ഹൃദയങ്ങളിലൂടെ….അവസാനഭാഗം (07) , എഴുത്ത്: കർണൻ സൂര്യപുത്രന്‍

കണ്ണൂർ  – പടന്നപ്പാലം…

വാടകവീട്ടിലെ പഴയ കട്ടിലിൽ ഉറങ്ങുന്ന റെജിയെ നോക്കിയിരിക്കുകയായിരുന്നു മാനസ…ഇവിടേക്ക് വന്നിട്ട് മാസങ്ങൾ കഴിഞ്ഞു…എപ്പോൾ വേണമെങ്കിലും കടന്ന് വരാവുന്ന  മരണത്തെയും പ്രതീക്ഷിച്ചുള്ള ജീവിതം വേറാർക്കും ഉണ്ടാവല്ലേ എന്നവൾ പ്രാർത്ഥിച്ചു….കഴുത്തിലെ മാലയിലെ ഉണ്ണിക്കണ്ണനെ അവൾ തൊട്ടു…

ഏട്ടാ….ഇപ്പൊ ഏട്ടൻ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം…എന്റെ തെറ്റ് തന്നെയാ…എനിക്കിവനെ ഉപേക്ഷിക്കാൻ പറ്റില്ല..മരണം വരെ കൂടെയുണ്ടാവുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്..അത് പാലിക്കണം..എനിക്ക് അവന്റെ കുഞ്ഞിനെ വളർത്തിയേ തീരൂ…അവനു നഷ്ടപ്പെട്ടു പോയ ചിലതുണ്ട്…അത് അവന്റെ കുഞ്ഞിനെങ്കിലും കൊടുക്കണം…മംഗലാപുരം മുകുന്ദ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതാണ്..പക്ഷേ കുറച്ചു നാളെങ്കിലും സ്വതന്ത്രമായി ജീവിക്കണമെന്ന റെജിയുടെ യാചന തള്ളിക്കളയാനായില്ല..ആരോടും പറയാതെ  ഇങ്ങോട്ട് പോന്നതാണ്…സന്തോഷേട്ടനോട് ശരണ്യയെ വിവരമറിയിക്കണം എന്ന് മാത്രം പറഞ്ഞു…

“സമയമെന്തായെടീ?” റെജിയുടെ ചോദ്യം അവളുടെ ചിന്തകളെ മുറിച്ചു…

“എട്ടു മണി കഴിഞ്ഞു…”

“അയ്യോ ഇത്രേം വൈകിയോ? നീയെന്താ വിളിക്കാഞ്ഞേ?” അവൻ  ചാടിയെണീറ്റു..

“നീയിനി എങ്ങോട്ടും പോകണ്ട..”

“കടയിൽ ലീവ് പറഞ്ഞില്ലെടീ…പോകാതിരിക്കാൻ പറ്റില്ല..”

“ഫോൺ ചെയ്തു പറഞ്ഞാൽ മതി.” തെക്കി ബസാറിലെ ഒരു റെസ്റ്റോറന്റിൽ കാഷ്യറായി ജോലി ശരിയാക്കിക്കൊടുത്തത് മനോഹരൻ ആയിരുന്നു.

“അത് ശരിയാവില്ല…സ്ഥലം വിറ്റതിന്റെ ബാക്കി ഒരു ലക്ഷത്തിൽ താഴെ മാത്രമേ അക്കൗണ്ടിൽ കിടപ്പുള്ളൂ…നിന്റെ പ്രസവത്തിനും മറ്റും  തികയുമോ എന്ന് സംശയമാണ്…ഇവിടെ സാധനങ്ങളൊക്കെ ഏകദേശം തീർന്നോണ്ടിരിക്കുകയാണെന്നും അറിയാം…അടുത്താഴ്ച സർട്ടിഫിക്കറ്റ് വാങ്ങാൻ മംഗലാപുരം പോണ്ടേ…?അതിന് കാശ് വേണം…സർട്ടിഫിക്കറ്റ് കിട്ടിയാൽ ഏതേലും ഹോസ്പിറ്റൽ ഫാർമസിയിൽ ജോലിക്ക് കേറാല്ലോ..”

അവൻ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു…കുളി കഴിഞ്ഞു രണ്ടു പേരും ഒരുമിച്ചു ഭക്ഷണം കഴിച്ചു…

“ഫ്രൂട്സ് ഒക്കെ കഴിഞ്ഞോടീ?”

“കുറച്ചുണ്ട്…”

“ശനിയാഴ്ച അല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത്,?”

“ഉം…”

പോകാനിറങ്ങിയപ്പോൾ റെജി അവളെയൊന്നു കെട്ടിപ്പിടിച്ചു… എന്നിട്ട് കണ്ണുകൾക്ക് മീതെ അധരങ്ങൾ അമർത്തി…തന്നെ നോക്കി നിൽക്കുന്ന അവനോട് മാനസ ചോദിച്ചു…

“എന്താടാ?”

“രാജ്ഞിയെപ്പോലെ ജീവിക്കേണ്ട പെണ്ണാ…ഞാൻ കാരണം…”

“നീ കാരണമല്ല…എന്റെ തീരുമാനമാ..ചുമ്മാ സെന്റിയടിക്കാതെ പൊന്നുമോൻ പോയിട്ട് വാ…” അവൾ അവന്റെ കവിളിൽ  നുള്ളി…

ജോലിക്ക് പോകാൻ ഒരു പഴയ സ്കൂട്ടർ വാങ്ങിയിരുന്നു,…അവൻ അതിൽ കേറിയിരുന്നു സ്റ്റാർട്ട്‌ ചെയ്തു… എന്തോ മറന്നു പോയത് പോലെ പോക്കറ്റിൽ തപ്പി..

“ഉച്ചയ്ക്ക് കഴിക്കാനുള്ള മെഡിസിൻ എടുത്തില്ല…ആ മേശപ്പുറത്തു ഉണ്ടാവും..”

അവൾ അകത്തേക്ക് നടന്നു…പെട്ടെന്ന് ഇടതു നെഞ്ചിലേക്ക് ഒരു വേദന അരിച്ചിറങ്ങുന്നതായി റെജിക്ക് അനുഭവപ്പെട്ടു…ശരീരം വിയർക്കുന്നു…വേദന കൂടുകയാണ്..ശ്വാസം മുട്ടുന്നത് പോലെ…മാനസയെ വിളിക്കാൻ വായ തുറന്നിട്ടും ശബ്ദം വരുന്നില്ല….

റോഡരികിൽ  തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരുന്ന സ്ത്രീകളിൽ ഒരാൾ എന്തോ ശബ്ദം കേട്ടാണ് നോക്കിയത്…

“ഉയെന്റപ്പാ….ആ  കുഞ്ഞി വീണിറ്റാ…..ജാനകീ   വേഗം  ബാ….”… പണിയായുധങ്ങൾ നിലത്തേക്കിട്ട് അവർ  വാടകവീടിന്റെ മുറ്റത്തേക്ക് ഓടി….എല്ലാവരും കൂടി  ചരിഞ്ഞു കിടന്ന  സ്കൂട്ടർ പിടിച്ചു മാറ്റി..

റെജി ബോധമില്ലാതെ കിടക്കുകയാണ്…ബഹളം കേട്ട് റോഡിലൂടെ പോകുകയായിരുന്ന ചിലരും അങ്ങോട്ട് വന്നു…മാനസ പുറത്തേക്ക് വരുമ്പോൾ കണ്ടത് ഇതാണ്….

ഇത്രയും നാൾ ഭയത്തോടെ പ്രതീക്ഷിച്ചിരുന്നത് സംഭവിക്കുകയാണെന്നു അവൾക്ക് മനസിലായി….പിന്നെയെല്ലാം സ്വപ്നത്തിലെന്നപോലെ അവൾ  നോക്കികാണുകയായിരുന്നു..ആരൊക്കെയോ റെജിയെ കാറിൽ കയറ്റുന്നു…അവളെയും കയറ്റിയിരുത്തി…

ആദ്യം ഗവണ്മെന്റ് ഹോസ്പിറ്റൽ…അവിടുന്ന് നഗരത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ആംബുലൻസിൽ….മരണത്തെ തോല്പിക്കാൻ ചീറിപ്പായുന്ന ആംബുലൻസിൽ വച്ചു ഒരു നിമിഷം റെജി കണ്ണുകൾ പാതി  തുറക്കുന്നത് അവൾ കണ്ടു…

വിറയാർന്ന കൈ കൊണ്ട് അവൻ മാനസയുടെ   വയറിൽ  ഒന്ന് തൊട്ടു…ഉള്ളിലൊരു പിടച്ചിൽ….പിറക്കാൻ പോകുന്ന കുഞ്ഞിനോട് ഒരച്ഛൻ യാത്ര പറയുന്നു…

ഐ സി യു വിന്റെ മുൻപിലിരിക്കുമ്പോൾ എന്തു കൊണ്ട് ഉറക്കെ കരയാൻ തനിക്ക് കഴിയുന്നില്ല എന്നവൾ  ചിന്തിച്ചു…മനോഹരനും  സുനന്ദയും അവിടെത്തിയിരുന്നു…പിന്നെ അവൾക്കു അറിയാത്ത പലരും,..

ഡോക്ടർ ഡോർ തുറന്ന് പുറത്തിറങ്ങി…സഹതാപത്തോടെ  അവളെ  ഒന്ന് നോക്കി..എന്നിട്ട് മനോഹരനോട് പറഞ്ഞു..

“സോറി…ഇവിടെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു,…”

സുനന്ദ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ  ചേർത്തു പിടിച്ചു…അവൾ കണ്ണിമ ചിമ്മാതെ  ഐ സി യു വിന് നേരെ നോക്കി.

ഇല്ല..ഇതൊരു സ്വപ്നമാണ്…അവൻ  തിരിച്ചു വരും…അവന്റെ കുഞ്ഞിനെ കാണാൻ….മനസ്സ് മന്ത്രിക്കുന്നു…

ഫോർമാലിറ്റികളെല്ലാം കഴിഞ്ഞ് ആംബുലൻസിൽ  തന്നെ  മൃതദേഹം കൊണ്ടു പോയി…പച്ചമണ്ണിന്റെ  ഗന്ധമുള്ള കുഴിമാടത്തിനരികിൽ നിശ്ചലയായി അവൾ ഇരുന്നു…അടുത്തു തന്നെ കണ്ണീരോടെ സുനന്ദയും…

“ഫൈസലേ..നീ പൊയ്ക്കോ…കാശെത്രയായി…?”

പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു കൊണ്ട് മനോഹരൻ  ആംബുലൻസ് ഡ്രൈവറോട് ചോദിച്ചു…

“ആ കുട്ടിക്ക് വേറാരും ഇല്ലേ മനോഹരേട്ടാ?”

ഫൈസൽ മറുചോദ്യമാണ് ചോദിച്ചത്…

“കൂടുതലൊന്നും അറിയില്ലെടാ…പ്രേമിച്ചു കെട്ടിയതല്ലേ…ചിലപ്പോൾ വീട്ടുകാർക്ക് ദേഷ്യമുണ്ടാകും…”

“പാവം..ഭർത്താവ് പോയി…ഗർഭിണിയും…”

ഫൈസൽ സങ്കടപ്പെട്ടു…

“എന്തു ചെയ്യാനാ…വിധി…നിന്റെ ചാർജ് എത്രയാ…?”

“ഏയ്…ഒന്നും വേണ്ട..എവിടുന്നോ വന്ന് നമ്മുടെ നാട്ടിൽ താമസിക്കുന്നതല്ലേ…ഇതിനൊക്കെ കാശ് വാങ്ങിയാൽ പടച്ചോൻ പൊറുക്കൂല…..”

ഫൈസൽ  ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ആംബുലൻസ് മുന്നോട്ടെടുത്തു…മാനസയെ  അവിടുന്ന് തിരിച്ചു വീട്ടിലെത്തിക്കാൻ സുനന്ദയും  മനോഹരനും  ബലം പ്രയോഗിക്കേണ്ടി വന്നു….നിർവികാരമായ അവളുടെ മുഖവും വരണ്ട കണ്ണുകളും  കണ്ടപ്പോൾ അവർക്ക് ഭയം  തോന്നി.,…

***************

“പ്രദീപേട്ടൻ എന്നോട് ക്ഷമിക്കണം…തെറ്റ് ചെയ്തത് ഞാനാ…എന്നെ അവൾ  വിശ്വസിച്ചു….സ്വാർത്ഥത കാട്ടിയത് ഞാനാ..”

ഇടറിയ ശബ്ദത്തിൽ  വിവേക് പറഞ്ഞു.. എല്ലാം അവിശ്വസനീയതയോടെ കേട്ടിരിക്കുകയാണ് പ്രദീപ്‌,. അടുത്തു തന്നെ വിനീതയും ഭാസ്കരനും  ഉണ്ട്‌….അവരു വിളിച്ചതിനാൽ അങ്ങോട്ട് പോയതാണ് അവൻ. നടന്നതെല്ലാം  ഇപ്പൊൾ എല്ലാവർക്കും അറിയാമായിരുന്നു…

“പ്രദീപേ…” ഭാസ്കരൻ  വിളിച്ചു..

“എല്ലാവരും തെറ്റു ചെയ്തിട്ടുണ്ട്…പക്ഷെ എല്ലാവർക്കും അവരുടേതായ ന്യായീകരണങ്ങളും  ഉണ്ട്‌..മാനസയ്ക്ക്  അവളുടെ ഏട്ടനെയും സ്നേഹിക്കുന്ന പുരുഷനെയും വേണമായിരുന്നു..നിന്നോട് നേരിട്ട് പറഞ്ഞാൽ  നിന്റെ വിവാഹത്തിൽ നിന്നും നീ പിന്മാറുമോ എന്നവൾ  ഭയന്നു..അതോണ്ടാ വിവേകിനോട് തുറന്നു പറഞ്ഞത്..അവൻ  കാര്യങ്ങൾ  വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നവൾ വിശ്വസിച്ചു…പക്ഷേ അവരുടെ സ്നേഹം വെറും പ്രായത്തിന്റെ ചാപല്യമാണെന്ന് കരുതി  ഇവൻ മിണ്ടാതെ നിന്നു… മാനസയെ സ്വന്തമാക്കാനുള്ള ആഗ്രഹം…ഏത് നിമിഷവും റെജി മരിച്ചു പോകുമെന്നും, കുറച്ചു നാൾ  സങ്കടപ്പെട്ടാലും  നിനക്ക് വേണ്ടി അവൾ  വിവാഹത്തിന് സമ്മതിക്കുമെന്നും വെറുതെ പ്രതീക്ഷിച്ചു..പക്ഷേ മരിക്കാൻ പോകുന്ന ഒരാളുടെ കുഞ്ഞിനെ അറിഞ്ഞു കൊണ്ട് ഉദരത്തിൽ  ചുമക്കണമെങ്കിൽ അവൾക്ക് ആ പയ്യനോട് വെറും പ്രണയം മാത്രമല്ല…അതിലുപരി അവനെ ഇഷ്ടപ്പെടാൻ വേറെന്തോ കാരണം ഉണ്ടാകും..അത് ഇവനും  ചിന്തിച്ചില്ല…”

“എന്നാലും അവൾക്കെന്നോട് ഒരു വാക്കെങ്കിലും പറയാരുന്നു….”

പ്രദീപ് കണ്ണുകൾ തുടച്ചു…വിനീത  അവന്റെ ചുമലിൽ കൈയമർത്തി…

“അതാണ്‌ ഞാൻ ആദ്യം പറഞ്ഞത്…തെറ്റുകൾ എല്ലാവരും ചെയ്തിട്ടുണ്ട്…എന്ന് വച്ചു നമുക്ക് അങ്ങനെ കൈവിടാൻ പറ്റുമോ? നമ്മുടെ കുട്ടികളല്ലേ….ഏട്ടൻ ആണെങ്കിലും അവളുടെ അച്ഛനും അമ്മയുമെല്ലാം പ്രദീപ്‌ ആണ്… മക്കള് തെറ്റു ചെയ്‌താൽ  അത് ക്ഷമിക്കാനുള്ള കടമയും നമുക്കുണ്ട്…അല്ലാതെ ജീവിതകാലം മുഴുവൻ  അവഗണിക്കണോ? “

പ്രദീപ്‌ ഒന്നും മിണ്ടിയില്ല…വിവേക് എഴുന്നേറ്റു…

“പ്രദീപേട്ടനോട് ഒരപേക്ഷയെ ഉള്ളൂ…മാനസയെ വെറുക്കരുത്…അത് പോലെ തന്നെ വിനീതയുമായുള്ള വിവാഹം നടക്കണം…എന്റെ കാര്യം ചിന്തിക്കണ്ട….”

അവൻ പുറത്തേക്ക് നടന്നു..

************

കഴിഞ്ഞ കാലത്തെ വേദനിപ്പിക്കുന്ന കഥകളെല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു യശോദ…

മുറ്റത്തു ഒരു ഹോൺ ശബ്ദം കേട്ട് അവർ  ഞെട്ടി….ഹോസ്പിറ്റലിൽ പോകാൻ  കാർ വന്നതാണ്…അവർ കണ്ണുകൾ തുടച്ചു മാനസയെയും  കൂട്ടി കാറിൽ കയറി…ഡ്രൈവർ മുജീബ് കുറച്ചു രൂപ അവരുടെ നേരെ നീട്ടി…

“എന്താ മോനേ ഇത്?”

“പ്രദീപേട്ടൻ തന്നതാ  ചേച്ചീ…ഇവിടുന്ന് ഇറങ്ങുമ്പോൾ തരാൻ മറന്നതാണെന്ന് പറഞ്ഞു…”

നിറകണ്ണുകളോടെ അവർ ആ കാശ് വാങ്ങി…കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി…

**********

മാസങ്ങൾ കടന്ന് പോയി….

മാനസയുടെ പെൺകുഞ്ഞിന് ഒരു വയസ്സ് പൂർത്തിയാകാൻ ഇനി രണ്ടാഴ്ച കൂടിയേ ഉള്ളൂ എന്ന് യശോദ അത്ഭുതത്തോടെ ചിന്തിച്ചു…

ദേവനന്ദ എന്ന പേര് നിർദേശിച്ചത് വിനീതയാണ്…കുഞ്ഞിനെ കാണാൻ അവൾ ഇടയ്ക്കിടെ വരും…

മലേഷ്യയിലേക്ക് പോയ വിവേക് തിരിച്ചു വന്നാലുടൻ അവരുടെ വിവാഹം നടത്താമെന്ന് തീരുമാനിച്ചിരിക്കുകയാണ്…

വിനീതയുടെ ശാസനയും സ്നേഹവും കാരണം  പ്രദീപ് മ ദ്യപാനം നിർത്തി…

പക്ഷേ ഇപ്പോഴും മാനസയോട് സംസാരിക്കുകയോ കുഞ്ഞിനെ നോക്കാറോ ഇല്ല…അവളും അങ്ങനെ തന്നെ…അവനെ കാണുമ്പോൾ തലകുനിച്ചു നടക്കും…കരയാറില്ല, ചിരിക്കാറില്ല… രാത്രി ഉറങ്ങുമ്പോൾ വലം കൈയിൽ പ്രദീപ്‌ കൊടുത്ത മാല  എന്നും ഉണ്ടാകും…

ശരണ്യയുടെയും സനീഷിന്റെയും കൂടെ  മംഗലാപുരത്തു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതൊഴിച്ചാൽ  അവൾ ആ  വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല….

ദൂരെയെതോ ഹോസ്പിറ്റലിൽ അവൾ  ജോലിക്ക് ശ്രമിക്കുന്നത് യശോദ അറിഞ്ഞു….പ്രസവിച്ചതിനു ശേഷം അവൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളണം എന്ന പ്രദീപിന്റെ നിബന്ധന അവൾ ഇന്നും ഓർക്കുന്നുണ്ടെന്ന് അവർക്ക് മനസിലായി…

ഒരു ദിവസം ഉച്ചയ്ക്ക്…ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ  കഴുകുകയായിരുന്നു യശോദ…പ്രദീപിന്റെ ബൈക്ക് മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടതോടെ  മാനസയുടെ മുഖത്ത് പരിഭ്രമം  നിറഞ്ഞു…

“എന്താ മോളെ?”

“കുഞ്ഞിനെ അവിടെ…”

അപ്പോഴാണ് യശോദയും ആ കാര്യമോർത്തത്. അവളുടെ റൂമിൽ ഫാൻ കേടായത് കാരണം  കുഞ്ഞിനെ പ്രദീപിന്റെ റൂമിലാണ് കിടത്തിരിരിക്കുന്നത്..അവനില്ലാത്തപ്പോൾ ഇടയ്ക്ക് അങ്ങനെ ചെയ്യാറുണ്ട്…

മാനസ വേഗം അങ്ങോട്ടേക്ക് നടന്നു…കുഞ്ഞ് കിടന്ന ഷീറ്റിൽ നിന്നും മൂ ത്രത്തിന്റെ നനവ് ബെഡിൽ കണ്ടതോടെ അവളുടെ ഭയം ഇരട്ടിച്ചു…

അവൾ കുഞ്ഞിനെ എടുത്ത്, ഷീറ്റ് തറയിലേക്കിട്ടു…കയ്യിലിരുന്ന തുണി കൊണ്ട് ബെഡ് തുടയ്ക്കുമ്പോഴേക്കും പ്രദീപ്‌ അകത്തേക്ക് കയറി  വന്നു…അവൾ കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങി…

“ചിറ്റേ..ഒന്നാ മുറി വൃത്തിയാക്കി കൊടുക്കുമോ? ഇവൾ കിടക്കയിൽ മൂ ത്രമൊഴിച്ചു…”

“കുഞ്ഞിനെ ഇങ്ങു താ…എന്നിട്ട് നീ പോയി വൃത്തിയാക്ക്..” അവൾ മടിച്ചെങ്കിലും ചിറ്റയുടെ നിർബന്ധപ്രകാരം വീണ്ടുമവന്റെ മുറിയിലേക്ക് ചെന്നു…

പ്രദീപ് കട്ടിലിൽ കിടക്കുന്നുണ്ട്..അവൾ  നിലത്തിട്ട ഷീറ്റ് മടക്കിയെടുത്തു….കുറച്ച് നേരം മിണ്ടാതെ നിന്നു….അവൻ  അവളെ തന്നെ നോക്കി കിടക്കുകയാണ്….ഇതേ റൂമിൽ  തലകുനിച്ചു നിൽക്കുന്ന ഒരു മൂന്നാം ക്ലാസുകാരിയെ അവനോർമ്മ വന്നു…ചിറ്റ കളിയാക്കുകയാണ്..

“ഇത്രേം വലുതായിട്ടും  കിടക്കേല് മുള്ളുന്നോ…? അയ്യേ നാണക്കേട്….ഏട്ടന്റെ കുപ്പായം മൊത്തം നനച്ചു….”

“ഞാനറിയാണ്ടല്ലേ ചിറ്റേ…” അവൾ  സങ്കടത്തോടെ പറഞ്ഞു…

“ഇനി ഒറ്റയ്ക്ക് കിടന്നാൽ മതി..” ചിറ്റ തീർത്ത് പറഞ്ഞു…അവൾ പ്രദീപിനെ നോക്കി…

“സാരമില്ല…വാവ അറിയാണ്ടല്ലേ?…ചിറ്റ ഇനി കളിയാക്കില്ല…ഏട്ടന്റെ കൂടെ തന്നെ കിടന്നോ….” അവന്റെ ആശ്വാസവാക്കുകൾ കേട്ടപ്പോൾ ആ  മുഖത്ത് സന്തോഷപ്പൂക്കൾ വിടർന്നു…..

കാലമെത്ര പെട്ടെന്ന് കടന്ന് പോയി!!തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിക്ക് പണ്ടത്തെ വാവയുടെ  ഒരു സാമ്യവും ഇല്ല…അവൻ  എഴുന്നേറ്റപ്പോൾ അവൾ  ബെഡിന്റെ അടുത്ത് വന്ന് വീണ്ടും തുണി കൊണ്ട് തുടച്ചു…വെയിലത്തു ഇടേണ്ടി വരുമെന്ന് അവൾക്ക് തോന്നി…പക്ഷേ ഇപ്പോൾ അത് പറ്റില്ല…അവൾ  മെല്ലെ പിൻ തിരിയാൻ  തുടങ്ങിയതും പിന്നിൽ നിന്നും ഒരു വിളി…

“വാവേ…”

അവളൊന്നു ഞെട്ടി…ശരീരം മുഴുവൻ  വിറയ്ക്കുന്നു…കേട്ടത് സ്വപ്നമാണോ എന്ന തോന്നൽ…അവൾ  തിരിഞ്ഞു നോക്കാതെ കണ്ണുകൾ ഇറുക്കിയടച്ചു…പ്രദീപ്‌ പതിയെ അടുത്തു വന്ന് അവളെ  തിരിച്ചു നിർത്തി..ചുണ്ടുകൾ കടിച്ചു പിടിച്ചു കരച്ചിലടക്കി അവൾ അങ്ങനെ തന്നെ  നിന്നു….

“വാവേ…ഒന്നിങ്ങോട്ട് നോക്ക്…” പതിഞ്ഞ ശബ്ദത്തിൽ അവൻ  പറഞ്ഞു…ഒരലറികരച്ചിലോടെ അവൾ  നിലത്തിരുന്ന് പ്രദീപിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു..അവനെത്ര തടയാൻ  ശ്രമിച്ചിട്ടും അവളെ എഴുന്നേൽപ്പിക്കാൻ കഴിഞ്ഞില്ല…കരച്ചിൽ കേട്ട് ഉണർന്ന കുഞ്ഞിനേയും കൊണ്ട് യശോദ അങ്ങോട്ട് ഓടി വന്നപ്പോൾ ഈ  കാഴ്ചയാണ് കണ്ടത്…അതോടെ  അവർ പതിയെ  പിന്മാറി…കണ്ണുകൾ തുടച്ചു കൊണ്ട് അവർ ഉമ്മറത്തേക്ക് നടന്നു..വിനീത സ്കൂട്ടർ പാർക്ക് ചെയ്തു  മുറ്റത്തേക്ക് വരുന്നുണ്ടായിരുന്നു…

“ആന്റീടെ മുത്ത് എണീറ്റോ…?” അവൾ ഒരു കൊഞ്ചലോടെ കുഞ്ഞിനെ വാങ്ങി ഉമ്മവച്ചു….

“അവളെവിടെ?” വിനീത ചോദിച്ചു…

“കണ്ണന്റെ മുറിയിലുണ്ട്..”

“ആഹാ…അത് കൊള്ളാലോ…”

“അവന്റെ ദേഷ്യം മാറിയാൽ മതിയാരുന്നു..ഈ കുഞ്ഞിനെ ഒന്ന് നോക്കാറ് പോലുമില്ല…”

“ആര് പറഞ്ഞു? ഞാനിവിടെ വരുമ്പോഴൊക്കെ കുഞ്ഞിനെ എടുത്ത് പ്രദീപേട്ടന്റെ മുറിയിൽ പോകാറില്ലേ? അപ്പൊ കുഞ്ഞിനെ എടുക്കാറുണ്ട്…കളിപ്പിക്കാറുമുണ്ട് “

വിനീത  പറഞ്ഞത് കേട്ട് യശോദ വിശ്വാസമില്ലാതെ അവളെ  നോക്കി….

“ഇനി ചിറ്റ ഞെട്ടില്ലെങ്കിൽ വേറൊരു കാര്യം കൂടി പറയാം..ദേവനന്ദ എന്ന പേര് ഞാൻ  കണ്ടുപിടിച്ചതല്ല…അത് പ്രദീപേട്ടൻ പറഞ്ഞതാ…കുഞ്ഞിനോട് ഒരു ദേഷ്യവും  മൂപ്പർക്കില്ല..അവളോടും  ഇല്ല, ഇത്രയും സ്നേഹിച്ചിട്ട് അങ്ങനൊക്കെ ചെയ്തതതിലുള്ള സങ്കടം മാത്രമേ ഉള്ളൂ അത് മാറിക്കോളും….” വിനീത കുഞ്ഞിനേയും കൊണ്ട് പറമ്പിലേക്ക് നടന്നു…

മുറിക്കുള്ളിൽ മാനസയുടെ കരച്ചിൽ  നേർത്തു വന്നു..മാസങ്ങളൾക് ശേഷമാണ് അവൾ കരയുന്നത്. റെജി മരിച്ചപ്പോൾ ഒരു മരവിപ്പായിരുന്നു..പിന്നീട് കരയുവാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന് തന്നെ വിശ്വസിച്ചതാണ്. പക്ഷേ ഏട്ടന്റെ സ്നേഹത്തോടെയുള്ള വിളിക്കു മുൻപിൽ അവൾ  തളർന്നു…അടക്കി വച്ചിരുന്നതെല്ലാം പുറത്തേക്ക് ഒഴുകിയിറങ്ങി…

************

രണ്ടു ദിവസം കഴിഞ്ഞു….മൂടിക്കെട്ടിയ ദുഃഖങ്ങളെല്ലാം ഏകദേശം പെയ്തിറങ്ങി…സമയം സന്ധ്യയായി….മോളെയും കൊണ്ട് യശോദ മുറ്റത്തൂടെ നടക്കുകയാണ്..മുറിയിൽ പ്രദീപിന്റെ മടിയിൽ തലവച്ചു മാനസ കിടക്കുന്നു….

“ഞാനൊരു കാര്യം ചോദിച്ചോട്ടെ വാവേ?”

“എന്താ ഏട്ടാ?”

“അവനെ ഇത്രയ്ക്ക് സ്നേഹിക്കാൻ കാരണമെന്തായിരുന്നു..? വെറുമൊരു പ്രണയത്തിനു വേണ്ടി നീ എന്നെ സങ്കടപ്പെടുത്തില്ല എന്നറിയാം…”

കുറച്ചു നേരം അവളൊന്നും മിണ്ടിയില്ല പിന്നെ പതിയെ  പറഞ്ഞു.

ഏട്ടൻ അനുഭവിച്ച പലതും അവനും അനുഭവിച്ചിട്ടുണ്ട്..അമ്മയുടെ കൂടെ വേറൊരാളെ കണ്ടപ്പോൾ പതിനൊന്നാം വയസ്സിൽ ഏട്ടൻ എത്ര വേദനിച്ചോ, അതേ വയസ്സിൽ  അതിലധികം അവനും അനുഭവിച്ചിട്ടുണ്ട്.. ഒരു വഴക്കിനൊടുവിൽ  അവന്റെ മമ്മിയെയും കുഞ്ഞനിയത്തിയെയും വെട്ടിക്കൊന്ന് പപ്പ തൂങ്ങി മരിച്ചത്  അവന്റെ കണ്മുന്നിൽ വച്ചാ…പതിനൊന്നാമത്തെ വയസിൽ…ആ വേദന എനിക്ക് മനസിലാകുമായിരുന്നു..അത് തന്നെയാ കാരണം…ഏട്ടന്റെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവന്റെയും ആഗ്രഹം..അപ്പോഴാ ഇങ്ങനൊക്കെ..റെജിയുടെ ജീവിതത്തിലെ ആകെയുള്ള സന്തോഷം ഞാനായിരുന്നു ഏട്ടാ…പിന്നെങ്ങനെ ഞാനവനെ ഒഴിവാക്കും? “

അവളുടെ കണ്ണുനീർ  പ്രദീപ്‌ മെല്ലെ തുടച്ചു..വിനീത അങ്ങോട്ട് കയറി വന്നു..

“ഓ…നമ്മള് പുറത്തായി അല്ലേ? കിടന്നോ കിടന്നോ…കെട്ട് കഴിഞ്ഞ് ഞാനിങ്ങോട്ട് വന്നാൽ പിന്നെ നിന്നെ മടിയിൽ  കിടത്താൻ ഞാൻ  വിടൂല്ല…” മാനസ എഴുന്നേൽക്കാൻ ശ്രമിക്കും മുൻപേ  വിനീത അടുത്ത് വന്നു ബെഡിൽ ഇരുന്നു, അവളുടെ കാലുകൾ രണ്ടും തന്റെ മടിയിൽ  വച്ചു…എന്നിട്ട് പുഞ്ചിരിച്ചു..

“ചുമ്മാ പറഞ്ഞതാ പെണ്ണേ…നീ എന്റേം വാവ അല്ലേ..?”

“നീയെന്താടി ഈ  സമയത്ത്..?” പ്രദീപ്‌ ചോദിച്ചു..

“ഒറ്റയ്ക്ക് അല്ല…വിവേകേട്ടൻ വന്നിട്ടുണ്ട്..”

കുഞ്ഞിനെഎടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു വിവേക്…പ്രദീപ് പുറത്തിറങ്ങി..

“താനെപ്പോഴാ വന്നേ?”

“ഇന്നുച്ചയ്ക്കത്തെ ഫ്ലൈറ്റിന്….ഇനി കുറച്ചു നാൾ ഇവിടുണ്ടാകും…നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ…” വിനീത പുറത്തേക്കിറങ്ങി കുഞ്ഞിനെ വാങ്ങിച്ചു…

“പ്രദീപേട്ടാ…ഞാൻ മാനസയോട് രണ്ടു മിനിറ്റ് ഒന്ന് സംസാരിച്ചോട്ടെ… “

വിവേക് ചോദിച്ചു…പ്രദീപ്‌ തലയാട്ടി..തുണികൾ അടുക്കി വയ്ക്കുകയായിരുന്നു മാനസ…വിവേകിനെ കണ്ടപ്പോൾ അവളൊന്നു പുഞ്ചിരിച്ചു…

“എന്നോട് ദേഷ്യമായിരിക്കും അല്ലേ?”

“ഏയ്…അതൊക്കെ കഴിഞ്ഞില്ലേ..വിവേകേട്ടൻ അത് വിട്ടേക്ക്…”

“എന്റെ സ്വാർത്ഥത കാരണമാ  ഇതൊക്കെ സംഭവിച്ചത്…ക്ഷമ ചോദിക്കാൻ വേണ്ടിയാ വന്നേ…എന്നോട് താൻ ക്ഷമിക്കണം….പക്ഷേ ഒന്നുണ്ട്…ഞാൻ കാത്തിരിക്കും, എന്നെങ്കിലും  താൻ  എന്റെ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയോടെ….ആദ്യമായും അവസാനമായും  ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് താനാ…”

ശബ്ദമിടറിയപ്പോൾ അവൻ പുറത്തേക്കിറങ്ങിപ്പോയി…

***************

രണ്ടു വർഷങ്ങൾക്ക് ശേഷം  കണ്ണൂർ…കാടുപിടിച്ചു കിടക്കുന്ന കുഴിമാടത്തിനു മുൻപിൽ അവർ  പ്രാർത്ഥനയോടെ നില്കുകയാണ്…മാനസയും വിവേകും പ്രദീപും വിനീതയും കൈയിൽ ദേവനന്ദയെ എടുത്ത് യശോദയും…വിവേക്  ആത്മാർത്ഥമായി റെജിയോട് മാപ്പ് ചോദിക്കുകയായിരുന്നു….

“നേരിൽ കണ്ടിട്ടില്ലെങ്കിലും ഏട്ടനെ ഒരുപാട് ഇഷ്ടമാണെന്ന് അവൻ പറയാനേൽപ്പിച്ചിരുന്നു..”

മാനസ  പതിയെ മന്ത്രിച്ചു…പ്രദീപ്‌ അവളെ ചേർത്തു പിടിച്ചു….കുറച്ചു സമയം കൂടി  അവിടെ നിന്ന ശേഷം  അവർ  തിരിഞ്ഞു നടന്നു….സുനന്ദയും മനോഹരനും റോഡിൽ നിൽപുണ്ടായിരുന്നു…അങ്ങോട്ട് വരുന്നുണ്ടെന്നു മാനസ ഫോൺ ചെയ്തതിനാൽ കാണാൻ വന്നതാണ്…

“നന്നായി മോളേ…ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ..” മാനസയുടെ നെറുകയിലെ സിന്ദൂരവും കഴുത്തിലെ താലിയും നോക്കി സുനന്ദ പറഞ്ഞു…വിവേക് മോളെ എടുത്ത് റോഡരികിലെ പൂക്കൾ പറിക്കുകയാണ്…കുശലം പറച്ചിലുകൾക്ക് ശേഷം മനോഹരൻ  ചോദിച്ചു..

“ഇനി നേരെ നാട്ടിലേക്കാണോ?”

“ഏയ് അല്ല…പറശ്ശിനിക്കടവ് അമ്പലത്തിൽ പോണം ഇവളുടെ  വലിയ ആഗ്രഹമാ”..  പ്രദീപ്  മാനസയെ  നോക്കി ചിരിച്ചു…

“പിന്നല്ലാണ്ട്…കണ്ണൂരിൽ വന്നിട്ട് അവിടെ പോകാതെയോ…നല്ല കാര്യമായി…” വിനീത പിന്തുണച്ചു….

കാർ ഓടിക്കൊണ്ടിരിക്കവേ യശോദ തിരിഞ്ഞു നോക്കി..വിവേകിന്റെ കൈയിൽ ദേവമോൾ ഉറങ്ങുകയാണ്..അവന്റെ ഇരുവശത്തുമിരുന്നു തല അവന്റെ ചുമലിൽ ചായ്ച്ചു വച്ച്  വിനീതയും  മാനസയും  ഉറങ്ങുന്നു…അവർ  ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു…വണ്ടിയോടിക്കുകയായിരുന്ന പ്രദീപ് അവരെ നോക്കി..

“ചിറ്റേ വിശക്കുന്നുണ്ടോ?”

“ഇല്ല കണ്ണാ…എത്താറായോ?”

“ചോദിച്ചു നോക്കാം…” അവൻ കാർ മെല്ലെ സൈഡ് ഒതുക്കി നിർത്തി…അവിടിരിക്കുന്ന ഒരാളോട് ചോദിച്ചു..

“ചേട്ടാ…ഈ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം…”?

“കുറച്ചു മുന്നോട്ട് പോയാൽ ഒരു ജങ്ഷൻ കാണും..പേര് ധർമ്മശാല…അവിടുന്നു വലത്തോട്ട്..പിന്നെ ഒരു പത്തു മിനിറ്റ് പോയാൽ മതി..” അയാൾ പുഞ്ചിരിയോടെ പറഞ്ഞു…

കാർ പിന്നെയും മുന്നോട്ട്…തണുത്ത കാറ്റ് ഹൃദയത്തിലേക്കാണ് കടന്ന് വരുന്നതെന്ന് യാശോദയ്ക്ക് തോന്നി…മറക്കാനും ക്ഷമിക്കാനുമുള്ള കഴിവില്ലായിരുന്നെങ്കിൽ മനുഷ്യജീവിതം  എത്ര ദുരിതപൂർണ്ണമായിരുന്നേനെ എന്ന് അവരോർത്തു….സ്വന്തം സുഖം നോക്കി വേറൊരാളുടെ കൂടെ പോയി ഒടുവിൽ ഒരു മുഴം കയറിൽ  ജീവനൊടുക്കിയ  ചേച്ചിയും എവിടെയാണെന്ന് പോലുമറിയാത്ത അവരുടെ ഭർത്താവും മനസ്സിൽ  തെളിഞ്ഞു…നിങ്ങളുടെ കുട്ടികൾ ഒരുപാട് അനുഭവിച്ചു…പക്ഷേ ഇന്നവർ ജീവിക്കുകയാണ്.. പരസ്പരം ക്ഷമിച്ച്…സ്നേഹിച്ച്…..യശോദ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു…..

അവസാനിച്ചു ❤