“വയലരുകിലെ വീട്”
Story written by Mini George
================
“അലോഷി നിനക്കിന്ന് വേറെ എവിടേം പണിയില്ലേൽ എനിക്കൊരു ഉപകാരം ചെയ്യാമോ?”
പ്രസാദേട്ടനാണ്. പുള്ളിക്കാരന് ടൗണിലൊക്കെ വാടക കെട്ടിടങ്ങൾ ഉണ്ട്. എന്തേലും റിപ്പയർ ഉണ്ടേൽ ഇങ്ങനെ വിളിക്കാൻ വരും.
കാശുകാരനൊക്കെ ആണെങ്കിലും പിശുക്കനല്ല. ചെയ്ത ജോലി ഇഷ്ടപെട്ടാൽ കൂലിയും, അതിൽ കൂടുതലും തരും. അലോഷി ഇറങ്ങി ചെന്നു.
“അതിനെന്താ പ്രസാദേട്ട ചെയ്യാലോ. ഇപ്പൊ വർക്ക് ഒക്കെ കുറച്ചു കുറവാ , കോറോണയല്ലെ”
“ആ, എങ്കിൽ എൻ്റെ വയലിൻവക്കത്തെ വാടക വീടില്ലെ, അതിലിത്തിരി പണിയൊണ്ട്. ഒന്ന് രണ്ടു പൈപ്പുകൾ ലീക്കുണ്ട്. പിന്നെ ലൈറ്റ്, വാഷ്ബേസിൻ, ഒക്കെ നീ ഒന്നു നോക്കണം.”
“ഞാൻ താക്കോല് തരാം. നീ തുറന്നുനോക്കിക്കോ. എനിയ്കത്യാവശ്യമായി ഒരിടം പോകണം ഞാനങ്ങു വന്നേക്കാം. ആ ദാസനും ഉണ്ടാവും. അവനോടു ഞാൻ വളപ്പൊക്കെ ഒന്ന് വൃത്തിയാക്കാൻ പറഞ്ഞിട്ടുണ്ട്.”
“ഞാൻ കാറെടുത്തോണ്ട് ഇപ്പൊ വരാം രണ്ടാളേം അവിടെ ഇറക്കിയേച്ച് പോകാം”
ഇതും പറഞ്ഞു പ്രസാദ് പോയേൻറെ പിന്നാലെ തൊഴിലുറപ്പിനു പോകാൻ ഇറങ്ങിയ അലോഷീടെ അമ്മച്ചി തിരിച്ചു കേറി.
“അവിടെങ്ങും ആഹാരം കിട്ടത്തില്ലെടാ നീ ഇതൂടെ കൊണ്ടുപൊയ്കോ.”
അവർ അകത്തു കേറി ചോറ്റുമ്പാത്രത്തിൽ ആഹാരവും ഒരു കുപ്പി വെള്ളോം ഒരു ഉറയിലാക്കി തിണ്ണയിൽ വച്ചു.
“പാവം , ഒരു നല്ല ജോലി കിട്ടീട്ട് വേണം അമ്മച്ചിടെ ഈ പോക്ക് നിർത്താൻ. അപ്പച്ചനും പോകും പണിക്ക്. ഇന്നിപ്പോ രാവിലെ ഓട്ടം ഉണ്ടെന്നു പറഞ്ഞു രാവിലെ പോയതാ ഓട്ടോയും കൊണ്ട്..പാവങ്ങൾ”
പെൺമക്കളെ കെട്ടിച്ചു വിട്ട കടം വീട്ടാൻ ഇങ്ങനൊക്കെ പോകുവാ. എളേത് ആയതുകൊണ്ട് അലോഷി അടുത്ത കാലത്താണ് ജോലിക്കിറങ്ങിയത്. ഓർത്തപ്പോൾ അലോഷിയ്കു സങ്കടം തോന്നി.
പത്തു മിനിറ്റിനകം പ്രസാദ് കാറും കൊണ്ട് വന്നു. പിറകിൽ ദാസേട്ടനും ഉണ്ടായിരുന്നു.
“കഴിഞ്ഞ മാസം ഒരു വാടകക്കാരു വന്നതാ, പക്ഷേ സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞു പത്തുപതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ അവര് പോയി. ആ ബ്രോക്കർ സുധാകരനാണ്, അവരെ കൊണ്ടുവന്നത്. വലിയ കാശുകാരല്ലെ, ശാന്തമായ ഒരിടം വേണം എന്നു പറഞ്ഞപ്പോൾ ഞാനോർത്തു , കുറച്ചു കാലം കാണും എന്നു..എൻ്റെ പൈസ പോയത് മിച്ചം.” പ്രസാദ് ഇടതു വശത്തെ റോഡിലോട്ട് വണ്ടി തിരിക്കുന്നതിനിടെ പറഞ്ഞു.
അലോഷിയേയും, ദാസനേയും അയാൾടെ വാടക വീടിൻ്റെ മുന്നിൽ നിർത്തി താക്കോലും കൊടുത്തു പ്രസാദ് പോയി.
നല്ല സുന്ദരമായ പ്രദേശം.അലോഷി ഓർത്തു. പ്രസാദിൻ്റെ ബാക്കി വീടുകൾ പോലല്ല. ഇത് പഴയ പണിയാണ്. വിശാലമായ മുറ്റം മെയിൻ ഗേറ്റ് കൂടാതെ പാടത്തേക്കിറങ്ങാൻ ചെറിയ പടി വേറെ..കുറച്ചു വിട്ടു വിട്ടു തെങ്ങുകൾ , അവിടവിടെ മരങ്ങൾ കൊള്ളാം അലോഷിയ്ക് ഉണർവ് വന്നു.
“നല്ല വീടാണല്ലോ ദാസേട്ടാ ഇത്.”
“വീടൊക്കെ നല്ലതാ..എന്താടാ ഇവിടൊരു നാറ്റം.”
“അതിപ്പോ കുറച്ചു ദിവസ്സായില്ലേ ആരേലും ഇങ്ങോട്ട് വന്നിട്ട്. ചെളിയൊക്കെ കെട്ടി നിൽപ്പുണ്ടാകും.”
“ഹം….നേരാ.” ദാസനും അത് ശെരി വച്ചു.ഗേറ്റ് കടന്നു ചെല്ലുന്നത് ഒരു ചെറിയ പോർച്ചിൽ ആണ്. അതിനു ചുറ്റും ബോഗെയിൻ വില്ല നട്ടു വച്ചിട്ടുണ്ട്.
അലോഷി വാതിലു തുറന്നു. ദാസൻ മെല്ലെ വർക്കിങ്ങ് ഡ്രസ് ഒക്കെ പുറത്തെടുത്തു പണിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അലോഷി ഉള്ളിൽ കടന്ന് ഷർട്ട് ഊരി വാതിലിൽ ഇട്ടു. പെട്ടെന്ന്…
ഒരു കരച്ചിൽ കേൾക്കുന്നുണ്ടോ…?
ഉണ്ട്, പുറത്തുനിന്നായിരിക്കും. വല്ല പൂച്ചകളും മോങ്ങുന്നതായിരിക്കും.
അകത്തെ വാതിൽ തുറന്നതും അസഹ്യമായ ഒരു മണം മൂക്കിലേക്ക് അടിച്ചു കേറി.
“ഹോ” അലോഷി മുഖം കുടഞ്ഞു.
“ദാസേട്ടാ ഇതിനകത്ത് എലിയോ എന്തോ ചത്തുകിടക്കുന്നുണ്ട്. വല്ലാത്ത നാറ്റം.”
“ഞാൻ പറഞ്ഞില്ലേ..ഈ പൂച്ചകളു ഓരോന്നിനെ കൊണ്ടു വന്നിടും.”
“ഹൊ എന്തൊരു നാറ്റമാണ്. ഇതിനകത്ത് എങ്ങനെ പണിയെടുക്കും.” അവനു ഛർദ്ദിക്കാൻ വന്നു.
പിന്നെയും ഒരു കരച്ചിൽ. അവൻ ഞെട്ടി പോയി. ഓടി പുറത്തോട്ടിറങ്ങി.
“ദാസേട്ടാ അതിനകത്ത് എന്തോ ഉണ്ട്. ഒന്നിങ്ങ് വന്നെ.” അലോഷിയുടെ മുഖം കണ്ട് ദാസനും ഒരു പന്തികേടു തോന്നി. രണ്ടാളും കൂടെ മെല്ലെ മുറിയിൽ കേറി. കയ്യെത്തിച്ച് ലൈറ്റ് ഇട്ടു.
ഒരു നിമിഷം രണ്ടു പേരും ഞെട്ടി പുറകോട്ടു മാറി. കട്ടിലിൽ ഒരു രൂപം. ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പോലെ.
“ദാസേട്ടാ ഇതെന്താ…”
“അറിയില്ല മോനെ നീയിങ്ങ് വന്നെ”
രണ്ടാളും കൂടി കട്ടിലിൻ്റെ അരികിലേക്ക് നടന്നു. മൂക്ക് തുളയ്കുന്ന അസഹ്യ ഗന്ധം.
ഒരു വയസ്സനാണ്. മരിച്ചിട്ടില്ല വെളുത്തു അസ്ഥിമാത്രമുള്ള ഒരു രൂപം. പ്രായമെത്രയെന്ന് പറയാനാവില്ല. കണ്ണുകൾ കുഴിഞ്ഞു പോയിരിക്കുന്നു. അതിൽ വേദനകൊണ്ട് ഉരുണ്ടു കളികുന്ന കൃഷ്ണമണികൾ. കട്ടിലിൽ മുഴുവനും മൂ ത്രവും മ ലവും….ചെറിയ പുഴുക്കൾ തെറിച്ചു നടക്കുന്നു.
“ദാസേട്ടാ..” അലോഷി നിലവിളിച്ചു പോയി.
“കാലം കഴിയാറായപ്പോൾ ആരോ കൊണ്ട് ഇട്ടിട്ടു പോയതടാ മോനെ. കഴിഞ്ഞ മാസം താമസിച്ചവരാകും.”
“നേരാ…അതാ വേഗം തിരിച്ചു പോയെ…എന്നാലും എന്തൊരു ദുഷ്ടത……”
“നീ വേഗം പ്രസാദിനെ വിളിച്ച് വരാൻ പറ. അതിനു മുൻപ് ഒരു ഫോട്ടോ എടുത്തു അല്ലേൽ പോലീസോ കേസോ വന്നാൽ നമ്മളും കുടുങ്ങും.”
അലോഷി വേഗം പ്രസാദിനെ വിളിച്ചു.
“പ്രസാദേട്ടാ വേഗം ഇങ്ങ് വന്നെ ഒരു കാര്യമുണ്ട്.”
എന്നിട്ടവൻ കാര്യം പറഞ്ഞു.
“ദൈവമേ പുലിവാലായല്ലോ..ഞാൻ ഇപ്പൊ വരാം ആ മരങ്ങോടൻ സുധാകരനെ ഒന്നു തപ്പട്ടെ..പ്രസാദിന് ആധി കേറി.”
അലോഷി മെല്ലെ കട്ടിലിൻ്റെ അടുത്ത് ചെന്നു. ആ രൂപം ദയനീയമായി അവനെ നോക്കി. അവനു കരച്ചിൽ വന്നു. എല്ലുമുറിയെ പണിതു, വളർത്തി വലുതാക്കിയ ശേഷം മക്കൾതന്നെ ഇത്തരം ശിക്ഷ കൊടുക്കുക, ഓർക്കാൻ കൂടി വയ്യ.
“ദാസേട്ടാ…നമുക്കിയാളെ ഒന്ന് വൃത്തിയാക്കിയാലോ? കണ്ടിട്ട് സഹിക്കുന്നില്ല.”
“ആ ചെയ്യാം …”
രണ്ടാളും കൂടി ബെഡ്ഷീറ്റ് ഒരു വശത്തേക്ക് മടക്കി വച്ചു, മെല്ലെ അയാളെ ചെരിച്ച് കിടത്തി. രണ്ടു പേരും ഞെട്ടിപ്പോയി. മൂന്നാലു സ്ഥലത്ത്,ദേഹം പൊളിഞ്ഞു വലിയ കുഴികൾ അതിൽ പഴുപ്പ് നിറഞ്ഞു, പുഴുക്കൾ വരുന്നു.
കാലിലും കയ്യിലുമൊക്കെ ഉറുമ്പുകൾ കടിച്ചു പൊട്ടിച്ചു ചോരയൊലിക്കുന്നു.
ഇങ്ങനെ ഇയാൾ എത്ര ദിവസം കിടന്നു. ഹൊ ആലോചിക്കാൻ വയ്യ.
രണ്ടു പേരും കൂടെ അയാളെ വൃത്തിയാക്കാൻ തുടങ്ങി..ബെഡ്ഡും, ഷീറ്റും എല്ലാം പുറത്തു കളഞ്ഞു. ദാസൻ പണിയ്ക്കുടുക്കാൻ കൊണ്ടുവന്ന മുണ്ട് കട്ടിൽ വൃത്തിയാക്കി അതിലിട്ടു. പിന്നീട് അയാളെ അതിൽ കിടത്തി…
അമ്മച്ചി കൊടുത്തു വിട്ട ചോറിത്തിരി വെള്ളത്തിൽ പിഴിഞ്ഞ് മെല്ലെ മെല്ലെ അയാളുടെ വായിൽ ഒഴിച്ച് കൊടുത്തു.
അയാൾക്ക് ഇറക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും കുറേശ്ശെ ഇറക്കി. ദേഹം അനക്കുവാൻ കഴിയുമായിരുന്നില്ല. പക്ഷേ കണ്ണുകളിൽ അവരോടുള്ള നന്ദി നിറഞ്ഞു നിന്നിരുന്നു. അൽപ സമയത്തിനു ശേഷം അയാൾ ഉറങ്ങി.അപ്പോഴും ചെന്നിയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നു.
ഇതിനിടയിൽ പ്രസാദും, സുധാകരനും കൂടെ ബഹളം വച്ചു കേറി വന്നു. അവരോട് ദാസേട്ടൻ എല്ലാം പറയുന്നുണ്ട്.
അലോഷി മെല്ലെ പുറത്തിറങ്ങി. അവനപ്പച്ചനെ ഒന്ന് വിളിയ്കണം എന്ന് തോന്നി.
“എന്താടാ മോനെ..നീ എവിടെ..”
“ഏയ് ചുമ്മാ…അപ്പച്ചൻ്റെ സ്വരം ഒന്ന് കേൾക്കാൻ തോന്നി…ഞാനിപ്പോൾ വരാം. “