എഴുത്ത്: രാജീവ് രാധാകൃഷ്ണപണിക്കർ
=============
“മാഷ് കവിതകൾ എഴുതാറില്ലേ”
രാത്രിമഴയുടെ കുളിരിനു കൂട്ടായി ഇൻബോക്സിൽ വന്ന ആരാധികയുടെ കിളിക്കൊഞ്ചലിന് മുന്നിൽ അയാളൊന്നു പതറി.
“ഇല്ല കവിതകൾ എനിക്ക് വഴങ്ങില്ല’
അല്പം ജാള്യതയോടെയാണെങ്കിലും അയാൾ സത്യസന്ധമായി മറുപടി നൽകി.
“മാഷേ ഞാനൊരു കവിത എഴുതിയിട്ടുണ്ട്. വായിച്ചു നോക്കി അഭിപ്രായം പറയാമോ”
അവളുടെ ചോദ്യം പ്രതീക്ഷാനിർഭരമായിരുന്നു.
“അതിനെന്താ”
ആരാധകർക്കിടയിൽ വില കളയേണ്ടെന്നു കരുതി മറുപടിപറയാൻ സന്ദേഹമുണ്ടായില്ല.
അവൾ കവിത അയച്ചു. ജീവൻ തുടിക്കുന്ന മനോഹരമായ കവിത.
‘ഹൃദ്യം മനോഹരം’ എന്നു മറുപടിയയച്ചു.
“മാഷേ എന്റെ പേരിൽ പോസ്റ്റ് ചെയ്യാൻ ഒരു മടി. മാഷിന്റെ പേരിൽ പോസ്റ്റ് ചെയാമോ”
ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു
“അതു വേണോ” അയാൾ സംശയിച്ചു
“അതിനെന്താ മാഷേ ഇത് എന്റെ ഡയറിയിൽ കിടന്ന് തുരുമ്പു പിടിക്കുകയെയുള്ളൂ. ഞാൻ പോസ്റ്റ് ചെയ്യാനൊനൊന്നും പോകുന്നില്ല.അഥവാ പോസ്റ്റ് ചെയ്താലും ആരും വായിക്കാനും പോകുന്നില്ല.മാഷാവുമ്പോ ആരെങ്കിലുമൊക്കെ വായിക്കും”
അവളുടെ വാക്കുകൾ അന്തർമുഖതയുടെ അഗാധഗർത്തങ്ങളിൽ നിന്നാണെന്നു തോന്നി.
ആലോചിച്ചു നോക്കി ശരിയാണ്. എല്ലാവർക്കും തങ്ങളുടെ സൃഷ്ടികളിൽ പേരുവെളിപ്പെടുത്താൻ മടിയായിരിക്കും.
എഴുത്താളുടെ സമ്മതമുണ്ടെങ്കിൽ തന്റെ പേരിൽ പോസ്റ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റ്. മോഷണമല്ലല്ലോ. തെളിവുകൾക്കാണെങ്കിൽ ഇൻബോക്സിലേ ചാറ്റുകളുമുണ്ട്.
ഇൻബോക്സിലെ ചാറ്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് ഗാലറിയിൽ ഭദ്രമാക്കി.
അങ്ങിനെ ആദ്യമായി അയാൾ കവിത പ്രസിദ്ധീകരിച്ചു.
കൂടെ ഒരു കുറിപ്പും. ‘കവിതയുടെ വഴിയിൽ എന്റെ ആദ്യ സംരംഭമാണ്. പ്രോത്സാഹിപ്പിക്കണം.’
അല്പസമയത്തിനു ശേഷം കമന്റ് ബോക്സ് തുറന്ന അയാൾ ഞെട്ടിപ്പോയി. പൊങ്കാലയുടെ അഭിഷേകം നാണമില്ലേടാ ***** ആശാന്റെ കവിത മോഷ്ടിച്ചു സ്വന്തം പേരിലിടാൻ. ഒന്നല്ല ഒട്ടനവധി കമന്റുകൾ.
‘ഏതാശാന്റെ ‘ എന്ന മട്ടിൽ വർധിച്ച ഹൃദയമിടിപ്പോടെ ഗൂഗിളിൽ തിരഞ്ഞു.
ഞെട്ടിപ്പോയി.കുമാരനാശാന്റെ കവിതയാണ്. തലക്കെട്ട് മാറ്റിയിട്ടുണ്ട് .അത്രമാത്രം
ഇത്ര നാളത്തെ അദ്ധ്വാനം കൊണ്ട് താനുണ്ടാക്കിയ സൽപേര് വെള്ളത്തിൽ ഒലിച്ചു പോകുന്നത് അയാളറിഞ്ഞു.വേദനയോടെ.
ഇൻബോക്സിൽ അവളെ തിരഞ്ഞു. ആ പച്ചലൈറ്റ് പിന്നീടൊരിക്കലും തെളിഞ്ഞില്ല.
കവിതകളൊന്നും വായിക്കാത്ത താൻ കവിത പ്രസിദ്ധീകരിക്കാൻ പോയതിലുള്ള ലജ്ജയോടെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
~രാജീവ് രാധാകൃഷ്ണപണിക്കർ