വായിച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരിറ്റ് തുള്ളി ആ അക്ഷരങ്ങളിൽ വീണു. ഒരു മൂടൽ പോലെ…

നിറം…

Story written by Medhini Krishnan

==========

“ഒരുപാട് പേർ പ്രണയിച്ചും  നോവിച്ചും നൊമ്പരപ്പെടുത്തിയും അവഗണിച്ചും വലിച്ചെറിഞ്ഞു കളഞ്ഞ ഹൃദയമുള്ള ഒരാളെ പ്രണയിക്കുക. ഒരുപാട് ഹൃദയങ്ങളുടെ പ്രണയമന്ത്രങ്ങൾ ഹൃദിസ്ഥമാക്കിയ ഒരാൾ..ഓരോ ഹൃദയത്തിന്റെ തായ്  വേരിലും ഇത്തിൾക്കണ്ണിയാവാൻ മോഹിച്ചയാൾ..പറിച്ചെറിയുമ്പോൾ മുറിപ്പാടുകളിൽ ഒരു വിങ്ങൽ അമർത്തിപ്പിടിച്ചു മറവിയിലേക്ക് ഒരു കടലിനെ ക്ഷണിച്ചു തിരകളെണ്ണി തുടങ്ങുന്നയാൾ..നനഞ്ഞ കണ്ണുകളിൽ ഇരുളിന്റെ വേരോടി തുടുങ്ങുമ്പോൾ കാണാത്ത ഏതോ ഒരു രൂപത്തിന്റെ ഹൃദയത്തിലേക്കു മുഖം ചേർത്തു വച്ചു ആശ്വസിക്കുന്നയാൾ….ആ ഹൃദയത്തിലേക്കാണ് ഞാനെന്റെ പ്രണയമന്ത്രങ്ങൾ ഉരുവിട്ട് കാത്തിരുന്നത്. എന്റെ ആത്മാവിന്റെ അഴിയാത്ത കെട്ടുകളിൽ ഞാൻ അയാളെ ബന്ധിച്ചതാണ്. മിഴികളെ ബന്ധിച്ച് മൊഴികളെ ചേർത്തു കെട്ടി. ഹൃദയത്തെ ബന്ധിച്ച് ചിന്തകളെ സ്വന്തമാക്കി. വേദനകളെ  ബന്ധിച്ച് എന്നിൽ അടക്കി. കണ്ണുനീരിനെ ബന്ധിച്ച് ചിരിയെ സമ്മാനിച്ചു. ശരീരത്തെ ബന്ധിച്ച് ഞാൻ അവന്റെ ഭ്രാന്തിനെ തളച്ചു. ആ ആത്മാവിനെ ബന്ധിച്ച് ഞാൻ എന്റെ ആത്മാവിൽ ഇടം കൊടുത്തു. ഇനിയൊരു മുറിവിന്റെ വേദനയറിയിക്കാതെ ഞാൻ അങ്ങനെ അയാളിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നു.”

വായിച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരിറ്റ് തുള്ളി ആ അക്ഷരങ്ങളിൽ വീണു. ഒരു മൂടൽ പോലെ..

നന്ദൻ…അവളുടെ സ്വരം.

കയ്യിൽ ആവി പറക്കുന്ന ചായ. അയാൾ ഒരു നിമിഷം അവളെ നോക്കി. ചുരുണ്ട മുടി ഇരു വശങ്ങളിലും ചിതറി കിടക്കുന്നു. മുഖത്ത് ശാന്തഭാവം..എപ്പോഴും കഥ പറയുന്ന കണ്ണുകൾ..

“നീ ഇത് എന്നെ പറ്റിയാണോ എഴുതിയത്..” അയാൾ ചോദിച്ചു.

അവളുടെ മുഖത്ത് നീരസം….

“അനുവാദം ഇല്ലാതെ ഒരാളുടെ കുറിപ്പുകൾ വായിക്കുന്നത് ശരിയാണോ..”

“അല്ല. ഇത് ഇവിടെ മേശപ്പുറത്തു നിവർത്തി വച്ചിരുന്നു. പേന അടച്ചിരുന്നില്ല. ഞാൻ ആദ്യവരിയിൽ വെറുതെ കണ്ണോടിച്ചപ്പോ…” അയാൾ പാതിയിൽ നിർത്തി.

“കണ്ണോടിച്ചപ്പോ….” അവൾ ആ വാചകം എടുത്തു പറഞ്ഞു.

അയാൾ മിണ്ടിയില്ല. അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.

“അറിയാം..സ്വന്തം സ്വഭാവം എന്തെന്ന്..നന്ദൻ ചായ കുടിക്കു..ചൂടാറും.”

നന്ദൻ ചായ വാങ്ങി. ചതഞ്ഞ ഏലക്ക മുകളിൽ പൊന്തി കിടന്നിരുന്നു. ചായ ചുണ്ടോടു ചേർത്തു. ആ പഴയ സ്വാദ്..വർഷങ്ങൾക്കിപ്പുറം..

“മണിക്കുട്ടി..നിനക്ക് ഇപ്പോഴും ന്നെ ഇഷ്ടമാണോ..എന്നോട് വെറുപ്പ് തോന്നിയിട്ടില്ലേ.. “

അവൾ ആ ഡയറി അടച്ചു വച്ചു. അയാൾക്ക് മുൻപിൽ ആ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. “എന്ത് തോന്നുന്നു..”

ആ സ്വരത്തിന്റെ മൂർച്ച. അയാളൊന്നു പതറി. കപ്പ് മേശപ്പുറത്ത് വച്ചപ്പോൾ തുളുമ്പി. അയാളൊന്നു തളർന്നത് പോലെ കസേരയിലിരുന്നു.

“മണിക്കുട്ടി…ആ പേര് മറന്നില്ലല്ലോ..അതോ എല്ലാവരെയും അങ്ങനെ തന്നെയാണോ വിളിക്കാറുള്ളത്..”

അവളുടെ പരിഹാസസ്വരം..

“നീ..കല്യാണം കഴിച്ചില്ലേ..”

അയാളുടെ ചോദ്യത്തിൽ തളർച്ചയുണ്ടായിരുന്നു.

“ഇല്ല..ഒരുപാട് പേരെ സ്നേഹിക്കാനും സഹിക്കാനും എന്റെ ഹൃദയത്തിനു വിസമ്മതം. പിന്നെ ഞാൻ ഞാനായിരുന്നുവല്ലോ..നിങ്ങളായി മാറിയില്ല. അതൊരു ഭാഗ്യം..”

അവൾ അയാൾക്ക് താഴെ നിലത്തിരുന്നു.

“നന്ദനു പിന്നെ അതിന്റെ ആവശ്യം ഇല്ലായിരുന്നുവല്ലോ..വിവാഹം…” അവൾ പുച്ഛത്തോടെ പറഞ്ഞു.

അയാൾ ചുവരിലെ അവൾ വരച്ചു വച്ചിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കിയിരിക്കുകയായിരുന്നു.ഒരു പെണ്ണിന്റെ ന ഗ്നതയെ നിറങ്ങൾ കൊണ്ട് മറച്ചിരിക്കുന്ന ചിത്രം..ഇടയിൽ അവളുടെ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ തുളുമ്പി നിൽക്കുന്നത് പോലെ..അയാളൊന്ന് പിടഞ്ഞു..

വിഭ എന്ന മണിക്കുട്ടി..അവളെ മാത്രമേ അങ്ങനെ വിളിച്ചിട്ടുള്ളു. പത്തു വർഷങ്ങൾക്ക് മുൻപ് പരിചയപ്പെടുമ്പോൾ അവൾ..

അയാൾ ആ മുഖം ഓർത്തു. എപ്പോഴും ചിരിക്കുന്ന ശാന്തമായ മുഖം. ചുരുണ്ട മുടിയിഴകൾ..വല്ലാത്തൊരു ആകർഷണമായിരുന്നു.

നല്ലൊരു ചിത്രകാരി..കഥാകാരി..സുന്ദരി…ആദ്യം കണ്ട നിമിഷം മുതൽ..തന്റെയാണെന്നൊരു തോന്നൽ.

പിന്നെ പിന്നെ രണ്ട് വർഷത്തെ പ്രണയം. ആ സമയങ്ങളിൽ അവൾ അത്ര മാത്രം തന്നെ പ്രണയിച്ചിരുന്നു. വരച്ചിരുന്ന ചിത്രങ്ങൾ..എഴുതിയ ഓരോ വരികളും അങ്ങനെ എല്ലാം തനിക്ക് വേണ്ടി മാത്രം..

അന്ന് താൻ സാധാരണ ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. പിന്നീട് അറിയപ്പെടുന്ന ഒരു ചാനലിലേക്ക് മാറിയ ശേഷം..പിന്നെ എന്തോ ജീവിതത്തിന്റെ ഗതി തന്നെ മാറിപോയി.

യാത്രകൾ..പുതിയ സ്ഥലങ്ങൾ…പുതിയ മുഖങ്ങൾ..ആ ജീവിതത്തിന്റെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ…മണിക്കുട്ടി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഇവളെ താൻ എന്തേ മറന്നത്..തന്റെ ഹൃദയമിടിപ്പിൽ കൊരുത്തിട്ട ഹൃദയവുമായി ഇവളിങ്ങനെ നീറി നീറി ഇല്ലാതാവുന്നത് താൻ എന്തേ അവഗണിച്ചത്..

പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം വഴക്കിൽ അവസാനിച്ചു പിരിയുന്നതു പതിവായി. കാരണങ്ങൾ സത്യമായിരുന്നു. തന്നിലേക്ക്  അറിയാതെ തന്നെ കടന്നു വന്നിരുന്ന പുതിയ ബന്ധങ്ങൾ…പെണ്ണ്..അല്ല..പെണ്ണുങ്ങൾ..മനസ്സ് കൊണ്ട് കൊരുത്തു കെട്ടിയവരെല്ലാം ആ കെട്ടഴിച്ചിട്ട് ഇറങ്ങി പോയി. ഒഴിവാക്കൽ, അവഗണന, ചതി, ഇണ ചേരൽ..അത് മാത്രമായി ജീവിതമങ്ങനെ ഒഴുകി..

തെറ്റ് എന്ന് മനസ്സ് വിലക്കിയിട്ടും എത്രയോ തവണ..ആ വഴിയിൽ തന്നെ..

പിന്നിട്ട വഴികളെല്ലാം ശാപം മാത്രം..എത്ര കണ്ണുനീർ തന്റെ മണ്ണിൽ വീണു നനഞ്ഞിരിക്കുന്നു. എന്നിട്ടും..താൻ നന്നായില്ല.

പക്ഷേ…അന്ന് മുതൽ ഇന്ന് വരെ തന്റെ ചിന്തകളുടെ ഒരറ്റത്ത് മണിക്കുട്ടിയുണ്ടായിരുന്നു..മറന്നില്ല….

ഒരു തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ അവളങ്ങനെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്നു.

അവൾ വരയ്ക്കുന്നതും എഴുതുന്നതും എല്ലാം ദൂരെ നിന്ന് നോക്കി കാണുന്ന ഒരു കാഴ്ചക്കാരനായി. പിന്നെ പിന്നെ മനഃപൂർവം ആ മുഖം മറന്നു. അവളുടെ വരികളിൽ നിന്നും ചിത്രങ്ങളിൽ നിന്നുമെല്ലാം ഓടിയൊളിച്ചു.

വർഷങ്ങൾക്കിപ്പുറം…

ചെന്നൈയിലെ ടി നഗറിലെ ആർട്ട്‌ ഗാലറിയിലെ ചിത്രപ്രദർശനത്തിന് എത്തിയപ്പോൾ യാദൃശ്ചികമായി വീണ്ടുമൊരു കണ്ടുമുട്ടൽ..ഒന്നും പറയാതെ മുന്നിൽ നിന്നും അവൾ ഇറങ്ങി പോയപ്പോൾ…

ഹൃദയത്തിലെ ഒരു പഴയ മുറിവ് പൊറ്റ അടർന്നു രക്തമൊലിക്കുന്നതു പോലൊരു വേദന..വിങ്ങൽ..

താമസിക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. ഇവിടെ അവൾക്ക് മുന്നിലിങ്ങനെ..നിറയെ മുനകളുള്ള ഒരു ചങ്ങല ഉടലിൽ വീണിഴയുന്നത് പോലെ..

താൻ പോയപ്പോൾ അവൾക്ക് വേറൊരു ജീവിതം കിട്ടിയിരിക്കുമെന്ന് കരുതി. ഒന്നും ഇല്ലെന്ന് ആ വരികൾ ചൂണ്ടി കാണിച്ചു തന്നു. താൻ പക്ഷേ…ഇത്രയും കാലം..

അയാൾ അസ്വസ്ഥതയോടെ തല കുടഞ്ഞു. എന്ത് പറയാൻ..ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞാൽ…സ്വയം പരിഹസിക്കുന്നത് പോലെയാവും.

“നിനക്ക്…നിനക്ക് ഒരു ജീവിതം വേണ്ടേ.. “

നന്ദന്റെ സ്വരം പതറിയിരുന്നു.

“ഒരു ആണിന്റെ കൂടെ ജീവിച്ചാലേ പെണ്ണിന്റെ ജീവിതം പൂർണ്ണമാവു എന്ന് എവിടെയാണ് എഴുതി വച്ചിരിക്കുന്നത്..? ഞാൻ ജീവിക്കുന്നില്ലെന്ന് ആരു പറഞ്ഞു..?:

അവളുടെ സ്വരം കഠിനമായിരുന്നു.

അയാൾക്ക് ആ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി. പതിയെ എഴുന്നേറ്റു.

“ഞാൻ പോട്ടെ..വന്നതിൽ ക്ഷമിക്കുക..”

അവൾ നിശ്ബദയായിരുന്നു. വാതിലിനരികെ എത്തിയതും ചുവരിൽ എന്തോ വീണുടയുന്ന സ്വരം. അയാളൊന്നു ഞെട്ടി. തിരിഞ്ഞു നോക്കി. ചുവരിൽ വീണുടഞ്ഞ കപ്പിന്റെ ചില്ലുകൾ താഴെ ചിതറി കിടന്നു. ചുവരിൽ ഒഴുകി പടർന്ന ചായ. അവൾ നിന്ന് കത്തുന്നത് പോലെ തോന്നി. ആ ചൂടിൽ താൻ വെന്തുരുകുകയാണെന്നും..മേശപ്പുറത്തു നിരത്തി വച്ചിരിക്കുന്ന നിറങ്ങളും ബ്രഷും കടലാസ്സുകളും അവൾ വലിച്ചു നിലത്തിട്ടു. വെളുത്ത തറയിൽ നിറങ്ങൾ പരന്നൊഴുകി. പൊട്ടിയ ചില്ല് കുപ്പികൾ..

“മണിക്കുട്ടി..നീയെന്താ ഈ കാണിക്കുന്നേ..നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..” അയാൾ അലറി ചോദിച്ചു.

ഒരു നിമിഷം..അവളൊന്നുറക്കെ കരഞ്ഞു. താഴെ തറയിൽ തളർന്നിരുന്നു. അയാൾ അവളുടെ അടുത്തേക്ക് ചെന്നു. പാദങ്ങളിൽ നിറങ്ങൾ പരന്നു.

പൊട്ടിയ ഒരു ചില്ലു കഷ്ണം കാലിൽ തറച്ചു. വേദന തോന്നിയില്ല. അയാൾ അവളുടെ അടുത്തിരുന്നു. മുഖം പിടിച്ചുയർത്തി. കണ്ണുകൾ കലങ്ങിയിരുന്നു.

“നീ…നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു. എനിക്ക് വേണ്ടി കാത്തിരിക്കുന്നു.”

അവൾ മിണ്ടിയില്ല.

“ഞാൻ നിന്നെ വിളിക്കില്ല. എനിക്കതിനുള്ള യോഗ്യതയില്ല.”

പെടുന്നനെ അവൾ കൈനീട്ടി അയാളെ അടിച്ചു. അയാൾ പിന്നോട്ടാഞ്ഞു. നിലത്ത് കുത്തിയ കൈയിൽ ചില്ല് കയറി മുറിഞ്ഞു. മുറിവിൽ ചോ ര നനഞ്ഞു.

ഒരു നിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു. പിന്നെ നിശബ്ദമായി കരഞ്ഞു. അയാൾ അവളെ ചേർത്തു പിടിച്ചു തറയിൽ അമർന്നു കിടന്നു. നിറങ്ങളുടെ നനവ്. ഉടഞ്ഞ ചില്ലിന്റെ നോവ്.

ചോദ്യങ്ങളില്ല ഉത്തരങ്ങളില്ല..ഏറെ നേരം.

“നീയെങ്ങനെ എന്നെ വിശ്വസിക്കും. ഞാൻ..ഞാൻ നല്ലവനല്ല.”

ആ പതിഞ്ഞ സ്വരത്തിലേക്ക് അവൾ ചുണ്ടുകൾ ചേർത്തു. പതിയെ പറഞ്ഞു.

“നിന്റെ കണ്ണുനീർ വീണ് എന്റെ അക്ഷരങ്ങൾ നനഞ്ഞിരിക്കുന്നു…മാഞ്ഞിരിക്കുന്നു…ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രാണൻ തൊട്ടെഴുതിയ അക്ഷരങ്ങളാണ്. അതിൽ നീ മാത്രമേ ഉള്ളൂ..വേറൊന്നും..”

അവളൊന്നു വിതുമ്പി.

അയാൾ അവളെ മുറുകെ ചേർത്തു പിടിച്ചു. കണ്ണുകൾ നിറഞ്ഞു. ചൂണ്ടു വിരൽ തുമ്പിൽ ചുവന്ന നിറം..

അയാൾ ആ വിരൽത്തുമ്പ് അവളുടെ നെറ്റിയിൽ ചേർത്തു.

“ഇനിയൊരിക്കലും നിന്നെ വിട്ടെനിക്ക് പോവാൻ കഴിയുമെന്ന് തോന്നുന്നില്ല..”

അയാളുടെ നരച്ച സ്വരം..

“എന്തോ നീ അകലും തോറും ഞാൻ നിന്നെ കൂടുതൽ സ്നേഹിച്ചിരുന്നതു പോലെ..നീ തിരിച്ചു വരുന്ന ഒരു ദിവസം…നിറങ്ങൾക്കിടയിൽ നമ്മളിങ്ങനെ കിടക്കുന്നത്  പോലെ..അങ്ങനെയൊരു തോന്നൽ..”

അവൾ കയ്യെത്തിച്ചു തറയിൽ വീണ് കിടന്നിരുന്ന ഒരു പുസ്തകം എടുത്തു. അതിലെ ഒരു ചിത്രം അയാളുടെ മുഖത്തിന് നേരെ അവൾ നിവർത്തി പിടിച്ചു.

തറയിൽ നിറങ്ങൾക്കിടയിൽ മലർന്നു കിടക്കുന്ന രണ്ട് പേർ..ന ഗ്നതയിൽ നിറങ്ങൾ ചാലിച്ചെഴുതി…പക്ഷേ അവരുടെ കഴുത്തിൽ നിന്നും ചോ ര വാർന്നൊഴുകുന്ന ഒരു മുറിവ് അയാൾ കണ്ടു. കണ്ണുകൾ പിടഞ്ഞു.

കാണെക്കാണെ ആ രൂപങ്ങൾ അവരായി മാറി.

“നിന്നെ ഞാൻ കൊ.ല്ലട്ടെ..” അവളുടെ മൂർച്ചയുള്ള സ്വരം.

കൈയിൽ പേനയെന്ന് തോന്നിപ്പിക്കുന്ന മുനയുള്ള ക ത്തി. അയാൾക്ക് ഭയം തോന്നിയില്ല. കൈകൾ രണ്ടും തലയ്ക്കു പിന്നിൽ പിണച്ചു വച്ചയാൾ മലർന്നു കിടന്നു. ചുണ്ടിൽ നേരിയ ചിരി. പലവട്ടം മരിച്ചവന് ഇനിയെന്ത് മരണം…പറ്റുമെങ്കിൽ…നീയെന്നെ ഒന്ന് ജീവിപ്പിക്ക്..എന്റെ പ്രാണൻ തിരിച്ചു താ… “

അവളൊന്നു പതറി.

കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ആ ക ത്തി ദൂരേക്ക് വലിച്ചെറിഞ്ഞു. പുസ്തകത്തിലെ ആ പേജ് ചീന്തി കളഞ്ഞു.

“ഞാനിനി പോവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..”

ഇല്ല…അവളുടെ സ്വരം മൃദുലമായിരുന്നു.

നന്ദൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു. അയാളുടെ നെഞ്ചിലെ ചുരുണ്ട മൂടിക്കിടയിൽ മുഖം പൂഴ്ത്തി അവൾ കരഞ്ഞു..അയാൾ കണ്ണുകൾ അടച്ചു. അവളും..ന ഗ്നമായ ഉടലിൽ നിറഞ്ഞൊഴുകുന്ന നിറങ്ങൾ..ഉടലിൽ ഒരുമിച്ചൊഴുകിയ ഒരു പ്രാണന്റെ പച്ചനിറം മാത്രം കണ്ണുകളിലങ്ങനെ നിറഞ്ഞു നിന്നു.

~Medhini krishnan

pic courtesy G oo gle