അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി.

ഭാര്യ…

എഴുത്ത്: അനില്‍ മാത്യു

===========

കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആണ് ബാത്റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ഗോപുവിനെ സൗമ്യ ശ്രദ്ധിച്ചത്.

എന്താ ഏട്ടാ കുളിക്കുന്നോ?

ഉം..കുളിക്കണം..നിന്റെ ഫോൺ എന്ത്യേ?

അതവിടെ മുറിയിൽ ഉണ്ടല്ലോ..അവൾ പറഞ്ഞു.

അവിടെ കണ്ടില്ല, അതാ ചോദിച്ചത്.

അവൾ മുറിയിലേക്ക് കയറി തലയിണയുടെ അടിയിൽ വച്ചിരുന്ന ഫോൺ എടുത്ത് ഗോപുവിന് നേരെ നീട്ടി.

ഏയ്‌, ഞാൻ ചോദിച്ചൂന്നെയുള്ളൂ..അത് പറഞ്ഞ് അയാൾ കുളിക്കാനായി പോയി.

ഈ ഗോപുവേട്ടന് ഇതെന്താ പറ്റിയെ? അവൾ ആലോചിച്ചു. രണ്ട് മാസമായി കല്യാണം കഴിഞ്ഞിട്ട്. അന്ന് മുതലേ ഗോപു പല കാര്യങ്ങളിലും തന്നെ സംശയിക്കുന്ന പോലെ. എവിടെയെങ്കിലും പോകുമ്പോൾ ആണുങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക്‌ തന്നെയും കൊണ്ട് പോകാൻ മടിയാണ്. കൂടെ പഠിച്ച ആരെയെങ്കിലും കണ്ടാൽ അവരോട് ഒന്ന് മിണ്ടിയാൽ പോലും ഗോപുവിന്റെ മുഖം മാറും. താൻ ക്ലാസ്സ്‌ കഴിഞ്ഞ് വന്നാൽ തന്റെ വസ്ത്രങ്ങളിലേക്ക് സൂക്ഷിച്ചു നോക്കും. അടുക്കളയിൽ ആയിരിക്കുന്ന സമയത്ത് തന്റെ ഫോൺ എടുത്ത് നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ജോലി കഴിഞ്ഞ് വെറുതെ ഇരിയ്ക്കുന്ന സമയം ചിലപ്പോൾ വല്ല ഫേസ്ബുകോ മറ്റോ നോക്കുമ്പോൾ പിറകിൽ കൂടി പമ്മിവന്ന് താൻ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കാറുണ്ട്. പക്ഷെ അതൊന്നും താൻ കാര്യമായി എടുത്തില്ല.

പക്ഷെ ദിവസങ്ങൾ കഴിയുംതോറും സംശയം കൂടി വരികയാണ്. ഇത് വരെ ജീവിതത്തിൽ ഒരു തെറ്റ് ചെയ്തിട്ടില്ല. വളരെ പ്രതീക്ഷകളോടെയാണ് ഗോപുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പക്ഷെ ഗോപുവിന്റെ ഈ സംശയരോഗം ജീവിതത്തിലെ സന്തോഷത്തെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. എന്തും വരട്ടെ, എല്ലാം സഹിക്കാൻ ഞാൻ തയ്യാറാണ്..അവൾ തീരുമാനിച്ചു.

അന്ന് രാത്രി കിടന്നപ്പോൾ അവൾ ചോദിച്ചു..

ഏട്ടാ,

ഉം..

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

എന്താ?

ഏട്ടനെന്നെ ഭയങ്കര സംശയമാ അല്ലേ?

ഏയ്‌, ആര് പറഞ്ഞു? നിനക്ക് തോന്നുന്നതാ..

ഏട്ടന്റെ ചിലപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അങ്ങനെ തോന്നുന്നു.

ഇല്ല, അങ്ങനൊന്നുമില്ല.

പിന്നെ അവളും ഒന്നും ചോദിച്ചില്ല. എപ്പോഴോ ഉറങ്ങി.

അന്നൊരു ഞായറാഴ്ച ആയിരുന്നു. ഗോപു പുറത്തെവിടെയോ പോയിരുന്നു. അപ്പോഴാണ് ഗോപുവിന്റെ ചേട്ടന്റ മകൻ സഞ്ജയ്‌ അങ്ങോട്ട്‌ വന്നത്. അവൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

ചേച്ചി, ആ tv ഒന്ന് വച്ചേ..ഇന്ന് ഇന്ത്യയുടെ കളിയുണ്ട്.

നീ പോയി വക്ക്, എനിക്കിത്തിരി ജോലിയുണ്ട്. അവൾ പറഞ്ഞു.

അവൻ തന്നെ പോയി ടീവി ഓൺ ചെയ്ത് സെറ്റിയിൽ ഇരുന്നു.

കുറച്ച് കഴിഞ്ഞ് ജോലി തീർത്ത അവളും വന്ന് അവനോടൊപ്പം സെറ്റിയിൽ ഇരുന്നു. അത്‌ കണ്ടോണ്ടാണ് ഗോപു കേറി വന്നത്.

അവരെ കണ്ട ഗോപു ദേഷ്യത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി. അയാളുടെ കണ്ണുകൾ ചുവന്നു.

നീ അവളുടെ മടിയിലോട്ട് കേറിയിരിയാടാ..അയാൾ അലറി. സഞ്ജയ്‌ പേടിയോടെ ചാടി എന്നേറ്റു. ഒന്നും മനസ്സിലാകാതെ പകച്ചു നിന്നശേഷം അവൻ ഇറങ്ങി പോയി.  അയാൾ സൗമ്യയുടെ നേരെ തിരിഞ്ഞു.

ഞാൻ ഇപ്പൊ വന്നു കേറുമെന്ന് കരുതിയില്ല ല്ലെ?

എന്താ ഏട്ടാ ഇത്?  അവൻ കൊച്ചു പയ്യനല്ലേ? ഒരു  മോനെപ്പോലെ അല്ലെ ഞാൻ അവനെ കണ്ടിട്ടുള്ളൂ..

ഹും, മോൻ..നല്ല പ്രായമാണല്ലോ ഇപ്പൊ..അയാളുടെ വാക്കുകൾ ഒരു കൂരമ്പ് പോലെ അവളുടെ മനസ്സിൽ തറച്ചു.

ഇനി ഇങ്ങനെ എങ്ങാനും ഞാൻ കണ്ടാൽ…ഒരു താക്കീത് എന്നോണം പറഞ്ഞിട്ട് അയാൾ വീണ്ടും പുറത്തേക്ക് പോയി.

എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. അവൾ ഫോണെടുത്തു. സുബിന്റെ നമ്പർ ഡയൽ ചെയ്തു. അവളുടെ ഒരേ ഒരു ആങ്ങളായാണ് സുബിൻ. ആങ്ങള എന്നതിലുപരി ഒരു നല്ല സുഹൃത്തും. അവൻ അറിയാതെ ഒരു കാര്യങ്ങളും അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ഹലോ, എടാ സുബ്രു അമ്മയും അച്ഛനും ഒന്നും അറിയരുത്. ഒരു കാര്യം പറയാനുണ്ട്.

എന്താടി? അവൻ ചോദിച്ചു.

അവൾ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു.

ഈ അളിയന് ഇതെന്നതിന്റെ കേടാ? നീ വിഷമിക്കേണ്ട പരിഹാരമുണ്ടാക്കാം. അതു പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.

കവലയിൽ കൂട്ടുകാരുടെ കൂടെ നിൽക്കുമ്പോഴാണ് ഗോപുവിന്റെ ഫോൺ റിങ് ചെയ്തത്.

അളിയാ ഞാൻ ടൗണിൽ ഉണ്ട്..ഇങ്ങോട്ട് വാ…സുബ്രുവാണ്.

ദേ വന്നു..ഗോപു ബൈക്ക് എടുത്തു ടൗണിലേക്ക് പോയി.

പറഞ്ഞ സ്ഥലത്തു തന്നെ സുബ്രു നിൽപ്പുണ്ടായിരുന്നു.

വാ അളിയാ, രണ്ടെണ്ണം അടിക്കാം. അവർ അടുത്തുള്ള ബാറിലേക്ക് കയറി.

ബാറിനുള്ളിലെ ആ ഇരുണ്ട വെളിച്ചത്തിൽ സുബ്രു കാര്യങ്ങൾ സംസാരിച്ചു.

അവിടെ നിന്നിറങ്ങുമ്പോൾ സുബ്രുവിന്റെ മുഖത്ത് തമാശ കലർന്ന ഒരു ചിരിയുണ്ടായിരുന്നു.

അളിയാ, വീട്ടിൽ ചെന്നിട്ടു വിളിക്കണേ..

ഗോപുവിനെ പറഞ്ഞു വിട്ട ശേഷം സുബ്രു ഫോണെടുത്തു.

ആ, ഡീ..ഞാൻ അളിയനെ കണ്ടു.

എന്നിട്ട്?

ആള് വെറും പാവമാ, അങ്ങേര് നിങ്ങളുടെ കല്യാണത്തിന് മുമ്പ് രണ്ട് പെണ്ണുങ്ങളെ സ്നേഹിച്ചു. രണ്ട് പേരും പുള്ളിയെ തേച്ചിട്ട് വേറെ ആളുകളുടെ കൂടെ പോയി. അവരുടെ പല കാമുകന്മാരിൽ ഒരാൾ മാത്രമായിരുന്നു അളിയനും. ആ ഷോക്കിൽ നിന്ന് പുള്ളി ഇതുവരെ മോചിതനായിട്ടില്ല. നീയും ഇനി അങ്ങനെ ആണോ എന്നാണ് പുള്ളി ഭയക്കുന്നത്. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. അത്രേയുള്ളൂ. നീ അതൊന്നും കാര്യമാക്കണ്ട. സന്തോഷത്തോടെ ജീവിതം തുടർന്നോളൂ. ഞാൻ ചെറിയ കൗൺസിലിംഗ് നടത്തിയിട്ടുണ്ട്. മാറുന്നെങ്കിൽ മാറട്ടെ. സുബ്രു ഫോൺ വച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഗോപു വന്നു.

സൗമ്യേ..അയാൾ വിളിച്ചു.

നിനക്ക് എന്നോട് ദേഷ്യമുണ്ടോ?

എന്തിന്?

ഞാൻ നിന്നെ സംശയിച്ചതിനു?

ഏയ്‌ ഇല്ല…അവൾ ചിരിച്ചു..എന്നിട്ട് ചോദിച്ചു..ആ പെണ്ണുങ്ങൾ ഇപ്പൊ എവിടെയാ ഏട്ടാ?

അത് ശരി, അപ്പൊ ആങ്ങളയും പെങ്ങളുടെ അറിഞ്ഞോണ്ടായിരുന്നോ? ആർക്കറിയാം അവളുമാർ എവിടെ ആണെന്ന്. എനിക്കിപ്പോ നീയുണ്ടല്ലോ, നിന്നെ മാത്രം മതി എനിക്ക്. എന്റെ പൂർവ ബന്ധങ്ങൾ അറിഞ്ഞിട്ടും നിനക്കെന്നെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ നീയാണ് യഥാർത്ഥ ഭാര്യ. എല്ലാത്തിനും മാപ്പ്. അയാളുടെ ശബ്ദം ഇടറി.

അയ്യേ, എന്താ ഏട്ടാ ഇത് കൊച്ചു കുട്ടികളെ പോലെ? അവൾ അയാളെ ആശ്വസിപ്പിച്ചു.

ദേ ഇത് കണ്ടോ ഈ താലി? ഇത് വെറും ചരടിൽ തൂക്കിയ ഒന്നല്ല. ഇതൊരു വാഗ്ദാനമാണ്. ജീവിതകാലം മുഴുവൻ പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിച്ചു കൊള്ളാമെന്നുള്ള ഒരു ഉടമ്പടി. അത് മനസ്സിലാക്കിയാൽ ഒരു പ്രശ്നവും ജീവിതത്തിൽ ഉണ്ടാവില്ല. അവൾ പറഞ്ഞു.

ആ പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു. ഇനി ഉണ്ടാവില്ല. നീയാ സഞ്ജയ്‌ നെ ഇങ്ങോട്ടൊന്നു വിളിച്ചേ..പാവം പേടിച്ചു പോയെന്ന് തോന്നുന്നു.അയാൾ  ചിരിച്ചു.

അയ്യടാ, ക്രിക്കറ്റ്‌ കളി കാണാൻ വന്ന അവനെ ഓരോ പ്രാന്ത് കേറി ഓടിച്ചു വിട്ടിട്ട് ഇപ്പൊ വിളിക്കാനോ? അയാളുടെ കവിളിൽ ചെറുതായി ഒന്ന് നുള്ളിയ ശേഷം അവൾ സഞ്ജയനെ വിളിക്കാൻ വേണ്ടി പുറത്തേക്കിറങ്ങി.

(സംശയം എന്നത് ഒരു രോഗമാണ്. മരുന്നില്ലാത്ത ഒരു രോഗം. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും തുറന്നുപറഞ്ഞും മാത്രം ദൂരീകരിക്കാവുന്ന ഒന്ന് )

~Anil Mathew Kadumbisseril