ദേശാടനക്കിളികൾ…
Story written by Lis Lona
================
“എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു സിന്ധോ…ഞാനാണെങ്കി അപ്പൊ തന്നെ ച ത്തു വീണേർന്നു പേടിച്ചിട്ട്…ന്നാലും ആ മാല കൊണ്ടോയി ലേ അവൻ “
അത്ഭുതത്തോടെയെന്നെ നോക്കി അയൽപക്കത്തെ ഭാരതിയേച്ചിയാണ് പറയുന്നത്
മൂക്കിനോട് ചേർത്തുപിടിച്ച ചൂണ്ടുവിരൽ ഇനിയും എടുക്കാതെ എളിയിൽ കയ്യും കുത്തി മാർത്തചേടത്തിയും തിണ്ണയിലിരിക്കുന്ന അമ്മായിയമ്മയും എന്നെ നോക്കുന്ന നോട്ടത്തിൽ ഫൂ ലൻദേവിയെ കണ്ടിട്ടില്ലെങ്കിലും തോന്നി ഞാനൊരു കുഞ്ഞു ഫൂലൻദേവിയായെന്ന്…
“എന്താ ഉണ്ടായേ…കാര്യം തെളിച്ചു പറ സിന്ധു..കുറെ നേരായി, വീട്ടിൽ കള്ളൻ കേറിയെന്നു കാറിക്കൂവി ഫോൺ വിളിച്ചു വരുത്തി സിനിമയുടെ ടീസറും കേട്ടു നിക്കാൻ തുടങ്ങീട്ട്…”
അക്ഷമയോടെ കെട്ട്യോൻ പറഞ്ഞപ്പോൾ പെട്ടെന്ന് എന്റെയുള്ളിലെ ഫൂ ലൻ ദേവി ഇറങ്ങിപ്പോയി കണ്ണീരും കിനാവും പംക്തിയിലെ ഏതോ ഒരു കണ്ണീർത്തുള്ളി പെണ്ണ് കയറി വന്നു..കുടുകുടാ കണ്ണീരൊലിപ്പിച്ചു ഞാനങ്ങേരുടെ അടുത്തേക്ക് ചെന്നു.
“അതേ രാജുവേട്ടാ…ഇന്ന് ചുരിദാർ വിൽക്കാനെന്നും പറഞ് ഒരു ഹിന്ദിക്കാരൻ കേറി വന്നു…അമ്മ കുടുംബശ്രീയിലെ കുറിപൈസ കൊടുക്കാൻ പോയ അതേ നേരത്തു തന്നെ , ഞാനവനോട് രണ്ടു വട്ടം വേണ്ടാന്ന് പറഞ്ഞു…അവനാണെങ്കി വെറുതെ നോക്കാൻ പൈസയൊന്നും തരണ്ടാന്നും പറഞ് ഒരേ നിൽപ്പ്…എന്നാപിന്നെ ഒന്നു നോക്കിയേക്കാംന്ന് ഞാനും കരുതി…”
പറയുന്നതിനിടക്ക് കേറി കെട്ട്യോൻ , നിർത്താൻ കൈ പൊക്കിയപ്പോഴേ മനസ്സിലായി..വെറുതെ നോക്കിക്കോ എന്ന് കേട്ടാൽ ചാടിപിടിച്ചു നോക്കാൻ പോകുന്ന എന്റെ നല്ല സ്വഭാവത്തിനുള്ള കൊട്ട് തരാൻ തന്നെ….
“മുഴുവൻ കേൾക്കെന്റേട്ടാ…അപ്പഴേക്കും തോക്കിൽ കേറി വെടി വക്കാൻ വരും…” പറച്ചിലിന് ഞാൻ തടയിട്ടു .
“ഓരോന്നായി ഞാൻ നോക്കുന്നതിനിടക്ക് അവനുമ്മറത്തേക്ക് കേറി പെട്ടെന്ന് എന്റെ താലിമാലയിൽ പിടുത്തമിട്ടു….ഞാനവന്റെ കോളറിൽ പിടിച്ചു വലിച്ചു പക്ഷേ എന്നെ തള്ളി മറിച്ചിട്ട് മാലയും കൊണ്ട് അവനോടി….പിന്നിൽ നിന്ന് അവന്റെ നടും പുറം നോക്കി ഞാനാ കിണ്ടിയെടുത്തെറിഞ്ഞു…പിന്നാലെ ഓടാനൊന്നും ഞാൻ നോക്കിയില്ല എന്നെ വല്ലതും ചെയ്താലോ…ഷോക്ക് മാറി ഞാൻ നോക്കുമ്പോ അവൻ അവന്റെ തുണിക്കെട്ട് ഇവിടിട്ടാണ് ഓടിയത് അതിലെ 30 ജോഡി തുണിയും….”
വായും പൊളിച്ചു എന്നെയും നോക്കി നിക്കുന്ന ഏട്ടനെ ഞാനൊന്നു ചെന്ന് തട്ടി…ആള് വേഗമെന്റെ കഴുത്തിലേക്ക് നോക്കി..വലിയുടെ ശക്തിയിൽ കഴുത്തിലെ തൊലി ഉരഞ്ഞു പൊട്ടിയിടത്തു പോയി മരുന്ന് വക്കാൻ പറഞ്ഞു.
“ഇതങ്ങനെ വിട്ടാൽ പറ്റില്ല , നമ്മുടെ കിഴക്കേലെ പ്രഭാകരേട്ടൻ ഈസ്റ്റ് സ്റ്റേഷനിൽ അല്ലേ ആളെ വിളിച്ചു പറയ്…ഇവന്മാര് നിറഞ്ഞിരിക്കാണ് എല്ലായിടത്തും…സമാധാനം പോയിക്കിട്ടിന്ന് പറഞ്ഞാൽ മതി ന്റെ ഈശോയെ “
മാർത്തചേടത്തി പറഞ്ഞു നിർത്തി .
“രണ്ടരപവന്റെ മാലയാണ് അതിനി കേസ് കൊടുത്താലും പൊടിപോലും കിട്ടാൻ പോണില്ല..പിന്നെ പോലീസുകാർക്ക് കൊടുക്കാൻ അതിന്റെ പകുതി ഞാൻ വേറെയുണ്ടാക്കണം പോയത് പോട്ടേ…ഇവളെ ഒന്നും ചെയ്യാതെ വിട്ടതേ ഭാഗ്യം “
പറഞ്ഞുകഴിഞ്ഞു എന്നെയും അമ്മയെയും മാറി മാറി നോക്കുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് പൊട്ടിയ ചിരി ഞാൻ മൂക്ക് ചീറ്റുന്നതിനിടയിൽ കടിച്ചമർത്തി…
അല്ലെങ്കിലും മുക്കുപണ്ടം പോയാൽ കേസ് കൊടുക്കാൻ പറ്റുമോ…മോഹിച്ച സ്ഥലം വാങ്ങാൻ പൈസ തികയാതെ വന്നപ്പോൾ മുഴുവൻ സ്വർണവും കൊണ്ടുപോയി സഹകരണബാങ്കിൽ പണയം വച്ചതും , താലി കൊരുത്തിടാൻ ഒരു ഗ്രാം പൂശിയ മാല വാങ്ങി കഴുത്തിലിട്ടന്നു നല്ല ഭംഗിയുള്ള ഒതുക്കമുള്ള മാലയെന്നു പറഞ്ഞ അയൽക്കാരെയും ഞാനോർത്തു..
ഒരു ഗ്രാമിന്റെ മാല പോയാലും സാരല്ല്യ പുതിയ തുണിയല്ലേ കയ്യിലിരിക്കുന്നത് എന്ന് അകത്തെത്തിയ അമ്മ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ചിരിച്ചു തുടങ്ങിയ ഞാൻ കണ്ണ് നിറഞ്ഞു തൂവും വരെ നിർത്തിയില്ല.
വെറുതെ കിട്ടിയ തുണികൾ കുടുംബക്കാർക്ക് മുഴുവനും പങ്കുവച്ചു കൊടുക്കാൻ നേരം എല്ലാവരും എന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി…
നാത്തൂൻ മാത്രം , ഞാനാണെങ്കി അവനെ പിടിച്ചു നിർത്തി മാല തട്ടിപറിച്ചേനെ എന്നും പറഞ്ഞു രണ്ടു ജോഡി തുണി കൂടുതലെടുത്തു വീടിനു തൊട്ടടുത്തുള്ള തയ്യൽക്കാരിയെ ഏൽപിച്ചു…മടങ്ങാൻ നേരം തയ്ച്ച തുണി കിട്ടുമ്പോ ഏട്ടന്റെ കയ്യീന്ന് പൈസ വാങ്ങി കൊടുത്തു വീട്ടിലേക്ക് കൊടുത്തയക്കാൻ ഓർമിപ്പിച്ചു ഭർത്താവിന്റെ കൂടെ പോയി….
കല്യാണം കഴിഞ്ഞു കൊല്ലം രണ്ടായിട്ടും മക്കളില്ലാത്തോണ്ട് പെങ്ങൾക്ക് വേണ്ടി പോക്കറ്റ് കാലിയാക്കിയാലും രാജുവേട്ടന് സന്തോഷം…
രാത്രി കിടക്കാൻ നേരം കഴുത്തിലെ മുറിവിൽ തലോടി ഏട്ടനെന്റെ നെറ്റിയിലുമ്മ വക്കുമ്പോൾ മുറിവിലെ നീറ്റലെല്ലാം കുറഞ്ഞു….
രണ്ടുദിവസം കഴിഞ്ഞു പുതിയൊരു താലി വാങ്ങി ക്ഷേത്രത്തിൽ പോയി പൂജിച്ചു കെട്ടുകയും ചെയ്തപ്പോ കള്ളന്റെ കഥക്ക് തൽക്കാലം ഞങ്ങൾ തിരശീലയിട്ടു.
ഇട്ട തിരശീല ഇടാൻ നേരമായില്ലെന്നോർമിപ്പിച്ചു കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീർപ്പിച്ച മുഖവുമായി നാത്തൂനും അളിയനും എത്തി…വേറൊന്നുമല്ല തുണികളെല്ലാം ഒരുമിച്ചാണ് നനച്ചു വച്ചത് , കഴുകാനെടുക്കും നേരം എല്ലാ തുണികൾക്കും ചുരിദാറിന്റെ നിറം.
മോൾടെ പതം പറച്ചിലും മരുമോന്റെ ഒന്നിനും കൊള്ളാതായ പുത്തൻ ഷർട്ടിന്റെ കഥകളും കേട്ട് മടുത്ത അമ്മ , ബാക്കിയുള്ള തുണികളെല്ലാം കൂടിയെടുത്തു തീയിടാൻ നേരം തനിയെ എണ്ണിപ്പെറുക്കി പറയുന്നുണ്ടായിരുന്നു…
“വെറുതെയല്ല ചുരിദാർതുണി കൊടുത്ത കുടുംബശ്രീയിലെ പെണ്ണുങ്ങൾ ന്നെ വെട്ടുപോ ത്തിനെ പോലെ നോക്കുന്നത് ല്ലേ ന്റെ ഗുരുവായൂരപ്പാ “
അത് മാത്രല്ല…ഇതുമിട്ടോണ്ട് പള്ളിയിൽ പോയ മർത്തചേടത്തിയുടെ മരുമോള് , കുർബാന കഴിഞ്ഞു വരാൻ നേരം മഴ പെയ്തതും…കുടയെടുക്കാൻ മറന്നത് കൊണ്ട് ഒരു തുള്ളി പോലും കളയാതെ നനഞ്ഞു വീട്ടിലെത്തിയ അവൾ ചുവന്ന ചുരിദാർ ഊരികളഞ്ഞിട്ടും കൊടുങ്ങല്ലൂരമ്മക്ക് കുങ്കുമം പൂശിയ പോലുള്ള ശരീരം തേച്ചുരച്ചിട്ടും പോകാത്തത് കൊണ്ട് രണ്ടു ദിവസം വീടിനു പുറത്തിറങ്ങാഞ്ഞതും ഞങ്ങളറിഞ്ഞു .
ഇതൊക്കെ കഴിഞ്ഞു ഇപ്പൊ മാസങ്ങൾ കുറെയായി….ഇതിനിടക്ക് അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ പോയി തൊട്ടിലും മണിയും കെട്ടിയിട്ടൊന്നും ഒരു കുഞ്ഞിനെ തരാൻ ദൈവങ്ങൾ പ്രസാദിച്ചില്ല .
കുഴപ്പം രാജുവേട്ടനാണെന്ന് അമ്മക്കും അറിയാമായിരുന്നത് കൊണ്ടാവാം എന്നോട് നല്ല സ്നേഹമാണ്..
മാസങ്ങൾ കഴിഞ്ഞൊരു രണ്ടാം ശനിയാഴ്ച്ച….
ഉമ്മറത്തിരുന്നു പേപ്പർ വായിക്കുന്ന കെട്ട്യോനോട് ചേർന്ന് കസേരകയ്യിലേക്ക് മൂടും താങ്ങി നിന്ന് പേപ്പറിലേക്ക് എത്തിനോക്കുമ്പോഴാണ് അമ്മ വന്ന് പറഞ്ഞത് , കാട് പിടിച്ചു കിടക്കുന്ന തൊടി മുഴുവൻ വെട്ടിവീശി തെങ്ങിന്റെ കടക്കിടണമെന്ന്…
വില്ലേജാപ്പീസിലെ പണി ചെയ്ത് ക്ഷീണിച്ച രാജുവേട്ടനെക്കൊണ്ട് തെങ്ങിന്റെ മൂട് കിളപ്പിക്കാൻ എനിക്ക് വല്ല്യേ താല്പര്യമില്ല…പിന്നെ വിയർപ്പിന്റെ അസുഖമുള്ള മലയാളിക്ക് പ്രിയം ഇന്ന് ബംഗാളിയാണല്ലോ..
“അമ്മേ…രാവിലെ ഏട്ടൻ ആ ബസ്സ്റ്റോപ്പിനടുത്തു പോയാൽ ഏതെങ്കിലും ബംഗാളിയെ കിട്ടും..ചെറിയ കൂലി കൊടുത്താൽ മതി..പിന്നെ ചായ ചോറ് ഇതൊന്നും പറഞ് ഒരു ശല്ല്യവുമില്ല അവരെക്കൊണ്ട്…”
ഉച്ച വരെ ഏട്ടന് ചെയ്യാവുന്ന പണിയെ ഉള്ളുവെങ്കിലും പണിയെടുക്കണ്ടല്ലോ എന്നോർത്താവണം പെട്ടെന്ന് തന്നെ ശരിയാണല്ലോ എന്ന് ഏട്ടനും സമ്മതം പറഞ്ഞു
ഞായറാഴ്ച്ച രാവിലെ തന്നെ രാജുവേട്ടൻ പോയി ഒരു ബംഗാളിയേം കൂട്ടി വന്നതും അമ്മ ഓടിച്ചെന്നു നിർദ്ദേശങ്ങൾ കൊടുക്കാൻ ….
“അങ്ങനെ കർനാ ഹേ …”
“തും ഇങ്ങനെ ചെയ്യണം ഹും…”
എന്നൊക്കെ കേട്ട് ഒടുവിൽ ബംഗാളി അമ്മയുടെ ഹിന്ദിയേക്കാൾ മനോഹരമായി മലയാളത്തിൽ..”സരി ചേച്ചി ” എന്ന് മറുപടിയും കൊടുത്തു .
പതിനൊന്നരയായപ്പോൾ അമ്മക്ക് കുടുംബശ്രീയുടെ മീറ്റിങ്ങിനു പോണം…രണ്ടു കാൽമുട്ടിലും നീരുള്ളത് കൊണ്ട് ഒരാഴ്ച്ച ഒഴിവാക്കിക്കൂടെ എന്ന് ഏട്ടൻ ചോദിച്ചിട്ടും ഒരു രക്ഷയുമില്ല…
അമ്മക്കറിയാം കഴിഞ്ഞയാഴ്ച വരാതിരുന്നവരെ പറ്റി വന്നവർ വിശദമായ ചർച്ച നടത്തിയത്..ഇന്ന് ചെന്നില്ലെങ്കിൽ ഈയാഴ്ചത്തെ ഇര താനായിരിക്കുമെന്നുള്ള ഉത്തമബോധ്യവുമുണ്ട് .
“ഏയ് പോവാതിരുന്നാൽ ശരിയാവില്ല ഇന്ന് കണക്ക് നോക്കുന്ന ദിവസമാണ് പോയേ പറ്റൂ..നീയെന്നെ ബൈക്കിൽ ഒന്നവിടെ വിട്ടിട്ട് പോരെ..പിന്നെ ആ ബംഗാളിക്ക് കൊടുക്കാനുള്ള കൂലി കൊടുത്തേക്ക്..പണി കഴിഞ്ഞാൽ പൊക്കോളാനും പറഞ്ഞോ …”
ഏട്ടൻ വീടിന് പുറകിലേക്ക് പൈസയുമെടുത്തു പോയി അമ്മ ഒരുങ്ങാനും …പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ ടീവിയിൽ കൈരളിയിലെ ഒരു തമിഴ് സിനിമ മലയാളത്തെ കൊന്ന് കൊലവിളിക്കുന്നത് കാണാനുമിരുന്നു .
“നീ വാതിൽ തുറക്കാനൊന്നും പോകണ്ട സിന്ധു…അവൻ പണി കഴിഞ്ഞാൽ പൊയ്ക്കോളും ഞാൻ പൈസ കൊടുത്തിട്ടുണ്ട് ..കഴിയാറായിട്ടുണ്ട് പണി “
ഏട്ടനോട് ഞാൻ തലയാട്ടി. അല്ലെങ്കിലും ആര് പോകുന്നു ഒരിക്കൽ പോയ ഒരു ഗ്രാം സ്വർണത്തിനു പകരം ഇപ്പൊ കഴുത്തിൽ ശരിക്കുമുള്ള സ്വർണമാണ് ..
അവരെല്ലാം പോയി തമിഴ്മലയാള സിനിമയിലെ പാട്ടിന്റെ അർത്ഥം തേടുന്നതിനിടയിലാണ് അടുക്കളപ്പുറത്തു നിന്നും അവന്റെ വിളി ഞാൻ കേട്ടത്…
പോകേണ്ട എന്നാദ്യം കരുതിയെങ്കിലും പിന്നെയും ചേച്ചി പാനി തരുമോ എന്ന് ചോദ്യം കേട്ടപ്പോൾ ഞാനെണീറ്റു ചെന്നു കഴുത്തിലെ മാല ഊരി വച്ചുകൊണ്ട്….
ദാഹിക്കുന്നവർക്ക് പാനി കൊടുക്കണ്ടേ , അതിനുള്ള ഹിന്ദി എനിക്കറിയാമെന്നോർത്താണ് ചെന്നത്. ചെന്നപ്പോൾ എനിക്ക് മനസ്സിലാവാൻ വേണ്ടി പിന്നെയും അവൻ ‘വള്ളം…വള്ളം’ എന്ന് ഉറക്കെ പറഞ്ഞു .
അവൻ ചോദിക്കുന്ന വള്ളവും വലയും കിട്ടാൻ ആലപ്പുഴയിൽ പോകണമെന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഇപ്പൊ തരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു കൊടുക്കാൻ ഇനി ഹിന്ദി ക്ലാസ്സിൽ പോകണം അപ്പോൾ ആംഗ്യഭാഷയാണ് എളുപ്പം…
ഒരു ഗ്ലാസ് കൊടുത്തത് മുഴുവൻ വലിച്ചു കുടിച്ച അവൻ പിന്നെയും ചോദിച്ചതിന് ഞാനൊരു വലിയ ജഗ്ഗിൽ വെള്ളമെടുത്തു കൊടുത്തു. മുക്കാലും കുടിച് ബാക്കിയുള്ളത് അവൻ തലവഴി കമിഴ്ത്തി മുടിയിലെ വെള്ളം തെറിപ്പിക്കുന്നതും നോക്കി ഞാൻ നിന്നു . അവനോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു അടുക്കളക്കകത്തേക്ക് നടന്ന ഞാൻ ജഗ്ഗ് എടുത്ത് കഴുകാൻ നോക്കുമ്പോഴാണ് പിൻവാതിൽ അടച്ചില്ലല്ലോ എന്നോർത്തത്…
*****************
അമ്മയെ വിട്ട് വരും വഴി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ബൈക്ക് തിരിക്കുമ്പോൾ ബംഗാളിപയ്യൻ പണി കഴിഞ്ഞു ഉറക്കെ പാട്ടും പാടി പോകുന്നത് രാജു കണ്ടു…
വീട്ടിലെത്തി മുൻവാതിൽ കുറെ തട്ടി വിളിച്ചിട്ടും സിന്ധുവിന്റെ ഒച്ചയൊന്നും കേൾക്കാതായപ്പോൾ പിൻഭാഗത്തേക്ക് അവൻ ചെന്നു…
ടീവി കണ്ടു ഉറങ്ങിപോയതാവും അല്ലെങ്കിൽ അടുക്കളയിലാവും എന്നേ കരുതിയുള്ളൂ പക്ഷേ തുറന്നിട്ട അടുക്കളവാതിലിൽ കൂടി അകത്തു കയറിയതും അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു.
ചോരയിൽ മുങ്ങികിടക്കുന്ന സിന്ധുവിനെ പൊക്കിയെടുത്തു ഓടുന്നതിനിടയിൽ അപ്പുറത്തേ ഭാരതിയേച്ചിയെ നീട്ടി വിളിച്ചു .
ഓടിയെത്തിയവർ തകർന്നു നിൽക്കുന്ന രാജുവിനെ സമാധാനിപ്പിക്കുമ്പോഴേക്കും എത്തിയ കാറിൽ ചോരയിൽ കുളിച്ച അവളെയും കൊണ്ട് ആസ്പത്രിയിലേക്ക് പാഞ്ഞു ..
പോകും വഴി തട്ടി വിളിച്ചിട്ടും ഒരനക്കവുമില്ലാതെ കിടക്കുന്ന അവളെ കരച്ചിലോടെ കെട്ടിപിടിച്ചു രാജു. അത്യാഹിതവിഭാഗത്തിലേക്ക് അവളെയുമെടുത്തു ഓടിക്കയറുമ്പോൾ അവനാകെ രക്തത്തിൽ മുങ്ങിയിരുന്നു.
അകത്തവളെ കിടത്തി വേദനയോടെ നെഞ്ചുഴിഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിലാണ് ഓർമ്മ വന്നത് പുറം പണിക്ക് വന്ന ബംഗാളിയുടെ കാര്യവും സിന്ധുവിന്റെ ഒഴിഞ്ഞ കഴുത്തും ….
പല്ലിറുമ്മി കൊണ്ട് കൂട്ടുകാരെ വിളിച്ചു ബംഗാളിയെ തപ്പിപിടിക്കാൻ പറയുമ്പോൾ ദേക്ഷ്യം നിയന്ത്രിക്കാൻ കഴിയാതായിരുന്നു അവന്…
******************
തല പൊട്ടിപൊളിയുന്ന വേദനയോടെ ആരോ വിളിക്കുന്നത് കേട്ട് ഞാൻ കണ്ണ് തുറക്കുമ്പോൾ മുൻപിൽ ഒരു നേഴ്സും ഡോക്ടറും നിൽപ്പുണ്ട് ..
ഒന്നും മിണ്ടാതെ അവരെ കണ്ണ് തുറിച്ചു നോക്കി എന്ത് പറ്റിയതാണെനിക്ക് എന്നോർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കേട്ടു രാജുവേട്ടന്റെ ശബ്ദം.
“അവനെ പിള്ളാര് പൊക്കിയിട്ടുണ്ട് സാറേ…കവലയിൽ കെട്ടിയിട്ടുണ്ട് , ഇവനെയൊന്നും ഇനി കേരളത്തിൽ ജീവിക്കാൻ അനുവദിക്കരുത് ..”
ഡോക്ടർ തിരിഞ് ഏട്ടനോട് ശബ്ദം കുറക്കാൻ പറയുന്നതിനിടക്കാണ് കണ്ടത് ഞാൻ കണ്ണ് തുറന്ന് കിടക്കുന്നത് .
“ആ കണ്ണ് തുറന്നല്ലോ സിന്ധു..എന്തു പറ്റിയതാണ് തനിക്കു വല്ലതും ഓർമ്മയുണ്ടോ..എങ്ങനെയാണു തന്റെ തല പൊട്ടിയത്..സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട കേട്ടോ…കിടന്നോളൂ “
ഡോക്ടറത് പറഞ്ഞു കഴിയുമ്പോഴേക്കും രാജുവേട്ടനെന്റെ അടുത്തെത്തിയിരുന്നു..തലയിലെ മുറിവിൽ ഏട്ടൻ പതിയെ തലോടുമ്പോഴേക്കും ഞാൻ വീണ്ടും മയക്കത്തിലേക്ക് ഊളിയിട്ടു .
മരുന്നുകളുടെ മണവും ആരുടെയൊക്കെയോ സംസാരങ്ങളും പാതിമയക്കത്തിലും
ഞാനറിയുന്നുണ്ട്….
പാത്രം കഴുകാനെടുത്തത് ബേസിനിൽ തന്നെയിട്ട് ഞാൻ വാതിലടച്ചു വരാനായി തിരിഞ്ഞു ഒരു കാലെടുത്തു വച്ചതും പിന്നിൽ നിന്നും ആരോ തള്ളിയിട്ട പോലെ ഞാൻ വീഴാൻ പോയി….നേരത്തെ തറയിൽ വീണ വെള്ളത്തിലാണ് ഞാൻ ചവിട്ടിയതെന്ന് മനസ്സിലായപ്പോഴേക്കും തല പോയി അടുക്കള സ്ലാബിൽ പോയി അടിച്ചതേ ഓർമയുള്ളു …
മയക്കം വിട്ടെഴുന്നേറ്റ എന്റെ പറച്ചിൽ കേട്ട് പോലീസുകാരൻ പ്രഭാകരേട്ടൻ രാജുവേട്ടനെ ദേക്ഷ്യത്തിൽ നോക്കുന്നുണ്ട്..മുഖമുയർത്താതെ തലക്ക് കയ്യും കൊടുത്ത് ഏട്ടനും .
“ഇപ്പോഴെങ്കിലും നിന്റെ ബോധം വന്നത് നന്നായി സിന്ധു..അല്ലെങ്കിൽ ആ പയ്യനെ ഇവന്റെ കൂട്ടുകാര് കൊ ന്നേനെ നിന്നെ കൊ ല്ലാൻ ശ്രമിച്ചെന്നും പറഞ്…കാര്യം അറിയുന്നതിന് മുൻപേ ഒരാളെ ത ല്ലാനും കൊ ല്ലാനുമുള്ള സ്വാതന്ത്രം നിങ്ങൾക്ക് ആരാണ് തന്നത് രാജു…”
ഒന്ന് ശ്വാസമെടുത്തു അയാൾ തുടർന്നു…
“പാവം നിങ്ങളുടെ വീട്ടിൽ നിന്നും കിട്ടിയ കൂലിയും ചേർത്ത് അവൻ നാട്ടിലേക്കയക്കാനുള്ള സന്തോഷത്തിൽ വരുമ്പോഴാണ് നിന്റെ കൂട്ടുകാരെല്ലാം കൂടി വളഞ്ഞു തല്ലിയത്…ഭാഷ അറിയാത്തതു കൊണ്ട് എന്തിനാണ് തല്ലുന്നതെന്നു പോലും അവനു മനസിലായില്ല ..”
ഒരക്ഷരം പോലും ശബ്ദിക്കാനാവാതെ ഞാനും രാജുവേട്ടനും പരസ്പരം നോക്കി..
പതിനഞ്ചു ദിവസങ്ങൾക്കിപ്പുറം ഇന്ന് തലയിലെ പതിനാല് സ്റ്റിച്ചെടുത്തു മടങ്ങി വന്ന ദിവസമാണ്…
പറ്റിപോയ തെറ്റിന് അവനോട് മാപ്പ് പറഞ് അവന്റെ വീട്ടിലേക്കു അയക്കാനുള്ള പൈസയേല്പിച്ചു കൊണ്ട് വീട്ടിലെ പുറംപണിക്ക് അവനോട് എന്നും വരാൻ പറയുമ്പോൾ ആ കണ്ണുകളിൽ കണ്ട നീർത്തിളക്കം മതിയായിരുന്നു ഞങ്ങൾക്ക് മനസ്സ് നിറയാൻ…
അല്ലെങ്കിൽ അന്നത്തെ വീഴ്ചയിലെ ബോധക്കേടിന് പാതി അവകാശവുമായി ഞങ്ങൾക്കിടയിലേക്ക് വരാൻ തയ്യാറെടുക്കുന്ന കുഞ്ഞുമാലാഖ കേൾക്കുന്ന കഥകളിൽ ഞങ്ങളെന്നും തെറ്റുകാരെയേനെ…
അതേ…അന്ന് ഒരു സംശയം പറഞ്ഞ ഡോക്ടറെ കണ്ട് സന്തോഷവിവരം ഉറപ്പിച്ചാണ് ഞാനും എന്റേട്ടനും വീട്ടിലെത്തിയത്..പ്രാർത്ഥനകൾക്കും മരുന്നുകൾക്കും ഉത്തരമായി ഒരു കുഞ്ഞുജീവൻ എന്റെയുള്ളിലും നാമ്പിട്ടിരിക്കുന്നു …”അമ്മ” എന്ന പകരം വെക്കാനില്ലാത്ത മഹനീയ പദത്തിലേക്ക് ഞാനും….
==============
***നിയമം കയ്യിലെടുക്കും മുൻപ് വയറ്റുപിഴപ്പാണെന്നു തെറ്റിദ്ധരിപ്പിച്ചു വരുന്ന ക്രി മിനലുകളെ വെള്ളവും വളവും കൊടുത്തു നമ്മൾ തന്നെയാണ് വളർത്തുന്നതെന്ന തിരിച്ചറിവിനുള്ള ഉത്തരവാദിത്തമെങ്കിലും തൊഴിലില്ലായ്മാ വേതനവും വാങ്ങി ഇവരെകൊണ്ട് തൊഴിലെടുപ്പിക്കുന്ന നമുക്ക് ചെയ്യാം..
വയറ്റുപിഴപ്പിനായി വരുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളും ക ള്ളന്മാരോ ക്രൂ രന്മാരോ അല്ല..കഷ്ടപ്പാടുകൾക്ക് ഒരറുതി വരുത്താനായാണ് അവരും വരുന്നത് കേരളമെന്ന പ്രവാസത്തിലേക്ക്…അവരിലെ നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകം കൂടി നമുക്കുണ്ടാകട്ടെ….
~ലിസ് ലോന (30.07.2018)