രാധേച്ചി…
Written by Shabna Shamsu
=============
മഴക്കോളറിയിച്ച് തുമ്പികൾ പാറിക്കളിക്കുന്ന ഒരു വൈകുന്നേരം…ചെറിയ മോളുടെ തലയിലെ പേൻ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് നീളമുള്ള ഒരു മുരിക്കിൻ കമ്പും കുത്തി പിടിച്ച് രാധേച്ചി കുത്തനെയുള്ള ഇറക്കം ഇറങ്ങി വീട്ടിലേക്ക് വരുന്നത്…
ഞാൻ എഴുന്നേറ്റ് നഖത്തിലെ ചോ രപ്പാട് കഴുകി കളഞ്ഞ് രാധേച്ചിയുടെ കൈ പിടിച്ച് അകത്തേക്കിരുത്തി…
42 വയസുള്ള രാധേച്ചിയുടെ മകൾ ഇന്നുക്കുട്ടി, രാധേച്ചിക്ക് ഇപ്പഴും അവൾ കുട്ടിയാണ്…ചോറ് വാരി കൊടുത്ത് മുടി പിന്നിയിട്ട് കൺമഷിയിട്ട് കൈ നിറയെ കുപ്പി വളകൾ ഇട്ട്…..
ഇപ്പഴും രണ്ട് വയസിൻ്റെ മാത്രം ബുദ്ധിയുള്ള ഇന്നുക്കുട്ടി സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഞാനാണ് കൊണ്ട് കൊടുക്കാറ്….
അത് വാങ്ങിക്കാനാണ് രാധേച്ചി അന്തി ചോക്കാനായ ഈ നേരത്ത് വീട്ടിലെത്തിയത്…സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് കേട്ടില്ല
വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്നു…ഉണങ്ങി വരണ്ട ചുണ്ടും നാവും…വാക്കുകള് പുറത്ത് വരാതെ വിളറിയ ചിരിയോടെ എൻ്റെ കണ്ണില് നോക്കി നിന്നു…
ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോ ഒറ്റ വീർപ്പിന് കുടിച്ച് തീർത്തു…
രാധേച്ചിയുടെ ഭർത്താവ് ശിവേട്ടൻ കഴിഞ്ഞ വർഷമാണ് മരണപ്പെട്ടത്..മൂന്ന് മക്കൾ…മൂത്തയാളാണ് ഇന്നുക്കുട്ടി..മറ്റ് രണ്ട് പേരെയും കല്യാണം കഴിഞ്ഞു…
പശുവും കറവയും ഒക്കെയായി അന്നന്നത്തെ ചിലവ് കഴിഞ്ഞ് പോകുന്നു..
അറുപത് വയസിനടുത്തേ പ്രായമുള്ളൂവെങ്കിലും നടു വളഞ്ഞ് വടി കുത്തി പിടിച്ചേ രാധേച്ചിക്ക് നടക്കാനാവൂ…
വീട്ടിലുണ്ടാക്കിയ പഴം പൊരിയും അവലും കൊണ്ട് കൊടുത്തപ്പോ ഒന്നും കഴിക്കാൻ തോന്നൂലാന്നും വയറിലെത്തിയാ അപ്പോ തൊട്ട് എരിച്ചിലും ഏമ്പക്കവും ആണെന്ന് പറഞ്ഞ് സ്നേഹപൂർവ്വം നിരസിച്ചു….
“എൻ്റെ മോളേ…എൻ്റെ വയറിൻ്റെ കോലം കണ്ടോ…എന്തേലും കഴിച്ചാ അത് തങ്ങി നിക്കാൻ ഇതിനുള്ളിലെവിടാ ഒരു സ്ഥലം… “
ഒരു ചുവപ്പ് മാക്സിക്ക് മുകളിൽ ശിവേട്ടൻ്റെ ഒരു പഴേ ഷർട്ട് ഇട്ടിട്ടുണ്ട്…
കട്ടിയുള്ള ചാക്ക് നൂല് കൊണ്ട് അരയിൽ മുറുക്കെ കെട്ടി വെച്ചിട്ടുണ്ട്….
ഒരു എല്ലിൻ കൂട്ടത്തിനിടയിൽ ശുഷ്കിച്ച രണ്ട് മുലകളും ഒട്ടിപ്പോയ ഒരു വയറും ….
ഈ കോലം വെച്ചാ ഞാൻ നാല് മിണ്ടാപ്രാണികളെ നോക്കുന്നത്….ഇന്നുക്കുട്ടിക്ക് നാല് മാസമായി മാസക്കുളി ഇല്ലായിരുന്നു….നിന്ന് പോയീന്നാ വിചാരിച്ചത്…ഇന്ന് രാവിലെ രണ്ട് തുടയിലും ചോ രയൊലിപ്പിച്ച് മിറ്റത്തിരുന്ന് മണ്ണില് കളിക്കാ….അ പ്പിയിട്ട് അതിലിരുന്ന് ചന്ദനം അരച്ച പോലെ ആക്കിയിട്ട് എഴുന്നേറ്റ് പോവും മോളേ…
എല്ലാ കാര്യങ്ങളും ഞാൻ ചെയ്ത് കൊടുക്കണം…അര മണിക്കൂറ് കൂടുമ്പോ വിശക്കുന്നൂന്നും പറഞ്ഞ് നിലവിളിക്കും…
ഒരു മനുഷ്യനോട് ഇത്തിരി നേരം വർത്താനം പറഞ്ഞിരിക്കാൻ വരെ പറ്റൂല മോളെ…
ഗുളികയും വാങ്ങി ഇന്നുക്കുട്ടിക്ക് മുന്നേ എന്നെ കൊണ്ടോ വല്ലേന്ന് അൻ്റെ പടച്ചോനോട് പ്രാർത്ഥിക്ക് ട്ടോ ന്നും പറഞ്ഞ് കണ്ണ് തുടച്ച് പോവുന്ന രാധേച്ചിയാണ് ഞാൻ ഈ കൊല്ലം കണ്ട എൻ്റെ മനസ്സുടക്കിയ വനിത…
നമുക്ക് ചുറ്റിലും ഇത് പോലത്തെ നനഞ്ഞ കുറേ ജീവിതങ്ങൾ..രാവാകുന്നതും പകലാകുന്നതും വികാരമേതും കൂടാതെ ഏറ്റ് വാങ്ങുന്നവർ…നനഞ്ഞ മണ്ണിൻ്റെ നിറമുള്ള രാധേച്ചി തോർത്തിനുള്ളിൽ ചുരുട്ടി വെച്ച കനത്ത മുടിയും ആരെയും കാണിക്കാത്ത ഭൂതകാലത്തിൻ്റെ തിളക്കമുള്ള ഓർമകളെ ഒളിപ്പിച്ച കണ്ണിലെ കൃഷ്ണമണിയും സ്വന്തത്തോട് മാത്രം നെഞ്ചുരുക്കി പരിഭവം പറയുന്ന മനസ്സും കൊണ്ട് ഇനിയും ജീവിക്കും…
വീടിന് പുറക് വശത്തെ കോഴിക്കൂടിന് മീതെ അയലിൽ വിരിച്ചിട്ട ഇന്നുക്കുട്ടിയുടെ ചോ രക്കറ കഴുകിയിട്ട പഴയ കോട്ടൺ തുണിയും, വിശന്ന് വാ പൊളിക്കുമ്പോ മൂക്കാതെ പഴുത്ത പഴത്തില് അവില് കുഴച്ചും ചക്ക പുഴുങ്ങിയും പുല്ലരിയുമ്പോ മാന്തിയെടുത്ത മധുരക്കിഴങ്ങ് ചുട്ടതും ഇന്നുക്കുട്ടിക്ക് വാരിക്കൊടുത്ത് എല്ലോളം ഒട്ടിയ വയറിന് മീതെ ചാക്ക് നൂല് വരിഞ്ഞ് കെട്ടി ആലയിലും ചാണകത്തിലും അന്നന്നത്തെ അന്നം കാണാൻ വീർപ്പ് മുട്ടുന്നോർ…
ചിലോർക്ക് പടച്ചോൻ അങ്ങനെയാ….കഷ്ടപ്പാടിൻ്റെ കൂടെ ബോണസും ഇൻക്രിമെൻ്റും ഇൻസെൻ്റീവും ഒക്കെ ചേർത്ത് കനത്തില് കുറേ സങ്കടങ്ങള് കൊടുക്കും…
~Shabna shamsu ❤️