അന്ന് രാത്രി രണ്ട് ദിവസം മുന്ന് കാമുകന്റെ കൂടെ പോകാൻ നിന്ന ആ പെണ്ണിനെ കുറിച്ചോർത്ത് ഞങ്ങളൊരുപാട് സംസാരിച്ചു…

കെട്ടിമേളം…

Story written by Praveen Chandran

===========

അവന്റെ നോട്ടം ചെറുതായൊന്നുമല്ല എന്നെ ടെൻഷനിലാക്കിയത്…ഞാനാകെ വിയർക്കാൻ തുടങ്ങി…

കെട്ടിമേളം തുടരുമ്പോഴും എന്റെ ചങ്കിലായിരുന്നു മേളം നടന്നിരുന്നത്…

അതെ ഇന്ന് എന്റെ വിവാഹമാണ്…ഒരുപാട് പെണ്ണുകാണലിനുശേഷമാണ് ഇങ്ങനൊരു ആലോചന ഒത്തു വന്നത്…ലീവ് കുറവായത് കൊണ്ട് എല്ലാം എടുപിടീന്നായിരുന്നു..

അതുകൊണ്ട് തന്നെ അവളെക്കുറിച്ച് അധികമന്വേഷിച്ചറിയാനും നിന്നില്ല…

എന്നാലും സംസാരിച്ചിടത്തോളം അവൾക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു..തന്നെയുമല്ല അവളോട് താൻ ചോദിച്ചതുമാണ് മുന്ന് ആരെങ്കിലുമായി പ്രണയബന്ധമുണ്ടായിരുന്നോ എന്ന്…

“ഉണ്ടായിരുന്നു..പക്ഷെ ഇപ്പോ ഇല്ല..” എന്നായിരുന്നു അവളുടെ മറുപടി…

സത്യസന്ധമായ അവളുടെ സംസാരം എനിക്കിഷ്ടമായതു കൊണ്ടാണ് ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത് തന്നെ..

പക്ഷെ രണ്ടു ദിവസം മുന്ന് നടന്ന ഒരു സംഭവവും ഇന്ന് രാവിലെ എനിക്ക് വന്ന ഒരു ഫോൺകോളു മാണ് എന്റെ ഈ പേടിക്കു കാരണം…

ആ സംഭവം എന്നെപ്പോലെ നിങ്ങൾക്കെല്ലാവർക്കുമറിയാം..താലികെട്ടിനുശേഷം കാമുകന്റെ ഒപ്പം ഇറങ്ങി പോകാൻ നിന്ന ആ പെൺകുട്ടിയെക്കുറിച്ച്..

അത് കേട്ട് അന്തം വിട്ടിരിക്കുമ്പോഴാണ് ഇന്ന് രാവിലെ ഇറങ്ങുന്നതിന് മുമ്പ് ഒരു അജ്ഞാതന്റെ കോൾ..

“നിനക്ക് അവളെ കിട്ടില്ല..അവള് ഇന്ന് എന്റെ കൂടെ വരും” തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പേ ഫോൺ കട്ട്  ആയിരുന്നു..

എന്റെ ഉളള ജീവൻ അതോടെ പോയിരുന്നു..അവളെ ഫോണിൽ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ലായിരുന്നു…

കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരാണ് ധൈര്യം തന്നത്..

“നീ ധൈര്യമായിരിക്ക്..ഇത് വല്ല ഫെയ്ക്ക് കോളായിരിക്കും..ഞങ്ങളുണ്ട് കൂടെ നീ ധൈര്യമായിരിക്ക്” എന്ന്…

ആ ധൈര്യത്തിലാണ് ഇന്ന് ഇവിടെ നിൽക്കുന്നത്..

മണ്ഡപത്തിൽ കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ഒരുത്തനെ..മുണ്ടും ഷർട്ടുമിട്ട് കല്ല്യാണചെക്കനെ പോലെയാണ് അവൻ നിക്കുന്നത്…തന്നെയുമല്ല എന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിക്കുന്നുണ്ട് ആ പഹയൻ..

ഇവൻ തന്നെയാവണം അവൻ…

എന്റെ മനസ്സിലൂടെ പല പല ചിന്തകൾ കടന്നുപോയി…പിന്നെ ആലോചിച്ചു “പോണേൽ പോട്ടെ..എട്ടു ലക്ഷം രൂപ കിട്ടൂലോ..പിന്നെ സോഷ്യൽ മീഡിയയിൽ ഹീറോയുമാകും”…

ഞാനവളുടെ മുഖത്തേക്ക് നോക്കി..ഇല്ല അവൾക്ക് ഒരു കൂസലുമില്ല…

ചിലപ്പോ പഠിച്ച കളളിയായിരിക്കാം ഇവൾ..

പൂജാരി എന്നോട് അവളുടെ അഭിമുഖമായി നിൽക്കാൻ പറഞ്ഞു..

ഈശ്വരാ താലികെട്ടാറായല്ലോ..ഞാൻ അവനെ തിരിഞ്ഞു നോക്കി..അവൻ അവിടെ തന്നെ നിൽക്കുന്നുണ്ട്..

ആ സമയത്താണ് അവൾ എന്റെ അടുത്തേക്ക് നീങ്ങിവന്ന് ആ കാര്യം പറഞ്ഞത്…

“സുധീഷേട്ടാ..ദാ അവിടെ ആ മതിലും ചാരിനിൽക്കുന്നവനിലില്ലേ അവനാ എന്റെ പണ്ടത്തെ കാമുകൻ…”

ഞാൻ തിരിഞ്ഞു നോക്കി..അതെ അവൻ തന്നെ..ഈശ്വരാ ഇവളെന്താ ഈ പറയാൻ വരുന്നത്…

വിറയലോടെ ഞാനവളുടെ ചുണ്ടുകളിലേക്ക് നോക്കി..

“ചേട്ടൻ പേടിക്കണ്ടാട്ടോ..ഞാൻ ആ നട്ടെല്ലില്ലാത്തവന്റെ കൂടെ പോകില്ല…ഈ കല്ല്യാണം ഉറപ്പിക്കുന്നതിന് മുന്ന്  അവനെന്നേലും എന്നെ വിളിച്ചിറക്കിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചിരുന്നു..പലവട്ടം ഞാനത് പറഞ്ഞതുമാണ്..പക്ഷെ ഇന്നലെ അവൻ വിളിച്ചു പറഞ്ഞിരിക്കുന്നു ഇന്ന് അവന്റെ കൂടെ ഇറങ്ങി വരണമെന്ന്…എനിക്ക് മനസാക്ഷി എന്നൊന്നുണ്ടെന്ന് അവൻ അറിയാതെ പോയി..ഇനി എനിക്ക് ഏട്ടന്റെ കൂടെ സന്തോഷമായി ജീവിച്ചു കാണിക്കണം..അതാണ് അവനുളള എന്റെ മറുപടി.. ധൈര്യമായി കെട്ട് ചേട്ടാ”

“ഹോ..ഇപ്പോഴാ എന്റെ  ശ്വാസം നേരെ വീണത്”

ആ കെട്ടിമേളം തുടങ്ങട്ടെ…

അങ്ങനെ അന്തസ്സായി തന്നെ ഞാനവളുടെ കഴുത്തിൽ താലികെട്ടി..അവളുടെ കയ്യും പിടിച്ച് വലം വയ്ക്കുമ്പോൾ എന്റെ കണ്ണുകൾ അവനെയൊന്നു പരതി..പക്ഷെ അവിടെങ്ങും അവന്റെ പൊടിപോലുമുണ്ടായിരുന്നില്ല…

അങ്ങനെ ആർഭാടമായിത്തന്നെ ഞങ്ങടെ കല്ല്യാണം കഴിഞ്ഞു…

അന്ന് രാത്രി രണ്ട് ദിവസം മുന്ന് കാമുകന്റെ കൂടെ പോകാൻ നിന്ന ആ പെണ്ണിനെ കുറിച്ചോർത്ത് ഞങ്ങളൊരുപാട് സംസാരിച്ചു..

തേപ്പുപെട്ടിക്കുളളിൽ അവളുടെ ഒരു ഫോട്ടോ വച്ചുകൊണ്ടുളള ഒരു ട്രോൾ ആണ് ഞങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ടത്…അവൾ ചെയ്തതിനോട് ഞങ്ങൾക്ക് പൂർണ്ണമായും വിയോജിപ്പായിരുന്നു…പക്ഷെ സത്യമെന്താണെന്നറിയാതെ ഒരാളെ പഴിചാരാനും പറ്റില്ലല്ലോ?

എന്തായാലും അങ്ങനെ ചെയ്യാതിരുന്നതിൽ അവളെ  അഭിനന്ദനങ്ങൾ കൊണ്ടു മൂടാനും ഞാൻ മറന്നില്ല…

പിറ്റെ ദിവസം ഉറക്കമുണർന്ന് പതിവുപോലെ ഫേയ്സ് ബുക്ക് ഓപ്പൺ ചെയ്ത ഞാൻ ശരിക്കും ഞെട്ടിപ്പോയി…തേപ്പുപെട്ടിക്കുളളിൽ എന്റെ പ്രിയതമയുടെ ഫോട്ടോ ആരോ ഷെയർ ചെയ്തിരിക്കുന്നു…പോരാത്തിന് ഒരു പാട് ട്രോളുകളും.. കാമുകനെ തേച്ചിട്ട് ഭർത്താവിന്റെ ഒപ്പം പോയവൾ എന്നായിരുന്നു തലക്കെട്ട്…

എന്റേയും ഫോട്ടോ ഉണ്ടായിരുന്നു…”തേപ്പ് പെട്ടി ബമ്പർ ആയി കിട്ടിയ ഹതഭാഗ്യൻ..” എന്നായിരുന്നു പിൻകുറിപ്പ്..

ആ കളള കാമുകൻ പറ്റിച്ചപണിയാണ്..ഫെയ്സ് ബുക്കിൽ അവൾ അവനെ തേച്ച് മറ്റൊരുത്തന്റെ മുന്നിൽ കഴുത്ത് നീട്ടിയത്രേ…അതിനെ അനുകൂലിക്കാൻ കുറെ ട്രോളൻമാരും…

പെണ്ണ് എന്നും തേപ്പുകാരിയാവുന്നതിലെ വിരോധാഭാസം എനിക്കപ്പോഴാണ് പിടികിട്ടിയത്…

അവിടെ ആ ഭർത്താവിനെ എല്ലാവരും ചേർന്ന് ഹീറോ ആക്കിയപ്പോൾ ഇവിടെ അത് കാമുകനായി മാറി എന്നുമാത്രം…കലികാലം..

~പ്രവീൺ ചന്ദ്രൻ