ഒരിക്കൽ പോലും ലക്ഷ്യം കണ്ടെത്താത്ത എന്റെ കല്ല് ആദ്യമായി അന്ന് ലക്ഷ്യം കണ്ടു….

Story written by Manju Jayakrishnan

===============

“കാര്യം പിള്ളേര് പ്രേമമൊക്കെ തന്നെ….പക്ഷെ ഒന്നുമില്ലാതെ വീട്ടിലേക്ക് പെണ്ണിനെ അയച്ചാ നിങ്ങൾക്കൊരു വില കാണില്ല “

ഭാവി അമ്മായിയമ്മയുടെ ഡയലോഗ്  ആണ്…

അമ്പടാ ജിഞ്ചിനാക്കടീ……

അപ്പൊ ചുളുവിൽ സ്ത്രീധനം വേണം….അയിനാണ് ഈ വളഞ്ഞു മൂക്കിപ്പിടിത്തം

നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത  കഞ്ഞിപോലെയാണെന്ന് നാഴികക്ക് നാല്പത് വട്ടം നാമജപം പോലെ പറഞ്ഞ മനുഷ്യൻ അന്തം വിട്ടു കുന്തം വിഴുങ്ങി ആ സൈഡിൽ ഒന്നും മിണ്ടാതെ ഇരുന്നു…

ഡിഗ്രി ഫസ്റ്റിയറിനു പഠിക്കുമ്പോൾ ഓടുന്ന പ ട്ടിയുടെ ഒരു മുഴം പിന്നെ എറിയുമ്പോൾ ആണ് ആ കല്ല് തെറ്റി  ബൈക്കിൽ പോയ പുള്ളിടെ കാലിൽ വീഴുന്നത്…

ഒരിക്കൽ പോലും ലക്ഷ്യം കണ്ടെത്താത്ത എന്റെ കല്ല് ആദ്യമായി അന്ന് ലക്ഷ്യം കണ്ടു….

ബൈക്കിൽ നിന്നു വീണു പുള്ളിടെ  കാല് രണ്ടായി ഒടിഞ്ഞു…നാട്ടുകാരുടെ  ‘സ്നേഹം’ കാരണം വീട്ടിലുള്ള അച്ഛനും  അമ്മയും തുമ്മിയത്തിന് യാതൊരു കയ്യും കണക്കും ഇല്ല…

പിന്നീട് വഴിയിൽ വച്ചു കാണുമ്പോൾ ഒക്കെ പുള്ളി എന്റെ കയ്യിൽ സൂക്ഷിച്ചു  നോക്കും…അങ്ങനെ ആ നോട്ടം എന്റെ  കണ്ണുകളിലെക്കായി….

പെണ്ണുങ്ങളുടെ മെയിൽ വീക്നെസ് എന്ത് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ “സെന്റിമെൻസ് “….

തുടക്കം സെന്റിയിൽ ആയത് കൊണ്ട്    പാരഗൺ ചെരുപ്പ് അധികം തേയാതെ നല്ല രീതിയിൽ ഞാൻ വളഞ്ഞു

സൂചി കുത്താൻ നെഞ്ചിൽ അങ്ങേരു സ്ഥലം തന്നപ്പോൾ ആ ഗ്യാപ്പിൽ ഞാൻ തൂമ്പാ കേറ്റി അങ്ങ് നിലയുറപ്പിച്ചു

ഞങ്ങൾ തമ്മിലുള്ള മുടിഞ്ഞ പ്രേമം നാടു മുഴുവൻ പരന്നു…താമസിയാതെ  എന്റെ വീട്ടിലും അത് എത്തി

അങ്ങനെ പെണ്ണുകാണാൻ വന്ന സീൻ ആണ് ഈ നടക്കുന്നത്

“ഇവന്റെ മൂത്തത് സീമക്ക് ഞങ്ങൾ  കൊടുത്തത് നൂറു പവൻ ആണ്. അതും പത്തു വർഷം മുന്നേ….. “

പാരമ്പര്യമായി സ്ത്രീധനം ഉളുപ്പില്ലാതെ ചോദിക്കാൻ ഉള്ള ഒരു രീതി ഇതാണ്…

അല്ലെങ്കിൽ ഒരു മാസ്സ് ഡയലോഗ് ആണ്

“നിങ്ങളുടെ കൊച്ച്…നിങ്ങൾക്കിഷ്ടം ഉള്ളത് കൊടുക്കാം..പക്ഷെ ഒട്ടും കുറയില്ല എന്ന് ഞങ്ങൾക്ക് അറിയാം “

കാള വാല് പൊക്കിയത് കണ്ടപ്പോഴേ അച്ഛൻ ഒരു മൂളൽ തുടങ്ങി….

കൂടുതൽ വളച്ചു കെട്ടാൻ താല്പര്യമില്ലാതെ ഞാൻ ഉള്ള കാര്യം അങ്ങ് പറഞ്ഞു

എന്റെ പോന്നു അമ്മച്ചി ഇവിടെ കൊടുക്കാൻ നല്ല 916 സ്നേഹം ഉണ്ട്‌….അല്ലാതെ പൊന്നും പണോം ഒക്കെ വേണോങ്കിൽ വന്ന സ്ഥലം മാറിപ്പോയി..

പിന്നെ……………….

കല്യാണത്തിനുള്ള ചിലവ് നമ്മൾ രണ്ടു  വീട്ടുകാരും കൂടെ ഷെയർ ചെയ്യാം എന്ന് പറയാൻ ഇരിക്കുവായിരുന്നു…പണ്ടത്തെ പോലെ  പെൺ വീട്ടുകാരുടെ തലയിൽ മൊത്തം  ചിലവ് വയ്ക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേരണ പണി അല്ലല്ലോ..

ഈ കല്യാണം നടന്നാലും ശരിയാവില്ല അമ്മേ…

ഒള്ളത് വിറ്റും പെറുക്കി കെട്ടിച്ചു വിട്ടു എന്ന് തന്നെ കരുതുക…അപ്പോൾ നിങ്ങൾക്കത് കുറഞ്ഞു പോയി എന്ന്  തോന്നും…

പിന്നെ ഗാർഹികപീ ഡനം….വെറുതെ എന്തിനാ….ഞാൻ എന്റെയീ കൊച്ചു വീട്ടിൽ നിൽക്കട്ടെ…

അങ്ങനെ ചോദിക്കുന്ന കാശും  പൊന്നും കൊടുത്തു ഒഴിവാക്കാൻ ഞാൻ ഇവർക്ക് ഒരു ഭാരവും അല്ല

“പെണ്ണല്ലേ ഇനിയൊരു ബന്ധം കിട്ടാൻ പാടാകും എന്ന് നിങ്ങൾക്ക് തോന്നും… ” ഇപ്പോഴത്തെ തലമുറ അങ്ങനെ  ചിന്തിക്കില്ല….

ഇനി അങ്ങനെ വന്നാലും സ്വന്തം  കാലിൽ നിൽക്കാൻ പറ്റുന്ന അത്രയും കാലം ഞാൻ ആരുടെയും മുന്നിൽ  തലകുനിക്കാതെ അഭിമാനത്തോടെ ജീവിക്കും…

അല്ലേ അച്ഛാ എന്നു പറഞ്ഞു ആ  നെഞ്ചിലേക്ക് ചായുമ്പോൾ ‘പിന്നല്ലാതെ’ എന്ന് ആ മനസ്സു പറയുണ്ടായിരുന്നു

അച്ഛനും പൊളി മകളും പൊളി എന്നാ പിന്നെ ഈ മകനും പൊളി ആയേക്കാം അല്ലേ അമ്മേ എന്നു പറഞ്ഞു സുധിയേട്ടൻ അമ്മയെ ചേർത്തു  പിടിക്കുമ്പോൾ ഞാനും അച്ഛനും  പരസ്പരം നോക്കി

“എന്റെ പോന്നു പിള്ളേച്ചാ…ഞങ്ങൾക്കീ  കുറുമ്പിക്കാളിയെ ഇങ്ങു തന്നാൽ മതി.. “

ഈ ചെക്കൻ പറഞ്ഞിട്ടാ ഈ നാടകത്തിനോക്കെ ഞാൻ നിന്ന്  കൊടുത്തേ…ഇവൾ ഇങ്ങനെ വാല് മുറിഞ്ഞു നിൽക്കുന്നത് കാണാൻ അവൻ ഒപ്പിച്ച ഒരു കുസൃതി ആയിരുന്നു…

ഒരു കൊച്ചിനെ വളർത്തി വലുതാക്കി പഠിപ്പിക്കാൻ ഉള്ള പാട് എനിക്ക് അറിയാം…അതിന്റെ ഇടക്ക് സ്ത്രീധനം ഒക്കെ ചോദിച്ചു വരുന്നോരെ മടൽ വെട്ടി അടിക്കണം….

കല്യാണത്തിന്റെ ചിലവ് പാതി അല്ലാട്ടോ മുഴുവൻ ഈ ഞാനാ നോക്കുന്നെ എന്ന് പറഞ്ഞു അമ്മ എന്റെ കയ്യിൽ വള ഇടുമ്പോൾ ആ സ്നേഹത്തിനും 916 മാറ്റ് തന്നെ ആയിരുന്നു…