കത്ത് വായിച്ച് തീർന്നതും ഷാൻ ഉമ്മയെ ഇടങ്കണ്ണിട്ടൊന്ന് നോക്കി. തിരിച്ച് ഉമ്മ ഷാനിനെ ദയനീയമായും നോക്കി…

ഊമക്കത്ത്

Story written by Shaan Kabeer

===========

“നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതമുണ്ട്”

ആ ഊമക്കത്ത് കയ്യിൽ കിട്ടിയപ്പോൾ ആയിഷുമ്മയുടെ കണ്ണ് നേരെപോയത് ഈ വരികളിലേക്കായിരുന്നു. അവർക്ക് തല കറങ്ങുന്നപോലെ തോന്നി.

അപ്പോഴാണ് തന്റെ ഫേസ്ബുക്ക് കാമുകിയോട് രഹസ്യമായി വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന ഷാൻ കബീർ കയ്യിൽ കത്തും പിടിച്ച് ചുറ്റിക്കറങ്ങുന്നത് കാണുന്നത്. ഷാനിന്റെ ചങ്കൊന്ന് പിടച്ചു

“ഞാൻ തേച്ചിട്ട് പോയ വല്ല കാമുകിമാരും ഉമ്മാക്ക് കത്തെഴുതി പണി തന്നതാണോ”

കാസിനോവയെ മനസ്സിൽ ധ്യാനിച്ച് വീഡിയോ കോളിലുള്ള കാമുകിയെ നോക്കി, ടാ, മുത്തുസേ ഇപ്പൊ വിളിക്കാടാ എന്നും പറഞ്ഞ്  ഷാൻ കബീർ ഉമ്മയുടെ അടുത്തേക്കോടി. നിലത്ത് വീണുകിടക്കുന്ന ഉമ്മയെ പതുക്കെ പിടിച്ച് എഴുന്നേൽപ്പിച്ച് വെള്ളം കൊടുത്ത് ഷാൻ ഉമ്മയുടെ കയ്യിൽ നിന്നും ആ കത്ത് വാങ്ങി വായിച്ചു

“പ്രിയപ്പെട്ട ആയിഷുമ്മ, ഞാൻ ഈ കത്തെഴുതുന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്. ഇത് നിങ്ങളോട് പറയാതിരുന്നാൽ ശരിയാവില്ല. അതോണ്ടാണ് അതോണ്ട് മാത്രാണ് ഞാനീ കത്തെഴുതുന്നത്. ഞാൻ നിങ്ങളുടെ കുടുംബവുമായി അടുത്ത് നിൽക്കുന്ന ആളുത്തന്നെയാണ്, പക്ഷേ എന്റെ പേരോ വിവരങ്ങളോ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

“നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതമുണ്ട്. നിങ്ങളുടെ ഭർത്താവിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. പക്ഷേ, സ്വന്തം ഉപ്പയെപ്പോലെ കാണേണ്ട ആ മനുഷ്യനെ അവൾ അതായത് ആ ഇളക്കക്കാരി ഷാഹിന വശികരിച്ച് കയ്യിലാക്കിയതാണ്. കൂടുതലൊന്നും ഞാൻ പറയുന്നില്ല. ഇനിയും സമയം വൈകിയിട്ടില്ല, എത്രയും പെട്ടന്ന് ആ ഇളക്കക്കാരിയുടെ കയ്യിൽ നിന്നും നിങ്ങളുടെ ഭർത്താവിനെ മോചിപ്പിക്കുക. എന്ന് ആയിഷുമ്മയുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു കുടുംബക്കാരി”

കത്ത് വായിച്ച് തീർന്നതും ഷാൻ ഉമ്മയെ ഇടങ്കണ്ണിട്ടൊന്ന് നോക്കി. തിരിച്ച് ഉമ്മ ഷാനിനെ ദയനീയമായും നോക്കി. ഷാൻ ആ കത്തും പിടിച്ച് ഭാര്യയുടെ അടുത്തേക്ക് പോയി. കത്ത് വായിച്ചതും ഷാഹിന ഞെട്ടിത്തരിച്ച് കട്ടിലിൽ ഒറ്റ ഇരിപ്പായിരുന്നു. ഷാൻ അവളെ നോക്കി പുഞ്ചിരിച്ചു

“ഷാഹീ, എനിക്ക് നിന്നെയും അറിയാം എന്റെ ഉപ്പാനേം അറിയാം. ഈ വീട്ടിൽ എല്ലാവർക്കും നിന്നോടുള്ള സ്നേഹം കണ്ടിട്ട് ആരോ കുത്തിത്തിരിപ്പുണ്ടാക്കാൻ ചെയ്തതാണ് ഇത്”

ഒന്ന് നിറുത്തിയിട്ട് ഷാൻ തുടർന്നു…

“നമ്മളുടെ വീടുമായി അത്രേം അടുത്ത് നിൽക്കുന്ന ആരോ ചെയ്തതാണ് ഇത്. അതുറപ്പാണ്”

അന്ന് മുഴുവൻ ഷാൻ ആ കത്ത് എവിടുന്നാ വന്നേ എന്ന് ആലോചിച്ച് നെട്ടോട്ടമോടി. അന്ന് രാത്രി ഷാൻ കുറേപേർക്ക് കോൾ ചെയ്തു. പെട്ടന്ന് ഷാനിന്റെ ഫോണിന് നെറ്റ്‌വർക്ക് ഇഷ്യൂ വന്നപ്പോൾ അവൻ ഇക്കയുടെ ഭാര്യയുടെ ഫോൺ മേടിച്ച് കുറച്ച് പേർക്ക് കൂടി വിളിച്ചു. വീട്ടിൽ എല്ലാവരും നല്ല ടെൻഷനിൽ ആയിരുന്നു.

പിറ്റേ ദിവസം ഷാൻ ഉപ്പയേയും ഉമ്മയേയും കൂട്ടി ഷാനിന്റെ ഇക്കയുടെ ഭാര്യ വീട്ടിൽ പോയി. കൂടെ ഇക്കയുടെ ഭാര്യയേയും ഷാഹിനയേയും കൂട്ടി. വീട്ടുകാർ അവരെ ചിരിച്ച മുഖത്തോടെ സ്വീകരിച്ചു. കൂടുതൽ ഒന്നും ആലോചിക്കാതെ ഷാനിന്റെ ഉമ്മ ഇക്കയുടെ അമ്മായിയമ്മയുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. അടി കിട്ടിയപ്പോൾ അവർക്ക് കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലായി. ഷാൻ ഇത്തയെ നോക്കി

“എന്റെ പൊന്നാര ഇത്താ, ഞാനിന്നലെ ഇങ്ങളെ ഫോൺ മേടിച്ചത് എന്റെ ഫോണിൽ നെറ്റ്‌വർക്ക് ഇല്ലാഞ്ഞിട്ടല്ല. എനിക്കറിയായിരുന്നു നമ്മുടെ വീട്ടിലുള്ള ആരേലും ആവും ആ കത്ത് എഴുതിയത് എന്ന്. ഇങ്ങളെ ഫോൺ നോക്കിയപ്പോഴാണ് വാട്സാപ്പിൽ ഇങ്ങളെ ഉമ്മയുടെ മെസ്സേജ്, മോളേ ആ കത്ത് ഏറ്റോ എന്ന്”

പുച്ഛത്തോടെ ഷാൻ ഇത്തയുടെ ഉമ്മയെ നോക്കി

“നാണമില്ലേ നിങ്ങൾക്ക്…? സ്വന്തം മോൾ ഭർത്താവിന്റെ വീട്ടിലെ കുറ്റങ്ങൾ വന്ന് പറയുമ്പോൾ അത് സത്യാണോ എന്ന് ചോദിച്ച് മനസ്സിലാക്കി ഞങ്ങളെ തിരുത്തുക അല്ലങ്കിൽ സ്വന്തം മോൾക്ക് നല്ല ഉപദേശം കൊടുക്കുക”

ഷാനിന്റെ ഉമ്മ മൂത്ത മരുമോളെ നോക്കി

“എനിക്ക് നീയും ഷാഹിനയും ഒരേപോലെയാണ് പക്ഷേ, നീ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ച് കൂട്ടി എന്ത്‌ തോന്നിവാസമാണ് കാട്ടിക്കൂട്ടിയത്. ഇനി ഷാഹിനയോട് ഞങ്ങൾക്ക് എന്തെങ്കിലും ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനുള്ള ഇപ്പൊ മനസ്സിലായില്ലേ…? ഇതാണ് നീയും അവളും തമ്മിലുള്ള വ്യത്യാസം”

ഷാൻ ഇത്തയുടെ ഉമ്മയെ നോക്കി

“ഈ ഊമക്കത്തൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ ഉമ്മാ, ഇങ്ങനെ ഒരു വെള്ള പേപ്പറിൽ എഴുതി അയക്കുന്ന തോന്നിവാസം കാരണം പണ്ടൊക്കെ എത്രയെത്ര കുടുംബങ്ങൾ നശിച്ചിട്ടുണ്ടാകും…കഷ്ടം”

അപ്പോഴാണ് ഇത്തയുടെ ഫോൺ ശബ്ദിച്ചത്, ഷാനിന്റെ ഇക്ക ആയിരുന്നു അത്

“ന്റെ മുത്തിന്റെ ഉമ്മാക്ക് കിട്ടേണ്ടതൊക്കെ കിട്ടിയില്ലേ…?സന്തോഷമല്ലേ…? എന്തേലും കുറവുണ്ടേൽ ഷാനിനോട് പറഞ്ഞാൽ മതി, അവൻ ഉമ്മാന്റെ അടുത്തുനിന്നും വാങ്ങിത്തരും. പിന്നെ നിനക്കുള്ളത് ഞാൻ വന്നിട്ട് തരാം”

ഒന്ന് നിറുത്തിട്ട് ഇക്ക ഒന്നൂടെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു

“ഈ സ്നേഹം, വാത്സല്യം, പ്രണയം എന്നൊക്കെ പറയുന്നത് പിടിച്ചെടുക്കാൻ ശ്രമിക്കരുത്. നമ്മളുടെ മനസ്സ് നല്ലതാണെങ്കിൽ അത് ബെൻസ് കാറിൽ ഏസിയിട്ട് നമ്മളെ തേടിവരും”

~ഷാൻ കബീർ

എന്റെ കുട്ടിക്കാലത്തൊക്കെ ഊമക്കത്ത്  കൊണ്ട് തകർന്ന ഒരുപാട് കുടുംബങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അതൊക്കെ ചിന്തിച്ചപ്പോൾ വെറുതേ ഒരു സങ്കല്പിക കഥ എഴുതി, അത്രേ ഒള്ളൂ. ഇത് വായിക്കുന്ന ചിലരുടെ ജീവിതത്തിലെങ്കിലും ഊമക്കത്ത് വില്ലനായിട്ടുണ്ടാകാം.