അച്ഛനോടു പിണങ്ങി അമ്മയുടെ വീട്ടിലേക്കു അമ്മ പോയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു…

ഭൂമിയിലെ കാവല്‍ക്കാര്‍

Story written by Arun Nair

============

അച്ഛനോടു പിണങ്ങി അമ്മയുടെ വീട്ടിലേക്കു അമ്മ പോയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു…

അച്ഛൻ വിളിക്കുന്നുണ്ട് പക്ഷെ അമ്മ വരാൻ തയ്യാറല്ല…എന്തൊരു വാശിയാണ് അമ്മക്ക്…ഞങ്ങൾ പിള്ളേരുടെ കാര്യം പോലും ഓർക്കുന്നില്ലല്ലോ….

സമാധാനം നിറഞ്ഞു നിന്ന കുടുംബ ജീവിതം ആയിരുന്നു ഞങ്ങളുടെ…എത്ര പെട്ടെന്നാണ് സാഹചര്യം മാറി മറിഞ്ഞത്.അച്ഛൻ ആണെങ്കിൽ ഇപ്പോൾ ജോലിക്കും പോകുന്നില്ല. ഞാനും അനിയനും അനിയത്തിയും എന്ത് ചെയ്യാനാണ്…..

വീടിന്റെ വെളിയിൽ നിന്നിരുന്ന മാവിന്റെ ചുവട്ടിൽ വീണു കിടക്കുന്ന മാങ്ങ പെറുക്കുന്നതിന്റെ ഇടയിൽ ഞാനാലോചിച്ചു…….

“”എടാ വിഷ്ണു,,നിനക്കു അമ്മയെ ഒന്ന് വിളിച്ചു നോക്കാൻ മേലായിരുന്നോ….??? നിന്നോട് അമ്മക്ക് ഒരു പ്രേത്യേക സ്നേഹം ഉണ്ട്…. “” അമ്മയെ അനിയനെ കൊണ്ടു വിളിപ്പിക്കാൻ ഞാനൊന്നു എറിഞ്ഞു നോക്കി…..

“”ഞാൻ വിളിച്ചതാ ചേട്ടാ..അമ്മ ഇങ്ങോട്ടേക്കു ഇല്ലെന്ന പറഞ്ഞത്. അമ്മക്ക് ആ അസത്തിനെ കാണണ്ട എന്നു…. “”

അപ്പോളിനി ആ പ്രതീക്ഷയും വേണ്ട അവനും വിളിച്ചിരുന്നു…..

“”എന്നാ നീ പോയി ടീവി കണ്ടോ…ഞാൻ അച്ഛനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ…. “”

ഞാൻ  അച്ഛന്റെ മുറിയിലേക്ക് ചെന്നു

“”അച്ഛാ…അച്ഛന് അമ്മയെ പോയി കൂട്ടി കൊണ്ട് വന്നു കൂടെ…. “”

അച്ഛൻ എന്നെ പിടിച്ചു അടുത്തിരുത്തിയിട്ടു തലയിൽ തടവിക്കൊണ്ട് ചോദിച്ചു….

മോന് അമ്മയെ കാണാതെ വയ്യാതെ ആയോ…..??? അവൾ വരത്തില്ല. വാശിയും പിടിച്ചു പോയി നിൽക്കട്ടെ. ആങ്ങളമാർ തത്തിക്കുമ്പോൾ ഇങ്ങു വന്നോളും….””

എത്ര ദിവസമാണ് അച്ഛാ അമ്മയെ കാണാതെ…അല്ല,,,അച്ഛൻ തന്നെയല്ലേ എല്ലാത്തിനും ഉത്തരവാദി…. “”

“”അത് എങ്ങനെയാ മോനെ,,,അച്ഛൻ എല്ലാം അവളോട് പറഞ്ഞത് നീയും കേട്ടത് അല്ലെ…മോൻ ഇതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട കേട്ടോ…പോയി കളിച്ചോ….””

അച്ഛൻ പറഞ്ഞതല്ലേ കൂടുതൽ ഒന്നും  ഓർക്കേണ്ടെന്നു എന്നാൽ പോയി കളിക്കാമെന്നു കരുതി ഞാൻ പോയി…..

ഈ ഞാൻ വലിയ ആളൊന്നും അല്ല കേട്ടോ പതിമൂന്നു  വയസേ എനിക്ക് ഉള്ളു. അനിയത്തിക്ക് പത്തു വയസും  അനിയന് എട്ടു വയസും..ഇതാണ് അമ്മയെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രായം…..

കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയെങ്കിലും എന്റെ മനസ്സിൽ  പ്രശ്നങ്ങൾ തുടങ്ങിയ ആ രാത്രി മാത്രമേ ഉണ്ടായിരുന്നുള്ളു…

ക്രിക്കറ്റ്‌ കളിക്കുമ്പോൾ അങ്ങനെ ബോൾ വരാത്ത സ്ഥലത്ത് പോയി നിന്നാൽ ഇങ്ങനെ കുറച്ചു ഗുണം ഉണ്ട്…ആലോചിക്കാം, നമുക്കു പറ്റിയ വല്ല പിള്ളേരും അടുത്ത വീടുകളിൽ ഉണ്ടെങ്കിൽ ട്യൂൺ ചെയാം. എന്തായാലും എന്റെ ചിന്തകൾ ആ രാത്രിയിലേക്ക് ചെന്നു…..

അച്ഛൻ അന്ന് കുറച്ചു കുടിച്ചിട്ട് ഉണ്ടായിരുന്നു. അല്ലങ്കിലും കമ്പനി മീറ്റിംഗിന് പോയിട്ട് വരുമ്പോൾ അച്ഛൻ കുടിച്ചിട്ട് മാത്രമേ വന്നു ഞാൻ കണ്ടിട്ടുള്ളു. അത് പോലെ വരുമ്പോൾ പാതിരാത്രി ആകും…..

അന്ന് അച്ഛൻ വന്നപ്പോൾ കൂടെ ഞാൻ പറഞ്ഞ എന്റെ  അനിയത്തിയും ഉണ്ടായിരുന്നു…എന്റെ അനിയത്തി എന്നു പറഞ്ഞാൽ ഞങ്ങളുടെ അമ്മക്ക് പിറന്നത് അല്ല….എന്നാലും അനുജത്തിയാണ്…അങ്ങനെ ആണ് അച്ഛൻ പറഞ്ഞത്…

രാത്രിയിൽ വീട്ടിൽ അച്ഛൻ വന്നപ്പോൾ അച്ഛന്റെ വണ്ടിയിൽ അവളെ കണ്ടപ്പോൾ വീട്ടിലേക്കു അച്ഛന്റെ കൂട്ടുകാരന്റെ മക്കൾ ആരെങ്കിലും വന്നത് ആയിരിക്കും എന്നാണ് ഞാനാദ്യം  കരുതിയത്……

നല്ല ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ..ട്യൂൺ ചെയാം വച്ചു അടുത്തു കൂടിയതും ആണ്…അപ്പോൾ ആണ് അച്ഛനും അമ്മയും തമ്മിൽ വഴക്കും,,അച്ഛന്റെ വാക്കും കേട്ടത് അവൾ ആരും ഇല്ലാത്ത ഒരു പെൺകൊച്ചു ആണെന്ന്……

അച്ഛൻ മീറ്റിംഗ് കഴിഞ്ഞു വരും വഴിക്കു അവളെ കുറെ സാമൂഹിക ദ്രോഹികൾ ആക്രമിക്കാൻ ശ്രമിക്കുക ആയിരുന്നു…അവിടുന്നു വിളിച്ചു കാറിൽ കയറ്റിയതാണ്…ഇപ്പോൾ കുഞ്ഞുങ്ങളുടെ പ്രായം ഒന്നും ഇങ്ങനെ നടക്കുന്നവർക്ക് വിഷയം അല്ലല്ലോടി..നമ്മൾ ആണെങ്കിൽ കുറെ കൊതിച്ചത് അല്ലെ ഒരു പെങ്കൊച്ചിനെ..ദൈവം നമുക്കു അന്ന് തന്നില്ല ഇപ്പോൾ ഈ രൂപത്തിൽ നമുക്കു തന്നത് ആയിരിക്കും. നമുക്ക് വളർത്താമെടി  ഇവളെ നമ്മുടെ മകളായിട്ടു…….

അച്ഛനുമമ്മയും പെൺകൊച്ചു ഉണ്ടായി കാണാൻ ഒരുപാട് കൊതിച്ച കാലമെനിക്കും ഓർമയുണ്ട്…രണ്ടും ആൺപിള്ളേർ ആയപ്പോൾ അവരു  ഡോക്ടറെ കണ്ടു ടെസ്റ്റ് ചെയ്തപ്പോൾ അച്ഛന് പെൺകൊച്ചു ഉണ്ടാവാൻ സാധ്യത ഇല്ലന്ന് പറഞ്ഞു. അതുകൊണ്ടു മാത്രമാണ് അമ്മ പ്രസവം നിർത്തിയത്…..

അച്ഛൻ അവളുടെ കഥകൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ എനിക്ക് അവൾ എന്റെ കുഞ്ഞു അനുജത്തി ആയിരുന്നു. കാരണം എനിക്കും ഒരു കുഞ്ഞു അനിയത്തിയെ കിട്ടാൻ അത്രക്കും ആഗ്രഹം ആയിരുന്നു. പക്ഷെ അമ്മ വഴക്ക് നിർത്തുന്ന ലക്ഷണമൊന്നും കാണുന്നില്ല…..

അവളുടെ കാര്യം പറഞ്ഞു ഒന്നും രണ്ടും പറഞ്ഞു വഴക്ക് ഉണ്ടാക്കിയാണ്  അമ്മ ഇറങ്ങി പോയത്..ഡോക്ടർ അന്ന് സാധ്യത ഇല്ലന്ന് പറഞ്ഞെങ്കിലും അമ്മ പറയുന്നത് ഇവൾ അച്ഛന്റെ മകൾ തന്നെ ആണെന്നാണ്…..

അമ്മ അവളു വന്നതിന്റെ അടുത്ത ദിവസം തന്നെ അമ്മയുടെ ആങ്ങളമാരെയും അച്ഛനെയും അമ്മയെയും ഒക്കെ വിളിച്ചു വരുത്തി അച്ഛനെ കുറെ കുറ്റപ്പെടുത്തിയിട്ട് എടുത്താൽ പൊങ്ങാത്ത വാചകകസർത്തു നടത്തി വീട്ടിൽ നിന്നുമിറങ്ങിയതാണ്……

“”ഇവൾ ഇവിടെ ഉള്ളപ്പോൾ ഞാൻ ഇവിടെ നിൽക്കില്ല…അത് മാത്രം അല്ല അമ്മക്ക് ഇവളുടെ അമ്മ ആരാണെന്നും അറിയണം…അച്ഛനും ആയിട്ട് വല്ലോ അ വിഹിതവും ഉണ്ടോന്നു അറിയാൻ ഉള്ള ട്രിക്ക്… “”

വഴക്ക് ഉണ്ടായപ്പോൾ അനിയത്തി ഇറങ്ങി പോകാൻ തുടങ്ങിയതാണ്  പക്ഷെ അച്ഛൻ വിട്ടില്ല,……

“”നീ എന്റെ മോളാ….എങ്ങും പോകണ്ട…നിന്നെ സ്വീകരിക്കാത്തവർ ഇവിടെ വേണ്ട പറഞ്ഞു…””

അമ്മ പോയപ്പോൾ ഞങ്ങളെയും കൂടെ  വിളിച്ചു പക്ഷെ അച്ഛനോടും അനിയത്തിയേയും ഉള്ള സ്നേഹം കാരണം ഞങ്ങൾ പോയില്ല…..

അന്നേരം ആണ് ബോൾ എന്റെ തലയിൽ വന്നു കൊണ്ടത് അപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്….ഞാൻ ക്രിക്കറ്റ്‌ കളിക്കുക ആയിരുന്നല്ലേ….. 

അനിയത്തിയേയും അനിയനെയും അച്ഛനെയും ഓർത്തപ്പോൾ എനിക്ക് പിന്നെ കളിക്കാൻ ഒന്നും തോന്നിയില്ല..കളി മതിയാക്കി ഞാൻ വീട്ടിലേക്കു വന്നു….

വീട്ടിൽ എത്തിയപ്പോൾ അവൾ ഞങ്ങൾക്ക് ഉള്ള ഭക്ഷണം അറിയാവുന്ന പോലെ ഉണ്ടാക്കി വച്ചിരിക്കുന്നു…എനിക്ക് ഓടി ചെന്നു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി…ആദ്യം ആയിട്ടാണ് അനുജത്തിയുടെ കയ്യിൽ നിന്നും  ആഹാരം കഴിക്കുന്നത്…ഞാനും അനിയനും പെട്ടന്ന് തന്നെ കഴിച്ചു…അത്രക്കും ഇഷ്ടപ്പെട്ടിരുന്നു  ഞങ്ങളുടെ പെങ്ങളെ ഞങ്ങൾ…..

വഴക്ക് വീട്ടിലെ തീരുന്ന ലക്ഷണം ഒന്നും ഇല്ല…അടുത്ത ദിവസം  പിന്നെയും അമ്മയുടെ ആങ്ങളമാർ വന്നിരുന്നു..എന്താണ് അച്ഛന്റെ തീരുമാനം അറിയാൻ…..

അച്ഛൻ നേരത്തെ പറഞ്ഞ വാക്കിൽ തന്നെ ഉറച്ചു നിന്നു…ആങ്ങളമാർ അച്ഛനെ ഭീഷണി പെടുത്തിയൊക്കെ  നോക്കി അവസാനം…പക്ഷെ അച്ഛന്റെ ശരീരവും മനസും പാറ പോലെ ഉറച്ചത് ആയിരുന്നു…..

അമ്മാവന്മാർ വന്നിട്ട് പോയതിന്റെ അടുത്ത ദിവസം അമ്മയുടെ വീട്ടിൽ നിന്നും ഒരു കാൾ വന്നു..നല്ല ധൈര്യം ഉള്ള അച്ഛനെ അത് അസ്വസ്ഥമാക്കുന്നത് ഞാൻ കണ്ടു…..

അച്ഛൻ അനുജത്തിയോട്  മോൾ ഇവിടെ ഇരുന്നോ പറഞ്ഞിട്ട് എന്നെയും അനിയനെയും പെട്ടെന്ന് ഒരുക്കി കാറും എടുത്തു ഇറങ്ങി…അനുജത്തിയോട് പ്രത്യേകം പറഞ്ഞു അച്ഛൻ വരാതെ കതകു തുറക്കേണ്ട എന്നു…..

അച്ഛൻ ഞങ്ങളെയും കൊണ്ട് നേരെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ആണ് പോയത്…അമ്മ ആ ത്മഹത്യാ ചെയാൻ ശ്രമിച്ചു…ഞരമ്പ് മുറിച്ചു അപ്പോൾ തന്നെ അമ്മായി കണ്ടത് കൊണ്ട് രക്ഷപെട്ടു..അല്ലങ്കിൽ തീർന്നേനെ എന്നു അച്ഛനോട് എല്ലാവരും പറഞ്ഞു……

“”നിന്റെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ആ തെ.ണ്ടി പെങ്കൊച്ചിനെ നോക്കുന്നത് നിനക്കു നിർത്തി കൂടെടാ ഈ പിള്ളേരെ ഓർത്തെങ്കിലും…… “” അപ്പുപ്പൻ അതും പറഞ്ഞു തറയിൽ കരഞ്ഞു കൊണ്ട് തളർന്നിരുന്നു…..

അമ്മയെ വെളിയിൽ നിന്നു കണ്ടപ്പോൾ അച്ഛന്റെ കണ്ണുകളും നിറഞ്ഞു.ഞാൻ കണ്ടിട്ടില്ല അവ നിറയുന്നത് ഇതുവരെ….

അനിയത്തി കാരണം അമ്മ ആ ത്മഹത്യക്കു ശ്രമിച്ചത് കൊണ്ട് എനിക്കും അനിയനും അവളെ അച്ഛൻ വീട്ടിൽ നിർത്തുന്നത് ഇഷ്ടം അല്ലാതെ ആയിരുന്നു മനസ്സിൽ…..

അമ്മക്ക് ബോധം വീണപ്പോൾ അച്ഛൻ അടുത്തു ചെന്നു….അച്ഛനും അമ്മയും കരയുക ആയിരുന്നു….കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു

“”നിങ്ങളുടെ പ്രശ്നം ഞാൻ അല്ലെ…അത് തീർത്തേക്കാം വെച്ചതാണ് പക്ഷെ ദൈവം അതിനും സമ്മതിച്ചില്ല…. “”

“”ഞാൻ നിന്നോട് എല്ലാം പറഞ്ഞതല്ലെടി…എന്നെ നിനക്ക് ഇത്രയ്ക്കു വിശ്വാസം ഇല്ലന്ന് ഞാൻ അറിഞ്ഞില്ല….നിനക്കു വേണ്ടെങ്കിൽ അവളെ എനിക്കും വേണ്ട..ഞാൻ വല്ല അനാഥാലയത്തിലും ആക്കാം…അപ്പോൾ നിനക്ക് സമാധാനം ആയാൽ മതി….പണ്ട് നിനക്കൊരു പെൺകുഞ്ഞിനെ  കിട്ടാൻ ഉള്ള ആഗ്രഹം കണ്ടതല്ലേ ഞാൻ,,, അതാണ്  അവളെ വഴിയിൽ കണ്ടപ്പോൾ ഞാൻ വിളിച്ചു കയറ്റിയത്….. “”

“”പക്ഷെ എനിക്കു എന്തോ ഇത് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…. “” അമ്മ കരച്ചിലിന്റെ ശബ്ദം കൂട്ടി…..

“”വേണ്ട കരയണ്ട ഇനിയും ഞാൻ ആ കുഞ്ഞിനെ കൊണ്ടേ വേറെ ആക്കിക്കോളാം…എന്നിട്ടേ നിന്റെ മുൻപിൽ വരൂ ഇനി…അതോർത്തു ടെൻഷൻ ആകണ്ട….

എന്നെയും അനിയനെയും അവിടെ നിർത്തിയിട്ടു വീട്ടിലേക്കു അച്ഛൻ വരാൻ നോക്കിയപ്പോൾ ഞാനും അച്ഛന്റെ കൂടെ വരാം പറഞ്ഞു ഇറങ്ങി…….

അമ്മയോട് അച്ഛൻ പറഞ്ഞു  “”നാളത്തെ കഴിഞ്ഞു നിന്നെ ഡിസ്ചാർജ് ചെയ്ത് നീ വീട്ടിൽ വരുമ്പോൾ അവൾ അവിടെ ഉണ്ടാകില്ല..നാളെ തന്നെ ഞാൻ അവളെ മാറ്റും അവിടുന്ന്…””

അതും പറഞ്ഞു ഞങ്ങൾ  വീട്ടിലേക്കിറങ്ങി….. 

ഞാനും അച്ഛനും വീട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ വീട് തുറന്നു കിടക്കുന്നു….വാതിൽ ചാരി ഇട്ടിട്ട് ഉള്ളു….അച്ഛൻ പറഞ്ഞു..

“” വാതിലും ചാരി ഇട്ടിട്ടു ഈ പെണ്ണ് ഇത് എവിടെ പോയി “”

വീട് മുഴുവൻ ഞങ്ങൾ  അവളെ നോക്കിയിട്ടും കണ്ടില്ല…അവസാനം ഒരു ലെറ്റർ കണ്ടു അച്ഛന്റെ തലയണക്കു അടുത്തു…അതിൽ ഇങ്ങനെ എഴുതിയിരുന്നു….

“”താങ്ങളെ പോലെ നല്ല ആൾകാർ വളരെ കുറച്ചേ ഈ ലോകത്ത് കാണത്തൊള്ളൂ..അങ്ങനെ ഉള്ള ഒരാൾക്ക്‌ ഞാൻ കാരണം ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ എന്നോട് ദൈവം പോലും പൊറുക്കില്ല..അത് കൊണ്ട് ഞാൻ പോകുന്നു…ജിഷ്ണു ചേട്ടനോടും വിഷ്ണു കുട്ടനോടും അന്വേഷണം പറയണം..എന്റെ ആങ്ങളമാരെ എനിക്ക് ഒത്തിരി ഇഷ്ടം ആണെന്നും പറയണം….അവരുടെ അമ്മയോട് എനിക്ക് ദേഷ്യം ഒന്നും ഇല്ലന്നും പറയണം…പാവം ഞാൻ കാരണം കുറെ അധികം ദുഖിച്ചു എന്നോട് ക്ഷമിക്കുക…ഇത്രയും ഒക്കെ മാത്രമേ എനിക്ക് പറയാൻ അറിയൂ…..ഞാൻ പോകുന്നു…. “”

ആ ലെറ്റർ വായിച്ചപ്പോൾ എനിക്കും ദുഃഖം തോന്നി…അച്ഛൻ കരയുക ആയിരുന്നു….

“”അച്ഛാ അവൾ എങ്ങോട്ടാ പോയത് “‘

‘”അറിയില്ല മോനെ…അവൾ ഒറ്റയ്ക്ക് വേണം ഈ കറുത്ത ലോകത്തോട് പൊരുതാൻ..എവിടെ ആണെങ്കിലും രക്ഷപ്പെട്ടാൽ മതി…. “”

എനിക്കും കരച്ചിൽ വന്നു, എന്നേക്കാൾ  ചെറുതാണവൾ,,,,എന്ത് ചെയാൻ ആണ് ഇപ്പോൾ, പാവം….

അടുത്ത ദിവസം അച്ഛൻ അമ്മയെ ആശുപത്രിയിൽ നിന്നും വിളിച്ചോണ്ട് വന്നു…വീണ്ടും ജീവിതം പഴയ രീതിയിൽ ആയി…. 

ഒരു രണ്ടു ആഴ്ച കഴിഞ്ഞു കാണും ഞങ്ങളുടെ വീട്ടിലേക്കു ഒരു മദർ വന്നു…മദർ അനാഥക്കുഞ്ഞുങ്ങളെ നോക്കുന്ന മഠത്തിൽ നിന്നും ആണെന്ന് സ്വയം പരിചയപ്പെടുത്തി……

അച്ഛൻ അവരെ അകത്തേക്ക് ക്ഷണിച്ചു

മദർ ഇരുന്നതിന് ശേഷം പറഞ്ഞു

“”ഒരു കുഞ്ഞു ഇവിടുന്നു വന്നിരുന്നു അങ്ങോട്ട്‌…അവൾ ആണ് അഡ്രസ് പറഞ്ഞു തന്നത്…അവൾ അവിടെ ഉണ്ടെന്നു പറയണം പറഞ്ഞു…..അവളെ ഓർത്തു വിഷമിക്കരുത് പറഞ്ഞു…അവൾ അവിടെ ഇപ്പോൾ ബാക്കി ഉള്ള പിള്ളേരുടെ കൂടെ സുഖമായി ജീവിക്കുന്നു…. “”

മദർ അത് പറയുമ്പോൾ ഞാൻ എന്റെ അമ്മയെ നോക്കുക ആയിരുന്നു അമ്മയുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവളെ ആഗ്രഹിക്കും പോലെ…..

“”ജീവിതത്തിൽ കുറെ നഷ്ടങ്ങൾ ഒക്കെ വേണമല്ലോ മദറേ,,,അത് എനിക്കും സംഭവിച്ചു അത്രയുമേ ഞാൻ കരുതുന്നുള്ളു…ഈ വീട്ടിലേക്കു ഭാര്യ ക്ഷണിക്കാതെ വന്ന അതിഥി ആയിരുന്നു അവൾ അതുകൊണ്ട് ഭാര്യക്ക് സ്വീകരിക്കാൻ പറ്റിയില്ല അവളെ…..ഈ വീട്ടിലേക്കു ദൈവം തന്ന മഹാലക്ഷ്മി ആയിരുന്നു അവൾ…അവൾ  ഇറങ്ങി പോയി…പോട്ടെ….. “”

അച്ഛൻ ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് പറഞ്ഞു

എനിക്ക് വിളിച്ചു പറയണം ഉണ്ടായിരുന്നു എന്റെ പൊന്നനുജത്തിയെ  വേണമെന്ന്…പിന്നെ അമ്മക്ക് എപ്പോളാണ് മ ദം  പൊട്ടുന്നതെന്നു അറിയില്ലാത്തത് കൊണ്ട് മനസ്സിൽ എന്റെ ആഗ്രഹം പറഞ്ഞു ഞാൻ നിർത്തി…..

എന്റെ മനസ്സിൽ അനിയത്തിയെ കുറിച്ചുള്ള ചിന്തകൾ കടന്നു പോകുമ്പോൾ എന്നെ കടന്നു വീട്ടിൽ വന്ന മദർ  വെളിയിലേക്കു പോകുന്നുണ്ടായിരുന്നു..എന്റെ അനുജത്തിയെ പോലെ ഒരുപാട് കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഏകാൻ…..

മദർ ഗേറ്റിനു അടുത്ത് എത്തിയപ്പോൾ എവിടെ നിന്നോ ആരോ പറഞ്ഞത് പോലെ അമ്മ ഓടി ചെന്നു…ഞങ്ങളുടെ പൊന്നനുജത്തിയെ ഞങ്ങളുടെ കൂടെ നിർത്താമോ ചോദിക്കാൻ……

ചിരിച്ചു കൊണ്ട്  തലയും കുലുക്കി ആ മാലാഖ വെളിയിലേക്കു പോയി….

~അരുൺ നായർ