അതും പറഞ്ഞു വേദനയോടെ എന്നോട് പിരിഞ്ഞു പോകുവാൻ സമീർ ആവശ്യപ്പെടുമ്പോൾ അതിനൊരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

ഭാഗ്യം…

Story written by Ammu Santhosh

=============

“എനിക്ക് നിന്നോടുള്ളത് കേവലം പ്രണയം മാത്രമല്ല. ഒരു കുഞ്ഞു പിച്ച വെച്ച് നടക്കുമ്പോൾ നമ്മൾ എടുക്കുന്ന ഒരു കരുതലില്ലെ ? പടികൾ കയറുമ്പോൾ വീണു പോകുമോ എന്ന ഒരു ആധിയില്ലേ? ഒരു അപകടത്തിലും വീണു പോകല്ലേ എന്ന ഒരു പ്രാർത്ഥന ഇല്ലേ ? നീ എനിക്കിതൊക്കെയാണ്” അതും പറഞ്ഞു വേദനയോടെ എന്നോട് പിരിഞ്ഞു പോകുവാൻ സമീർ ആവശ്യപ്പെടുമ്പോൾ അതിനൊരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

രണ്ടു മതങ്ങൾ, വാപ്പ ഉപേക്ഷിച്ചു പോയ മൂന്നു മക്കളെ വളർത്തി വലുതാക്കിയ ഉമ്മച്ചിയുടെ മനസ്സ് ,രണ്ടു അനിയത്തിമാർ , സ്ഥിരമല്ലാത്ത ഒരു ജോലി…അങ്ങനെ ഒരു പാട്…

എനിക്ക് സമീറിനെ ഉപേക്ഷിക്കാതിരിക്കാൻ ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളു. ഞാൻ സമീറിനെ സ്നേഹിക്കുന്നു എന്ന ഒറ്റക്കാരണം…എന്റെ അച്ഛനും അമ്മയ്ക്കും എന്നെ മനസിലായി തുടങ്ങിയിരുന്നു എന്റെ അനിയത്തിയുടെയും ചേട്ടന്റെയും വിവാഹം കഴിഞ്ഞിരുന്നു. എന്നിട്ടും ഞാൻ കാത്തിരിക്കുകയാണ് ചിലപ്പോൾ ഒരിക്കലും കിട്ടാത്ത ഒരു പ്രണയത്തിനു വേണ്ടി…

ആശുപത്രിയിൽ ഒ പിയിൽ അന്ന് തിരക്ക് കൂടുതലായിരുന്നു. സത്യത്തിൽ അവർക്കിടയിലിരിക്കുമ്പോൾ ഞാൻ വേദനകൾ മറന്നു പോകും. കൂടുതൽ നേരമിരിക്കുമ്പോൾ അത്രയും സമയവും എന്നെ കടന്നു പോകും

മുപ്പതാമത്തെ രോഗിയെ കണ്ടു ഞാൻ സ്തബ്ധയായി

“സമീറിന്റ ഉമ്മ”

എന്നെ ഉമ്മയ്ക്കറിയില്ല പക്ഷെ സമീറുമായി ബന്ധമുള്ളവരുടെ മുഖങ്ങളെല്ലാം ന്റെ മനസിലുണ്ട്..മായ്ക്കാനാവാത്തവിധം തെളിച്ചമുള്ളതായിട്ട് തന്നെ

സ്റ്റത്ത് വെച്ച് ആ ഹൃദയം മിടിക്കുന്നത്  കേട്ടിരിക്കുമ്പോൾ എന്റെ ഹൃദയവും ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു

“ഉമ്മയുടെ കൂടെ ആരും വന്നില്ലേ ?”

“ഇല്ല മോളെ…മോന് ദൂരെ ഒരു സ്ഥലത്തു ജോലിയാ..പെണ്മക്കൾ രണ്ട് പേരും കല്യാണം കഴിഞ്ഞു ദുബായിലും..ഓരോരുത്തർക്ക് ഓരോ തിരക്കല്ലെ ?എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത് ? രണ്ടു ദിവസമായി ഈ വേദന ചങ്കു കുത്തിപ്പറിക്കുന്ന പോലെ “

ഞാൻ അലിവോടെ ഉമ്മയെ നോക്കി

“അഡ്മിറ്റ് ആകാമോ? ചില ടെസ്റ്റുകളുണ്ട് “

“ആരും നോക്കാനില്ല കുട്ടി മരുന്നെന്തെങ്കിലും മതി..വേദന കുറഞ്ഞാൽ  മതി “

ഞാൻ ആ കൈ പിടിച്ചു ചിരിച്ചു

“അത് പോരല്ലോ ഉമ്മച്ചി കുറച്ചു പ്രശ്നമുണ്ടല്ലോ ” ഉമ്മച്ചി കുറച്ച്‌ നേരം ആലോചിച്ചിരുന്നത് കണ്ടു .

“ഇതെന്റെ മോന്റെ നമ്പർ ആണ് മോൾ തന്നെ  ഇതിലൊന്ന് വിളിച്ചേക്കു “

ആ നമ്പർ എനിക്ക് മനഃപാഠമാണെന്ന് ഉമ്മച്ചിക്കു അറിഞ്ഞൂടാല്ലോ

ഞാൻ തലയാട്ടി. ഉമ്മച്ചിയെ ഞാൻ എന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ അഡ്മിറ്റ് ചെയ്തു. വൈകുന്നേരം ഞാൻ സമീറിനെ വിളിച്ചു

“ബ്ലോക്കുണ്ട് ആന്ജിയോഗ്രാം ചെയ്യണം”

“എനിക്കിപ്പോ ലീവ് കിട്ടില്ല ദേവി ” ആ സ്വരത്തിൽ നിസഹായത

“അനിയത്തിമാരില്ലേ അവരെ ഒന്ന് വിളിക്കാമോ?”

“അവര് വരുമെന്ന് തോന്നുന്നില്ല..ഇത്ര ദൂരേന്നു…നീ ഉണ്ടല്ലോ അവിടെ എനിക്ക് അത് മതി. പേടി ഇല്ല എനിക്ക് “

ഞാൻ നിശബ്ദയായി

എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ കുറച്ചു നേരം അനങ്ങാതെ നിന്നു.

ഉമ്മച്ചി ധാരാളം സംസാരിക്കും ഞാൻ മൂന്നു ദിവസം പകലും രാത്രിയും  ഉമ്മച്ചിക്കൊപ്പം മാറാതെ  നിന്നു. ഉമ്മ എന്നോട് ഒത്തിരി അടുത്തത് പോലെ എനിക്ക് തോന്നി. ഇടയ്ക്കു എന്നെ ഇമവെട്ടാതെ നോക്കും

“മോളെ ഞാൻ എവിടെയോ കണ്ടത് പോലെ ” ഞാൻ വിളറിച്ചിരിക്കും

ഉമ്മച്ചി മിടുക്കി ആയി ആശുപത്രി വിടുമ്പോൾ എന്നെയും കൂടി

ആ വീട്ടിൽ കോഴികൾ, പൂച്ചകൾ, നിറയെ കിളികൾ ഞാൻ അതിശയത്തോടെ  ആ തൊടിയിലൊക്കെ ഇറങ്ങി നടന്നു. എന്റെ സമീർ ഓടിക്കളിച്ചു നടന്ന മണ്ണ്, അവന്റ നിശ്വാസം കലർന്ന വായു, അവന്റ ചിരിയുംകരച്ചിലും  നിറഞ്ഞ കാറ്റ്..ഞാൻ മാവിന്റ താഴ്ന്ന ശിഖരത്തിലേക്കു കയറിയിരുന്നു…

ഉമ്മ പഴച്ചാർ കൊണ്ട് തന്നു.

“എന്റെ സമീറിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാ ഈ മാവിൻ കൊമ്പ്..അവനിവിടിരുന്ന എഴുത്തും വായനയും ഫോൺ  വിളിയും..ഞാൻ എങ്ങാനും വന്നാലപ്പൊ കട്ട്  ചെയ്യും”

ഞാൻ വിളറിപ്പോയി…പകൽ അവസാനിക്കാറായപ്പോൾ ഞാൻ അവിടെ നിന്നിറങ്ങാൻ ഭാവിച്ചു

“ഞാൻ പോട്ടെ ഉമ്മച്ചി ” യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ ഉമ്മച്ചി ന്റെ കൈ പിടിച്ചു നിർത്തി

“മോളെ എനിക്ക് നല്ല ഇഷ്ടം ആയി ” അവരെന്നെ ചേർത്ത് പിടിച്ചു  കവിളിൽ ഉമ്മ വച്ചു.

“എന്നെ ഇഷ്ടമായോ മോൾക്ക് ” ഞാൻ മെല്ലെ തലയാട്ടി

“ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ ?” ഞാൻ വീണ്ടും തലയാട്ടി

ഉമ്മച്ചി സ്വന്തം കൈയിൽ കിടന്ന വള ഊരി എന്റെ കൈയിൽ ഇട്ടു

“അയ്യോ ഇതെന്താ ?ഇതൊന്നും വേണ്ട ” ഞാൻ തടഞ്ഞു

“ഇത്…ഞങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ചടങ്ങുണ്ട്…എന്റെ മോന് വേണ്ടി…അവന്റ പെണ്ണാകുന്നവൾക്കു വേണ്ടി ഞാൻ കരുതിയത് ആണിത്…എന്റെ മോന്റെ മനസ്സിൽ ഒരു പെണ്ണുണ്ടെന്നു എനിക്കറിയാമായിരുന്നു…അല്ലെങ്കിൽ അവൻ എന്റെ വാക്കുകൾ ഒരിക്കലും തട്ടുകയില്ലായിരുന്നു. അവനൊരിക്കലും കല്യാണം കഴിക്കുന്നില്ല എന്നന്നോട് പറഞ്ഞു..ആശുപത്രിയിൽ കിടന്നപ്പോ ഒരിക്കൽ ഞാൻ ഉറങ്ങി എന്ന് കരുതി മോൾ അവനോടു സംസാരിച്ചില്ല ?അന്നെനിക്ക് മനസിലായി എന്റെ മോൻ ഉരുകിയതത്രയും നിനക്ക് വേണ്ടിയാണ് എന്ന്,,,”

ഞാൻ മുഖം പൊത്തി വിങ്ങിക്കരഞ്ഞു

“എന്റെ മോനെ കല്യാണം കഴിക്കാമോ ?”

ഞാൻ പൊട്ടിക്കരച്ചിലോടെ ആ കാലിലേക്ക് വീണു പോയി.

ഉമ്മച്ചി നിലത്തിരുന്നു എന്നെ ആ മാറോടു ചേർത്ത് പിടിച്ചു എന്റെ കണ്ണീരിൽ ആ നെഞ്ച് നനഞ്ഞു കുതിർന്നു

“എന്റെ മോന്റെ ഭാഗ്യ..നീ “

ഭാഗ്യം എന്റെയാണ്‌ ഉമ്മച്ചി ഞാൻ മനസ്സിൽ പറഞ്ഞു .

അത് സമീറിനെ കിട്ടിയതിലല്ല

പൊന്നുപോലത്തെ മനസ്സുള്ള ഈ അമ്മയെ കിട്ടിയതിൽ.

ഒന്നുമൊന്നും പറയാതെ എല്ലാമെല്ലാം അറിഞ്ഞു എന്നെ അനുഗ്രഹിച്ച ഈ  മനസ്സ് കിട്ടിയതിൽ

ഞാനാണ് ലോകത്തെ ഏറ്റവും ഭാഗ്യവതി…

~അമ്മു സന്തോഷ്