എന്റെ കല്യാണിക്കുട്ടി ഇടുന്ന ചായയ്ക്ക് എന്തോരു പ്രത്യേകത ഉണ്ട്, അതു കുടിച്ചു ഇറക്കുബോ കിട്ടുന്ന ഒരു ഉന്മേഷം ഹാ…

മധുരം…

Story written by Parvathy Jayakumar

===========

എടി കല്യാണിയെ..നിന്നെ അവൾ ചെല്ലാൻ പറഞ്ഞത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അവിടെ ചെയ്യാൻ ഒരുപാട് ജോലികൾ ഉണ്ടാവും, അതിനുവേണ്ടിയാണ് ഒരു ആളെ വയ്ക്കാൻ മടി..

നിനക്ക് പോകാതെ ഇരുന്നൂടെ കേശവൻ നായർ ചോദിച്ചു..

എന്റെ നായരേ..ഞാൻ മോളോട് എങ്ങനെ പറയും പറ്റില്ല എന്ന്, മാത്രമല്ല അവൾക്ക് പ്രസവം അടുത്തിരിക്കുകയല്ലേ ഇന്നോ നാളെയോ എന്നും പറഞ്ഞു. നിങ്ങൾക്ക് അവന്റെ സ്വഭാവം അറിയാവുന്നതല്ലേ, അവൻ അവളെ ഇങ്ങോട്ടേക്ക് വിടില്ല…

അതെന്നാ ഡീ അവൾ ഇവിടെ തന്നെ ജനിച്ചുവളർന്നത് പിന്നെ ഇങ്ങോട്ടേക്ക് പ്രസവത്തിനു എന്നാൽ എന്താണ്??

എടോ നാ യരെ..നമ്മുടെ പണ്ടത്തെ കാലമൊന്നുമല്ല, ബാഗും എടുത്ത് ഇറങ്ങാൻ നേരം അവൾ പറഞ്ഞു. ബി പി യുടെയും പ്രഷറിന്റെയും ഗുളികകൾ മറക്കാതെ എടുത്ത് കഴിക്കണം. ഞാൻ വരുന്നതുവരെ മരുമോളും ആയി അംഗത്തിന് ഒന്നും നിനക്കരുത്…

കല്യാണി കുട്ടിയെ രണ്ടാമത്തെ മരുമകൻ വന്നു കാറിൽ കൂട്ടിക്കൊണ്ടുപോകുന്നത് ദൂരെനിന്ന് കേശവൻനായർ നോക്കി നിന്നു..അയാൾ തെല്ലു വിഷമിച്ചാണ് വീട്ടിലേക്ക് പോയത് കുറേസമയം  ഉമ്മറത്തിണ്ണയിൽ കുത്തിയിരുന്നു..

വൈകുന്നേരം ആയതും മകനും മരുമകളും ജോലി കഴിഞ്ഞു വന്നു..അവർ എന്തൊക്കെയോ കുശലം പറഞ്ഞു കളിച്ച് ചിരിച്ച് അകത്തേക്ക് പോയി ഇങ്ങനെ ഒരാൾ ഉമ്മറത്തിരുന്നു എന്ന് ശ്രദ്ധിക്കാതെ…കുറേ കഴിഞ്ഞതും മരുമോൾ ഒരു ചായ കൊണ്ട് തന്നു..വാട്ട വെള്ളം തോറ്റുപോകും വിധം ഒരു ചായ..ഒരക്ഷരം മിണ്ടാതെ കേശവൻനായർ മുഴുവൻ കുടിച്ചിറക്കി.

എന്റെ കല്യാണിക്കുട്ടി ഇടുന്ന ചായയ്ക്ക് എന്തോരു പ്രത്യേകത ഉണ്ട്, അതു കുടിച്ചു ഇറക്കുബോ കിട്ടുന്ന ഒരു ഉന്മേഷം ഹാ…കേശവൻനായർ മനസ്സിലോർത്തു, അവൾ ഇനി ഇന്ന് എങ്ങാനും വരുമോ?? പാവത്തിനെ അവിടെ എല്ലാം കൂടി കൊ ല്ലാക്കൊ ല ചെയ്യുന്നോ എന്തോ..തമ്പുരാനറിയാം..ഓരോന്നാലോചിച്ച് കേശവൻനായർ കോലായിലെ ചാരുകസേരയിൽ ചാഞ്ഞു അറിയാതെ മയങ്ങി പോയി..

അച്ഛാ..അച്ഛനോട് ഈ ത്രിസന്ധ്യയ്ക്കു മുറ്റത്ത് ഇങ്ങനെ വന്നു മലർന്നു കിടക്കുന്നു ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, മരുമകൾ അലറി..അയാൾ അവിടെ നിന്ന് പതിയെ എണീറ്റ് അകത്ത് പോയി കിടന്നു. അവളോട് അലക്കാൻ വയ്യ അതിനുള്ള ആവതും ഇല്ല എനിക്ക്, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് വീട്ടിൽ എനിക്കിഷ്ടം ഉള്ളതുപോലെ ഒക്കെ ഞാൻ കിടക്കും എടി..എന്നു മനസ്സിൽ വന്നെങ്കിലും വായിന് അത് പുറത്തേക്ക് വന്നില്ല…

രാത്രിയിൽ അടുക്കളയിൽ എന്തൊക്കെ ഒച്ചപ്പാട് കേൾക്കാമായിരുന്നു..ആ കിളവൻ നിങ്ങടെ ത ള്ള പോയതുകൊണ്ട് നിരാഹാരത്തിൽ ആണെന്നു തോന്നുന്നു, നീ ഒന്നും മിണ്ടാൻ പോണ്ട അങ്ങേർക്ക് വിശക്കുമ്പോൾ തന്നെ വന്നു കഴിച്ചോളും എന്നു മോനും പറയുന്നത് കേട്ടു…എന്റെ മോന്റെ ഒരു സ്നേഹമേ കേശവൻനായർ മനസ്സിലോർത്തു…

എങ്ങാനും വയ്യാതെ കിടപ്പിൽ ആയാൽ ഇവറ്റകൾ ഒന്നും നമ്മളെ തിരിഞ്ഞുനോക്കില്ല കേട്ടോ കല്യാണിയെ..അല്ലെ ഇതു ഞാൻ ഇതു ആരോടാ പറയണേ??? പഴയ കാര്യങ്ങളൊക്കെ ഓർത്തു..

അവളെ കെട്ടി കൊണ്ട് വന്നേ പിന്നെ അവൾ എന്നെ വിട്ടു പോയിട്ടില്ല..എന്നെ വിട്ട് മാറിനിൽക്കേണ്ട ഒരു അവസരം വന്നിട്ടില്ല, ഒരിക്കൽ ദീനം ഒന്നു കിടപ്പിലായപ്പോൾ ഞാൻ തന്നെയാണ് അവളുടെ തീ ട്ടവും മൂ ത്രവും കോരിയത് അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഞാൻ തന്നെയാണ്..

അല്ലേലും എനിക്ക് അവളും അവൾക്ക് ഞാനും മാത്രമേ അവസാനം കാണുന്നുള്ളൂ..ദൈവമേ ഒരു ആപത്തോ ഒരു വയ്യായികയോ വന്നാൽ എന്നെയും അവളെയും അങ്ങ് ഒരുമിച്ചു കൊണ്ടു കൊണ്ടു  പോയേക്കണേ നായർ അറിയാതെ എങ്കിലും മനസിൽ പ്രാർത്ഥിച്ചു..

കല്യാണിക്കുട്ടി ഇല്ലാത്ത ദിവസങ്ങളിൽ കേശവൻനായർ നിറമോ, മണമോ, രുചിയോ ഇല്ലാതെ തള്ളിനീക്കി…

മോളുടെ പ്രസവം കഴിഞ്ഞ് കൊച്ചിന്റെ ചരടുകെട്ട് വിളിച്ചെങ്കിലും അയാൾ പോയില്ല, അവിടെ പോയി നോക്കുകുത്തി ആയിരിക്കുന്നത്തിലും ഭേദം വീട്ടിൽ ഇരിക്കുന്നതാണ് നായർ തന്നെ പറഞ്ഞു..

അവളെ വഴികണ്ണും നോക്കി അയാൾ ഇരിപ്പുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ മരുമകൻ അവളെ കൊണ്ടുവന്ന് ആക്കി,

വന്നപാടെ കല്യാണിക്കുട്ടി പറഞ്ഞു എടോ നാ യരേ..നിങ്ങൾ ആകെ ക്ഷീണിച്ചു പോയല്ലോ..ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ലായിരുന്നോ…

അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അകത്തേക്കു പോയി കേശവൻനായർ പറഞ്ഞു, ഓഹ് നീയില്ലാതെ എനിക്ക് ഒട്ടും മെല്ലാടി..ഒരുമാതിരി ആയിരുന്നു നീ ഇല്ലാത്തതുകൊണ്ട്..ആ നിങ്ങടെ മരുമോൾ വിളിച്ചപ്പോൾ പറഞ്ഞു നിങ്ങൾ ഇവിടെ നിരാഹാരസമരത്തിൽ ആണെന്നു..

അവിടെ എന്നാ ഉണ്ടെടി വിശേഷം..അയാൾ ചോദിച്ചു..

ഒരു ദീർഘനിശ്വാസം എടുത്ത് കല്യാണിക്കുട്ടി ഇപ്രകാരം പറഞ്ഞു..പിന്നെ എനിക്ക് അവിടെ ഭയങ്കര സുഖമായിരുന്നു, എന്നെ താഴത്തു വെക്കാതെ അല്ലെ അവർ നോക്കിയത്, മോൾക്കും മരുമോനും ഒക്കെ എന്താ ഒരു സ്നേഹം ഇത്രയും പറഞ്ഞ് കേശവൻനായർ കാണാതെ കല്യാണി കുട്ടിയുടെ കണ്ണിൽ നിന്നു അടർന്നു വീണ കണ്ണുനീർ അവർ തുടച്ചു..

ഇനി നീ എവിടെയും പോണ്ട ടീ…നീ മാറി നിൽക്കുമ്പോൾ  ആകെ ഒരു..ഒരു വാക്കുകൾ മുറിഞ്ഞു..നീഎനിക്ക് ഒരു ചായ ഇട്ടു തരുമോ??

പിന്നെന്താ നാ യരേ…

കല്യാണിക്കുട്ടി വേഗം അടുക്കളയിലേക്ക് പോയി…ഒരു കപ്പ് ചായ കൊണ്ട് കയ്യിൽ കൊടുത്തു. അയാൾ അത് ആസ്വദിച്ചു കുടിച്ചു…എന്താ ഒരു മണം..എന്താ ഒരു രുചി എന്താ ഒരു സ്വാദ്. നായർ മനസിൽ പറഞ്ഞു. ആ ഒരു മധുര ചായ നുകരുന്നതിന് ഇടയിൽ അവരുടെ പരിഭവങ്ങളും വിഷമങ്ങളും അലിഞ്ഞില്ലാതായി…

~പാർവ്വതി ജയകുമാർ