അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല….

അ വി ഹി തം…

Story written by Lis Lona

===============

“ദേ…ഇത് വാരികേറ്റി വേഗം തയ്യാറായിക്കോ…നിന്റെ പൂങ്കണ്ണീര്  കാണണ്ടാ എനിക്ക്…”

മേശപ്പുറത്തേക്ക് എറിഞ്ഞ ബിരിയാണി പൊതിയിലേക്ക് ജാൻസി ദയനീയമായി നോക്കി…വീട്ടിലെ രുചിയുള്ള  കഞ്ഞിയും പയറും പിടിക്കാതെ, മോടി  കണ്ട് ഈ ബിരിയാണിക്ക് വില കൊടുത്ത തനിക്ക് ഇതല്ല ഇതിലപ്പുറം വന്നില്ലെങ്കിലേ അത്ഭുതമുള്ളു…

“നോക്ക്…കണ്ണും മുഖവും തുടച്ചു നല്ല സുന്ദരിയായി ഒരുങ്ങിക്കോ…..ഈ ലോഡ്ജിന്നു നാളെ ഇറങ്ങണം , അതിനു മുൻപേ പരമാവധി ആൾക്കാരെ കിട്ടിയാൽ രക്ഷപെട്ടു…പിന്നെ നമുക്ക് വേറെ എവിടെക്കെങ്കിലും മാറാം”

മനോജ് ഇത് വിളിച്ചു പറയുമ്പോൾ പോലും അവന്റെ മുഖത്തേക്ക് അവൾ നോക്കിയില്ല…അവന്റെ മുഖം കാണുമ്പോൾ തന്നെ ഇപ്പോൾ  അറപ്പിന്റെയും വെറുപ്പിന്റെയും നുരകൾ പതഞ്ഞു വരും മനസ്സിൽ…

അവനെയും വിശ്വസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്നേക്ക് ദിവസമെത്രെയായി എന്നു പോലും മനസിലാവുന്നില്ല….അതോ മാസങ്ങളോ…വന്നു , നാല് ദിവസം കഴിയും മുൻപേ പേരരറിയാത്ത പലരുടെയും കാ മഭ്രാ ന്തുകൾക്ക് അവളെ അവനെറിഞ്ഞു കൊടുത്തു പണമുണ്ടാക്കി…ഇന്നത് മൊത്തം എത്രെ പേരെന്നു പോലും കണക്കില്ല….

ആദ്യമൊക്കെ അമ്പരപ്പായിരുന്നു , അവനിത് തന്നോട് എങ്ങനെ ചെയ്യാൻ കഴിയുന്നു എന്ന്…പിന്നെയത് ആകെയൊരു മരവിപ്പായി മാറി…ഇത് തനിക്കു ദൈവമൊരുക്കി വച്ച വിധിയാണ്…

“…..അമ്മേ …..”

നടും പുറം പുകക്കും വിധം അടി വന്നു വീണതും അവൾ ചിന്തകൾ വിട്ട് പിടഞ്ഞെണീറ്റു…

“നെന്റെയൊരു പകൽ സ്വപ്നം…ഇത് വെട്ടി വിഴുങ്ങിയിട്ട് റെഡി ആവാൻ നിന്നോടല്ലേ മലയാളത്തിൽ പറഞ്ഞത്…ആള് ഇപ്പൊ വരും “

പ്രതികരിക്കാൻ ധൈര്യമില്ലാതെ അവൾ ഏന്തി വലിഞ്ഞു കസേര വലിച്ചിട്ട് കഴിക്കാനിരുന്നു…സങ്കടം തിങ്ങി മുൻപിലുള്ള കാഴ്ചകളെ മറച്ചു കൊണ്ട് കവിളിലൂടെ മഴത്തുള്ളികൾ പെയ്യാൻ തുടങ്ങിയിരിക്കുന്നു മനസ്സറിയാതെ…

കഷ്ടപ്പെട്ട് അവളാ ഭക്ഷണം കഴിക്കാനിരിക്കുമ്പോളേക്കും അവന്റെ കയ്യിലിരുന്ന മൊബൈൽ ചിലച്ചു….അവളെ തറപ്പിച്ചൊന്നു നോക്കി അവൻ ഫോണും കൊണ്ട് പുറത്തേക്കിറങ്ങി..

പ്രായത്തിൽ തന്നെക്കാൾ ഇളയതായ അവന്റെ തമാശകളും കളിചിരികളും കേട്ട് സ്വയം മറന്നെപ്പോഴോ വേറൊരിഷ്ടത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഭൂതകാലത്തിലേക്ക് ഓർമ്മകളൊഴുകി…

പ്രായം തികയും മുൻപേ പിടിച്ചു കെട്ടിച്ചു വിട്ട വീട്ടുകാരോട് ഇഷ്ടവും ഇഷ്ടക്കേടും തിരിച്ചറിഞ്ഞു പറയാൻ പ്രാപ്തിയാവും മുൻപേ രണ്ടു കുഞ്ഞുങ്ങൾ മുറ്റത്തു ഓടിക്കളിക്കാൻ തുടങ്ങിയിരുന്നു …

തുടക്കം മുതലേ സ്നേഹം പുറമെ കാണിക്കാത്ത ആന്റോയോടുള്ള  അമർഷം…പറയാതെ പറയാൻ ശ്രെമിച്ചിരുന്നു അയാളത് ശ്രെദ്ധിച്ചിരുന്നില്ലെങ്കിൽ പോലും..ആ മൂടി വച്ച സ്നേഹത്തിലെ കരുതൽ കാണാതിരുന്നത് മനപ്പൂർവം…

പനി കൂടി, കുട്ടിക്ക് സുഖമില്ലാതായ ഒരു ദിവസം ആസ്പത്രിയിലേക്കുള്ള വെപ്രാളപാച്ചിലിൽ കിട്ടിയ, ഓട്ടോയും ഓട്ടോക്കാരനും ജീവിതം തന്നെ മാറ്റി മറിക്കുമെന്നു കരുതിയില്ല….

ചേച്ചിയെന്ന് വിളിച്ചു അവൻ കൂടെത്തന്നെയുണ്ടായിരുന്നു….മരുന്ന് വാങ്ങിത്തരാനും ചായ വാങ്ങിത്തരാനുമൊക്കെയായി…ആന്റോ എത്തിയപ്പോൾ മടങ്ങി പോകും മുൻപേ അവൻ കയ്യിൽ വച്ചുതന്ന മരുന്നുബില്ലുകളുടെ ഇടയിൽ തുണ്ടു കടലാസ്സിലെഴുതി വച്ചിരുന്ന ഒരു മൊബൈൽ നമ്പറുമുണ്ടായിരുന്നു…നന്ദി പറയാനായി വിളിച്ച വിളി വീണ്ടും വീണ്ടും ആവർത്തിച്ചു…

ചേച്ചിയെന്ന വിളി മാറി ജാൻസി മോളെന്ന വിളിയിലെത്തിയപ്പോളേക്കും അവനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലെത്തിയിരുന്നു താൻ..

ആന്റോ ജോലിക്ക് പോയ ഒരു പകലിൽ അവനെത്തിയതും….കുട്ടികളെ സ്കൂളിലേക്ക് വിട്ട്  അവനോടൊപ്പമിറങ്ങി…കോടതിയിൽ അവനോടൊപ്പമാണ് പോകാനിഷ്ടമെന്നു പറഞ്ഞു ഇറങ്ങുമ്പോൾ ഓടി വന്നു കെട്ടിപിടിച്ച മകനെ തള്ളിമാറ്റി മനോജിനോടൊപ്പം കാറിൽ കയറി….

“കഴിഞ്ഞില്ലേ ഇതുവരേം മൂ ധേവി….രണ്ടാളുണ്ട് വേഗം റെഡി ആവ് ” കൈകഴുകാനായി ബാത്റൂമിൽ കയറി വാതിലടച്ച അവൾ മടങ്ങി വന്നപാടെ അവനോട്…

“ഇന്ന് പറ്റില്ലാ….എനിക്ക് മാ സക്കുളി ആയി”

സംശയത്തോടെ അവളെ നോക്കിയ അവൻ…സംശയം മാറാതെ വീണ്ടും അവളെയും കൊണ്ട് കയറി ചോ രച്ചാലുകളിൽ സംശയനിവാരണം നടത്തി…

“എനിക്ക് ഒരു പാക്കറ്റ് പാ ഡ് വാങ്ങിത്തരണം…എന്റെ കയ്യിലില്ല “

“ഇല്ലെങ്കിൽ നീയൊരു തുണി കീറി വച്ചോ” മറുപടി പെട്ടെന്നായിരുന്നു .

തന്നെക്കാൾ പത്തു വയസ്സെങ്കിലും ഇളയതാണവൻ, കാതിനിമ്പം തന്ന് അവന്റെ വിളിക്കായി കാത്തിരുന്ന തനിക്കിപ്പോൾ ഇപ്പോളുള്ള അവന്റെ ഭാഷ കേട്ടാലറക്കുന്നു…

“ശ്ശെ ഞാനവരോടെന്ത് പറയും” അവന്റെ വിഷമം അതായിരുന്നു…പുറത്തേക്ക് പോയ അവൻ പോയതിനേക്കാൾ തിടുക്കത്തിൽ മടങ്ങി വന്നു മുഖത്തൊരു വൃത്തികെട്ട ചിരിയുമായി..

“രക്ഷപെട്ടു ഒരാൾക്ക് ഈ സമയത്താണത്രെ കൂടുതലിഷ്ടം….നീയങ്ങു കിടന്നു കൊടുത്താ മതി….”

പകച്ചു നിൽക്കുന്ന അവളെ നോക്കി അവൻ തുടർന്നു  “ഒരക്ഷരം ഇങ്ങോട്ടു മിണ്ടണ്ട സമ്മതിച്ചില്ലെങ്കി നിന്റെ മുഴുവൻ സിനിമയും നാട്ടുകാര് കാണും…ഞാനെന്റെ പാട് നോക്കി പോവും ” അറപ്പോടെ…വന്ന ആളുടെ വഷളൻ ചിരിയിലേക്ക് നോക്കി നിന്ന അവളെ ഒന്നു തട്ടി , വന്നയാളെ അവൻ വിളിച്ചു…

“സാറ് വാ “

***************

ഒന്നരമാസം കഴിഞ്ഞു ജാൻസി പോയിട്ട്….ആന്റോ ഇനിയും ജോലിക്ക് പോയിട്ടില്ല…പോകാനിറങ്ങുമ്പോൾ സഹതാപം കാണിക്കുന്നവര് തിരിഞ്ഞു നിന്ന്…അവന് മിടുക്കില്ലാഞ്ഞിട്ടാ അവള് പോയതെന്ന് പറയുന്ന കേട്ടതോടെ മനസ്സു ചത്തു…

കൂടെ, ഉണ്ടാക്കിയ പിള്ളാര് അവന്റെ തന്നെ ആണെന്ന് അവനെന്തുറപ്പാണുള്ളതെന്ന് അടക്കം പറയുന്നതും ചെവിയിൽ ഈയം കോരിയൊഴിച്ച പോലാണ് വീണത്…

അവന്റെ അമ്മയാ ഓട്ടോക്കാരന്റെ കൂടെ ഓടിപോയതെന്ന് കൂട്ടുകാർ  കണ്ണിലൊരു പരിഹാസചിരിയോടെ പറയുന്നത് ചങ്കിടിപ്പോടെയാണ് പത്തിൽ പഠിക്കുന്ന മകൻ കേട്ടത്…

കളിയാക്കലുകൾ കേട്ട് മിണ്ടാതെ മിഴിച്ചു നിന്ന കുഞ്ഞനിയത്തിയേം കൂട്ടി മടങ്ങുമ്പോൾ സ്കൂളിനു പുറത്തെ കടയിലിരുന്ന് പ്രായം ചെന്നവർ മുറുമുറുക്കുണ്ടായിരുന്നു…അമ്മ വേലി ചാടിയാൽ മകളും ന്നാ….ഈ കൊച്ചെങ്കിലും മര്യാദക്ക് ജീവിച്ചാൽ മതിയാരുന്നു…

ഇതുവരെയും രണ്ടുപേരും സ്കൂളിൽ പോവാൻ കൂട്ടാക്കിയില്ല….

“ആന്റോ ചേട്ടൻ ഇങ്ങനിരുന്നാലെങ്ങനാ അവര് പോയി സുഖിക്കട്ടെ…നിങ്ങള് ജീവിച്ചു കാണിച്ചു കൊടുക്ക് മാഷേ അതല്ലേ വേണ്ടേ…”

“അതേ ന്നേ കുറെ ഓടി ഒടുക്കം നിന്നോളും അവരുടെ സൂക്കേട് ..”

അടുത്ത വീട്ടിലെ പയ്യനും കൂട്ടുകാരനുമാണ്…

ഉപദേശരൂപേണ സമാധാനം കൊടുത്ത്‌ അവർ ഇറങ്ങിപോകുമ്പോൾ ചുമരിലിരുന്ന കുടുംബചിത്രം മൊബൈലിൽ നന്നായി തെളിഞ്ഞിട്ടുണ്ടോ എന്നായിരുന്നു നോട്ടം…

….ഈ വൃത്തികെട്ടവളാണ് ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു തന്നെക്കാൾ പ്രായം കുറഞ്ഞ കാമുകനൊത്തു ഒളിച്ചോടിയത്….നല്ലൊരു  തലക്കെട്ടുമിട്ട് ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റിട്ട് ആത്മസംതൃപ്തിയടഞ്ഞവർ നടന്നു നീങ്ങുമ്പോൾ….

ഫോട്ടോയിൽ കൂടെയുള്ള ആന്റോയോടും ഇടതും വലതുമുള്ള മക്കളോടും പല്ലിളിച്ചു കാണിക്കുന്നുണ്ടായിരുന്നു ജീവിതം…

~ലിസ് ലോന (26.06.2018)