനയെയും കാത്തിരിക്കുന്നു..”
“എടാ…നീയിങ്ങനെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ചിലപ്പോൾ പ്രേതം മുന്നിൽ വരും..നോക്കിക്കോ “
“വരട്ടെടീ….വന്നാൽ നിന്റടുത്തോട്ടും പറഞ്ഞു വിടാം…പോരേ?”
“അയ്യോ വേണ്ടായേ…അത് വിട്..വീട്ടിലെ അവസ്ഥയിൽ വല്ല മാറ്റവും ഉണ്ടോ?”
“ഏയ്..ഇല്ല..നാളെ ചേച്ചിയുടെ മൂത്ത മകന്റെ എന്തോ പ്രോഗ്രാം ടൗണിൽ ഉണ്ട്..അച്ഛനും അമ്മയും പോകാനുള്ള തയ്യാറെടുപ്പാ…”
“നീ പോകുന്നില്ലേ?”
“എനിക്ക് നാളെ ജോലിക്ക് പോണം…”
ശിവാനി ഒരു നിമിഷം നിശബ്ദമായി…എന്നിട്ട് ചോദിച്ചു..
“നിന്നെ വിളിച്ചില്ല അല്ലേ?എന്നോട് എന്തിനാടാ കള്ളം പറയുന്നേ?”
അവനൊന്നും മിണ്ടിയില്ല…ശിവാനിയുമായുള്ള സൗഹൃദം മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു..അവൾക്കു ഇന്ന് അവനെക്കുറിച്ചുള്ള എല്ലാം അറിയാം…..
“സാരമില്ലെടാ…വിട്ടേക്ക്…ങാ പിന്നേ, നാളെ മുതൽ നൈറ്റ് ഡ്യൂട്ടി തുടങ്ങും…ഒരാഴ്ച കഴിഞ്ഞേ ഇനി കാണാൻ പറ്റൂ…”
“ഉം…മഹേഷേട്ടൻ നാളെ രാത്രി വരും..രണ്ടു ദിവസം ഞാനും ലീവാ..നിനക്ക് പറ്റുവാണേൽ മറ്റന്നാൾ രാവിലെ കുന്നിൻപുറം ദേവീക്ഷേത്രത്തിൽ വാ…ഞങ്ങൾ അവിടുണ്ടാവും. ഏട്ടന് അവിടൊരു നേർച്ച ഉണ്ട്…”
“നോക്കട്ടെടാ…ഉറപ്പില്ല…നൈറ്റും കഴിഞ്ഞ് വരുമ്പോ ആകെ തളരും…എന്നാലും ശ്രമിക്കാം….ശരി ഞാൻ വെക്കുവാണേ…കുറച്ച് പണിയുണ്ട്…നീ വേഗം വീട്ടിൽ പോകാൻ നോക്ക്..തണുപ്പത്ത് അധികം നിൽക്കണ്ട “
ഫോൺ വച്ച ശേഷം ഒഴുകുന്ന വെള്ളത്തിൽ നോക്കി സജീവ് വെറുതെയിരുന്നു….
**********
“ഇന്നാ…ഇത് നിനക്കാ….”
സംസങ്ങിന്റെ ഒരു പുതിയ മൊബൈൽ ഫോൺ സജീവിന് നേരെ നീട്ടി മഹേഷ് പുഞ്ചിരിച്ചു..
“എന്റെ കൈയിൽ ഉണ്ടല്ലോ…പിന്നെന്തിനാ?” അവനൊന്നു മടിച്ചു…ഇപ്പോൾ ഉപയോഗിക്കുന്നതും ഏട്ടൻ തന്ന ഫോൺ ആണ്…ഇടയ്ക്ക് നാട്ടിൽ വരുമ്പോഴൊക്കെ എന്തെങ്കിലും കൊണ്ടു വരും…വേണ്ട എന്ന് പറഞ്ഞാൽ ദേഷ്യപ്പെടും.
“അത് പഴയതായില്ലേ? ഒന്നുമില്ലേലും ഒരുപാട് സുന്ദരികൾ കയറിയിറങ്ങുന്ന ബസിലെ കണ്ടക്ടർ അല്ലേ നീ… “
ബാഗിൽ നിന്നും ഡ്രെസ്സുകൾ എടുത്തു വച്ചു കൊണ്ട് മഹേഷ് പറഞ്ഞു….ആ പഴയ വീട് മഹേഷ് വരുമ്പോൾ മാത്രമേ തുറക്കാറുള്ളൂ….വീടിന്റെ വരാന്തയിൽ അവർ ഇരുന്നു….വലതു വശത്തെ ശൂന്യമായ തൊഴുത്തിലേക്ക് സജീവ് നോക്കി..ഒരു തോർത്ത് മുണ്ട് ഉടുത്ത് പശുക്കളെ കുളിപ്പിക്കുന്ന അമ്മാവന്റെ രൂപം മനസ്സിൽ തെളിഞ്ഞു….ഒരു നിമിഷം പോലും വെറുതെയിരിക്കാൻ ഇഷ്ടമില്ലാതിരുന്ന മനുഷ്യൻ…പുലർച്ചെ എഴുന്നേറ്റ് പശുക്കളെ കറന്നു പാലുമെടുത്ത് റോഡരികിലെ ചായക്കടയിലേക്ക് പോകും..അവിടെ നിന്ന് ഒരു കട്ടൻ ചായ കുടിച്ചു തീരും മുൻപ് പാൽ ശേഖരിക്കുന്ന വണ്ടി വരും..അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക്..വീടിനകവും പുറവും വൃത്തിയാക്കി തന്നെയും ഏട്ടനെയും വിളിച്ചെഴുന്നേൽപ്പിക്കും..കുളിച്ചു റെഡി ആയി വരുമ്പോഴേക്കും ഭക്ഷണമെല്ലാം മേശപ്പുറത്തു വച്ച് പശുക്കളെയും കൊണ്ട് അമ്മാവൻ പാടത്തേക്ക് പോകും…പശുക്കളെ അവിടെ മേയാൻ വിട്ട് കൃഷിപ്പണിയിൽ മുഴുകും..ഉച്ചയാവുമ്പോൾ തിരിച്ചു വരും…കുളിച്ചു ഭക്ഷണവും കഴിച്ച് പഴയ റേഡിയോയുമായി വരാന്തയുടെ മൂലയിൽ നിലത്ത് തോർത്തും വിരിച്ചു കിടക്കും…റേഡിയോയിലെ പാട്ടിനൊപ്പം അമ്മാവന്റെ കൂർക്കം വലിയും ഉയർന്നു കേൾക്കാം..വൈകിട്ട് വീണ്ടും അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കി വച്ച് കവലയിലേക്ക് ഇറങ്ങും…
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മ ദ്യപിക്കും..അതും തനിച്ച്..വീട്ടിൽ കൊണ്ടു വന്ന് മുറ്റത്തു കസേരയിട്ടിരുന്ന് പതിയെ ആസ്വദിച്ച്…സ്വന്തം മോനെയും അനിയത്തിയുടെ മോനെയും ഒരേ പോലെ സ്നേഹിച്ച് വളർത്തിയ ഒരു പാവം…ആ ഓർമകളിൽ സജീവിന്റെ കണ്ണുകൾ നിറഞ്ഞു…മഹേഷ് അത് കണ്ടു…അവൻ അടുത്തിരുന്ന് ചേർത്തു പിടിച്ചു…
“അമ്മാവൻ ഇവിടെ തന്നെ ഉള്ളപോലെ…അല്ലേ ഏട്ടാ?”
“ഉം…ചിലപ്പോഴൊക്കെ എനിക്ക് ഇച്ചിരി അസൂയ തോന്നിയിട്ടുണ്ട്..എന്നെക്കാളും കുറച്ച് അധികം ഇഷ്ടം നിന്നോട് കാട്ടിയിരുന്നു…. “
“എനിക്ക് ആകെ ഉള്ള തണലായിരുന്നു…”
മഹേഷ് അവന്റെ ചെവിക്കു പിടിച്ചു…
“അപ്പൊ ഞാനാരാടാ നിന്റെ? അച്ഛൻ മരിക്കുമ്പോഴും പറഞ്ഞത് നിന്നെ ഒരിക്കലും ഒറ്റയ്ക്ക് ആക്കരുതെന്നാ…അതോണ്ടാ വർഷങ്ങളായി നിന്നോട് മധുരയിലേക്ക് വരാൻ പറഞ്ഞോണ്ടിരിക്കുന്നെ..അപ്പൊ നിനക്ക് വീട്ടിൽ നിന്നും മാറാൻ താല്പര്യമില്ല…നിനക്ക് പുല്ലുവില തരാത്തിടത്ത് എന്തിനാടാ കടിച്ചു തൂങ്ങി നില്കുന്നെ?”
മഹേഷ് മധുരയിൽ ഒരു ട്രാവെൽസ് നടത്തുകയാണ്..
“എന്ന് വച്ച് അച്ഛനുമമ്മയും അല്ലാതാവില്ലല്ലോ ഏട്ടാ.. “
“നീ നന്നാവില്ലെടാ…എത്ര കിട്ടിയാലും നന്നാവില്ല…നഷ്ടപ്പെട്ടോണ്ടിരിക്കുന്നത് നിന്റെ ജീവിതമാ…അത് ഓർമ്മ വേണം.”
മഹേഷ് എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി..
***********
കുന്നുംപുറം ശ്രീ ദുർഗാ ക്ഷേത്രം..
ശിവാനി ചെരിപ്പ് അഴിച്ചു വച്ച് പടികൾ കയറി…വഴിപാട് കൗണ്ടറിനരികിൽ നിൽക്കുന്ന സജീവിനെ കണ്ടതും അവൾ അങ്ങോട്ട് നടന്നു…
“സജൂ..”
അവൻ തിരിഞ്ഞു നോക്കി..അവന്റെ കണ്ണുകളിൽ ആഹ്ലാദമലയടിക്കുന്നത് അവൾ കണ്ടു..
“നീ വരില്ലെന്ന് പറഞ്ഞിട്ട്?”
“എന്തോ, വരാൻ തോന്നി….വന്നു..” അവൾ ചിരിച്ചു..
“ഇതാണല്ലേ ശിവാനി?”
സജീവിന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് മഹേഷ് ചോദിച്ചു…
“അതേ ഏട്ടാ…ഇതാണ് ശിവാനി…”
“ഇവൻ എന്നും വിളിച്ചാൽ പറയാറുണ്ട്.. ഞാൻ മഹേഷ്….ഇവന്റെ…”
“അറിയാം..സജുവിന്റെ ഏട്ടനും, സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനും എല്ലാം…അല്ലേ?”
“ഓ..അതൊക്കെ പണ്ടല്ലേ…ഇപ്പൊ നമ്മളെയൊക്കെ ഇവൻ പുറത്താക്കിയ മട്ടാ..വേറെ ചിലരാ മനസ്സ് നിറയെ…”
മഹേഷ് അർത്ഥം വച്ചു പറഞ്ഞതും സജീവിന്റെ മുഖം ചുവന്നു..അവൻ മഹേഷിന്റെ കൈ പിടിച്ചു ഞെരിക്കുന്നത് ശിവാനി കണ്ടില്ലെന്നു നടിച്ചു….
തൊഴുതു പുറത്തിറങ്ങിയ ശേഷം മഹേഷ് ശിവാനിയോട് ചോദിച്ചു..
“ശിവാനിക്ക് പോകാൻ തിരക്കുണ്ടോ?”
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം…”
മഹേഷ് മുൻപോട്ട് നടന്നു…കാര്യം മനസ്സിലാവാതെ തെല്ലു പകപ്പോടെ പിന്നാലെ സജീവും ശിവാനിയും..പെട്ടെന്ന് മഹേഷ് തിരിഞ്ഞു നിന്ന് സജീവിനെ നോക്കി..
“എനിക്ക് ഇവളോടാ സംസാരിക്കാനുള്ളത്..നിന്നോടല്ല..നീ താഴെ വണ്ടിയുടെ അടുത്ത് പോയി നിൽക്ക്..”
ഏട്ടന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തലകുനിച്ച് അവൻ താഴേക്ക് നടന്നു.
ക്ഷേത്രക്കുളത്തിന്റെ കരിങ്കൽ പടവുകളിൽ മഹേഷ് ഇരുന്നു…
“ശിവാനി ഇരിക്ക്…” അവൾ അവന്റെ അരികിൽ ഇരുന്നു…
“അച്ഛന്റേം അമ്മയുടെയും കൂടപ്പിറപ്പിന്റെയും ഒന്നും സ്നേഹം കിട്ടാതെ വളർന്നവനാ സജു…ആ കുറവുകൾ അവനു അനുഭവപ്പെടാതിരിക്കാൻ ഞാനും അച്ഛനും പരമാവധി ശ്രമിച്ചിട്ടുണ്ട്…വലുതായപ്പോൾ അവനൊരു നല്ല ജീവിതം ഉണ്ടാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു…പക്ഷേ ഒരിക്കൽ പോലും അവൻ അതേ പറ്റി ചിന്തിച്ചിട്ടില്ല..നന്ദിയില്ലാത്ത ചിലർക്ക് വേണ്ടി സ്വയം ഉരുകി തീരുന്നു…ഉപദേശിച്ചും ശാസിച്ചുമൊക്കെ മടുത്തു…കടബാധ്യതകളിൽ ജീവിതം തളച്ചിട്ട് സ്വപ്നങ്ങളൊക്കെയും ഉപേക്ഷിച്ചു കഴിയുകയായിരുന്നു അവൻ…ഈ അടുത്ത കാലത്താണ് അവന്റെ മുഖത്തു ഒരു തെളിച്ചവും സന്തോഷവുമൊക്കെ കണ്ടു തുടങ്ങിയത്…സംസാരത്തിൽ ഒരു പുത്തനുണർവ്വ്,..കടങ്ങളൊക്കെ തീർത്ത് സ്വന്തമായി ഒരു ചെറിയ വീട് വയ്ക്കണം എന്നൊക്കെ എന്നോട് പറഞ്ഞു….ഇതിനു കാരണം ശിവാനിയാണ്…”
മഹേഷ് അവളുടെ മുഖത്തേക്ക് നോക്കി…
“നിങ്ങള് തമ്മിലുള്ള ബന്ധം എന്താ?തുറന്നു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..പ്രണയമാണോ? അതോ വെറും സൗഹൃദമോ?”
ഒരു ഞെട്ടലോടെ അവൾ മഹേഷിനെ നോക്കി…
“അവനോട് ചോദിച്ചപ്പോൾ പ്രണയത്തിനും സൗഹൃദത്തിനുമപ്പുറമുള്ള എന്തോ ആണെന്നാ പറഞ്ഞത്…പക്ഷെ ഒന്നെനിക്കറിയാം ശിവാനി പോയാൽ അവനു താങ്ങാൻ പറ്റില്ല….ഒന്നുകിൽ എന്നും അവന്റെ കൂടെ ഉണ്ടാകണം…അല്ലെങ്കിൽ ഇപ്പോൾ നിർത്തണം…കാരണം ഇനി അവൻ തകർന്നാൽ ഒരിക്കലും തിരിച്ചു വരില്ല…പ്രതീക്ഷകൾ പെട്ടെന്ന് അസ്തമിക്കുമ്പോൾ ആ വേദനയിൽ നിന്ന് കരകേറാനുള്ള മനക്കട്ടിയൊന്നും ആ പാവത്തിനില്ല…ചിലപ്പോൾ എന്നെന്നേക്കുമായി എനിക്കവനെ നഷ്ടമാകും…അതുണ്ടാവരുത്…. “
മഹേഷ് അവളുടെ താടിയിൽ പിടിച്ചുയർത്തി….സ്നേഹത്തോടെ വിളിച്ചു..
“മോളേ….എന്റെ സ്വന്തം അനിയത്തിയെ പോലെ കണ്ട് യാചിക്കുകയാ…അവനെ വിട്ടു പോകരുത്…”
അവന്റെ കണ്ണുകൾ നിറയുന്നത് കണ്ട് ശിവാനിക്ക് സഹിച്ചില്ല…അവൾ മഹേഷിന്റെ കൈകൾ പിടിച്ചു…
“ഏട്ടന്റെ സ്നേഹം എനിക്ക് മനസ്സിലാകും…എനിക്ക് അവനോടു പ്രണയമൊന്നുമല്ല..അവൻ പറഞ്ഞത് സത്യമാ…പ്രണയത്തിനും സൗഹൃദത്തിനും അപ്പുറമുള്ള എന്തോ ഒന്ന്…പക്ഷേ ഒന്ന് ഞാൻ ഏട്ടന് ഉറപ്പ് തരാം…അവനു നല്ലോരു ജീവിതം ഉണ്ടാകുന്നത് വരെ ഞാൻ അവന്റെ കൂടെയുണ്ടാകും…സത്യം…”
അവൾ എഴുന്നേറ്റു….
“പോകാം…എനിക്ക് വീട്ടിൽ കുറച്ചു ജോലിയുണ്ട്…വൈകിട്ട് ഡ്യൂട്ടിക്ക് പോണം..”
മറുപടി കാക്കാതെ അവൾ നടന്നു..ക്ഷേത്രത്തിന്റെ മുന്നിൽ എത്തിയപ്പോൾ നടയിലേക്ക് നോക്കി അവൾ കൈകൂപ്പി തൊഴുതു…കണ്ണുകൾ നിറഞ്ഞൊഴുകി..
“ദേവീ ക്ഷമിക്കണേ…എനിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്…പക്ഷേ ഒത്തിരി ആഗ്രഹിച്ചിട്ട് കിട്ടാതെ വന്നാൽ ആ വേദന ഒരിക്കൽ കൂടി താങ്ങാൻ പറ്റില്ല..അതുകൊണ്ട് കള്ളം പറഞ്ഞതാ..”
കണ്ണുകൾ തുടച്ച് അവൾ താഴെ റോഡിൽ ഇറങ്ങി…അവളെ കണ്ടതും മഹേഷ് കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ അവൾക്കു നേരെ നീട്ടി…
“എന്താ ഇത്..?”
“ഒരു ഡ്രസ്സാ..ഇവൻ ഫോൺ വിളിക്കുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ഒരു രൂപം ഉണ്ടായിരുന്നു….അതിനനുസരിച്ചു വാങ്ങിയതാ…എന്റെ ഊഹം തെറ്റിയില്ല..ഏകദേശം കറക്റ്റ് ആയിരിക്കും…”
അവൾ അത് വാങ്ങി..
“സജൂ…നീ ഈ കുട്ടിയെ കൊണ്ട് വിട്ടിട്ട് വാ..ഞാനൊരു ഓട്ടോ പിടിച്ചോളാം..”
“അതൊന്നും വേണ്ട ഏട്ടാ…ഞാനൊറ്റയ്ക്ക് പൊയ്ക്കോളാം..”
അവൾ തടഞ്ഞു..
“പറയുന്നത് കേട്ടാൽ മതി. നീ ഇവിടുന്ന് ബസ് പിടിച്ചു വീട്ടിൽ എത്തുമ്പോഴേക്കും ലേറ്റ് ആവും…”
സജീവ് ബൈക്ക് സ്റ്റാർട്ട് ചെയ്തു. ശിവാനി പിറകിൽ കയറി മഹേഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….ബൈക്ക് കണ്ണിൽ നിന്ന് മറയും വരെ അവൻ നോക്കി നിന്നു…
മാസങ്ങൾ പിന്നെയും കടന്നു പോയി….
അവരുടെ ബന്ധം ദൃഢമായി….സുഖത്തിലും ദുഖത്തിലും ഒന്ന് ചേർന്നുള്ള അനിർവചനീയമായ ബന്ധം….
ഒരു ദിവസം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു ശിവാനി… പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം….
“ഒന്ന് നിന്നേ..”
അവൾ തിരിഞ്ഞു നോക്കി…മധ്യവയസ്കനായ ഒരാൾ…കൂടെ ഒരു സ്ത്രീയും… രണ്ടുപേരുടെയും മുഖഭാവം കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് അവൾക്കു തോന്നി…
“നിനക്ക് ഞങ്ങളെ മനസ്സിലായോ?” അയാൾ ചോദിച്ചു…അവൾ ഇല്ലെന്നു തലയാട്ടി..
“നീയൊരുത്തനെ വളച്ചെടുത്തിട്ടില്ലേ?അവന്റെ അച്ഛനുമമ്മയുമാണ്…ഇപ്പോൾ മനസിലായിക്കാണുമല്ലോ “.?
അവജ്ഞയോടെയുള്ള ആ ചോദ്യം കേട്ടപ്പോൾ അവൾക്കു കാര്യം മനസ്സിലായി…സജുവിന്റെ വീട്ടുകാരാണ്…
“നീ രണ്ടു ദിവസം മുൻപ് അവന്റെ സ്കൂട്ടറിൽ കേറി പോകുന്നത് ഞാൻ കണ്ടാരുന്നു…അതിന് ശേഷം അന്വേഷിച്ചു…സ്ഥിരം അവന്റെ ബസിൽ യാത്ര, ഇടയ്ക്കിടെ ഒന്നിച്ചു കറങ്ങാൻ പോക്ക്…എല്ലാം അറിഞ്ഞു..അവനോട് ചോദിച്ചപ്പോൾ നിന്നോട് മുടിഞ്ഞ പ്രേമമാണെന്നാ പറഞ്ഞത്…”
ശിവാനി അയാളുടെ മുഖത്തേക്ക് പകച്ചു നോക്കി…ഇന്നലെ രാത്രി ഫോൺ ചെയ്തപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൻ കട്ട് ചെയ്തത് ഇതിനാലായിരുന്നോ? ഉച്ചത്തിലുള്ള സംസാരം കേട്ട് ആൾക്കാർ ചുറ്റും നിന്ന് ശ്രദ്ധിക്കാൻ തുടങ്ങി…
“നിനക്ക് മയക്കിയെടുക്കാൻ വേറെ ഒരുപാട് ആണുങ്ങളെ കിട്ടില്ലേ?കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന ഒരുത്തനെ തന്നെ നിനക്ക് വഴി തെറ്റിക്കണോടീ? നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല…വളർത്തു ദോഷമാ…ഞങ്ങൾക്കും ഉണ്ട് ഒരു മോള്…അന്തസ്സായി കെട്ടിച്ചു വിട്ടു…തന്തേം തള്ളേം മര്യാദക്ക് വളർത്തിയില്ലേൽ പെൺപിള്ളേർ ഇതുപോലെ പി ഴച്ചു പോകും….”
ആ നിമിഷം മരിച്ചു പോയെങ്കിലെന്ന് ശിവാനി ആത്മാർത്ഥമായി ആഗ്രഹിച്ചു..പൊതുനിരത്തിൽ വച്ച് ന ഗ്നയാക്കപ്പെട്ടതിനു തുല്യമാണ്…ആൾക്കാരുടെ നോട്ടത്തിനെ നേരിടാനാവാതെ തലകുനിച്ച് അവൾ കരഞ്ഞു….
“ഒന്ന് നിർത്തെടോ കുറെ നേരമായല്ലോ താൻ പ്രസംഗിക്കുന്നു…”
അതുവരെ ക്ഷമിച്ചു നിന്ന മുബീന ശബ്ദമുയർത്തി…
“ആര് തന്റെ മോനെ വളച്ചെടുത്തതെന്നാ..എല്ലാത്തിനും ഒരു ലിമിറ്റുണ്ട്..ഒരു പെൺകുട്ടിയെ തടഞ്ഞു നിർത്തി അനാവശ്യം പറയുന്നോ?തനിക്കു വല്ലതും ചോദിക്കാനുണ്ടേൽ വീട്ടിൽ പോയി മോനോട് ചോദിക്ക്…ഇനി ഒരക്ഷരം മിണ്ടിയാൽ ഞാൻ ചെരിപ്പൂരി കരണത്തടിക്കും..”
രംഗം വഷളാവുമെന്ന് മനസ്സിലായപ്പോൾ സജീവിന്റെ അമ്മ അച്ഛന്റെ കൈ പിടിച്ചു വലിച്ചു….
“നിങ്ങള് വന്നേ…ഇവറ്റകളോടൊന്നും സംസാരിക്കാൻ കൊള്ളൂല…”
ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ട് അവർ പോയി…എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ആൾക്കൂട്ടവും അപ്രത്യക്ഷമായി….ശിവാനി തലകുനിച്ച് അതേ നിൽപ്പാണ്..
“ശിവാ…പോകാം..” മുബീന വിളിച്ചു…അവൾ അനങ്ങിയില്ല…
“നീ വിഷമിക്കാതിരിക്കെടീ…തത്കാലം പോകാം…ലേറ്റ് ആയി…വാ..ഞാൻ ബസ് കേറ്റി വിടാം..”
പ്രതികരണമില്ല…ഒടുവിൽ മുബീന അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു..ബസ് സ്റ്റോപ്പിൽ എത്തിയിട്ടും അവൾ മിണ്ടുകയോ കരയുകയോ ചെയ്യാതെ ഒരു കരിങ്കൽ പ്രതിമ പോലെ നിൽക്കുകയാണ്…മുബീനയുടെ വാക്കുകളൊന്നും അവൾ കേട്ടില്ല….ബസ് വന്നപ്പോൾ മുബീന തന്നെ അവളെ ഉന്തി തള്ളി കയറ്റി വിട്ടു…
സജീവ് അന്ന് ലീവായിരുന്നു…ഇടയ്ക്കിടെ വരുന്ന തലവേദനയുടെ ട്രീട്മെന്റിനു മെഡിക്കൽ കോളേജിൽ പോയതാണ്…കുറച്ച് പ്രായമുള്ള ഒരാളാണ് കണ്ടക്ടർ…ഡ്രൈവർ ഹരീഷ് സെന്റർ ഗ്ലാസ്സിലൂടെ അവളെ നോക്കി…എന്നും പുഞ്ചിരിക്കുന്ന ആ മുഖത്തെ ഭാവം കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് അവനു മനസ്സിലായി….
ശിവാനി വീട്ടിലെത്തിയപ്പോൾ അച്ഛൻ എങ്ങോ പോകാനിറങ്ങുകയായിരുന്നു..
“നീ വന്നോ…ഞാനൊന്ന് വായനശാലയിൽ പോയി വരാം…ചിട്ടി കാശ് കിട്ടാനുണ്ട്…”
അവൾ തലയാട്ടി.
“നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ?സുഖമില്ലേ?”
“തല വേദനിക്കുന്നു…ഞാനൊന്ന് കിടക്കട്ടെ..” ശബ്ദമിടറാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു..എന്നിട്ട് അകത്തേക്ക് നടന്നു…
വാതിലടച്ച് കട്ടിലിൽ കിടന്ന് അവൾ മതിവരുവോളം കരഞ്ഞു…കണ്ണീരിൽ തലയിണ നനഞ്ഞു കുതിർന്നു…വേണ്ടായിരുന്നു സജൂ…നിന്നേ കാണാണ്ടായിരുന്നു..പരിചയപ്പെടേണ്ടായിരുന്നു….എനിക്കായി ഞാനൊരുക്കിയ ഏകാന്തതയുടെ കൂട്ടിൽ സമാധാനത്തോടെ ജീവിച്ചേനെ…ഇങ്ങനെ അപമാനിക്കപ്പെടാൻ മാത്രമെന്ത് തെറ്റു ചെയ്തു…??
ബാഗിൽ അവളുടെ ഫോൺ അടിച്ചുകൊണ്ടിരുന്നു….സജീവ് ആണ്..അവൾ അതെടുത്ത് വലിച്ചെറിഞ്ഞു….ചുവരിലടിച്ചു രണ്ടു കഷണങ്ങളായി വീണതോടെ ഫോൺ നിശബ്ദമായി….ആ മുറിയുടെ ഇരുട്ടിൽ അവളുടെ ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി…..ഇടതടവില്ലാതെ….
************
ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു സജീവ്..അഞ്ചു ദിവസമായി ശിവാനിയുടെ ശബ്ദം കേട്ടിട്ട്.. ഒരു മെസ്സേജ് പോലുമില്ല..ബസിലും വരാറില്ല…
കുറച്ചു ദിവസം മുൻപ് വല്ലാത്തൊരു മുഖഭാവത്തോടെ അവൾ ഹോസ്പിറ്റലിനു മുൻപിൽ നിന്ന് കയറി എന്ന് ഹരീഷ് പറഞ്ഞത് അവന്റെ മനസ്സിനെ വല്ലാതെ അലട്ടി..
എന്തായിരിക്കും പ്രശ്നം? എത്ര തിരക്കുണ്ടായാലും ദിവസവും പല തവണ വിളിക്കുന്നവളാണ്….
ആറാം ദിവസം രണ്ടും കല്പിച്ച് ലീവെടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് പോയി..ആദ്യം കണ്ട നഴ്സിനോട് ശിവാനിയെ കുറിച്ചു തിരക്കി..കാഷ്വാലിറ്റിയിലെ ഏതെങ്കിലും നഴ്സിനോട് അന്വേഷിച്ചു നോക്കൂ എന്നായിരുന്നു മറുപടി…അവൻ അങ്ങോട്ട് നടന്നു…
***************
“നീയെന്തിനാ അവളെ കാണുന്നെ?ചെയ്ത ഉപകാരമൊന്നും പോരേ? “
മുബീന ദേഷ്യത്തോടെ അവനെ നോക്കി.ഹോസ്പിറ്റൽ കാന്റീനിൽ ഇരിക്കുകയായിരുന്നു അവർ…
“ഞാനെന്ത് തെറ്റ് ചെയ്തു എന്നറിയാനുള്ള അവകാശം ഇല്ലേ?”
“അത് നീ നിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്ക്..നടുറോട്ടിൽ വച്ച് ആ പാവം പെണ്ണിനെ എന്തിനായിരുന്നു നാണം കെടുത്തിയതെന്ന്….ഒരിക്കൽ സ്വന്തം അനിയത്തി തകർത്ത ജീവിതമാ അവളുടേത്…അതിൽ നിന്നും കരകേറി വരുമ്പോഴാ അടുത്ത മാരണം…നിനക്കും നിന്റെ വീട്ടുകാർക്കും ചവിട്ടി മെതിക്കാനുള്ളതല്ല അവൾ…”
മുബീനയുടെ സ്വരം കടുത്തു…സജീവിന്റെ നോട്ടം കണ്ടപ്പോൾ അവനൊന്നും അറിഞ്ഞിട്ടില്ലായിരുന്നു എന്ന് അവൾക്കു മനസ്സിലായി…അന്നത്തെ സംഭവം മുഴുവൻ അവൾ പറഞ്ഞു….അവന്റെ മുഖം വലിഞ്ഞു മുറുകി…
“അതിന് ശേഷം അവൾ ജോലിക്ക് വന്നിട്ടില്ല…റെസിഗ്നേഷൻ ലെറ്റർ അവളുടെ അച്ഛൻ ഇവിടെ കൊണ്ടു വന്നു കൊടുത്തു..വിളിച്ചിട്ട് കിട്ടുന്നുമില്ല…. “
സജീവ് എഴുന്നേറ്റു തിരിഞ്ഞു നടന്നു. അവന്റെ കാതുകൾ അടഞ്ഞിരുന്നു….ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ തലയുടെ പിറകിൽ നിന്നും ഒരു വേദന ആരംഭിച്ചു…പിന്നെ അത് ചെവിക്കു മുകളിലൂടെ പടർന്നു നെറ്റിക്ക് ഇരുവശവും എത്തി…തലച്ചോറിനുള്ളിലേക്ക് ആണിയടിച്ചു കയറ്റും പോലുള്ള വേദന….കാഴ്ചകൾ മങ്ങുന്നു…മനസ്സിന് സ്‌ട്രെസ് വരുത്തുന്ന ഒന്നും ചിന്തിക്കരുത് എന്ന് ഡോക്ടർ പറഞ്ഞിരുന്നു…അവൻ ബൈക്ക് റോഡിലേക്ക് ഇറക്കി…അവ്യക്തമായ കാഴ്ചകൾക്കിടയിലൂടെ അവൻ വണ്ടി ഓടിച്ചു പോയി…
*************
തന്റെ മുറിയിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു ശിവാനി…അച്ഛൻ പതിയെ അകത്തു കയറി വന്ന് അവളുടെ അരികിലിരുന്നു…
“മോളേ…”
അവൾ പതിയെ തല തിരിച്ച് അച്ഛനെ നോക്കി..
“ഇത്രേം ദിവസമായിട്ടും നീ കാര്യമെന്താണെന്ന് പറഞ്ഞിട്ടില്ല..ജോലി മതിയാക്കിയതിന്റെ കാരണമെന്താണെന്നും അച്ഛനറിയില്ല..നിന്റെ കൂട്ടുകാരിയോട് ചോദിച്ചപ്പോൾ അവളും ഒന്നും മിണ്ടുന്നില്ല…ഇനിയെങ്കിലും പറ…എന്താ എന്റെ കുട്ടിക്ക് പറ്റിയത്??”
അവൾ മറുപടിയൊന്നും പറയാതെ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു,..
“അച്ഛന് പ്രായമായി വരികയാ…മോളെ ആരുടേലും കൈയിൽ പിടിച്ച് ഏല്പിക്കാൻ ശ്രമിക്കുന്നത് ഭാരമൊഴിവാക്കാനാണെന്ന് തോന്നരുത്…നിനക്കൊരു ജീവിതം ഉണ്ടായിക്കാണാനുള്ള ആശകൊണ്ടാ…ഇനി ഞാൻ ഒന്നിനും മോളെ നിര്ബന്ധിക്കില്ല…പക്ഷെ ആരോടും മിണ്ടാതെയുള്ള ഈ ഇരിപ്പ് മതിയാക്ക്…നീ എവിടേം പോകണ്ട…നമ്മൾക്ക് ജീവിക്കാൻ എന്റെ പെൻഷൻ കാശ് മതിയാവും…”
അയാൾ അവളുടെ കവിളിൽ തലോടി എഴുന്നേറ്റു പുറത്തേക്ക് നടന്നു…പൂമുഖത്ത് എത്തിയപ്പോൾ മുറ്റത്തു ഒരു ബൈക്ക് വന്നു…ഒരു ചെറുപ്പക്കാരൻ…
“ശിവാനിയുടെ വീടല്ലേ ഇത്?”
“അതേ…ആരാ?”
“ഞാൻ ശിവാനിയുടെ ഫ്രണ്ട് ആണ്…ഒന്ന് വിളിക്കാമോ?”
അച്ഛൻ അകത്തേക്ക് തിരിഞ്ഞു നിന്നു..
“മോളേ…നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…ഇങ്ങോട്ട് വാ…”
“മോളുടെ കൂടെ ജോലി ചെയ്യുന്ന ആളാണോ?” അച്ഛൻ ചോദിച്ചു…
അവൻ മറുപടി തിരയുമ്പോഴേക്കും ശിവാനി പുറത്തേക്ക് വന്നു…അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞു വീർത്തകണ്ണുകളും കണ്ടപ്പോൾ സജീവിന്റെ മനസ്സ് പിടഞ്ഞു…അവനെ കണ്ടിട്ടും അവളിൽ ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല…
“മോൻ കയറി ഇരിക്ക്..”
അച്ഛൻ ക്ഷണിച്ചു…വരാന്തയിലെ കസേരയിൽ അവനിരുന്നു…അവൾ വാതിൽപ്പടിയിൽ ചാരി നിന്നതേയുള്ളൂ…രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്ന് എന്തൊക്കെയോ അച്ഛൻ ഊഹിച്ചു…
“നിങ്ങള് സംസാരിക്ക്…ഞാൻ ആടിനെ ഒന്ന് അഴിച്ചു കെട്ടിയിട്ട് വരാം…”
അയാൾ പറമ്പിലേക്ക് നടന്നു…
അവർക്കിടയിൽ മൗനം കനത്തു…
“ഞാനൊന്നും അറിഞ്ഞിരുന്നില്ല… “
ഒടുവിൽ സജീവ് തന്നെ തുടങ്ങി.
“എന്റെ അറിവോടെ അല്ലായിരുന്നു ഒന്നും..നിന്റെ കണ്ണൊന്നു നിറയുന്നത് പോലും സഹിക്കാൻ പറ്റാത്ത ഞാൻ ഇതിന് അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?”
അവൾ മിണ്ടാതെ അവനെ നോക്കി നിന്നു.
“നിനക്കെന്നെ വിളിച്ചു പറഞ്ഞൂടായിരുന്നോ? ഇത്രയും ദിവസം ഞാനനുഭവിച്ച ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…”
ശിവാനി അവന്റെ നേരെ മുന്നിൽ വന്നു നിന്ന് കൈകൾ മാറിൽ കെട്ടി..
“സജൂ..എനിക്ക് നിന്നോട് പ്രണയമാണെന്ന് എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ?”
അവൻ അമ്പരപ്പോടെ അവളെ നോക്കി..ആ ഭാവം അവനു അപരിചിതമായിരുന്നു.
“എന്താ ശിവാ നീ ഇങ്ങനൊക്കെ?”
“ചോദിച്ചതിന് ഉത്തരം പറ..എന്നെങ്കിലും ഞാൻ അങ്ങനൊരു സൂചന നിനക്ക് തന്നിട്ടുണ്ടോ?”
“ഇല്ല.”
“പിന്നെന്തിനാ നീ നിന്റെ വീട്ടിൽ പോയി അങ്ങനെ പറഞ്ഞത്?”
“എടീ..അങ്ങനെ പറഞ്ഞാൽ അവർ അതോടെ അടങ്ങുമെന്ന് കരുതി…ഇത്രയും വലിയൊരു ഇഷ്യൂ ആകുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല…”
“എത്ര നിസ്സാരം..അല്ലേ? എന്നെ നിന്റെ അച്ഛൻ വിളിച്ചത് പി ഴച്ചവൾ എന്നാ..അതിന്റെ അർത്ഥം എന്താണെന്ന് അറിയോ നിനക്ക്? “
മുഖത്തടിയേറ്റ പോലെ അവനു തോന്നി..അവൻ എഴുന്നേറ്റു..അവളുടെ കണ്ണുകളിലേക്ക് നോക്കി…കണ്ണീർപാളിക്ക് പിന്നിൽ കനലെരിയുന്നു…
“മാപ്പ് എന്നൊരു വാക്കിൽ നീ അനുഭവിച്ചതിനു പരിഹാരമാവില്ല എന്നറിയാം ശിവാ…എന്നാലും ക്ഷമിക്ക്….”
“നീ പൊയ്ക്കോ സജൂ..എന്നെ വെറുതെ വിട്..നാണം കെട്ട് ജീവിച്ചു മതിയായി..മരിക്കാൻ ഭയമുണ്ടായിട്ടല്ല..എന്റെ അച്ഛനെ വിചാരിച്ചു മാത്രമാ…”
“ശരി…ഞാൻ പൊയ്ക്കോളാം…അവസാനമായി ഒന്ന് ചോദിച്ചോട്ടെ.. നീ എപ്പോഴെങ്കിലും, ഒരു നിമിഷമെങ്കിലും, എന്നെ പ്രണയിച്ചിട്ടുണ്ടോ?”
അവൾ ഒരു ദീർഘശ്വാസം എടുത്തു….
“ഇല്ല..ഒരിക്കലും ഇല്ല…നീ ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നു എനിക്ക്..അതിൽ കൂടുതലൊന്നും എനിക്ക് തോന്നിയിട്ടില്ല…”
സജീവ് വേദനയോടെ ഒന്ന് ചിരിച്ചു…
“മതി…അതറിഞ്ഞാൽ മതി..പക്ഷെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ശിവാ…എന്നെപോലെ ഒരുത്തൻ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്തതാണ് എന്നറിഞ്ഞിട്ടും നിന്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടിരുന്നു…സാരമില്ല..കൊതിച്ചതൊന്നും ഇന്നേ വരെ കിട്ടിയിട്ടില്ല…”
അവൻ പടികളിറങ്ങി ചെരിപ്പ് ഇട്ടു..എന്നിട്ട് അവളെ നോക്കി..
“നീയെന്റെ പ്രാണനാണ്…ആർക്കും നിനക്ക് പകരമാവാൻ കഴിയില്ല..മരിക്കും വരെ നീ കൂടെയുണ്ടായിരുന്ന നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം മതിയെനിക്ക്…പോട്ടെ, ഇനി മുൻപിൽ വരാതിരിക്കാൻ ശ്രമിക്കാം…”
ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോൾ ഒന്ന് പാളി ഒരു വശത്തേക്ക് ചരിഞ്ഞു…ശിവാനിയുടെ മനസ്സൊന്ന് പിടഞ്ഞു…സജൂ, സൂക്ഷിച്ച്…എന്ന് പറഞ്ഞു മുന്നോട്ട് ആയാൻ തുനിയവേ ഉള്ളിൽ നിന്നാരോ തടുത്തു…ബാലൻസ് വീണ്ടെടുത്ത് അവൻ ബൈക്ക് ഓടിച്ചു….ഗേറ്റിനരികിൽ എത്തിയപ്പോൾ ശിവാനിയുടെ അച്ഛൻ വരുന്നുണ്ടായിരുന്നു..
“മോൻ പോകുകയാണോ?”
“അതേ…കുറച്ചു തിരക്കുണ്ട്…” സജീവ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു..
“അവള് ചായയൊന്നും ഉണ്ടാക്കി തന്നില്ല അല്ലേ? കുറച്ചു ദിവസമായി ഇങ്ങനെയാ…മോനൊന്നും തോന്നരുത്…ആള് പാവമാ..”
വിഷമത്തോടെ അച്ഛൻ പറഞ്ഞു…
“എനിക്കറിയാം…അവൾ ശരിക്കും ഒരു മാലാഖ തന്നെയാണ്..അച്ഛൻ വിഷമിക്കണ്ട…ഇന്നത്തോടെ അവളുടെ ജീവിതത്തിൽ നിന്ന് ഒരു ശാപം ഒഴിഞ്ഞു പോകുകയാണ്…ഇനി മാറിക്കോളും…അവൾ പഴയതു പോലെ ആകും..”
അവൻ പോയി കഴിഞ്ഞും ആ വാക്കുകളുടെ പൊരുളറിയാതെ അച്ഛൻ അതേ നിൽപ് നിന്നു…
***************
ബൈക്ക് വീഴുന്ന ശബ്ദം കേട്ടാണ് സജീവിന്റെ അമ്മ പുറത്തേക്ക് വന്നത്…നിലത്ത് വീണു കിടക്കുന്ന ബൈക്കിൽ നിന്നും അവൻ കഷ്ടപ്പെട്ട് എഴുന്നേറ്റു അമ്മയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അകത്തേക്ക് നടന്നു..ഹാളിൽ അച്ഛനും ചേച്ചിയും അളിയനും ഇരിപ്പുണ്ട്..ടിവിയിൽ എന്തോ പരിപാടി ഓടിക്കൊണ്ടിരിക്കുന്നു…അവൻ നേരെ ടിവിയുടെ അടുത്ത് ചെന്ന് അത് പൊക്കിയെടുത്ത് തറയിലെറിഞ്ഞു…
“നീയെന്ത് ഭ്രാ ന്താടാ കാണിക്കുന്നേ?”
അച്ഛൻ ചാടിയെഴുന്നേറ്റു..
“എന്താ..? ഞാൻ കാശു കൊടുത്ത് വാങ്ങിയതാ ഇത്…എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും…”
“നീ കുടിച്ചിട്ടുണ്ടോ?” മ ദ്യത്തിന്റെ മണമടിച്ചപ്പോൾ അമ്മ ചോദിച്ചു…
“ഉണ്ടെങ്കിൽ തന്നെ നിങ്ങളെ ബോധിപ്പിക്കണോ?..പുന്നാര കൂടപ്പിറപ്പും അളിയനും വന്നത് നന്നായി..കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു…”
“അതിനാണോ കുടിച്ചത്?” പുച്ഛ സ്വരത്തിൽ ചേച്ചി ചോദിച്ചു…
“നന്ദിയില്ലാത്ത നിങ്ങളോടൊക്കെ സംസാരിക്കാൻ എനിക്കൊരു ല ഹരിയുടെയും പിൻബലം വേണ്ട….പിന്നെ കുടിച്ചത്…അതെനിക്ക് വേണ്ടി മാത്രമാ…”
അവൻ എല്ലാരേയും ഒന്ന് നോക്കി..
“ഒരുപാട് നന്ദിയുണ്ട്…എന്റെ ജീവിതത്തിലെ ആകെയുണ്ടായിരുന്ന സന്തോഷവും തല്ലിക്കെടുത്തിയപ്പോൾ എല്ലാർക്കും സമാധാനമായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു…”
“ഞങ്ങൾ എന്ത് ചെയ്തെന്നാ..കണ്ട നഴ്സിന്റെ കൂടെ മോൻ കറങ്ങി നടക്കുന്നത് ഞങ്ങൾക്ക് നാണക്കേടാ…” അമ്മയാണ് പറഞ്ഞത്…
“മോനോ?? അത് എപ്പോ മുതൽ? നിങ്ങൾക്ക് ചോദിക്കുമ്പോൾ പൈസ കിട്ടാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു ഞാൻ…ജീവിതകാലം മുഴുവൻ നിങ്ങൾക്ക് വേണ്ടി നരകിച്ചോളാമെന്ന് ഞാനാർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല..എല്ലാം ഇതോടെ നിർത്തി..”
സജീവ് ചേച്ചിയെ നോക്കി..
“അടുത്ത മാസം കാശടച്ചില്ലെങ്കിൽ ഈ വീട് ബാങ്കുകാർ കൊണ്ടുപോകും..നിന്റെ കല്യാണത്തിനു വേണ്ടി എടുത്ത ലോൺ ആണ്…അതുകൊണ്ട് തന്നെ ഇനി നീ അടച്ചാൽ മതി. നല്ല ജോലിയൊക്കെ ഉള്ളതല്ലേ…ഇനി പറ്റില്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും അടക്കട്ടെ..അനിയന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞു..അല്ലെങ്കിലും അങ്ങനൊരു സ്ഥാനം ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും നീ തന്നിട്ടില്ല….”
അവൻ റൂമിൽ കയറി കൈയിൽ കിട്ടിയ കുറച്ച് ഡ്രസ്സ് ബാഗിലിട്ട് അതുമെടുത്തു പുറത്തിറങ്ങി..എല്ലാരും നിശബ്ദമായി നിൽക്കുകയാണ്…അവൻ അച്ഛന്റെ മുന്നിൽ എത്തി..
“നിങ്ങള് പി ഴച്ചവളെന്നു വിളിച്ച പെണ്ണില്ലേ? അവൾ എന്റെ എല്ലാമായിരുന്നു…നിങ്ങളുടെ സ്ഥാനത് വേറാരെങ്കിലുമാണ് അങ്ങനെ വിളിച്ചതെങ്കിൽ ഞാൻ തല്ലി കൊ ന്നേനെ…ഇനി ഇവിടെ നിന്നാൽ ഞാൻ ചിലപ്പോൾ അത് ചെയ്തു പോകും…ഇറങ്ങുകയാ..”
തരിച്ചു നിൽക്കുന്ന എല്ലാവരെയും ഒന്നുകൂടെ നോക്കി…
“എന്നെങ്കിലും എന്നോട് സ്നേഹത്തോടെ ഒരു വാക്കെങ്കിലും സംസാരിക്കുമെന്ന് കൊതിച്ചിരുന്നു…എല്ലാർക്കും അവരവരുടെ ജീവിതമാണ് വലുതെന്നു തിരിച്ചറിയാതെ പോയ മണ്ടനാ ഞാൻ..തോറ്റു പോയവൻ…ഇനി ഈ പടി ഞാൻ ചവിട്ടില്ല…”
കണ്ഠമിടറി പറഞ്ഞു കൊണ്ട് അവൻ പടിയിറങ്ങി…വീണുകിടന്ന ബൈക്ക് നേരെയാക്കി അവൻ സ്റ്റാർട്ട് ചെയ്തു…വീട് ഒന്ന് നോക്കി… തന്റെ ചോരയും നീരുമാണിത്..മഹേഷേട്ടൻ പറഞ്ഞത് പോലെ, നന്ദിയില്ലാത്ത ഇവർക്ക് വേണ്ടി പണിതത്…ഒരുനാൾ പോലും സമാധാനത്തോടെ ഇവിടെ ഉറങ്ങിയിട്ടില്ല…കണ്ണുനീർ തുടച്ചു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു…
*************
“നീ തീരുമാനിച്ചോ?” ഹരീഷ് സങ്കടത്തോടെ അവനെ നോക്കി..
“ഉം…പോണം…ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെടാ…ഞാൻ ചിലപ്പോൾ എന്തെങ്കിലും ചെയ്തു പോകും…മനസ്സിന്റെ സമനില തെറ്റിയിരിക്കുകയാ..” സജീവ് പറഞ്ഞു…
ഹോസ്പിറ്റലിന്റെ മുന്പിലുള്ള ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു രണ്ടു പേരും…അവൻ തല തിരിച്ച് ഹോസ്പിറ്റലിനു നേരെ നോക്കി…അതിനുള്ളിലെവിടെയോ ശിവാനി ഉണ്ടായിരുന്നു….നിറഞ്ഞ പുഞ്ചിരിയോടെ രോഗികളെ പരിചരിക്കുന്ന മാലാഖ…ഓർമകളുടെ കിനാവള്ളിക്കരങ്ങൾ ശ്വാസം മുട്ടിക്കുന്നു…
“സജൂ…ഒരിക്കൽ കൂടി അവളോട് സംസാരിച്ചൂടെ…ഞാനും വരാം…”
“വേണ്ട…ഒരു പെണ്ണ് എല്ലാം സഹിക്കും, ക്ഷമിക്കും..പക്ഷെ അഭിമാനം വ്രണപ്പെട്ടാൽ അത് പൊറുക്കാൻ അവർക്ക് പറ്റില്ല…ആ കഴിവ് തന്നെയാ അവരെ നമ്മളെക്കാൾ എത്രയോ ഉയരത്തിലാക്കുന്നത്…ഞാൻ കാരണം അവൾ അപമാനിക്കപ്പെട്ടു…ആ മുറിവ് അങ്ങനൊന്നും ഉണങ്ങില്ല..”
സജീവ് പിറകോട്ടു ചാരിയിരുന്നു..തല വേദന കൂടിവരികയാണ്…ശിവാനി കള്ളം പറഞ്ഞതാണെന്ന് അറിയാം…ആ കണ്ണുകളിലെ പ്രണയം ഒരുപാട് തവണ കണ്ടിട്ടുണ്ട്…എന്നിട്ടും അത് അവൾ നിഷേധിച്ചെങ്കിൽ അത്രയധികം വേദനിച്ചതിനാലാണ്..
സജീവിന്റെ ബൈക്കും ഓടിച്ചുകൊണ്ട് ഒരു പയ്യൻ അങ്ങോട്ട് വന്നു…
“ചെറിയ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട്…എന്നാലും കൊള്ളാം..പറഞ്ഞ കാശ് ഇച്ചിരി കൂടുതലല്ലേ ചേട്ടാ…”
“എടാ ചെറുക്കാ, ബ്രോക്കർമാര് പറയുന്ന ഡയലോഗ് ഇങ്ങോട്ട് ഇറക്കല്ലേ…നിനക്ക് വേണേൽ പൈസ തന്നിട്ട് എടുത്തോണ്ട് പോ..”
ഹരീഷ് ദേഷ്യപ്പെട്ടു..
“അല്ല ചേട്ടാ..പേപ്പർസ് ഒക്കെ..?”
“എല്ലാം എന്റെ പേരിലാ..ഇവൻ ഓടിക്കുന്നു എന്നെ ഉളളൂ..അതൊക്കെ ഞാൻ നിനക്ക് ശരിയാക്കിത്തരാം…”
അവൻ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് ഹരീഷിന് കൊടുത്തു…അവൻ അത് എണ്ണി നോക്കി.
“എന്നാ നീ വിട്ടോ..ഞാൻ വിളിച്ചോളാം..”
പയ്യൻ പോയിക്കഴിഞ്ഞപ്പോൾ ഹരീഷ് സജീവിന്റെ അടുത്ത് ചെന്നു…കാശ് അവന്റെ കൈയിൽ കൊടുത്തു…എന്നിട്ട് പോക്കറ്റിൽ നിന്ന് കുറച്ച് രൂപ എടുത്ത് അവന്റെ പോക്കറ്റിൽ ഇട്ടു..
“ഇതെന്തിനാടാ?”
“ഇരിക്കട്ടെ..എന്റെ കൈയിൽ ഇതേ ഉള്ളൂ.”
ദൂരെ നിന്നും ബസ് വരുന്നത് കണ്ട് സജീവ് എഴുന്നേറ്റു..
“പോട്ടെടാ..”
ഹരീഷ് അവനെ കെട്ടിപിടിച്ചു..
“എവിടെ പോയാലും എന്നെ വിളിക്കണം..വിഷമിക്കരുത് എന്ന് പറയാൻ കഴിയില്ല..എന്നെങ്കിലും എല്ലാം മറക്കാൻ നിനക്ക് കഴിയുമായിരിക്കും…”
ബസിൽ കയറിയിരുന്ന് അവൻ പുറത്തേക്ക് നോക്കി…നിറ കണ്ണുകളോടെ നിൽക്കുന്ന ഹരീഷിന് പിന്നിൽ ജെ എസ് ഹോസ്പിറ്റൽ…അവിടെ നിന്നും ശിവാനി ഓടി വരുന്നുണ്ടോ…ഹൃദയത്തിലൊരു വിങ്ങൽ….അവൻ കണ്ണുകൾ ഇറുക്കി അടച്ചു…ബസ് മുന്നോട്ട് നീങ്ങി….
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…