ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം…

താലിമാഹാത്മ്യം….

Story written by Lis Lona

================

“കല്യാണപെണ്ണിനു ഇപ്പോഴേ ഉറക്കം വന്ന് തുടങ്ങിയോ…അസ്സലായി!!!മഹിയിന്നു ഉറങ്ങാൻ വിടുമോ ഈ കുട്ടീനെ…”

വഷളച്ചിരിയോടെ വല്ല്യൊരു തമാശ പറയുന്നപോലാണ് ആ വല്യമ്മ പറയുന്നത്..കേട്ടിരിക്കുന്നോരുടെ മുഖത്തും കാണാം നാണം…

“താലിമാല, പത്തുപവനാ മഹി കെട്ടിയത്…കണ്ടില്ലേ എന്തൊക്കെയുണ്ടായിട്ടും കൂട്ടത്തിൽ അത് മാത്രം തെളിഞ്ഞു നിക്കണത്…”

അതെന്താ താലിമാലക്ക് മാത്രം എൽ ഇ ഡി ബൾബ് പിടിപ്പിച്ചിട്ടുണ്ടോ ??? ചോദ്യം വിഴുങ്ങി, ഞാൻ വന്നുകേറിയ വീടായിപ്പോയി..അല്ലെങ്കി ഒക്കേറ്റിനേം കഴുത്തിന് പിടിച്ചു പുറത്തേക്കെറിയാൻ കൈ തരിക്കണുണ്ട് എനിക്ക്…

എന്റച്ഛന്റെ വിയർപ്പിലുണ്ടാക്കിയ സ്വർണമൊന്നും കാഴ്ചക്കില്ലെന്നാണ്  പറച്ചിലിന്റെ സാരം…ഈ പറഞ്ഞ വല്യമ്മയെ ഞാനൊന്നു നോക്കി…ന്റെ വീട്ടിലായിരുന്നെങ്കിൽ ഇപ്പൊ കൊടുത്തേനെ മറുപടി…

കല്യാണം ഉറപ്പിച്ചപ്പോ തുടങ്ങി ഇറങ്ങാൻ നേരം കൂടി അമ്മ ചെവിയിൽ പറഞ്ഞത് ഇപ്പോഴും മുഴങ്ങുന്നുണ്ട് ..

“അമ്മേടെ പാറുട്ടി ,പറഞ്ഞതൊന്നും മറക്കല്ലേട്ടാ…ഇനി കുട്ടിക്കളിയൊന്നും പറ്റില്ല…അവിടെ ന്റെ കുട്ടി മൂത്ത മരുമോളാണ്…വായക്ക് തോന്നിയത് കോതക്ക് പാട്ടു പോലെ പാടിയാൽ അവര് വീട്ടിൽ കൊണ്ടുവന്ന് വിടും..മനസിലായല്ലോ.”

കെട്ടിപിടിച്ചു നെറ്റിയിലൊരുമ്മയും തന്ന് പറഞ്ഞയക്കാൻ നേരമാണ് കത്തിയത് ഇനിയിതല്ല എന്റെ വീടെന്ന്…നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ ആയിരുന്നു അതിനു ശേഷം….ആകപ്പാടെ ഒരു സംഭ്രമം..കണ്ണെത്തുന്നിടത്തു മനസ്സെത്തുന്നില്ല എന്നൊരു തോന്നൽ…

ആ വിമ്മിഷ്ടം പൂർണതയിലെത്തിയത് ഇറങ്ങാൻ നേരം അനിയന്മാരെ കലങ്ങിയ കണ്ണുകളോടെ കണ്ടപ്പോഴായിരുന്നു…കാരണം അന്വേഷിക്കേണ്ടി വന്നില്ല…

വൈകുന്നേരം , കല്യാണത്തിരക്ക് കഴിഞ്ഞു അമ്മായിഅമ്മ കാണിച്ചു തന്ന മുറിയിലേക്ക് കയറി ഒന്നിരുന്നേയുള്ളൂ കൂടെ പുതുപെണ്ണിനെ കാണാൻ വന്നവരും  ഇടിച്ചു കയറി…അപ്പോൾ തുടങ്ങിയ അളന്നു തൂക്കലാണ് എല്ലാവരും കൂടി..ഇപ്പൊ ഏകദേശം ഓരോന്നിന്റെയും തൂക്കം അവര് തന്നെ തീരുമാനിച്ചു കഴിഞ്ഞു, ബില്ല്‌ പോലും ഇല്ലാതെ…

“മോളേ…പോയി മേലിത്തിരി വെള്ളൊഴിച്ചു ഈ സാരിയൊക്കെ മാറ്….”

ഭാഗ്യം….ഞാൻ മനസ്സുകൊണ്ട് നൂറു നന്ദി പറഞ്ഞു ഇവിടുത്തെ അമ്മയോട്…അല്ലെങ്കിൽ തന്നെ  എന്നേക്കാൾ ഭാരമുള്ള ഒരു സാരിയും കഴുത്തു തൂങ്ങിക്കിടക്കുന്ന സ്വർണവും കാരണം ശ്വാസം മുട്ടിയിട്ട് വയ്യ…

“ഒന്ന് മതിയാക്കെന്റെ പെണ്ണുങ്ങളെ..ഇനി അവളിവിടെ തന്നെയല്ലേ താമസം..നാളേം കണ്ടൂടെ …”

കട്ടിലിന്റെ തലക്കൽ തന്നെ ചടഞ്ഞിരിക്കുന്ന ഏതോ ഒരു ചേച്ചിയെ നോക്കിയാണ് അമ്മ പറഞ്ഞു നിർത്തിയത്.

ന്റെ കൃഷ്ണാ…ഈ സാരി !! ഇതെങ്ങനോക്കെയാണ് ആ ബ്യൂട്ടീഷൻ പിടിപ്പിച്ചു വച്ചേക്കണത്….ഇത്രേം സൂചികൾ എന്റെ മേലെ തന്നെ ആയിരുന്നോ…സാരിക്ക് നിർബന്ധം പറയുന്നവർ ഇതും കൂടി ഒന്ന് കാണണം…

കുളി കഴിഞ്ഞു വന്നു മുടിയഴിക്കാം…മുള്ളു തറച്ചിരിക്കണ പോലെ എന്തൊക്കെയോ ഉറപ്പിച്ചു വച്ചിട്ടുണ്ട് തലയിൽ…

പെട്ടി തുറന്ന് ഒരു സെറ്റുമുണ്ടുമെടുത്തു ഞാൻ കുളിക്കാൻ കയറി…മഹിയേട്ടന് ഇതിഷ്ടമാണ് എന്നറിഞ്ഞപ്പോൾ അമ്മ പ്രത്യകം വാങ്ങി വച്ചതാണ്…ഇതുടുക്കാൻ പഠിക്കാനായി മാത്രം രണ്ടു ദിവസമാണ് കളഞ്ഞത്…

തണുത്ത വെള്ളം മേല് വീഴുമ്പോൾ എന്തൊരു സുഖം…രാവിലെ മുതൽ പൊതിഞ്ഞു കെട്ടി ഇരിക്കുന്നതാണ്..എത്ര പെട്ടെന്നാണ് ഞാനൊരു ഭാര്യയായത്…ഇരുപത് ദിവസം മുൻപ് വരെ അനിയന്മാരോട് അടിയുണ്ടാക്കിയും അടി വാങ്ങിച്ചു കൊടുത്തും ഓടിക്കളിച്ചു നടന്നതാണ്…

ചിന്തകൾ വീട്ടിലെ ഓരോ കാര്യങ്ങളിലെത്തുമ്പോഴേക്കും സങ്കടം സഹിക്കാൻ പറ്റാതായി…ഇന്നവിടെ നിന്നും വന്നേയുള്ളു അമ്മയെ കാണാൻ കണ്ണ് തുടിക്കാണല്ലോ ന്റെ കൃഷ്ണാ…

“പാർവ്വതി…കുളികഴിഞ്ഞെങ്കിൽ വേം വാ കേട്ടോ ഞാൻ ചായ കൊണ്ട് വന്നിട്ടുണ്ട് “

ആരോ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ഞാൻ വേഗം കുളി തീർത്തു ഇറങ്ങാൻ നോക്കി…ശോ കണ്ണൊക്കെ ആകെ ചുവന്നു ..കാറിലിരിക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ നോക്കി മഹിയേട്ടൻ കളിയാക്കി ചിരിച്ചത് മറന്നിട്ടില്ല…

അടുത്ത വീട്ടിലേക്ക് വന്ന ഗൾഫുകാരന്റെ ആലോചന, പെണ്ണിനെയിഷ്ടപ്പെടാതെ വന്നവരിറങ്ങും നേരമാണ് മുറ്റത്തു പിള്ളേരുടെ കൂടെ കൊത്തംകല്ലു കളിച്ചോണ്ടിരുന്ന എന്നെ കണ്ടത്…

ബ്രോക്കർ നാരായണേട്ടൻ അമ്മയോട് വന്നു സ്വകാര്യം പറയുന്നത് കല്ലുകളിയുടെ ജ്വരത്തിൽ ഞാൻ നോക്കിയ പോലുമില്ല…

അമ്മ വന്ന് പിടിച്ചപിടിയാലേ അകത്തേക്ക് കൂട്ടികൊണ്ട് പോയി ഡ്രസ്സ് മാറിവരാൻ പറഞ്ഞപ്പോളാണ് എന്നെ പെണ്ണ് കാണാനായി ആള് വന്നിട്ടുണ്ടെന്ന് തന്നെ അറിയുന്നത്…വെപ്രാളവും  നാണവും കൊണ്ട്  ഞാൻ മഹിയെട്ടന്റെ മുഖം പോലും ശരിക്കും നോക്കിയില്ല മുൻപിൽ നിൽക്കുമ്പോൾ..

കല്യാണം എന്ന ഒരാഘോഷത്തെ പറ്റി മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ…നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും ചേരുന്ന ഒരാഘോഷം…

താലി കഴുത്തിൽ വീണുകഴിഞ്ഞാൽ അതിലപ്പുറത്തേക്കും ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് ചിറ്റ പറഞ്ഞപ്പോൾ തലയാട്ടിയെങ്കിലും എന്തൊക്കെയാണെന്ന് പറഞില്ല.

കുട്ടിയെ അവർക്കിഷ്ടപെട്ടു എന്നു പറഞ്ഞ നാരായണേട്ടന്റെ കയ്യിൽ നിന്നും അഡ്രെസ്സ് വാങ്ങി നാളെ പറയാമെന്നു പറഞ്ഞ അച്ഛൻ മഹിയെട്ടന്റെ തായ്‌വേര് വരെ ഒരുദിവസം കൊണ്ട് തപ്പിയെടുത്തു …

“എന്നേക്കാൾ പ്രായം കുറെ കൂടുതലല്ലേ ആൾക്ക് “

എന്റെ ചോദ്യത്തിന് അമ്മമ്മയായിരുന്നു മറുപടി തന്ന് വായടപ്പിച്ചത് .

“അതാ നല്ലത്…കൂടുതൽ കരുതൽ കിട്ടില്ലേ”

എല്ലാവർക്കും ചെറുക്കനെ ഇഷ്ടപെട്ടപ്പോൾ പിന്നെ പെട്ടെന്ന് മഹിയേട്ടൻ മടങ്ങിപോകുന്നതിനു മുൻപേ കല്യാണം നടത്താനായിരുന്നു ധൃതി…

രണ്ടുമാസത്തെ ലീവിന് വന്ന ആള് ഇരുപതിൽ കൂടുതൽ വീട്ടിൽ നിന്നും ചായ കുടിച്ചൂത്രേ…പെണ്ണ് കാണാൻ നടന്ന്…അവസാനം കണ്ട പെണ്ണാണ് ഞാൻ

കല്യാണത്തിന് മുൻപ് ഒന്നൊ രണ്ടോ  തവണയാണ്  ഫോണിൽ മിണ്ടിയത് , അതും മുക്കിയും മൂളിയും..എനിക്കൊന്നും ചോദിക്കാനും മഹിയേട്ടനൊന്നും പറയാനും ഇല്ലായിരുന്നു…

കുളിച്ചു പുറത്തു വന്നപ്പോൾ കണ്ടു..ചായ കൊണ്ട് വന്ന ചേച്ചി എന്നെയും കാത്തു നിൽക്കുന്നു…ഭാഗ്യമായി ….

“ചേച്ചി ഈ സെറ്റൊന്നു ഉടുക്കാൻ സഹായിക്കണേ..”

“അതിനെന്താ സഹായിക്കാല്ലോ…പിന്നെ ഞാൻ ചേച്ചിയല്ലാട്ടോ മേമയാണ്..മഹിടെ അമ്മയുടെ അനിയത്തി..ഉറപ്പിക്കലിന് വന്നപ്പോ പരിചയപെട്ടല്ലോ മറന്നോ ഇത്ര പെട്ടെന്ന്…”

” അയ്യോ സോറി “

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു…ഓ പിന്നേ….ജീവിതത്തിൽ ആദ്യമായിട്ട് പെട്ടെന്ന് കുറെ ആൾക്കാര് ഓടിവന്ന് അമ്മായി , മേമ , വല്യമ്മന്നൊക്കെ പറഞ്ഞാൽ ആർക്കു ഓർമയുണ്ടാകും .

അവരെന്നെ സെറ്റുമുണ്ടുടുപ്പിക്കുന്നത്  ഞാൻ അന്തം വിട്ടു നോക്കി നിന്നു …ശോ…ഞാൻ പഠിച്ച പോലെയൊന്നും അല്ലാലോ ഇവരുടുപ്പിക്കുന്നത്..എന്തായാലും നല്ല ചന്തമൊക്കെയുണ്ട് ഞാൻ മനസ്സിലോർത്തു..ഇതും ഒരു കല തന്നെ..

“മോളിവിടെ ഇരിക്ക് കേട്ടോ രാത്രിയിലേക്ക് ഒന്നും വേണ്ടാ എന്ന് പറഞ്ഞോണ്ടാണ് ചായ ഇട്ടു തന്നത്…അല്ലെങ്കിലും കഴിക്കാതിരിക്കണതാ നല്ലത്…ഇന്നിപ്പൊ കല്യാണത്തിന്റെ ബാക്കി വന്ന കറികളാവും ഉണ്ടാവാ…”

ഇതും പറഞ് അവർ പോയി .

പുതിയ തുണിയായതു കൊണ്ട് ഒന്നു മര്യാദക്ക് വളയാൻ പോലും പറ്റുന്നില്ലാല്ലോ ഭഗവാനേ..അവര് പോയതും ഒരു വിധേന ഞാൻ കട്ടിലിൽ ഇരുന്നു..ക്ഷീണം കാരണം കണ്ണടഞ്ഞു പോകുന്നു..

ഒന്ന് മയങ്ങിയോ ഞാൻ….ആരോ വന്ന് പതുക്കെ കയ്യിൽ തട്ടിയത് അറിഞ്ഞു…കണ്ണൊന്നും മിഴിയുന്നെ ഇല്ലാ….

ദേവിയേ….അമ്മ!!!

“മോളെ…ഒന്നടുക്കളയിലേക്ക് വാ…”

അമ്മയുടെ പിന്നാലെ ഞാനും നടന്നു …

“ദേ ഇതാണ് നമ്മുടെ അടുക്കള കേട്ടോ…”

അടുക്കള നോക്കാതെ ഞാൻ ക്ലോക്കിലേക്ക് നോക്കി സമയം ഒൻപതര , വെറുതെയല്ല ഉറക്കം വരണത്..എട്ടര ആവുമ്പോളേക്കും കൂർക്കം വലിക്കണ ഞാനാണ്…

“മഹി..നിർത്തിക്കേ..ചെല്ല് അകത്തേക്ക്…ആദ്യരാത്രി അടിപൊളി ആക്കണ്ടേ…ഇവിടെ ദേഹണ്ഡക്കാരോട് കണക്കു പറഞ്ഞു നിന്നാൽ മതിയോ “

ആരോ മഹിയേട്ടന്  നിർദ്ദേശം കൊടുക്കുന്നത് കേൾക്കാം    പിന്നാമ്പുറത്തു നിന്നും….

ആദ്യരാത്രിന്നൊക്കെ സിനിമയിൽ കണ്ടിട്ടേയുള്ളു, അതും പൂക്കളലങ്കരിച്ച മുറിയും ഒരു ഗ്ലാസ് പാലും വരെ മാത്രം…ബാക്കി…ആലോചിക്കുമ്പോളേ ദേഹം മൊത്തം ഒരു വിറയൽ കയറി…

പൊട്ടും പൊടിയും കൂട്ടുകാരിൽ നിന്നും കേട്ടിട്ടുണ്ട് ആരോടും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു…കല്യാണത്തലേന്നു അമ്മയോട് തൊട്ടും തൊടാതെയും  ചോദിച്ചപ്പോൾ കിട്ടിയ മറുപടി അതൊക്കെ നീ തന്നെ പഠിച്ചോളും എന്നാണ്…നാണക്കേടുകാരണം പിന്നൊന്നും ചോദിക്കാനേ തോന്നിയില്ല..

ചിന്തകൾ കാടുകയറിയപ്പോഴേക്കും അമ്മ ഒരു ഗ്ലാസ് പാലെടുത്തു തന്നു മുറിയിലേക്ക് പൊക്കോളാൻ പറഞ്ഞു.

വാതിലടച്ചു ബോൾട്ടിടുന്ന കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്..മഹിയേട്ടൻ..

പെണ്ണ് കാണാൻ വന്നതിനേക്കാൾ മഹിയേട്ടനാകെ കരുവാളിച്ചിട്ടുണ്ട്..കല്യാണതിരക്കിന്റെയാവും….

“ഞാനൊന്നു കുളിച്ചിട്ട് വരാം കേട്ടോ…ഉറങ്ങി കളയല്ലേ ” ചിരിയൊന്നുമില്ല മഹിയെട്ടന്റെ മുഖത്തിത് പറയുമ്പോൾ…ഞാൻ തലയാട്ടി.

ടെൻഷൻ കാരണമാണാവോ കാൽമുട്ട് കിടന്ന് കൂട്ടിയിടിക്കുന്നു…ആകെ ഇരുപതു ദിവസത്തിന്റെ പരിചയം…ഇന്ന് മുതൽ ആളാണ് എന്റെ ജീവിതം നിശ്ചയിക്കുന്നത്…

“താനെന്താ ജ്വല്ലറി പരസ്യത്തിന് നിൽക്കുംപോലെ…ഇതൊക്കെയൊന്നു അഴിച്ചു വച്ചൂടെ….പിന്നെ ഈ സെറ്റുമുണ്ടൊക്കെ പഴഞ്ചൻ ഏർപ്പാടാണെ….വല്ല നൈറ്റിയോ ചുരിദാറോ ഇട്ടുകൂടെ “

കുളി കഴിഞ്ഞു വന്നതേ ചോദ്യമിതാണ്…

“മഹിയേട്ടനല്ലേ പറഞ്ഞേ ഇതൊക്കെ ഇഷ്ടംന്നു  അത് കൊണ്ടാണ് ഞാൻ….”

“എന്റൊപ്പത്തിനൊപ്പം  സംസാരിക്കുന്നത് എനിക്കിഷ്ടമല്ല ആദ്യം തന്നെ പറഞ്ഞേക്കാം…പറഞ്ഞതങ്ങു കേട്ടാൽ മതി”

എന്റെ വാക്കുകൾ ഇടമുറിഞ്ഞു…ഒന്നും  പറയാനില്ലായിരുന്നു…ചെറിയൊരു സങ്കടം തോന്നിയോ ?? വീട്ടിലാരും ഇങ്ങനെ അറുത്തു മുറിച്ചു പറയാറില്ല…

“ഇയാള് കിടന്നോളൂ എനിക്ക് രണ്ടു ദിവസത്തെ ഉറക്കം ബാക്കിയാണ്…നല്ല ക്ഷീണം “

കേൾക്കാൻ കൊതിച്ചതാണ് പറഞ്ഞുകേട്ടത് എന്നാലും എന്നോടൊന്നും മിണ്ടാനില്ലെ…ഞാൻ വേഗം ബെഡിൽ ഓരം ചേർന്നു കിടന്നു….

“ആ ആഭരണങ്ങൾ ഊരി അമ്മയെ ഏല്പിച്ചിട്ട് വാ എനിക്കിതിന്റെ ഒച്ചയും ബഹളവും കേൾക്കുമ്പോളേ ദേക്ഷ്യം വരണു “

ഞാനെണീറ്റു താലിമാലയൊഴികെ എല്ലാം ഊരി ജ്വല്ലറിപെട്ടിയിലേക്ക് അടുക്കി അതെടുത്തു എന്റെ പെട്ടിയിൽ വച്ചു പൂട്ടി..എല്ലാം കണ്ട് ഒന്നു തറപ്പിച്ചു നോക്കിയതല്ലാതെ ആളൊന്നും മിണ്ടിയില്ല.

ലൈറ്റണച്ചു കിടന്നതേ  ഓർമയുള്ളു ക്ഷീണം കാരണം കണ്ണടഞ്ഞുപോയി……എന്റെ കല്യാണമായിരുന്നെന്നോ ഇതെന്റെ ആദ്യരാത്രിയാണെന്നോ ഭർത്താവിന്റെ കൂടെയാണ് ഞാനുറങ്ങുന്നതെന്നോ യാതൊന്നും ബോധത്തിലില്ലാത്ത ഉറക്കം.

രാത്രിയിലെപ്പോഴോ എന്നെയെന്തോ വലിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചതും ഞാൻ തട്ടിക്കുടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു…എന്നേക്കാൾ ഭാരമുള്ള മറ്റൊരു ശരീരം എന്നെ താഴേക്ക് ഞെരിക്കുന്നു  അത് താങ്ങാൻ എനിക്ക് കഴിയുന്നില്ല…

എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും ബലിഷ്ഠമായ കൈകളെന്നെ താഴേക്ക് വലിച്ചടുപ്പിക്കുന്നു…

ഉറക്കെ നിലവിളിക്കാനായി ഞാൻ വാ തുറന്നതും ആ കൈകളെന്റെ വാ പൊത്തി..തീക്കനലിന്റെ ചൂടുള്ള ഉഛ്വാസവായു ചെവിയിൽ തട്ടി….വേദനിപ്പിച്ചു കൊണ്ട് മീശയെന്റെ മുഖത്തുരയുന്നുണ്ട്…

“ഞാനാണ് പാറു…എന്തൊരു കിടപ്പാണ് നിന്റെ..കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല…ഒരുദിവസം പോലും കളയാനില്ല എനിക്ക്…”

എന്റെ മറുപടി മഹിയേട്ടൻ പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി…എന്നെയടക്കിപിടിച്ചു ബലമായി അയാളെന്നിലേക്കമരുമ്പോൾ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

കുറച്ചു നേരത്തെ കഠിനമായ വേദനയ്‌ക്കൊടുവിൽ മഹിയെട്ടനെന്റെ മുകളിൽ തളർന്നു വീണതു ഞാനറിഞ്ഞു….

ഒന്നും മിണ്ടാതെയും ചോദിക്കാതെയും കവർന്നെടുക്കുന്നതാണോ ദാമ്പത്യം….ഇതാണോ മുന്നോട്ടുള്ള ജീവിതം.

തൊട്ടരികെ കിടക്കുന്ന ആൾ വേണ്ടപെട്ടവനാണെങ്കിലും അപരിചിതത്വം മാറുന്നില്ല….അതേ  അപരിചിതർ തന്നെ…ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാലും മനസ്സിനേറ്റ മുറിവുകൾക്ക് മോചനമില്ല.

വലിച്ചുപറിച്ചു കളഞ്ഞ തുണികൾ വാരിപൊതിഞ്ഞു പതിയെ എഴുന്നേറ്റ് വേച്ചുവേച്ചു ബാത്റൂമിലേക്ക് നടക്കുമ്പോൾ ഞാൻ കണ്ടു…എന്റെ ഓരോ കാൽപാടും ചുവന്ന അടയാളങ്ങൾ അവശേഷിപ്പിക്കുന്നത്…

കഴുത്തിൽ താലി കെട്ടി സ്വന്തമാക്കിയിട്ടും എന്തിനാണെന്നെ  ബലമായി അനുഭവിക്കുന്നത്…എനിക്കും ഒരു മനസ്സില്ലേ…ഇഷ്ടവും ഇഷ്ടക്കേടുകളും നിറഞ്ഞ ഒരു മനസ്സ്…

കഴിഞ്ഞു പോയ നിമിഷങ്ങളിൽ എന്താണ് നടന്നതെന്ന് ഓർത്തെടുക്കാൻ പോലും എനിക്ക് വയ്യ…ശരീരത്തിനേറ്റ ക്ഷതങ്ങളെക്കാൾ മനസ്സിനേറ്റത് താങ്ങാൻ കഴിയുന്നില്ല…

എന്താണ് ഏതാണ് ഒന്നും മനസ്സിലായില്ല…സമ്മതം പോലും ചോദിക്കാതെ എന്റെ ശരീരം കശക്കിയെറിഞ്ഞിരിക്കുന്നു….

ആരോടും സങ്കടം പറഞ്ഞുകരയാൻ പോലും കഴിയാത്ത വിധം താലി കഴുത്തിൽ മുറുകി കിടക്കുന്നു..അച്ഛന്റെയും അമ്മയുടെയും വിയർപ്പിൽ സ്വരുക്കൂട്ടിയ ലക്ഷങ്ങൾ ചിലവാക്കി കുരുക്കിയ താലി…

നെഞ്ചിലെ വേവൊന്നൊതുങ്ങിയപ്പോൾ ഞാൻ മെല്ലെ വന്ന് മഹിയേട്ടനരികിൽ വന്ന് കിടന്നു…ഉടലാകെ ഇടിച്ചു പിഴിഞ്ഞ വേദന..ദേഹത്തെവിടൊക്കെയോ മുറിപ്പാടുകൾ പുകയുന്നു ….അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞു തൂവുന്നു …

“ഇതിനും മാത്രം കരയാൻ ഞാനെന്തു തെറ്റ് ചെയ്തു…ഇങ്ങനെയൊക്കെ തന്നെയാ എല്ലാരും കല്യാണം കഴിഞ്ഞാൽ…ഞാൻ തിരികെ പോയാലും വീട്ടിൽ  കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞു വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം..”

തിരിച്ചറിവുകളുടെ വെളിച്ചത്തിൽ ഞാനയാളുടെ മുഖത്തേക്ക് നോക്കി….ഇതാണോ…ചിറ്റ പറഞ്ഞ കല്യാണം കഴിഞ്ഞാലുള്ള ഉത്തരവാദിത്തം…

മനസ്സ് തുറന്ന് ആരാണെന്നു അറിയും മുൻപേ ബലപ്രയോഗം നടത്തി പ്രാ പിക്കുന്നതും നേരംപോക്കിനൊരു കുഞ്ഞിനെ ഗ ർഭപാത്രത്തിൽ നിക്ഷേപിച്ചു അതിനായി ജീവിതം തള്ളിനീക്കുന്നതുമാണോ ദാമ്പത്യം….

അ ടിവയറ്റിലെ നീറ്റൽ സഹിക്കാതായപ്പോൾ കാലുകൾ മടക്കി വയറ്റിലേക്ക് കയ്യമർത്തി വച്ചു ഞാൻ ചുരുണ്ടുകിടന്ന് കണ്ണുകളടച്ചു…

അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ കൊത്തംകല്ലു കളിച്ചു കൂട്ടുകാരുടെ ഇടയിലിരുന്ന് വഴക്കിടുന്ന….മയിലാഞ്ചിയിട്ട കൈകൾ പൊക്കിപിടിച്ചു അമ്മയുടെ കയ്യിൽ നിന്നും ചോറുറുള വാങ്ങിതിന്നുന്ന…പാറുട്ടി തെളിഞ്ഞുവന്നു….ഇനിയൊരിക്കലും തിരികെകിട്ടാത്ത മിഴിവാർന്ന ചിത്രങ്ങളായി….

പാർവതിയും പാത്തുമ്മയും പൗളീനയും അങ്ങനെ ചില ചിത്രങ്ങൾ മാത്രമായി നമുക്കിടയിൽ എവിടൊക്കെയോ ജീവിക്കുന്നുണ്ട് ഇങ്ങനൊരു താലിമാഹാത്മ്യവുമായി..

താലിയുടെ ബലത്തിൽ കിടപ്പറയിൽ ഭാര്യയെ സമ്മതമില്ലാതെ പ്രാ പിക്കുന്നവനും ഇരുട്ടിനെ മറയാക്കി പെണ്ണിനെ പി ച്ചിച്ചീന്തുന്ന അപരിചിതനും എന്തു വ്യത്യാസം…

~ലിസ് ലോന (23.07.2018)