Story written by Anoop
============
“പൊന്നൂസേയ്…അച്ചന്റെ വാവേയ്”
മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിന്റ I CU വിന്റെ മുന്നിൽ പാതി ഉറക്കത്തിൽ ഇരിക്കുമ്പോഴാണ് ഒരു പുരുഷശബ്ദം എന്നെ ഉണർത്തിയത്.
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു 30-32 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനാണ്. അയാളുടെ കുഞ്ഞിനെ കൈയിലെടുത്ത് കൊഞ്ചിക്കുവാണ്. മൊബൈലിൽ സമയം നോക്കി. 7 മണി കഴിഞ്ഞിരിക്കുന്നു. ചെറിയമ്മ തൊട്ടപ്പുറത്ത് തന്നെ ഒരു സാരിയും പുതച്ച് കിടക്കുന്നുണ്ട്. നല്ല ഉറക്കമാണ്. എനിക്കാണെങ്കിൽ ഇന്നലെ രാത്രി ഉറങ്ങാത്തതിനാൽ അതിന്റെ ഷീണം ഉണ്ടായിരുന്നു.
Icu വിൽ അമ്മൂമ്മയെ അഡ്മിറ്റാക്കിയിട്ട് 2 ഡേ ആയി. Icu ആയത് കൊണ്ട് തന്നെ നൈറ്റ് ഒരു ആണുങ്ങൾ നിർബന്ധമാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഞാൻ തന്നെയാണ് രാത്രി നിന്നിരുന്നത്. എന്തായാലും ഒരു ചായ കുടിക്കാം എന്ന ചിന്തയിൽ പതുക്കെ വരാന്തയിലൂടെ പുറത്തേക്ക് . ഒന്നു തിരിഞ്ഞു നോക്കി. അച്ചന്റെ ചുമലിൽ കിടക്കുവാണ് 2 വയസ് തോന്നിക്കുന്ന ആ മോൾ. ഒന്നു കണ്ണുകൊണ്ട് ആഗ്യം കാണിച്ചപ്പോഴും അപരിചിത ഭാവം. ഇന്നലെ വരെ ആ ചെറുപ്പക്കാരനെ അവിടെ കണ്ടിരുന്നില്ല. ഇനീപ്പൊ ഇന്നു പുലർച്ചെയെങ്ങാനും വന്നതാവാൻ മാത്രെ സാധ്യത ഉള്ളു…ഏതെങ്കിലും റിലേറ്റീവ് ഉണ്ടാകും ICU വിൽ…
ഹോട്ടലിൽ കേറി മുഖം കഴുകി ഒരു കാലി ചായ കുടിച്ചുകൊണ്ട് മൊബൈൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു…
“ഹലോ അമ്മേ…ആരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടോ ?”
“ആ…ഞാനും സഞ്ജുവും കുറച്ച് കഴിഞ്ഞ് വരും. നീ ചായകുടിച്ചോ ?അമ്മൂമ്മയ്ക്ക് എങ്ങനെണ്ട്.”
“ഒരു മാറ്റോം ഇല്ല. ഇനി 9 മണിക്ക് ഡോക്റ്റർ വന്നിട്ട് എന്തെങ്കിലും പറയും “
“ആ…പ്രീത (അമ്മയുടെ അനിയത്തി ) എണീറ്റില്ലെ ? “
” ഇല്ല…ഞാൻ വിളിച്ചില്ല. നല്ല ഉറക്കം ആ….വേഗം വരണം. ഇവിടെ ആരെങ്കിലും വന്നിട്ട് വേണം എനിക്ക് അങ്ങോട്ട് വരാൻ..”
കാര്യങ്ങൾ പറഞ്ഞ് കോൾ കട്ട് ചെയ്തു. ഫ്ലാസ്കിൽ ഒരു ഗ്ലാസ് ചായയും വടയും വാങ്ങി ബാക്കി ചില്ലറയ്ക്ക് ഒരു മഞ്ച് വാങ്ങി വീണ്ടും Icu വിനു മുൻപിലേക്ക് നടന്നു.
“നീ ഇതെവിടെ പോയതാ….ഞാനെണീറ്റപ്പോ നിന്നെ കാണാതെ ഫോൺ വിളിക്കാൻ നോക്കുവാരുന്നു “
“ഞാൻ ചായകുടിക്കാൻ…ഞാൻ നോക്കുബൊ നല്ല ഉറക്കാരുന്നു…അതാ വിളിക്കാതിരുന്നെ ” ചായയും വടയും കൈയിലേക്ക് കൊടുത്തു
“അവിടെ പോയി മുഖം കഴുകീട്ട് കുടിച്ചോ. ഞാനിവിടെ ഉണ്ട് “
ചെറിയമ്മ പോയതിനു ശേഷം വീണ്ടും ആ കുഞ്ഞിനെ നോക്കി. ഓമനത്വം തുളുംബുന്ന ആ മുഖം അത്രയ്ക്ക് ആകർഷിക്കുന്നുണ്ടായിരുന്നു…കൺമഷി ഉണ്ട്…പിന്നെ മുഖത്ത് സ്ഥാനം തെറ്റിച്ചുകൊണ്ട് വലിയ വട്ടത്തിൽ കണ്ണു തട്ടാതിരിക്കാൻ ഒരു പൊട്ട് വേറെയും…അച്ചന്റെ ചുമലിൽ കിടന്ന് അവൾ പുറം കാഴ്ചകൾ വീക്ഷിക്കുകയാണ്….എന്റെ കണ്ണുകൊണ്ടുള്ള ആഗ്യവും നെറ്റിചുളിക്കലും കണ്ടിട്ടാവണം ഇടയ്ക്ക് എന്നെ നോക്കുന്നുമുണ്ട്….എന്നിട്ട് ചെറിയൊരു ചിരിയും…
“പൊന്നൂസ് ” എന്നാണ് വിളിച്ചത് എങ്കിലും അതാവില്ല ശെരിക്കും പേര്. പിന്നെ എന്താവും ? അറിയില്ല ചോദിക്കണം. എന്റെ പെങ്ങളുടെ മോന്റ പേര് ആദിൽ എന്നാണെങ്കിലും അവനെ വിളിക്കുന്നതും പൊന്നൂസ് എന്നാണ്…ഇതൊരു പെൺകുട്ടിയാണ്…മോൾടെ അമ്മ എവിടെയാണാവോ…ആലോചനകളിൽ മുഴുകി നിൽക്കവെ Icu വിന്റെ ഡോർ തുറന്ന് സിസ്റ്റർ വിളിച്ചു…
“ജാനുവിന്റെ കൂടെ ഉള്ളവർ ആരെങ്കിലും ഉണ്ടോ ?” പെട്ടെന്ന് തന്നെ അടുത്തേക്ക് പോയി. ID കാർഡിൽ പേര് നോക്കി. ” Raji .R ” ഇന്നലെ ഉണ്ടായിരുന്ന സിസ്റ്റർ മാറിയിരിക്കുന്നു. ഇന്നലെ വേരൊരു പേരാണ് കണ്ടത്.
“കുറച്ച് മധുരമില്ലാത്ത ചായ വേണം. ഒരു സ്പൂണും ” അമ്മൂമ്മയ്ക്ക് വേണ്ടിയാണ്
വേഗം പുറത്ത് കാന്റീനിലേക്ക് നടന്നു. ചായ വാങ്ങി വന്ന് പുറത്തുള്ള ബെൽ സ്വിച്ചിൽ വിരലമർത്തി. നേരത്തെ പോയ സിസ്റ്റർ തന്നെ വന്നു ചായ വാങ്ങി ഉള്ളിലേക്ക് പോയി…ന്താണാവോ സിസ്റ്ററിന് ഇത്ര ഗൗരവം. ചായ വാങ്ങിക്കുംബൊ ഒന്നു മുഖത്ത് നോക്കിയാൽ ആകാശം ഇടിഞ്ഞു വീഴ്വോ? പിന്നെയും ബെഞ്ചിലേക്ക് ഇരുന്നു. ചെറിയമ്മ ചായകുടിച്ചു അടുത്ത് വന്നിരുന്നു
“നഴ്സെങ്ങാനും വിളിച്ചിരുന്നോ ? “
”ആ…ഞാൻ ചായ വാങ്ങി കൊടുത്തു .”
“വെറും ചായയോ ?”
പിന്നല്ലാതെ…കഴിക്കാൻ ഒന്നും വേണമെന്ന് പറഞ്ഞില്ല
”ഒരുപ്പ്മാവ് വാങ്ങി കൊടുത്തു നോക്കി കൂടാരുന്നോ ?”
“ഇനി ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകുംബൊ നല്ല ബിരിയാണി വാങ്ങികൊടുക്കാം ” അതും പറഞ്ഞ് ഞാൻ ചിരിച്ചു
“ചിരിക്കല്ല അവ് ട്ന്ന് ” കാലിൽ പിടിച്ച് നുള്ളികൊണ്ട് ചെറിയമ്മയും ചിരിച്ചു.
“നല്ല മോള് അല്ലേ ?” കുഞ്ഞിനെ നോക്കികൊണ്ട് ചെറിയമ്മ വീണ്ടും പറഞ്ഞു…
” മ്….അവരെപ്പൊഴാ വന്നെ ?”
“ഇന്നു പുലർച്ചെ…നീ നല്ല ഉറക്കാരുന്നു…അയാളുടെ ഭാര്യയ്ക്ക് പ്രഷർ കൂടിട്ട് ആ “
“ഓഹ്…എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് ?”
”പിന്നൊന്നും ഞാനറിയില്ല…എനീപ്പൊ ഡോക്റ്റർ വരണ്ടെ എന്തേലും അറിയണമെങ്കിൽ…”
“മ്…എന്താ ചെയ്യ…ഇപ്പൊഴത്തെ ഓരോ രോഗങ്ങൾ ” എന്റെ ശ്രദ്ധ വീണ്ടും ആ കുഞ്ഞിലേക്ക് പോയി. ചിലരൊക്കെ വന്നും പോയും അങ്ങനെ നിൽക്കുമ്പോഴും ആരും ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് വന്നില്ല. അത് എന്നെ അൽഭുതപ്പെടുത്തി. എങ്ങനൊക്കെ ആണെങ്കിലും ഒരു ചെറുപ്പക്കാരൻ ആകുമ്പോൾ ഒരുപാട് ഫ്രണ്ട്സൊക്കെ ഉണ്ടായിരിക്കുമല്ലോ…എത്രയോ ആൾക്കാർ വരേണ്ടതാണ് കാണാനും ആശ്വസിപ്പിക്കാനും…ഇനീപ്പൊ പെട്ടെന്ന് അഡ്മിറ്റായത് കൊണ്ടാവും. ആരും അറിഞ്ഞു കാണില്ല.
9 മണിയോട് കൂടി ഡോക്റ്റർ വന്നു. ഓരോ രോഗികളുടെയും കൂടെ ഉള്ളവരെ വിളിച്ചിട്ട് രോഗവിവരവും ആരോഗ്യ സ്ഥിതിയും പറഞ്ഞു കൊടുത്തു. അമ്മൂമ്മയുടെ സ്ഥിതിയിൽ നേരിയപുരോഗതി ഉണ്ട്. അത് ഒരു ആശ്വാസമായിരുന്നു.
“പേടിക്കുവൊന്നും വേണ്ട…നമ്മളൊക്കെ ഇവിടില്ലേ…” ചെറുപ്പക്കാരനോടും ഡോക്റ്റർ പറയുന്നുണ്ടാരുന്നു ഞാൻ വീട്ടിലേക്ക് തിരിച്ചു.
പുറത്തേക്കിറങ്ങാൻ നേരം പൊന്നൂസിനുനേരെ ചോക്ലേറ്റ് നീട്ടി. അവൾക്ക് അത് വേണം എന്നുണ്ട് എന്നാൽ എന്റെ മുഖത്തേക്ക് സംശയഭാവത്തിലുള്ള ഒരു നോട്ടം.
“പൊന്നൂസെ വാങ്ങിച്ചോ ” അച്ചൻ അതു പറയേണ്ട താമസം അവൾ കൈനീട്ടി
ചോക്ലേറ്റ് കൈയിൽ കൊടുത്ത് കവിളിലൊരു നുള്ളുകൊടുത്ത് അയാളോട് ചിരിച്ച് ഞാൻ ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു. ഇനി വീട്ടിൽ പോയി കുളിച്ച് ഒരുറക്കം ഉറങ്ങി വൈകുന്നേരത്തോടെ വീണ്ടും വരണം. രാത്രി നിൽക്കാൻ…വീട്ടിൽ വന്നു കുളിച്ചപ്പോൾ തന്നെ പകുതി ക്ഷീണം മാറിയിരുന്നു. എല്ലാം മറന്ന് ഉറങ്ങി
****************
വൈകുന്നേരത്തോടെ ഹോസ്പിറ്റലിൽ എത്തി. പൊന്നൂസ് ഒരു സ്ത്രീയുടെ മടിയിലിരിക്കുന്നു . അടുത്ത് തന്നെ അവരുടെ ഭർത്താവും ഉണ്ട് . കണ്ടിട്ട് ആ ചെറുപ്പക്കാരന്റെ ഭാര്യയുടെ അമ്മയും അച്ചനും ആണെന്നു തോന്നി . സൈഡിലുള്ള ബെഞ്ചിൽ ഇരുന്ന് കണ്ണുകൊണ്ട് ആഗ്യം കാണിക്കുബൊഴെല്ലാം അവൾ പരിചിത ഭാവത്തിൽ ചിരിച്ചു
“വീട്ടിൽ പോയിട്ട് വന്നോ . കൊറേ നേരം ആയോ വന്നിട്ട് ?” പൊന്നൂസ് അവിടെ ആ സ്ത്രീയുടെ മടിയിലായതുകൊണ്ടാവണം ആ ചെറുപ്പക്കാരൻ ചോദ്യത്തോടെ വന്ന് അടുത്തിരുന്നു
“ഇല്ല..ഒരഞ്ചുമിനുട്ട്…അതാരാ ?”
”അത് ഭാര്യയുടെ അച്ചനും അമ്മയും…രാവിലെ വന്നതാ. അമ്മയ്ക്ക് എങ്ങനുണ്ട് . “
“ചെറിയ മാറ്റം ഉണ്ടെന്നാ പറഞ്ഞെ . ഒരുപാട് പ്രായം ആയില്ലേ . ഇനി ഇങ്ങനെ മരുന്നിൽ തന്നെ ആവും ജീവിതം “
“അതു ശെരിയാ. “
“ഭാര്യയ്ക്ക് എന്താ പറ്റിയത് ?”
“എന്താ സംഭവിച്ചെ എന്നറിയില്ല…പുലർച്ചെ തലവേദന എന്നും പറഞ്ഞ് വന്നതാ…പ്രഷർ കൂടിയിട്ടാണെന്നാ ഡോക്റ്റർ പറഞ്ഞത് “
” മ്…വീട്ടിൽ പോയിരുന്നോ ? “
“ഇല്ല…ഇവിടെ തന്നെ നിന്നു. അവിടെ പോയിട്ടും കാര്യമില്ല. ആരും ഇല്ല…ഞങ്ങൾ മാറി താമസിക്കുന്നതാ…വാടകവീടാ”
” ഉം… ” ഇനി എന്ത് ചോദിക്കണം എന്നറിയാതെ ഞാൻ പൊന്നൂസിന്റെ മുഖത്തേക്ക് നോക്കി. അവളുടെ അച്ചനും ഞാനും ഒന്നിച്ചിരിക്കുന്നത് കണ്ടിട്ടാവണം പുള്ളിക്കാരി ചിരിക്കുവാണ്
“അവൾക്ക് എന്തേലും കഴിക്കാൻ കൊടുത്തോ ?നോക്കുന്നുണ്ടല്ലോ “
”ആ…അത് അമ്മ വന്നപ്പോൾ കഴിപ്പിച്ചതാ…ഭാര്യ ഇല്ലാത്തകൊണ്ട് പാല് കുടിക്കാനുള്ള സമയത്ത് ഒരു കരച്ചിലുണ്ട്. ഇപ്പൊ അമ്മ ഉള്ളകൊണ്ട് അത് മറന്നുപോയി എന്നാ തോന്നുന്നേ ” സുനിയേട്ടൻ അതു പറഞ്ഞ് ചിരിക്കുമ്പോഴും മുഖത്ത് ഒരു പേടി അങ്ങനെ ബാക്കി കിടക്കുന്നുണ്ട് .
അയാളുടെ പേര് സുനിൽ എന്നാണ് എനിക്ക് ഇടയ്ക്ക് മനസിലായിരുന്നു . രാത്രി ആകുംബൊഴേക്കും icu വിനു മുന്നിലുള്ള ആൾക്കാരുടെ എണ്ണം കുറഞ്ഞു വന്നു . ഞങ്ങൾ 4-5 പേരു മാത്രമായി അവശേഷിച്ചു . പ്രായം ഒരുപാട് ആയതു കൊണ്ട് തന്നെ സുനിയേട്ടന്റെ ഭാര്യയുടെ അച്ചനും അമ്മയും വീട്ടിലേക്ക് പോയി. പൊന്നൂസിനെ കൊണ്ടുപോകാൻ നോക്കിയെങ്കിലും വാശി പിടിച്ചുള്ള കരച്ചിൽ കാരണം കൊണ്ടുപോയില്ല
“ഒന്നു മോളെ നോക്കുമോ…ഞാൻ എന്തേലും കഴിച്ചിട്ട് വരാം പുറത്ത് നല്ല മഴയാ…കൊണ്ടു പോയാൽ നനയും “
“ഓ പിന്നെന്താ….പൊന്നൂസെ വാ “
പകൽ ഉള്ള പരിജയവും സുനിലേട്ടന്റെ സപ്പോർട്ടും കൂടി ആയപ്പോൾ അവൾ മടിക്കാതെ വന്നു. മടിയിലിരുത്തി മൊബൈലിൽ ഓരോന്നെടുത്ത് കാണിക്കാൻ തുടങ്ങി. അവളുടെ ശ്രദ്ധ മൊബൈലിൽ ആയിമാറി.
“മോൾടെ പേരെന്താ ? ” ഇടയ്ക്ക് ശ്രദ്ധ മാറ്റികൊണ്ട് ഞാൻ ചോദിച്ചു
“പൊന്നൂശ് ” മറുപടി എന്നെ ചിരിപ്പിക്കുന്നതായിരുന്നു . ഏറെ വൈകാതെ സുനിയേട്ടൻ തിരിച്ചെത്തി . മോൾക്ക് കഴിക്കാൻ ബിസ്കറ്റും ചൂട് പാലും ഉണ്ട്
“നിന്റെ കല്ല്യാണം കഴിഞ്ഞോ ? ” മോൾക്ക് ബിസ്കറ്റ് കൊടുക്കുന്നതിനിടയിൽ എന്നോടാണ് ചോദ്യം
“ഇല്ല. ഇതു വരെ ആലോചിച്ചിട്ടില്ല “
“വേഗം നോക്കിക്കോ…അല്ലെങ്കിലേ പെണ്ണു കിട്ടാൻ ഇല്ല…ഇപ്പൊ നോക്കാൻ തുടങ്ങിയാൽ ഓണം ആകുമ്പോഴേക്കും സെറ്റാവും”
“ഹ ഹ..ഞാനിവിടെ സമാധാനത്തിൽ ജീവിക്കുന്നത് തീരെ പിടിക്കുന്നില്ലേ ” ഒരു ചിരിയോടെ ഞാൻ അതു ചോദിക്കുമ്പോൾ പുള്ളിയും ചിരിച്ചു.
“നീ പറഞ്ഞതിൽ കാര്യമില്ലാതില്ല . എത്രയൊക്കെ പറഞ്ഞാലും എപ്പൊഴും പ്രശ്നങ്ങൾ ഉണ്ടാകും. കാര്യം നമ്മുടെ അമ്മയൊക്കെ തന്നെയാ…പക്ഷേ കാര്യത്തോട് അടുക്കുംബോൾ അവരൊക്കെ തനി പെണ്ണായി മാറും ” സുനിയേട്ടൻ ഓരോ കാര്യങ്ങളായി പറഞ്ഞു തുടങ്ങി….
“നമ്മളൊക്കെ എന്താ വിചാരിക്കുക പണിക്ക് പോയി വിട്ടിലെത്തുമ്പോൾ കുറച്ച് സമാധാനം അല്ലേ…എന്നാ അങ്ങനൊരു സാധനം അവിടുന്ന് കിട്ടില്ല. വെള്ളമടിച്ചു പോകും ഒന്നുറങ്ങാൻ. പ്രശ്നങ്ങൾ കൂടി കൂടി വന്നപ്പൊഴാണ് വാടക എങ്കിൽ വാടക എന്നു കരുതി വീട് മാറിയത്. നമ്മൾക്ക് അമ്മയും വേണം ഭാര്യയും വേണം. ആരുടെ ഭാഗം പറയാനും ആവില്ല. അതിലും നല്ലത് വാടക വീടാ ” സുനിയേട്ടൻ തുടർന്നു….ഇതിനിടയിൽ മോളുറങ്ങി . ഞങ്ങളും ഏറെ വൈകാതെ ബെഞ്ചിലേക്ക് കിടന്നു…
****************
രാവിലെ 6 മണിക്ക് തന്നെ ഉണർന്നെങ്കിലും കണ്ണുതുറക്കുമ്പോൾ അച്ചനേയും മോളെയും കണ്ടില്ല. മോൾക്ക് വിശന്നിട്ട് ഹോട്ടലിൽ പോയിട്ടുണ്ടാകും. പതിവ് പോലെ ഫ്ലാസ്കുമായി കാന്റീനിലേക്ക് നടന്നു. അവിടെ അവർ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. എങ്കിലും കണ്ടില്ല…
6.30 മുതൽ 7 മണിവരെ icu വിൽ സന്ദർശകർക്ക് പ്രവേശിക്കാം. അതു കാരണം വേഗം തിരികെ വന്നു. വേറെ ചില ബന്ധുക്കൾ കൂടി വന്നിട്ടുണ്ട്. പുള്ളിക്കാരന്റെ അമ്മായിഅച്ചന്റെ കൂടെ അളിയനാണെന്നു തോന്നുന്നു. ഇന്നലെ കണ്ട പരിചയം കൊണ്ടാവാം അയാൾ എന്റെടുത്തേക്കു വന്നു
”സുനിൽ എവിടെ പോയെന്നു കണ്ടോ ?”
“ഇല്ല…ഞാനെണീക്കുമ്പോൾ കണ്ടില്ല കെട്ടോ…ഫോൺ വിളിച്ചു നോക്കൂ “
“വിളിച്ചു…എടുത്തില്ല “
“ഓ എന്നാൽ കുഞ്ഞിനു ചായകൊടുക്കാൻ പോയതാവും…ഇപ്പൊ വരും…” പുള്ളിക്കാരനെ ആശ്വസിപ്പിച്ചു
ഒരു 10 മിനുട്ട് കഴിയുംമ്പോഴേക്കും സുനിലേട്ടനും മോളും വന്നു..
“എവിടെ പോയതാ ? രാവിലെ കണ്ടില്ല “
“ഞാൻ ഇവിടെ അപ്പുറത്തെ അമ്പലം വരെ പോയി. നീ നല്ല ഉറക്കാരുന്നു. അതാ പറയാതിരുന്നെ” ഒരു ചിരിയോടെ അവർ പറഞ്ഞു. മോൾടെ നെറ്റിയിലും ചന്ദന കുറി ഉണ്ട്
“പൊന്നൂസേ നീ മാമനെ വിളിക്കാതെ അംബലത്തിൽ പോയോ ” കവിളിൽ നുള്ളികൊണ്ട് അതു ചോദിക്കുംബോൾ ഒരു ചിരി ആയിരുന്നു മറുപടി
സമയം 6.30 ആയപ്പോൾ ഓരോരുത്തരായി Icu വിൽ കേറി. മോതിരവിരലിൽ ചന്ദനം എടുത്ത് സുനിയേട്ടനും എന്റെ മുന്നിൽ നടക്കുന്നുണ്ടാരുന്നു. ഭാര്യയ്ക് തൊട്ടു കൊടുക്കാൻ ആവും. അതൊക്കെ കണ്ടപ്പോഴാണ് പുള്ളിക്കാരനോട് ബഹുമാനം കൂടിയത്
അമ്മുമ്മയുടെ ബെഡിനരികേ നടന്നു. ഓക്സിജൻ കൊടുത്തിരിക്കയാണ്. അതു കാരണം ശക്തമായി ശ്വാസം പുറത്തേക്ക് വിടുന്നുണ്ട്. കണ്ണുകൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു. അധികം വൈകാതെ തന്നെ തിരികെ ഇറങ്ങി…
ഭാര്യയുടെ കൈപിടിച്ച് മുടിയിൽ തലോടികൊണ്ട് സുനിലേട്ടൻ അപ്പൊഴും അവിടെ നിൽക്കുന്നുണ്ടാരുന്നു. പുറത്തിറങ്ങിയ സുനിലേട്ടന്റെ കണ്ണു നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു
പാവം…ആ ഒരു അവസ്ഥയിൽ പുള്ളിക്കാരനോട് സംസാരിക്കാതെ മാറി നിന്നു. കുറച്ച് നേരം ഒറ്റയ്ക്കിരുന്നോട്ടെ . എന്തോ അയാളുടെ കണ്ണിൽ ഒരു ഭയം നിഴലിച്ചു കണ്ടു.
9 മണിയോടെ ഡോക്റ്റർ ഓരോരുത്തരേയും വിളിച്ചു പതിവ് പോലെ നേരിയ പുരോഗതി ഉണ്ട് , നാളെ ആയാൽ മാത്രെ എന്തെങ്കിലും പറയാൻ പറ്റുള്ളൂ, മരുന്ന് നമുക്ക് മാറ്റിനോക്കാം എന്നൊക്കെ പറഞ്ഞു. ഡോക്റ്റർമാർക്ക് ഇവരൊക്കെ ഒരുപാട് രോഗികളിൽ ഒരാൾ മാത്രമാണ്. ഞങ്ങൾക്ക് അവർ മാത്രമാണ് ലോകം…
വീട്ടിൽ നിന്നും ആരും വരാത്തത് കാരണം ഞാൻ അവിടെ തന്നെ ഇരുന്നു.11 മണി ആയപ്പോഴാണ് ഒന്നു പുറത്തേക്കിറങ്ങിയത്. ഒരു ചായ കുടിച്ചു കൈയ്യിൽ ഒരു ചോക്ലേറ്റുമായി ഞാൻ തിരികെ വന്നു. പൊന്നൂസിനു നേരെ നീട്ടി.
“അയ്യട എന്താ ചിരി. മാമന്റെടുത്ത് വന്നാൽ തരാം മുട്ടായി ” അച്ചന്റെ മടിയിൽ നിന്നും ഊർന്നിറങ്ങി കുഞ്ഞി പാദസരം കിലുക്കികൊണ്ട് അവൾ അടുത്ത് വന്നു കൈനീട്ടി
“മാമന് ഒരുമ്മ തന്നേ ” കൈയ്യിലെടുത്ത് അവൾക്കൊരുമ്മകൊടുത്തുകൊണ്ട് പറഞ്ഞു. അപ്പൊഴും മുഡോഫ് ആയിരിക്കുന്ന സുനിലേട്ടനെ കണ്ടപ്പോൾ ഒരു വയ്യായ്ക..
കുറച്ച് നേരത്തിനു ശേഷം 11 . 40 ആകുംബോൾ ചുമലിൽ കിടന്നുറങ്ങിയ പൊന്നൂസിനെയും പുറത്തുള്ള ഓരോ ആൾക്കാരെയും ഞെട്ടിച്ചുകൊണ്ട് ഡോക്റ്റർമാരും നഴ്സ് മാരും icu വിലേക്ക് ഓടുന്നതാണ് കണ്ടത്. ആർക്കോ എന്തോ സംഭവിച്ചിരിക്കുന്നു.
ഏറെ നേരം വൈകാതെ തന്നെ വെള്ള പുതപ്പിച്ച ഒരു ശരീരം കൺമുന്നിലൂടെ പോയി. നെറ്റിയിൽ പരിശുദ്ധിയുടെ ചന്ദനകുറിയുമായി…നീണ്ട നിലവിളികൾക്കിയിലും സുനിലേട്ടന്റെ ചുമലിൽ കിടന്നു ആശുപത്രി വരാന്തയിലൂടെ നടക്കുംബോൾ പൊന്നൂസ് എനിക്ക് റ്റാറ്റ തരുന്നുണ്ടായിരുന്നു. ആ കുഞ്ഞു കൈയിൽ ഒന്നു തൊട്ടു…
എനിക്കുറപ്പുണ്ട് അവൾ ജീവിതത്തിൽ ഇനി ഒരിക്കലും മധുരത്തോടെ ചോക്ലേറ്റ് കഴിക്കില്ല എന്ന്…അകന്ന് പോകവേ കണ്ണിൽ നിന്നും ആർക്കോ വേണ്ടി ഒരുതുള്ളി…
പൊന്നൂസിനെ മാറോടണച്ച് കരയുംബൊഴും യാത്ര ചോദിക്കാനെന്നോണം തിരിഞ്ഞുനോക്കിയ അയാൾക്കു മുന്നിൽ തലതാണു…
കളി ചിരിയുമായ് നിങ്ങളുടെ പ്രാണൻ കൂടെയുണ്ട്. അവളിലൂടെ അവളുടെ അമ്മയെ കണ്ടു കൊള്ളു…
**********
(പോരായ്മകൾ ക്ഷമിക്കുമെന്ന് കരുതുന്നു )
Anu Knr
KL58