പുനർജന്മം…
എഴുത്ത്: അനില്‍ മാത്യു
============
സാർ, എനിക്കിന്ന് ഹാഫ് ഡേ ലീവ് വേണമായിരുന്നു..ഫയലുകൾ ടേബിളിന്റെ പുറത്ത് വച്ചിട്ട് ഭാമ മാനേജറിനോട് പറഞ്ഞു.
എന്താടോ ഇന്ന് വിശേഷം?അയാൾ തിരക്കി.
ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയാണ്. ഞങ്ങളൊന്ന് പുറത്ത് പോകാൻ പ്ലാൻ ചെയ്തിരുന്നു. ഭാമ മറുപടി പറഞ്ഞു.
ആ..അതിനെന്താ? ലീവ് എടുത്തോളൂ..ഹാപ്പി ആനിവേഴ്സറി ബോത്ത് ഓഫ് യു..
താങ്ക്യൂ സാർ.. ഭാമ ചിരിച്ചു.
ഉച്ചയായപ്പോഴേക്കും ഭാമ ഓഫീസിൽ നിന്നിറങ്ങി.
ബാഗിൽ നിന്ന് ഫോണെടുത്ത് ഡയൽ ചെയ്തു..
അരുണേട്ടാ, ഞാനിറങ്ങി ട്ടൊ..അരമണിക്കൂറിനുള്ളിൽ ഞാനെത്തും.
ഓക്കേ..ആ ഭാമേ, നീ വരുന്ന വഴി ക്വീൻസിൽ ഓർഡർ ചെയ്തിരിക്കുന്ന കേക്ക് കൂടി വാങ്ങിപ്പോരെ..ഞാൻ ഇനി അതിന് വേണ്ടി പോകണ്ടല്ലോ..മറുതലയ്‌ക്കൽ നിന്ന് അരുണിന്റെ ശബ്ദം.
ശരിയേട്ടാ, ഞാൻ വാങ്ങി വരാം..ഓക്കേ..ഭാമ ഫോൺ കട്ട് ചെയ്തു.
ആക്റ്റീവ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കിറങ്ങി..റോഡിൽ ഭയങ്കര തിരക്ക്..ഒരു വിധത്തിൽ ബേക്കറിയുടെ മുന്നിലെത്തി. ക്വീൻസ്, ടൗണിലെ മുന്തിയയൊരു ബേക്കറിയാണ്..അതിന്റെ കൂടെ തന്നെ ഐസ്ക്രീം പാർലറും റെസ്റ്റോറെന്റും ഒക്കെയുണ്ട്. സാമാന്യം നല്ല തിരക്കാണവിടെ എപ്പോഴും.
വണ്ടി പാർക്കിങ്ങിൽ വച്ചിട്ട് ഹെൽമെറ്റ് ഊരി കയ്യിൽ പിടിച്ച് കൊണ്ട് ഭാമ ബേക്കറിയിലേക്ക് കയറി.
സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നപ്പോൾ എതിരെ വരുന്ന ആളെ കണ്ട് ഭാമ ഞെട്ടി. നെഞ്ചിലൊരാളൽ..അയാളെത്തന്നെ നോക്കി അവൾ സ്ഥബ്ധയായി നിന്നപ്പോഴേക്കും അയാൾ അവളെ കടന്ന് പോയി.
സ്ഥലകാല ബോധം വീണ്ടെടുത്ത് അവൾ തിരിഞ്ഞു..
രാജീവ്..അവൾ വിളിച്ചു.
പക്ഷേ അയാൾ നിന്നില്ല..അവൾ അയാളുടെ പിറകെ ചെന്ന് അയാളുടെ മുന്നിലായി കേറിനിന്നു…
രാജീവ്..അവൾ അയാളുടെ മുഖത്തേക്ക് നോക്കി വീണ്ടും വിളിച്ചു.
അയാൾ ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് പറഞ്ഞു..കുട്ടിക്ക് ആള് മാറിയെന്നു തോന്നുന്നു. എന്റെ പേര് കിഷോർ എന്നാണ്.
അല്ല, ഞാൻ വിശ്വസിക്കില്ല..നിങ്ങൾ രാജീവ് തന്നെയാണ്..അവളുടെ ശബ്ദം വിറച്ച് കരച്ചിലിന്റെ വക്കോളമെത്തി.
അപ്പോഴേക്കും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി..എന്താണ് പ്രശ്നം എന്ന് തിരക്കി ഒന്ന് രണ്ടു പേര് അവിടെയെത്തി.
ഈ കുട്ടി ഞാനേതോ രാജീവ് ആണെന്ന് കരുതി എന്നെ തടഞ്ഞു നിർത്തിയതാണ്. ഞാൻ കിഷോർ, യു എസിലാണ് ജനിച്ചതും വളർന്നതുമെല്ലാം..കഴിഞ്ഞയാഴ്ചയാണ് അച്ഛന്റെ തറവാട്ടിലെത്തുന്നത്. എനിക്ക് ഇവിടെ ആരെയും പരിചയമില്ല. അയാൾ പറഞ്ഞു. എന്നിട്ട് അവിടെ നിന്ന് മെല്ലെ തന്റെ കാറിന്റെ അടുത്തേക്ക് പോയി.
മോൾക്ക് ആള് തെറ്റിയതാവും..റിലാക്സ് റിലാക്സ് എന്ന് പറഞ്ഞ് ഒരു പ്രായമുള്ള സ്ത്രീ പുറത്ത് തട്ടിയപ്പോഴാണ് ഭാമ ഞെട്ടലിൽ നിന്നുണർന്നത്.
അയാൾ കയറിയ കാർ അവിടെ ഇല്ലായിരുന്നു..പോയെന്ന് അവൾക്ക് മനസ്സിലായി.
ഒരു വിധത്തിൽ അവിടെ നിന്ന് കേക്കും വാങ്ങി ഇറങ്ങി.
വണ്ടിയോടിച്ചപ്പോഴെല്ലാം അവളുടെ മനസ്സിൽ ആ മുഖമായിരുന്നു..താടി വച്ചത് മാത്രമാണ് ആ മുഖത്തുള്ള ഏക മാറ്റം. എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റുന്ന ഒരു മുഖമല്ലല്ലോ അത്. ഒരിയ്ക്കൽ അത്രയും പ്രിയപ്പെട്ടതായിരുന്നു അത്. എത്രയോ പ്രാവശ്യം ഒന്നും പറയാനില്ലെങ്കിലും മുഖത്തോട് മുഖം നോക്കിയിരുന്നിട്ടുണ്ട്..പഴയതൊക്കെ ഓരോന്നായി ഓർത്തെടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോഴേക്കും വാതിൽക്കൽ അരുൺ നിൽപ്പുണ്ടായിരുന്നു..
കൊള്ളാം, അര മണിക്കൂറെന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നര മണിക്കൂർ കഴിഞ്ഞു..എന്താ നീ ലേറ്റ് ആയത്? വിളിച്ചിട്ട് ഫോണും എടുത്തില്ലല്ലോ..അരുൺ ചോദിച്ചു.
അത് പിന്നെ…കേക്ക് റെഡി ആയില്ലായിരുന്നു. വെയിറ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ താമസിച്ചു പോയി..അവൾ മെല്ലെ പറഞ്ഞ് കൊണ്ട് അകത്തേക്ക് പോയി.
അവളുടെ മുഖം കണ്ട അരുണിന് എന്തോ പന്തികേട് തോന്നി. അയാൾ പിറകെ ചെന്നു.
കട്ടിലിൽ മുഖത്ത് കൈകളമർത്തി കുനിഞ്ഞിരിയ്ക്കയാണ് ഭാമ.
അരുൺ മെല്ലെ അവളുടെ അടുത്ത് ഇരുന്നു.
എടാ..എന്താ നിനക്ക്?എന്താ നിനക്ക് പറ്റിയത്? കുറച്ച് മുമ്പ് വരെ സന്തോഷമായിരുന്ന നിനക്ക് ഇത്രേം സമയത്തിനിടയ്ക്ക് എന്താ സംഭവിച്ചത്?
അവൾ മുഖമുയർത്തി അവനെ നോക്കി..എന്നിട്ട് മെല്ലെ പറഞ്ഞു..ഞാനിന്ന് രാജീവിനെ കണ്ടു.
ഏത് രാജീവിനെ? നിന്റെ പഴയ ആ അഫയറോ?അയാള് മരിച്ചു പോയെന്നല്ലേ നീ പറഞ്ഞത്? അരുൺ അമ്പരപ്പോടെ അവളുടെ മുഖത്ത് നോക്കി.
അങ്ങനെ തന്നെയായിരുന്നു ഞാനും വിശ്വസിച്ചത്. പക്ഷെ ഇന്ന് ഞാൻ നേരിൽ കണ്ടു. അവൾ പറഞ്ഞു.
എന്നിട്ട്…നിങ്ങൾ സംസാരിച്ചോ?
ഇല്ല, അവൾ ബേക്കറിയിൽ സംഭവിച്ചത് മുഴുവനും അരുണിനോട് പറഞ്ഞു.
ഏയ്..അത് നിനക്ക് തോന്നിയതാവും..ആ ആക്‌സിഡന്റിൽ അയാൾ മരിച്ചെന്ന് നീ തന്നെയല്ലേ പറഞ്ഞത്?
അല്ല അരുണേട്ടാ..അത് രാജീവ് തന്നെയാണ് എനിക്കുറപ്പുണ്ട്. അവൾ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു.
നോക്ക് ഭാമ, നമ്മുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണിന്ന്. നീ പറഞ്ഞത് സത്യമാണെങ്കിൽ നാളെ നമുക്ക് അതിനെക്കുറിച്ച് അന്വേഷിക്കാം. ഇന്നത്തെ ദിവസം അതിനെക്കുറിച്ച് ചിന്തിയ്ക്കരുത്..പ്ലീസ്…അരുൺ പറഞ്ഞു.
ഭാമ പെട്ടന്ന് മുഖം തിരുമ്മി എഴുന്നേറ്റു..ഏയ് പെട്ടന്ന് ആളെ കണ്ടപ്പോൾ എനിക്ക് എന്തോ പോലെയായി അരുണേട്ടാ..അത് കൊണ്ടാ..സോറി.
സാരമില്ല..നീ പോയി കുളിച്ച് റെഡി ആയി വാ..പുറത്തൊക്കെ ഒന്ന് പോയി വരുമ്പോഴേക്കും മനസ്സ് തണുക്കും.
അവൾ കുളിച്ചു വന്നപ്പോൾ അരുൺ കേക്ക് ടേബിളിൽ റെഡിയാക്കി വച്ചിരുന്നു..മുറിച്ച് പരസ്പരം ഓരോ പീസ് വായിൽ വച്ചു കൊടുത്തു..അതിന് ശേഷം അവർ പുറത്ത് പോയി..രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു വീട്ടിൽ വന്നപ്പോഴേക്കും നേരം കുറേ വൈകിയിരുന്നു.
വന്ന പാടെ അരുൺ ഉറങ്ങി..അവൾക്ക് പക്ഷേ ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല..ചിന്തകൾ ആറ് വർഷങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിയ്ക്കാൻ തുടങ്ങി.
***************
കോളേജിൽ പഠിക്കുന്ന സമയം..രാവിലെ എഴുന്നേറ്റ് പല്ലും തേച്ചു കൊണ്ട് ടെറസിന്റെ മുകളിൽ നിന്നപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിൽക്കുന്ന രാജീവിനെ അവൾ ആദ്യമായിട്ട് കാണുന്നത്. സുന്ദരനായ ഒരു ചെറുപ്പക്കാരൻ.ആ വീട്ടിൽ ഒരു ചേച്ചിയും ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. ചേച്ചിയുടെ ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനാണ്..അയാൾ രാവിലെ പോകും. ഇതേതാ ഈ പുതിയ ആള്?അതൊന്ന് തിരക്കിയിട്ട് തന്നെ കാര്യം. പെട്ടന്ന് തന്നെ മുഖം കഴുകി താഴെക്കിറങ്ങി നേരെ അയല്പക്കത്തെ വീട്ടിലേക്ക് ചെന്നു.
ചേച്ചിയെ…ലത ചേച്ചിയേ…ഭാമ ഉറക്കെ വിളിച്ചു.
വാതിൽ തുറന്നത് രാജീവാണ്. ഒറ്റ നോട്ടത്തിൽ തന്നെ രണ്ടാളുടെയും കണ്ണുകൾ തമ്മിലുടക്കി..പെട്ടന്ന് അവൾ കണ്ണുകൾ പിൻവലിച്ചു..എന്നിട്ട് ചോദിച്ചു..ലത ചേച്ചി ഇല്ലേ ഇവിടെ?
ചോദിച്ചു തീർന്നപ്പോഴേക്കും ചേച്ചി അകത്തു നിന്നിറങ്ങി വന്നു. ആഹാ ഭാമ മോളോ? എന്താ മോളെ രാവിലെ? കേറി വാ..അവർ വിളിച്ചു.
അവൾ മെല്ലെ അകത്തേക്ക് കയറി. ഈ ലക്കം വനിത വന്നോ ചേച്ചി? അവൾ വെറുതെ ചോദിച്ചു.
ആ, വന്നല്ലോ…ആ ടീപ്പോയുടെ മുകളിൽ കാണും. നോക്ക്
അതാരാ ചേച്ചി ആ ആള്? അവൾ ചോദിച്ചു.
അയ്യോ, അത് പറയാൻ മറന്നു..അതെന്റെ ആങ്ങളയുടെ മോനാണ്. രാജീവ്..അവരുടെ വീട് തൃശൂർ ആണ്. ഇവിടെ ട്രിവാൻഡ്രത്താണ് അവന് ജോലി കിട്ടിയത്. ഞങ്ങൾ ഇവിടുള്ളപ്പോൾ പുറത്തെങ്ങും കാശ് കൊടുത്ത് വീടെടുക്കണ്ടല്ലോ..ഇവിടെ നിന്ന് പോയി വരാമല്ലോ. അടുത്തല്ലേ.
ഉം..അവളൊന്ന് മൂളി.
എങ്കിൽ ഞാനിറങ്ങട്ടെ ചേച്ചി, കോളേജിൽ പോകാൻ സമയമായി. പറഞ്ഞ് കൊണ്ട് അവളവിടെ നിന്നും ഇറങ്ങി.
പുറത്ത് സിറ്റ്ഔട്ടിൽ പത്രം നോക്കിക്കൊണ്ടിരുന്ന രാജീവിനെ അവൾ ഏറു കണ്ണിട്ടൊന്ന് നോക്കി..
വനിത വാങ്ങാൻ വന്നതാണോ അതോ പുതിയ ആള് ആരാണെന്നറിയാൻ വന്നതാണോ? അവന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവളൊന്ന് ചൂളി..
ചുണ്ട് കോട്ടി കൊഞ്ഞനം കുത്തിയിട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അവൾ വീട്ടിലേക്ക് ഓടി.
അതൊരു തുടക്കമായിരുന്നു..ആരുമറിയാതെ അവരുടെ ഇടയിൽ പ്രണയം മൊട്ടിട്ടു തുടങ്ങി..
വഴിയിൽ വച്ചും വീട്ടിൽ വച്ചും പരസ്പരം കണ്ടു..സംസാരിച്ചു..ശരിക്കും പിരിയാനാവാത്ത തരത്തിൽ രണ്ടാളും അടുത്തു.
ഒരു ദിവസം പതിവ് പോലെ എന്തോ കാര്യം പറഞ്ഞ് ലത ചേച്ചിയുടെ വീട്ടിൽ ചെന്നു. രാജീവ് ആ സമയം അവിടെ ഇല്ലായിരുന്നു.
ഭാമേ..ഞാനും ചേട്ടനും കൂടി അടുത്തയാഴ്ച നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്..രാജീവിന്റെയും നിന്റെയും കല്യാണക്കാര്യം സംസാരിക്കാൻ.
ഭാമ ഞെട്ടി..ഇവരിതെങ്ങനെ അറിഞ്ഞു?
അത് മനസ്സിലാക്കിയിട്ടെന്നോണംലത ചേച്ചി തുടർന്നു…പൂച്ച കണ്ണടച്ച് പാല് കുടിയ്ക്കുന്നത് ആരും അറിഞ്ഞില്ലെന്നാ വിചാരം..രണ്ടും കൂടെയുള്ള കറക്കമൊക്കെ ഞങ്ങളറിഞ്ഞു. നിന്റെ അച്ഛനോട് സംസാരിച്ചപ്പോ അവർക്ക് എതിർപ്പൊന്നുമില്ല.
അപ്പൊ അവൾ വീണ്ടും ഞെട്ടി..എന്നിട്ട് അവരിതൊന്നും അറിഞ്ഞ ഭാവം പോലും നടിച്ചില്ലല്ലോ..അവൾക്ക് അത്ഭുതത്തോടൊപ്പം സന്തോഷവും തോന്നി.
അങ്ങനെ രണ്ട് വീട്ട് കാരും ചേർന്ന് കല്യാണത്തീയതിയും ഉറപ്പിച്ചു.
അന്നായിരുന്നു ആ നശിച്ച ദിവസം..കല്യാണത്തിന് തുണികൾ എടുക്കാൻ രണ്ട് വീട്ടുകാരും ഒന്നിച്ചാണ് എത്തിയത്. തുണിയെടുത്ത ശേഷം രാജീവ് അവളോട് പറഞ്ഞു..അവർ പൊക്കോട്ടെ ഭാമ..നമുക്ക് ഒന്ന് കറങ്ങിയിട്ട് ഒക്കെ പോകാം എന്താ?
ഓക്കേ, അവളും സമ്മതിച്ചു.
തുണികൾ വീട്ട് കാരുടെ കയ്യിൽ കൊടുത്തു വിട്ടശേഷം രാജീവും ഭാമയും ബൈക്കിൽ ടൗണിലേക്കിറങ്ങി.
നേരെ ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു..അവിടെ നിന്ന് പാർക്കിൽ…അങ്ങനെ കുറേ നേരം കൂടി ചുറ്റിയടിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു
ഇനി ആരെങ്കിലും കണ്ടാലും കുഴപ്പമില്ല..നീയെന്നെയൊന്ന് കെട്ടിപ്പിടിച്ചിരുന്നോ..രാജീവ് പറഞ്ഞു.
അയ്യടാ..ചെക്കന് ഇപ്പൊ എന്താ ധൈര്യം..അവൾ അവന്റെ പുറത്ത് ചെറുതായൊന്നു പിച്ചിയ ശേഷം അവനെ കെട്ടിപ്പിടിച്ചു.
എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിച് കൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ആ ബസ് അതിവേഗത്തിൽ അവരെ കടന്ന് പോയത്. വെട്ടിച്ചു മാറ്റാൻ ശ്രമം നടത്തിയതും ബസിന്റെ പുറക് വശം ശക്തമായി ബൈക്കിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിലേക്ക് തെറിച്ചു വീണു. തല പൊട്ടി ചോരയൊലിച്ചു കിടന്ന ഭാമയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ബോധമില്ലാതെ കിടന്ന രാജീവിന്റെ നേരെ ഒരു ടിപ്പർ പാഞ്ഞടുക്കുന്നത് കണ്ടു ഭാമ അലറി വിളിച്ചു.
മൂന്ന് ദിവസം കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ താൻ ഹോസ്പിറ്റലിൽ ആണ്. അവളുടെ കണ്ണുകൾ ചുറ്റും പരതി.
അച്ഛനും അമ്മയും അടുത്തുണ്ട്.
രാജീവ്..രാജീവ്..അവളുടെ ചുണ്ടുകൾ മെല്ലെ അനങ്ങി.
രാജീവിന് കുഴപ്പമില്ല മോളെ..ചെറിയ പരിക്കെ ഉള്ളൂ..എന്നാലും റസ്റ്റ് എടുക്കണം. വീട്ടിലുണ്ട്. നമുക്ക് ചെന്നിട്ട് കാണാം. അച്ഛൻ പറഞ്ഞു.
അവൾക്ക് സമാധാനമായി..കണ്ണ് മെല്ലെയടച്ചു അവൾ കിടന്നു.
ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് അവളെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ എത്തിയ ഉടനെ രാജീവിനെ കാണാൻ പോകണം എന്ന് പറഞ്ഞു.
അച്ഛനും അമ്മയും ഒന്നും മിണ്ടുന്നില്ല.
എന്താ അച്ഛാ? എന്താ ഒന്നും മിണ്ടാത്തത്. എന്റെ രാജീവ് എവിടെ?
മോളെ..നീ വിഷമിയ്ക്കരുത്..രാജീവ് നമ്മളെ വിട്ട് പോയി. രക്ഷിക്കാൻ പറ്റിയില്ല. ബോഡി തൃശൂരിന് കൊണ്ട് പോയി.
ബാക്കി പറഞ്ഞതൊന്നും അവൾ കേട്ടില്ല..ഒരു ഭ്രാ ന്തിയെപ്പോലെ അവൾ അലറി.
ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞാണ് അവൾ ആ ഷോക്കിൽ നിന്ന് വിമുക്തയായത്.
ഇപ്പൊ യഥാർഥ്യത്തോട് അവൾ പൊരുത്തപ്പെട്ടു തുടങ്ങി.
കല്യാണ ആലോചനകൾ പലതും വരുന്നുണ്ടെങ്കിലും അവൾ ഒന്നിനും സമ്മതിച്ചില്ല.
അങ്ങനെ ഇരിയ്ക്കെയാണ് അരുണിന്റെ ആലോചന വരുന്നത്. വീട്ടുകാരുടെ നിർബന്ധം കാരണം അവനോടൊന്ന് സംസാരിക്കാൻ അവൾ സമ്മതിച്ചു.
തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെല്ലാം ഭാമ അരുണിനോട് പറഞ്ഞു..
ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ വന്നത്..നോക്ക്, ഒരു പ്രണയമെങ്കിലും ഇല്ലാത്തവർ ഇന്ന് ഉണ്ടോടോ? ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. പരാജയപ്പെട്ടവർ ജീവിതകാലം മുഴുവനും അതോർത്ത് ജീവിതം നശിപ്പിക്കുന്നത് എന്റെ കാഴ്ചപ്പാടിൽ മണ്ടത്തരമാണ്..എന്തായാലും എനിക്ക് തന്നെ ഇഷ്ടപ്പെട്ടു. നമ്മുടെ ജീവിതത്തിൽ ഒരിയ്ക്കൽ പോലും ഈ ഒരു സംഭവം ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് ഞാൻ ഉറപ്പ് തരാം. താൻ ആലോചിച്ചു തീരുമാനം എടുത്തോളൂ..അരുൺ പറഞ്ഞു.
അങ്ങനെ അരുണുമായുള്ള ഭാമയുടെ വിവാഹം നടന്നു.
അതിനിടയ്ക്ക് ലത ചേച്ചിയുടെ ഭർത്താവിന് സ്ഥലം മാറ്റം കിട്ടി അവരും മറ്റെവിടെക്കോ പോയിരുന്നു.
*************
നീയുറങ്ങിയില്ലേ ഭാമേ ഇതുവരെ?
അരുണിന്റെ ചോദ്യം കേട്ടാണ് ഭാമ ഓർമകളിൽ നിന്ന് തിരിച്ചു വന്നത്.
അവൾ ഫോണെടുത്ത് സമയം നോക്കി. രണ്ടര ആയി.
ഏട്ടാ, ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?
എന്താ? പറ..
രാജീവിനെക്കുറിച്ച് ഒന്ന് അന്വേഷിക്കുമോ? എന്തോ മനസ്സിന് വല്ലാത്ത അസ്വസ്ഥത.
നീ ഇപ്പൊ കിടക്ക്. നേരം വെളുക്കട്ടെ. ഞാൻ അന്വേഷിക്കാം..അരുൺ അവളുടെ നേരെ തിരിഞ്ഞ് കിടന്ന് കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു.
നേരം വെളുത്തു..രണ്ടാളും ജോലിക്ക് പോകാൻ റെഡിയായി. അവളെ ഓഫീസിൽ ഇറക്കി അരുൺ ബൈക്ക് തിരിക്കുമ്പോൾ അവൾ അവനെയൊന്ന് നോക്കി. അത് മനസ്സിലാക്കിയിട്ടേന്നോണം അവൻ പറഞ്ഞു..ഞാൻ അന്വേഷിക്കാം ഡാ..നീ പൊക്കോ. അത് പറഞ്ഞിട്ട് അവൻ വേഗം ബൈക്ക് ഓടിച്ചു പോയി.
അരുൺ നേരെ പോയത് ഭാമയുടെ വീട്ടിലേക്ക് ആയിരുന്നു.
ആഹാ മോനോ?അവളെന്ത്യേ? അമ്മ ചോദിച്ചു.
അവളെ ഓഫീസിൽ ഇറക്കിട്ടാ ഞാൻ വന്നത്. അച്ഛനെന്ത്യേ അമ്മേ?
അകത്തുണ്ട് വിളിക്കാം..
ഉടനേ അകത്തു നിന്ന് അച്ഛനും ഇറങ്ങി വന്നു.
അച്ഛാ ഞാനൊരു കാര്യം അറിയാനാ വന്നത്. അരുൺ പറഞ്ഞു.
അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി.
പേടിക്കണ്ട..അരുൺ ചിരിച്ചു കൊണ്ട് തുടർന്നു..അന്ന് രാജീവിന് എന്താ പറ്റിയത്?
അവൻ മരിച്ചു പോയില്ലേ മോനെ?
ഇനിയും നിങ്ങൾ കള്ളം പറയണ്ട അച്ഛാ..രാജീവിനെ ഭാമ ഇന്നലെ കണ്ടു. നിങ്ങൾക്ക് സത്യം അറിയാം. എന്തായാലും പറഞ്ഞോളൂ..അത് കാരണം അവൾക്ക് ഒരു ബുദ്ധിമുട്ട് ഞാൻ ഉണ്ടാക്കില്ല.
മോനെ, ഇനി ഒന്നും മറയ്ക്കുന്നില്ല. അവൻ മരിച്ചില്ലായിരുന്നു അന്ന്. അന്നത്തെ ആക്‌സിഡന്റിൽ കാര്യമായ ക്ഷതം പറ്റി ശരീരം മുഴുവനും തളർന്നു അവൻ ഇനിയൊരിക്കലും എഴുന്നേൽക്കില്ലെന്ന് ഡോക്ടർ വിധിയെഴുതി. ആ സമയം മോൾക്ക് ബോധം വീണിട്ടില്ലായിരുന്നു. അവൾക്ക് അവനോട് വല്ലാത്ത ഇഷ്ടമായിരുന്നു. അവൻ ജീവശ്ചവം ആയി കിടന്നാലും അവൾ അവന്റെ കൂടെ ജീവിച്ചേനെ..അത് ഉണ്ടാവാതിരിക്കാൻ ഞങ്ങളും ലതയും കൂടി ഉണ്ടാക്കിയ കഥയാണ് അവൻ മരിച്ചു എന്നത്. അങ്ങനെ പറഞ്ഞാൽ കുറച്ചു നാൾ കഴിയുമ്പോൾ അവളത് മറക്കുമെന്നും നല്ലൊരു ജീവിതം അവൾക്കുണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. ഒരച്ഛനും അമ്മയ്ക്കും അവരുടെ മക്കളുടെ ഭാവിയില്ലേ മോനെ വലുത്. അത്രയുമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ..
പിന്നെ അവനെക്കുറിച്ച് ഒന്നും അറിയില്ലേ?
അവനെ ഹോസ്പിറ്റലിൽ നിന്ന് നേരെ തൃശ്ശൂരിന് കൊണ്ട് പോയി. അതിന് ശേഷം അവരും ഇവിടുന്ന് പോയി. പിന്നെ ഒരു വിവരവും ഇല്ല.
ലത ചേച്ചിയുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ?
നോക്കട്ടെ മോനെ…അമ്മ അകത്തേക്ക് പോയി ഒരു ഡയറി എടുത്തു കൊണ്ട് വന്നു.
ഇതിൽ ഉണ്ടെന്ന് തോന്നുന്നു..മോനൊന്ന് നോക്കിയേ..അവർ ഡയറി അരുണിന് നേരെ നീട്ടി.
അവനത് വാങ്ങി ഒരു നമ്പർ ഫോണിൽ സേവ് ചെയ്തു.
എന്നാൽ ഞാനിറങ്ങട്ടെ..ഒന്നും പേടിക്കണ്ട, ഭാമ എന്നും എന്റെ കൂടെ സന്തോഷമായിട്ട് ഉണ്ടാവും.
അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.
വൈകുന്നേരം ഭാമ വീട്ടിലെത്തിയപ്പോൾ അരുൺ ഡ്രസ്സ് മാറാതെ നിൽക്കുന്നു.
ഇതെന്താ ഡ്രെസ്സൊന്നും മാറാതെ? അവൾ ചോദിച്ചു.
നീ വാ..നമുക്കൊരു സ്ഥലം വരെ പോകാം..
എങ്ങോട്ട്…?
വാ അതൊക്കെയുണ്ട്.
അവൾ അവന്റ കൂടെ ബൈക്കിൽ കയറി. യാത്രയ്ക്കിടയിൽ അവൾ ചോദിച്ചതിനൊന്നും അരുൺ മറുപടി കൊടുത്തില്ല.
ഒന്നൊന്നര മണിക്കൂറോളം യാത്ര ചെയ്ത് ബൈക്ക് ഒരു പഴയ വീടിന്റ മുന്നിലെത്തി.
ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് അരുൺ മുന്നോട്ട് നടന്നു. ഒന്നും മനസിലാവാതെ കൂടെ ഭാമയും.
പുറത്തേക്ക് ഇറങ്ങി വന്ന ആളെ കണ്ട് ഭാമ ഞെട്ടി..ലത ചേച്ചി.
മോളെ എന്ന് വിളിച്ച് അവർ ഓടി വന്ന് കെട്ടിപ്പിടിച്ചു..
എത്ര നാളായി എന്റെ മോളെ കണ്ടിട്ട്..അവരുടെ കണ്ണ് നിറഞ്ഞിരുന്നു. ഭാമയും വിങ്ങിപ്പൊട്ടി.
അകത്തേക്ക് കയറിയ ഭാമയുടെ കണ്ണുകൾ പരതി..അത് മനസ്സിലാക്കിയ ലത ചോദിച്ചു..മോള് രാജീവിനെ കണ്ടു അല്ലെ?
അവളുടെ കണ്ണുകൾ വിടർന്നു..എവിടെ ചേച്ചി രാജീവേട്ടൻ അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
അപ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് രാജീവ് ഇറങ്ങി വന്നു.
അയാളെ കണ്ടതും ഭാമയുടെ കാലിൽ നിന്നൊരു പെരുപ്പ് ഉണ്ടായി.
രാജീവേട്ടാ..അവളുടെ ചുണ്ടുകളിൽ നിന്നൊരു നേർത്ത ശബ്ദം ഉണ്ടായി.
രാജീവ് അവളെയും അരുണിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഇരിക്ക് മാഷേ..നീയും ഇരിക്ക് ഭാമേ..രാജീവ് പറഞ്ഞു.
അരുൺ സെറ്റിയിൽ ഇരുന്നു. ഭാമ ഇരിക്കാതെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ രാജീവിനെ ഉറ്റ് നോക്കികൊണ്ട് ലതയുടെ കൂടെ നിന്നു.
ശരിയാണ്, ഭാമ അന്ന് കണ്ടത് എന്നെയാണ്. അവൾ കേറി വരുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ ഒളിയ്ക്കാൻ കഴിഞ്ഞില്ല. അവളിൽ നിന്ന് ഒഴിഞ്ഞു പോകാൻ എനിക്ക് രാജീവല്ലെന്ന് പറയേണ്ടി വന്നു.
എന്താണ് ശരിക്കും സംഭവിച്ചത്? അരുൺ ചോദിച്ചു.
അന്നത്തെ ആക്‌സിഡന്റ് കഴിഞ്ഞ് എന്റെ ശരീരം പൂർണമായും തളർന്നു. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് ഇല്ലെന്ന് എല്ലാരും പറഞ്ഞു. മൂന്ന് വർഷം ഒരേ കിടപ്പ് കിടന്നു. ഇടയ്ക്കെപ്പോഴോ എന്നെക്കാണാൻ വന്ന ഒരു സുഹൃത്താണ് എന്റെ വിരലിൽ അനക്കം കണ്ടത്..വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. പ്രതീക്ഷയ്‌ക്ക് വകയുണ്ടെന്ന് ഡോക്ടഴ്സ് പറഞ്ഞു. പിന്നീടുള്ള ചികിത്സയിൽ ഒന്നൊന്നര വർഷം കൊണ്ട് എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിഞ്ഞു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ എനിക്ക് പഴയ ആരോഗ്യം തിരിച്ചു കിട്ടി. ഇതെന്റെ പുനർജന്മമാണ്..
അരുണും ഭാമയും അന്തം വിട്ടിരിക്കെ രാജീവ് തുടർന്നു…നിങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞത് പോലും വർഷങ്ങൾക്ക് ശേഷമാണ്..ഞാൻ മരിച്ചു പോയി എന്നാണ് നിന്നെ വിശ്വസിപ്പിച്ചിരിക്കുന്നതെന്നും അമ്മായി പറഞ്ഞാണ് അറിഞ്ഞത്. അത് നന്നായെന്ന് എനിക്കും തോന്നി. അനങ്ങാൻ പോലും ആവാതെ കിടക്കുന്ന ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ ജീവിതവും നശിച്ചു പോയില്ലല്ലോ. അതിലെനിക്ക് സന്തോഷമുണ്ട്. ആ പഴയ ജോലി എനിക്ക് വീണ്ടും കിട്ടി, അങ്ങനെയാണ് ഞാൻ വീണ്ടും ഇവിടേക്ക് വന്നത്. നമ്മൾ തമ്മിൽ ഇനിയൊരിക്കലും കാണരുതെന്ന് ഞാൻ വിചാരിച്ചു. കുറേ പ്രാവശ്യം നിന്നെ ഞാൻ കണ്ടു. പക്ഷെ മുന്നിൽ വരാതെ ഒഴിഞ്ഞു മാറി നടന്നത് മനപ്പൂർവ്വമാണ്. പക്ഷെ ഇപ്രാവശ്യം നീയെന്നെ കണ്ടു…രാജീവ് ചിരിച്ചു.
ഇന്നലെ മുതൽ ഇവൾക്ക് ഒരു സമാധാനവും ഇല്ല..അത് കൊണ്ട് സത്യം കണ്ട് പിടിയ്ക്കാൻ വേണ്ടി ഞാൻ തന്നെ ഇറങ്ങേണ്ടി വന്നു. അരുൺ പറഞ്ഞു.
അതേതായാലും നന്നായി..ശുഭകരമായ ഒരന്ത്യം ഉണ്ടായല്ലോ..പിന്നെ ഞാനിന്ന് ഒറ്റയ്ക്കല്ല കേട്ടോ..രാജീവ് പിറകിലേക്ക് മുഖം തിരിച്ചു.
ആശ്വതീ…അയാൾ വിളിച്ചു.
അരുണിന്റെയും ഭാമയുടെയും കണ്ണുകൾ ഒരുപോലെ അവിടേക്ക് പോയി..
അകത്തു നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു..
ഇത് അശ്വതി..എന്റെ ഭാര്യ. ഇപ്പൊ പ്രെഗ്നന്റ് ആണ്.
നിനക്ക് ഇത് ആരാണെന്ന് മനസ്സിലായോ? രാജീവ് ചോദിച്ചു.
ഉം..അവൾ തലയാട്ടി.
എങ്കിൽ പറ ആരാ?
ഏട്ടൻ പറഞ്ഞിട്ടുണ്ടല്ലോ ഭാമയെക്കുറിച്ച്..അങ്ങനെ അറിയാം.
ഭാമ വേഗം അവളുടെ അടുത്തെത്തി. രണ്ടാളും കൂടി അകത്തെ മുറിയിലേക്ക് നടന്നു.
രാജീവ് അരുണിന് നേരെ നോക്കി..
അരുൺ..എന്നോട് ക്ഷമിയ്ക്കണം. എനിക്കറിയാം അരുൺ നല്ലൊരു ഭർത്താവ് ആണ്. ഞങ്ങൾ തമ്മിലുള്ള ബന്ധമറിഞ്ഞിട്ടും അവളെ വിഷമിപ്പിക്കാതെ അവൾക്കൊരു ജീവിതം കൊടുത്തു. എല്ലാ സപ്പോർട്ടും കൊടുത്തു. ഇപ്പൊ എന്നെ വീണ്ടും കണ്ടെന്നവൾ പറഞ്ഞിട്ടും ഒരു ദേഷ്യവും കാണിക്കാതെ അവളുടെ കൂടെ നിന്നു. തന്റെ മനസ്സിൽ നന്മയുണ്ടെടോ..അതാണ് അവൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം. ഞാനൊരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമാവില്ല. എന്റെ ഭാര്യയും നിങ്ങളെപ്പോലെയാണ്..ഭാമയും ഞാനും തമ്മിലുണ്ടായിരുന്ന ബന്ധം അവളോട് പറഞ്ഞിട്ടുണ്ട്. അവളെന്നെ പലപ്പോഴും ആശ്വസിപ്പിച്ചു. ഇന്ന് ഞാൻ അവൾക്കും അവൾക്ക് ഞാനുമാണ് വലുത്.
അറിയാം രാജീവ്..പരസ്പരം തുറന്നു പറയുന്നിടത്തെ സമാധാനവും സന്തോഷവും ഉണ്ടാവൂ..ക്ഷമിക്കാനും പൊറുക്കാനും കഴിയില്ലെങ്കിൽ നമ്മളൊക്കെ മനുഷ്യരാണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം? അല്ലെ?
അത് തന്നെ..രാജീവ് ചിരിച്ചു. ഒപ്പം അരുണും
അപ്പോഴേക്കും മുറിയിൽ നിന്ന് ഭാമയും അശ്വതിയും ഇറങ്ങി വന്നു. അവരുടെയും മുഖത്തു ചിരിയുണ്ടായിരുന്നു.
അപ്പൊ ദൈവ കൃപയാൽ എല്ലാം ഭംഗിയായി അവസാനിച്ചു അല്ലെ? എല്ലാം കണ്ടും കേട്ടും നിന്ന ലത ചേച്ചി ചോദിച്ചു.
ഉവ്വ് ഉവ്വ്..ചാവാത്തവരെ കൊല്ലുന്ന ആൾക്കാരാ നിങ്ങള്..ഭാമയത് പറഞ്ഞപ്പോൾ അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ വലിയൊരു പേമാരി പെയ്തു തോർന്ന പ്രതീതി ആയിരുന്നു ഭാമയുടെ മനസ്സിൽ.
ഭാമേ…ബൈക്കോടിച്ചു കൊണ്ടിരുന്ന അരുൺ പുറകോട്ട് നോക്കി വിളിച്ചു.
എന്തോ..അവൾ വിളി കേട്ടു.
ഒന്നൂടെ പ്രേമിക്കുന്നോ രാജീവിനെ?
അയ്യടാ, എന്നിട്ട് വേണം ആ പാവം പെണ്ണും അവർക്കുണ്ടാകാൻ പോകുന്ന കുഞ്ഞുവാവയും എന്റെ ഈ പുന്നാര ഏട്ടനും അനാഥരാവാൻ..അങ്ങനെ ഇപ്പൊ സുഖിക്കണ്ടാട്ടോ..അത് പറഞ്ഞു കൊണ്ട് ഭാമ അരുണിനെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു.
~അനിൽ മാത്യു