ആ ദമ്പതികൾ അവരുടെ ആരുമല്ല എന്നിരുന്നാലും കുട്ടിയുടെ വിശപ്പിനേക്കാൾ അവരുടെ വിശപ്പിന് അവർ പ്രാധാന്യം കൊടുത്തു…

കാരുണ്യ ഭാഗ്യക്കുറി…

Story written by Praveen Chandran

=============

ഫാമിലിയുമായി നൂൺഷോ കണ്ട് തിരക്കിലൂടെ ഇറങ്ങി വരുന്ന വഴിക്കാണ് ആ കൈകൾ എന്റെ നേരെ നീണ്ടത്..

“സേട്ടാ ഒരു ടിക്കറ്റ് എടുക്കുമാ…കുഴന്തക്ക് പശിക്കിത്..സോറു വാങ്കണം”  ഒക്കത്ത് ഒരു കുട്ടിയുമായി ആ സ്ത്രീ എന്നെ നോക്കി ചോദിച്ചു..

വെയിൽ കൊണ്ട് അവശരായിരുന്നു അവരിരു വരും..അവരുടെ ഒക്കത്തിരിക്കുന്ന പെൺ കുഞ്ഞിന് ഏകദേശം മൂന്നുവയസ്സു പ്രായം വരും…മെലിഞ്ഞുണങ്ങിയ ശരീരം…ഇങ്ങനെയുളള പലരും ഭിക്ഷക്കായി കൈ നീട്ടാറുണ്ടെങ്കിലും ആദ്യമായിട്ടാ ലോട്ടറി ടിക്കറ്റുമായി വരുന്നത്..

എനിക്കാണെങ്കിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്നത് അത്ര ഇഷ്ടമുളള കാര്യവുമല്ല..

അതുകൊണ്ട് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ പറഞ്ഞ് ഞാൻ ഇരുനൂറു രൂപ അവർക്കു നേരെ നീട്ടി..

“വേണ്ട സേട്ടാ..എങ്കൾക്ക് ഭിക്ഷ വേണ്ട..ഒരു ലോട്ടറി എടുക്ക മുടിഞ്ചാ എടുക്കുങ്കോ..മുപ്പത് രൂപ പോതും..ഇല്ലേന വേണ്ട”

ആ സ്ത്രീയുടെ സ്വരം ഉറച്ചതായിരുന്നു..എനിക്കതിശയം തോന്നി..മറ്റുളളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുളള തന്റേടം കാട്ടിയ ആ സ്ത്രീയോട് എനിക്ക് ബഹുമാനം തോന്നി..

പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപയെടുത്ത് ഞാൻ അവർക്ക് നേരെ നീട്ടി..

“ഇതിനുളള ടിക്കറ്റ് വേണം”

ആദ്യമായിട്ടാണ് ഞാൻ ലോട്ടറി എടുക്കുന്നത്…ഒട്ടും താൽപ്പര്യമുളള കാര്യമല്ല! ഇത് പക്ഷെ എടുക്കണമെന്ന് എനിക്ക് തോന്നി..

അവർക്ക് വളരെ സന്തോഷമായി..

“ഒരു പത്തു രൂപ കൂടെ തരമുടിയുമാ സേട്ടാ? പതിനേഴ് ടിക്കറ്റ് തരലാം അതിൽ പത്ത് ഒറ്റ നമ്പർ ഇരുക്ക്..പോതുമാ?”

പത്തു രൂപ കൂടെ അവർക്കു കൊടുത്ത് ആ ടിക്കറ്റുകൾ ഞാൻ സ്വന്തമാക്കി…

അവിടന്ന് ഇറങ്ങി കുറച്ചു ദൂരം നടന്ന് ഞങ്ങൾ കാർ പാർക്ക് ചെയ്തിടന്ന സ്ഥലത്തെത്തി..

കാറിൽ കയറാനൊരുങ്ങുമ്പോൾ  വൈഫ് ചോദിച്ചു..

“അല്ല എന്തിനാ അഞ്ഞൂറ് രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയത്..ഇങ്ങനെ കുറെ തട്ടിപ്പുകാരുണ്ട്..ആ കുട്ടി തന്നെ അവരുടേതാണെന്ന് എന്താ ഉറപ്പ്..ഭിക്ഷാടന മാഫിയയിൽ പെട്ടവരാണെങ്കിലോ?”

അവളുടെ ചോദ്യത്തിന് ഞാൻ ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു..

“ഒരിക്കലുമാവില്ല…അങ്ങനെയാണെങ്കിൽ ആ സ്ത്രീ നമ്മളാദ്യം കൊടുത്ത ഇരുനൂറു രൂപ വാങ്ങിയേനെ..തന്നെയുമല്ല അവർ ഭിക്ഷയല്ലല്ലോ നമ്മളോട് ചോദിച്ചത്”

“ഉവ്വ..ഇപ്പോഴൊക്കെ ഹൈടെക് തട്ടിപ്പുകാരാ..നിങ്ങളു നാട്ടിലില്ലാത്ത കാരണമാ ഇതൊന്നും വല്ല്യ പിടിയില്ലാത്തത്” അവൾ പുച്ഛത്തോടെ പറഞ്ഞു…

“എന്നാ നമുക്ക് തിരിച്ചുപോയി അവരെ ഒന്നു നോക്കാം..പൈസക്ക് വേണ്ടി മാത്രമാണെങ്കിൽ അവരാ കുട്ടിയേം കൊണ്ട് അവിടെത്തന്നെയു ണ്ടാവും..അല്ലെങ്കിൽ അവൾ ഏതെങ്കിലും ഹോട്ടലിൽ നിന്നോ മറ്റോ കുട്ടിക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നുണ്ടാവും..”

ഏതൊരമ്മയ്ക്കും തങ്ങളുടെ കുഞ്ഞുങ്ങൾ തന്നെയായിരിക്കും വലുത്…വിശന്ന് നിൽക്കുന്ന അവരുടെ വിശപ്പകറ്റുക തന്നെയായിരിക്കും ഏതൊരമ്മയും ആദ്യം ചെയ്യുക എന്നൊരു ബോധ്യമായിരുന്നു എന്റെ ആ തീരുമാനത്തിനു പിന്നിൽ…

അങ്ങനെ ഞങ്ങൾ  അവിടേക്ക്  തിരിച്ചു നടന്നു..

പക്ഷെ ആ സ്ത്രീയെ ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞില്ല..

തൊട്ടടുത്തുളള ഒരു ഹോട്ടലിലേക്ക് ഞങ്ങൾ കയറി നോക്കി..അവിടേയും ഞങ്ങൾക്കവരെ കാണാൻ കഴിഞ്ഞില്ല..

നിരാശയോടെ തിരിച്ചു നടക്കാൻ നേരമാണ് ഞങ്ങളാ കാഴ്ച്ച കണ്ടത്..

റോഡിൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്ന വികലാംഗ രായ വൃദ്ധദമ്പതികൾക്ക് ഓരോ പൊതിച്ചോർ നൽകിയ ശേഷം ശേഷിച്ച പൊതിച്ചോറിൽ നിന്നും കുട്ടിക്ക് ഭക്ഷണം നൽകുന്ന ആ അമ്മയെ ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നു…

ആ ദമ്പതികൾ അവരുടെ ആരുമല്ല എന്നിരുന്നാലും കുട്ടിയുടെ വിശപ്പിനേക്കാൾ അവരുടെ വിശപ്പിന് അവർ പ്രാധാന്യം കൊടുത്തു…

അവിടന്ന് തിരിച്ചു നടക്കുമ്പോൾ ഞാനോർത്തു നമ്മളൊക്കെ എത്ര സ്വാർത്ഥന്മാരാണ്…മറ്റുളളവരുടെ വിഷമങ്ങൾ കാണുംമ്പോൾ “നമ്മൾക്കൊ ന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ? ” എന്നു കരുതി പിൻതിരിയാതെ നമ്മളെക്കൊണ്ടാവുന്ന സഹായം ചെയ്യാൻ കഴിയുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്ണ്യം..

സഹായം, നന്മ, കാരുണ്യം ഇതെല്ലാം ഒരു സൈക്കിൾ പോലെയാണ്..ഒരു നല്ല മനസ്സിൽ നിന്ന് മറ്റു നല്ലമനസ്സുകളിലേക്ക് കറങ്ങിക്കൊണ്ടേയിരിക്കും

അത് എനിക്ക് മനസ്സിലായത് പിറ്റെ ദിവസം പത്രം നോക്കിയപ്പോഴാണ്…അവർ എനിക്ക് തന്ന ആ പത്ത് ഒറ്റ നമ്പർ ലോട്ടറിക്ക് ഒന്നിന് അയ്യായിരം രൂപ വച്ച് അടിച്ചിരിക്കുന്നു…

~പ്രവീൺ ചന്ദ്രൻ