Story written by Manju Jayakrishnan
=============
“ഞങ്ങൾക്ക് ഒറ്റ മോളാ…അതുകൊണ്ടു അവളെ എവിടേക്കും അയക്കാൻ പറ്റില്ല…വിവാഹം കഴിഞ്ഞു നീ ഇവിടെ താമസിക്കേണ്ടി വരും “
അതു കേട്ടപ്പോൾ എന്റെ ഞരമ്പു വലിഞ്ഞു മുറുകി…
‘അ ച്ചിവീട്ടിൽ ആട്ടിപ്പേറു കിടക്കാൻ വേറെ ആളെ നോക്കണം’ എന്ന് പറയാൻ ഒരുങ്ങി എങ്കിലും അവളുടെ കണ്ണീരു കണ്ടു ഞാൻ ഒന്നും മിണ്ടിയില്ല
അശ്വതി….എന്റെ അച്ചു….റാഗിംങ്ങിന്റെ ഇടയിലാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്….എന്തോ ആദ്യ കാഴ്ചയിൽ തന്നെ അവളെ എനിക്കിഷ്ട്ടം ആയി
നല്ല പട്ടുപാവാടയും മുല്ലപ്പൂവും ഒക്കെ ചൂടി നല്ല സുന്ദരിക്കുട്ടിയായി വന്ന അവളെ സീനിയർസ് പലരും നോട്ടമിട്ടിരുന്നു…
കോളേജിലെ സീനിയർ ആയ ആൺകുട്ടികളെ മറി കടന്നു ഒന്നു പ്രൊപ്പോസ് ചെയ്യാൻ പോലും ഞങ്ങൾ ജൂനിയർസിന് പറ്റിയിരുന്നില്ല…
“കുക്കുരു കുക്കു കുറുമ്പൻ കക്കിരി കക്കി കറുമ്പി…. “
വെള്ളി നക്ഷത്രത്തിലെ ആ പാട്ടാണ് അവൾ വെൽക്കം പാർട്ടിക്ക് പാടിയത്…സീനിയർസിന് പണി കൊടുത്തതാണോ അതോ ‘സൗന്ദര്യം ഉള്ളവർക്ക് വലിയ ബോധം ഉണ്ടാവില്ല ‘ എന്ന പൊതു തത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണോ എന്ന് മനസ്സിലാവാതെ ഞാൻ ഇരുന്നു…
പിന്നീടാണ് ആ തുണിയുടുക്കാത്ത സത്യം എനിക്ക് മനസ്സിലായത്..ലക്ഷണമൊത്ത ഒരു ‘അമൂൽ ബേബി ‘ ആയിരുന്നു അവൾ …
കോളേജിൽ കൊണ്ട് ആക്കാനും കൊണ്ടു പോകാനും അച്ഛൻ….ഭക്ഷണം വാരി കൊടുക്കാൻ അമ്മ…പോ ത്ത് പോലെ വളർന്നിട്ടും അച്ഛന്റെയും അമ്മേടെയും കൂടെ കിടപ്പും…ഉച്ചക്ക് ബ്രേക്കിനു അമ്മയുടെയും അച്ഛന്റെയും വക ഫോൺ വിളി…
“ഒറ്റ മോളാണോ താൻ ” എന്ന് ചോദിച്ചപ്പോൾ അവൾ അതെ എന്ന് തലയാട്ടി…അല്ല എങ്ങനെ വേറെ ഒരെണ്ണം റെഡി ആവാൻ ആണ് ഞാൻ ആത്മഗതം പറഞ്ഞു…
ഒരു ‘പൊട്ടി’ ആയതു കൊണ്ട് എന്തു പറഞ്ഞാലും അവൾക്ക് മനസ്സിലാക്കാൻ വല്യപാടായിരുന്നു…
ആരെങ്കിലും വളയ്ക്കാൻ വന്നാൽ ഇരുന്നു മോങ്ങും…പിന്നെ ഒറ്റ വിളിയാണ് അവളുടെ അച്ഛനെ….എന്നിട്ട് ഒറ്റ പോക്കും..ഞങ്ങൾ ക്ലാസ്സിലെ എല്ലാവരും പന്തം കണ്ട പെരുച്ചാ ഴിയെപ്പോലെ അതും നോക്കി ഇരിക്കും
“എടീ പെണ്ണായാൽ കുറച്ചു തന്റേടം ഒക്കെ വേണം. കുറേ കാണാൻ കൊള്ളുന്നത് മാത്രം എല്ലാം ആയില്ല “
കരയാൻ തുടങ്ങിയ അവളോടായി ഞാൻ പറഞ്ഞു…
“ഇനി മോങ്ങിയാൽ ഇടിച്ചു കൊ ന്നു കളയും എന്ന് “…
ആദ്യമായി അവളൊന്നു ചിരിച്ചു..അതൊരു തുടക്കം ആയിരുന്നു…എല്ലാത്തിനും അവൾ എന്നെ ആശ്രയിക്കാൻ തുടങ്ങി…ഒരു പൊതിച്ചോറ് വാങ്ങാൻ..ഒരു പേന വാങ്ങിക്കാൻ..
അവളോട് മുട്ടൻ പ്രേമം ആയിരുന്നു എങ്കിലും ഞാൻ തുറന്നു പറയാൻ മടിച്ചു. ക്ലാസ്സിലെ മറ്റൊരു കുട്ടിയോട് ഒരുപാട് അടുത്ത് പെരുമാറിയപ്പോൾ ആദ്യമായി എന്നോട് വഴക്കിട്ടു. അങ്ങനെ അവൾക്കും തിരിച്ചുള്ളത് വെറും സൗഹൃദം അല്ല എന്നെനിക്കു മനസ്സിലായി..
അവളുടെ പെട്ടന്നുള്ള മാറ്റം വീട്ടുകാർ കയ്യോടെ പൊക്കി…
എന്റെ വീട്ടുകാർ അത്യാവശ്യം അറിയാവുന്ന തറവാട്ടുകാർ ആയതു കൊണ്ട് പഠിച്ചു കഴിഞ്ഞു ജോലി കിട്ടിയാൽ ഉടൻ കല്യാണം എന്ന നിലയിൽ കാര്യങ്ങൾ ഒത്തു തീർന്നു..
ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി എനിക്ക് വേഗം ജോലിയും ശരിയായി….
അപ്പോഴാണ് അവളുടെ അച്ഛൻ ഞാൻ അവിടെ പോയി താമസിക്കണം എന്ന് പറയുന്നത്…അപ്പോൾ ഞാൻ ‘നോ’ പറഞ്ഞാൽ കാര്യങ്ങൾ പന്തികേടാവും എന്നെനിക്കു ബോധ്യമായി
അങ്ങനെ കല്യാണവും കഴിഞ്ഞു…
നാട്ടുനടപ്പ് അനുസരിച്ചു എന്റെ വീട്ടിൽ കുറച്ചു നാൾ കഴിയണം എന്ന് ഞാൻ അച്ഛനോടു പറഞ്ഞു…
അങ്ങനെ വീട്ടിൽ എത്തി…ആദ്യം കരച്ചിലും കൂവലും ആയിരുന്നു എങ്കിലും പതിയെ അവൾ മാറി..
തറവാട്ടിലെ കുളവും ഒരുപാട് അയല്പക്കവും ഒക്കെ അവൾക്ക് പുതിയ അനുഭവം ആയിരുന്നു….വീട്ടിലെ എല്ലാവരും കൂടി അവളെ സ്നേഹിച്ചു കൊ ന്നു…
‘തിന്ന പാത്രം പോലും കഴുകാത്ത പെണ്ണ്’ പാചകപരീക്ഷണം വരെ തുടങ്ങി..
കാരണം ഏട്ടന്റെ പ്ലസ്ടുകാരിക്ക് വരെ എല്ലാം വയ്ക്കാനും വാങ്ങാനും അറിയാമായിരുന്നു..അവരുടെ ഇടയിൽ ഒന്നും അറിയാത്തത് അവൾക്കു കുറച്ചിൽ ആയി തോന്നി…
അമുൽ ബേബിയിൽ നിന്നും ഒട്ടും വൈകാതെ അവൾ നല്ല കാര്യപ്രാപ്തിയുള്ള പെണ്ണായി മാറി
ദിവസവും പത്തും പതിനഞ്ചു പ്രാവശ്യം സ്വന്തം വീട്ടിലേക്ക് വിളിച്ചോണ്ടിരുന്ന അവളുടെ വിളികളും കുറഞ്ഞു…
“മ്മക്ക് എവിടേം പോകണ്ട ഇവിടെ ജീവിച്ചാൽ മതി ” എന്ന് അവൾ തന്നെ പറഞ്ഞു
ഞങ്ങളെ കാണാതായപ്പോൾ അവളുടെ വീട്ടുകാർ പാഞ്ഞെത്തി….
‘അങ്ങോട്ട് വരാൻ പ്ലാൻ ഇല്ല’ എന്ന് മനസ്സിലായപ്പോൾ അച്ഛൻ അവളെ കൊണ്ടുപോകാൻ ശ്രമിച്ചു….
പെണ്ണ് ഇപ്പൊ എന്റെ കയ്യിലാണെന്നു അറിയാവുന്ന കൊണ്ട് അച്ഛനോടായി ഞാൻ പറഞ്ഞു..
“ഞാൻ ഒരിക്കലും അവിടെ വന്നു താമസിക്കാൻ പോകുന്നില്ല…അന്ന് കല്യാണം മുടങ്ങാതെ ഇരിക്കാൻ നിവൃത്തികേട് കൊണ്ട് ഞാൻ സമ്മതിച്ചു എന്നെ ഉള്ളൂ…സ്നേഹിക്കണം…പക്ഷെ നിങ്ങളുടെ സ്നേഹം കുറച്ചു കൂടുതൽ ആയി പോയി…എന്നെ വിശ്വസിച്ചു കൈ പിടിച്ചു ഏല്പിച്ചു എങ്കിൽ അവളെ ഞാൻ പൊന്നു പോലെ നോക്കും. അതു നിങ്ങളുടെ കണ്മുന്നിൽ ആണെങ്കിലും അല്ലെങ്കിലും….ഇത്രയും കാലം നിങ്ങളുടെ ജീവിതം ഇവൾക്കായി ആയിരുന്നില്ലേ? ഇപ്പോൾ അവൾക്ക് സ്വന്തമായി ജീവിതം ആയി…ഇനി എങ്കിലും നിങ്ങൾക്കായി ജീവിക്കൂ “
ഞാൻ നിർത്തിയടുത്തു നിന്നും അവൾ അപ്പോൾ തുടങ്ങി…..
“അതെ അച്ഛാ…എപ്പോൾ ആഗ്രഹിച്ചാലും ഞാൻ അവിടെ ഉണ്ടാകും…സ്വന്തമായി ജീവിതം ആയാൽ അവരവരുടെ ഇഷ്ടത്തിനനുസരിച്ചു വിടണം…അല്ലെങ്കിൽ അവരോടും നമ്മളോടും ചെയ്യുന്ന ക്രൂ രത ആണ് “
‘എന്റെ മോൾ ഇത്ര വലുതായി എന്നറിഞ്ഞില്ല’ എന്നു പറഞ്ഞു നിറകണ്ണുകളോടെ അവർ അപ്പോൾ ഇറങ്ങി….
ആ പിണക്കത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല…
“നിങ്ങൾ ആയിരുന്നു ശരി” എന്ന് അവളുടെ അച്ഛൻ തന്നെ പറഞ്ഞു…
ഇപ്പോൾ അവളുടെ വീട്ടുകാരുടെ പരിഭവം ഞങ്ങളുടെ ‘കുഞ്ഞു അച്ചു ‘ നെ ഇടക്ക് കാണിക്കാൻ കൊണ്ടു ചെല്ലുന്നത് മുടങ്ങുമ്പോൾ ആണ്…..
“ഇവളെ കെട്ടിച്ചു വിടുമ്പോൾ നമ്മൾ എന്തു ചെയ്യും ” എന്ന് അവളോടായി പറയുമ്പോൾ അവൾ തിരിച്ചു ചോദിക്കും “എന്തോ? എങ്ങനെ ? ” എന്ന്….