രണ്ടു കയ്യിലും പറ്റിയ മണ്ണ് ഞാൻ പിന്നിലെക്കാക്കി പാവാടയിൽ തുടക്കുമ്പോൾ സുധിയേട്ടന്റെ മുഖത്തു കാണാം അടക്കാൻ വയ്യാത്ത ദേഷ്യം…

മൗനരാഗങ്ങൾ…

Story written by Lis Lona

==============

“ഡീ…മരംകേറി ജാനു  ഇറങ്ങെടി താഴെ…നിന്റമ്മയെ  ഞാൻ കാണട്ടെ..പോത്തുപോലെ വലുതായാലും വല്ല നാണോം ഉണ്ടോന്ന് നോക്ക്…നിന്നോട് മര്യാദക്ക് താഴെ ഇറങ്ങാനാ പറഞ്ഞേ….”

പേരമരത്തിന് താഴെ നിന്ന് സുധിയേട്ടൻ കൂക്കിയിടുന്നത് ഞാൻ കണ്ടു…

ഓ പിന്നേ….ഉണ്ടക്കണ്ണുരുട്ടിയാ ഞാനങ്ങു പേടിച്ചു…

കയ്യിലുള്ള പേരക്ക കടിച്ചുചവച്ചു വിഴുങ്ങി പഴുക്കാറായ നാലെണ്ണം കൂടി പറിച്ചു പാവാടതുമ്പിൽ കെട്ടിയേ  ഞാനിറങ്ങിയുള്ളൂ…

“അഹമ്മതി കണ്ടാ പെണ്ണിന്റെ..ഇനി നീയി മരത്തിൽ  കേറിയാ ചുട്ട പെട തരും ഞാൻ നോക്കിക്കോ..നിനക്ക് ഒരു കമ്പെടുത്തു പൊട്ടിച്ചൂടെ വല്ല്യേ പെണ്ണായില്ലേ…ഒരു മരംകേറ്റക്കാരി….”

എന്തൊരു കഷ്ടാ കാവിലമ്മേ…ഇയാളെ കൊണ്ട് തോറ്റു ഞാൻ…തൊട്ടയല്പക്കമാണ്
പത്തു വയസ്സിന് മൂത്തതാ എന്നാലും  എന്നോട് എപ്പോഴും അടിയാണ് കുട്ടികളെപ്പോലെ…കഴിഞ്ഞ ദിവസം അവിടിരുന്ന വായനശാലയിലെ ബുക്ക് ചോദിക്കാതെ എടുത്തെന്നും പറഞ്ഞായിരുന്നു…

ഇങ്ങേരുടെ അനിയന്മാരൊക്കെ വല്ല്യേ ജോലിക്കാരാണ് ഇത് മാത്രമാണ്  വീടും തെങ്ങിൻപറമ്പും വായനശാലയും ഒക്കെയായി നടക്കണത്…

അനിയന്മാരെ കൊണ്ട് ഒരു ശല്യവും ഇല്ല്യ…അവര് രണ്ടാളും ദൂരെയെവിടോ ആണ് ജോലിക്കും പഠിപ്പിനുമൊക്കെയായി …

നേരെ താഴെ ഉള്ള ആള് കാണുമ്പോ ഒക്കെ വന്ന് സുഖല്ലേ ന്നെങ്കിലും ചോദിക്കും ഏറ്റം ഇളയവൻ ആരോടും വല്ല്യേ മിണ്ടാട്ടമില്ല.

മൂന്ന് ആൺമക്കൾ ആയതുകൊണ്ട് വല്ലപ്പോഴും ചെന്ന് വീട്ടുപണികളിൽ സഹായിച്ചു കൊടുക്കുന്ന എന്നെ അവരുടെ അമ്മക്ക് വല്ല്യേ കാര്യമാണ് കാണാതായാൽ അപ്പൊ മുള്ളുവേലിയുടെ അതിരിൽ വന്നുനിന്ന് നീട്ടി ഒരു വിളിയാണ്…

“ജാനകിമോളെ….അമ്മിണീ ഒന്ന് വിടണേ അവളേ…”

മൂന്നാണ്മക്കളും സ്ഥലത്തില്ലാത്തപ്പോഴേ പരമാവധി എന്നെ വിളിക്കൂ അല്ലെങ്കിൽ അമ്മ ഒഴിവുള്ളപ്പോ പോയി സഹായിക്കും അതിനായി പൈസയൊന്നും വാങ്ങില്ലെങ്കിലും പലപ്പോഴും അവർ തരുന്ന പൈസയാണ്  വീട്ടിലെ ചിലവുകൾ രണ്ടറ്റം മുട്ടിക്കാൻ കൂലിപ്പണിക്ക് പോകുന്ന അമ്മക്ക് താങ്ങാകുന്നത്.

ജോലിയെല്ലാം തീർത്താൽ ഞാൻ പിന്നിലെ തെങ്ങിൻ തൊടിയിലേക്കിറങ്ങും നിറയെ പേരക്കയും ചാമ്പങ്ങയും സപ്പോട്ടയുമൊക്കെ പഴുത്തു ആർക്കും വേണ്ടാതെ താഴെ കിടക്കുന്നുണ്ടാകും എന്നാലും മരം കയറി പൊട്ടിച്ചു തിന്നുന്ന സുഖം ഒന്ന് വേറെയാണ്…

ഗിരിജമ്മക്ക് നടുവിന് വയ്യ…മൂന്നാമത്തെ മോനേ ഗർഭിണിയായിരിക്കുമ്പോ വീണതാണെന്നാണ് അവർ പറയുന്നത്…അതല്ലെന്നും ദേഷ്യക്കാരനായ പോലീസുകാരൻ കെട്ട്യോൻ നടുവിന് ചവുട്ടിയതാണെന്ന് നാട്ടുകാരും പറയുന്നുണ്ട്..

അഭ്യാസിയെ പോലെ താഴെയിറങ്ങാൻ നേരം കാലൊന്നു വഴുക്കിയെന്ന് തോന്നിയെ ഉള്ളൂ…ദേ മൂടുംകുത്തി താഴെ….വീണ എന്നെയും നോക്കി കണ്ണുരുട്ടി നിക്കാണ് ദുഷ്ടൻ…

രണ്ടു കയ്യിലും പറ്റിയ മണ്ണ് ഞാൻ പിന്നിലെക്കാക്കി പാവാടയിൽ തുടക്കുമ്പോൾ സുധിയേട്ടന്റെ മുഖത്തു കാണാം അടക്കാൻ വയ്യാത്ത ദേഷ്യം..

“എന്താ !! നോക്കി പേടിപ്പിക്കാ നീ….കണ്ണ് കുത്തിപ്പൊട്ടിക്കും ഞാൻ..അവിടെ തോട്ടി ഇരുപ്പില്ലേ അതെടുത്താ നിന്റെ വളയൂരി പോവോ…ഇനി കാണട്ടെ നിന്നെ ഞാൻ പാവാടയിട്ടിട്ട് മരത്തില്..”

വീടിനു പിന്നിലേക്ക് മുണ്ടും മടക്കിക്കുത്തി സുധിയേട്ടൻ പോകുന്നത് നോക്കി കൊഞ്ഞനം കാണിച്ചു ഞാനും നടന്നു വീട്ടിലേക്ക്..

“എന്തിനാ സുധി…ആ മിണ്ടാപ്രാണിയോട് അടിയുണ്ടാക്കണേ എപ്പോഴും…..എനിക്കൊരു സഹായത്തിന് വിളിച്ചാൽ അവളെയുള്ളു ഓടിവരാൻ..ഒരു പാവം പിടിച്ച കുട്ട്യാ അത്…”

വീട്ടിനകത്തേക്ക്  വരുമ്പോഴേക്കും അമ്മ പറയാൻ തുടങ്ങിയത് കേൾക്കാത്ത പോലെ സുധി അകത്തേക്ക് നടന്നു ..

“കുതിരക്ക് കൊമ്പ് കൊടുക്കാഞ്ഞത് പോലെ ദൈവം അവൾടെ മിണ്ടാട്ടം മുട്ടിച്ചത് നന്നായി..അല്ലെങ്കി തന്നെ കേമിയാണ്. കഴിഞ്ഞ ദിവസം മീൻ കൊടുക്കുമ്പോ കയ്യിലൊന്ന് തട്ടിയെന്ന് പറഞാ മീൻകാരന്റെ മുഖമടച്ചു പൊട്ടിച്ചത് …”

ഏത് നേരത്തു നോക്കിയാലും ഏതെങ്കിലും മരത്തിൽ വലിഞ്ഞിരിക്കണ കാണാം വാനരജന്മം…കാണുമ്പോഴേ കലി കയറും…പറഞ്ഞശേഷം സുധിയോർത്തു….

“നീയെന്തറിഞ്ഞിട്ടാ സുധി പറയണേ അയാള് തൊട്ടത് അവൾടെ കയ്യിലല്ല മാ റിലാ…ആരോടും പറയില്ലല്ലോ ന്ന ധൈര്യം അവന്റെ…മിണ്ടാൻ പറ്റില്ലെങ്കിലും ഉശിരുള്ള പെൺകുട്ടിയാ അത് , അതോണ്ടാന്ന്യാ കണക്കിന് കൊടുത്തതും  അയാൾക്ക്…”

കേട്ടിട്ടും കേൾക്കാത്ത പോലെ ചായയും ചോദിച്ചു ടീവിയുടെ റിമോട്ടും പിടിച്ചു നിൽക്കുന്ന അവനോട് പിന്നൊന്നും പറയാതെ അവരകത്തേക്ക് നടന്നു..

വീടെത്താനായപ്പോഴാണ് കഴുകി കഴിഞ്ഞ തുണികൾ വിരിച്ചിടാൻ മറന്ന കാര്യം എന്റോർമയിലെത്തിയത്…വാഷിംഗ് മെഷീനിൽ തുണി കഴുകുന്ന നേരം കൊണ്ട് പേരക്ക പറിക്കാൻ പോയതും പിന്നാലെ സുധിയേട്ടന്റെ വഴക്കും….തുണിയുടെ കാര്യം മറന്നല്ലോ സ്വാമിയേ….

തിരിച്ചു ചെന്ന എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഉമ്മറത്തിരുന്നു ചായ കുടിക്കുന്ന സുധിയേട്ടനെ ഒന്നു തുറിച്ചു നോക്കി പിന്നാമ്പുറത്തുള്ള അയയിൽ ഞാൻ തുണി വിരിച്ചിട്ട് പോന്നു….

വീട്ടിലെത്തി കുളിച്ചുവൃത്തിയായി ഭഗവതികാവിലെത്തി മനസ്സ് തുറന്ന് പ്രാർത്ഥിച്ചു….കർപ്പൂരവാസനയും ചന്ദനഗന്ധവും ഉള്ളിൽ നിറഞ്ഞതേ അരിശമെല്ലാം പോയ്മറഞ്ഞു…

അല്ലെങ്കിലും അങ്ങനാ കാവിലമ്മയോടും എന്റമ്മയോടും മാത്രേ ഞാൻ സങ്കടം പറയാറുള്ളൂ…അവർക്കേ ന്റെ ഭാഷ മനസ്സിലാവൂ…

തൊഴുതിറങ്ങുമ്പോൾ കണ്ടു അമ്മ പണി മാറ്റി ചേറിൽ മുങ്ങിയ തുണികളോടെ വരുന്നു…ഓടിച്ചെന്ന് ചോറ്റുപാത്രം ഞാൻ കയ്യിലേക്ക് വാങ്ങി

അമ്മയെന്നെ ഒന്ന് തലയിൽ തലോടിയതും അറിയാതെ കണ്ണുകൾ നിറഞ്ഞു….ഒന്നും പറഞ്ഞില്ലെങ്കിലും അമ്മക്കെന്റെ മനസ്സറിയാം…

“ഇന്ന് ആരോടാ തല്ല് കൂടിയേ …”

ചിരിച്ചു തലവെട്ടിച്ചു കണ്ണിറുക്കി കാണിച്ച എന്റെ ചെവിയിൽ നുള്ളി അമ്മ പൊട്ടിച്ചിരിച്ചു…

“കുറുമ്പികാളീ…”

മിണ്ടിയും ചിരിച്ചും ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്കും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ സന്തോഷമായിരുന്നു മനസ്സ് നിറയെ …

എന്തോ രണ്ടുദിവസത്തേക്ക് ഗിരിജമ്മയുടെ വീടിന്റെ ഭാഗത്തേക്ക് പോയില്ല ഞാൻ…എത്താത്തത് കൊണ്ടാവാം  അവരെന്നെ കാണാൻ വീട്ടിലേക്ക് വന്നു…

അമ്മയോട് കഥകളെല്ലാം പറഞ്ഞു രണ്ടുപേരും ചിരിയോടെ എന്നെ നോക്കുന്നത് കണ്ടപ്പോഴേ എനിക്കരിശം പിടിച്ചു…

കാണുമ്പോഴൊക്കെ അടിയുണ്ടാക്കാൻ നടക്കണ മോനോട് അവർക്കു ഒന്നും പറയാൻ പറ്റില്ലല്ലോ…

“ജാനക്യേ…അവനൊരു മുൻശുണ്ഠിക്കാരനാ നിനക്കറിഞ്ഞൂടെ അത്…നീ  അതൊന്നും കാര്യാക്കണ്ട..കേട്ടല്ലോ സന്തോഷായിട്ട് ഇരിക്കണം..നിനക്കു വേണ്ടത് എന്താണെങ്കി അവിടെ വന്ന് പൊട്ടിച്ചു തിന്നോ ഞാൻ പറഞ്ഞോളാം അവനോട്…”

അവര് കൊണ്ടുവന്ന് തന്ന മീൻകറിയും കൂട്ടി രാത്രിയിൽ ഞങ്ങൾ ഉണ്ണാനിരിക്കുമ്പോ അന്ന് വരെ ഒരിക്കലും പറയാതിരുന്ന പഴങ്കഥകൾ അമ്മ കെട്ടഴിച്ചിട്ടു..

അച്ഛൻ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയപ്പോൾ ഗിരിജമ്മ തുണ നിന്ന കഥയും….ഈ വീടിരിക്കുന്ന സ്ഥലം അവരും ഭർത്താവും കൂടി ഇഷ്ടദാനം തന്നതുമെല്ലാം പറഞ്ഞു തീർന്നിട്ടും നിർത്താതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാനും അമ്മയും തുടച്ചില്ല…

പലപ്പോഴും നാട്ടുകാർ പറഞ്ഞു കേട്ട മുൻകോപക്കാരനായ  ഗിരിജമ്മയുടെ ഭർത്താവിന് , അമ്മയുടെ കഥകളിൽ സ്നേഹം പ്രകടിപ്പിക്കാനറിയാത്ത ഒരു സാധുവിന്റെ രൂപമെന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി…

പിറ്റേന്ന് ഞാൻ ഗിരിജമ്മ വിളിക്കാതെ തന്നെ അവിടെ ചെന്ന് വീടെല്ലാം അടിച്ചുവൃത്തിയാക്കി കഴിയുന്ന ജോലികളെല്ലാം തീർത്തു ഇറങ്ങിപോന്നു…

ഗേറ്റ് തുറന്ന് ഇറങ്ങാൻ നേരം കണ്ണൊന്നു പാളി തെങ്ങിൻതോപ്പിലേക്ക് പോയപ്പോൾ കണ്ടു തലയിൽ തോർത്ത് ചുറ്റികെട്ടി സുധിയേട്ടൻ തെങ്ങുകൾക്ക് വെള്ളം തിരിക്കുന്നത്….

വഴക്കൊന്നും ഉണ്ടാക്കണ്ട എന്നുകരുതി തന്നെയാണ് അവിടെ പോകുന്നതെങ്കിലും വഴക്കുണ്ടാക്കാനായി മാത്രം സുധിയേട്ടൻ അവിടുണ്ടാവും…ആ ദിവസം ഞാൻ മിക്കവാറും മുഖം വീർപ്പിച്ചാവും ഇറങ്ങിപ്പോരുക…

ദിവസങ്ങൾ കടന്നുപോകുന്തോറും എനിക്ക് മനസിലായി അങ്ങേരുമായുള്ള വഴക്കു തിരൂല്ലയെന്ന്…

അന്ന് സന്ധ്യക്ക് കാറ്റും മഴയും കൂടി കറന്റ് കളഞ്ഞപ്പോഴാണ് ഗിരിജമ്മ വന്ന് അമ്മയെ വിളിച്ചത്

“അമ്മിണി…നീയോ ജാനകിയോ ഒന്നങ്ങു വരണേ  സുധിയെവിടേക്കോ പോയി…അവൻ വരുമ്പോ നിങ്ങളെ അങ്ങട് ആക്കിതന്നോളും അത് വരെ എനിക്കൊരു തുണയാകും. കറന്റ് വരാത്തൊണ്ട് ഒരു പേടി…”

എന്നെ എന്തായാലും അമ്മ വീട്ടിൽ തനിച്ചിരുത്തില്ല അപ്പോ പോകും മുൻപേ വീട്ടിലെ പണിയെല്ലാം തീർത്തിറങ്ങാം…

എല്ലാമൊന്നൊതുക്കി ഗിരിജമ്മയുടെ  അടുത്തേക്ക് ഇറങ്ങുമ്പോഴേക്കും നേരമിത്തിരി ഇരുട്ടി…

അവിടെ വീടിന്റെ പടി വരെ അമ്മയെന്നെ കൊണ്ടുപോയി വിട്ട് വീട്ടിലേക്ക് മടങ്ങി…

ഗേറ്റ് കടന്ന് അകത്തേക്ക് നടക്കുമ്പോഴേക്കും ഇരുട്ട് അതിന്റെ സകലപ്രഭാവവും പുറത്തേക്കെടുത്തു കഴിഞ്ഞിരുന്നു..

ജനൽചില്ലിലൂടെ നോക്കിയപ്പോൾ അകത്തെ മുറിയിലാണോ അടുക്കളയിലാണോ  മെഴുകുതിരിവെളിച്ചം കാണാനുണ്ട്….

ഒച്ചയും അനക്കവുമൊന്നും ഇല്ലാത്തോണ്ട് ഉള്ളിലൊരു പേടി…

കറന്റില്ലെങ്കിൽ കാളിങ്ബെൽ അടിയില്ലെന്നത് കുറെ നേരം ഞെക്കിപിടിച്ചെന് ശേഷമാണ് മനസിലായത്…പറ്റിയ അബദ്ധമോർത്തു തനിയെ ചിരിച്ചു ഞാൻ അടുക്കളഭാഗത്തെത്തി…

ഇരുട്ടും പേടിയും ഉള്ളിലുള്ള ധൈര്യം അല്പമായി ചോർത്തുന്നുണ്ടെങ്കിലും ഞാൻ പുറത്തെ ഇരുമ്പുഗ്രില്ലിൽ തട്ടി ശബ്ദമുണ്ടാക്കി…

പിന്നിലെന്തോ ശബ്ദം കേട്ട് ഞാൻ തിരിയാൻ നോക്കിയതും ആരോയെന്നെ കടന്നു പിടിച്ചു…തിരിഞ്ഞു നോക്കാൻ ശ്രമിക്കുന്ന എന്റെ കഴുത്തുതിരിക്കാൻ പറ്റാത്ത വിധം അയാളെന്നെ അമർത്തി പിടിച്ചിരുന്നു….

എന്നെയും വലിച്ചു പുറകിലേ കയ്യാല ലക്‌ഷ്യം വച്ചു നീങ്ങുന്ന അയാളെ എന്നെക്കൊണ്ടാവും വിധം ഞാൻ മാന്തിപ്പൊളിച്ചിട്ടും ഒരു തരി പോലും ആ പിടിയയഞ്ഞില്ല…

അന്നാദ്യമായി എനിക്കെന്റെ കാവിലമ്മയോട് സങ്കടം തോന്നി ഒന്നൊച്ച വക്കാനെങ്കിലും എനിക്കെന്റെ സ്വരമൊന്നു തന്നൂടെയെന്ന്…

തൊണ്ടപൊട്ടും വിധം ഞാനെടുക്കുന്ന ശബ്ദമെല്ലാം കുടത്തിനടിയിൽ കത്തിച്ച വിളക്ക് പോലെ പുറത്തേക്ക് വരുന്നതേയില്ല….സങ്കടം താങ്ങാനാവാതെ എന്റെ ശരീരം തളരുന്നതെനിക്കറിയാം…

സാമർഥ്യക്കാരിയായ ഞാൻ നിസ്സഹായതയുടെ പടുകുഴിയിലാണെന്ന തിരിച്ചറിവിൽ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴേക്കും കൈ പിടിച്ചു തിരിച്ചയാൾ പിന്നിലേക്കാക്കി..

സുധിയേട്ടനാണോ ഇത് അതോ കള്ളനോ അവനെന്റെ ബ്ലൗസ് വലിച്ചു കീറുന്നത് തടയാൻ ശ്രമിക്കുമ്പോഴും ചിന്തകൾ പാഞ്ഞു….

കാലിൽ തടയുന്ന സാധനങ്ങൾ , ഞാൻ ചവിട്ടിതെറിപ്പിച്ചു ഒച്ചയുണ്ടാക്കുന്നത് തടയാൻ അവനെന്റെ അടിനാഭിയിലേക്ക് കാൽമുട്ട് കേറ്റി, രണ്ടു ചെകിട്ടിലും ആഞ്ഞടിച്ചതോടെ  കണ്ണുകൾ അറിയാതെ തുറിച്ചു…

ശക്തിയോടെ അവൻ പിടിച്ചു ഞെരിക്കുന്ന മാ റിടം വേദന സഹിക്കാൻ കഴിയാതെ അറ്റുവീണെങ്കിലെന്ന് ഞാൻ കൊതിച്ചു…

തളർച്ചയോടെ കണ്ണുകൾ അടഞ്ഞു പോകുന്ന അതേ  നിമിഷത്തിൽ അവനെന്റെ പാവാട മുകളിലേക്ക് വലിച്ചു കയറ്റുന്നുണ്ടായിരുന്നു…

“ആരെടാ അവിടെ ….”

കയ്യാലക്കുള്ളിൽ എന്തോ തട്ടിമറിക്കുന്ന ശബ്ദം കേട്ടാണ് സുധി ടോർച്ചടിച്ചു നോക്കിയത്…ആളനക്കമാണോ അതോ വല്ല പ ട്ടികളും കയറികൂടിയോ എന്ന ചിന്തയിലാണ് ചെന്നതും …

ടോർച്ചിന്റെ വെട്ടത്തിൽ അവൻ കണ്ടു…പാതി നഗ്നനായി തറയിൽ ബോധമില്ലാതെ കിടക്കുന്ന ജാനകിയേയും മുഖമൊളിക്കാനോടുന്ന സ്വന്തം അനിയനെയും…

പാഞ്ഞുചെന്ന് അവനെ തലങ്ങും വിലങ്ങും തല്ലുന്നതിനിടയിൽ തന്നെ ഉടുമുണ്ടഴിച്ചു ജാനകിയുടെ മുകളിലേക്കിട്ടു സുധി…

“ഏട്ടാ…പറ്റിപ്പോയി…ഒച്ചയുണ്ടാക്കല്ലേ എല്ലാരും അറിയും ഒരു കൈയബദ്ധം…പ്ലീസ് പ്ലീസ് എന്നോട് ക്ഷമിക്കേട്ടാ ഞാൻ..ഞാനിന്ന് അല്പം മ ദ്യപിച്ചിരുന്നു….”

ചുണ്ടു പൊട്ടി ചോരയൊലിക്കുന്ന അനിയന്റെ മുഖത്തേക്ക്  സുധി കാർക്കിച്ചു തുപ്പി ….

“മിണ്ടിപ്പോകരുത് നീ….ആരെയും അറിയിക്കണ്ട പക്ഷേ അമ്മ അറിയണം ക ള്ള് ഉള്ളിൽ ചെന്നാൽ അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത നിന്നെ…”

അമ്മയെ ഉറക്കെ വിളിക്കുന്നതിനിടയിൽ തന്നെ സുധി അവളെ തട്ടി വിളിക്കുന്നുണ്ട്…

കാലിൽ പിടിച്ചു കരയുന്ന അനിയനെ ചവുട്ടി മാറ്റുന്ന സുധിയെ കണ്ടാണ് ഗിരിജമ്മ കയ്യാലയിലേക്ക് കയറി വന്നത്…

അവൻ വന്നതുകൊണ്ട് ഇനി ജാനകിയെ വിടണ്ടയെന്ന് അമ്മിണിയോട് പറഞ്ഞിട്ട് വരാൻ താനേല്പിച്ചു വിട്ട മകന്റെ നില്പും നിലത്തുകിടക്കുന്ന ജാനകിയേയും മാറി മാറി നോക്കുന്നതിനിടയിലേ ആ പാവത്തിന് മനസ്സിലായിരുന്നു നടന്നതെന്തെന്ന്…

അനിയന്റെ കഴുത്തിന് പിടിച്ചു കണ്ണിലെരിയുന്ന അഗ്നിയോടെ സുധി മുരണ്ടു…

“ഒന്ന് കൂടി കേട്ടോ നീ…ഇവൾ…ഈ പൊട്ടി ഇവളെന്റെ പെണ്ണാ…ചെറുപ്പം മുതൽ ഒരു നോട്ടം കൊണ്ട് പോലും അശുദ്ധമാക്കാതെ നടന്നത് ഇവളെ താലി കെട്ടി സ്വന്തമാക്കാനാ…ഇത്രയൊക്കെ പഠിച്ചിട്ടും നല്ലൊരു ജോലി കിട്ടിയിട്ടും ഇവിടുന്ന് മാറാതെ നിക്കുന്നത് ആ ഇഷ്ടം അവളെ അറിയിക്കും വരെ അവൾക്കൊരു കരുതലായി നിൽക്കാനാ….”

കിതപ്പോടെ പറഞ്ഞു തീർത്തു സുധി അമ്മയെ നോക്കി…

നടന്നതിന്റെ ആഘാതത്തിൽ നിന്നും മാറി ഗിരിജമ്മ ഓടി, വെള്ളമെടുക്കാൻ…

ശക്തിയിൽ മുഖത്തു വെള്ളം വീഴുന്നതും ഗിരിജമ്മയുടെ വിളിയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…

ശരീരം മറച്ച തുണിയെടുത്തു പുതച്  ഞാൻ വെപ്രാളത്തോടെ  തട്ടിയെഴുന്നേൽക്കാൻ ശ്രമിച്ചു….ഇല്ല അടിവയറ്റിൽ കിട്ടിയ ചവിട്ട് നിവരാനെനിക്ക് കഴിയുന്നില്ല …

വിറക്കുന്ന ചുണ്ടുകളോടെ ആരും കേൾക്കാത്ത ഒച്ചയിൽ ഞാൻ അലമുറയിട്ട് കരഞ്ഞു ചുറ്റും നോക്കി…

അതേ…മാന്യനെന്നു എനിക്ക് തോന്നിയ സുധിയേട്ടന്റെ അനിയൻ…കൂപ്പുകൈകളുമായി ചോ രയൊലിപ്പിച്ചു നിൽക്കുന്നു…

കരയാൻ പോലുമാകാതെ പകച്ചു നോക്കുന്നയെന്നെ സുധിയേട്ടൻ കൈകളിൽ കോരിയെടുത്തു…

“വഴക്കിട്ടതും ചീത്തപറഞ്ഞതുമെല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടാ പെണ്ണേ…ഇനിയെന്റെ കണ്ണിലെ കൃഷ്ണമണിയായി ഞാൻ നിന്നെ കൊണ്ട് നടക്കും ഒരുത്തനും തൊട്ടുനോക്കാൻ പേടിക്കും വിധം…

അമ്മ കൂടി കേൾക്കാനാ ഞാൻ പറയണേ ജാനകി ഇനി സുധിയുടെ പെണ്ണാ…ഈ മൗനരാഗമാണെന്റെ കൂട്ട് ഈ ജന്മത്തിൽ…നാളെ കാലത്തു കാവിലമ്മക്ക് മുൻപിൽ ഞാനിവളുടെ കഴുത്തിൽ താലികെട്ടി കൊണ്ട് പോകുകയാണ്..ഇവനുള്ളിടത്തു ഞാനെന്റെ പെണ്ണിനേം കൊണ്ട് നിൽക്കില്ല .”

വാടിയ താമരത്തണ്ടുപോലെ ആ കൈകളിൽ കിടക്കുന്ന എന്നെയും നെഞ്ചോടു ചേർത്ത് സുധിയേട്ടൻ പറയുന്നത്  ഗിരിജമ്മ നിറകണ്ണുകളോടെ നോക്കി നില്കുന്നത് ഞാൻ കണ്ടു…

ഓരോന്നും ഓർത്തെടുക്കുകയായിരുന്നു ഗിരിജമ്മ അപ്പോൾ…ജാനകി വരുന്ന ദിവസങ്ങളിലെല്ലാം സുധി വഴക്കിനായി വീട്ടിൽ മടങ്ങിവന്നതും..വായനശാലയിലെ പുസ്തകങ്ങൾ ചോദിക്കാതെ എടുത്തതിനു വഴക്കിട്ട അവൻ തന്നെയായിരുന്നു അതവിടെ വച്ചതും….മീൻകാരനെ തല്ലിയത് അയാൾക്കും അമ്മിണിക്കും തനിക്കും മാത്രേ അറിയുമായിരുന്നുള്ളു പക്ഷേ അതിനുശേഷം സുധിയെ കാണുമ്പോഴൊക്കെ അയാൾ മുഖമൊളിച്ചു മാറിയിരുന്നു…അയാളെ ജാനകി തല്ലിയതും അവൻ പറഞ്ഞിരുന്നല്ലോ എന്ന് അവരോർത്തു…

ഞാനല്ലാതൊരു പെണ്ണ് ജീവിതത്തിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ സുധിയേട്ടന് മുൻപിൽ ഒന്നും മിണ്ടാനാകാതെ ഗിരിജമ്മയും രാത്രിക്ക് രാത്രി വിളിച്ചു വരുത്തിയ സുധിയേട്ടന്റെ അച്ഛനും നിൽക്കുന്നത് അന്ന് രാത്രിയിൽ ഞാൻ കണ്ടു…

കാര്യങ്ങൾ ഒന്നുമറിയാതെ നടന്നതെല്ലാം സ്വപ്നം പോലെ വിശ്വസിക്കാൻ പറ്റാതെ നിൽക്കുന്ന എന്റമ്മയെയും..

ചോദ്യങ്ങളായി ചിരിയും ഉത്തരങ്ങളായി നെഞ്ചിൽ നുള്ളും കൊടുത്തു ഞാൻ സുധിയേട്ടനോടൊത്തു നടന്നു കയറിയ സ്വർഗത്തിനിന്നു കൃത്യം രണ്ടു വർഷം….

പ്രണയമെന്ന തിരിച്ചറിവ് എന്നിലേക്കലിഞ്ഞു ചേർന്ന് എന്റെ ഹൃദയം വേറൊരു ഹൃദയമിടിപ്പിലേക്ക് ഞാനറിയാതെ അലിഞ്ഞു ചേർന്ന സുഖമുള്ള തിരിച്ചറിവ് തന്നതും അതേ വർഷങ്ങൾ…

ഞാനേതെല്ലാം ചിന്തകളിലും ലോകത്തുമാണെന്നറിയാതെ സുധിയേട്ടനെന്നെ വീണ്ടും കെട്ടിപിടിച്ചു പുതപ്പിനടിയിലേക്ക് ചേർത്ത് പിടിച്ചതും ആ ചെവിയിൽ കുഞ്ഞൊരു കടി കൊടുത്തു ചിരിച്ചു കൊണ്ട് പിടഞ്ഞു മാറി ഞാൻ….

സ്വരമില്ലാതിരുന്ന ഈ മൗനരാഗത്തിന് സ്വരവും ജീവനുമായി സുധിയേട്ടനെ തന്നതിന്…പറയാതെ കേൾക്കുന്ന പ്രണയം വരമായി തന്നതിന്  കാവിലമ്മയോട് സ്നേഹവും നന്ദിയും പറയണം ഇന്നെനിക്ക്….

~ലിസ് ലോന (02.09.2018)