തെറ്റും ശരിയും ഒപ്പം ഭ്രാന്തും…
Story written by Kannan Saju
==============
“ഡാ ഉണ്ണീ…വേണ്ട മോനെ…അമ്മ പറയാനാ കേക്ക്…അച്ഛനെ തല്ലല്ലേടാ…മോനെ “
മ ദ്യപിച്ചു നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനു ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ടു മർദിച്ചു കൊണ്ടിരിക്കുന്നു…കണ്ടു നിക്കുന്ന അമ്മ വാവിട്ടു കരയുന്നു…
“അമ്മ ഒന്ന് മിണ്ടാതിരിക്കണ്ടോ???? ഈ നാറിനേം കൊണ്ട് ഞാൻ മടുത്തു…ഓർമ്മ വെച്ച അന്ന് തുടങ്ങിയ കുടിയാണ്. എന്നും ഈ തമ്മിൽ തല്ലും വഴക്കും…എത്ര ദിവസം നമ്മളെ പട്ടിണിക്ക് ഇട്ടിട്ടു ഇയ്യാൾ കുടിച്ചു കൂ ത്താടി വന്നിട്ടുണ്ട്… “
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…മ ദ്യത്തിൽ മുങ്ങി നിന്നിരുന്ന അയ്യാൾ ബോധമില്ലാതെ തല കീപ്പൊട്ടിട്ടു വീണ്ടും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…
“കുടിക്കുടാ….**** മോനെ ഞാൻ ഇനിയും കുടിക്കും…വീഴും വരെ കുടിക്കും..നീ അപ്പനെ തല്ലൂലേടെ **** ഉണ്ടായവനെ “
“എന്തിനാ ഈ നശിച്ച ജീവിതം ഏട്ടാ??? എത്ര തവണ പറഞ്ഞു നമുക്ക് എന്റെ വീട്ടിലേക്കു പോവാന്ന്??? “
മകനെ അടുത്തേക്ക് ചേർത്ത് പിടിച്ചു ഉണ്ണിയുടെ ഭാര്യ അഞ്ചു പറഞ്ഞു…
“ഇവിടെ നിന്ന ഇയ്യാളുടെ തെ റി കേട്ടു കേട്ടു നമ്മുടെ കൊച്ചും പി ഴച്ചു പോവും “
“അയ്യോ ! മോളെ…അങ്ങനെ പോവല്ലേ..പിന്നെ എനിക്കിവിടെ ആരാ ഉള്ളത്??? ” അമ്മ കരഞ്ഞു കൊണ്ട് അവളെ നോക്കി
“അമ്മക്ക് അമ്മേടെ കെട്ട്യോൻ ഇല്ലേ…? അത് പോരെ??? “
അവളുടെ വാക്കുകൾ കേട്ടു അമ്മ ഉണ്ണിയെ നോക്കി…
“മടുത്തമ്മേ…നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു മടുത്തു..ഇത്രേം നാൾ വീട്ടുകാർക്ക് മാത്രമേ ഉപദ്രവം ഉണ്ടായിരുന്നുള്ളു..ഇപ്പൊ നാട്ടുകാർക്കും ആയി….കുടിച്ചു ബോധം ഇല്ലാതെ റോഡിൽ വീണു കിടക്കുക…വഴക്കുണ്ടാക്കുക…സ്ത്രീകളെ തുണി പൊക്കി കാണിക്കുക..ഇയ്യാളെ ഇനിയും ചുമക്കാൻ എനിക്ക് വയ്യ…ഞങ്ങളിറങ്ങാ… “
ശേഷം അഞ്ജുവിനെ നോക്കി…. “എടുക്കാൻ ഉള്ളത് എന്നാന്നു വെച്ചാ എടുത്തു വെച്ചോ…ഇപ്പൊ തന്നെ ഇറങ്ങണം “
അമ്മയുടെ കണ്ണുകൾ നിശ്ചലമായി…അവർ തന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി…കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി..അമ്മ മെല്ലെ കസേരയിലേക്ക് ഇരുന്നു…
അഞ്ജുവും ഉണ്ണിയും മകനെയും കൂട്ടി ഭാഗമായി പുറത്തേക്കിറങ്ങി..അഞ്ചു അമ്മയെ നോക്കാതെ കാറിന് അരികിലേക്ക് നടന്നു…ഉണ്ണി മെല്ലെ അമ്മയുടെ അരികിൽ നിന്നു…
“മടുത്തമ്മേ…അമ്മ പേടിക്കണ്ട..അമ്മക്ക് വേണ്ടതെല്ലാം ഞാൻ ഇവിടെ എത്തിച്ചോളാം ” എന്നും പറഞ്ഞു അമ്മയുടെ തോളിൽ കൈ വെച്ചതും അമ്മ മറിഞ്ഞു നിലത്തേക്ക് വീണു..ഉച്ചത്തിൽ ഉള്ള ഉണ്ണിയുടെ വിളിക്കും അമ്മയുടെ കാതുകളെ തുറപ്പിക്കാൻ ആയില്ല!
അവന്റെ കണ്മുന്നിൽ അമ്മയുടെ ചിത എരിഞ്ഞു കൊണ്ടിരുന്നു..ചങ്കു പൊട്ടി മരിച്ച അമ്മയുടെ മുഖവും കുടിച്ചു അലമ്പുണ്ടാക്കുന്ന അച്ഛന്റെ മുഖവും മനസ്സിൽ മാറി മാറി വന്നു..ചിത എരിഞ്ഞടങ്ങുതോറും അച്ഛനോടുള്ള പക ഉള്ളിൽ ആളി കത്താൻ തുടങ്ങി…
അമ്മയുടെ ചിത എരിയുമ്പോൾ പോലും പിന്നാമ്പുറത്തെ വിറകുപുരയിൽ ഇരുന്നു മടുപ്പിക്കുന്ന അച്ഛന്റെ കാഴ്ച ഉണ്ണിയുടെ സമനില തെറ്റിച്ചു.
*******************
മെന്റൽ ഹോസ്പിറ്റലിൽ.
“മ ദ്യം അമിതമായി ഉപയോഗിക്കുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഉണ്ണി ഇതെല്ലാം…അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞാൽ അച്ഛൻ നോർമൽ ആവും..ഒരു പരിധിയിൽ കൂടുതൽ ഉള്ള ഉപയോഗം സമനില തെറ്റിക്കും..അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്… “
“ഇനിയും ഒരു പരീക്ഷണത്തിനു വയ്യ ഡോക്ടർ ! എനിക്കിപ്പോ 32 വയസ്സായി..എന്റെ ഓർമ വെച്ച നാൾ മുതൽ അയ്യാൾ ഇങ്ങനാണ്…ഇനി അത് മാറ്റി എടുക്കാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല…ഡോക്ടർ ശ്രമിച്ചു നോക്ക്..നടന്നാൽ നല്ലത്..ഞാൻ എന്തായാലും അവളുടെ ആങ്ങളയുടെ അടുത്തേക്ക് പോവാണ്..ഖത്തർ…അവളേം മോനേം കൊണ്ട് പോവാണ്..ഇനി ഒരു മടങ്ങി വരവ് ഇയ്യാളുടെ അടുത്തേക്ക് ഉണ്ടാവില്ല..അത്രക്കും വെറുത്തു പോയി ഞാൻ…എന്റെ അമ്മ ചിരിച്ചു കണ്ട ഓർമ പോലും ഇല്ലെനിക്ക്…ഇവിടുത്തെ ട്രീറ്റ്മെന്റ് കഴിയുമ്പോൾ ഓൾഡ് എജ് ഹോമിലെ ആളുകൾ വരും..ഞാൻ എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്..പിന്നെ എനിക്ക് തല്ലേണ്ടി വന്നു…ആദ്യമായും അവസാനമായും..അത് ഉള്ളിൽ നിന്നും പോവുന്നില്ല ഡോക്ടർ..ഉറങ്ങാൻ പറ്റിയിട്ടില്ല..അമ്മ പോവാൻ ഒരു കാരണക്കാരൻ ഞാനും ആണ് ഡോക്ടർ “
“ഉണ്ണി…അങ്ങനൊന്നും ഇപ്പൊ ചിന്തിക്കേണ്ട…കഴിഞ്ഞു പോയതൊന്നും തിരുത്താൻ നമുക്ക് കഴിയില്ല..നഷ്ടപ്പെട്ടതെല്ലാം നഷ്ടപെട്ടത് തന്നെയാണ്..പോവാൻ ഉള്ളവർ പോയി..ഇനി എങ്കിലും ഒരു കാര്യം ചെയ്യും മുന്നേ ചിന്തിക്കുക..ഒരുപാട്..കാരണം അത് ചെയ്തു കഴിഞ്ഞു എത്ര ചിന്തിച്ചിട്ടും ഒരു കാര്യവും ഉണ്ടാവില്ല! “
“പറ്റിപ്പോയി ഡോക്ടർ…. “
“അച്ഛന്റെ കാര്യത്തിൽ ഒന്നുകൂടി ഒന്ന് ചിന്തിച്ചൂടെ…???അദ്ദേഹത്തിന് ഇനി വേറെ ആരാ ഉള്ളത്??? നിങ്ങള് മാത്രല്ലേ ഉള്ളു?? “
“ശരിയാണ് ഡോക്ടർ..പക്ഷെ എന്റെ മനസ്സിൽ അയ്യാൾ എപ്പോഴോ മരിച്ചു “
“അയ്യാൾ..ആ പ്രയോഗം വേണോ ഉണ്ണി “
“ഞാൻ പറഞ്ഞതല്ല….ഉടുക്കത്ത കുടിയും കഴിഞ്ഞു അയ്യാൾ വർഷങ്ങളായി ചെയ്തു കൂട്ടിയ പ്രവർത്തികൾ പറയിപ്പിച്ചതാണ് ഡോക്ടർ…അമ്മയെ തെറി വിളിക്കുന്ന അമ്മയെ തല്ലുന്ന അച്ഛനെ ഏതു മക്കൾക്കാണ് ഡോക്ടർ സ്നേഹിക്കാൻ കഴിയുക “
“ശരിയാണ് ഉണ്ണി..പക്ഷെ അവസാന നാളുകളിൽ അയ്യാൾ ചെയ്തതൊന്നും മനപ്പൂർവം അല്ല… “
“ഡോക്ടർ എന്തൊക്കെ പറഞ്ഞാലും അയ്യാളുടെ കൂടെ ഇനി ജീവിക്കാൻ എനിക്ക് കഴിയില്ല…ഒരു കുറവും വരാതെ നോക്കാൻ ഉള്ള പണം ഞാൻ അയച്ചോളാം “
ഡോക്ടർ മൗനമായി…..
“ഞാൻ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയില്ല ഡോക്ടർ..പക്ഷെ എന്റെ ഗതി അതെന്റെ മകനും വരരുത്..നല്ലൊരു അന്തരീക്ഷത്തിൽ അവനെ എനിക്ക് വളർത്തണം “
ഇറങ്ങാൻ നേരം ജനാലയിലൂടെ ഉണ്ണി അച്ഛനെ അവസാനമായി ഒന്ന് നോക്കി…നല്ല ഉറക്കം ആണ്…
“സാറ് പേടിക്കണ്ട…ഇനി അച്ഛൻ കുടിക്കില്ല…ഇവിടുന്നു അനങ്ങാൻ ഞങ്ങൾ സമ്മതിക്കില്ല ” ഒരു സ്റ്റാഫ് ഉണ്ണിയോടായി പറഞ്ഞു….
ഉണ്ണി മെല്ലെ വരാന്തയിലൂടെ നടന്നു നീങ്ങി..തലോടിയ ഓർമ്മകൾ ഇല്ല..താരാട്ട് പാട്ടുകൾ ഇല്ല…ഓർമയിൽ ഉള്ളത് തെറിവിളിയും അടിയും മാത്രം… “ഉള്ളിൽ വേദന ഉണ്ടോ? ” അവൻ സ്വയം ചോദിച്ചു.. ” ഉണ്ടാവും…അല്ലെ????..ഏയ്???? എന്തിനു??? ” അറിയാതെ എപ്പോഴോ കണ്ണുകൾ നിറഞ്ഞു…
അച്ഛനെ തല്ലിയ ഉള്ളം കൈകളിലേക്ക് നോക്കി…ഒരു തുള്ളി കണ്ണുനീർ ആ കൈകളിൽ വീണു
“കുറ്റബോധം തോന്നുന്നുണ്ടോ ഉണ്ണീ??? ” അവൻ സ്വയം ചോദിച്ചു…. ” ഉണ്ട് ” അവൻ തന്നെ ഉത്തരം പറഞ്ഞു… ” അന്നും തല്ലാൻ നിക്കാതെ വേണെങ്കിൽ ഇവിടെ കൊണ്ടിടായിരുന്നു… “
“എന്തെ വല്ലാണ്ടിരിക്കണേ???? ” അഞ്ചു ചോദിച്ചു
“ഏയ് ഒന്നുല്ല “
“കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ?? “
“ഒന്നുല്ലടോ “
ഉണ്ണി വണ്ടി മുന്നോട്ടെടുത്തു….വൈകാതെ വിദേശത്തേക്ക് യാത്രയായി…..
മ ദ്യം കിട്ടാതെ അയ്യാൾ ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു..സ്റ്റാഫുകൾ അയ്യാളെ പൊതിരെ തല്ലി…ബലം പിടിക്കുമ്പോൾ എല്ലാം അവർ ലാത്തിപോലൊരു വടി വെച്ചു അടിക്കും..അടികൊണ്ട് പേടിച്ചു അയ്യാൾ മൗനം പാലിച്ചു..വിത്‌ഡ്രോവൽ സിംപ്റ്റംസ് മാറി തുടങ്ങിയതും അയാളിലെ മനുഷ്യ ജീവി ഉണർന്നു…
“എന്റെ മോനെ എനിക്കൊന്നു കാണാൻ പറ്റുവോ ഡോക്ടർ? “
” സോറി…അദ്ദേഹം വിദേശത്താണ് “
“ഓ..അപ്പൊ എന്റെ ഭാര്യയെയും അവൻ കൊണ്ട് പോയോ???അവളും ഇതുവരെ എന്നെ കാണാൻ വന്നില്ലല്ലോ?? “
ഒരു ഞെട്ടലോടെ ഡോക്ടർ അയ്യാളെ നോക്കി…. “തനിക്കൊന്നും ഓർമയില്ലേ??? “
“എന്താ ഡോക്ടർ??? “
ഡോക്ടർ ഉണ്ണി പറഞ്ഞ കാര്യങ്ങളും അന്ന് നടന്നതും എല്ലാം അയാൾക്ക് പറഞ്ഞു കൊടുത്തു..ജീവിതത്തിൽ ആദ്യമായി തന്റെ ഭാര്യയെ ഓർത്തു അയ്യാൾ കണ്ണ് നീര് പൊഴിച്ചു…..
“ഞാൻ ഉണ്ണിയോട് സംസാരിച്ചു നോക്കാം “
അയ്യാൾ പ്രതീക്ഷയോടെ കണ്ണുകൾ തുടച്ചു…
ഡോക്ടർ ഉണ്ണിയുമായി ഫോണിൽ സംസാരിച്ചു
“സോറി ഡോക്ടർ…അയാൾക്ക് മനസ്സിൽ ഒരായിരം ബലി ഞാൻ ഇട്ടു കഴിഞ്ഞു…അയ്യാൾ മരിക്കുകയാണെങ്കിൽ കർമ്മങ്ങൾ എല്ലാം കഴിഞ്ഞു ആ ചിതാ ഭസ്മം എനിക്ക് അയച്ചു തന്നാൽ മതി “
“ഉണ്ണി പ്ലീസ്…നിങ്ങളുടെ ആരുടെ ഭാഗത്താണ് തെറ്റും ശരിയും എന്നൊന്നും പറയാൻ എനിക്കറിയില്ല..അദ്ദേഹം നാളിത്രയും ചെയ്തതും തെറ്റായിരിക്കാം..പക്ഷെ ജീവിതം ഒന്നല്ലേ ഉള്ളു..മനസ്സിലാക്കാൻ ഒരവസരം അച്ഛന് കൊടുത്തു കൂടെ??? “
“സോറി ഡോക്ടർ… ” അയ്യാൾ ഫോൺ വെച്ചു…
ഉണ്ണി പറഞ്ഞതനുസരിച്ചു വൃദ്ധസദനത്തിൽ നിന്നും ആളുകൾ എത്തി…അച്ഛനെ അങ്ങോടു കൂട്ടികൊണ്ട് പോയി..അച്ഛന്റെ ചിലവിനുള്ള പൈസ മുടങ്ങാതെ അവിടെ എത്തിക്കൊണ്ടിരുന്നു…
“നിങ്ങളിതാരെയാ കാർന്നോരെ എന്നും ഈ വാതിൽക്കൽ വന്നു നോക്കി ഇരിക്കണത്??? “
ഉമ്മറത്തെ വരാന്തയിൽ റോഡിലോട്ട് കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ പിന്നിൽ വന്നു നിന്നുകൊണ്ട് മറ്റൊരു വൃദ്ധൻ ചോദിച്ചു
“എന്റെ മോനെങ്ങാനും വന്നാലൊന്നു കരുതി…എന്നെ കാണാണ്ട് തിരിച്ചു പോയാലോ??? “
അയ്യാൾ അത് കേട്ടു ചിരിച്ചു…
“തന്നെ അന്വേഷിച്ചു ആരും വരാൻ പോണില്ല “
“അത് തനിക്കു കുശുമ്പും കൊണ്ട് തോന്നുന്നതാ “
“അല്ലെടോ! താൻ മരിക്കുവാണെങ്കിൽ കർമ്മങ്ങൾ കഴിഞ്ഞു ചിതാ ഭസ്മം പാഴ്‌സൽ അയച്ചു കൊടുക്കാന ഡോക്ടറോട് തന്റെ മോൻ പറഞ്ഞെന്നു ഡോക്ടർ വാർഡനോട് പറയണത് ഞാൻ കേട്ടതാ..തനിക്കൊരു കാര്യം അറിയോ?? “
അച്ഛൻ നിറ കണ്ണുകളോടെ അയ്യാളെ നോക്കി…
“ഇന്നുച്ചയ്ക്ക് നമ്മൾ ഉണ്ട സദ്യ ആരുടേയന്നറിയോ? “
“ഏതോ പണക്കാരന്റെ മോന്റെ പിറന്നാൾ ആയിരുന്നില്ലേ?? “
“അതെ..തന്റെ മോൻ ആണ് ആ പണക്കാരൻ എന്ന് മാത്രം…തന്റെ കൊച്ചുമോനെ പിറന്നാളാടോ ഇന്ന് “
അച്ഛന് കണ്ണുനീർ നിയന്ത്രിക്കാൻ ആയില്ല..
“അതെങ്ങനാ..മോനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..കുടിച്ചു ബോധം ഇല്ലാതെ..സ്വന്തം ഭാര്യ മരിച്ചത് പോലും ഓർമയില്ലാത്ത താനാണ് കൊച്ചു മോന്റെ പിറന്നാൾ ഓർത്തിരിക്കാൻ പോണേ…ആ..ഇന്ന് ഏതൊക്കയോ അനാഥലയത്തിലും വൃദ്ധസാധനത്തിലും ഒക്കെ തന്റെ മോൻ ഭക്ഷണം കൊടുക്കണ്ട്..അവരുടെ പ്രാർത്ഥനകൊണ്ട് ഇനിയെങ്കിലും അവനു സമാധാനം കിട്ടട്ടെ “
തന്റെ ഒറ്റ മുണ്ടിന്റെ തുമ്പു കൊണ്ട് അച്ഛൻ കണ്ണുകൾ തുടച്ചു…
മറ്റൊരു വൃദ്ധസധനത്തിൽ.അടുത്ത ദിവസത്തെ അന്തേവാസികൾക്കുള്ള ഭക്ഷണത്തിനുള്ള പണം കൊടുത്തിട്ടു തിരിച്ചു കാറിൽ കയറാൻ തുടങ്ങിയ ഉണ്ണി….
“ഉണ്ണിയേട്ടാ..എന്റെ പെഴസും ഫോണും ആ ടേബിളിൽ വെച്ചു മറന്നു ഒന്ന് എടുത്തോണ്ട് തരോ? ” അഞ്ചു ചോദിച്ചു..
ഉണ്ണി അതെടുക്കാനായി വീണ്ടും വൃദ്ധസാധനത്തിന്റെ അകത്തേക്ക് കയറി.
വൃദ്ധർ നിലത്തു നിരന്നിരുന്നു ഭക്ഷണം കഴിക്കുന്നു. വാർഡനും മറ്റു സ്റ്റാഫും അവർക്കു ചോറ് വിളമ്പുന്നു. ഒരു വൃദ്ധൻ ” മോനെ എനിക്കിത്തിരി സാമ്പാർ തരോ? “
” സാമ്പാരോ???മിണ്ടാതിരുന്നോണം….തന്നത് കഴിച്ചാ മതി…അത്രേ ഉള്ളു “
“പാത്രത്തിൽ സാമ്പാർ ഇണ്ടല്ലോ..കുറച്ചു അയ്യക്കു കൊടുത്തൂടെ മോനെ ? ” അടുത്തിരുന്ന വൃദ്ധൻ ചോദിച്ചു
കലി കയറിയ വാർഡൻ “കുറച്ചക്കണ്ടടാ കിളവ മുഴുവനും വിഴുങ്ങ് ” എന്ന് പറഞ്ഞുകൊണ്ട് ചൂടുള്ള സാമ്പാർ ആദ്യം ചോദിച്ച വൃദ്ധന്റെ മുഖത്തേക്ക് ഒഴിച്ചു..
ഞെട്ടലോടെ ഉണ്ണി ആ രംഗം കണ്ടത്…അയ്യാൾ അഞ്ജുവിന്റെ പെഴസും ഫോണും എടുത്തു വിറക്കുന്നു കൈകളോട് പുറത്തേക്കു നടന്നു…
മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ ഉയരാൻ തുടങ്ങി… “ദൈവമേ, അച്ഛന് വേണ്ടി മാസാ മാസം പണം അയക്കുന്നുണ്ടായിരുന്നു..അവര്തുകൊണ്ട് കൃത്യമായി അച്ഛന് ഭക്ഷണം കൊടുത്തിട്ടുണ്ടാവോ?? ആ വാർഡൻ ഏതു സ്വഭാവക്കാരൻ ആയിരിക്കും??? നിസ്സാരം സാമ്പാർ രണ്ടാമത് ചോദിച്ചതിന് തിളച്ച സാമ്പാർ മുഖത്തേക്ക് ഒഴിക്കെ??? ഈശ്വരാ അച്ഛനോടും അവരങ്ങനെ പെരുമാറുന്നുണ്ടാവോ??? “
കാർ മുന്നോട്ടു നീങ്ങി.. ഓടിക്കുമ്പോൾ കൈകൾ വിറക്കാൻ തുടങ്ങി….
“മൂന്നു കൊല്ലം കഴിഞ്ഞു… ഇതിനിടയിൽ എത്ര തവണ നാട്ടിൽ വന്നു..ഇപ്പൊ വന്നപ്പോഴും ഒന്ന് പോയി നോക്കാൻ തോന്നിയില്ലല്ലോ…ദൂരെ നിന്നെങ്കിലും ഒന്ന് കാണണം എന്ന് തോന്നിയില്ലല്ലോ… “
“ഉണ്ണി എന്താ ആലോചിക്കുന്നേ?? ” അഞ്ചു ചോദിച്ചു
“ഏയ്..ഒന്നുല്ലടാ “
” ഉം “
അന്നത്തെ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു…ഓർമ്മകൾ ഓരോന്നായി മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു…അമ്മക്ക് വേണ്ടി എങ്കിലും അച്ഛന്റെ അടുത്ത് പോണം..അല്ല…കൂട്ടികൊണ്ട് വരണം…മനസ്സിൽ ഉറപ്പിച്ചു.
രാവിലെ ഉത്സാഹത്തോടെ കുളിച്ചു മുണ്ടും ഷർട്ടും ഇട്ടു അങ്ങോടു യാത്ര തിരിച്ചു. നാല് മണിക്കൂർ യാത്ര ഉണ്ട്..ഉച്ചക്ക് മുൻപ് എത്തും.
വണ്ടി ഓൾഡ് എജ് ഹോമിന്റെ പടി കടന്നു….പ്രതീക്ഷിക്കാതെ ഉണ്ണിയെ കണ്ട ഡോക്ടർ ഞെട്ടി
“ഡോക്ടർ എന്താ ഇവിടെ??? ഇന്ന് ഹോസ്പിറ്റൽ പോയില്ലേ???”
ഡോക്ടർ മൗനമായി നിന്നു
“ഞാൻ…ഞാൻ “
“എന്താ ഡോക്ടർ?? “
“ഞാൻ അച്ഛന്റെ കർമങ്ങൾ ഒക്കെ തീർക്കുകയായിരുന്നു “
ഉണ്ണി ഞെട്ടലോടെ നിന്നു…
” ഏഹ് “
” ഉണ്ണി അച്ഛൻ ഇന്നലെ സന്ധ്യക്ക്..അറ്റാക്ക് ആയിരുന്നു…നിന്നെ വിളിക്കാൻ എനിക്ക് തോന്നിയില്ല ! “
ഉണ്ണി തൂണിൽ പിടിച്ചു വരാന്തയിൽ ഇരുന്നു….
“അവസാനായി ഒന്ന് കാണാൻ പോലും പറ്റിയില്ലല്ലോ ഈശ്വരാ…. “
“ഇപ്പൊ നീ ഇരിക്കുന്നിടത്തു എന്നും സന്ധ്യക്ക് വന്നു ഇരിക്കുവായിരുന്നു…എന്നെങ്കിലും മനസ്സുമാറി നീ വരും എന്ന പ്രതീക്ഷയിൽ…ഇന്നലെ സന്ധ്യക്ക് എന്താ സംഭവിച്ചെന്നറിയില്ല..ഇങ്ങനെ ഈ തൂണിൽ ചാരി ഇരിക്കയിരുന്നു…”
നിറ കണ്ണുകളോടെ ഉണ്ണി ആകാശത്തേക്ക് നോക്കി…