അന്വേഷിക്കുവാനൊന്നുമില്ല. അവൾക്കു വയസ്സ് പതിനേഴായില്ലേ. എന്നെ കൊണ്ട് അധികമൊന്നും പറയിക്കേണ്ട…

വരൻ…

Story written by Suja Anup

=============

“അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…”

കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം…

“നിൻ്റെ ത ള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനു പുല്ല് അരിഞ്ഞിട്ടു കൊടുക്ക് അശ്രീകരമേ…”

“ഈശ്വരാ ഈ വൃത്തികെട്ടതിൻ്റെ കണ്ണ് കിട്ടി എൻ്റെ കുഞ്ഞിന് ദീനമൊന്നും വന്നേക്കല്ലേ…” രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എൻ്റെ മനസ്സിൽ ആണ്…

തല തിരുമി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങലായിരുന്നൂ. പന്തിയിൽ എന്നും പക്ഷഭേദമാണ്. ഒരു നേരം പോലും വയറു നിറയെ ഉണ്ടിട്ടില്ല.

അടുത്തിരുന്നു ഉണ്ണുന്ന അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടപ്പുണ്ട്. അത് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ…

അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല. രണ്ടാനമ്മയെ എത്ര മാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴുo അവർക്കു ഞാൻ ശത്രുവാണ്.

എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാകും. അതൊന്നും എനിക്ക് കിട്ടില്ല. എല്ലു മുറിയെ പണി എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ്. മീൻ കറി ഉണ്ടാക്കുന്ന ദിവസ്സം അമ്മ കറിയിൽ  പച്ചമുളകുകൾ കുറച്ചു നെടുങ്ങനെ അരിഞ്ഞു അങ്ങിടും. അത് എനിക്കുള്ളതാണ്. അത് ഇല്ലാത്ത ദിവസ്സം മുളക് ചമ്മന്തി മാത്രം.

അച്ഛൻ ഒരിക്കൽ പോലും ഞാൻ ഇവിടെ എങ്ങനെ കഴിയുന്നൂ എന്ന് അന്വേഷിച്ചിട്ടില്ല…

രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ ഉണ്ണുബോൾ എനിക്ക് അരവയറു നിറയ്ക്കുവാൻ മാത്രം ഭക്ഷണം തരുന്നൂ…

പഠനമെല്ലാം പത്താം ക്ലാസ്സോടെ അവർ നിറുത്തിച്ചൂ. എത്രയോ വട്ടം എൻ്റെ കൈകൾ അവർ ചട്ടുകം വച്ച് പൊള്ളിച്ചിരിക്കുന്നൂ. മരിക്കുവാൻ എത്ര തവണ ശ്രമിച്ചൂ. അപ്പോഴൊക്കെ ഏതോ ഒരദൃശ്യ ശക്തി എന്നെ താങ്ങി നിറുത്തി.

******************

“ബാലേട്ട, നമ്മുടെ ബിന്ദുവിന് ഒരാലോചന വന്നിട്ടുണ്ട്. വലിയ കുടുംബമാണ്. നമുക്ക് അങ്ങു നടത്തിയാലോ..”

എനിക്ക് കേട്ടത് വിശ്വസിക്കുവാൻ പ്രയാസം തോന്നി. എൻ്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത്. എൻ്റെ ആദ്യഭാര്യയിലെ മകളെ അവൾക്കു ഇഷ്ടമല്ല. നല്ലൊരു ആലോചന വന്നാൽ സ്വന്തം മകൾക്കു നൽകാതെ അവൾ

അത് ബിന്ദുവിന് കൊടുക്കുമോ..?

“എന്താ ഉഷേ കാര്യം..?”

“ഇന്ന് ആ ബ്രോക്കർ വന്നിരുന്നൂ. ഞായറാഴ്ച പെണ്ണ് കാണുവാൻ വരട്ടെ എന്ന് ചോദിച്ചൂ.”

“നമുക്കൊന്ന് അന്വേഷിച്ചിട്ടു പോരെ…”

“അന്വേഷിക്കുവാനൊന്നുമില്ല. അവൾക്കു വയസ്സ് പതിനേഴായില്ലേ. എന്നെ കൊണ്ട് അധികമൊന്നും പറയിക്കേണ്ട..”

അല്ലെങ്കിലും അവളുടെ വാക്കുകളെ മറി കടക്കുവാൻ എനിക്ക് ആവുമായിരുന്നില്ല. എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചൂ. ഇവിടെ കിടന്നു കഷ്ടപ്പെടുന്ന എൻ്റെ മകൾക്കു ദൈവം തുണയുണ്ടാകും. എവിടെ പോയാലും അവൾ രക്ഷപെടും..

*****************

“എടീ, അശ്രീകരമേ നീ ഇതുവരെ ഒരുങ്ങിയില്ലേ. പൂങ്കണ്ണീരും ഒലിപ്പിച്ചു ഇവിടെ നിൽക്കേണ്ട. അത് കാണുവാൻ ഇവിടെ ആരുമില്ല..”

ഞാൻ കണ്ണുകൾ തുടച്ചൂ. എൻ്റെ അമ്മയെ മനസ്സിൽ ഓർത്തൂ. ആരും തുണയില്ലാത്തവർക്കു ദൈവം തുണയുണ്ടാവും. രണ്ടാനമ്മ തന്ന സാരി ഉടുത്തു ഞാൻ പുറത്തേയ്ക്കു ചെന്നൂ..

പയ്യൻ വന്നിട്ടില്ല എന്നാണ് ഞാൻ കരുതിയത്. അവിടെ ഇരുന്നിരുന്ന പ്രായം ചെന്ന ആൾക്ക് സന്തോഷത്തോടെ ഞാൻ ചായ കൊടുത്തൂ. ഒന്നും സംസാരിക്കുവാൻ നിൽക്കാതെ ഞാൻ അകത്തേയ്ക്കു പോന്നൂ..

*********************

“എന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ. നിൻ്റെ മകൾ ആയിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമോ..”

“ദേ, മനുഷ്യാ ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി. നിങ്ങൾ കോടിക്കണക്കിനു സമ്പാദിച്ചു വച്ചിട്ടുണ്ടോ, അവളെ കെട്ടിച്ചയക്കുവാൻ. മര്യാദയ്ക്ക് അല്ലെങ്കിൽ അച്ഛനെയും മോളെയും ഞാൻ ഇവിടെ നിന്നും ഇറക്കി വിടും..”

“എന്നാലും അയാൾക്ക്‌ നാൽപതു വയസ്സ് എങ്കിലും ഇല്ലേ. എൻ്റെ മകളുടെ അച്ഛനാകുവാൻ പ്രായമുണ്ട്. പോരാത്തതിന് ഒരു കൊ ല നടത്തി ജയിലിൽ കിടന്നവനും. ജീവപ ര്യന്തം കഴിഞ്ഞു ഇറങ്ങിയതല്ലേ ഉള്ളൂ..”

“നമ്മുടെ വീടിൻ്റെ മുകളിൽ എത്ര കടമുണ്ട് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതെല്ലാം അവർ വീട്ടിത്തരും..”

എനിക്ക് അവളോട് പറഞ്ഞു ജയിക്കുവാൻ ആവില്ല. എൻ്റെ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ. എൻ്റെ മകളെ അവൾ ആർക്കോ വിൽക്കുകയാണ്. കൺകോണിൽ വന്ന രണ്ടു തുള്ളി കണ്ണുനീർ ഞാൻ ആരും കാണാതെ തുടച്ചൂ…

****************

വിവാഹം ആർഭാടപൂർവം നടന്നൂ. അവളുടെ കഴുത്തിൽ താലി വീഴുമ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എൻ്റെ മനസ്സൊന്നു പിടഞ്ഞു. അവൾക്കായി ഒന്നും ചെയ്യും കഴിയുവാനാകാതെ നിൽക്കുന്ന ഒരു ഹതഭാഗ്യവാനായ അച്ഛനാണ് ഞാൻ.

ചെറുക്കൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ കണ്ണുനീർ ഞാൻ തുടച്ചൂ..

മകൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എൻ്റെ ഭാര്യ നാട്ടുകാർ കാണുവാൻ പൂങ്കണ്ണീർ പൊഴിച്ചൂ…

കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയ അവളെ ഞാൻ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചൂ. ഒപ്പം മനസ്സിൽ ഒരായിരം വട്ടം മാപ്പു പറഞ്ഞു…

*****************

പേടിച്ചരണ്ട് എട്ടൻ്റെ അമ്മ തന്ന നിലവിളക്കും വാങ്ങി ആ വീട്ടിലേയ്ക്കു കയറുമ്പോൾ ഇനി എന്ത് എന്ന ചോദ്യം എൻ്റെ മനസ്സിൽ നിറഞ്ഞു.

പെട്ടെന്ന് അദ്ദേഹം പറഞ്ഞു..

“ബിന്ദു, മുകളിൽ ആണ് നമ്മുടെ മുറി. നിൻ്റെ പെട്ടി അവിടെ വച്ചോളൂ…”

തലയാട്ടി ഞാൻ ജോലിക്കാരിയോടൊപ്പം മുകളിലെ മുറിയിലേയ്ക്കു പോയി. എസ്റ്റേറ്റിന് നടുവിലുള്ള ആ വീട്ടിൽ അദ്ദേഹവും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻ്റെ മനസ്സിൽ ഭയം നിറഞ്ഞു. രാത്രിയിൽ ആ മുറിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നൂ.

പിറ്റേന്ന് അദ്ദേഹം മുറിയിലേയ്ക്ക് വന്നൂ.

“രാത്രി എസ്റ്റേറ്റിലുള്ള എല്ലാ ജോലിക്കാരും വരും. പാർട്ടി ഉണ്ട്. നിനക്ക് വേണ്ട സാരി എല്ലാം ആ അലമാരയിൽ ഉണ്ട്. ഉടുത്തൊരുങ്ങി ഇരിക്കണം.”

അദ്ദേഹം പോയപ്പോൾ ഞാൻ താഴെ അടുക്കളയിലേക്കു ചെന്നൂ. അവിടെ അദ്ദേഹത്തിൻ്റെ പ്രായമായ അമ്മ ഉണ്ടായിരുന്നൂ.

“മോൾ, അടുക്കളയിൽ ഒന്നും കയറേണ്ട. നിനക്ക് ആവശ്യമുള്ളതെല്ലാം വച്ചുണ്ടാക്കി തരുവാൻ ഇവിടെ ജോലിക്കാരുണ്ട്. ഇന്നലെ നീ യാത്ര ചെയ്തു ക്ഷീണിച്ചല്ലെ വന്നത്, അതുകൊണ്ടാണ് ഞാൻ അധികം ശല്യം ചെയ്യാതിരുന്നത്. പതിയെ ഇവിടത്തെ കാര്യങ്ങൾ എല്ലാം ഞാൻ പഠിപ്പിച്ചു തരാം.”

രാത്രിയിൽ നടന്ന പാർട്ടിയിൽ പേടിച്ചരണ്ടു നിൽക്കുന്ന എന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അദ്ദേഹം അമ്മയോടൊപ്പം മുറിയിലേയ്ക്കു അയച്ചൂ.

പിറ്റേന്ന് രാവിലെ മാത്രമാണ് അദ്ദേഹം എൻ്റെ മുറിയിലാണ് ഉറങ്ങിയത് എന്ന് എനിക്ക് മനസ്സിലായത്.

പതിയെ പതിയെ ഞാൻ ആ വീടുമായി ഇണങ്ങി ചേർന്നൂ.

ഒരിക്കൽ അമ്മയാണ് ആ കഥ എന്നോട് പറഞ്ഞു തന്നത്.

“നീ കാണുന്ന ജയൻ, പണ്ടത്തെ ജയൻ്റെ പ്രേ തം മാത്രമാണ്. ബിരുദം അവസാന വർഷം ആണ് എൻ്റെ കുട്ടി അത് ചെയ്തത്. പണത്തിൻ്റെ ഹുങ്ക് ഒന്നുമല്ല. എൻ്റെ ഒരേ ഒരു മകളെ പറഞ്ഞു പറ്റിച്ചു ഉപേക്ഷിച്ചവനെ, അവൻ കൊ ന്നൂ. പൊന്നു പോലെ സ്നേഹിച്ചു വളർത്തിയ എൻ്റെ മകളെ ആ ത്മഹത്യയിലേയ്ക്ക് നയിച്ചിട്ടു ഒരു കൂസലുമില്ലാതെ നടക്കുന്ന അവനെ എൻ്റെ മകൻ കൊ ന്നൂ. എത്രയോ പെൺകുട്ടികളെ നശിപ്പിച്ച ഒരുത്തനെ അവൻ കൊ ന്നു കളഞ്ഞത്‌ ഒരു തെറ്റായി എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല. മോള് പേടിക്കേണ്ട. അവൻ നിന്നെ പൊന്നു പോലെ നോക്കും. നിനക്ക് ഒരു കുറവും ഇവിടെ ഉണ്ടാകില്ല. അവൻ ജയിലിൽ പോയപ്പോൾ മനസ്സ് നീറിയാണ് അവൻ്റെ അച്ഛൻ പോയത്. ജയിലിൽ നിന്നും എൻ്റെ കുട്ടി വന്നിട്ട് നാല് മാസമായി. അവൻ ആകെ മാറി പോയി. അവൻ്റെ ജീവിതത്തിൽ ഇത്തിരി പ്രകാശം കൊടുക്കുവാൻ നിനക്ക് ആകും…”

കഥകൾ കേട്ടപ്പോൾ എനിക്ക് ഭയമാണ് തോന്നിയത്. ഒരു കൊ ലപാതകിയാണ് എൻ്റെ ഭർത്താവ്. സത്യം ആർക്കറിയാം.

എരിതീയിൽ വീണ പോലെയാണ് എനിക്ക് തോന്നിയത്…പക്ഷേ ഞാൻ എവിടെ പോകുവാൻ, എനിക്ക് ആരുമില്ലല്ലോ…

പലപ്പോഴും അദ്ദേഹം അടുത്തേയ്ക്കു വരുമ്പോൾ ഞാൻ പേടിച്ചൊഴിഞ്ഞു മാറി. അദ്ദേഹത്തോട് സംസാരിക്കുവാൻ പോലും എനിക്ക് ഭയമായിരുന്നൂ. എന്നാൽ എല്ലാം മനസ്സിലാക്കുന്ന പോലെ മാത്രമാണ് അദ്ദേഹം എന്നോട് പെരുമാറിയത്. പതിയെ പതിയെ ആ മനസ്സിലെ നന്മ തിരിച്ചറിയുവാൻ എനിക്കായി…

******************

അച്ഛനെ കാണണം എന്ന് തോന്നിയപ്പോൾ എൻ്റെ വീട്ടിലേയ്ക്കു അദ്ദേഹം എന്നെ കൊണ്ട് പോയി.

ഞാൻ വീട്ടിൽ എത്തിയ  ഉടനെ അച്ഛൻ ഓടി വന്നു കെട്ടിപിടിച്ചൂ. എൻ്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ രണ്ടാനമ്മയ്ക്കു അത് അത്ര രസിച്ചില്ല. എൻ്റെ വില കൂടിയ വസ്ത്രങ്ങൾ എല്ലാം കണ്ടപ്പോൾ അവർക്കു നന്നേ ദേഷ്യംവന്നൂ.

അദ്ദേഹത്തെ അവിടെ സ്വീകരിച്ചു ഇരുത്തിയ ശേഷം അവർ എന്നോട് അടുക്കളയിൽ കയറി ഭക്ഷണം വയ്ക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ വേഗം എഴുന്നേറ്റതും അധികാരത്തോടെ ഒരു കൈ എന്നെ തടഞ്ഞു.

“ഇവൾക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞു, അതുകൊണ്ടു മാത്രം ആണ് അവളെ ഞാൻ അവളെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവന്നത്. പഴയ പോലെ നിങ്ങളുടെ വീട്ടിലെ ജോലിക്കാരി തിരിച്ചു വന്നതായി നിങ്ങൾ കരുതേണ്ട. ഇത്ര ചെറിയ ഒരു കുട്ടിയെ വിവാഹം കഴിക്കുവാൻ എനിക്ക് ഒരിക്കലും താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ കഥകൾ എല്ലാം ബ്രോക്കർ വന്നു അമ്മയോട് പറഞ്ഞിരുന്നൂ. അവൾക്കു നല്ലൊരു ജീവിതം കൊടുക്കുവാൻ എനിക്ക് ആവും എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് അമ്മയുടെ നിർബന്ധപ്രകാരം ഞാൻ അവളെ വിവാഹം കഴിച്ചത്. അവളെ ഞാൻ വേറെ രീതിയിൽ സഹായിക്കുവാൻ നോക്കിയാൽ സമൂഹം പലതും പറയും. പക്ഷേ, ഞാൻ വിവാഹം കഴിച്ചു എൻ്റെ കൂടെ എൻ്റെ വീട്ടിലേയ്ക്കു വന്ന അവൾക്കു ഒന്നിനും ഒരു കുറവും ഉണ്ടാവില്ല എൻ്റെ ആ വീട്ടിൽ.”

“ഒരു കൊ ലപാതകിയുടെ കീഴിൽ അവൾ കഷ്ടപെടുമെന്നു കരുതിയ നിങ്ങൾക്കാണ് തെറ്റിയത്. എൻ്റെ വീട്ടിൽ ഒരു രാജകുമാരിയെ പോലെ അവൾ വാഴും…”

“ഇനി ഒരിക്കലും അവളെ ഞാൻ ഈ വീട്ടിലേയ്ക്കു അയക്കില്ല അച്ഛാ. അച്ഛന് വിഷമം തോന്നരുത്. അച്ഛന് എപ്പോഴെങ്കിലും അവളെ കാണണം എന്ന് തോന്നിയാൽ ഞാൻ കാറ് അയക്കാം. അച്ഛൻ ഇടയ്ക്കൊക്കെ അവിടെ വന്നൂ നിൽക്കണം. അവൾ ഒറ്റയ്ക്ക് ഈ വീട്ടിൽ വന്നിട്ട് എന്തെങ്കിലും കാരണത്താൽ  അവളുടെ കണ്ണ് നിറഞ്ഞു എന്നറിഞ്ഞാൽ എൻ്റെ അമ്മയ്ക്ക് അത് സഹിക്കാനാവില്ല. ഒരു മകളെ നഷ്ടപെട്ട ദുഃഖം ആ പാവം മറക്കുന്നത് ഇവളെ സ്‌നേഹിക്കുമ്പോൾ ആണ്…”

“അച്ഛൻ്റെ കണ്ണുകൾ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയപ്പോൾ നിറയുന്നത് ഞാൻ കണ്ടിരുന്നൂ. ഒരിക്കലും അച്ഛൻ അവളെ ഓർത്തു ഇനി കരയരുത്. എൻ്റെ ഈ കൈകളിൽ അവൾ എന്നും സുരക്ഷിതയായിരിക്കും…”

ഞാൻ അത്ഭുതത്തോടെ ആ മുഖത്തേയ്ക്കു നോക്കി. ആദ്യമായാണ് ആരെങ്കിലും എനിക്ക് വേണ്ടി സംസാരിക്കുന്നത്‌.

അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛൻ ഒന്ന് മാത്രം പറഞ്ഞു.

“നിനക്ക് നല്ലതു മാത്രമേ വരൂ മോനെ. അവളുടെ  മനസ്സു നല്ലതാണ്. അതുകൊണ്ടാണ് നിന്നെ പോലെ ഒരാളെ അവൾക്കു കിട്ടിയത്. ഞാൻ വരും ഇടയ്ക്കൊക്കെ അവളെ കാണുവാൻ. ഇപ്പോഴാണ് എനിക്ക് സമാധാനമായത്. മനസ്സമാധാനത്തോടെ വയറു നിറയെ ഉണ്ട് എൻ്റെ കുട്ടി ഇനി എങ്കിലും ജീവിക്കുമല്ലോ. നീ വലിയവനാണ്, നീ മാത്രമാണ് എൻ്റെ മകൾക്കു ചേർന്ന വരൻ..

……………..സുജ അനൂപ്